ADVERTISEMENT

വശങ്ങളിലേക്ക് ഒതുക്കി ചീകിയ ചുരുളൻ മുടിയിൽ കരിനീല നിറമുള്ള ചിത്രശലഭത്തിന്റെ സുന്ദരമായ സ്ലൈഡ്. അതിനെക്കാൾ സുന്ദരമായ, ആ കുഞ്ഞുമുഖം ഒരമ്മയ്ക്കും മറക്കാൻ കഴിയില്ല.

ഏതാനും വർഷം മുൻപ് ഒരു സ്വകാര്യ ആശുപത്രിയിൽ പി.ആർ.ഒ.യായി ജോലി ചെയ്യുന്ന സമയം. വാരാന്ത്യ അവധി കഴിഞ്ഞുള്ള തിരക്കുപിടിച്ച തിങ്കളാഴ്ച ദിനം. സമയം പതിനൊന്നിനടുത്തപ്പോൾ കാഷ്വൽറ്റിയിൽ ബഹളം കേട്ടാണ് ഞാൻ അങ്ങോട്ടു ചെന്നത്.

നീല യൂണിഫോമിട്ട നാലോ അഞ്ചോ വയസ്സു മാത്രമുള്ള ഒരു പെൺകുഞ്ഞ് കണ്ണടച്ചു പരിശോധനാ മേശയിൽ കിടക്കുന്നു. ഉറങ്ങിക്കിടക്കുന്ന പോലെ... ഒരു വേദനയുമറിയാതെ. അവളെ പരിശോധിച്ചു നിരാശയോടെ തിരിയുന്ന ഡ്യൂട്ടി ഡോക്ടർ.

സംഭവം ഇങ്ങനെ: ആശുപത്രിക്കടുത്താണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ. അവിടെ പ്ലാറ്റ്ഫോം ടിക്കറ്റെടുത്തു സ്റ്റേഷനുള്ളിൽ കടന്ന ഒരു സ്ത്രീ ഓടിവന്ന തീവണ്ടിക്കു മുന്നിലേക്കു തന്റെ കുഞ്ഞുമായി ചാടി, അമ്മ തൽക്ഷണം മരിച്ചു. പാളത്തിൽ നിന്നു കുറച്ചകലേക്കു തെറിച്ചുവീണ കുഞ്ഞിനു പ്രത്യക്ഷത്തിൽ പോറലോ പരുക്കോ കാണാതിരുന്നതിനാൽ, അവളെ രക്ഷപ്പെടുത്താനായി അവിടെ കൂടിയിരുന്നവർ ആശുപത്രിയിലേക്കു കൊണ്ടുവന്നതാണ്. എന്നാൽ തലയ്ക്കു മാരകമായ ക്ഷതമേറ്റ കുഞ്ഞ് മരിച്ചിരുന്നു.

കുഞ്ഞിന്റെ യൂണിഫോമും അണിഞ്ഞിരുന്ന ബാഡ്ജും കണ്ട് സ്കൂൾ അധികൃതരെ വിവരമറിയിച്ചാണ് കുട്ടിയെയും അമ്മയെയും തിരിച്ചറിഞ്ഞത്. ഒരു ഡോക്ടറുടെ ഭാര്യയും കുഞ്ഞുമായിരുന്നു അത്. ഭാര്യയും ഭർത്താവുമായുള്ള വഴക്കിനിടയിൽ ബലിയാടായത് ആ പാവം കുട്ടി.

നിഷ്കളങ്കയായ ആ കുഞ്ഞ് രാവിലെ എത്ര ഉത്സാഹത്തോടെയായിരിക്കും നീലനിറമുള്ള യൂണിഫോമും ടൈയും ഷൂസുമണിഞ്ഞ് അമ്മയോടൊപ്പം പുറപ്പെട്ടത്? രണ്ടു ദിവസത്തെ അവധിക്കുശേഷം കൂട്ടുകാരെ കാണാനായി സ്കൂളിലേക്കു യാത്രയായ അവൾ മരണത്തിലേക്കാണു നടന്നു പോയത്. വർഷങ്ങൾക്കിപ്പുറവും ആ പെൺകുഞ്ഞ് എനിക്കു വേദനയാണ്. ഇന്നും ഒരിറ്റു കണ്ണീർ പൊടിയാതെ അവളെ ഓർക്കാൻ സാധിക്കില്ല. കാർവർണന്റെ നിറവും ചുരുൾമുടിയും, എന്തൊരു ഓമനത്തം!

പെൺകുഞ്ഞുങ്ങൾ മാത്രമുള്ള വീട്ടിൽ വളർന്ന എനിക്ക്, പെൺകുഞ്ഞിനു വേണ്ടി മനമുരുകി പ്രാർഥിച്ച ഞാനെന്ന അമ്മയ്ക്ക് ആ മകൾ എന്നും നോവാണ്. ഏതൊരമ്മയ്ക്കാണ് തന്റെ കുഞ്ഞിനെ കൊല്ലാൻ അവകാശമുള്ളത്?

സ്വന്തം ജീവിതം മടുക്കുമ്പോൾ മരണം തിരഞ്ഞെടുക്കുന്ന മാതാപിതാക്കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. കു‍‍ഞ്ഞുമക്കളെ വെറുതെ വിടുക. അവരെ കൊല്ലാനുള്ള അധികാരം നിങ്ങൾക്കില്ല. മരണത്തെ പുൽകിയുറങ്ങുന്ന അവരുടെ ഓമനമുഖം ഒരുനോക്കു കണ്ടവരുടെ നോവ് ആരറിയുന്നു?

English Summary: Sunday special column marakkillorikkalum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com