ADVERTISEMENT

ആശാൻ കാവ്യജീവിതത്തിലെ സുപ്രധാന കൃതികൾ എഴുതിയ തിരുവനന്തപുരം തോന്നയ്ക്കലെ വസതി ഇന്നും അതേപോലെ നിലനിർത്തിയിട്ടുണ്ട്. കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിനാണ് സംരക്ഷണ ചുമതല. ആശാന്റെ കാവ്യസപര്യയ്ക്ക് ഊർജം  പകർന്നതിൽ പത്നി ഭാനുമതിയമ്മയുടെ പങ്കു വലുതാണ്. ശ്രീനാരായണ ഗുരു ഒരിക്കൽ തോന്നയ്ക്കലെ ആശാന്റെ ഭവനം സന്ദർശിച്ചു. 

ചരിത്രാഖ്യാനങ്ങളെ ആധാരമാക്കി ആ സന്ദർശനത്തിന്റെയും ആശാന്റെയും ഭാനുമതിയമ്മയുടെയും ഹൃദയൈക്യത്തിന്റെയും കഥയിതാ...

അന്നു ദേശീയപാതയില്ല. ഉള്ള പാതയ്ക്കിത്രയും വീതിയുമില്ല. പക്ഷേ, അതേപോലെ ആ വീട് ഇന്നുമുണ്ട്. രണ്ടും മുറികളും അടുക്കളയും ചെറിയ  ചായ്പും വരാന്തയുമുള്ള കൊച്ചു കുടിൽ. നിറയെ വെള്ളമുള്ള കിണർ മുറ്റത്ത്. വർഷങ്ങൾക്കിപ്പുറവും കാര്യമായ രൂപമാറ്റമൊന്നും സംഭവിച്ചിട്ടില്ല. ദേശീയ പാതയിൽ തിരുവനന്തപുരത്ത് മംഗലപുരം തോന്നയ്ക്കൽ റോഡിൽനിന്നു കുറച്ചുമാറിയാണ് ഈ ഭവനം. 

അന്ന് ഇതു നാട്ടിടവഴിയാണ്. കാളവണ്ടികളും കുതിരവണ്ടികളും കടന്നുപോകും. ഇടയ്ക്ക് അപൂർവം മോട്ടർ വാഹനങ്ങളും. 

kumaranasan-house
ആശാന്റെ തോന്നയ്ക്കലെ വീട്.

വീട്ടുകാരി ഭാനുമതിയമ്മയ്ക്ക് അന്നു തിരക്കുപിടിച്ച ദിവസമായിരുന്നു. ‘വലിയ സ്വാമി’ വീട്ടിലെത്തുന്നു. വലിയ സ്വാമി എന്നാൽ ശ്രീനാരായണ ഗുരു.  ഗൃഹസ്ഥ ശിഷ്യനായ ‘കുമാരു’വിന്റെ വീടു കാണാൻ ഗുരു എത്തുകയാണ്. 

വീടും പരിസരവുമൊക്കെ ഭാനുമതിയമ്മ വൃത്തിയാക്കി. നിറയെ പണികളുണ്ട്. എല്ലാംകൂടി ഒറ്റയ്ക്കു ചെയ്യാൻവയ്യ. സഹായത്തിനു രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയും കൂട്ടിയിട്ടുണ്ട്. തറ പുതുതായി ചാണകം തേച്ചുമിനുക്കി. വാതിൽപ്പടിയും ജനാലകളുമൊക്കെ തുടച്ചു വൃത്തിയാക്കി. ഗുരുവിന് ആഹാരം നൽകാനായി പുതിയ ഗ്ലാസും പാത്രങ്ങളുമൊക്കെ വാങ്ങി. ഗുരു വരുമ്പോൾ തീർഥം തളിച്ചു പാദശുദ്ധി വരുത്താനുള്ള കൂജ, നടക്കുന്ന നിലത്തു വിരിക്കുന്ന കമ്പളം, പുഷ്പങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, വിശ്രമിക്കാനുള്ള കട്ടിൽ, പുതയ്ക്കാനുള്ള ഷാൾ, പുതപ്പ്, ദന്തശുദ്ധി വരുത്താൻ പ്രത്യേക ഔഷധക്കൂട്ട്... എല്ലാം തയാറാക്കി.

ഗൃഹനാഥനും തിരക്കിലാണ്. ഗുരു വരുമ്പോൾ വീട്ടിൽ ഉണ്ടാവേണ്ട ചില അതിഥികളെ ക്ഷണിച്ചു. സരസകവി മൂലുർ ഉൾപ്പെടെയുള്ളവർക്കു കുറിമാനം അയച്ചിട്ടുണ്ട്. അതിനിടയിൽ വീട്ടിലെ അടുക്കുംചിട്ടയുമൊക്കെ ഒന്നു നോക്കിക്കണ്ടു. 

ആശ്രമം പോലെയായിരിക്കുന്നു. പത്നി എല്ലാം ഗംഭീരമായി ചെയ്തിരിക്കുന്നതു കണ്ടു ഭാനുമതിയമ്മയെ അടുത്തുവിളിച്ച് അഭിനന്ദിച്ചു. 

kumaranasan-home-1

ഭാനുമതിയമ്മ ‘ചിന്നസ്വാമി’യെ നോക്കി ഒന്നു മന്ദഹസിച്ചു. ‘എന്തെങ്കിലും മറന്നോ എന്നാണു സംശയം ’

‘ ഭാനു ആകുലപ്പെടാതിരിക്കൂ. തയാറെടുപ്പുകളെല്ലാം നന്നായിട്ടുണ്ട്.’ മഹാത്മാക്കൾ വീട്ടിലെത്തുമ്പോൾ അങ്ങനെയാണ്. മഹിമയോടെ സ്വീകരിക്കണം. തന്റെ പത്നിക്കതറിയാം. ആശാൻ അഭിമാനം പൂണ്ടു. 

‘ചിന്നസ്വാമി’ എന്നാണ് അവർ ഭർത്താവായ കുമാരനാശാനെ വിളിക്കുന്നത്. തന്നെക്കാൾ പതിനെട്ടു വയസ്സിനു മൂപ്പുണ്ട്. ആശാൻ സമുദായ സേവനത്തിന് ഇറങ്ങുമ്പോൾ താൻ ജനിച്ചിട്ടു കൂടിയില്ലെന്ന് ഇടയ്ക്കിടെ അവർ ഭർത്താവിനോടു പറഞ്ഞു ചിരിക്കാറുണ്ട്. 

സംസ്കൃതത്തിലും ബംഗാളി ഭാഷയിലും ഉപരിപഠനം കഴിഞ്ഞു കുമാരനാശാൻ കൊൽക്കത്തിയിൽ നിന്നു തിരിച്ചെത്തിയ ദിവസമാണ് ഭാനുമതിയമ്മ ജനിക്കുന്നത്. അന്നദ്ദേഹം തിരുവനന്തപുരത്തുളള ഭാനുമതിയമ്മയുടെ വീട്ടിൽ എത്തിയിരുന്നു. എസ്എൻഡിപി യോഗം പ്രവർത്തകനായ ഭാനുമതിയമ്മയുടെ അച്ഛനുമായി ആശാന് അടുത്ത ബന്ധമുണ്ടായിരുന്നു. പ്രസവമുറിയിൽ കൈകാലുകളിട്ടിളക്കി ചിരിയും കരച്ചിലുമായിക്കിടന്ന കുഞ്ഞ് പിൽക്കാലത്തു തന്റെ സഹധർമിണിയായി മാറുമെന്ന് ആശാൻ ചിന്തിച്ചിട്ടുണ്ടോ? ഒരിക്കൽ  ഭാനുമതിയമ്മ ആശാനോടു തന്നെ ഇക്കാര്യം ചോദിച്ചിട്ടുണ്ട്. 

thonnakkal-kumaranasan-memorial

‘അതിനെക്കുറിച്ച് ഭാനു എന്താണു ചിന്തിച്ചിരിക്കുന്നത്? ഇതായിരുന്നു ആശാന്റെ മറുചോദ്യം. 

ഏഴോ എട്ടോ വയസ്സുള്ളപ്പോൾ വീട്ടിൽ ആശാൻ വന്ന ഓർമ ഭാനുമതിക്കുണ്ട്. അന്നദ്ദേഹം എസ്എൻഡിപി യോഗം സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ‘ശങ്കരശതകം’ എഴുതിയ ആളെ കാണാൻ ആഗ്രഹമുണ്ടോ എന്നു ചോദിച്ച് ജ്യേഷ്ഠൻ കെ. സദാശിവനാണു ഭാനുവിനെ ആശാന്റെ മുന്നിലേക്കു കൊണ്ടുപോകുന്നത്. ആദ്യകാഴ്ച അതായിരുന്നു. കുന്നുകുഴിയിൽ അച്ഛൻ അന്ന് ഒരച്ചുകൂടം നടത്തിയിരുന്നു. അതിനു പേരിട്ടത് ആശാനായിരുന്നു: പ്രഭാകര പ്രസ്. വീടിനു പേരിട്ടതും ആശാൻ തന്നെ: കമലാലയം. 

അന്നു കുട്ടിയായിരുന്ന താൻ ചിന്നസ്വാമിയുടെ ഭാനുവായിത്തീരുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. 

ഭാനുമതി അക്കാര്യം ആശാനെ ഓർമിപ്പിച്ചു. ‘അതിൽ എന്തോ നിയോഗമില്ലേ?’

‘വലിയസ്വാമികളോടു ചോദിക്കാം. സന്യാസിയായിത്തീരേണ്ട ഞാൻ എങ്ങനെ കവിയും ഗൃഹസ്ഥാശ്രമിയുമായെന്ന് !’ ആശാൻ പറഞ്ഞു.

‘ഭർത്താവു മാത്രമല്ല, ഭാനുവിന്റെ ഗുരുനാഥനും ഞാനാണ്’– അദ്ദേഹം ഓർമിപ്പിച്ചു.

‘ശരിയാണ്’ –ഭാനു സമ്മതിച്ചു.

......................

‘അന്ന് അങ്ങ് മനസ്സിൽ ഒളിപ്പിച്ചിരുന്ന ഒരു കാര്യം എനിക്കറിയാം.’

എന്ത്? ആശാൻ കൗതുകം പൂണ്ടു. 

‘ഗുരുദക്ഷിണയായി ഈ കുട്ടിയെത്തന്നെ അവളുടെ വീട്ടുകാർ തനിക്കു തന്നിരുന്നെങ്കിലെന്നു വിചാരിച്ചിരുന്നില്ലേ? ’

ആശാൻ അടക്കിപ്പിടിച്ചു ചിരിച്ചു. 

‘എങ്ങനെ മോഹിക്കാതിരിക്കും? ഭാനു മിടുക്കിയായ വിദ്യാർഥിനിയായിരുന്നില്ലേ. ഞാൻ തന്നിരുന്ന പുസ്തകങ്ങൾ ഒന്നു പോലും വിടാതെ ഹൃദിസ്ഥമാക്കുമായിരുന്നു. 

‘നീണ്ട യാത്രകൾക്കിടെ ക്ലാസുകൾ മുടങ്ങുന്നതിൽ അങ്ങേക്കും വിഷമമുണ്ടായിരുന്നു. എന്തുചെയ്യാം, ആണാണെങ്കിൽ കൂടെ കൊണ്ടുപോകാമായിരുന്നു എന്നൊരിക്കൽ പറഞ്ഞതു ഞാനോർമിക്കുന്നുണ്ട്. ശരിക്കും വിഷമിച്ചുപോയ നാളുകളായിരുന്നു അത്’ 

‘ഏറെയൊന്നും സങ്കടമായില്ലല്ലോ. പഠിപ്പും അധികനാൾ നീണ്ടുനിന്നില്ല. രണ്ടുകൊല്ലം തികയുന്നതിനു മുൻപുതന്നെ നമ്മുടെ വിവാഹം കഴിഞ്ഞില്ലേ.’ ഭാനു തലയാട്ടി. 

ഇരുവരും സംസാരിച്ചു നിൽക്കേ ‘തമ്പുരാനേ’ യെന്നു വിളിച്ചുകൊണ്ട് സഹായിയായി നിന്ന പുരുഷൻ അടുത്തെത്തി. ‘തമ്പുരാൻ വന്നു പറമ്പ് വൃത്തിയായിട്ടുണ്ടോ എന്നു നോക്കണം.’ 

‘തമ്പുരാൻ എന്നു വിളിക്കരുത്. ആശാൻ എന്നു വിളിച്ചാൽ മതി.’

തൊടി പുല്ലുനിറഞ്ഞ് കിടക്കുന്നതു വലിയസ്വാമിക്ക് ഇഷ്ടമല്ല. കിളച്ചു വൃത്തിയാക്കി അതിൽ ചീരയോ പയറോ കായ്കറികളോ ഒക്കെ നട്ടുപിടിപ്പിക്കണം. വലിയ സ്വാമിയുടെ വരവുപ്രമാണിച്ച് എല്ലാം ഭംഗിയായിട്ടുണ്ട്. സന്തോഷമായി. അതിനിടയിൽ രണ്ടുവരി കുത്തിക്കുറിക്കാൻ ആശാനു തോന്നി. വീടിനു പിറകിൽ നിറയെ ഫലം തരുന്ന ഒരു പ്ലാവുണ്ട്. നല്ല തണലാണ്. ഏതുഷ്ണകാലത്തും തണുപ്പും സുഖവും. കവിത കുറിക്കലും തിരുത്തലുമൊക്കെ അതിനു ചുവട്ടിലിരുന്നാണ്. കിണറിനുടുത്തായി വലിയൊരു മുല്ലപ്പന്തലുമുണ്ട്. 

തോന്നയ്ക്കലെ സന്ധ്യാനേരങ്ങൾ ആശാന് ഇഷ്ടമായിരുന്നു. പടിഞ്ഞാറു ഭാഗം വിശാലമാണ്. അവിടേക്കു നോക്കിയാൽ അസ്തമയ സൂര്യനെ കാണാം. ആ സമയം മനസ്സിനെ ഏകാഗ്രമാക്കി പ്രകൃതിയുടെ ശാന്തതയിൽ ലയിച്ചിരിക്കുന്ന പതിവുണ്ട്. കൈകാലുകളും മുഖവും കഴുകി പ്ലാവിൻചുവട്ടിൽ വന്നിരിക്കും. കണ്ണുകൾ അടച്ച് പ്രകൃതിയെ നോക്കി സ്വസ്ഥചിത്തനായി ഇരിക്കും. ഉള്ളിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നു തോന്നും. ആ സമയം കവിതയോ ശ്ലോകങ്ങളോ മന്ത്രങ്ങളോ സ്തോത്രങ്ങളോ ഒന്നും പുറമേ കേൾക്കുംവിധം ഉച്ചത്തിൽ ചൊല്ലാറില്ല. മനസ്സിൽ വരികൾ വന്നുനിറയും. ‘നളിനി’ക്കും ‘ലീല’യ്ക്കും ‘ചിന്താവിഷ്ടയായ സീത’യ്ക്കും പശ്ചാത്തലമൊരുക്കിയത് അരുവിപ്പുറമാണെങ്കിലും രചന ഈ വീട്ടുമുറ്റത്തു വച്ചായിരുന്നു. 

kumaranasan-home

തൊടിയിൽ മാത്രമല്ല, വീട്ടുനടത്തിപ്പും ഭാനുവിന്റെ മിടുക്കിലാണു മുന്നോട്ടു പോയത്. വിവാഹ സമയത്തു യോഗം സെക്രട്ടറിയെന്ന നിലയിൽ മാസം 30 രൂപയായിരുന്നു അലവൻസ്. ചില മാസം അതു സംഭാവനയായി തിരികെ നൽകുകയും വേണം. റജിസ്റ്റർ നോക്കിയാൽ ‘ആശാൻ അലവൻസ് –30 ക എന്നു കാണും. തൊട്ടുതാഴെ ‘ആശാൻ സംഭാവന–30 ക എന്നും. കിട്ടുന്നതു തികയാത്ത അവസ്ഥയാണ്. ‘വിവേകോദയം’ മാസിക അയയ്ക്കുന്നതിനു തന്നെ നല്ലൊരു ചെലവുവരും. ശാരദാ ബുക്ക് ഡിപ്പോ പുസ്തകങ്ങൾ അച്ചടിച്ചിരുന്നു. അതെല്ലാംകൂടി പത്തഞ്ഞൂറു കോപ്പികൾ മാത്രം. ‘ഭാനുവിന്റെ അടുക്കള അലമാരി’ എന്നു ബുക്ക് ഡിപ്പോയെ വിശേഷിപ്പിക്കാറുണ്ടായിരുന്നു. സ്ത്രീകൾ അടുക്കളയിൽ പണം സൂക്ഷിക്കുന്ന പതിവുണ്ടല്ലോ. ബുക്ക് ഡിപ്പോ വരുമാനത്തെക്കുറിച്ച്, അടുക്കള അലമാരിയിൽ നിന്ന് ആറേഴുറുപ്പിക മാസം വരവുണ്ടെന്നു ഭാനുവിനോടു പറയും. 

മാസത്തിൽ 20 രൂപയിലപ്പുറം വീട്ടു ചെലവു പോകാതിരിക്കാൻ ഭാനുമതിയമ്മ ശ്രദ്ധ വച്ചിരുന്നു. ഒന്നര ഉറുപ്പികയുടെ അരിയും വീട്ടുസാധനങ്ങളും വാങ്ങും. ആഹാരച്ചെലവിനെക്കാൾ വണ്ടിക്കൂലിയാണ്. പട്ടിണി നമ്മുടെ പടിക്കൽ വന്നെത്തി നോക്കുന്നുണ്ടെന്ന് ഇടയ്ക്കിടെ ആശാൻ പത്നിയോടു പറയും. ‘ഇതേവരെ പണം സമ്പാദിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. എന്നാലും നീയും കുട്ടികളും പട്ടിണി കിടക്കാൻ സമ്മതിക്കില്ല.’

നാലാംക്ലാസിലും ഏഴാം ക്ലാസിലും ആശാന്റെ കൃതികൾ പാഠപുസ്തകമായപ്പോഴാണ് കുടുംബത്തിലെ സാമ്പത്തികസ്ഥിതി ഒന്നു നിവർന്നു വന്നത്. 

കർമയോഗിയായിരുന്ന ഭർത്താവിനോടു സഞ്ചാരം കുറയ്ക്കാനും വീട്ടിൽ വിശ്രമിച്ചു കൂടുതൽ എഴുതിക്കൂടേയെന്നും ഭാനു ചോദിക്കും. ‘വിശ്രമിക്കാൻ സമയമില്ലാതെ, നിറയെ ജോലിയുള്ള ദിവസങ്ങൾ എന്നുമുണ്ടാകണം, ഇതാണു വലിയസ്വാമിയോടുള്ള എന്റെ അപേക്ഷ’!

കായിക്കരയിലെ വീടും പുരയിടവും കടലെടുത്തുപോയതിൽ ആശാൻ ദുഃഖിച്ചിരുന്നു. തോന്നയ്ക്കലെ വീടും സ്ഥലവും ആ വേദന ഇല്ലാതാക്കി. മേടമാസത്തിലെ ചിത്തിരനാളിലാണ് ആശാന്റെ ജനനം. ചിത്തിരനാളിൽ ജനിച്ചതുകൊണ്ടാണു വീടും പുരയിടവും കടലെടുത്തു പോയതെന്ന് ആശാൻ പറയും. ‘ചിത്തിര പിറന്നാൽ അക്കുടി നാശം’ എന്ന ചൊല്ലും ആവർത്തിക്കും. 

വലിയസ്വാമി വീട്ടിലെത്തണമെന്നു ഭാനുവിനായിരുന്നു ഏറെ ആഗ്രഹം. അത് ആശാൻ ഗുരുവിനെ അറിയിക്കുകയും ചെയ്തു. ‘സമയമാകട്ടെ’ എന്നായിരുന്നു ഗുരുവിന്റെ മറുപടി. ഇപ്പോൾ ആ സമയം വന്നുചേർന്നിരിക്കുന്നു. മുരുക്കുംപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമത്തിനായാണു ഗുരു എത്തുന്നത്. ‘സത്യം ദയ ധർമം’ എന്നെഴുതിയ ഫലകമാണ് അവിടെ പ്രതിഷ്ഠിക്കുന്നത്. പ്രതിഷ്ഠാകർമം കഴിഞ്ഞു ഗുരു നേരെ വീട്ടിലെത്തും. 

kumaranasan

നാരായണഗുരു അവധൂതനായി കായിക്കര, അഞ്ചുതെങ്ങ് മുതലായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന കാലത്താണു കുമാരനാശാൻ ഗുരുവുമായി കൂടുതൽ അടുക്കുന്നത്. സ്വാമി കായിക്കരയിൽ വരുന്ന സന്ദർഭങ്ങളിൽ ആശാൻ പോയി കാണുമായിരുന്നു. ആ സമ്പർക്കം പതിയെ ആധ്യാത്മികകാര്യങ്ങളിലേക്കും ഭക്തിയിലേക്കും തിരിച്ചുവിട്ടു. പതിനെട്ടാം വയസ്സിൽ ഏതാനും കുട്ടികളെ ചേർത്തു സ്വന്തമായി പാഠശാല ആരംഭിച്ചു. അങ്ങനെയാണു കുമാരു ‘കുമാരനാശാനാ’യി മാറുന്നത്. 

പ്രതിഭയും സ്വതന്ത്രചിന്തയും വിപ്ലവ ദർശനങ്ങളുമുള്ള കുമാരുവിനെ ഗുരു ബെംഗളൂരുവിൽ ഡോ. പൽപുവിന്റെ അടുത്തേക്കു പഠിക്കാനായി പറഞ്ഞയച്ചു. ആശാൻ തിരിച്ചുവരുമ്പോൾ ശ്രീനാരായണ ഗുരു അരുവിപ്പുറത്തു താമസമായിരുന്നു. ഗുരുവുമൊത്തു നാടു ചുറ്റാൻ തുടങ്ങി. ജാതീയമായ വേർതിരിവുകൾ ആശാനെ അസ്വസ്ഥനാക്കിയിരുന്നു. ആഴത്തിൽ വേരോടിയിരുന്ന അസമത്വങ്ങളും അനാചാരങ്ങളും എങ്ങനെ നീക്കാമെന്നായി ചിന്ത. ഇതിനെയെല്ലാം തരണംചെയ്യാൻ പ്രാപ്തനാക്കുന്ന ഗുരുവിനെ സമൂഹം തിരിച്ചറിയുന്നില്ലല്ലോ എന്നതായിരുന്നു മറ്റൊരു വേദന. ‘മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ ’ എന്നു കുറിച്ചു. സന്യാസമോ സാമൂഹിക സേവനമോ കവിതയോ? ഏതു വഴിയെന്ന സന്ദേഹമുണ്ടായിരുന്നു. മനുഷ്യരെ നന്നാക്കണമെന്നു വ്രതംപൂണ്ടിരുന്ന ഗുരു ശിഷ്യന്റെ മനസ്സു മനസ്സിലാക്കി. എസ്എൻഡിപി യോഗം സ്ഥാപിതമായപ്പോൾ 1903ൽ സെക്രട്ടറി സ്ഥാനം കുറച്ചുകാലം ഏറ്റെടുക്കാൻ നിർദേശിച്ചു. 1916 ൽ സ്ഥാനം ഒഴിയുന്നതുവരെ ആശാൻ സാമൂഹിക സേവനത്തിൽ ശ്രദ്ധവച്ചു. പിന്നീട് ഗാർഹസ്ഥ്യജീവിതത്തിലും എഴുത്തിലും മുഴുകി.

മുരുക്കുംപുഴയിൽ പുലർച്ചെയായിരുന്നു പ്രതിഷ്ഠാകർമം. അതിനുശേഷം ഗുരു വന്നെത്തി. ഒരു ദിവസം അവിടെ തങ്ങുന്നു എന്നറിയിച്ചു. കുമാരു കവിത കുറിക്കുന്ന പ്ലാവിൻചുവട്ടിൽ വിശ്രമിച്ചു. ഭക്തരും ശിഷ്യരുമൊക്കെ പിരിഞ്ഞുപോയി. കുമാരുവും ഗുരുവും മാത്രമായി. 

ആശാൻ ഗുരുപാദങ്ങൾക്കരികെ നിലത്തിരുന്നു. മനസ്സ് ആഴിപോലെ ഇളകുന്നുണ്ട്. ഉള്ളിലെ ചോദ്യങ്ങൾ പുറത്തേക്കു വന്നില്ല. മൗനത്തിലും ഗുരു കുമാരുവിന്റെ ആ ചോദ്യം കേട്ടു: ‘സന്യാസം വരിച്ച് ഈശ്വരസാക്ഷാത്കാരം നേടാനാണ് ഈ ജീവിതംകൊണ്ടു മോഹിച്ചത്. സത്യം സാക്ഷാത്കരിക്കാനാണ് ഇറങ്ങിത്തിരിച്ചത്. ഗുരു പക്ഷേ, കാവ്യജീവിതത്തിലേക്കു തിരിച്ചുവിട്ടു. എഴുത്തിനുള്ള അഭിനിവേശം ഉജ്വലിപ്പിച്ചു. സഹജരനുഭവിക്കുന്ന സങ്കടങ്ങൾ കാണുമ്പോൾ ഉള്ളു തേങ്ങിയിരുന്നു. അവയ്ക്കു പരിഹാരമുണ്ടാക്കേണ്ട ബാധ്യതയുണ്ടായിരുന്നില്ലേ..? എന്റെ മാർഗം അതായിരുന്നില്ലേ..?’ 

മറുപടിയായി ഗുരു മൊഴിഞ്ഞതുപോലെ കുമാരുവിനും തോന്നി.: ‘എല്ലാം ആത്മസാക്ഷാത്കാരമാണ്. കാവ്യവും ആത്മസാക്ഷാത്കാരത്തിനു തുല്യം. ഗൃഹസ്ഥൻ സന്യാസിക്കൊപ്പമാണ്. ഒരുവേള സന്യാസിക്കും മുകളിൽ !’

ഗുരു ഭാനുമതിയമ്മയെ വിളിപ്പിച്ചു. പ്രസാദമായി പഴം നൽകി. ആശാനും ഭാനുമതിയമ്മയും ഗുരുവിനെ നമസ്കരിച്ചെഴുന്നേറ്റു. മനസ്സിലെ ഇളകിയ സമുദ്രം ഇപ്പോൾ ശാന്തമാണ്. 

English Summary: Poet Kumaransan birthday special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com