ADVERTISEMENT

മലയാളിയായ ജോർജ് റെഡ്ഡി ഹൈദരാബാദിലെ ക്യാംപസിൽ ജാതി വിവേചനത്തോടു പടവെട്ടി രക്തസാക്ഷിത്വം വരിച്ചിട്ട് 50 വർഷം.

വിസ്മൃതിയുടെ സമയപരിധി കഴിഞ്ഞിട്ടും ഓർമയിൽ തിണർത്തു കിടക്കുന്നൊരു പേരാണു ജോർജ് റെഡ്ഡിയുടേത്. കേരളത്തിനു പുറത്ത് ക്യാംപസിൽ കൊല്ലപ്പെട്ട ജോർജ് പാലക്കാട്ടാണു ജനിച്ചത്. 

1972 ൽ ഹൈദരാബാദ് ഉസ്മാനിയ സർവകലാശാലയിൽ എതിരാളികളുടെ കുത്തേറ്റു മരിക്കുമ്പോൾ ജോർജ് റെഡ്ഡി എന്ന ഗവേഷണ വിദ്യാർഥിക്ക് 25 വയസ്സ്. എംഎസ്‌സി ഫിസിക്സിന് ഒന്നാം റാങ്കുകാരനായിരുന്നു ജോർജ്. സർവകലാശാലാ ബോക്സിങ് ചാംപ്യനുമായിരുന്നു. മണിരത്നത്തിന്റെ അയുതഎഴുത്ത് എന്ന സിനിമയുടെ കഥയിൽ ജോർജ് റെഡ്ഡിയുടെ ജീവിതത്തിന്റെ അംശങ്ങളുണ്ട്. ജോർജ് റെഡ്ഡിയെന്ന പേരിൽത്തന്നെ അദ്ദേഹത്തിന്റെ കഥ തെലുങ്കിൽ സിനിമയായിട്ടുണ്ട്. സർവകശാലകളിലെ ജാതി വിവേചനം അക്കാദമിക– രാഷ്ട്രീയ രംഗങ്ങളിൽ ചർച്ചയാകുമ്പോൾ, അര നൂറ്റാണ്ട് മുൻപ് ഇതേ ആശയങ്ങൾക്കായി പോരാടി രക്തസാക്ഷിയായ ഒരു മലയാളിയുടെ അധികമാരും അറിയാത്ത ചരിത്രമുണ്ട്.

ജോർജിന്റെ അനുജൻ സിറിൽ റെഡ്ഡിയുടെ ഭാര്യ ഗീത രാമസ്വാമിയുടെ ഓർമയിൽ ജോർജിന്റെ ക്യാംപസ് ജീവിതവും മരണവും തെളിയുന്നുണ്ട്. അതിനെക്കുറിച്ച് അവരൊരു പുസ്തകവും എഴുതിയിട്ടുണ്ട് ‘ജീനാ ഹേ തോ മർനാ സീഖോ’ (ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ മരിക്കാൻ പഠിക്കൂ). ജോർജ് പലപ്പോഴും പറഞ്ഞിരുന്ന വാക്യം.

arjun-reddy
ജോർജ് റെഡ്ഡി

1972 ഏപ്രിൽ 14. ഉസ്മാനിയ എൻജിനീയറിങ് കോളജിൽ തിരഞ്ഞെടുപ്പ്. ജോർജ് റെഡ്ഡിയും അദ്ദേഹം രൂപം കൊടുത്ത വിദ്യാർഥിപ്രസ്ഥാനമായ പ്രോഗ്രസീവ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനും (പിഡിഎസ്‌യു) സജീവമായിരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് എബിവിപി പ്രവർത്തകരും ജോർജിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ പ്രവർത്തകരുമായി പലവട്ടം ഏറ്റുമുട്ടലുകളുണ്ടായി. കൊലപാതകത്തിനു രണ്ടുമാസം മുൻപ് ആ ഫെബ്രുവരിയിലും ജോർജിനു കുത്തേറ്റിരുന്നു. ജീവനുള്ള ഭീഷണി കണക്കിലെടുത്ത് തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിൽ നിന്നു സുഹൃത്തുക്കൾ വിലക്കിയെങ്കിലും ജോർജിന് അത് അനീതിക്കെതിരായ പോരാട്ടമായിരുന്നു.

സംഭവദിവസം കന്റീനിലിരുന്ന ജോർജിനെ എൻജിനീയറിങ് കോളജ് ഹോസ്റ്റലിലേക്കു രണ്ടു സുഹൃത്തുക്കൾ കൂട്ടിക്കൊണ്ടു പോയി. പോകരുതെന്നു മറ്റു സുഹൃത്തുക്കൾ പറഞ്ഞെങ്കിലും ഹോസ്റ്റൽ പൊലീസ് കാവലിലായതിനാൽ പേടിക്കേണ്ടതില്ലല്ലോ എന്നു കരുതി. 

ഹോസ്റ്റലിലേക്കു കയറിയ ജോർജിനെ അക്രമികൾ പിന്നിൽ നിന്നു കുത്തി. ജോർജിനെ വിളിച്ചുകൊണ്ടുപോയ പരിചയക്കാർ അപ്പോഴേക്കും സ്കൂട്ടറിൽ കയറി സ്ഥലം വിട്ടിരുന്നു. പൊലീസ് അകലേക്കു മാറിനിന്നു.

അപകടം മണത്തു ജോർജ് കുതറി മാറാൻ ശ്രമിച്ചെങ്കിലും വയറ്റിലും ഹൃദയത്തിലും കത്തി കയറിയിരുന്നു.

ആശുപത്രിയിലെത്തിക്കുന്നതിനു മുൻപ് ജോർജ് റെഡ്ഡി മരിച്ചു. വിദ്യാർഥികൾ ആശുപത്രി പരിസരത്തു പ്രവേശിക്കുന്നതു പൊലീസ് വിലക്കി. 

സംഭവവുമായി ബന്ധപ്പെട്ട ഏതാനും എബിവിപി പ്രവർത്തകർ ഒളിവിൽപോയി. ആ കൊലപാതകം ആന്ധ്രയിലാകെ കോളിളക്കമുണ്ടാക്കി. 

കേരളത്തിൽ ജനിച്ച്, ചെന്നൈയിൽ വളർന്ന്, 10 വർഷം ആന്ധ്രയിൽ ജീവിച്ച ജോർജ് അവിടെയിന്നും ധീര രക്തസാക്ഷിയാണ്. 

മകന്റെ വിയോഗത്തെത്തുടർന്നു വിഷാദത്തിന്‌ അടിപ്പെട്ട അമ്മ ലൈല മാസങ്ങൾക്കകം തന്റെ അൻപത്തിയാറാം വയസ്സിൽ മരിച്ചു.

വിവേചനത്തിന്റെ ആദ്യപാഠം

1947 ജനുവരി 15നാണ് ജോർജ് ജനിച്ചത്. അച്ഛൻ ആന്ധ്രപ്രദേശ് സ്വദേശി രഘുനാഥ റെഡ്ഡി. അമ്മ ലൈല വർഗീസ് കായംകുളം സ്വദേശിയാണ്. സെഷൻസ് ജഡ്ജിയായി വിരമിച്ച കായംകുളം പൂക്കോയിക്കൽ ജോർജ് വർഗീസിന്റെയും ചെങ്ങന്നൂർ കൊട്ടാരത്തിൽ തറവാട്ടിൽ മാമി ഈപ്പന്റെയും മകളാണു ലൈല. ചെന്നൈ പ്രസിഡൻസി കോളജിൽ വച്ച് പ്രണയത്തിലായ രഘുനാഥ റെഡ്ഡിയുടെയും ലൈലയുടെയും വിവാഹത്തിന് റെഡ്ഡി കുടുംബത്തിൽ നിന്ന് ആരുമെത്തിയില്ല. അവർക്ക് ഈ വിവാഹത്തിനു സമ്മതമായിരുന്നില്ല. ജാതിയായിരുന്നു കാരണം.

വിവാഹത്തിനു ശേഷം ആന്ധ്രയിലെ ചിത്തൂരിലെത്തിയ ദമ്പതികളെ റെഡ്ഡിയുടെ തറവാട്ടിൽ കയറ്റിയില്ല. ഈ കഥയൊക്കെ പിന്നീട് ജോർജ് അമ്മയിൽ നിന്നും സഹോദരങ്ങളിൽ നിന്നും മനസ്സിലാക്കി. സമത്വത്തിനായുള്ള പോരാട്ടത്തിൽ അവനു മുന്നിൽ തുറന്ന ആദ്യ പാഠപുസ്തകം കുടുംബം തന്നെയായിരുന്നു. മാറ്റി നിർത്തലുകളോട് അവൻ കലഹിച്ചുകൊണ്ടിരുന്നു.

വിവാഹശേഷം വീട്ടുകാരുടെ പിന്തുണ ഇല്ലാത്തതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകളും ജോർജിന്റെ കുടുംബത്തെ അലട്ടി. റെഡ്ഡിയുടെയും ലൈലയുടെയും നാലാമത്തെ മകനായാണു ജോർജിന്റെ ജനനം. ജോർജിന് ഒരു വയസ്സാകുന്നതിനു മുൻപ് അവർ ചെന്നൈയിലേക്കു കുടിയേറി. ജോലി തേടി നീണ്ട പലായനങ്ങൾ; കോട്ടഗിരി, ഏർക്കാട്, ബെംഗളുരു. ലൈലയുടെ പിതാവിന്റെ റാന്നിയിലുള്ള എസ്റ്റേറ്റിലായിരുന്നു 1955ലെ അവരുടെ അവധിക്കാലം. അവധിക്കാലത്തിനു ശേഷം തിരികെ പോകുന്നില്ലെന്ന് അവർ തീരുമാനിച്ചു. ഇതിനിടെ 1960ൽ രഘുനാഥ റെഡ്ഡി ഹൃദയാഘാതം മൂലം മരിച്ചു. പിന്നെ 5 മക്കളും ലൈലയുടെ കൈപിടിച്ചു വളർന്നു.

ശിക്ഷ കൊണ്ട് ആരും പഠിക്കുന്നില്ല

1956–59 കാലത്ത് കൊല്ലം തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ചാണു ജോർജിന്റെ പഠനം. അക്കാലത്തെ ഒരു സംഭവം ജോർജിനെക്കുറിച്ചുള്ള പുസ്തകത്തിൽ സഹോദരഭാര്യ ഗീത രാമസ്വാമി പരാമർശിക്കുന്നുണ്ട്:

‘സ്കൂളിലെ പ്രിൻസിപ്പലും ഹോസ്റ്റൽ വാർഡനുമായിരുന്ന വൈദികൻ കണിശക്കാരനായിരുന്നു. കയ്യിൽ വടിയുമായി സ്കൂളിലും ഹോസ്റ്റലിലും ചുറ്റിനടന്നു കാര്യങ്ങൾ നിരീക്ഷിക്കുന്ന പതിവുണ്ടായിരുന്നു അദ്ദേഹത്തിന്. വൈകുന്നേരം ഹോസ്റ്റലിൽ പഠനസമയത്ത് ആരെങ്കിലും സംസാരിച്ചാൽ അപ്പോൾ അടി കിട്ടും. ഒരു ദിവസം പഠനത്തിനിടെ കണക്കു പറഞ്ഞു തരുമോ എന്നു സഹപാഠി ജോർജിനോടു ചോദിച്ചു. ജോർജ് പറഞ്ഞു കൊടുക്കാൻ തുടങ്ങി. ഉടൻ വാർഡനെത്തി ശകാരം ആരംഭിച്ചു. സംസാരിക്കാതെങ്ങനെ കണക്കു പറഞ്ഞു കൊടുക്കുമെന്ന ജോർജിന്റെ ചോദ്യം വാർഡന്റെ ദേഷ്യം ഇരട്ടിയാക്കി. ശിക്ഷയും ഇരട്ടി. 6 അടിക്കു പകരം 12. ക്ഷമ ചോദിക്കുമെന്ന് അദ്ദേഹം കരുതിയെങ്കിലും ജോർജ് ക്ഷമ ചോദിച്ചില്ല. കരഞ്ഞതുമില്ല. ശിക്ഷയിലൂടെ ആരും ഒന്നും പഠിക്കില്ലെന്ന് ആ ചെറുപ്രായത്തിലും ജോർജിനു ബോധ്യമുണ്ടായിരുന്നു.

പ്രതികാരത്തിന്റെ തുടക്കം

ഉസ്മാനിയ സർവകലാശാലയിൽ ജോർജ് വിദ്യാർഥിയായിരിക്കേ ഇളയ സഹോദരൻ സിറിലിനെ ചില വിദ്യർഥികൾ മർദിച്ച സംഭവമുണ്ടായി. ഉസ്മാനിയ എൻജിനീയറിങ് കോളജ്‍ വിദ്യാർഥിയായിരുന്നു സിറിൽ. അന്ന് ഹോസ്റ്റൽ കന്റീനുകളുടെ നടത്തിപ്പിൽ ചില വിദ്യാർഥികൾക്കും പങ്കുണ്ടായിരുന്നു. ഹോസ്റ്റലിൽ ഭക്ഷണത്തിനിടെ സിറിലും അന്ന് അവിടത്തെ വിദ്യാർഥിയും കന്റീൻ പങ്കാളിയുമായ ശ്രീനിവാസ് റെഡ്ഡിയും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയായി. സിറിൽ മർദനമേറ്റ് അവശനായി. ഇതറിഞ്ഞെത്തിയ ജോർജ് ശ്രീനിവാസിനെ തല്ലി. സർവകലാശാല ബോക്സിങ് ചാംപ്യൻ കൂടിയായ ജോർജ് ശ്രീനിവാസിന് ഒപ്പമുണ്ടായിരുന്നവരെയും തല്ലിയോടിച്ചു.

അക്കാലത്ത് ഹോസ്റ്റലിൽ ഭക്ഷണകാര്യത്തിൽ വിവേചനമുണ്ടായിരുന്നു. ജാതി തിരിച്ച് ദലിത് വിദ്യാർഥികൾക്കു മോശം ഭക്ഷണം നൽകും. ഇതാണ് അസമത്വങ്ങൾ ചോദ്യം ചെയ്യാനുള്ള ജോർജിന്റെയുള്ളിലെ തീ ആളിക്കത്തിച്ചത്. സമാനചിന്താഗതിക്കാരെ സംഘടിപ്പിച്ചു പ്രോഗ്രസീവ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനു രൂപം നൽകി. ദലിതരുടെയും സ്ത്രീകളുടെയും പ്രശ്നങ്ങൾ കൂടുതൽ മനസ്സിലാക്കിയപ്പോൾ ജോർജിലെ വിപ്ലവകാരിക്കു മൂർച്ച കൂടുകയായിരുന്നു.

ദലിത് ജീവനക്കാർക്കെതിരെയും ജാതി വിവേചനമുണ്ടെന്ന് ജോർജും കൂട്ടരും അന്നു തിരിച്ചറിഞ്ഞു. വിദ്യാർഥികൾക്കു വേണ്ടി മാത്രമല്ല, അടിച്ചമർത്തപ്പെടുന്ന എല്ലാവർക്കും വേണ്ടി ശബ്ദമുയർത്തുമെന്നു സംഘടന പ്രഖ്യാപിച്ചു.

പിഡിഎസ്‌യുവും ജോർജ് റെഡ്ഡിയെന്ന നേതാവും വേഗം വളർന്നു. എതിർ രാഷ്ട്രീയത്തെ പൊള്ളിക്കുന്ന ആശയങ്ങൾ സംഘടന മുദ്രാവാക്യങ്ങളാക്കി.

ജോർജിന്റെ കൊലപാതകത്തിൽ 9 പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. 

തെളിവുകൾ അവിശ്വസനീയമാണെന്നു നിരീക്ഷിച്ച് 1972 സെപ്റ്റംബറിൽ ഇവരെ വെറുതെ വിടാൻ അഡിഷനൽ സെഷൻസ് ജഡ്ജി ഉത്തരവിട്ടു.

ജോർജ് കൊല്ലപ്പെട്ടതിന്റെ പിറ്റേന്നു വൈകുന്നേരം നഗരത്തിലൂടെ വിലാപയാത്രയുണ്ടായിരുന്നു. ആയിരങ്ങൾ പങ്കെടുത്ത യാത്രയുടെ തുടർച്ചയായി  സംഘർഷമുണ്ടായി.

ഉസ്മാനിയ സർവകലാശാലയിൽ മാത്രം ഒതുങ്ങിനിന്ന ജോർജ് റെഡ്ഡി എന്ന പേര് ഹൈദരാബാദിലെ മറ്റു ക്യാംപസുകളിലേക്കും പടർന്നു. ഹൈദരാബാദ് ക്യാംപസുകളിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ നേരിടാനുള്ള ആശയ ശക്തിയായി ജോർജ്സ്മരണകൾ മാറി.

ഉസ്മാനിയയിൽ പിന്നീടു പഠിക്കാനെത്തിയ വിദ്യാർഥികൾ ജോർജ് റെഡ്ഡിയെന്ന പോരാളിയെപ്പറ്റി കൂടുതൽ അറിഞ്ഞത് ക്യാംപസിന്റെ പല ഭാഗങ്ങളിൽ ചുവന്ന അക്ഷരങ്ങളിലുള്ള ചുവരെഴുത്തുകളിലാണ്: ജീനാ ഹേ തോ മർനാ സീഖൊ.

മണിരത്നത്തിന്റെ മൈക്കിൾ

മണിരത്നം സംവിധാനം ചെയ്ത അയുതഎഴുത്ത് എന്ന സിനിമയിൽ സൂര്യ അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രം ജോർജ് റെഡ്ഡിയുമായി സാമ്യമുള്ളതാണ്. ഒരിക്കൽ മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ മണിരത്നം പറഞ്ഞു: ‘ജോർജ് റെഡ്ഡിയുടെ ജീവിതം എന്നെ സ്വധീനിച്ചിട്ടുണ്ട്. പക്ഷേ, മൈക്കിൾ പൂർണമായും ജോർജ് അല്ല. കാരണം നിങ്ങൾക്ക് അറിയാമല്ലോ? മൈക്കിൾ മരിക്കുന്നില്ല.’ മരണത്തിനു ശേഷവും സിനിമകളിലൂടെയും പോഡ്കാസ്റ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ജോർജ് റെഡ്ഡി എന്ന പേര് കൂടുതൽ പേരിലെത്തി.            

കേരളത്തിലെ ക്യാംപസുകൾക്ക് അപരിചിതനായ ഒരു മലയാളി രക്തസാക്ഷി ആന്ധ്രയിലെ ക്യാംപസ് രാഷ്ട്രീയത്തെ ഇന്നും തീ പിടിപ്പിക്കുന്നു.

English Summary: Indian student leader George reddy special story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com