ADVERTISEMENT

ജീവിതത്തിൽ നേരിടുന്ന നിരാശ പല സാഹസികതകൾക്കും വഴിതെളിക്കും. ആത്മീയവും ധാർമികവുമായ മൂല്യങ്ങൾക്കു പ്രസക്തിയില്ലാത്ത വ്യക്തിയെങ്കിൽ അതിസാഹസമായി പരിണമിക്കാം. അമേരിക്കയിൽ സമ്പന്ന കുടുംബത്തിലെ ഏക പുത്രൻ കോളജ് പഠനം പൂർത്തിയാക്കുകയായിരുന്നു. ബിരുദം എടുക്കുന്ന ദിവസം അവന് ഒരു പുതിയ കാറ് വാങ്ങിക്കൊടുക്കാമെന്ന് അവന്റെ പിതാവ് വാഗ്ദാനം ചെയ്തിരുന്നു. സമ്പന്ന കുടുംബങ്ങളായ സമീപത്തുള്ള പലയിടത്തും അത്തരം സമ്മാനങ്ങൾ നൽകുന്നുണ്ട്. നമ്മുടെ നാട്ടിൽ ഒരു സൈക്കിൾ വാങ്ങിക്കൊടുക്കാൻ തന്നെ സാധാരണക്കാർക്കു സാധ്യമല്ല. അഥവാ ഒന്നു വാങ്ങിക്കണമെങ്കിൽ ചിട്ടി പിടിച്ചും ലോൺ എടുത്തും ആഭരണം വിറ്റും മറ്റുമായിരിക്കും.

അമേരിക്കയിലെ മകനും പിതാവും കൂടി ഷോറൂമിൽ പോയി, കാറുകൾ പരിശോധിച്ചു. മകന്റെ ഇഷ്ടത്തിനു യോജിച്ച ഒന്നു വാങ്ങാൻ നിശ്ചയിച്ചു മടങ്ങിപ്പോന്നു. കോളജിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്ത്, ഡിഗ്രി സർട്ടിഫിക്കറ്റുമായി മകൻ മടങ്ങുകയായിരുന്നു. ബിരുദം നേടിയതിലുള്ള സന്തോഷമുണ്ട്. അതിലും ഏറെസ്വപ്നവാഹനം സ്വന്തമാക്കാമല്ലോ എന്ന ചിന്തയാണ്.

പ്രതീക്ഷാനിർഭരമായ ഹൃദയത്തോടും തികഞ്ഞ ആത്മസംതൃപ്തിയോടും അവൻ വേഗം വീട്ടിലെത്തി. കാത്തിരുന്ന പിതാവിനെ സമീപിച്ച് ഡിഗ്രി സർട്ടിഫിക്കറ്റ് കയ്യിൽ കൊടുത്തു. ഉടനെ പുതിയ കാറിന്റെ താക്കോൽ അവന്റെ കൈകളിൽ കിട്ടും; അല്ലെങ്കിൽ ഷോറൂമിലേക്കു പുറപ്പെടുമായിരിക്കും എന്നായിരുന്നു അവന്റെ പ്രതീക്ഷ.

അപ്പോൾ പിതാവ് എഴുന്നേറ്റു മുറിയിൽച്ചെന്നു ഭംഗിയായി പൊതിഞ്ഞ ഒരു വേദപുസ്തകം എടുത്തു മകന്റെ കയ്യിൽ കൊടുത്തു. അവന്റെ രക്തം തിളച്ചു. കടുത്ത നിരാശ, അതുയർത്തിയ അരിശവും കോപവും. ഒരു വാക്കും പറയാതെ അവൻ കയ്യിൽ കിട്ടിയ സമ്മാനം വലിച്ചെറിഞ്ഞ്, എന്തോ പിറുപിറുത്തുകൊണ്ടു പുറത്തേക്കു പാഞ്ഞു. പിന്നിൽ നിന്നു പിതാവ് അവനെ വിളിക്കുകയും എന്തോ പറയുകയും ചെയ്തെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ദേഷ്യത്തോടെ അവൻ പാഞ്ഞു. പിന്നീട് ആ വീട്ടിലേക്കു തിരികെ വന്നില്ല. പിതാവിന്റെ മരണശേഷം മാത്രമാണ് ആ മകൻ വീട്ടിൽ തിരിച്ചെത്തിയത്. അതുവരെ വീടുമായി യാതൊരു ബന്ധവും പുലർത്തിയില്ല. വളരെ അസാധാരണമെന്നേ നമുക്കു പറയാനാകൂ. പിതാവിന്റെ മരണാനന്തര നടപടികളെല്ലാം കഴിഞ്ഞപ്പോൾ, പിതാവിന്റെ മുറിയെല്ലാം ഒന്നു പരിശോധിച്ച് എല്ലാം ക്രമമായി അടുക്കി വയ്ക്കാമെന്നു മകനു തോന്നി . അപ്പോഴാണ് പണ്ടു വലിച്ചെറിഞ്ഞ വേദപുസ്തകം കണ്ടെത്തിയത്. പുറത്തെ പൊടിയെല്ലാം തുടച്ചശേഷം താളുകൾ മറിച്ചപ്പോൾ ഒരു ചെക്ക്. അതിന്റെ തീയതി അവൻ ബിരുദം എടുത്ത ദിവസമാണ്. അന്നു കാറിനു പറഞ്ഞു സമ്മതിച്ച തുകയ്ക്കുള്ള ചെക്ക് കാഷ് ചെയ്യത്തക്കവണ്ണം എഴുതിയിട്ടുള്ളതാണ്. അവൻ ആ ചെക്ക് കയ്യിൽപ്പിടിച്ച് കുറച്ചുനേരം നിശ്ചലനായി ഇരുന്നു. പിതാവിന്റെ സ്നേഹത്തെയും കർത്തവ്യബോധത്തെയും ഓർത്ത് അവൻ നെടുവീർപ്പിട്ടു.

പിതാവിന്റെ പ്രതീക്ഷ എന്തായിരുന്നു? നിശ്ചയമായും മകൻ വേദപുസ്തകം ആദരപൂർവം സ്വീകരിക്കുമെന്നായിരിക്കും. അതു തുറന്നു താളുകൾ മറിക്കുമ്പോൾ വച്ചിരിക്കുന്ന ചെക്ക് കണ്ട് ആനന്ദമണയും. അതേസമയം അതിനുള്ളിലെ ചെക്കിനെപ്പറ്റി ആ പിതാവ് എന്തുകൊണ്ടു പറഞ്ഞില്ല. വേദപുസ്തകം ചെക്ക് വയ്ക്കാനും രസീതു വയ്ക്കാനും എഴുത്തുകൾ സൂക്ഷിക്കാനുമുള്ള നിക്ഷേപ സംഭരണി അല്ല. വേദപുസ്തകത്തെ ആദരിക്കുന്ന ഒരു പാരമ്പര്യം ആ യുവാവിന് ആ ഭവനത്തിൽ നിന്നു ലഭിച്ചിരുന്നില്ല.

ആധുനിക ഉപഭോഗ സംസ്കാരത്തിന്റെ ഒരു ഉപോൽപന്നമാണ് ആ മകൻ. വേദപുസ്തകവും ആത്മീയ മൂല്യങ്ങളും ഒന്നും ആ യുവാവിനു പ്രസക്തമല്ല. അവനു കാറും അതു നൽകുന്ന സന്തോഷങ്ങളുമാണ് പ്രധാനം. നിരാശയുളവാക്കുന്ന സാഹചര്യങ്ങൾ പലതും ജീവിതത്തിൽ ഉണ്ടാകാം. നാം അവയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണു പ്രശ്നം. സംസ്കാരവും ധാർമിക നിലവാരവുമുള്ള വ്യക്തിയെങ്കിൽ മൗനം പാലിച്ചശേഷം, സൗമ്യചിത്തനായി പ്രതികരിക്കും. ജീവിതത്തിൽ പല സാഹസങ്ങളും സംഭവിക്കുന്നത് എരിഞ്ഞുയരുന്ന കോപത്തെ നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ്. കുടുംബജീവിതം വിജയിക്കണമെങ്കിലും സാമൂഹികബന്ധങ്ങൾ ഭദ്രമാകണമെങ്കിലും ക്ഷമയും സഹനവും ആവശ്യമാണ്. മാതാപിതാക്കളും മക്കളുമായുള്ള ബന്ധം എത്ര ഗാഢവും പവിത്രവുമാണ്. അതു പക്ഷേ, ഭൗതിക സമ്പത്തിന്റെ പേരിൽ ശിഥിലമാകുന്ന അനുഭവം നമ്മുടെ സമൂഹത്തിലും കുറവല്ല. ആത്മീയ മൂല്യങ്ങൾ മുറുകെ പിടിക്കുന്നവർ ധാർമിക കർത്തവ്യങ്ങളെ വിസ്മരിക്കുകയോ അവഗണിക്കുകയോ ഇല്ല. മേൽപറഞ്ഞ പിതാവും മകനും നമുക്കു നൽകുന്ന പാഠങ്ങൾ ഓർമയിൽ നിൽക്കട്ടെ.

ടിജെജെ 

 

English Summary: Innathe chintha vishayam special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com