ADVERTISEMENT

കൊച്ചിയിലെ രാമവർമ മഹാരാജാവിന് താങ്ങും തണലുമായി രാജ്യം ഭരിച്ച പാറുക്കുട്ടി നേത്യാരമ്മ എന്ന ചരിത്രവനിത. ഭരണസാമർഥ്യത്തിൽ നാടിനു പുതുയുഗം സമ്മാനിച്ച നേത്യാരമ്മയെ പിൻതലമുറ ആദരവോടെ വീണ്ടെടുക്കുന്നു.

കണ്ണുകിട്ടാതിരിക്കാൻ കവിളത്തൊരു കൺമഷിപ്പൊട്ടും കുത്തി, പൊന്നരഞ്ഞാണമണിയിച്ച പെൺകുഞ്ഞിന്റെ കാതിൽ പാറുക്കുട്ടിയെന്നു പേരു മന്ത്രിക്കുമ്പോൾ കുറൂർ നാരായണൻ നമ്പൂതിരിപ്പാടെന്ന അച്ഛന്റെ മനം നിറഞ്ഞു.

14 കൊല്ലത്തിനു ശേഷം, തൃപ്പൂണിത്തുറ ഹിൽ പാലസിലെത്തി രാമവർമത്തമ്പുരാന്റെ കൈകളിൽ മകളെ ഏൽപിക്കുമ്പോളും അങ്ങനെതന്നെ. സംബന്ധം ചെയ്ത നായർസ്ത്രീയെ ഔട്ട്ഹൗസല്ല, കൊട്ടാരത്തിലേക്കു തന്നെ വരവേറ്റ് രാമവർമ സ്വന്തം കുടുംബചരിത്രം തിരുത്തി. പാറുക്കുട്ടിയാകട്ടെ, പാറുക്കുട്ടി നേത്യാരമ്മയായിനാടുവാണ് കൊച്ചി രാജ്യത്തും പുതിയ ചരിത്രമെഴുതി. ലേഡി രാമവർമയെന്നു കീർത്തി നേടി.‌

പാറുക്കുട്ടിയുടെ കൊച്ചുമക്കളുടെ മകൻ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്നെഴുതി പെൻഗ്വിൻ ഇന്ത്യ പ്രസിദ്ധീകരിച്ച ഡെസ്റ്റിനീസ് ചൈൽഡ് എന്ന പുസ്തകം ആ മഹാനായികയുടെ അറിയപ്പെടാത്ത ജീവിതകഥകൾ പരിചയപ്പെടുത്തുകയാണ്. റാണിമാരുടെ ചരിത്രകഥകളിൽ കൊച്ചിരാജ്യത്തിനും അഭിമാനിക്കാൻ ഏറെയുണ്ടെന്നു പാറുക്കുട്ടി നേത്യാരമ്മയുടെ പ്രഭയാർന്ന ജീവിതം വിളംബരം ചെയ്യുന്നു. മഹാത്മാഗാന്ധിയുടെ അനുയായിയായി ദേശീയപ്രസ്ഥാനത്തിനും കനൽ പകർന്ന്, പാറുക്കുട്ടിയുടെ സാമൂഹിക, രാഷ്ട്രീയ, ഭരണ വിസ്മയങ്ങൾ വിസ്മൃതമാകാതിരിക്കാനാണു പൂർവികയ്ക്കു സ്മരണാഞ്ജലിയായി രഘു-പുഷ്പ ദമ്പതികൾ തയാറാക്കിയ ജീവചരിത്രകൃതി.

palatt
രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും

വിധിയുടെ സന്തതി

വടക്കേ കുറുപ്പത്ത് കുട്ടിപ്പാറു അമ്മ എന്ന ചിന്നമ്മുവിന്റെയും കുറൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും മകളായി കൊല്ലവർഷം 1050 മിഥുനത്തിലെ പൂയം നാളിൽ ജനിച്ച പെൺകുട്ടി കീഴ്‌വഴക്കങ്ങൾ കാറ്റിൽപ്പറത്തിയപ്പോൾ, വിധി അവളെ കരം പിടിച്ചു നടത്തി. വിധിയുടെ ലീലാവിലാസമില്ലായിരുന്നെങ്കിൽ, അന്നത്തെ സാമൂഹികചുറ്റുപാടുകൾ പരിഗണിച്ചാൽ തീർത്തും സാധാരണമായി മാറേണ്ടതായിരുന്നു പാറുക്കുട്ടിയുടെ ജീവിതം.

പുരുഷ കേന്ദ്രീകൃതമായിരുന്ന കാലഘട്ടത്തിൽ കൊച്ചി ഭരിച്ച, അക്കാലത്തെ ഏറ്റവും ശക്തയായ വ്യക്തിയായിരുന്നു പാറുക്കുട്ടി നേത്യാരമ്മ. അവരെ അധികാരത്തിൽ നിന്നു പുറത്താക്കാൻ ബ്രിട്ടിഷുകാർ പോലും ശ്രമിച്ചു. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച പാറുക്കുട്ടി നേത്യാരമ്മയുടെ ജീവിതം നമ്മുടെ ചരിത്രത്തിൽ അത്രയൊന്നും രേഖപ്പെടുത്തിയിട്ടില്ല. കേരളത്തിലെ അറിയപ്പെടാത്ത ചരിത്രനായകരെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പുസ്തകം.

രാജർഷി രാമവർമയുടെ  അപ്രതീക്ഷിത സ്ഥാനത്യാഗമാണു കൊച്ചിക്കും പാറുക്കുട്ടിക്കും വഴിത്തിരിവായത്. തുടർന്ന് അധികാരമേറ്റ രാമവർമയുടെ നിഴലായും നിധിയായും പാറുക്കുട്ടി നേത്യാരമ്മ പ്രതാപശാലിയായി. വിഷവൈദ്യത്തിലും ഗൗളിശാസ്ത്രത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ രാമവർമ ശ്രമിച്ചപ്പോൾ, ഭരണകാര്യങ്ങളുടെ ചുമതല പാറുക്കുട്ടിക്കായി.

maharajaramavarma
രാമവർമ മഹാരാജാവ്

വനിത വാഴുന്ന നാട്

അനുഭവപരിചയം കൊണ്ട് പാറുക്കുട്ടി സാമ്പത്തികവിദഗ്ധയായിരുന്നു. 5 കൊല്ലം കൊണ്ട് കൊച്ചിരാജ്യത്തിന്റെ കടം വീട്ടി ബ്രിട്ടിഷുകാരെ ഞെട്ടിച്ചു. രാമവർമ 1914ൽ അധികാരമേൽക്കുമ്പോൾ കൊച്ചി രാജ്യത്തിന്റെ വരുമാനം 46 ലക്ഷം രൂപയും മിച്ചം 12 ലക്ഷം രൂപയുമായിരുന്നു. 1928 ആയപ്പോഴേക്കും വരുമാനം 86 ലക്ഷവും മിച്ചം 70 ലക്ഷവുമായി മാറി. കാർഷിക വായ്പ പലിശ 6.25 ശതമാനമായിരുന്നത് 3 ശതമാനമാക്കി കുറച്ചു. പൊതുമരാമത്തു പണികളിൽ അമ്പരപ്പിക്കുന്ന മികവുറപ്പാക്കി. നഗരത്തിൽ ശുദ്ധജലക്ഷാമത്തിനു ശാശ്വത പരിഹാരമുണ്ടാക്കി. ഭർത്താവിന്റെ സ്മരണയ്ക്കായി രാമവർമപുരം എന്ന ഉപപട്ടണം കെട്ടിപ്പടുത്തു. തൃപ്പൂണിത്തുറയെ ക്ഷേത്രനഗരിയായി സൂക്ഷിക്കാനായി അവിടത്തെ ജയിൽ സംവിധാനം രാമവർമപുരത്തിനടുത്തേക്കു മാറ്റി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചു. കൊച്ചിൻ ഹാർബർ പദ്ധതി, സെൻട്രൽ ബാങ്ക് രൂപീകരണം, സഹകരണ വകുപ്പു പുനസംഘടിപ്പിക്കൽ, വ്യവസായ വികസനം തുടങ്ങിയവ നടപ്പാക്കി. മട്ടാഞ്ചേരിയിൽ പ്ലേഗും കോളറയും പടർന്നതു നിയന്ത്രണവിധേയമാക്കാൻ സ്വീകരിച്ച നടപടികളും കാർഷികമേഖലയിലെ പരിഷ്‌കാരങ്ങളും പാറുക്കുട്ടി നേത്യാരമ്മയ്ക്ക് ജോർജ് അഞ്ചാമൻ രാജാവിൽനിന്നു ‘കൈസർ ഇ ഹിന്ദ്’ മെഡൽ നേടിക്കൊടുത്തു. 17 ഗൺ സല്യൂട്ട് ആദരവും അപൂർവതയായി.

വനിതാശാക്തീകരണത്തെ കുറിച്ച് ഇപ്പോഴും നമ്മൾ സംസാരിക്കുന്നതേയുള്ളൂ. എന്നാൽ, നൂറു വർഷങ്ങൾക്കു മുൻപ് അധികാരം കയ്യിലെടുത്ത വ്യക്തിയായിരുന്നു പാറുക്കുട്ടി നേത്യാരമ്മ. വീടുകളിൽ പോലും സ്ത്രീകൾക്കു ശബ്ദമില്ലാതിരുന്ന കാലത്താണ് അവർ കൊച്ചി ഭരിച്ചതും നിർണായകമായ തീരുമാനങ്ങളെടുത്തതും. മരുമക്കത്തായ സമ്പ്രദായത്തെ തച്ചുടച്ചു ഭർത്താവിനൊപ്പം താമസിക്കാൻ തീരുമാനിച്ചതിൽ നിന്നുതന്നെ അവരുടെ അസാമാന്യ ധൈര്യം വ്യക്തം.

പീച്ചി ഡാം ആശയവും കരടു രൂപമാതൃകയും പാറുക്കുട്ടി നേത്യാരമ്മ മുന്നോട്ടു വച്ചതാണ്. കൂടുതൽ സ്‌കൂളുകളും കോളജുകളും തുടങ്ങി വിദ്യാഭ്യാസ മേഖലയും നൂതന ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്തി ആരോഗ്യമേഖലയും ഉടച്ചുവാർത്തു. അധസ്ഥിതരുടെ ഉന്നമനം ലക്ഷ്യമിട്ടു ക്ഷേമപദ്ധതികൾ കൊണ്ടുവന്നു. 1918ൽ സ്ത്രീ സമാജം തുടങ്ങിയതും 1925ൽ രാമ വർമ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതും നേത്യാരമ്മ മുൻകയ്യെടുത്താണ്. രാമവർമയുടെ പ്രായാധിക്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഭരണമാറ്റം ഉന്നമിട്ടുള്ള എതിരാളികളുടെ തന്ത്രങ്ങളെ പ്രതിരോധിക്കുന്നതിലും അവർ സാമർഥ്യം കാട്ടി. മഹാരാജാവിനെ പരിശോധിക്കാൻ ബ്രിട്ടിഷുകാർ അവരുടെ ഡോക്ടറെ അയച്ചപ്പോൾ മുറിയിൽ അരണ്ടവെളിച്ചം സജ്ജീകരിച്ചു. അസുഖം മൂലം സംസാരിക്കാൻ ബുദ്ധിമുട്ടുള്ള രാജാവിനു പകരം മറ്റൊരാളാണു മറുപടിയെല്ലാം പറഞ്ഞതെന്നു ഡോക്ടർക്കു മനസ്സിലായതുമില്ല.

ഖാദിയുടുത്ത് ഗാന്ധിജിക്കരികിൽ

1927 ഒക്ടോബർ 13ന് ഗാന്ധിജി കൊച്ചി സന്ദർശിച്ചപ്പോൾ ഔദ്യോഗിക അതിഥിയായി താമസിച്ചതു കൃഷ്ണ വിലാസം കൊട്ടാരത്തിലാണ്. ചർക്കയിൽ നൂൽ നൂറ്റ് സ്വന്തമായി നെയ്ത ഖാദി സാരിയുടുത്ത് നേത്യാരമ്മ ഗാന്ധിജിയെ ചെന്നു കണ്ടു, സംഭാവനയും നൽകി. ആ രണ്ടു മണിക്കൂർ കൂടിക്കാഴ്ച ഗാന്ധിജിയിൽ വലിയ മതിപ്പുണ്ടാക്കി. ഇതറിഞ്ഞ ബ്രിട്ടിഷുകാർക്ക് കടുത്ത അമർഷവും. കോൺഗ്രസ് നേതാവായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് നേത്യാരമ്മയുടെ ബന്ധുവായിരുന്നതും ദേശീയപ്രസ്ഥാനത്തോട് ആ കുടുംബത്തെ അടുപ്പിച്ചു.

parvathy
പാറുക്കുട്ടി നേത്യാരമ്മ

ദിവാനായി മരുമകൻ രാമുണ്ണി മേനോൻ പാലാട്ടിനെ മഹാരാജാവും നേത്യാരമ്മയും നാമനിർദേശം ചെയ്തതു തള്ളി 1930ൽ സി.ജി. ഹേർബർട്ടിനെ ബ്രിട്ടിഷുകാർ കൊച്ചി ദിവാനായി നിയമിച്ചു. ബന്ധം വഷളായി. മഹാരാജാവിന്റെ മാനസികാരോഗ്യനില പരിശോധിക്കാൻ തിരുവിതാംകൂറിലെ പ്രശസ്തനായ ഡോ. സോമർവെൽ ഉൾപ്പെട്ട വിദഗ്ധസംഘത്തെ നിയോഗിക്കണമെന്നു ബ്രിട്ടിഷ് ഉദ്യോഗസ്ഥർ ശുപാർശ ചെയ്തു. ആരോഗ്യപരിശോധന സംബന്ധിച്ച കത്തിടപാടുകൾ നടക്കുന്നതിനിടെ 1932 ൽ മദ്രാസിലെ കൊച്ചിൻ ഹൗസിൽ  രാമവർമ മഹാരാജാവ് അന്തരിച്ചു. മദ്രാസിൽ തീപ്പെട്ട തമ്പുരാൻ എന്നു പിന്നീടദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.

ലോകയാത്രകൾ, കൂനൂർ കുളിര്

രാമവർമയുടെ വിയോഗത്തിനു ശേഷം പാറുക്കുട്ടി കൊച്ചി വിട്ടു. സ്വിറ്റ്‌സർലൻഡിൽ 2 വർഷവും ബ്രിട്ടനിൽ 2 വർഷവും കഴിഞ്ഞ ശേഷം നാട്ടിൽ തിരിച്ചെത്തി തൃശൂർ രത്‌നവിലാസം പാലസിൽ താമസമാക്കി. കൊച്ചുമകൻ ശങ്കരനു സ്വിറ്റ്‌സർലൻഡിലും ബ്രിട്ടനിലുമായി മികച്ച വിദ്യാഭ്യാസം നൽകി. 

ബ്രിട്ടനിലെ താമസക്കാലത്ത് ബെന്റ്ലി ഷോറൂമിൽ പോയപ്പോൾ അവിടെക്കണ്ട ഒരു കാർ ഇഷ്ടമായി. വിശാലമായ ഉൾവശത്ത് കിടക്ക, എഴുത്തുമേശ, 2 കസേരകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാമുള്ള വാഹനം ഏതോ മഹാരാജാവിനുവേണ്ടി പ്രത്യേകം തയാറാക്കിയതായിരുന്നു. വിറ്റുപോകാതെ കിടന്ന ആ കാർ നേത്യാരമ്മ വാങ്ങി തൃശൂരിലേക്ക് അയച്ചു. സ്വിറ്റ്‌സർലൻഡിലായിരിക്കുമ്പോൾ നടത്തിയ ഷോപ്പിങ്ങുകളിലൊന്ന് തുണി പിഴിയാനുള്ള യന്ത്രമാണ്. കേരളത്തിലെ വേനൽക്കാലത്ത് ബെന്റ്ലി കാറിൽ കൂനൂരിലെ ഹോംഡേൽ ബംഗ്ലാവിലേക്കു പോകുന്നതായിരുന്നു നേത്യാരമ്മയുടെ പതിവ്. 1963 ഫെബ്രുവരി 25ന് കൂനൂരിൽ 88ാം വയസിൽ അന്തരിച്ചു. ആഗ്രഹം പോലെ നീലഗിരിയിലെ ആർവി എസ്റ്റേറ്റിൽ സംസ്‌കാരം നടത്തി.

parukutty

പൂർവികയുടെ ജീവിതമെഴുതി പിൻ തലമുറ

പാറുക്കുട്ടിയുടെ മകൾ രത്‌നം അമ്മയുടെയും ഇന്ത്യൻ നാഷനൽ കോൺഗ്രസ് അധ്യക്ഷനായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ മകൻ രാമുണ്ണി മേനോൻ പാലാട്ടിന്റെയും പുത്രനായ ശങ്കരൻ പാലാട്ടാണു ഗ്രന്ഥകാരനായ രഘു പാലാട്ടിന്റെ അച്ഛൻ. പാറുക്കുട്ടിയുടെ മകൻ, മുൻ ചീഫ് എൻജിനീയർ അരവിന്ദാക്ഷ മേനോന്റെ മകൾ മാലിനിയാണ് അമ്മ. അങ്ങനെ ഇരുവഴിക്കും കണ്ണിലുണ്ണിയായി നേത്യാരമ്മയുടെ വാത്സല്യഭാജനമായാണു രഘു വളർന്നത്. വി.കെ. രാമൻ മേനോൻ, വിലാസിനി എന്നിവരാണു പാറുക്കുട്ടി നേത്യാരമ്മയുടെ മറ്റു മക്കൾ. അമ്മയുടെ പ്രോത്സാഹനത്തിൽ വിലാസിനി മഹാത്മാഗാന്ധിയുമായി കത്തിടപാടുകൾ നടത്തുമായിരുന്നു. നേത്യാരമ്മയുടെ സഹോദരപുത്രനായ ബാലകൃഷ്ണ മേനോനാണു സ്വാമി ചിന്മയാനന്ദനായി ലോകപ്രശസ്തനായത്. 

English Summary: The Woman Who Outmanoeuvred the British, Allied with Gandhi’s Freedom Movement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com