ADVERTISEMENT

ഭൂഗോളം തിരിയുന്നു എന്ന ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും വിതരണക്കാരായ ഹസീനാ ഫിലിംസിനു നൽകി ഞാൻ എന്റെ സുഹൃത്ത് ബാൽത്തസാറിനു കൊടുത്ത വാക്കു പാലിച്ചു. ഞാൻ യാത്ര പറഞ്ഞിറങ്ങിയപ്പോൾ സ്‌നേഹനിർഭരമായ സ്വരത്തിൽ എന്റെ സുഹൃത്തും അഭ്യുദയ കാംക്ഷിയുമായ ബാൽത്തസാർ പറഞ്ഞു. ‘എനിക്കു തമ്പിയോടൊരു കാര്യം പറയാതിരിക്കാൻ വയ്യ. തമ്പിയെടുത്ത രണ്ടു പടങ്ങളും നല്ല പടങ്ങളായിരുന്നു. അവ രണ്ടും ഓടേണ്ട രീതിയിൽ ഓടിയില്ല. യാതൊരു കാരണവശാലും തമ്പി ഇനി സിനിമ പ്രൊഡ്യൂസ് ചെയ്യരുത്.’

ബാൽത്തസാർ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ നടൻ ബഹദൂറും ഗാനരചയിതാവ് യൂസഫലി കേച്ചേരിയും കൂടി തികച്ചും അപ്രതീക്ഷിതമായി ആ മുറിയിലേക്കു കടന്നുവന്നു. എന്നെ കണ്ടപ്പോൾ യൂസഫലി പതിവുള്ള സ്നേഹപ്രകടനങ്ങളൊക്കെ നടത്തി. ഞാനും യൂസഫലിയോട് ഹലോ പറഞ്ഞു എന്നോടൊപ്പം ബഹദൂറും യൂസഫലിയും ബാൽത്തസാറിന്റെ മുമ്പിലുള്ള കസേരകളിൽ ഇരുന്നു. എന്നെ അടിമുടി വീക്ഷിച്ച് ബഹദൂർ ചോദിച്ചു. ‘എന്താ, തമ്പി വീണ്ടും പടമെടുക്കാനുള്ള ഭാവത്തിലാണോ...? വേണ്ട തമ്പീ. ഞാൻ തുറന്നു പറയുന്നതുകൊണ്ട് തമ്പിക്കു പ്രയാസം തോന്നരുത്. തമ്പി ഏതു പടമെടുത്താലും ഓടാൻ പോണില്ല. തമ്പിക്കു നമ്മടാളുകളുടെ ടേസ്റ്റ് അറിയില്ല. വെറുതെ എന്തിനാ കാശും സമയോം കളയണെ?’

പെട്ടെന്നു ബാൽത്തസാറിന്റെ മുഖത്തു ഗൗരവം നിറഞ്ഞു. അദ്ദേഹം പറഞ്ഞു.‘ ബഹദൂറിനോടു തമ്പിക്കു ദേഷ്യം തോന്നരുത്. ബഹദൂർ മാത്രമല്ല മറ്റു പലരും ഇതേ അഭിപ്രായം എന്നോട് പറഞ്ഞു. യൂസഫലി ബിമൽറോയിയുടെ ‘മധുമതി’ വനദേവത എന്ന പേരിൽ മലയാളത്തിൽ എടുക്കുന്നു. യൂസഫലി തന്നെയാണു സംവിധാനം ചെയ്യുന്നത്. ആ ചിത്രത്തിനു ഫുൾ ഫിനാൻസ് കൊടുക്കാമെന്നു ഞാൻ സമ്മതിച്ചു. ബഹദൂർ ആണു ഗാരന്റി തന്നിരിക്കുന്നത്. മധുമതി മലയാളത്തിൽ സൂപ്പർ ഹിറ്റാവും. സംശയം വേണ്ട. ദേവരാജൻ ആണു മ്യൂസിക്. ഇങ്ങനെയൊരു വലിയ പ്രോജക്റ്റ് ഏറ്റെടുത്തതുകൊണ്ട് തമ്പി മൂന്നാമതൊരു പടമെടുത്താലും എനിക്ക് അതിന്റെ വിതരണം ഏറ്റെടുക്കാൻ പറ്റിയെന്നു വരത്തില്ല.’

‘സാർ തയാറായാലും ഇനി സാറിനെ ബുദ്ധിമുട്ടിക്കാൻ പാടില്ല എന്നുതന്നെയാണ് എന്റെയും തീരുമാനം.’ അങ്ങനെ പറഞ്ഞു ഞാൻ കസേരയിൽനിന്ന് എഴുന്നേറ്റു. ബഹദൂറിനെ നോക്കി ഞാൻ പറഞ്ഞു. ‘ജനങ്ങളുടെ ടേസ്റ്റ് പഠിക്കാൻ ഞാനൊരു ശ്രമം നടത്തി നോക്കട്ടെ. എന്റെ രണ്ടു ചിത്രങ്ങളിലും നിങ്ങൾ അഭിനയിച്ചിട്ടുണ്ട്. അപ്പോൾ ആ ചിത്രങ്ങളുടെ സാമ്പത്തിക പരാജയത്തിൽ ഒരു ചെറിയ പങ്ക്‌ ബഹദൂർ എന്ന നടനുമുണ്ട്.’ യൂസഫലിയുടെ കയ്യിൽ പിടിച്ചു ഞാൻ പറഞ്ഞു, ‘മധുമതി മലയാളത്തിൽ വൻ വിജയമാകട്ടെ, ഓൾ ദ ബെസ്റ്റ്.’

അങ്ങനെ ബാൽത്തസാറിനോടു വിട പറയുമ്പോൾ എന്റെ മനസ്സിൽ നിരാശയുടെ ഒരു കണിക പോലമുണ്ടായിരുന്നില്ല എന്നതു സത്യമാണ്. എനിക്കു ബാൽത്തസാറിനോട് നന്ദിയും കടപ്പാടുമുണ്ട്. ഗാനരചന മാത്രം തൊഴിലാക്കി ബുദ്ധിമുട്ടുന്ന സമയത്ത് വാട്ടർ ടാങ്കുകൾ ഡിസൈൻ ചെയ്യുന്ന ജോലി തന്ന് എന്നെ സഹായിച്ച ആളാണ് അദ്ദേഹം. അങ്ങനെ വീണ്ടും എൻജിനീയറിങ്ങിന്റെ ലോകത്തേക്കു കടന്നപ്പോഴാണു സ്വന്തമായി കെട്ടിടനിർമാണക്കമ്പനി എന്ന ആശയം എന്റെ മനസ്സിൽ ഉദിച്ചത്.

നിർമാതാവ് എന്ന നിലയിൽ ആദ്യത്തെ രണ്ടു സിനിമകളിൽനിന്ന് എനിക്കു നേരിട്ട നഷ്ടം ഒന്നര ലക്ഷം രൂപയും എഴുത്തുകാരനും സംവിധായകനും എന്ന നിലയിൽ എനിക്കു കിട്ടേണ്ട പ്രതിഫലവും ആണ്. വർഷം 1974. അന്ന് സ്വർണം ഒരു പവന് വില അഞ്ഞൂറ് രൂപ മാത്രം. ഇന്നു സ്വർണത്തിന്റെ വില നാൽപത്തിനായിരത്തിനു തൊട്ടടുത്ത്. ആ നിരക്കിൽ നോക്കുമ്പോൾ രണ്ടുചിത്രങ്ങളിൽ നിന്ന് എനിക്കുണ്ടായ നഷ്ടം ഇന്നത്തെ അവസ്ഥയിൽ എത്രയായിരിക്കുമെന്ന് കണക്കു കൂട്ടി നോക്കുക. നാൽപ്പതിനായിരം അഞ്ഞൂറിന്റെ എൺപത് ഇരട്ടിയാണ്. അതായത്, ഇന്നത്തെ കണക്കിൽ ആദ്യത്തെ രണ്ടു സിനിമകളിൽ എനിക്കുണ്ടായ നഷ്ടം ഒരുകോടി ഇരുപതു ലക്ഷം. കൂടാതെ എന്റെ ജോലിക്കുള്ള പ്രതിഫലവും നഷ്ടം. അന്ന് എന്റെ പ്രായം 34 മാത്രമായിരുന്നു എന്നും ഓർമിക്കുക. ഒന്നരലക്ഷം രൂപ കൊടുത്താൽ അന്ന് മദ്രാസ് നഗരത്തിലെ കണ്ണായ സ്ഥലത്ത് എനിക്ക് മനോഹരമായ ഒരു വീട് വാങ്ങാമായിരുന്നു.

ഞാൻ സ്വന്തമായി രണ്ടു സിനിമകൾ നിർമിച്ചിട്ടും അസൂയാലുക്കൾ ഒളിയമ്പുകൾ അയച്ചിട്ടും ഗാനരചയിതാവ് എന്ന നിലയിൽ എനിക്ക് അപ്പോഴും നല്ല അംഗീകാരം ലഭിച്ചിരുന്നു. എന്റെ പാട്ടുകൾ ഹിറ്റുകളായിക്കൊണ്ടിരുന്നതു തന്നെയാണു കാരണം. പിണക്കം മറന്ന് എന്നോടൊപ്പം ചേർന്ന ദേവരാജൻ മാസ്റ്ററും അർജുനൻ മാസ്റ്ററും ആർ.കെ.ശേഖറും ബാബുരാജും ദക്ഷിണാമൂർത്തി സ്വാമിയുമൊക്കെ മാറി മാറി എന്നോടൊപ്പം പ്രവർത്തിച്ചുകൊണ്ടിരുന്നു.

ഉദയം എന്ന ചിത്രത്തിനു ശേഷം പി.ഭാസ്കരൻ മാസ്റ്റർ തന്റെ സഹായിയായ പി.വിജയന്റെ സംവിധാനത്തിൽ സുധീറിനെ നായകനും സുജാതയെ നായികയുമാക്കി രാക്കുയിൽ എന്ന പേരിൽ ഒരു ചെറിയ ചിത്രം നിർമിച്ചു. അതിനു ഞാൻ തിരക്കഥ എഴുതിയില്ല. ഒരു ദിവസം ഭാസ്കരൻ മാസ്റ്റർ എന്നെ ഫോണിൽ വിളിച്ചു. ഒരു തെലുങ്ക് പ്രൊഡ്യൂസർ മലയാളത്തിൽ നിർമിക്കുന്ന സിനിമയ്ക്കു തിരക്കഥയെഴുതണം, തമ്പിക്ക് സമയമുണ്ടോ എന്നു ചോദിച്ചു. എന്റെ സ്വന്തം സിനിമ മാറ്റി വച്ചും മാസ്റ്റർക്കു വേണ്ടി ഞാൻ എഴുതും എന്ന് മറുപടി പറഞ്ഞു. അദ്ദേഹത്തിന് സന്തോഷമായി. കൂട്ടത്തിൽ ഒരു കാര്യം കൂടി ഞാൻ പറഞ്ഞു. ‘ഞാൻ തിരക്കഥയും സംഭാഷണവും മാത്രം എഴുതാം. പാട്ടുകൾ എല്ലാം മാസ്റ്റർ എഴുതിയാൽ മതി’. ‘അതെന്താ തമ്പീ ?’ എന്നു മാസ്റ്റർ ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു. ‘ഇപ്പോൾ എനിക്കു പാട്ടെഴുതാൻ ധാരാളം അവസരങ്ങൾ കിട്ടുന്നുണ്ട്. ഇനി മാസ്റ്ററുടെ എത്ര പടങ്ങൾക്ക് വേണമെങ്കിലും ഞാൻ തിരക്കഥയും സംഭാഷണവും എഴുതാം. പക്ഷേ പാട്ടുകൾ ഷെയർ ചെയ്യേണ്ട കാര്യമില്ല. എല്ലാ പാട്ടുകളും മാസ്റ്റർക്ക് തന്നെയെഴുതാം. ലിറിക്സ് ആൻഡ് ഡയറക്‌ഷൻ എന്നു പറഞ്ഞ് നല്ല പ്രതിഫലവും വാങ്ങാം’.

അങ്ങനെ ഞാൻ പി.ഭാസ്കരൻ മാസ്റ്റർ സംവിധാനം ചെയ്ത ചിത്രത്തിനു തിരക്കഥയും സംഭാഷണവും മാത്രമെഴുതി. അതാണു പല തിയറ്ററുകളിലും തുടർച്ചയായി നൂറു ദിവസം ഓടിയ ‘വീണ്ടും പ്രഭാതം’ എന്ന സൂപ്പർഹിറ്റ് ചിത്രം. ചിത്രത്തിനു പേരിട്ടതും ഞാൻ തന്നെയാണ്. അതിലെ എല്ലാ പാട്ടുകളും മാസ്റ്റർ തന്നെയെഴുതി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ പാട്ടുകളെല്ലാം ഹിറ്റുകളായി. മാസ്റ്റർ എഴുതിയ ‘ഊഞ്ഞാലാ... ഊഞ്ഞാലാ...’ എന്ന മനോഹരഗാനം ഇതെഴുതുമ്പോഴും ചെവികളിൽ മുഴങ്ങുന്നു.

ഭാസ്കരൻ മാസ്റ്റർക്കു വേണ്ടി ഞാൻ തുടർച്ചയായി തിരക്കഥകൾ എഴുതിയപ്പോൾ എന്റെ ഗുരുനാഥനായ സുബ്രഹ്മണ്യം മുതലാളിയും സംവിധായകൻ ശശികുമാറും എന്നോടു തിരക്കഥകൾ എഴുതാൻ ആവശ്യപ്പെട്ടു. അങ്ങനെ നീലാ പ്രൊഡക്‌ഷൻസിനു വേണ്ടി ഭാര്യയില്ലാത്ത രാത്രി, യൗവനം എന്നീ ചിത്രങ്ങൾക്കും ശശികുമാർ സാറിനു വേണ്ടി സേതുബന്ധനം എന്ന സിനിമയ്ക്കും തിരക്കഥയെഴുതി. സേതുബന്ധനവും പ്രധാന തിയറ്ററുകളിൽ ജൂബിലി ആഘോഷിച്ച സിനിമയാണ്. ഭാര്യയില്ലാത്ത രാത്രി ഒരു സസ്പെൻസ് ചിത്രമായിരുന്നു. അതിന്റെ കഥാകൃത്തും സംവിധായകനും ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ ബാബു നന്തൻകോട് ആയിരുന്നു. ആ ചിത്രത്തിനും സേതുബന്ധനത്തിനും ഞാൻ എഴുതിയ പാട്ടുകൾക്ക് സംഗീതം പകർന്നത് ദേവരാജൻ മാസ്റ്റർ ആണ്‌. പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘യൗവനം’ എന്ന ചിത്രത്തിലെ എന്റെ പാട്ടുകൾക്ക് ദക്ഷിണാമൂർത്തിസ്വാമി സംഗീതസംവിധായകനായി.

ഈ സിനിമകളിലെല്ലാം മികച്ച ഗാനങ്ങൾ ഉണ്ടായിരുന്നു. പല്ലവി പാടി നിൻമിഴികൾ അനുപല്ലവി പാടിയെൻ മിഴികൾ, മുൻകോപക്കാരീ മുഖം മറയ്ക്കും നിന്റെ മനസ്സൊരു മുല്ലപൂങ്കാവ്, പിഞ്ചുഹൃദയം ദേവാലയം കിളി കൊഞ്ചലാകോവിൽ മണിനാദം പുലരിയും പൂവും പൈതലിൻ ചിരിയും ഭൂമിദേവി തൻ ആഭരണങ്ങൾ, മഞ്ഞക്കിളീ, സ്വർണക്കിളീ മയിൽപ്പീലിക്കാട്ടിലെ വർണ്ണക്കിളീ അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ–വീട്ടിൽ അനുജത്തി കൂട്ടിനുണ്ടോ....? തുടങ്ങിയ പാട്ടുകൾ സേതുബന്ധനത്തിലും, അഭിലാഷമോഹിനീ അമൃതവാഹിനീ, ആയിരം ജന്മങ്ങളായി നീയെന്നിലെ ആത്മാവിൻ ചൈതന്യമല്ലേ, താരുണ്യത്തിൻ പുഷ്പകിരീടം താഴികക്കുടം – തങ്കത്താഴികക്കുടം, ഞാനവളെ കണ്ടു -കൺ മിന്നലെന്നിൽ കൊണ്ടു, ആ കനൽ മിഴി എന്നിൽ പൂത്ത കാമപ്പൂവുകൾ കണ്ടു തുടങ്ങിയ പാട്ടുകൾ ഭാര്യയില്ലാത്ത രാത്രിയിലും, മധുരമീനാക്ഷി അനുഗ്രഹിക്കും എന്റെ മാനസവീണയിൽ ശ്രുതിയുണരും, നിർമലസ്നേഹത്തിൻ പൂജാവീഥിയിൽ എന്റെ സങ്കല്പങ്ങൾ തേർ തെളിക്കും സ്വർണപ്പൂഞ്ചോല , ചോലയിൽ വർണത്തിരമാല എന്റെ മനസാം പൂഞ്ചോല എന്നും പാടും പൂഞ്ചോല തുടങ്ങിയ പാട്ടുകൾ യൗവനത്തിലും ആണുള്ളത്.

ഇതേ കാലഘട്ടത്തിലാണ് ബാബു നന്തൻകോട് സംവിധാനം ചെയ്ത സത്യത്തിന്റെ നിഴലിൽ എന്ന ചിത്രത്തിന് ഞാൻ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതിയത്. ദക്ഷിണാമൂർത്തി ഈണം പകർന്ന നല്ല പാട്ടുകൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. (ഈ സിനിമയിലെ അഭിനയത്തിന് സുധീറിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു). ഇങ്ങനെ എഴുത്തിൽ എപ്പോഴും തിരക്കിലായിരുന്നതുകൊണ്ടും സമാന്തരമായി കെട്ടിടനിർമാണജോലികൾ നടന്നിരുന്നതുകൊണ്ടും സിനിമാനിർമാണത്തിൽ വലിയ നഷ്ടം സംഭവിച്ചിട്ടും സ്വന്തം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ എനിക്കു പ്രയാസം നേരിട്ടില്ല. ഭാര്യയുടെയും രണ്ടു കുഞ്ഞുങ്ങളുടെയും കൊച്ചുകൊച്ചുമോഹങ്ങൾ സാധിച്ചുകൊടുക്കാനും ബുദ്ധിമുട്ടുണ്ടായില്ല. ഉടനെ ഒരു വലിയ വീട്, ഉടനെ കുറെ ആഭരണങ്ങൾ എന്നിങ്ങനെയുള്ള ആഗ്രഹങ്ങൾ എന്റെ ഭാര്യയ്ക്കും ഉണ്ടായിരുന്നില്ല.

എങ്കിലും ‘നീ തോറ്റുപോയി...നീ തോറ്റുപോയി ’ എന്ന അശരീരിനാദം നിദ്രയിലും ജാഗ്രത്തിലും എന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു. തോൽവിയുടെ ദൃശ്യങ്ങൾ മാത്രം സ്വപ്നങ്ങളിൽ വന്നു. എനിക്കു ജയിക്കണം. ജയിച്ചേ പറ്റൂ. ഇനിയും ഞാൻ തോറ്റാൽ ആ തോൽവി മരണതുല്യമാണെന്ന് ഞാൻ എന്നോടു തന്നെ പറഞ്ഞു. ഏതു മനുഷ്യന്റെ മനസ്സിന്റെയുള്ളിലും മറ്റൊരു മനസ്സുണ്ടല്ലോ. അയാൾക്കു മാത്രം കാണാവുന്ന ഒരു നിഗൂഢമായ അറ.

എന്നിലുള്ള അമിതമായ വിശ്വാസം കൊണ്ടാകാം, വീണ്ടും പ്രഭാതം എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഞാൻ എഴുതിത്തീരുന്നതിനു മുൻപു തന്നെ പി.ഭാസ്കരൻ മാസ്റ്റർ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. അതുകൊണ്ടു രണ്ടുമൂന്നു രാത്രികൾ ഉറങ്ങാതിരുന്ന് ഞാൻ പെട്ടെന്ന് സ്ക്രിപ്റ്റ് പൂർത്തിയാക്കി. കൊടുക്കാനുള്ള ശേഷം രംഗങ്ങളുടെ കയ്യെഴുത്തുപ്രതിയുമായി ഞാൻ പ്രസാദ് സ്റ്റുഡിയോയിൽച്ചെന്നു. പ്രേംനസീറും വിജയശ്രീയും അഭിനയിക്കുന്ന ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം നടക്കുകയായിരുന്നു അപ്പോൾ. സ്ക്രിപ്റ്റ് ഭാസ്കരൻ മാസ്റ്ററെ ഏൽപ്പിച്ചതിനു ശേഷം ഞാൻ സ്റ്റുഡിയോ സെറ്റിൽ നിന്ന് ഇറങ്ങുമ്പോൾ നസീർസാർ എന്റെ പിന്നാലെ വന്നു. ‘തമ്പി ,ഒന്ന് നിൽക്കൂ. എനിക്ക് തമ്പിയോട് സംസാരിക്കണം ’ ഞാൻ ബഹുമാനത്തോടെ നസീർ സാറിന്റെയടുത്തു ചെന്നു. അദ്ദേഹം പറഞ്ഞു. ‘തമ്പിയോട് ആദ്യമേ ഞാൻ പറഞ്ഞു, ഫിലിം പ്രൊഡ്യൂസ് ചെയ്യരുതെന്ന്. തമ്പി കവിയാണ്. ഷോട്ടുകളിലും കവിത കൊണ്ടുവരാനാണു തമ്പി ശ്രമിക്കുന്നത്. തമ്പിക്ക് കലക്‌ഷനും വേണം നിരൂപകരുടെ നല്ല അഭിപ്രായവും വേണം. രണ്ടും കൂടി നടക്കൂല്ല. ഭാസ്കരൻ മാസ്റ്ററുടെ ഈ പടത്തിൽ എത്ര മനോഹരമായിട്ടാ തമ്പി കോമഡി എഴുതിയിരിക്കുന്നത്. സ്വന്തം പടത്തിൽ മാത്രമെന്തിനാ ഇങ്ങനെ ബലം പിടിക്കുന്നത് ? തമ്പി നല്ല ഒരു ആക്‌ഷൻ സിനിമ പ്ലാൻ ചെയ്യ്. ഞാൻ കോൾഷീറ്റ് അഡ്ജസ്റ്റ് ചെയ്തു തരാം. തമ്പി ഒരു കാര്യമോർക്കണം. ജനങ്ങൾക്ക് വേണ്ടതു കവിതയും സിംബോളിസവുമൊന്നുമല്ല. എന്റർടെയ്ൻമെന്റ് ആണ്. തമ്പിയല്ലേ വാസുസാറിന്റേം കൊട്ടാരക്കരേടേം പടങ്ങൾക്ക് പാട്ടെഴുതുന്നത്? അതിൽ തമ്പി പ്രേമഗാനം മാത്രമല്ലല്ലോ, കോമഡിപ്പാട്ടും എഴുതുന്നില്ലേ...? തമ്പി സാധാരണക്കാർക്ക് ഇഷ്ടമാകുന്ന തരത്തിൽ ഒരു സ്ക്രിപ്റ്റ് എഴുത്. ഇപ്പോൾ നല്ല സ്റ്റാർവാല്യൂ ഉള്ള ഒരു ലേഡി ആർട്ടിസ്റ്റിനെ എന്റെ നായികയാക്ക്. എന്നിട്ടു ധൈര്യമായി പടം അനൗൺസ് ചെയ്യ്. ഇനി തമ്പിക്ക് ആക്‌ഷൻപടം ചെയ്യാൻ ഇഷ്ടമില്ലെങ്കിൽ ഡയറക്ടറായി അത് ചെയ്യാൻ തയാറുള്ള മറ്റൊരാളിനെ വയ്ക്കൂ. തമ്പി കഥയും പാട്ടും നിർമാണവും. സംവിധായകൻ വേറൊരാൾ. അങ്ങനെ ആലോചിക്ക്. കഴിഞ്ഞ രണ്ടു പടങ്ങളിൽ കൈവിട്ടുപോയ പണം നമുക്ക് തിരിച്ചെടുക്കണം.’

‘സാർ ,ഷോട്ട് റെഡി’ എന്ന് അസിസ്റ്റന്റ് വന്നു പറഞ്ഞപ്പോൾ നസീർ സാർ ഫ്ലോറിലേക്കു പോയി. ഞാൻ എന്റെ കാറിൽ കയറി വീട്ടിലേക്കും. എനിക്കിപ്പോൾ നിരൂപകരുടെ പ്രശംസയല്ല വേണ്ടത്, പണമാണ്. സമ്പന്നനാകാനല്ല, നിലനിൽക്കാൻ. ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ എനിക്ക് എന്റെ നഷ്ടം നികത്തിയേ മതിയാകൂ. എന്റെ മനസ്സിൽ ഈ സംഘട്ടനം നടന്നുകൊണ്ടിരിക്കുമോൾ എറണാകുളത്തു നിന്നു കെ.പി.മോഹൻ എന്ന യുവാവ് എന്നെ കാണാൻ വന്നു. അദ്ദേഹം വന്ദന എന്ന പേരിൽ ഒരു നിർമാണക്കമ്പനി തുടങ്ങി, ആദ്യത്തെ സിനിമ ഞാൻ സംവിധാനം ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഞാൻ മോഹനോട് പറഞ്ഞു. ‘എന്റെ ചന്ദ്രകാന്തവും ഭൂഗോളം തിരിയുന്നു എന്ന പടവും എനിക്ക് ലാഭം തന്നില്ല.’ അപ്പോൾ മോഹൻ പറഞ്ഞു, ‘എനിക്ക് ചന്ദ്രകാന്തം പോലെയൊരു പടമാണ് വേണ്ടത്, അത്രയും നല്ല പാട്ടുകൾ വേണം. ഭൂഗോളം തിരിയുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി. അതുപോലെയുള്ള ഒരു കുടുംബകഥ വേണം. തമ്പി തന്നെ സ്ക്രിപ്റ്റ് എഴുതി തമ്പി തന്നെ സംവിധാനം ചെയ്യണം.’

ഇത് കാലത്തിന്റെ തീരുമാനമാണ്. എന്റെ മൂന്നാമത്തെ സിനിമ ഞാൻ മറ്റൊരു ഡയറക്ടർക്ക് കൊടുക്കാൻ ആലോചിക്കുമ്പോൾ എനിക്ക് ഡയറക്ട് ചെയ്യാനായി മറ്റൊരു സിനിമ തയാറാകുന്നു. തിരുവോണം എന്ന പേരിൽ ഒരു കഥ ഞാൻ സിനിമയ്ക്ക് വേണ്ടി മനസ്സിൽ കരുതിയിരുന്നു. ആ കഥയുടെ ഏകദേശരൂപം ഞാൻ കെ.പി.മോഹനോട് പറഞ്ഞു. കഥ അദ്ദേഹത്തിന് ഇഷ്ടമായി. പക്ഷേ തിരുവോണത്തിലും നായകനായി പ്രേംനസീർ തന്നെ വേണം. അദ്ദേഹം എന്റെ സ്വന്തം ചിത്രത്തിനു കോൾഷീറ്റ് തരാമെന്ന് സമ്മതിച്ചിരിക്കുകയാണ്. രണ്ടു ചിത്രങ്ങൾക്ക് അദ്ദേഹം ഒരുമിച്ച് ഡേറ്റ് തരുമോ.? ഞാൻ നസീർ സാറിനെ കണ്ടു സംസാരിച്ചു.

അപ്പോൾ മുത്തയ്യ സാർ എന്നോട് പറഞ്ഞു. ‘തമ്പീ, ഇരുപത്തയ്യായിരത്തിന്റെയും മുപ്പത്തിനായിരത്തിന്റെയും കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ അമ്പതിനായിരമാണ് നസീറിന്റെ പ്രതിഫലം .തമ്പിയുടെ സ്വന്തം പടത്തിന്റെ കാര്യത്തിൽ ചില വിട്ടുവീഴ്ചകൾ ഉണ്ടായേക്കും. പക്ഷേ പുതിയ പ്രൊഡ്യൂസേഴ്‌സ് അൻപതിനായിരം തന്നേ പറ്റൂ.’ പ്രതിഫലം കൂട്ടിയ കാര്യം സുഹൃത്തുക്കളായ നിർമാതാക്കളോടു പറയാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട് ആ ജോലി നസീർ സാർ ബുദ്ധിപൂർവം തന്റെ ഉറ്റമിത്രമായ മുത്തയ്യ സാറിനെ ഏൽപ്പിക്കുകയായിരുന്നു. യഥാർഥത്തിൽ അന്നു പ്രേംനസീർ എന്ന നടനുണ്ടായിരുന്ന താരമൂല്യം കണക്കാക്കുമ്പോൾ അൻപതിനായിരവും ഒരു വലിയ പ്രതിഫലമായിരുന്നില്ല. നിർമാതാവായ മോഹനെ ഞാൻ നസീർ സാറിനു പരിചയപ്പെടുത്തിക്കൊടുത്തു. അദ്ദേഹം നസീർ സാറിന് അഡ്വാൻസ് കൊടുക്കുകയും ചെയ്തു.

ചട്ടമ്പിക്കല്യാണി എന്ന പേരിൽ ഞാനൊരു കഥയെഴുതി. ആ ചിത്രത്തിന്റെ സംവിധായകനായി ശശികുമാറിനെ നിശ്ചയിച്ചു. (കഥാകൃത്തായി ടൈറ്റിലിൽ എം.പി.രാജീവൻ എന്ന തൂലികാനാമമാണ് നൽകിയത്. എന്റെ ഭാര്യ രാജിയുടെ മുഴുവൻ പേര് എം.പി. രാജേശ്വരി എന്നാണ്) ശശികുമാർ സാറിനെ സംവിധായകനാക്കിയതിന്റെ പിന്നിൽ യഥാർഥത്തിൽ ഒരു പ്രത്യുപകാരത്തിന്റെ മുഖം ഉണ്ടായിരുന്നു. കെ.പി.കൊട്ടാരക്കരയുടെ റസ്റ്റ് ഹൗസ് എന്ന ചിത്രത്തിലെ പാട്ടുകൾ സൂപ്പർഹിറ്റ് ആയതിനു ശേഷം ശശികുമാർ സംവിധാനം ചെയ്ത തൊണ്ണൂറു ശതമാനം ചിത്രങ്ങളിലും അദ്ദേഹം എന്നെക്കൊണ്ട് മാത്രമേ പാട്ടുകൾ എഴുതിച്ചിട്ടുള്ളു. സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്ററോ അർജുനനോ ആയിരിക്കും. ചട്ടമ്പിക്കല്യാണിയുടെയും തിരുവോണത്തിന്റെയും സംഗീതസംവിധായകൻ അർജുനൻ മാസ്റ്റർ ആയിരുന്നു.

തിരുവോണത്തിൽ ഉപനായകനായി ഞാൻ കമലഹാസനെ തീരുമാനിച്ചു. പ്രേംനസീറും കമലഹാസനും ചേർന്നഭിനയിച്ച ഒരേയൊരു സിനിമ തിരുവോണം ആണ്. തിരുവോണം ഒരു മൾട്ടിസ്റ്റാർ ചിത്രമായിരുന്നു. പ്രേംനസീർ, ശാരദ, കമലഹാസൻ, ജയസുധ, എം.ജി.സോമൻ, സുജാത, കെ.പി.ഉമ്മർ, കെപിഎസി. ലളിത, കവിയൂർ പൊന്നമ്മ എന്നിവരോടൊപ്പം ഒരു നല്ല കലാകാരനായിരുന്ന സുരാസുവിനും ഞാൻ ഒരു മികച്ച വേഷം നൽകി. കവിയും നോവലിസ്റ്റുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയും ഈ ചിത്രത്തിൽ അഭിനയിച്ചു. കമലഹാസന്റെ സുഹൃത്തിന്റെ വേഷത്തിൽ കൊച്ചിൻ ഹനീഫ അഭിനയിച്ചു. തിരുവോണം ഹനീഫയുടെ ആദ്യകാല സിനിമകളിൽ ഒന്നായിരുന്നു. ഷൂട്ടിങ് സമയത്തുണ്ടായ സൗഹൃദം ഹനീഫ നിലനിർത്തുകയും കമലഹാസന്റെ സുഹൃത്തായി മാറുകയും ചെയ്തു. പിൽക്കാലത്ത് കമലഹാസൻ നിർമിച്ച തമിഴ്ചിത്രത്തിൽ ഹനീഫ അഭിനയിച്ചു.

തിരുവോണത്തിലും ചട്ടമ്പി കല്യാണിയിലും കെ.പി.ഉമ്മറിനു ഞാൻ നല്ല കഥാപാത്രങ്ങളെയാണു നൽകിയത്. സ്ഥിരംവില്ലൻ എന്ന ഇമേജിൽ നിന്ന് അങ്ങനെ അദ്ദേഹത്തിന് മോചനം കിട്ടി. ചട്ടമ്പിക്കല്യാണിയിൽ ലക്ഷ്മിയെ നായികയാക്കി. സ്വഭാവനടനായ തിക്കുറിശ്ശിയെ ദൈവം മത്തായി എന്ന ഹാസ്യ കഥാപാത്രമാക്കി. കവലച്ചട്ടമ്പിയായി നടിക്കുന്ന ഭീരുവായ ശരീരം കുട്ടപ്പന്റെ വേഷം അടൂർഭാസിക്ക് നൽകി.

രണ്ടു സിനിമകളുടെയും വിതരണം ഞാൻ വിമലാഫിലിംസിനാണു നൽകിയത്. അന്നു മാന്യമായ രീതിയിൽ ബിസിനസ് മുന്നോട്ടു കൊണ്ടുപോയിരുന്ന വിതരണക്കമ്പനിയായിരുന്നു വിമലാഫിലിംസ്‌. ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു വലിയ തുക കടം വാങ്ങിയത് ചട്ടമ്പിക്കല്യാണിയുടെ നിർമാണ വേളയിലാണ്. അഞ്ചു ലക്ഷത്തോളം രൂപ ചെലവു ചെയ്താണ് ഞാൻ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം നിർമിച്ചത്. വളരെ വലിയ സെറ്റുകൾ, മികച്ച സംഘട്ടനരംഗങ്ങൾ, മികച്ച ഗാനചിത്രീകരണങ്ങൾ. DO OR DIE എന്ന മാനസികാവസ്ഥയിലായിരുന്നു ഞാൻ. സിനിമയ്ക്കു ഫിനാൻസ് ചെയ്യുന്ന സിന്ധികൾ എനിക്കു ധൈര്യമായി പണം കടം തന്നത് ഞാൻ ഒരു ബിൽഡർ കൂടിയായതുകൊണ്ടാണ്.

അടുത്ത വർഷം, അതായത് 1975 ജൂലൈ നാലിന് ചട്ടമ്പിക്കല്യാണി തിയറ്ററുകളിലെത്തി. ഈ ചിത്രത്തിലൂടെ ജഗതി ശ്രീകുമാർ എന്ന ഇരുപത്തഞ്ചുകാരനെ ഞാൻ പുതിയ ഹാസ്യനടനായി അവതരിപ്പിച്ചു. ശ്രീകുമാറും മല്ലികയും വിവാഹിതരായി മദ്രാസിൽ വന്ന് അത്യധികം പ്രയാസങ്ങൾ അനുഭവിക്കുന്ന സമയമായിരുന്നു അത്. അവരെ സാമ്പത്തികമായി സഹായിക്കുക എന്നതു മാത്രമായിരുന്നു എന്റെ ലക്ഷ്യം.

ഞാൻ അമ്പിളി എന്നു വിളിക്കുന്ന ശ്രീകുമാർ എന്ന യുവാവ് ഭാവിയിൽ വലിയ നടനാകുമെന്നോ ഒരിക്കൽ അയാൾക്ക് ഒരു സൂപ്പർതാരത്തിന്റെ പരിവേഷം കിട്ടുമെന്നോ അന്നു ഞാൻ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. ശ്രീകുമാർ പ്രശസ്ത നാടകകൃത്തായ ജഗതി എൻ.കെ.ആചാരിയുടെ മകനാണ്. കലാനിലയം സ്ഥിരം നാടകവേദിക്കു വേണ്ടി നാടകങ്ങൾ എഴുതുന്നത് ജഗതിയാണ്. എന്റെ ഭാര്യാപിതാവായ വൈക്കം മണി കലാനിലയം സ്ഥിരം നാടകവേദിയിലെ പ്രധാന നടനും. അവർ അടുത്ത സുഹൃത്തുക്കളും ആയിരുന്നു. അതുകൊണ്ട് കുട്ടിക്കാലം മുതലേ എന്റെ ഭാര്യയ്ക്ക് അമ്പിളി എന്ന് വിളിപ്പേരുള്ള ശ്രീകുമാറിനെ അറിയാം. അമ്പിളിയെ അകലെ കണ്ടാൽ മതി, എന്റെ കുഞ്ഞുങ്ങൾ ആഹ്ലാദിച്ചു കയ്യടിക്കാൻ തുടങ്ങും. അമ്പിളി എന്റെ കുട്ടികളെ കളിപ്പിക്കും. ഓരോ ഭാവങ്ങൾ കാട്ടി അവരെ ചിരിപ്പിക്കും. അമ്പിളിയിൽ ഒരു വലിയ കൊമേഡിയൻ ഒളിച്ചിരിപ്പുണ്ടെന്നു ഞാൻ മനസ്സിലാക്കി. സത്യത്തിൽ നായകനും ഉപനായകനുമൊക്കെ ആകാമെന്നു മോഹിച്ചാണ് അയാൾ മദ്രാസിൽ വന്നത്. ടൈറ്റിലിൽ തന്റെ പേര് ശ്രീകുമാർ എന്നു മാത്രം കൊടുത്താൽ മതിയെന്നു പറഞ്ഞെങ്കിലും പേരിനോടൊപ്പം ജഗതി കൂടി വേണമെന്ന് ഞാൻ നിർബന്ധിക്കുകയായിരുന്നു. അങ്ങനെയാണ് ജഗതി ശ്രീകുമാർ എന്ന അദ്ഭുതം സംഭവിച്ചത്.

ജയിക്കാനായ് ജനിച്ചവൻ ഞാൻ എന്ന ഗാനം പാടിക്കൊണ്ട് ജോളി ഏബ്രഹാം എന്ന പുതിയ ഗായകൻ രംഗത്തു വന്നതും എന്റെ ചട്ടമ്പിക്കല്യാണിയിലൂടെയാണ്. ഞാൻ എഴുതി നിർമിച്ച, ശശികുമാർ സംവിധാനം ചെയ്ത ചട്ടമ്പിക്കല്യാണി മലയാളസിനിമയിൽ അതുവരെയുണ്ടായിരുന്ന കലക്‌ഷൻ റിക്കോർഡുകൾ ഭേദിച്ചു. എന്നെ ഗാനരചയിതാവായി സിനിമയിൽ കൊണ്ടുവന്ന, എന്റെ ഗുരുനാഥനായ പി.സുബ്രഹ്‍മണ്യം സ്ഥാപിച്ച ആദ്യ തിയറ്ററായ തിരുവനന്തപുരം ന്യൂ തിയറ്ററിൽ ചട്ടമ്പിക്കല്യാണി എന്ന ചിത്രം അതുവരെയുണ്ടായിരുന്ന കലക്‌ഷൻ റിക്കോർഡുകൾ തിരുത്തി. തിയറ്ററുകളുടെ മേൽനോട്ടം വഹിക്കുന്ന സുബ്രഹ്മണ്യം മുതലാളിയുടെ രണ്ടാമത്തെ പുത്രനായ ചന്ദ്രൻ സാർ (എസ്.പത്മനാഭൻ) ഈ വിവരം അറിയിക്കാനായി എന്നെ അഭിനന്ദിച്ചുകൊണ്ടു കത്തെഴുതി. ഞാൻ ജീവിതത്തിൽ ആദ്യമായി പി.സുബ്രഹ്മണ്യം എന്ന മഹാപുരുഷനെ കണ്ടത് ഇതേ തിയറ്ററിന്റെ മുറ്റത്തു വച്ചായിരുന്നു.

വിമലാ ഫിലിംസ് എനിക്ക് അഡ്വാൻസായി തന്ന തുകയും അതിന്റെ കമ്മിഷനും അവർക്കു ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തെ കലക്‌ഷനിൽ നിന്ന് തിരിച്ചു കിട്ടി. ഞാൻ വിജയിച്ചു. ‘തമ്പിക്ക് ജനങ്ങളുടെ ടേസ്റ്റ് അറിയില്ല ’എന്നു പ്രഖ്യാപിച്ച നടൻ ബഹദൂർ പോലും എന്നെ അഭിനന്ദിച്ചു. ‘എനിക്ക് തരേണ്ട റോളാണോ തമ്പി ജഗതി ശ്രീകുമാറിന് കൊടുത്തത്’ എന്ന് അദ്ദേഹം ചോദിച്ചു. ‘കുഞ്ഞാലി എന്ന് പേരുള്ള നിങ്ങൾ ബഹദൂർ ആയതും ഒരു നിർമാതാവിന്റെ സഹായം കൊണ്ടല്ലേ ?’ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ‘ശ്രീകുമാരൻ തമ്പി വിചാരിച്ചാലും ഇയാൾ കൊണ്ടുവന്ന ആ മെലിഞ്ഞ ചെറുക്കൻ വിചാരിച്ചാലും ബഹദൂറിന്റെ ഒരു രോമത്തിൽ പോലും തൊടാനൊക്കില്ല.’ നടൻ ബഹദൂർ ദേഷ്യത്തിൽ പറഞ്ഞു. വിനയപൂർവം ഞാൻ ഇങ്ങനെ മറുപടി നൽകി– ‘ജഗതി ശ്രീകുമാർ എന്ന നടന്റെ ഭാവി നിങ്ങളോ ഞാനോ അല്ല തീരുമാനിക്കേണ്ടത്, കാലമാണ്.’

(തുടരും)

Content Highlight: Sreekumaran Thampi, Malayalam Cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com