ADVERTISEMENT

ചട്ടമ്പിക്കല്യാണിയുടെ സങ്കൽപ്പാതീതമായ സാമ്പത്തികവിജയം എന്നിൽ ശുഭാപ്തിവിശ്വാസം വളർത്തി. നിർമാതാവ് എന്ന നിലയിലും എനിക്കു ജയിക്കാൻ കഴിയും എന്ന ബോധം എന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ ആവേശം നൽകി. വളരെ വലിയ ഒരു ലാഭം ഈ ചിത്രത്തിൽ നിന്ന് എനിക്കു ലഭിക്കുമെന്ന് ഉറപ്പാണ്. ചിത്രം തിയറ്ററുകളിലെത്തിയതിന്റെ മൂന്നാം മാസം തന്നെ എനിക്ക് ‘ഓവർഫ്ലോ’ വന്നു തുടങ്ങി. ഒരു സിനിമ വിതരണത്തിനെടുക്കുമ്പോൾ വിതരണക്കമ്പനി നിർമാതാവിന് ഒരു തുക മുൻകൂറായി നൽകും. ഈ പണം അതേ പടത്തിന്റെ പേരിൽ അവർ തിയറ്ററുകളിൽ നിന്നു വാങ്ങുന്ന അഡ്വാൻസിൽ നിന്നാണു തരുന്നത്. അവർ തന്ന അഡ്വാൻസും, പ്രിന്റടുക്കാനും പരസ്യം ചെയ്യാനും പോസ്റ്റർ അടിക്കാനും അവർ ചെലവാക്കിയ പണവും വിതരണത്തിനു നിർമാതാവ് നൽകേണ്ട കമ്മീഷനും അവർ ആദ്യം എടുക്കും.

അതിനു ശേഷംകിട്ടുന്ന കലക്‌ഷനിൽ നിന്ന് അവരുടെ കമ്മീഷൻ കഴിച്ചുള്ള തുകയ്ക്കാണ് ‘ഓവർഫ്ലോ’ എന്നു പറയുന്നത്. അതായത് തിയറ്റർ കലക്‌ഷനിൽ നിന്ന് നിർമാതാക്കൾക്കു നൽകേണ്ട വിഹിതം. ആദ്യമൊക്കെ വിമലാഫിലിംസ്‌ കൃത്യമായി എനിക്കുള്ള ‘ഓവർഫ്ലോ’ ചെക്കായി അയച്ചു തന്നുകൊണ്ടിരുന്നു. അതുകൊണ്ട് നിർമാണത്തിനു വേണ്ടി സിന്ധികളിൽ നിന്നു ഞാൻ പലിശയ്ക്കു വാങ്ങിയ മുഴുവൻ പണവും തിരിച്ചുകൊടുത്തു. നിർമാണക്കമ്പനിയുടെ വർക്കിങ് ക്യാപിറ്റലിൽ നിന്ന് ഗത്യന്തരമില്ലാതെ മറിച്ച തുക ആ അക്കൗണ്ടിലേക്കു മാറ്റുകയും ചെയ്തു. അങ്ങനെ രണ്ടു സിനിമകളിലുണ്ടായ നഷ്ടം മൂന്നാമത്തെ സിനിമ കൊണ്ടു പരിഹരിച്ചു എന്നുറപ്പു വരുത്തി.

ഇനിയും ഒരു വലിയ തുക ചട്ടമ്പിക്കല്യാണിയുടെ കലക്‌ഷനിൽ നിന്ന് എനിക്കു ലഭിക്കും. അതു ബുദ്ധിപരമായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ എന്റെ ജീവിതത്തിനു തന്നെ ഒരു സാമ്പത്തിക അടിത്തറ ലഭിക്കും. ഒരു വ്യക്തി തന്റെ ജീവിതത്തിൽ തോൽക്കുമ്പോഴല്ല, ജയിക്കുമ്പോഴാണു കൂടുതൽ സൂക്ഷിച്ചു പെരുമാറേണ്ടത് എന്ന സത്യം എന്നെ പഠിപ്പിച്ചത് ചട്ടമ്പിക്കല്യാണിയുടെ വിജയമാണ്. പ്രേംനസീർ എന്ന നടന്റെ ഏറ്റവും വലിയ മഹത്വം താൻ അഭിനയിക്കുന്ന സിനിമകളുടെ ലാഭനഷ്ടങ്ങളുടെ കാര്യത്തിൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന ഉത്ക്കണ്ഠയാണ്. അദ്ദേഹം അഭിനയിച്ച ഏതു ചിത്രവും റിലീസ് ചെയ്തുകഴിഞ്ഞാൽ തിയറ്ററുകളിലെ കലക്‌ഷൻ നിർമാതാവ് അറിയുന്നതിനു മുൻപ് അദ്ദേഹം അറിഞ്ഞിരിക്കും. കേരളത്തിലെ പ്രധാന തിയറ്ററുകളിലെല്ലാം കലക്‌ഷൻ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിനായി അദ്ദേഹം വിശ്വസ്തരായ സുഹൃത്തുക്കളെ ഏർപ്പാടു ചെയ്തിരുന്നു. സിനിമ പരാജയമാണെങ്കിലും വിജയമാണെങ്കിലും നസീർസാർ നിർമാതാവിനു ഫോൺ ചെയ്തിരിക്കും. താൻ നായകനായി അഭിനയിച്ച ചിത്രത്തിന്റെ വിജയത്തിലും പരാജയത്തിലും നിർമാതാവിനും സംവിധായകനുമുള്ള പങ്ക് നായകനായി അഭിനയിച്ച തനിക്കുമുണ്ട് എന്നദ്ദേഹം ആത്മാർഥമായി വിശ്വസിച്ചിരുന്നു. ചിത്രത്തെക്കുറിച്ചു കാണികൾക്കു നല്ല അഭിപ്രായമില്ലെങ്കിൽ അദ്ദേഹം നിർമാതാവിനോടു പറയും ‘പടം നമ്മൾ പ്രതീക്ഷിച്ചതു പോലെ നന്നായില്ല. കലക്‌ഷൻ മോശമാണ്. നിങ്ങൾ വിഷമിക്കേണ്ട. അടുത്ത പടത്തിൽ നമുക്കു തെറ്റു തിരുത്താം. നിങ്ങൾ ധൈര്യമായിരുക്കു’. പടം വൻ വിജയമാണെങ്കിൽ ആ ചിത്രത്തിന്റെ ലാഭം നല്ല രീതിയിൽ ഉപയോഗിക്കണം എന്നായിരിക്കും അദ്ദേഹം നിർമാതാവിനെ ഉപദേശിക്കുക.

ചട്ടമ്പിക്കല്യാണി റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും നാലാഴ്ച ഹൗസ് ഫുൾ ആയി ഓടിയപ്പോൾ നസീർ സാർ എന്നോട് പറഞ്ഞു. ‘കൺഗ്രാജുലേഷൻസ് തമ്പി. തമ്പിക്ക് ഇപ്പോൾ ജാക്പോട്ട് അടിച്ചിരിക്കയാ. കുതിരപ്പന്തയത്തിൽ ഒരാൾക്കു തുടർച്ചയായി ജാക്പോട്ട് അടിക്കൂല. അറിയാമല്ലോ. ഈ പടത്തിൽ തമ്പിക്കു മുടക്കുമുതലിന്റെ നാലിരട്ടിയെങ്കിലും ലാഭം കിട്ടും. ഇതു തമ്പി നല്ല ഒരു ഇൻവെസ്റ്റ്മെന്റ് ആക്കണം. അതു ഭാവിയിൽ കവിതയ്ക്കും കണ്ണനും ഉപകരിക്കും.’ സ്വന്തം അച്ഛനോ അമ്മാവനോ ജ്യേഷ്ഠനോ സംസാരിക്കുന്നതു പോലെ തോന്നും. എന്റെ കുട്ടികളുടെ ഭാവി ഈ പണമുപയോഗിച്ച് ഭദ്രമാക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ട്വിൻ തിയറ്റർ പണിയാൻ അദ്ദേഹം എന്നെ ഉപദേശിച്ചു. അതിനു പറ്റിയ ഒരു സ്ഥലം ഒഴിഞ്ഞുകിടപ്പുണ്ട്. സ്ഥലത്തിന്റെ ഉടമസ്ഥൻ നസീർസാറിന് പരിചയമുള്ള വ്യക്തിയാണ്. തിയറ്റർ കെട്ടാൻ അദ്ദേഹത്തിന്റെ സുഹൃത്ത് ചെയർമാനായ ബാങ്കിൽ നിന്നു വായ്പയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ രണ്ടു ചിത്രങ്ങൾ ഞാൻ രാജശിൽപി എന്ന ബാനറിലാണ് നിർമിച്ചത്. ചട്ടമ്പിക്കല്യാണി എടുത്തതു ഭവാനി രാജേശ്വരി ആർട്സ് എന്ന പേരിലും. സങ്കൽപത്തിലുള്ള ട്വിൻ തിയറ്ററിന് നസീർസാർ തന്നെ പേരും നിശ്ചയിച്ചു. ‘ഭവാനി രാജേശ്വരി’. വലിയ തിയേറ്റർ ഭവാനിയും ചെറിയ തിയറ്റർ രാജേശ്വരിയും. അന്നു മദ്രാസ് മൗണ്ട് റോഡിൽ നാലു തിയറ്ററുകളുള്ള ദേവി കോംപ്ലക്സ് തയാറായ സമയമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിന്തയിൽ ട്വിൻ തിയറ്റർ എന്ന സങ്കൽപം കടന്നുവന്നത്. നസീർസാർ പറഞ്ഞതെല്ലാം ശ്രദ്ധാപൂർവം കേട്ടെങ്കിലും എന്റെ മനസ്സിൽ നിറഞ്ഞു നിന്നത് ഞാൻ എടുക്കാനിരിക്കുന്ന പുതിയ സിനിമകളെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.

sreekumaran-thampi-interview
ശ്രീകുമാരൻ തമ്പി

ചന്ദ്രകാന്തം, ഭൂഗോളം തിരിയുന്നു എന്നീ സിനിമകളെ അഭിനന്ദിച്ച് നിരൂപണങ്ങൾ എഴുതിയ സിനിമാവിമർശകരെല്ലാം ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തെ നിശിതമായി വിമർശിച്ചു. എഴുത്തുകാരനായ എന്നെ ആ വിമർശനങ്ങൾ വല്ലാതെ വേദനിപ്പിച്ചു എന്ന സത്യം പറയാതെ വയ്യ. ചലച്ചിത്ര നിർമാണം തുടരണം. ഒരു കൊമേഴ്‌സ്യൽ സിനിമയെടുത്താൽ അതിന്റെ ലാഭം കൊണ്ട് ഒരു കലാമൂല്യമുള്ള സിനിമ നിർമിക്കണം. ആ രീതി തുടർന്നുകൊണ്ടിരിക്കണം– ഞാൻ തീരുമാനിച്ചു.. അപ്പോൾ എനിക്കു സിനിമയിൽ തുടർന്നും നിലനിൽക്കാനാകും. ഇടയ്ക്കെങ്കിലും മികച്ച ചിത്രങ്ങൾ നിർമിക്കാനും സാധിക്കും. ഒരു സ്ത്രീപക്ഷസിനിമ എന്റെ മനസ്സിലുണ്ടായിരുന്നു. ചട്ടമ്പിക്കല്യാണിയുടെ ലാഭത്തിൽ ഒരു പങ്ക് ആ സിനിമ നിർമിക്കാൻ വിനിയോഗിക്കണമെന്നും ഞാൻ തീരുമാനിച്ചു. ബെംഗളൂരു, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലുള്ള മലയാളിസമാജങ്ങളിലും മറ്റും പ്രഭാഷണത്തിനു പോയപ്പോൾ മറുനാടൻ മലയാളികളായ സഹൃദയർ ഒരഭ്യർഥന നടത്തി. ‘ ഞങ്ങൾ മറുനാടൻ മലയാളികൾക്കു മാതൃഭാഷയിൽ നിർമിക്കപ്പെടുന്ന സിനിമകൾ കാണാൻ ഒരു വഴിയുമില്ല. ശ്രീകുമാരൻതമ്പി വെറുമൊരു നിർമാതാവ് മാത്രമല്ലല്ലോ. ഈ കാര്യത്തിൽ താങ്കൾ ഒരു വഴി കണ്ടെത്തണം. ഇന്ത്യയിൽ മൊത്തം എത്രയോ മലയാളി സംഘടനകൾ ഉണ്ട്. എല്ലാ സമാജങ്ങളും ഓരോ മോണിങ് ഷോ വീതം നടത്തിയാലും ഒരു പടത്തിന് എത്രയോ വലിയ സംഖ്യ കലക്ഷനായി കിട്ടും. ഞാൻ എന്റേതായ രീതിയിൽ കണക്കു കൂട്ടി നോക്കി, അരിത്‌മെറ്റിക്‌ പ്രോഗ്രഷൻ, ജ്യോമെട്രിക്ക് പ്രോഗ്രഷൻ എല്ലാം ഓർമകളിൽ സംഖ്യാനൃത്തങ്ങൾ നടത്തി. ആരും അധികം കടന്നു ചെല്ലാത്ത ഒരു മേഖല. ചിലപ്പോൾ നൂറുമേനി കൊയ്‌തെന്നു വരും. സങ്കൽപങ്ങൾ എന്റെ സഹയാത്രികരാണല്ലോ.

ഞാൻ സംവിധാനം ചെയ്ത ‘തിരുവോണം’ എന്ന ചിത്രവും തിയറ്ററുകളിൽ എത്തി. ചിത്രത്തിനു മികച്ച അഭിപ്രായവും കലക്‌ഷനും. മികച്ച ആസ്വാദനങ്ങൾ. ചട്ടമ്പിക്കല്യാണിയുടെയും തിരുവോണത്തിന്റെയും വിജയത്തിൽ ആ ചിത്രങ്ങളിലെ പാട്ടുകൾക്കും ഒരു വലിയ പങ്കുണ്ടായിരുന്നു. ഞാനെഴുതി അർജുനൻ ഈണം പകർന്ന പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി. സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ ഒരു ചുംബനം തന്നാൽ പിണങ്ങുമോ നീ, പൂവിനു കോപം വന്നാൽ അതു മുള്ളായി മാറുമോ തങ്കമണി, തരിവളകൾ ചേർന്നു കിലുങ്ങി താമരയിതൾമിഴികൾ തിളങ്ങി, കണ്ണിൽ എലിവാണം കത്തുന്ന കാലത്ത് പെണ്ണിനു തോന്നി മൊഹബത്ത്, നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടോണ്ടുപോയ് തുടങ്ങിയ പാട്ടുകൾ ചട്ടമ്പി കല്യാണിയിലും, തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി, ആ ത്രിസന്ധ്യ തൻ അനഘമുദ്രകൾ ആരോമലേ നാം മറക്കുവതെങ്ങിനെ, എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി, താരം തുടിച്ചു, നീലവാനം ചിരിച്ചു മേലെമേലെ ഭൂമി കോരിത്തരിച്ചു, നിഴൽ ആടിത്തിമിർത്തു താഴെ താഴെ, കാറ്റിന്റെ വഞ്ചിയിൽ ഞാറ്റുവേലപ്പെണ്ണുണ്ട് ഞാറ്റുവേലപ്പെണ്ണിൻ കയ്യിൽ കസ്തൂരിച്ചെപ്പുണ്ട് തുടങ്ങിയ പാട്ടുകൾ തിരുവോണത്തിലും ഉണ്ടായിരുന്നു.

വിജയാഹ്ലാദത്തിൽ സ്വയം മറന്നു കഴിയുമ്പോഴാണു രണ്ടു സിനിമകളുടെയും വിതരണക്കാരായ വിമലാഫിലിംസിന്റെ ഭാഗത്തു നിന്നു തികച്ചും അപ്രതീക്ഷിതമായി വീഴ്ചകൾ ഉണ്ടാകാൻ തുടങ്ങിയത്. അപ്പോഴും നല്ല കലക്ഷൻ നേടി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഓവർഫ്ലോ കിട്ടാതെയായി, തിയറ്ററുകളിൽ നിന്നു ഡെയിലി കലക്ഷൻ റിപ്പോർട്ടുകൾ കൃത്യമായി വരും. എന്നാൽ അതിനോടൊപ്പം എനിക്കു കിട്ടാനുള്ള തുകയ്ക്ക് ചെക്കോ ഡ്രാഫ്‌റ്റോ ഉണ്ടാവില്ല. തിരുവോണത്തിന്റെ നിർമാതാവായ കെ.പി. മോഹന്റെ അനുഭവവും മറിച്ചല്ല. കെ.പി.കൊട്ടാരക്കര, എം.ഒ.ജോസഫ് അടക്കമുള്ള പ്രധാന നിർമാതാക്കളുടെ ചിത്രങ്ങൾ വിതരണം നടത്തുന്ന കമ്പനിയാണ് വിമലാഫിലിംസ്‌. മാത്യു എന്നയാളും ഒന്നോ രണ്ടോ പങ്കാളികളും ചേർന്നാണു കമ്പനി നടത്തുന്നത്. കൂട്ടത്തിൽ ഒരു പള്ളി വികാരിയുമുണ്ട്. അദ്ദേഹം പങ്കാളിയായിരുന്നോ പുറത്തു നിന്ന് പണം മുടക്കുന്ന ഫിനാൻസിയർ മാത്രമായിരുന്നോ എന്ന് എനിക്ക് നിശ്ചയം പോരാ. എന്നാൽ അച്ചനും എന്നോടു ബിസിനസ് കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. ആദ്യമൊക്കെ നിർമാതാവിനു കിട്ടാനുള്ള വിഹിതം കൃത്യമായി അയച്ചു തന്നുകൊണ്ടിരുന്ന വിമലാ ഫിലിംസ് അതു നിർത്തിയപ്പോൾ ആദ്യമൊന്നും ഞാൻ ഭയപ്പെട്ടില്ല. ഫോൺ ചെയ്‌താൽ സ്നേഹപൂർവം മറുപടി കിട്ടും.‘ തമ്പി സാർ ഈ മാസം കൂടി ഒന്നു ക്ഷമിക്കണേ, എല്ലാം ചേർത്ത് ഒരു വലിയ തുകയായി അടുത്തമാസം ഒന്നാംതീയതി പണം അവിടെ കിട്ടിയിരിക്കും.’. ഞാൻ വീണ്ടും വിശ്വസിക്കും. അടുത്ത ഒന്നാം തീയതിക്കായി കാത്തിരിക്കും. നല്ല പാരമ്പര്യമുള്ള ഒരു വിതരണക്കമ്പനിയെ ഞാനെന്തിനു സംശയിക്കണം?.

പടം സൂപ്പർഹിറ്റ് ആണെന്നറിഞ്ഞപ്പോൾ നായകനും സംവിധായകനും പതിനയ്യായിരം രൂപ വീതം കൂടുതൽ കൊടുക്കണമെന്നു ഞാൻ തീരുമാനിച്ചു. അവർ രണ്ടുപേരുമാണു പ്രതിഫലത്തിന്റെ കാര്യത്തിൽ എന്നോടു കണക്കു പറയാതിരുന്നത്. ആ മര്യാദ ഞാൻ അങ്ങോട്ടും കാണിക്കണമല്ലോ. നസീർ സാർ ആ പണം വാങ്ങിയില്ല. അദ്ദേഹം പറഞ്ഞു. ‘തമ്പി എനിക്ക് ന്യായമായ പ്രതിഫലം തന്നു കഴിഞ്ഞു. പടം ഹിറ്റ് ആയത് തമ്പിയുടെ ഭാഗ്യം’. ശശികുമാർ സാർ സ്നേഹത്തോടെ അതു സ്വീകരിച്ചു. അദ്ദേഹം പറഞ്ഞു. ‘ഞാനിതു വാങ്ങുന്നത് ഈ അനുഭവം ഓർമയിൽ സൂക്ഷിക്കാനാണ്. ഞാൻ എത്രയോ പടങ്ങൾ സംവിധാനം ചെയ്തു. എത്രയോ പടങ്ങൾ ഹിറ്റുകളായി. ആദ്യമായാണ് ഒരു നിർമാതാവിൽ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം ഉണ്ടാകുന്നത്. ഇനി തമ്പിക്കുവേണ്ടി ഞാൻ പടം സംവിധാനം ചെയ്‌താൽ തമ്പിയായിരിക്കും എന്റെ പ്രതിഫലം തീരുമാനിക്കുക’.  വിമലാഫിലിംസിൽ നിന്ന് ആറുലക്ഷം രൂപയിലധികം കുടിശികയായപ്പോൾ ഞാൻ കോട്ടയത്തുപോയി. കോട്ടയത്തു നിന്നു വിമലാഫിലിംസിന്റെ ദൂതനായി എന്നെ കാണാൻ വരാറുള്ളത് ടോം സെബാസ്റ്റ്യൻ എന്നയാളാണ്. അയാളെയും കൂട്ടിയാണു ഞാൻ വിമലാഫിലിംസിന്റെ പ്രധാന പങ്കാളിയായ മാത്യുവിന്റെ വീട്ടിലേക്കു പോയത്. എന്നെ കണ്ടതും മാത്യു ഓടിവന്ന് എന്റെ രണ്ടു കൈകളിലും പിടിച്ചു. 

പൊട്ടിക്കരഞ്ഞുകൊണ്ടു മാത്യു പറഞ്ഞു. ‘സാറിന്റെ പടം ഞങ്ങളെ ഒരുപാട് സഹായിച്ചു. പക്ഷേ തമ്പിസാറിനോട് നീതി കാണിക്കാൻ ഞങ്ങൾക്കു സാധിച്ചില്ല. ഞങ്ങടെ കൂടെയുണ്ടാരുന്ന അച്ചൻ കൂട്ടത്തീന്നു മാറി. അദ്ദേഹം മുടക്കിയ മുഴുവൻ പണവും ഉടനെ തിരിച്ചുവേണമെന്നു പറഞ്ഞു. വേറെ വഴിയില്ലാത്തതു കൊണ്ട് തമ്പിസാറിന് തരാനുള്ള തുകയൊന്നു മറിച്ചു’. ഞാൻ മാത്യുവിനോട് പറഞ്ഞു. ‘രണ്ടുപടങ്ങളിൽ നഷ്ടം സഹിച്ചതിനു ശേഷമാ എനിക്കൊരു ഹിറ്റ് കിട്ടിയത്. നിങ്ങൾ ചെയ്തത് ഒട്ടും ശരിയായില്ല.’ മാത്യു വീണ്ടും കണ്ണീരൊഴുക്കി. വീർപ്പുമുട്ടി അദ്ദേഹം പറഞ്ഞു. ഞാൻ താമസിക്കുന്ന ഈ വീടാ എന്റെ പേരിൽ ആകെയുള്ള സ്വത്ത്. ഇതു വിറ്റാൽ രണ്ടുരണ്ടര ലക്ഷം കിട്ടും. ഈ വീട് ഞാൻ സാറിന്റെ പേരിൽ എഴുതിത്തരാം. പക്ഷേ വീട് സാറിന്റെ പേരിലായാൽ എന്റെ മക്കൾ പെരുവഴിയിലാകും. സാരമില്ല. എന്റെ തെറ്റല്ലേ. ഞാൻ സഹിച്ചോളാം. ടോം സെബാസ്റ്റ്യൻ എന്നെ നോക്കി. മാത്യു വീണ്ടും പറഞ്ഞു. ‘തമ്പിസ്സാറ് നല്ല കുടുംബത്തിൽ ജനിച്ച മാന്യനായതുകൊണ്ട് പറയുവാ. എന്നെ വിശ്വസിച്ച് ഒരു മൂന്നുമാസം കൂടി കാത്തിരുന്നാൽ ഞാൻ മുഴുവൻ തുകയും ഒരുമിച്ചു മദ്രാസിൽ കൊണ്ടുവന്നു തരും ഞാൻ പറഞ്ഞു. ‘എന്തായാലും നിങ്ങൾക്കാകെയുള്ള സ്വത്ത് എനിക്ക് എഴുതിത്തരേണ്ട. വീട് എനിക്ക് തന്നാൽ നിങ്ങളുടെ മക്കൾ പെരുവഴിയിൽ ആകുമെന്നല്ലേ പറഞ്ഞത്. അതുവേണ്ട. രണ്ടുകുട്ടികൾ എനിക്കുമുണ്ട്. പക്ഷേ മാത്യു എന്നെ ചതിക്കരുത്. ഞാൻ മൂന്നുമാസം കൂടി സമയം തരാം. പണം ഒരുമിച്ചു തന്നാൽ മതി’. ‘തമ്പിസാറിനെയും കുടുംബത്തെയും കർത്താവും വേളാങ്കണ്ണിമാതാവും അനുഗ്രഹിക്കും’. ഞാനും ടോം സെബാസ്റ്റ്യനും പുറത്തു വന്നപ്പോൾ അയാൾ പരിഭവത്തോടെ എന്നെ നോക്കി. ‘തമ്പിസാർ എന്താണീ കാണിച്ചത്. അയാൾ വീട് എഴുതിത്തരാമെന്നു പറഞ്ഞപ്പം തന്നെ അതങ്ങോട്ടു സമ്മതിക്കണ്ടേ...? സാറിനു ബിസിനസ് അറിഞ്ഞൂടാ. ജീവിക്കാനും അറിഞ്ഞൂടാ. കോട്ടയത്തു രണ്ടോമൂന്നോ ദിവസം കൂടി താമസിച്ച് ആ വീടിന്റെ ആധാരവും വാങ്ങി തിരിച്ചുപോകണമായിരുന്നു.’ ‘ഞാൻ കാരണം മാത്യുവിന്റെ മക്കൾക്കു കിടപ്പാടമില്ലാതാകരുത്‌. ആ ദോഷം എന്റെ മക്കളുടെ മേൽ വീഴരുത്. ’ സാറിന്റെ മക്കൾ ഇപ്പോൾ വാടകവീട്ടിലല്ലേ താമസിക്കുന്നെ? അതുപോലെ ഈ വീട് തമ്പിസാറിനു തന്നിട്ട് മാത്യു ഒരു വീടു വാടകയ്‌ക്കെടുത്താൽ പോരെ? ’ ‘കാര്യം ശരിയാണ്. പക്ഷേ അങ്ങനെയേ എനിക്കു പറയാൻ കഴിഞ്ഞുള്ളു’. ടോം സെബാസ്റ്റ്യൻ ചിരിച്ചു. ആ ചിരിയുടെ അർഥം ഒന്നൊന്നര മാസം കഴിഞ്ഞാണു ഞാൻ മനസ്സിലാക്കിയത്.

എന്നെപ്പോലെയും മഞ്ഞിലാസ് ജോസഫിനെപ്പോലെയും തിരുവോണത്തിന്റെ നിർമാതാവായ കെ.പി.മോഹനെപ്പോലെയുമുള്ള പല നിർമാതാക്കളെയും ഞെട്ടിച്ചുകൊണ്ടു വിമലാഫിലിംസ് കോടതിയിൽ ഇൻസോൾവൻസി പെറ്റിഷൻ ഫയൽ ചെയ്തു.

അതായത് വിമലാ ഫിലിംസ് പാപ്പരായി. എനിക്കു കിട്ടാനുള്ള പണത്തിനു കേസ് കൊടുക്കാനുള്ള പഴുതുപോലും അടഞ്ഞു. അങ്ങനെ കാരുണ്യം കാട്ടിയതുകൊണ്ടു ഞാൻ വഞ്ചിക്കപ്പെട്ടു. നന്മ ചെയ്‌താൽ നന്മ തിരിച്ചുകിട്ടുമെന്നു മഹാന്മാർ പറഞ്ഞിട്ടുള്ളത് എത്ര വലിയ കള്ളം. നന്മ ചെയ്യുന്നവനു നന്മ കിട്ടിയതായി ലോകചരിത്രത്തിൽ എവിടെയെങ്കിലും കാണുന്നുണ്ടോ...? ഞാൻ എന്നോടു തന്നെ ചോദിച്ചു. അയാൾ എഴുതിത്തരാമെന്നു പറഞ്ഞ കോട്ടയം നഗരത്തിലെ വീടു പോലും വേണ്ടെന്നു വച്ചു വെറുംകൈയുമായി മടങ്ങിയ ഞാനല്ലേ വിഡ്ഢി.?

മറ്റു വഴികൾ ഇല്ലാത്തതിനാൽ ഞാൻ ചട്ടമ്പിക്കല്യാണിയുടെ ഇരുപതു പ്രിന്റുകൾ തിരിച്ചുവാങ്ങി. തിരുവനന്തപുരത്തു മാഞ്ഞാലിക്കുളം റോഡിൽ ഒരുചെറിയ കെട്ടിടം വാടകയ്‌ക്കെടുത്ത് അതിനു മുമ്പിൽ ഞാൻ ‘കവിതാ ആർട് പിക്ചേഴ്സ്’ എന്ന ബോർഡ് സ്ഥാപിച്ചു. ചട്ടമ്പിക്കല്യാണി ഇനിയുള്ള കാലം നേരിട്ടു വിതരണം ചെയ്യാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ മുപ്പത്താറു വയസ്സു തികയുന്നതിനു മുൻപു തന്നെ ഞാൻ വിതരണക്കാരനുമായി. മദ്രാസിൽ അണ്ണാനഗറിലും കവിതാ ആർട് പിക്‌ചേഴ്‌സിന്റെ ഓഫിസ് തുടങ്ങി കേരളമൊഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ മലയാളസിനിമ പ്രദർശിപ്പിക്കുകയായിരുന്നു ലക്ഷ്യം ഞാൻ നിർമിച്ച ചിത്രങ്ങളോടൊപ്പം നടൻ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം, അക്കൽദാമ, എന്നീ ചിത്രങ്ങളും തിരുവോണം എന്ന ചിത്രവും കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കാനുള്ള അഞ്ചു വർഷത്തെ അവകാശം പണം കൊടുത്തു വാങ്ങി മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്ന മലയാളി സഹോദരങ്ങൾക്കു പുതിയ മലയാളസിനിമകൾ വൈകാതെ കാണാൻ വഴിയൊരുക്കി ഞാൻ സംതൃപ്തനായി. ഏതെങ്കിലും ഒരു ഫിലിമിന്റെ പ്രിന്റ് അടങ്ങുന്ന പെട്ടി ബെഗളൂരുവിലേക്കോ ഭോപ്പാലിലേക്കോ ഡൽഹിയിലേക്കോ പോയിക്കഴിഞ്ഞാൽ അതെന്റെ മദ്രാസ് ഓഫിസിലേക്ക് മടങ്ങിയെത്താൻ ഒരു മാസം പിടിക്കും. ട്രെയിനിൽ പാഴ്‌സൽ ആയിട്ടാണല്ലോ അയയ്ക്കുക. ഈയൊരു മാസത്തിനുള്ളിൽ എന്നിൽ നിന്നും ഒരു പ്രദർശനത്തിനെന്നു പറഞ്ഞു ഫിലിം പെട്ടി വാങ്ങുന്ന മലയാളി സഹോദരൻ എന്നെയറിയിക്കാതെ പല പ്രദർശനങ്ങൾ നടത്തും. ഒരു പ്രദർശനത്തിന്റെ തുകയായ മുന്നൂറു രൂപ എനിക്ക് അയച്ചുതരും. മടങ്ങി വരുന്ന ഫിലിം പ്രിന്റ് ചെക്ക് ചെയ്യുന്ന എന്റെ എഡിറ്റിങ് അസിസ്റ്റന്റ് പറയും. ‘സാർ, ഇത് ഒരുപാട് ഓടിയ പ്രിന്റ് ആണ്. സൈഡ് കട്ട്സ് ധാരാളം.’ മലയാളസിനിമയുടെ ഔട്ട് സൈഡ് കേരള ഡിസ്ട്രബ്യൂഷൻ അങ്ങനെ ഭീമമായ നഷ്ടത്തിലേക്കു നീങ്ങി. കവിതാ ആർട് പിക്ചേഴ്സ് എന്നിട്ടും മുന്നോട്ടുപോയി. കാരണം വാടക കൊടുക്കാനും വൈദ്യുതി ബില്ലും ഫോൺ ബില്ലും അടയ്ക്കാനുള്ള പണം കാമധേനുവായ ചട്ടമ്പിക്കല്യാണി ചെറിയ തിയറ്ററുകളിൽ ഓടി കൃത്യമായി തന്നുകൊണ്ടിരുന്നു.

 തിരുവോണം എന്ന ചിത്രം നിർമിച്ച നിർമാതാവിനെയും വിമലാഫിലിംസ്‌ ചതിച്ചു. വൻ വിജയമാകേണ്ടിയിരുന്ന ആ ചിത്രത്തിലും നിർമാതാവിനു നഷ്ടം വന്നു. 1975 -ൽ തന്നെ ഡ്രഗ്‌ അഡിക്‌ഷൻ എന്ന പ്രശ്നം ഞാൻ സിനിമയിൽ അവതരിപ്പിച്ചു. അന്നു ബോംബെയിലും മറ്റും വെസ്റ്റേൺ മ്യൂസിക് രംഗത്ത് പ്രവർത്തിക്കുന്നവർക്കിടയിൽ എൽഎസ്ഡി എന്ന ലഹരിമരുന്നിന്റെ ഉപയോഗം പടരുന്നതായി ഞാൻ വായിച്ചറിഞ്ഞിരുന്നു. സത്യസന്ധനായ ഇൻകം ടാക്സ് ഉദ്യോഗസ്ഥന്റെ (കെ.പി. ഉമ്മർ) ഏറ്റവും ഇളയ മകൻ ഒരു പോപ് ഗായകനാണ്. ഇരുപതുവയസ്സുള്ള പ്രേംകുമാർ എന്ന യുവഗായകന്റെ വേഷമാണു കമൽഹാസൻ ചെയ്തത്. കമലിനും അന്ന് ഇരുപതുവയസ്സായിരുന്നു. അന്നു തന്നെ കമൽഹാസൻ അതിബുദ്ധിമാനും പുരോഗമനവാദിയുമായിരുന്നു. അച്ഛനും മകനും അമ്മയും (കവിയൂർ പൊന്നമ്മ) തമ്മിലുള്ള രംഗം ചിത്രീകരിക്കുന്ന സമയത്ത് അച്ഛൻ ദേഷ്യത്തിൽ മകനോടു ചോദിക്കുന്നു. ‘സത്യം പറയെടാ. നീയിന്ന് എൽഎസ്ഡി കഴിച്ചോ? ’ ഈ സംഭാഷണം ഞാൻ ഉമ്മറിനു പറഞ്ഞുകൊടുക്കുമ്പോൾ കമൽഹാസൻ രഹസ്യമായി എന്നോടുപറഞ്ഞു. ‘സാർ തെറ്റിധരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം. എൽഎസ്ഡി പഴയ ഡ്രഗ്‌ ആണ്. ഇപ്പോൾ പുതിയ ഒരു സാധനം വന്നിട്ടുണ്ട്. 

ഹെറോയിൻ എന്നാണു പേര്. സാർ എൽഎസ്ഡി മാറ്റി അവിടെ ഹെറോയിൻ എന്നു ചേർത്താൽ പുതുമയായിരിക്കും’. ആ ഇരുപതുകാരന്റെ അറിവ് എന്നെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു, പ്രേംകുമാർ എന്ന ഗായകൻ അവരുടെ സംഘത്തോടൊപ്പം നൃത്തം ചെയ്യുന്ന നർത്തകിയുമായി പ്രണയത്തിലാണ്. പിൽക്കാലത്തു തെലുങ്കിലും തമിഴിലും പ്രശസ്ത നായികയായി വളർന്ന ജയസുധയാണ്‌ അവരുടെ പതിനെട്ടാം വയസ്സിൽ ആ വേഷം അഭിനയിച്ചത്. വിമലാ ഫിലിംസിന്റെ നിലപാടും കേരളത്തിനു പുറത്തുള്ള മലയാളികളെ മാതൃഭാഷാസിനിമകൾ കാണിക്കാനുള്ള ശ്രമവും എനിക്കു കാലം തന്ന ഒരു വലിയ വിജയത്തിന്റെ ശോഭ കെടുത്തിക്കളഞ്ഞു. എങ്കിലും ഞാൻ തളർന്നില്ല. ബഹദൂറിന്റെ ഗാരന്റിയുടെ പിൻബലത്തിൽ വനദേവത എന്ന പേരിൽ ബിമൽറോയിയുടെ മധുമതി മലയാളത്തിൽ നിർമിക്കാൻ മുഴുവൻ ഫിനാൻസും നൽകിയ എന്റെ സുഹൃത്ത് ബാൽത്തസാർ ശരിക്കും പശ്ചാത്തപിച്ചു. യൂസഫലി എഴുതി ദേവരാജൻ ഈണം പകർന്ന നല്ല പാട്ടുകൾ ഉണ്ടായിട്ടും വനദേവത ബോക്സ് ഓഫിസിൽ ദയനീയമായി പരാജയപ്പെട്ടു. ചട്ടമ്പിക്കല്യാണി അദ്ദേഹത്തിന്റെ ഹസീന ഫിലിംസ് വിതരണം ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന് എത്ര ലക്ഷം രൂപ കമ്മീഷനായി കിട്ടുമായിരുന്നു...!

(തുടരും ) 

English Summary: Karuppum veluppum Mayavarnangalum, Sreekumaran Thampi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com