ADVERTISEMENT

പാതിരാത്രി ചുരം കയറിവന്ന ഒരു നല്ല മനുഷ്യന്റെ ഓർമയാണിത്.‌ മുപ്പത്തിരണ്ടു വർഷങ്ങൾക്കു മുൻപുനടന്ന ഒരു ഓണക്കാല യാത്രയുടെ ഓർമ. ബാല്യകാല സുഹൃത്തായ ബാബു, മറ്റൊരു സുഹൃത്ത് ഉമ്മർ. ഞങ്ങൾ ഓണത്തിന്റെ അവധി കണക്കാക്കി ഊട്ടിയിലേക്കു കുടുംബസമേതം ഒരു യാത്ര തീരുമാനിക്കുന്നു. അന്നു ബാബുവിന് നാലും ഒന്നും വയസ്സുള്ള രണ്ടു കുട്ടികൾ. എന്റെ മകനു രണ്ടു വയസ്സ്. ഉമ്മർ വിവാഹം കഴിഞ്ഞു പുതുമോടി.

അന്ന് അംബാസഡർ മാത്രമാണു ടാക്സി. മുന്നിൽ ഡ്രൈവർ കൂടാതെ ബാബുവും ഭാര്യയും രണ്ടു കുട്ടികളും. ബാക്കി ഞങ്ങൾ നാലുപേർ പിൻസീറ്റിലും എന്റെ രണ്ടു വയസ്സുകാരൻ കുപ്പിപ്പാലുമായി ഞങ്ങളുടെ മടിയിലും. ഡ്രൈവറും ഞങ്ങളും ആദ്യമായാണ് ഊട്ടിയിലേക്കു പോകുന്നത്. ഗുണ്ടൽപ്പേട്ടു വഴിയാണു യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്.

ഗുണ്ടൽപേട്ടിലെത്തുമ്പോൾ നോക്കെത്താ ദൂരംവരെ ചെണ്ടുമല്ലിപ്പൂക്കൾ മഞ്ഞയും ചുവപ്പും പരവതാനി നിവർത്തിയിട്ടതുപോലെ. മറ്റൊരു ഭാഗത്ത് സൂര്യകാന്തിപ്പൂക്കളുടെ കാഴ്ച. അവിടെനിന്നു ഗൂഡല്ലൂർ ലക്ഷ്യമാക്കി വണ്ടിയോടിക്കൊണ്ടിരിക്കുന്നു. ക്രമേണ ഇരുട്ടു പരക്കാൻ തുടങ്ങി. കുറച്ചു കിലോമീറ്റർ കൂടി മുന്നോട്ടു നീങ്ങിയപ്പോൾ വഴി രണ്ടായി പിരിയുന്നിടത്തെത്തി. ഇടതുവശത്തേക്ക് ഊട്ടി എന്ന ബോർഡ് കണ്ടു (കല്ലട്ടി വഴി) എളുപ്പവഴിയാണെന്ന് ആരോ പറഞ്ഞു. വരാൻ പോകുന്ന 36 ഹെയർപിൻ വളവുകളെപ്പറ്റി ചില മുന്നറിയിപ്പുകളും എഴുതിവച്ചിരുന്നു. അതൊന്നും മുഴുവൻ വായിക്കാൻ മിനക്കെടാതെ ഞങ്ങൾ മുന്നോട്ടുപോയി.

ഏതാനും ഹെയർപിന്നുകൾ താണ്ടിയപ്പോൾതന്നെ വണ്ടി കിതച്ചുകിതച്ചു നിന്നു. റേഡിയേറ്ററിലെ വെള്ളം തിളച്ചു മുൻവശത്തെ ചില്ലിൽ നീരാവി പടർന്നു. കൂരാക്കൂരിരുട്ട്. ഡ്രൈവർ ഇറങ്ങി ബോണറ്റ് തുറന്നു റേഡിയേറ്ററിൽ വെള്ളം ഒഴിക്കണമെന്ന് അറിയിച്ചു. അതിനെന്താ കുടിക്കാനായി അഞ്ചുലീറ്ററിന്റെ രണ്ടു കന്നാസ് വെള്ളം ഡിക്കിയിൽ കരുതിയിട്ടുണ്ടല്ലോ! അതിൽ ഒന്നല്ലേ തീർന്നിട്ടുള്ളൂ. കാനിലെ വെള്ളം റേഡിയേറ്ററിൽ നിറച്ചു. യാത്ര തുടർന്നു.

അടുത്ത വളവിൽ വീണ്ടും വണ്ടി ഇനി മുന്നോട്ടില്ല എന്ന മട്ടിൽ നിന്നു. സമയം അപ്പോൾ എട്ടെട്ടര ആയിക്കാണും. ഇപ്പോൾ ഞങ്ങൾ ശരിക്കും വിരണ്ടു. ഒരു വിനോദയാത്രയുടെ എല്ലാ ആവേശവും അസ്തമിച്ചു. ചുറ്റും ഇരുട്ട്. അടുത്തു കാണുന്ന ബോർഡ് ഇനിയും മുപ്പതിൽ താഴെ ഹെയർപിൻ വളവുകൾ നിങ്ങളെ കാത്തിരിക്കുന്നു എന്ന് ഓർമപ്പെടുത്തുന്നു. ഒരു വാഹനം പോലും ഇത്രയും നേരമായി ആ വഴി പോയിട്ടില്ല. സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു. എല്ലാവരും പേടിച്ചു കാറിൽ കയറിയിരുന്നു. തണുപ്പ് അധികരിച്ചിരിക്കുന്നു.

കാത്തിരിപ്പിനും ഉദ്വേഗത്തിനും വിരാമമിട്ട് അകലെ ഒരു വാഹനത്തിന്റെ ഇരമ്പൽ കേൾക്കുന്നുണ്ട്. ഒരു വെളുത്ത മാരുതി വാൻ‌ കയറ്റംകയറി വന്നു ഞങ്ങളുടെ മുന്നിൽ ബ്രേക്കിട്ടു. എന്തുപറ്റി? ഞങ്ങൾ വിവരങ്ങൾ പറഞ്ഞു. നിങ്ങളിൽ മൂന്നുപേരെ ഇതിൽ കൊണ്ടുപോകാം. ഭാരം കുറഞ്ഞാൽ നിങ്ങൾക്കു കയറിപ്പോകാൻ കഴിഞ്ഞേക്കും. ഇവരെ ഞാൻ സഫയർ പാരഡൈസ് എന്ന ഹോട്ടലിൽ ആക്കാം. നിങ്ങൾ പിന്നാലെ വന്നാൽ മതി. ബാബുവിനെയും കുടുംബത്തെയും ആ വണ്ടിയിൽ പറഞ്ഞയച്ചു. വീണ്ടും ഞങ്ങൾ ആശങ്കയിലായി. പാതിരാത്രി ഒരു പരിചയവുമില്ലാത്ത ഒരാളുടെ വണ്ടിയിലാണല്ലോ നമ്മൾ ബാബുവിനെയും കുടുംബത്തെയും പറഞ്ഞയച്ചത്!.

ബാക്കിയുള്ള എല്ലാവരുമായി കാർ മെല്ലെ കയറുന്നുണ്ട്. കയറ്റത്തിൽ ഞങ്ങൾ ഇറങ്ങി കാറിനു പിന്നാലെ നടന്നു. അങ്ങനെ അവസാനം ഒരു വിധത്തിൽ ഞങ്ങളും പാരഡൈസ് എന്ന ‘സ്വർഗരാജ്യ’ത്തെത്തി. ബാബുവും കൂട്ടരും എത്തി ഞങ്ങളെ കാത്തിരിക്കുന്നു. അപ്പോൾ പാതിരാത്രി രണ്ടുമണി കഴിഞ്ഞിരിക്കണം. ആപൽഘട്ടത്തിൽ രക്ഷകനായി എത്തിയ ആ മഹാമനസ്സിന്റെ പേര് ഇക്ബാൽ സേട്ട് എന്നാണെന്നും, അദ്ദേഹത്തിനോടു ബന്ധപ്പെട്ടതാണ് ഹോട്ടൽ എന്നും, എറണാകുളം അബാദ് പ്ലാസ ഫാമിലിയിൽനിന്നു വിവാഹബന്ധമുണ്ടെന്നും ബാബുവിനോടു യാത്രാമധ്യേ പറഞ്ഞറിഞ്ഞു.

ആ നല്ല മനുഷ്യനോടു തീർത്താൽ തീരാതെ കടപ്പെട്ടിരിക്കുന്നു ഞങ്ങളുടെ കുടുംബം. ഞങ്ങളെ യഥാസമയത്തു സഹായിച്ച അദ്ദേഹത്തെ ഇപ്പോഴും ഞങ്ങൾ നന്ദിയോടെ സ്മരിക്കാറുണ്ട്. 

English Summary: Marakkillorikalum- Sunday special story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com