മതിലുകൾ പൊളിച്ച് ധ്യാനം ചെയ്ത് ‘സന്യാസ വിപ്ലവം’

lakshmi-narayan
ലക്ഷ്മി നാരായൺ ത്രിപാഠി. ചിത്രം: അരവിന്ദ് ബാല ∙മനോരമ
SHARE

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ സന്യാസകൂട്ടായ്മ സ്ഥാപിച്ച, അതിന്റെ നേതൃസ്ഥാനത്ത് ആചാര്യ മഹാമണ്ഡലേശ്വർ പദവി വഹിക്കുന്ന ലക്ഷ്മി നാരായൺ ത്രിപാഠി പിന്നിട്ട കഠിനവഴികൾ

മഴയൊന്നു തോർന്ന്, വെയിൽ വീണു തിളങ്ങിയ അൽപനേരം. ആ വെയിൽത്തുണ്ടു പോലെ സുവർണനൂലുകൾ മിന്നിയ മുടിയിഴകൾ തഴുകി, താൻ കടന്നുവന്ന വേനലുകളെക്കുറിച്ചു പറഞ്ഞു, ലക്ഷ്മി നാരായൺ ത്രിപാഠി.

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ സന്യാസ കൂട്ടായ്മ സ്ഥാപിച്ച, അതിന്റെ നേതൃസ്ഥാനത്ത് ആചാര്യ മഹാമണ്ഡലേശ്വർ എന്ന പദവി വഹിക്കുന്ന ലക്ഷ്മി കൊല്ലം ഓച്ചിറ ആലുംപീടികയിലെ ആയുർവേദ ചികിത്സാകേന്ദ്രത്തിലെത്തിയതാണ്. ‘സമൂഹത്തിന്റെ പിന്തുണയുണ്ടെങ്കിൽ ട്രാൻസ്ജെൻഡറുകളിൽ പലർക്കും എന്നെക്കാൾ മികച്ച കാര്യങ്ങൾ നടപ്പാക്കാൻ കഴിയും’ എന്നു പറയുന്നു അവർ.

‘വിഷം കൊടുത്തു കൊന്നേക്ക്...’ എന്നു പറഞ്ഞവരുടെ മുന്നിൽ മകനെ ചേർത്തുപിടിച്ചു നിന്ന അമ്മ, കളിയാക്കിയവരോട് ‘എനിക്ക് ആണിനും പെണ്ണിനും മൂന്നാമതൊരാൾക്കും ജന്മം നൽകാനായല്ലോ’ എന്നു പറഞ്ഞു ചിരിച്ച അച്ഛൻ... അവരുടെ കൈപിടിച്ചാണു ലക്ഷ്മി തന്റെ പ്രതിസന്ധികളെ തകർത്തെറിഞ്ഞത്. മുംബൈ താനെയിലെ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബമായിരുന്നു അത്. അവിടത്തെ മൂത്ത മകനു ജനിക്കും മുൻപേ മുത്തച്ഛൻ പേരിട്ടിരുന്നു; ലക്ഷ്മിനാരായൺ. പക്ഷേ, വളർന്നുതുടങ്ങിയപ്പോൾ അവനിലെ സ്ത്രീ ചലനങ്ങൾ ആദ്യം തിരിച്ചറിഞ്ഞതും കുത്തിനോവിച്ചതും സമൂഹമാണ്.

‘ഞാനൊരു സാധാരണ കുട്ടിയായിരുന്നു. എന്നിലൊരു സ്ത്രീയുണ്ടെന്നു സ്വയം തിരിച്ചറിഞ്ഞതല്ല. തിരിച്ചറിയാൻ സമൂഹം എന്നെ നിർബന്ധിതയാക്കിയതാണ്.’– ലക്ഷ്മി പറയുന്നു.

തിരിച്ചറിവിന്റെ തീക്ഷ്ണത

‘ഞാനാരെയും വകവച്ചില്ല’ എന്ന ഒറ്റവാക്കിൽ അവർ ആ ഓർമകളെ നിറച്ചു. ‘പിന്തുണയ്ക്കാൻ എന്റെ മാതാപിതാക്കൾ ഉണ്ടായിരുന്നു. ലിംഗപരമായ പ്രതിസന്ധി നേരിടുമ്പോൾ ഏറ്റവും പിന്തുണ വേണ്ടതു കുടുംബത്തിൽനിന്നു തന്നെയാണ്. യാഥാസ്ഥിതിക കുടുംബത്തിൽനിന്നായിട്ടും മൂത്ത കുട്ടിയായ എന്നെ അവർ വേണ്ടെന്നുവച്ചില്ല. മികച്ച വിദ്യാഭ്യാസം നൽകി. എന്റെ ആശയങ്ങളെ പിന്തുണച്ചു. സ്വയം മനസ്സിലാക്കി ജീവിക്കാൻ അനുവദിച്ചു. ആളുകൾ എന്നെ കളിയാക്കുമായിരുന്നു.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇത്തരം പ്രവൃത്തികളോട് ‘അരുത്’ എന്നുറക്കെപ്പറയുന്നത്.

അതിനുശേഷം മറ്റുള്ളവരുടെ സമീപനത്തിൽ മാറ്റം വന്നു...’ കല്ലുറപ്പുള്ള വാക്കുകൾ. ലക്ഷ്മിക്കു ബലമായി നിന്ന അച്ഛൻ ചന്ദ്രദേവ് ത്രിപാഠിയും അമ്മ വിദ്യാവതി തിവാരിയും ഇന്നില്ല. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അമ്മയുടെ വിയോഗം.

lakshmi-narayan-2
ലക്ഷ്മി നാരായൺ ത്രിപാഠി. ചിത്രം: അരവിന്ദ് ബാല ∙മനോരമ

നൃത്തം, ജീവിതച്ചുവടുകൾ

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ നൃത്തം പഠിപ്പിക്കാൻ തുടങ്ങിയ ലക്ഷ്മി നൃത്തപഠനവും ഒപ്പം തുടർന്നു. അരങ്ങേറ്റവും നടത്തി.

ബിരുദവും ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. നൃത്ത പരിപാടികളിലൂടെ പ്രശസ്തയായ അവർ പിന്നീടു ടിവി ഷോകളിലൂടെയും അറിയപ്പെട്ടു. ട്രാൻസ് സമൂഹത്തെ ഉൾപ്പെടുത്തി ആദ്യമായി ഫാഷൻ ഷോകൾ നടത്തിയതും ലക്ഷ്മിയാണ്. സാമൂഹികസേവനത്തിലേക്കു നീങ്ങിയതിനു പിന്നിൽ നീറുന്ന കഥയുണ്ട്. 1990 കളിലാണ് ലക്ഷ്മിയുടെ ഉറ്റസുഹൃത്തായ പെൺകുട്ടി എച്ച്ഐവി ബാധിച്ചു മരിക്കുന്നത്. ചികിത്സ തേടാനുള്ള സൗകര്യങ്ങളില്ലായിരുന്നു. ആ വേദനയാണു മറ്റുള്ളവർക്കായി പ്രവർത്തിക്കണമെന്ന വാശിയിലെത്തിച്ചത്.

കിന്നർ അഖാഡ

പുരാണങ്ങളിൽപ്പോലും പരാമർശിക്കപ്പെടുമ്പോഴും പരിഹാസമേറ്റു വാങ്ങി സമൂഹത്തിന്റെ ഓരത്തു കൂടി തലകുനിച്ചു നടന്ന ട്രാൻസ് സമൂഹത്തിനായി 2015 ലാണ് അഖാഡ രൂപീകരിക്കുന്നത്. മൂന്നാം വിഭാഗമായി അംഗീകരിച്ചും പൗരാവകാശങ്ങൾ ഉറപ്പാക്കിയും 2014ൽ  സുപ്രീം കോടതി വിധി വരും വരെ അസ്തിത്വമില്ലാതിരുന്നവർ.  2019ൽ മറ്റു സന്യാസിമാർക്കൊപ്പം കുംഭമേളയിൽ പങ്കെടുക്കാനും രാജകീയ സ്നാനത്തിനും കിന്നർ അഖാഡയ്ക്ക് അവസരം ലഭിച്ചു. ആ പാതയും എളുപ്പമുളളതായിരുന്നില്ല, 13 അഖാഡകൾ പങ്കെടുക്കുന്ന മേളയിൽ 14 ാമത്തേതായി എത്തിയ കിന്നർ അഖാഡ മറ്റുള്ളവർക്കു സ്വീകാര്യമാകാൻ സമയമെടുത്തു. ഏറ്റവും വലിയ അഖാഡയായ ജൂണ അഖാഡയുമായി ചേർന്നതോടെയാണു വഴി തെളിഞ്ഞത്. ഒപ്പം ശങ്കരാചാര്യ വാസുദേവാനന്ദ് സരസ്വതിയുടെ പൂർണ പിന്തുണയും ഉണ്ടായിരുന്നു.

മുൻപു മനസ്സുരുകി നടന്ന പാതകളിലൂടെ കുംഭമേളയിൽ രഥത്തിലേറി വന്ന ലക്ഷ്മിനാരായൺ ത്രിപാഠിയെ ജമന്തിമാലകളണിയിക്കാനും തൊട്ടുതൊഴാനും ആളുകൾ തിരക്കുകൂട്ടി. ഭിക്ഷയെടുത്തോ ശരീരം വിറ്റോ ജീവിച്ചിരുന്നവർ ആത്മീയതലത്തിലേക്ക് ഉയരാനും അതുവഴി സമൂഹത്തിൽ അംഗീകാരം നേടാനും ഇടയാക്കിയതിനാൽ ലക്ഷ്മിയെ ട്രാൻസ്ജെൻഡർ വ്യക്തികളിൽ ഒരുവിഭാഗം  ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന കിന്നർ അഖാഡയിൽ ആചാര്യയ്ക്കു കീഴിൽ മഹാമണ്ഡലേശ്വർ പദവികളിലായി 21 പേരുണ്ട്. വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവർ ഈ കൂട്ടായ്മയിലുണ്ട്. 

ഇതിനിടെ ചില എതിർപ്പുകളും ലക്ഷ്മിക്കെതിരെയുണ്ടായി. രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ചുളള പരാമർശത്തെ ചൊല്ലി ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നു തന്നെ എതിർപ്പുകൾ ഉയർന്നു.  2021 ലെ കുംഭമേളയിൽ കോവിഡ് മാനദണ്ഡം ലംഘിച്ചു പങ്കെടുത്തതിന് എതിരെയും  പ്രതിഷേധമുണ്ടായി.

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ ട്രാൻസ്ജെൻഡർ കൗൺസിലിൽ അംഗമാണു ലക്ഷ്മി. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ എൽജിബിടിക്യുഐ കമ്യൂണിറ്റി വിഭാഗത്തിന്റെ കോർ ഗ്രൂപ്പ് അംഗം കൂടിയാണ്. യുഎന്നിൽ ഏഷ്യാ– പസിഫിക് പ്രതിനിധിയായി ട്രാൻസ്കൂട്ടായ്മയുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കിഴക്കൻ ഡൽഹിയിലാണു താമസിക്കുന്നത്. ട്രാൻസ് സമൂഹത്തിനായി മുംബൈയിൽ ഗൗരവ് ഓർഗനൈസേഷൻ എന്ന സംഘടനയും നടത്തുന്നുണ്ട്. കിൻ നീർ എന്ന കുടിവെള്ള പദ്ധതിക്കും അവർ നേതൃത്വം നൽകുന്നു. ഇപ്പോൾ പ്രായം 44.

lakshmi-narayan-1
ലക്ഷ്മി നാരായൺ ത്രിപാഠി. ചിത്രം: അരവിന്ദ് ബാല ∙മനോരമ

അരുത്...!

ലിംഗവ്യത്യാസത്തിന്റെ പേരിൽ കുട്ടികളെ തെരുവിലേക്ക് വലിച്ചെറിയുന്നതു സങ്കടകരമാണ്. കുട്ടി എങ്ങനെയാണോ അങ്ങനെത്തന്നെ അംഗീകരിക്കുക. അപ്പോഴേ മാറ്റങ്ങളുണ്ടാകൂ. ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് കൃത്യമായ മാർഗനിർദേശം വേണം. ആദ്യമായി വേണ്ടത് ഇത്തരം ശസ്ത്രക്രിയകളിൽ ‍വൈദഗ്ധ്യം നേടിയ ഡോക്ടർമാരെയാണ്. ചികിത്സാ സംവിധാനങ്ങൾ പിന്നാലെ വരേണ്ടതാണ്. –ലക്ഷ്മി നാരായൺ ത്രിപാഠി

തുറിച്ചുനോട്ടമില്ലാത്ത കേരളം

2008 ൽ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ലക്ഷ്മിനാരായൺ ഇങ്ങനെ പറഞ്ഞിരുന്നു; ‘പൂർണസാക്ഷരതയുള്ള നാട്ടിൽ ആദ്യമായി എത്തിയപ്പോൾ മുതൽ അദ്‌ഭുതവസ്‌തുവിനെപ്പോലെ എല്ലാവരും എന്നെ തുറിച്ചുനോക്കുകയാണ്’.

ഇപ്പോൾ സ്ഥിതിയെങ്ങനെയാണ്....? എന്ന ചോദ്യത്തോട് അവർ ആവേശത്തോടെ പ്രതികരിച്ചു:

‘കേരളം ഒരുപാടു മാറി. ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള നയത്തിനു രൂപം നൽകിയ ആദ്യ സംസ്ഥാനമാണിത്. വിവിധയിടങ്ങളിൽ സർക്കാർ ഞങ്ങൾക്ക് അവസരം നൽകി. ഒരുകാലത്ത് ട്രാൻസ്ജെൻഡറുകൾ ഉണ്ടെന്ന് അംഗീകരിക്കാൻ മടിയായിരുന്ന കേരളം ആ പുറന്തോടു പൊളിച്ചു പുറത്തുവന്നു. മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയായി. അത് അഭിനന്ദനാർഹമാണ്. ആഘോഷിക്കപ്പെടേണ്ടതാണ്.’

മനസ്സിലെ മലയാളം

ലക്ഷ്മിനാരായൺ ത്രിപാഠിയുടെ നൃത്താധ്യാപികയും ഉറ്റസുഹൃത്തുക്കളും മലയാളികളാണ്. അടുത്ത സുഹൃത്തായിരുന്ന, പാലക്കാട് സ്വദേശി പ്രവീണിന്റെ മരണം അവരെ ഇന്നും നോവിക്കുന്നു. മാതാ അമൃതാനന്ദമയിയെ അമ്മയുടെ സ്ഥാനത്തു കാണുന്ന ലക്ഷ്മി ഇടയ്ക്കു മഠത്തിലെത്താറുമുണ്ട്.

കോടതിവിധിക്കു ശേഷവും

2014 ലാണു ട്രാൻസ്ജെൻഡറുകൾക്ക് അനുകൂലമായി സുപ്രീംകോടതി വിധി വരുന്നത്. ‘പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഞങ്ങൾക്കായി നിയമം വന്നു. ശരിയാണ്, എല്ലാം എപ്പോഴും പൂർണമാകണമെന്നില്ല. എങ്കിലും ഞങ്ങൾക്കായി ഇപ്പോൾ ഒരു നിയമമുണ്ട്.

അഭയകേന്ദ്രങ്ങളൊരുക്കുന്ന ഗരിമ ഗൃഹ് യോജന, പുനരധിവാസവും ക്ഷേമവും ഉറപ്പാക്കുന്ന സ്മൈൽ പോലെയുള്ള പദ്ധതികൾ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിനു കീഴിൽ നടപ്പായി. പക്ഷേ, ട്രാൻസ്ജെൻഡറുകളെ ഒബിസി ക്വോട്ടയിൽ ഉൾപ്പെടുത്തണമെന്നതു പോലെയുള്ള കാര്യങ്ങൾ നടപ്പായിട്ടില്ല. കേന്ദ്രതലത്തിൽ അനുകൂല നടപടിയുണ്ടാകുമെന്നാണു പ്രതീക്ഷ’– അവർ പറയുന്നു. ട്രാൻസ് സമൂഹത്തെ ഉൾക്കൊള്ളാൻ പുതിയ തലമുറയ്ക്കു കഴിയുന്നുണ്ടെന്ന ആഹ്ലാദവും അവർ പങ്കുവച്ചു.

English Summary: Laxmi Narayan Tripathi: The activist who fought against all odds for social change

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS