മറക്കില്ല, നായിക് പത്മനാഭനെ

Nurse
SHARE

മിലിറ്ററി നഴ്സിങ് കോളജിലെ എന്റെ പഠനം അവസാനിച്ച് പരീക്ഷാഫലം കാത്തിരിക്കുന്ന സമയത്താണ്, 1971 ഡിസംബറിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം ആരംഭിക്കുന്നത്.

വല്ലാത്ത ഭയപ്പാടിലായിരുന്നു ഞങ്ങൾ മലയാളി പെൺകുട്ടികൾ. രാത്രിയിൽ സൈറൺ മുഴങ്ങുമ്പോൾ കന്റോൺമെന്റ് ഏരിയയിലെ ലൈറ്റുകളെല്ലാം ഓഫാക്കും. അടുത്ത സൈറൺ മുഴങ്ങുന്നതുവരെ ഇരുട്ടത്തിരിക്കണം. മുറിയിൽ മെഴുകുതിരിപോലും കത്തിക്കാൻ അനുവാദമില്ല. വിമാനങ്ങളുടെ ഇരമ്പൽ ബോംബ് ഭീതി പരത്തിയിരുന്നു. യുദ്ധത്തിൽ പരുക്കേറ്റ ധാരാളം പട്ടാളക്കാർ മിലിറ്ററി ആശുപത്രിയിൽ എത്തിക്കൊണ്ടേയിരുന്നു. എവിടെയും ചോരയുടെ മണമായിരുന്നു. ഊണും ഉറക്കവുമില്ലാതെ ഞങ്ങൾ അവരെ പരിചരിച്ചു. യുദ്ധം അവസാനിച്ചു. ഞങ്ങളുടെ പരീക്ഷാഫലം വന്നു. കമ്മിഷനിങ്ങും പാസിങ് ഔട്ട് പരേഡും ഒക്കെ കഴിഞ്ഞു രാജ്യത്തിന്റെ പല ഭാഗത്തേക്കും പോസ്റ്റിങ് ആയി. എനിക്കു കിട്ടിയതു ഡൽഹി കമാൻഡ് ഹോസ്പിറ്റലാണ്. ഓഫിസേഴ്സ് വാർഡിൽ ഡ്യൂട്ടി.

യുദ്ധത്തിൽ അവയവങ്ങൾ നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായമുള്ളവർ. ഹൃദയഭേദകമായ കാഴ്ച. രണ്ടു വർഷത്തിനു ശേഷം കശ്മീരിലേക്കു സ്ഥലംമാറ്റം കിട്ടി. മൂന്നേകാൽ വർഷം ശ്രീനഗർ മിലിറ്ററി ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിച്ചശേഷം പുനെ കമാൻഡ് ഹോസ്പിറ്റലിലേക്കു സ്ഥലംമാറ്റം കിട്ടി. ആദ്യ ഡ്യൂട്ടി കിട്ടിയതു പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ. ഉച്ചഭക്ഷണം കഴിഞ്ഞു ഞാൻ വാർഡിൽ എത്തുമ്പോൾ എല്ലാവരും വിശ്രമിക്കുന്നു. കിടപ്പുരോഗികളെ നോക്കാൻ ഒരു ആയ ഉണ്ട്. അവർ അന്ന് അവധിയിലായിരുന്നു. ഒരാൾ മാത്രം മൂടിപ്പുതച്ചു കിടക്കുന്നു. ഭക്ഷണം കഴിച്ചിട്ടില്ല.

ഞാൻ ഹിന്ദിയിൽ കാര്യം അന്വേഷിച്ചു. മറുപടി ഹിന്ദിയിൽ കിട്ടി– പേര് നായിക് പത്മനാഭൻ. എനിക്കു രണ്ടു കയ്യുമില്ല. കാലുകളും ഇല്ല. എന്നെ ആരും ഭക്ഷണം കഴിപ്പിച്ചില്ല. വിശ്വാസം വരാഞ്ഞ് ഞാൻ പത്മനാഭന്റെ കൈഭാഗവും കാൽഭാഗവും പുതപ്പിനു മുകളിലൂടെ തപ്പിനോക്കി. ശൂന്യം. കാലും കയ്യും പൂർണമായും മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു. ഞാൻ പത്മനാഭനെ ഭക്ഷണം കഴിപ്പിച്ചു.

ഇരുപത്താറു വയസ്സു മാത്രമുള്ള ഈ പാവം തമിഴ് യുവാവിനോട് ദൈവം എത്ര ക്രൂരതയാണു കാട്ടിയത് എന്നു ചിന്തിച്ചുപോയി. ഞാൻ രേഖകൾ പരിശോധിച്ചു. 1971 യുദ്ധത്തിൽ മൈൻ പൊട്ടിത്തെറിച്ചാണ് പത്മനാഭനു കൈകാലുകൾ നഷ്ടമായത്. അച്ഛനും അമ്മയും ഭാര്യയും ഒരു മകനുമുണ്ട് പത്മനാഭന്. ഈ അവസ്ഥയെക്കുറിച്ച് വീട്ടുകാർക്കറിയില്ല. യുദ്ധത്തിൽ പരുക്കുപറ്റി ആശുപത്രിയിലാണെന്നറിയാം.

പുനെ കമാൻഡ് ആശുപത്രിയോടു ചേർന്ന് ഒരു ആർട്ടിഫിഷ്യൽ ലിംബ് സെന്റർ ഉണ്ട്. അവിടെനിന്നു കൃത്രിമ കാലുകളും കൈകളും ഒക്കെ ഫിറ്റ് ചെയ്ത് വീട്ടിൽ പോയി എല്ലാവരെയും കാണും എന്ന പ്രത്യാശയിലായിരുന്നു പത്മനാഭൻ. അതെത്രമാത്രം പ്രായോഗികമെന്നു നമുക്ക് ഊഹിക്കാം.

നിഷ്കളങ്കനായ പത്മനാഭന്റെ മുഖം, ആ നോട്ടം, ആ നിസ്സഹായാവസ്ഥ. എന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. മുഖത്തൊരീച്ച പറ്റിയാൽ, ഉറുമ്പു കടിച്ചാൽ, പ്രാഥമിക ആവശ്യങ്ങൾക്ക്–എല്ലാറ്റിനും മറ്റൊരാളെ ആശ്രയിക്കണം.

1977 ഓഗസ്റ്റ് മാസം ഞാൻ അവധിക്കു വീട്ടിലേക്കു പോയിരുന്നു. വിവാഹം കഴിഞ്ഞു. തിരികെപ്പോയി. സർവീസ് വിട്ടു 45 വർഷത്തിനു ശേഷവും ഞാൻ പത്മനാഭനെ ഓർക്കാറുണ്ട്. മക്കളോടും കൊച്ചുമക്കളോടും പത്മനാഭന്റെ കഥ പറയാറുണ്ട്. യുദ്ധം എത്ര ഭീകരമാണ്. പത്മനാഭൻ ഇന്ന് ഉണ്ടോ? ഉണ്ടെങ്കിൽ ഏത് അവസ്ഥയിലാണ് എന്നു ചിന്തിക്കാറുണ്ട്. മറക്കില്ലൊരിക്കലും പാവം പത്മനാഭനെ!.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA