ADVERTISEMENT

1986ൽ രണ്ടാമത്തെ അവധിക്കു നാട്ടിലെത്തി തിരികെ ഒമാനിലേക്കു പോകുന്നതിന് ഒരാഴ്ച മുൻപു മുതൽ അവിടേക്കു കൊണ്ടു പോകാനായി ‘സ്നേഹപ്പൊതികൾ’ തുരുതുരാ എത്തി;  വകയിലെ ഒരമ്മായി മകൾക്കു നൽകാനായി ഒരു വെട്ടുകത്തിയും ഏൽപിച്ചു. തലേദിവസം പെട്ടി പായ്ക്കു ചെയ്തു തൂക്കം നോക്കിയപ്പോൾ കണ്ണു തള്ളി. വളരെ കൂടുതൽ. അധികഭാരത്തിനു നല്ലൊരു തുക എയർപോർട്ടിൽ നൽകേണ്ടി വരും.

അക്കാലത്തെ ഭേദപ്പെട്ട തുകയായ മൂവായിരം രൂപയും കരുതി യാത്ര തിരിച്ചു. തിരുവനന്തപുരം എയർപോർട്ടിൽ 600 രൂപയാണ് അധിക ചാർജ് നൽകേണ്ടി വന്നത്. എന്നാൽ ബോംബെ വിമാനത്താവളത്തിൽ തിരക്കിയപ്പോൾ ചങ്ക് ഒന്നു പിടച്ചു; 4000 രൂപയോളം അധികച്ചാർജ് നൽകണം. കീശയിൽ വെറും 2400 രൂപ മാത്രം.

 ക്യൂവിൽ നിന്ന പലരെയും നോക്കി; മുഖപരിചയമുള്ള ആരുംതന്നെയില്ല. 

മറുവഴി ചിന്തിച്ചു നിൽക്കുമ്പോൾ ‘സാറെ ജോർജ് സാറെ’ എന്നൊരു വിളി പിറകിൽ. എന്നെത്തന്നെയാണോ വിളിക്കുന്നതെന്ന ചിന്തയിൽ തിരിഞ്ഞു നോക്കിയപ്പോൾ ദാ നിൽക്കുന്നു, നിറചിരിയുമായി ബഷീർ. ഞാൻ ഒമാനിൽ ജോലി ചെയ്യുന്ന അതേ സ്ഥലത്ത് ഒരു തോട്ടത്തിൽ ജോലി ചെയ്യുന്ന എന്റെ ഒരു പേഷ്യന്റു കൂടിയായ ബഷീർ. ചെറിയൊരു ബാഗ് മാത്രമേ ബഷീറിന് ഉണ്ടായിരുന്നുള്ളൂ, ഒരു രൂപപോലും നൽകാതെ, ഞങ്ങളുടെ ലഗേജുകൾ ഒന്നിച്ചു കയറ്റിവിട്ട്, കുശലം പറഞ്ഞ്, നടപടിക്രമങ്ങളുടെ അവസാനഭാഗമായ കസ്റ്റംസ് കൗണ്ടറിൽ എത്തിയപ്പോഴാണ് ബഷീർ ആ കാഴ്ച എന്റെ ശ്രദ്ധയിൽപെടുത്തിയത്. കൗണ്ടറിനു പിന്നിൽ സാരിധാരികളായ, കാഴ്ചയിൽ മലയാളികൾ എന്നു തോന്നിക്കുന്ന മൂന്നു യുവതികൾ കരഞ്ഞുകൊണ്ടു നിൽക്കുന്നു. കാര്യം തിരക്കി. മൂവരും കൊച്ചി സ്വദേശികൾ– രണ്ടു പേർ സ്റ്റാഫ് നഴ്സുമാർ. മറ്റേയാൾ ഹൗസ് മെയിഡും. സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. അവധിക്കു വന്ന സമയത്ത് ഹൗസ് മെയിഡിന്റെ പക്കൽ കുറെ ഇലക്ട്രോണിക് സാധനങ്ങളും സ്വർണവും ഉണ്ടായിരുന്നു. ഡ്യൂട്ടി അടയ്ക്കാനുള്ള പണം ഇല്ലാതിരുന്നതിനാൽ അവയുടെ വിവരം പാസ്പോർട്ടിൽ കുറിച്ചു. തിരികെ പോകുമ്പോൾ ഒന്നുകിൽ സാധനങ്ങൾ തിരികെ കൊണ്ടുപോവുക, അല്ലെങ്കിൽ ഡ്യൂട്ടി അടയ്ക്കുക–അതായിരുന്നു അന്നത്തെ നിയമം.

പാസ്പോർട്ടിൽ രേഖപ്പെടുത്തിയ കാര്യമൊന്നും ഓർക്കാതെ ആ സാധനങ്ങൾ അവർ നാട്ടിൽ വിറ്റു.  ബോംബെ എയർപോർട്ടിൽ എത്തിയപ്പോഴാണ് കാര്യമെല്ലാം തകിടംമറിഞ്ഞത്. ഒന്നുകിൽ കസ്റ്റംസ് അസിസ്റ്റന്റ് കലക്ടർ രേഖപ്പെടുത്തിയ 5500 രൂപ അടയ്ക്കണം. അല്ലെങ്കിൽ തിരികെ കേരളത്തിലേക്കു പോകണം.

 ആദ്യത്തെ കൗണ്ടറിലെ ഓഫിസറെ സമീപിച്ച് ഞാൻ സ്വയം പരിചയപ്പെടുത്തി വിവരം അറിയിച്ചു. തനിക്കൊന്നും ചെയ്യാൻ സാധിക്കുകയില്ലെന്നും, മൂന്നാമത്തെ കൗണ്ടറിൽ നിൽക്കുന്ന സീനിയർ ഓഫിസറായ നായർ സാബ് മലയാളിയാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ നായർ സാറിന്റെ അടുക്കൽ ചെന്ന് വിനയപൂർവം കാര്യങ്ങൾ അവതരിപ്പിച്ചു. ശുദ്ധമലയാളത്തിൽ ശാന്തഗംഭീരനായ നായർസാർ നിയമവശം എന്നെ പറഞ്ഞു മനസ്സിലാക്കി. അസിസ്റ്റന്റ് കസ്റ്റംസ് കലക്ടർ നിശ്ചയിച്ച തുകയാണ്; എന്തെങ്കിലും കുറവു ചെയ്യാൻ അദ്ദേഹത്തിനു മാത്രമേ സാധിക്കുകയുള്ളൂ. ഡോക്ടർ ഇത്രയും താൽപര്യം കാട്ടിയ സ്ഥിതിക്ക് ‍ഞാനും സഹായിക്കാം. ഡോക്ടറെ പരിചയപ്പെടുത്തി കാര്യം പറയാം. പക്ഷേ, ഒരുവിധ റെക്കമൻഡും നടത്താൻ എനിക്ക് അവകാശമില്ല.

എന്നെയും കൂട്ടി, ആ യുവതിക്ക് ഡ്യൂട്ടി നിശ്ചയിച്ചു കുറിച്ച കടലാസുമെടുത്ത് അദ്ദേഹം നടന്നു; അസിസ്റ്റന്റ് കലക്ടറുടെ ഓഫിസിലെത്തി. നായർസാർ എല്ലാം വിശദമായി പറഞ്ഞതിനുശേഷം തിരികെപ്പോയി. എന്റെ നിൽപും ആകാംക്ഷാഭരിതമായ മുഖവും അസിസ്റ്റന്റ് കലക്ടറിൽ എന്തോ ചലനം സൃഷ്ടിച്ചുകാണണം. ഘനഗംഭീര സ്വരത്തിൽ അദ്ദേഹം പറഞ്ഞു: എനിക്ക് ഇത്രയേ സാധിക്കൂ, 750 രൂപ കുറയ്ക്കാം. 4750 രൂപ അടച്ചിട്ടു പോകൂ. പേപ്പറിൽ ആ കാര്യം കുറിച്ചു തിരികെ തന്നു.

പിന്നെ ഞാനും ബഷീറുംകൂടി നടത്തിയത് അക്ഷരാർഥത്തിൽ ഭിക്ഷയാചിക്കലായിരുന്നു. ക്യൂവിലുണ്ടായിരുന്ന സകലരോടും അറിയാവുന്ന ഹിന്ദിയിലും ഇംഗ്ലിഷിലും കാര്യം പറഞ്ഞിട്ട് കൈനീട്ടി.  പലരും സഹായിച്ചു. ഞാനും ബഷീറും അൽപം മാറിനിന്ന് എന്റെ കൈവശമുണ്ടായിരുന്ന 2400 രൂപയും ബഷീറിന്റെ പക്കലുണ്ടായിരുന്ന 200 രൂപയും പിരിവെടുത്തു കിട്ടിയ തുകയും യുവതികളുടെ കൈവശമുണ്ടായിരുന്ന തുകയും ചേർത്ത് എണ്ണി നോക്കിയപ്പോൾ കഷ്ടിച്ച് 4200 രൂപ. ഇനിയും 550  കൂടി വേണം.

നായർസാറിനോടു പറഞ്ഞപ്പോൾ ഒരിക്കൽകൂടി അസിസ്റ്റന്റ് കലക്ടറെ കാണാൻ പറഞ്ഞു. പിന്നീട് ഞാൻ ഓടുകയായിരുന്നു. അസിസ്റ്റന്റ് കലക്ടർ എന്നെ ചോദ്യഭാവത്തിൽ നോക്കി. കിതപ്പിനിടയിൽ ഞാൻ പറഞ്ഞു: 4200 രൂപ കിട്ടി. സഹായിക്കണം.  ഒരൽപം പരുഷസ്വരത്തിൽ അദ്ദേഹം പറഞ്ഞു: എന്നെ കളിയാക്കുന്നോ?  മുറിയിൽ പരിപൂർണ നിശബ്ദത. വൈകാതെ അദ്ദേഹത്തിന്റെ സ്വരമുയർന്നു: ആ പേപ്പർ ഇങ്ങു തരൂ, ഞാൻ നിങ്ങളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു. പക്ഷേ ഇനി ഈ വഴിക്കു വരരുത്. 250 രൂപ കൂടി കുറയ്ക്കാം. 4500 അടച്ചിട്ടു പോകൂ.

കുറെ പണംകൂടി ലഭിച്ചു. മൊത്തം 4475. ഞാൻ നായർസാറിനെ സമീപിച്ചു പറഞ്ഞു: സാറെ, എനിക്കിനിയും ഓടാൻ വയ്യ. 25 രൂപയുടെ കുറവുണ്ട്. അദ്ദേഹം ഒരു ചെറുപുഞ്ചിരിയോടുകൂടി പോക്കറ്റിൽ നിന്നു പഴ്സ് എടുത്ത് 25 രൂപ എന്നെ ഏൽപിച്ചു. ‍ഞാൻ ചോദ്യഭാവത്തിൽ അദ്ദേഹത്തെ നോക്കി.  ആ വലിയ മനുഷ്യസ്നേഹി എന്റെ തലയിൽ തന്റെ വലതുകൈപ്പടം വച്ചിട്ടു പറഞ്ഞു: എന്റെ നാളിതുവരെയുള്ള ഔദ്യോഗിക ജീവിതത്തിൽ ഇതുപോലൊരു യാത്രക്കാരനെ ഞാൻ കണ്ടിട്ടില്ല, ദൈവം ഡോക്ടറെ അനുഗ്രഹിക്കും.

സാറിനോടു നന്ദി പറഞ്ഞ് ഞാനും ബഷീറുംകൂടി ആ യുവതികളെ സമീപിച്ചു പറഞ്ഞു: ഓകെ, എല്ലാം ഓകെ ആയി.

അപ്പോഴത്തെ അവരുടെ മുഖഭാവം, നിറഞ്ഞൊഴുകുന്ന കണ്ണുകൾ. ഇന്നും ചാരിതാർഥ്യത്തിന്റേതായ നുറുങ്ങുവെട്ടം എൺപതുകാരനായ എന്റെയുള്ളിൽ പറന്നുനടക്കുന്നുണ്ട്. ഞാനും ബഷീറും ധൃതിയിൽ മസ്കത്ത് വിമാനത്തിലേക്കു പോയി.

അന്നത്തെ ആ സഹോദരിമാരേ, നിങ്ങൾ ഇപ്പോൾ എവിടെയാണ്?

Content Highlights: Marakkillorikalum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com