‘ഗാനം’ സിനിമയുടെ ലാഭനഷ്ടങ്ങൾ

ganam
SHARE

സിനിമാഗാനങ്ങളോടു മാത്രമല്ല, സംഗീതം എന്ന കലയോടുതന്നെ എനിക്കു കുട്ടിക്കാലം മുതൽക്കേ അടുപ്പമുണ്ടായിരുന്നു. സംഗീതം പഠിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. പ്രൈമറി ക്ലാസുകളിലും അപ്പർ പ്രൈമറിയിലും സംഗീതം പാഠ്യവിഷയമായിരുന്നു. എല്ലാ വിദ്യാർഥികളും കർണാടകസംഗീതത്തിന്റെ ബാലപാഠങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം. ഞങ്ങളുടെ സംഗീതാധ്യാപിക അമ്പലങ്ങളിലും മറ്റും ഹരികഥാകാലക്ഷേപം നടത്തുന്ന കമലാക്ഷിയമ്മടീച്ചർ ആയിരുന്നു. കമലാക്ഷിയമ്മടീച്ചർ ക്ലാസിൽ പഠിപ്പിച്ച പാഠങ്ങളിൽ നിന്നാണ് ഞാൻ കർണാടക സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. കൂടുതൽ സംഗീതം പഠിക്കാൻ ആഗ്രഹിച്ചപ്പോൾ എന്റെ അമ്മ പറഞ്ഞു. ‘നീ സംഗീതം പഠിച്ച്‌ ഭാഗവതരൊന്നുമാവേണ്ട, നന്നായി പഠിച്ച് ഏതെങ്കിലും ഉദ്യോഗം നോക്കിയാൽ മതി.’ ഹരിപ്പാട്ട് സുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവത്തിനു പേരുകേട്ട ഗായകരുടെ പാട്ടുകച്ചേരിയുണ്ടാവും. എം.എസ്.സുബ്ബുലക്ഷ്മി, കെ.ബി. സുന്ദരാംബാൾ എം.എൽ. വസന്തകുമാരി, ജി.എൻ. ബാലസുബ്രഹ്‍മണ്യം, ദണ്ഡപാണിദേശികർ, ആലത്തൂർ ബ്രദേഴ്‌സ് ഡി.കെ. പട്ടാംബാൾ, ചെമ്പൈ വൈദ്യനാഥഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസയ്യർ തുടങ്ങിയ മഹാഗായകരെല്ലാം മാറിമാറി വന്നു കച്ചേരി നടത്തും ഈ പരിപാടികൾ കൊച്ചുകുട്ടിയായിരുന്ന കാലത്തു തന്നെ പതിവായി കേട്ടിരുന്നതുകൊണ്ടാണ് എനിക്ക് അൽപമൊക്കെ കേൾവിജ്ഞാനവും താളബോധവും ലഭിച്ചത്. സിനിമയിലെത്തിക്കഴിഞ്ഞ് പാട്ടുകൾക്ക് പ്രാധാന്യമുള്ള തിരക്കഥകൾ എഴുതി.

( വിലയ്ക്കുവാങ്ങിയ വീണ, ചന്ദ്രകാന്തം തുടങ്ങിയവ), കർണാടകസംഗീതത്തിനു പ്രാധാന്യം നൽകി ‘ഗാനം’ എന്ന ചിത്രം നിർമിക്കാൻ ഞാൻ 1977ൽ തീരുമാനിച്ചു. നാലു തെന്നിന്ത്യൻ ഭാഷകളിലുമുള്ള നിർമാതാക്കർ, വിതരണക്കാർ, തിയറ്ററുടമകൾ എന്നിവരുടെ പരമാധികാര വാണിജ്യ സംഘടനയായ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് 1977-ൽ പ്രസിദ്ധീകരിച്ച പ്രത്യേക സുവനീറിൽ ഞാൻ കൊടുത്ത പരസ്യം ഇങ്ങനെ –Await! The First south indian film based on Karnatic Music... GAANAM... A film by Sreekumaaran Thampi. ഈ പരസ്യം വന്നു രണ്ടു വർഷങ്ങൾക്കു ശേഷമാണു തെലുങ്ക് സംവിധായകനായ കെ.വിശ്വനാഥൻ അദ്ദേഹത്തിന്റെ ‘ശങ്കരാഭരണം’ എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. നിർഭാഗ്യവശാൽ 1978-ൽ തന്നെ ‘ഗാന’ത്തിന്റെ ഷൂട്ടിങ്ങുമായി മുന്നോട്ടു പോകാൻ എനിക്കു കഴിഞ്ഞില്ല. ഗാനം എന്ന സിനിമയിൽ അന്നു നായകനായി നിശ്ചയിച്ചിരുന്നത് എം.ജി. സോമനെയാണ്; നായികയായി ഷീലയെയും. ഞാൻ സംവിധായകനും നിർമാതാവുമായ രണ്ടാമത്തെ ചിത്രത്തിൽ ( ഭൂഗോളം തിരിയുന്നു) വെറും മൂന്നേ മൂന്നു രംഗങ്ങളിൽ സോമൻ അഭിനയിച്ചിട്ടുണ്ട്. ഗായത്രി എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ആ പുതുമുഖനടനെ ഞാൻ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു. ഞങ്ങൾ ഏതാണ്ട് സമപ്രായക്കാരുമായിരുന്നു. പിന്നീട് ഞാൻ നിർമിച്ച ചട്ടമ്പിക്കല്യാണി, മോഹിനിയാട്ടം പോലെയുള്ള സിനിമകളിലും സോമൻ അഭിനയിച്ചു.

ശശികുമാറിന്റെ സംവിധാനത്തിൽ ഞാൻ നിർമിച്ചുകൊണ്ടിരുന്ന ജയിക്കാനായ് ജനിച്ചവൻ എന്ന വർണചിത്രത്തിന്റെ ഷൂട്ടിങ് മദ്രാസിലെ വാസു സ്റ്റുഡിയോയിൽ നടന്നുകൊണ്ടിരിക്കുന്നു. ആ സമയത്തു ശശികുമാർസാർ ഒരേസമയം മൂന്നു സിനിമകൾ സംവിധാനം ചെയ്യുന്നുണ്ട്. മധു നായകനായ കന്യക എന്ന സിനിമയുടെ റിലീസ് തീയതി അടുത്തുകഴിഞ്ഞു. അതുകൊണ്ട് ആ ചിത്രത്തിന്റെ ക്ലൈമാക്സ് ഉടനെ ഷൂട്ട് ചെയ്യണം. എന്റെ സിനിമയിൽ പ്രേംനസീർ നായകനും എം.ജി.സോമൻ ഉപനായകനും ജയൻ പ്രധാന വില്ലനുമാണ്‌. നായികയായ ഷീല കൊട്ടാരത്തിലെ തമ്പുരാട്ടിയാണ്. അവരുടെ ജോലിക്കാരിയായി കെപിഎസി. ലളിതയും അഭിനയിക്കുന്നു. അന്ന് ഒരു ക്ഷേത്രത്തിലെ ഉത്സവസ്ഥലത്ത് നടക്കുന്ന സംഘട്ടനമാണു ചിത്രീകരിക്കേണ്ടത്. ക്ഷേത്രവും ഉത്സവക്കടകളും വാസു സ്റ്റുഡിയോയുടെ വിസ്താരമേറിയ പറമ്പിൽ സെറ്റ് ഇട്ടിരിക്കുകയാണ്. അഞ്ഞൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകൾ എത്തിയിട്ടുണ്ട്. മദ്രാസ് സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്യുമ്പോൾ പ്രതിഫലം കൊടുത്തു തന്നെ കാണികളായി അഭിനയിക്കാൻ ജൂനിയർ ആർട്ടിസ്റ്റുകളെ യൂണിയനിൽ നിന്നു വിളിക്കണം. നമുക്ക് ഇഷ്ടമുള്ളവരെയും ഷൂട്ടിങ് കാണാൻ വരുന്നവരെയും ആൾകൂട്ടമാക്കാൻ തൊഴിലാളി യൂണിയൻ അനുവദിക്കുകയില്ല. അതായത് എല്ലാ രീതിയിലും വളരെയധികം പണച്ചെലവുള്ള ഷൂട്ടിങ്ങാണ്. തലേന്നാൾ ശശികുമാർ സാർ എന്നോടു പറഞ്ഞു. ‘കുഞ്ഞേ, നാളത്തെ ഷൂട്ടിങ് ഒന്നു നോക്കണം എനിക്കു കന്യകയുടെ ക്ലൈമാക്സ് എടുത്തേ പറ്റൂ. പ്രധാനമായും സ്റ്റണ്ട് സീനാണല്ലോ നമ്മുടേത്. ത്യാഗരാജൻ വരുമല്ലോ. കൂടെ ഒന്നു നിന്നുകൊടുത്താൽ മതി.’ അങ്ങനെ നിർമാതാവായ ഞാൻ അന്നൊരു ദിവസം സംവിധായകനുമായി. തെരുവ് സർക്കസ്സുകാരനാണു പ്രേംനസീർ. ഉത്സവക്കടയിലെ വളക്കച്ചവടക്കാരനാണു സോമൻ. നായകന്റെ കൂടെ സർക്കസ് വേലകൾ കാണിക്കുന്ന സഹോദരിയാണു മല്ലിക. മല്ലികയ്ക്കു കയ്യിൽ വളയിട്ടു കൊടുക്കുന്നതിനിടയിൽ അതിരുകടക്കുന്ന വളക്കച്ചവടക്കാരനെ ആങ്ങളയായ നസീർ തല്ലുന്നു. അത് ഒരു ചെറിയ സംഘട്ടനമായി വളരുന്നു. ഇതിനിടയിൽ കൊട്ടാരത്തിലുള്ളവർ അറിയാതെ രഹസ്യമായി ഉത്സവം കാണാൻ വേലക്കാരിയോടൊന്നിച്ച് അമ്പലത്തിൽ വരുന്ന തമ്പുരാട്ടിയെ റൗഡികൾ പിൻതുടരുന്നു. റൗഡികളിൽ നിന്നു തമ്പുരാട്ടിയെ രക്ഷിക്കുന്നതും തെരുവ് സർക്കസുകാരൻ തന്നെ. രാത്രിയിലാണ് ഷൂട്ടിങ് എന്ന് പറഞ്ഞല്ലോ. ആറരയ്ക്കു തന്നെ പ്രേംനസീർ സ്റ്റുഡിയോയിൽ വന്നു. എന്റെ പടത്തിന്റെ മേക്കപ്മാൻ രാമചന്ദ്രൻ തന്നെയാണ് ശശികുമാർ സംവിധാനം ചെയ്യുന്ന കന്യകയിലും മേക്കപ് ചെയ്യുന്നത്. കന്യകയുടെ ക്ലൈമാക്സ് ആയതുകൊണ്ട് രാമചന്ദ്രൻ ആ ഷൂട്ടിങ്ങിനു പോയി. രാമചന്ദ്രന്റെ പ്രധാന അസിസ്റ്റന്റാണ് ഇവിടെ മേക്കപ്പ് ചെയ്യുന്നത്. ഞാൻ ഇവിടെയുള്ളതുകൊണ്ടാണ് ശശികുമാർസാർ ആ സ്വാതന്ത്ര്യം കാണിച്ചത്, മേക്കപ്പ് കണ്ടിന്യൂവിറ്റി തെറ്റാതെ ഞാൻ ശ്രദ്ധിക്കുമെന്ന് അദ്ദേഹത്തിനറിയാം. നസീർസാർ വന്നപ്പോൾ ഞാൻ മേക്കപ് റൂമിൽ ഉണ്ടായിരുന്നു. ഞാൻ നസീർ സാറിനോടു പറഞ്ഞു, ‘സാർ, ചീഫ് മേക്കപ്മാൻ രാമചന്ദ്രൻ ശശികുമാർ സാറിന്റെ സെറ്റിലാണ്. ഇവിടെ അസിസ്റ്റന്റ് ആണുള്ളത്. രാമചന്ദ്രൻ ചെയ്യുന്നതുപോലെ ഇയാളും ചെയ്യും’. ‘തമ്പിയുടെ പടം. തമ്പിക്ക് വിശാസമൊണ്ടെങ്കിൽ; പിന്നെ എനിക്കെന്ത്..?’ യാതൊരു എതിർപ്പുമില്ലാതെ നസീർസാർ കസേരയിൽ ഇരുന്നു. എന്നിട്ട് സ്നേഹത്തോടെ അയാളോട് ചോദിച്ചു. ‘നിനക്ക് വിഗ്ഗ് ഒക്കെ വയ്ക്കാനറിയാമല്ലോ. അല്ലേ ? ’ ‘അറിയാം സാർ.’ എന്ന് വിനീതനായി അയാൾ പറഞ്ഞു. അങ്ങനെ മേക്കപ്പ് തുടങ്ങി.

Sreekumaran Thampi
ശ്രീകുമാരൻ തമ്പി

മേക്കപ്പ് ചെയ്യുന്ന സമയത്ത് നസീർസാർ ചെറുതായൊന്നുമയങ്ങും. രാവിലെ ആറു മുതൽ രാത്രി രണ്ടുവരെയാണ് അക്കാലത്ത് നസീർസാർ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നത്. ഈ സമയത്തിനുള്ളിൽ മൂന്നു സ്റ്റുഡിയോകളിൽ മൂന്നു സിനിമകളിൽ അഭിനയിക്കും. വെളുപ്പിനു രണ്ടുമണി കഴിഞ്ഞു വീട്ടിലെത്തിയാൽ വീണ്ടും രാവിലെ ആറുമണിക്ക് സ്റ്റുഡിയോയിലേക്ക്... പാവത്തിനു നന്നായൊന്നുറങ്ങാൻ എവിടെയാണു സമയം..? ഷീലയും കെപിഎസി. ലളിതയും സ്റ്റണ്ട് നടന്മാരും തയാറായി. പക്ഷേ, എം.ജി.സോമനെ കാണുന്നില്ല. ആറര മുതൽ നസീർസാർ റെഡിയായിരിക്കുന്നു. സോമൻ എത്തിയത് എട്ടരയ്ക്ക്. അന്നത്തെ മലയാളസിനിമയിലെ ഏറ്റവും വലിയ താരമായ പ്രേംനസീർ എം.ജി.സോമൻ വരാൻ വേണ്ടി രണ്ടുമണിക്കൂറായി കാത്തിരിക്കുന്നു. അദ്ദേഹത്തിന് പരിഭവമോ പരാതിയോ ഇല്ല. എന്റെ മനസ്സിലാണ് കുറ്റബോധം. ഇത് ഞാൻ നിർമിക്കുന്ന സിനിമയുടെ സെറ്റ് ആണ്. സോമൻ വരാൻ വൈകും തോറും നസീർസാറിന്റെ മുഖത്ത് നോക്കാൻ പോലും കഴിയാതെ ഞാൻ വിഷമിക്കുകയാണ്.

സോമൻ കാറിൽ നിന്നിറങ്ങുമ്പോൾ ഞാൻ എന്റെ കസേരയിൽ നിന്ന് എഴുന്നേറ്റു. ഞാൻ സോമന്റെയടുത്തേക്കു പോകാൻ തുടങ്ങുമ്പോൾ നസീർസാർ പറഞ്ഞു. ‘തമ്പി, ഇപ്പോൾ വഴക്കിനൊന്നും പോവേണ്ട. അയാളോട് എത്രയും പെട്ടെന്നു മേക്കപ് ചെയ്തു വരാൻ പറ. നമ്മടെ കാര്യം നടക്കട്ടെ’ ഞാൻ മേക്കപ്പ് റൂമിൽ കയറിയപ്പോൾ ജ്വലിച്ചു നിൽക്കുന്ന സോമനെയാണു കണ്ടത്. ദേഷ്യത്തിൽ സോമൻ ചോദിച്ചു. ‘മേക്കപ്പ്മാൻ രാമചന്ദ്രനെവിടെ ?’ ‘ ഇന്ന് രാമചന്ദ്രൻ വന്നിട്ടില്ല. അസിസ്റ്റന്റ് ഉണ്ട്. അയാൾ മേക്കപ്പ് ചെയ്യും’ ഞാൻ പറഞ്ഞു. ‘അത് പറ്റില്ല.’ സോമൻ ശബ്ദമുയർത്തി പറഞ്ഞു. ‘അസിസ്റ്റന്റ് മേക്കപ്പ് ചെയ്‌താൽ ശരിയാവില്ല. രാമചന്ദ്രൻ വന്നാലേ ഞാൻ മേക്കപ്പ് ചെയ്യൂ.’ അതാ അവിടെയൊരാളിരിക്കുന്നു. പ്രേംനസീർ,അദ്ദേഹത്തെ മേക്കപ് ചെയ്തത് ഈ അസിസ്റ്റന്റ് ആണ്. ‘പ്രേംനസീർ ചെയ്യുന്നതൊക്കെ ഞാൻ ചെയ്യണമെന്നൊണ്ടോ ? ’ എന്ന് സോമൻ. പിന്നെ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ‘ ഇയാൾക്ക് സൗകര്യമുണ്ടെങ്കിൽ മേക്കപ് ചെയ്യ്. ഇല്ലെങ്കിൽ തിരിച്ചു പൊയ്ക്കോ.’ എന്നു പറഞ്ഞു ഞാൻ ഷൂട്ടിങ്ങിനു തയാറായിരിക്കുന്ന പ്രേംനസീർ ഉൾപ്പെടെയുള്ള ആർട്ടിസ്റ്റുകളുടെയടുത്തേക്കു നടന്നു. ഞാൻ മേക്കപ് റൂമിൽ നിന്നിറങ്ങുമ്പോൾ എം.ജി. സോമന്റെ കമന്റ് വ്യക്തമായി കേട്ടു. ‘ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഒരു പ്രൊഡക്‌ഷൻ കമ്പനി.’ കുറച്ചുനേരം കഴിഞ്ഞ് അസിസ്റ്റന്റ് ചെയ്ത മേക്കപ്പോടുകൂടി തന്നെ സോമൻ ഷൂട്ടിങ് സ്ഥലത്തുവന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുകയും ചെയ്തു. പക്ഷേ രണ്ടര വരെ ഷൂട്ടിങ്ങിനു നേതൃത്വം നൽകിയതിനു ശേഷം വീട്ടിൽ വന്നു കട്ടിലിൽ കിടന്നിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ‘യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഒരു പ്രൊഡക്‌ഷൻ കമ്പനി’ എന്ന സോമന്റെ വാക്കുകൾ എട്ടു ദിക്കുകളിലും പ്രതിധ്വനിക്കുന്നതു പോലെ. അടുത്ത ദിവസം രാവിലെ ഉണർന്നപ്പോൾ തന്നെ ഞാൻ എന്റെ ഓഫീസ് മാനേജർ സദാനന്ദനെ ഫോൺ ചെയ്തു വരുത്തി. സോമനു കൊടുക്കാനുള്ള പ്രതിഫലത്തിന്റെ ബാക്കി തുകയ്ക്ക് ചെക്ക് എഴുതി. ചെക്കിനോടൊപ്പം ഒരു കത്തും ഉള്ളടക്കം ചെയ്തു. കത്തിൽ ഞാൻ ഇങ്ങനെ എഴുതി. പ്രിയപ്പെട്ട സോമന്, താങ്കൾക്കു തരാനുള്ള പ്രതിഫലത്തിന്റെ ബാക്കി തുകയ്ക്ക് ചെക്ക് ഇതോടൊപ്പം. ഗാനം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് ഞാൻ താങ്കളിൽ നിന്നും കോൾഷീറ്റ് വാങ്ങിയിരുന്നു. ആ കോൾഷീറ്റ് ഉത്തരവാദിത്വമുള്ള വേറെ ഏതെങ്കിലും നിർമാതാവിനു കൊടുക്കുക. എന്റെ ഗാനം എന്ന സിനിമയുടെ നായകസ്ഥാനത്തു നിന്നു താങ്കളെ ഒഴിവാക്കുന്നു. ജയിക്കാനായ് ജനിച്ചവൻ എന്ന ചിത്രത്തിനു മുഴുവൻ പ്രതിഫലവും തന്നു കഴിഞ്ഞു. അതുകൊണ്ട് ഞാൻ ആവശ്യപ്പെടുന്ന സമയത്ത് സ്റ്റുഡിയോയിൽ വന്നു സംഭാഷണം ഡബ്ബ് ചെയ്തുതരാനുള്ള മാന്യത താങ്കൾ കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു. ചെക്കും കത്തും കയ്യിൽ കിട്ടിയപ്പോൾ സോമൻ എന്നെ ഫോണിൽ വിളിച്ചു. ( അന്ന് മൊബൈൽ ഫോൺ സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു. ലാൻഡ് ഫോൺ മാത്രമേയുള്ളു ) എനിക്കൽപം സംസാരിക്കാനുണ്ടെന്നു സോമൻ പറഞ്ഞു. എനിക്കൊന്നും സംസാരിക്കാനില്ല എന്നു ഞാനും പറഞ്ഞു. അങ്ങനെ നാലുവർഷക്കാലം നീണ്ടു നിന്ന ഞങ്ങളുടെ സൗഹൃദം ഒരു പ്രതിസന്ധിയിൽ എത്തി. പെട്ടെന്ന് വികാരാധീനനാകുന്നവനാണ് കലാകാരൻ. അയാൾ പെട്ടെന്ന് ക്ഷോഭിക്കും. അതിൽ ആരും തെറ്റ് പറയില്ല. ചലച്ചിത്രസംവിധാനത്തിൽ കലയും കരകൗശലവും ഉണ്ട്. എന്നാൽ ചലച്ചിത്രനിർമാണം വ്യവസായമാണ്. അതുകൊണ്ടാണ് ഫിലിം ഇൻഡസ്ട്രി എന്നു പറയുന്നത്. വ്യവസായി ഒരിക്കലും വികാരത്തിന് അടിമപ്പെടാൻ പാടില്ല. ഈ സത്യം ഞാൻ പലപ്പോഴും മറന്നുപോയി. പെട്ടെന്ന് സോമന്റെ നാവിൽ നിന്നു വീണ ഒരു വാക്കിന്റെ പേരിൽ, അത് എന്റെ അഭിമാനത്തെ സ്പർശിച്ചു എന്ന കാരണത്താൽ, ഞാൻ ഗാനം എന്ന സിനിമയുടെ ഷൂട്ടിങ് അനിശ്ചിതകാലത്തേക്കു മാറ്റി വയ്ക്കുകയാണുണ്ടായത്. അന്നു ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ശങ്കരാഭരണം വരുന്നതിന് ഒന്നര വർഷം മുൻപ് എന്റെ ഗാനം തിയറ്ററുകളിൽ എത്തുമായിരുന്നു.

സിനിമാനിർമാതാവ് എന്ന നിലയിൽ എനിക്കുണ്ടായ സാമ്പത്തികനഷ്ടങ്ങൾക്കു വീണ്ടുവിചാരമില്ലാതെ നിമിഷങ്ങൾക്കുള്ളിൽ ഞാനെടുത്ത ചില തീരുമാനങ്ങളും കാരണമായിട്ടുണ്ട് എന്ന സത്യം തുറന്നു പറയാൻ ഇപ്പോൾ എനിക്കു മടിയില്ല അധികം വൈകാതെ ഷീല പറഞ്ഞു. ‘ തമ്പീ, ഞാൻ അഭിനയം മതിയാക്കുകയാണ്. തമ്പിയുടെ മ്യൂസിക്കൽ പടത്തിൽ നായികയായി മറ്റാരെയെങ്കിലും നോക്കൂ.’ ഗാനം എന്ന ചിത്രത്തിലെ നായകനായ ഗായകൻ അരവിന്ദാക്ഷൻ ഭാഗവതർ ദലിത് യുവാവാണ്. നായികയായ പാലക്കാട്ട് രുഗ്മിണിയായി ഞാൻ ലക്ഷ്മിയെ മനസിൽ കണ്ടു. നായകനാര്....? പ്രായംകൊണ്ടും രൂപംകൊണ്ടും നസീർസാറും മധുച്ചേട്ടനും ആ വേഷം യോജിക്കില്ല. താടി വളർത്തി തോളിൽ സഞ്ചിയും തൂക്കി നടക്കുന്ന കലാകാരനല്ല ഗാനം എന്ന സിനിമയിലെ അരവിന്ദാക്ഷൻ. അയാൾ അധ്വാനിക്കുന്ന ദലിത് വർഗത്തിന്റെ പ്രതിനിധിയാണ്. നല്ല കായബലം ഉണ്ടായിരിക്കണം ആ ശക്തിയുള്ള ശരീരത്തിനുള്ളിൽ അതിനെക്കാൾ ശക്തിയുള്ള സംഗീതനിറവ്‌. അങ്ങനെയൊരു നായകനുവേണ്ടി ഞാൻ അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ മറ്റു ചിത്രങ്ങൾ നിർമിച്ചു. പിന്നീട് എനിക്ക് മനസ്സിലായി, സോമൻ തികച്ചും അപ്രതീക്ഷിതമായി വിജയം നൽകിയ ഉന്മാദാവസ്ഥയിലായിരുന്നു അന്ന്. ഐ.വി. ശശി സംവിധാനം ചെയ്ത ഇതാ ഇവിടെവരെ എന്ന സിനിമയിൽ എം.ജി.സോമനായിരുന്നു നായകൻ. ആ ചിത്രം ഒരു വൻ ഹിറ്റ് ആയി മാറി. മധു ചിത്രത്തിൽ പൈലി എന്ന ദുഷ്ടകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മധു എന്ന മഹാനടൻ വില്ലനായി അഭിനയിക്കുന്ന സിനിമയിലെ നായകനാവുക; ഒടുവിൽ ആ വില്ലനെ തോൽപിച്ചു ജയിക്കുക !. അതു വളരെ വലിയ പദവിയല്ലേ...? സോമൻ എങ്ങനെ വിജയം ആഘോഷിക്കാതിരിക്കും.? ജയൻ ആ സിനിമയിൽ ഒരു വള്ളക്കാരന്റെ വേഷത്തിൽ രണ്ടേരണ്ടു രംഗങ്ങളിൽ വരുന്നുണ്ട്. വള്ളക്കാരനായി ഒരു ജൂനിയർ ആർട്ടിസ്റ്റിനെപോലെ പ്രത്യക്ഷപ്പെട്ട ആ നടൻ ഏതാനും മാസങ്ങൾക്കുള്ളിൽ സോമന്റെയും സുകുമാരന്റെയും നിരയിലേക്കോ അതിനും മുന്നിലേക്കോ കടക്കുമെന്ന് അന്നാരും പ്രതീക്ഷിച്ചിരുന്നില്ല. അതാണല്ലോ സിനിമ എന്ന മാധ്യമത്തിന്റെ മാജിക്.!

സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് എന്ന സംഘടനയുടെ ഭരണസമിതിയിൽ അംഗമായിരുന്ന എന്റെ ആ സംഘടനയിലെ ആദ്യവർഷങ്ങളാണ് അപ്പോൾ കടന്നു പൊയ്ക്കൊണ്ടിരുന്നത്. അതുകൊണ്ട് മലയാളചിത്രങ്ങൾ കാണുന്നതുപോലെതന്നെ ഞാൻ പുതിയ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളും കാണുമായിരുന്നു. നിർമാതാക്കൾ അവരുടെ ചിത്രങ്ങളുടെ മദ്രാസിലെ ആദ്യഷോ നടത്തുന്നത് ഞങ്ങളുടെ ഫിലിം ചേംബർ പ്രിവ്യു തിയറ്ററിൽ ആയിരിക്കും. കന്നഡസിനിമയിലെ അതികായനായി എണ്ണപ്പെടുന്ന സംവിധായകനായിരുന്നു എസ്.ആർ. പുട്ടണ്ണ. സ്കൂൾ മാസ്റ്റർ (1964), ചേട്ടത്തി (1965) എന്നിങ്ങനെ രണ്ടു മലയാള സിനിമകളും പുട്ടണ്ണ സംവിധാനം ചെയ്തിട്ടുണ്ട്. അക്കാലത്ത് ഞാൻ സിനിമയിൽ പ്രവേശിച്ചിട്ടില്ല.

സാമ്പത്തികമായും മാനസികമായും ഞാൻ വിഷമിക്കുന്ന ഒരു ഘട്ടത്തിൽ യേശുദാസ് എന്നോടു ചോദിച്ചു, ‘തമ്പി ഇതുവരെ മൂകാംബികയിൽ പോയിട്ടില്ലേ ?.. ’ ഇല്ല എന്നു ഞാൻ പറഞ്ഞപ്പോൾ ‘തീർച്ചയായും പോണം. എല്ലാ ഏർപ്പാടുകളും ഞാൻ ചെയ്തു തരാം’ എന്നദ്ദേഹം പറഞ്ഞു. മൂകാംബിക ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന കൃഷ്ണ അഡിഗയെ യേശുദാസ് എനിക്കു പരിചയപ്പെടുത്തി തന്നു. അങ്ങനെ ഞാൻ മൂകാംബികയിലെത്തി. മടക്കയാത്രയിൽ ഒരു ദിവസം മംഗലാപുരത്തു തങ്ങാനും ഒരു കന്നഡ സിനിമ കാണാനും ഞാൻ തീരുമാനിച്ചു. പുട്ടണ്ണ സംവിധാനം ചെയ്ത രംഗനായകി എന്ന സിനിമ ഓടിക്കൊണ്ടിരിക്കുന്നു. രംഗനായകി എന്ന നാടകനടിയുടെ ജീവിതകഥയാണത്. ആരതി എന്ന നടിയാണ് രംഗനായകിയുടെ വേഷത്തിൽ അഭിനയിക്കുന്നത്. ദേവിയുടെ മുമ്പിൽ ഒരു ഭക്തനെന്ന മട്ടിൽ രംഗനായികയുടെ മുമ്പിൽ വിനീതനായി നിൽക്കുകയും അവൾ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്യുന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനിൽ ഞാൻ ഗാനത്തിലെ കഥാപാത്രമായ അരവിന്ദാക്ഷനെ കണ്ടു. ഒത്ത തടിയും ഉയരവും. തീക്ഷ്ണമായ നോട്ടം.... അകൃത്രിമമായ അഭിനയം. അടുത്ത ദിവസം തന്നെ ഞാൻ പുട്ടണ്ണയെ വിളിച്ചു കാര്യം പറഞ്ഞു. ഗാനം എന്ന എന്റെ സിനിമയിലെ കഥാപാത്രത്തെപ്പറ്റിയും സൂചിപ്പിച്ചു. പുട്ടണ്ണ പറഞ്ഞു. ‘തമ്പിക്ക് ധൈര്യമായി അയാളെ അഭിനയിപ്പിക്കാം. എന്റെ പടത്തിൽ മാത്രമാണ് അയാൾ ഇങ്ങനെയൊരു വേഷം ചെയ്തത്. ഇപ്പോൾ അയാൾ കന്നഡയിൽ ചെറുപ്പക്കാരുടെ ഹരമായ ആക്‌ഷൻ ഹീറോ ആണ്. അംബരീഷ്.! ശരിയായ പേര് എം.എച്ച്. അമർനാഥ് എന്നാണ്. കൂടുതൽ അന്വേഷിച്ചപ്പോൾ അദ്‌ഭുതത്തോടെ ഞാൻ മനസ്സിലാക്കി. അയാൾ പ്രശസ്ത വയലിൻ വാദകനായ മൈസൂർ സി. ചൗഡയ്യയുടെ മകളുടെ മകനാണ് ! ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കച്ചേരികളിൽ സ്ഥിരമായി വയലിൻ വായിച്ചിരുന്ന സംഗീതജ്ഞനാണ് മൈസൂർ സി. ചൗഡയ്യ. മൃദംഗം വായിച്ചിരുന്നത് പാലക്കാട് മണിയും.

ലക്ഷ്മി ഒന്നോരണ്ടോ കന്നഡസിനിമകളിൽ അംബരീഷിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് എസ് ആർ. പുട്ടണ്ണയും ലക്ഷ്മിയും അംബരീഷിനോടു സംസാരിച്ചു. ഞാൻ നേരിട്ടു സംസാരിച്ചപ്പോൾ അംബരീഷ് പറഞ്ഞു ‘ ഇതെന്റെ മുത്തച്ഛന്റെ അനുഗ്രഹം.’ അങ്ങനെ ഞാൻ ഗാനത്തിലേക്കു ശരിക്കും പ്രവേശിച്ചപ്പോൾ ശങ്കരാഭരണം തിയറ്ററുകളിൽ എത്തി. കലർപ്പില്ലാത്ത ശുദ്ധസംഗീതം മാത്രമായിരിക്കണം എന്റെ സിനിമയിൽ എന്നെനിക്കു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണു ഗുരുവിന്റെ ഗാനങ്ങൾ പാടാൻ ഡോ. എം. ബാലമുരളികൃഷ്ണയെത്തന്നെ തിരഞ്ഞെടുത്തത്. ശിഷ്യന്റെ ഗാനങ്ങൾ യേശുദാസ് പാടി. എം.എസ്. ഗോപാലകൃഷ്ണൻ, എം.ചന്ദ്രശേഖരൻ എന്നിവർ വയലിനും ടി.വി. ഗോപാലകൃഷ്ണൻ, ഗുരുവായൂർ ദുരൈ എന്നിവർ മൃദംഗവും വിനായക് റാം ഘടവും വായിച്ചു. പി. സുശീലയും എസ്. ജാനകിയും വാണിജയറാമും സ്ത്രീശബ്ദത്തിലുള്ള ഗാനങ്ങൾ പാടി. ശാസ്ത്രീയസംഗീതത്തിൽ രാഗഭാവം പൂർണത കൈവരിക്കണമെങ്കിൽ അവ ദ്രുതതാളത്തിലാകാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം സ്വാതി തിരുനാൾ കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ‘അദ്രി സുതാവര കല്യാണ ശൈല...’ എന്നാരംഭിക്കുന്ന ഗാനം പി. സുശീലയുടെ സപ്തസ്വരങ്ങളിൽ ആരംഭിച്ചു ഗാനമായി വളരുകയാണ്. ആദ്യം ബാലമുരളീകൃഷ്ണയും തുടർന്ന് യേശുദാസും പിന്നീട് ഇരുവരും ഒരുമിച്ചുമാണ് ആ കൃതി പാടുന്നത്. പന്ത്രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള മന്ദഗതിയിലുള്ള ഈ പാട്ടു കേട്ടിരിക്കാൻ കാണികൾ തയാറാവുകയില്ലെന്നു ചിലർ പറഞ്ഞു. ഞാൻ എഴുതിയ ആലാപനം, ആലാപനം എന്ന ഗാനം മൂന്നുരാഗങ്ങളിലാണ് ദക്ഷിണാമൂർത്തിസ്വാമി ചിട്ടപ്പെടുത്തിയത്. തോടി രാഗത്തിലാണ് തുടക്കം. അരവിന്ദാക്ഷന്റെയും രുഗ്മിണിയുടെയും സുഹൃത്തായ മൃദംഗം ഗണപതി അയ്യരായി നെടുമുടി വേണുവിനെയും ഒരു ദലിത് ബാലന്റെ സംഗീതവാസന കണ്ടത്തി അവനെ സ്വന്തം കൊട്ടാരത്തിൽ കൊണ്ടുവന്നു സംഗീതം പഠിപ്പിച്ച് വളർത്തി വലുതാക്കുന്ന ഗുരു നാരായണൻ നമ്പുതിരിയായി അന്നു സിനിമാവേദിയിൽ അത്ര പ്രസിദ്ധനല്ലാതിരുന്ന ബാബു നമ്പൂതിരിയെയും അദ്ദേഹത്തിന്റെ മകളായി പൂർണിമ ജയറാമിനെയും നിശ്ചയിച്ചു, ഈ വേഷത്തിൽ സീമയെയാണ് ഞാൻ ബുക്ക് ചെയ്തിരുന്നത്. സീമ മികച്ച നർത്തകിയാണല്ലോ. സിനിമയുടെ ഷൂട്ട് തുടങ്ങാറായപ്പോൾ സീമ ഗർഭിണിയായി. അങ്ങനെയാണ് പൂർണിമ ജയറാം ആ വേഷം അഭിനയിച്ചത്. അരവിന്ദാക്ഷന്റെ ബാല്യം എന്റെ മകൻ രാജകുമാരൻ തമ്പിയും ഗുരുപുത്രിയായ ശ്രീദേവിയുടെ ബാല്യം പൊന്നമ്പിളിയും അഭിനയിച്ചു. ഗാനം എന്ന സിനിമ അഞ്ച് ഷെഡ്യൂളുകളിലാണു പൂർത്തിയായത്. തൃശൂർ വടക്കുന്നാഥക്ഷേത്രം , തൃപ്രയാർ, തിരുവില്വാമല, ചിറ്റൂർ, പാറ, നൂറണി (പാലക്കാട്) ,ഗുരുവായൂർ, കൊല്ലൂർ മൂകാംബിക ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിങ് ഉണ്ടായിരുന്നു. കൊല്ലങ്കോട് രാജാവിന്റെ പഴയ കൊട്ടാരമാണു ഗുരുവിന്റെ വീടായി ഉപയോഗിച്ചത്. അന്നു കൊട്ടാരത്തിന്റെ അധിപനായിരുന്ന രാജാവിന്റെ സഹായവും കാരുണ്യവും എനിക്ക് ഒരിക്കലും മറക്കാനാവില്ല. നൂറണി അഗ്രഹാരത്തിൽ ഷൂട്ടിങ് അനുവദിച്ച ബ്രാഹ്മണകുടുംബത്തെയും ഞാൻ നന്ദിപൂർവം ഓർമിക്കാറുണ്ട്. സാധാരണയായി പുരസ്കാരങ്ങൾ നേടുന്ന ചിത്രങ്ങൾ എല്ലാം തന്നെ ചെലവ് ചുരുക്കി നിർമിക്കുന്നവയാണ്. എന്നാൽ മലയാളത്തിലെ ഒരു വലിയ മൾട്ടിസ്റ്റാർ മൂവിക്കു ചെലവാകുന്നതിൽ കൂടുതൽ പണം ഗാനത്തിന്റെ നിർമാണത്തിന് വേണ്ടിവന്നു. ഗാനം എന്ന സിനിമ എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ചിത്രം സംവിധാനം ചെയ്യുമ്പോഴും നിർമാതാവ് എന്ന നിലയിൽ പണം ചെലവാക്കുമ്പോഴും ഞാൻ ലാഭനഷ്ടങ്ങളെപ്പറ്റി ചിന്തിച്ചില്ല. അമ്പിളിയുടെ കലാസംവിധാനം, സി. രാമചന്ദ്രമേനോന്റെ ഛായാഗ്രഹണം, കെ.നാരായണന്റെ ചിത്രസന്നിവേശം –എല്ലാം ചിത്രത്തിന്റെ നിലവാരത്തിനൊപ്പം ഉയർന്നു. ഇപ്പോൾ യു ട്യൂബിൽ പുതിയ തലമുറയിലെ സിനിമാസ്വാദകരും ഈ സിനിമ കാണുന്നു. അവർ നല്ല അഭിപ്രായങ്ങൾ കുറിക്കുന്നു. ആ വർഷത്തെ ദേശീയ അവാർഡിനു ഗാനം മലയാളത്തിൽ നിന്ന് , നിന്ന് അരവിന്ദന്റെ പോക്കുവെയിൽ , അടൂരിന്റെ എലിപ്പത്തായം എന്നീ ചിത്രങ്ങളുമായാണ് മത്സരിച്ചത്. പോക്കുവെയിലിനു മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. പ്രാദേശികചിത്രത്തുള്ള അവാർഡിന് മത്സരിച്ചത് എലിപ്പത്തായവും ഗാനവും തമ്മിലാണ്. അവാർഡ് എലിപ്പത്തായത്തിനു കിട്ടി. സംസ്ഥാന അവാർഡിന്റെ ജൂറിയെക്കുറിച്ചു കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി. എന്റെ മോഹിനിയാട്ടത്തിനു സെൻസർ സർട്ടിഫിക്കറ്റ് കിട്ടാതിരിക്കാൻ സർവ ചരടുവലികളും നടത്തിയ ഡോ. എസ്.കെ. നായർ ജൂറി ചെയർമാൻ...!

മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം എനിക്കും (അനാദിമധ്യാന്ത മീ വിശ്വചലനം അനവദ്യസംഗീതാലാപനം.....) സംഗീതസംവിധായകനുള്ള പുരസ്കാരം വി. ദക്ഷിണാമൂർത്തിക്കും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം എന്റെ മകനും നൽകണമെന്ന് ജൂറി അംഗങ്ങളിൽ നിന്ന് അഭിപ്രായം ഉയർന്നു. അപ്പോൾ ജൂറി ചെയർമാൻ പറഞ്ഞത്രേ ! ‘അച്ഛനും മകനും ഒരുമിച്ച് അവാർഡ് കൊടുക്കാൻ മാത്രം ഭാവനാ ദരിദ്രമല്ല കേരളം എന്ന്!. ഇളക്കങ്ങൾ എന്ന സിനിമയിൽ അഭിനയിച്ച മാതു എന്ന കൗമാരക്കാരിക്കാണ് ആ വർഷം ബാലതാരത്തിനുള്ള പുരസ്കാരം കൊടുത്തത്. പുരസ്കാരങ്ങളിൽ നിന്ന് ഗാനം എന്ന ചിത്രത്തെ പൂർണമായും ഒഴിവാക്കാൻ ജൂറി ചെയർമാൻ പരമാവധി ശ്രമിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം എന്ന പുരസ്കാരം മാത്രം ഗാനത്തിനു നൽകി. ഡിസംബർ 31ന് ഗാനം സെൻസർ ചെയ്‌തെങ്കിലും ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ചാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. റിലീസാകാത്ത സിനിമയ്ക്ക് പൊതുജനപ്രീതിയുള്ള ചിത്രത്തിന്റെ അവാർഡ് നൽകിയ വാർത്ത മാധ്യമങ്ങൾ ആഘോഷമാക്കി. എന്നെ തല്ലാൻ എന്റെ ശത്രുക്കൾക്കു വടി നൽകിയിട്ട് ഡോ.എസ്.കെ. നായർ ഒരിക്കൽ കൂടി മഹാപണ്ഡിതന്റെ ചിരി ചിരിച്ചു. തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ ഗാനം 50 ദിവസം ഓടി. ചിത്രം ഹിറ്റ് ആണെന്നു വാർത്ത പരന്നു. എന്നാൽ ബി, സി കേന്ദ്രങ്ങളിൽ ( ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും) ചിത്രം ഒരാഴ്ച പോലും ഓടിയില്ല. എറണാകുളത്ത് 50 ദിവസം ഓടിയ ഗാനം തൊട്ടടുത്തുള്ള തൃപ്പൂണിത്തുറയിൽ ഒരാഴ്ചപോലും പ്രദർശിപ്പിച്ചില്ല. വിതരണക്കാരായ സെൻട്രൽ പിക്ചേഴ്സ് തന്ന കണക്കനുസരിച്ച് ഗാനം എന്ന ചിത്രം വിതരണത്തിനെടുക്കാൻ അവർ തന്ന ചെറിയ അഡ്വാൻസും അതിന് അവർക്കു കിട്ടേണ്ട കമ്മീഷനും പോലും തിയറ്ററുകളിൽ നിന്നു പിരിഞ്ഞു കിട്ടിയില്ല . ഞാൻ മുടക്കിയ വലിയ തുകയും അതിന്റെ ഉയർന്ന പലിശയും കർണാടക സംഗീതപ്രവാഹത്തിൽ ലയിച്ചു. എങ്കിലും ആ നഷ്ടവും എനിക്കു മധുരമുള്ളതാണ്. ഉറക്കം വരാത്ത രാത്രികളിൽ ഇന്നും താരാട്ടായി എന്നെ പുൽകുന്ന കല്യാണിയും തോടിയും ഷണ്മുഖപ്രിയയും സിന്ധുഭൈരവിയുമാണി ആ നഷ്ടം; ഇരയിമ്മൻതമ്പിയുടെ പ്രണയനൊമ്പരം തുളുമ്പുന്ന നാഥനാമക്രിയാപദമാണ് ആരോടു ചൊൽവേനേ അഴലുള്ളതെല്ലാം ആരോമലേ സഖീ നിന്നോടല്ലാതെ...?

English Summary: Karuppum Veluppum Mayavarnangalum, Sreekumaran Thampi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.