ക്യാപ്റ്റൻ കൃഷ്ണൻനായരെ വീണ്ടും വായിക്കുമ്പോൾ

bachi
ബച്ചി കർക്കാരിയ (ഇടത്), ക്യാപ്റ്റൻ കൃഷ്ണൻ നായരെക്കുറിച്ചുള്ള പുസ്തകം (വലത്)
SHARE

കൃഷ്ണൻ നായരുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകളിലേക്ക് വെളിച്ചം വീശുകയാണ് ബച്ചി കർക്കാരിയയുടെ പുസ്തകം 

1938. ഹരിപുരയിലെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനം. സുഭാഷ് ചന്ദ്രബോസിന്റെ അധ്യക്ഷതയിലാണു സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ എ.കെ.ഗോപാലനും പങ്കെടുത്തിരുന്നു. എകെജിയോടുള്ള ആരാധന മൂത്ത് അദ്ദേഹത്തിന്റെ അനുയായിയായ ഒരു പതിനാറുവയസ്സുകാരനും കൂട്ടത്തിലുണ്ടായിരുന്നു. കണ്ണൂരുകാരനായ കൃഷ്ണൻ. 

സമ്മേളനത്തിനിടെ നേതാജിക്കു കടുത്ത പനി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾക്കു കനംവച്ചു തുടങ്ങി. അപ്പോഴാണു കൃഷ്ണന് ഒരാശയം മിന്നിയത്. പണ്ട് കടുത്ത പനിയും തലവേദനയും വരുമ്പോൾ അമ്മ ചെയ്തിരുന്ന വിദ്യ. തുണി മുലപ്പാലിൽ നനച്ചു നെറ്റിയിലിടുക. മിനിറ്റുകൾ കൊണ്ടു പനി പമ്പകടക്കുമായിരുന്നുവെന്ന് അനുഭവസ്ഥനായ കൃഷ്ണൻ എകെജിയോടു പറഞ്ഞു. എകെജി അതു നേതാജിയുടെ സഹോദരൻ ശരത്ചന്ദ്രയോടു പറഞ്ഞു. എവിടെനിന്നോ മുലപ്പാൽ സംഘടിച്ച് ഒറ്റമൂലി പ്രയോഗം നടത്തി. നേതാജിയുടെ പനിമാറി. 

സമയോചിതമായ ഇടപെടലിലൂടെ നേതാജിയുടെ രക്ഷകനായ കൃഷ്ണൻ പിൽക്കാലത്ത് ആതിഥേയത്വത്തിന്റെ മറുവാക്കായി. ഹോട്ടൽ വ്യവസായത്തിലെ രാജാവായി. ക്യാപ്റ്റൻ കൃഷ്ണൻ നായരായി. 

ജീവിതത്തിനു മുന്നോട്ടു പറക്കാനുള്ള ഇന്ധനമാണു സ്വപ്നങ്ങൾ എന്നു വിശ്വസിച്ചിരുന്നു അന്തരിച്ച വ്യവസായി ക്യാപ്റ്റൻ കൃഷ്ണൻ നായർ. കണ്ണൂരിലെ കൊച്ചു ഗ്രാമത്തിൽ നിന്നു ഹോട്ടൽ വ്യവസായത്തിന്റെ നെറുകയിലേക്കു പറന്നു കയറിയ ക്യാപ്റ്റന്റെ ജീവിതം പലരും വരച്ചിട്ടതാണ്. 

സ്വപ്നങ്ങളെ പറന്നുപിടിച്ച കൃഷ്ണൻ നായരുടെ ജീവിതത്തിലെ അറിയപ്പെടാത്ത ചില ഏടുകളിലേക്കു വെളിച്ചം വീശുകയാണ് മു‍ൻ മാധ്യമപ്രവർത്തക ബച്ചി കർക്കാരിയയുടെ പുതിയ പുസ്തകം. ‘ക്യാപ്ച്ചർ ദ് ഡ്രീം: മെനി ലൈവ്സ് ഓഫ് ക്യാപ്റ്റൻ കൃഷ്ണൻ നായർ’. ന്യൂഡൽഹിയിലെ ജഗ്ഗർനോട്ട് ബുക്സ് ആണു പ്രസിദ്ധീകരിച്ചത്. ക്യാപ്റ്റൻ കൃഷ്ണൻ നായരുമായുള്ള പരിചയകാലത്ത് അദ്ദേഹം പങ്കുവച്ച കഥകളും അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്നുള്ള ഭാഗങ്ങളുമാണു പുസ്തകത്തിലെ പ്രതിപാദ്യം. 

കൃഷ്ണൻനായരുടെ ജീവിതത്തിലെ വൈവിധ്യമാർന്ന അനുഭവങ്ങളാണ് 7 മാസം കൊണ്ട് ഈ പുസ്തകമെഴുതുക എന്ന ‘സാഹസം’ താൻ ഏറ്റെടുക്കാൻ കാരണമായതെന്ന് ബച്ചി കർക്കാരിയ പറയുന്നു. ലോക്ഡൗൺ തുടങ്ങിയ സമയത്താണ് 2022ൽ കൃഷ്ണൻ നായരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പുസ്തകം വേണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ലീല ഗ്രൂപ്പിന്റെ മുൻ പ്രസിഡന്റ് രാജീവ് കൗൾ വഴി പറയുന്നത്. രാജ് ബഹാദൂർ ഒബ്റോയിയെക്കുറിച്ച് ബച്ചി നേരത്തേ ഒരു പുസ്തകമെഴുതിയിരുന്നതിനാൽ ഹോട്ടൽ വ്യവസായത്തെക്കുറിച്ചെഴുതാൻ താൽപര്യവുമുണ്ടായിരുന്നു. ചെറുപ്പകാലത്ത് തന്നെ ഏറെ ആകർഷിച്ചിരുന്ന ‘ബ്ലീഡിങ് മദ്രാസ്’ എന്ന കൈത്തറി വസ്ത്രത്തിന്റെ പ്രമോട്ടറായിരുന്നു കൃഷ്ണൻ നായരെന്നതും ഈ ദൗത്യം ഏറ്റെടുക്കാൻ പ്രേരകമായെന്നും അവർ പറയുന്നു. 

കൃഷ്ണൻ നായരുടെ നിര്യാണത്തിനു ശേഷമായിരുന്നതിനാൽ പല വിവരങ്ങളും ആധികാരികമാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ബുദ്ധിമുട്ട്. രാജീവ് കൗളും കൃഷ്ണൻ നായരുടെ കുടുംബാംഗങ്ങളും ഏറെ സഹായിച്ചു. എകെജി, വി.പി. മേനോൻ, ദലൈ ലാമ, അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗഫാർ ഖാൻ തുടങ്ങിയവരുമായൊക്കെ വ്യക്തിബന്ധമുണ്ടായിരുന്ന കൃഷ്ണൻ നായരുടെ അനുഭവ സമ്പത്ത് പകർത്തുന്നതിൽ മാധ്യമപ്രവർത്തകയെന്ന രീതിയിലുണ്ടായ ആവേശവും പുസ്തകമെഴുത്തിൽ സഹായിച്ചതായി അവർ പറഞ്ഞു. 

എകെജിയും കൃഷ്ണൻ നായരുമായുള്ള ബന്ധത്തിന്റെ ഒട്ടേറെ മുഹൂർത്തങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഇഎംഎസിനു പകരം എകെജിയായിരുന്നു ആദ്യ കമ്യൂണിസ്റ്റ് സർക്കാരിൽ കേരളത്തിന്റെ മുഖ്യമന്ത്രി എങ്കിൽ 30 കൊല്ലത്തേക്കു മറ്റൊരു പാർട്ടി കേരളം ഭരിക്കില്ലായിരുന്നുവെന്നു ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതിബസു തന്നോടു പറഞ്ഞത് കൃഷ്ണൻ നായർ അനുസ്മരിച്ചിരുന്ന കാര്യം ബച്ചി എഴുതുന്നു. 

ഒളിവു ജീവിതകാലത്ത് മദ്രാസിൽ വിദ്യാർഥിയായിരുന്ന കൃഷ്ണന്റെ മുറിയിൽ രണ്ടുദിവസം എകെജി താമസിച്ചിരുന്നു. പിന്നീടൊരിക്കൽ എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ യാദൃശ്ചികമായി എകെജിയെ കൃഷ്ണൻ കണ്ടു. ആവേശംകൊണ്ടു പേരുവിളിച്ചപ്പോൾ ചൂണ്ടുവിരൽ ചുണ്ടത്തുവച്ചു വിലക്കി എകെജി ട്രെയിനിൽ കയറി പോയതും അദ്ദേഹത്തിന്റെ ഓർമകളിലുണ്ടായിരുന്നു. ചിറയ്ക്കൽ വലിയ രാജയായിരുന്നു സ്കൂൾ പഠനത്തിനു കൃഷ്ണനെ സഹായിച്ചിരുന്നത്. മദ്രാസ് ആർട്സ് കോളജിൽ പഠനത്തിനു ചേർന്നപ്പോഴും രാജാവിന്റെ സഹായം തേടി കൃഷ്ണൻ എത്തിയപ്പോൾ രാജാവും പ്രതിസന്ധിയിലായിരുന്നു. സാമ്പത്തികമായി സഹായിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷ്ണന്റെ ദുഃഖം കണ്ട് അദ്ദേഹത്തിന് കൈവിടാനും തോന്നിയില്ല. തന്റെ കയ്യിലെ വജ്രമോതിരം ഊരിക്കൊടുത്ത് മദ്രാസിലെ പ്രമുഖരായ ബാപ്‌ലാൽ ജ്വല്ലറിയിൽ പോയി ഉടമയെ കാണാൻ പറഞ്ഞു. മോതിരം കണ്ട ബാപ്‌ലാൽ ഞെട്ടി. കൃഷ്ണൻ കാര്യം പറഞ്ഞു. 4500 രൂപയാണു കിട്ടിയത്. അത് പോസ്റ്റോഫിസിൽ നിക്ഷേപിച്ച് അതുകൊണ്ടായിരുന്നു പഠനം പൂർത്തീകരിച്ചത്. പിന്നീട് പട്ടാളം വിട്ട് കണ്ണൂരിൽ കൈത്തറി വ്യവസായത്തിലേർപ്പെട്ടു. അതു മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അദ്ദേഹം മുംബൈയിലേക്കു ജീവിതം പറിച്ചു നടുന്നത്. അതുമായി ബന്ധപ്പെട്ട യാത്രകളിലൊന്നിലാണ് യുഎസിൽ ഹോട്ടൽ വ്യവസായിയായിരുന്ന കോൺറാഡ് ഹിൽട്ടനെ കൃഷ്ണൻ നായർ പരിചയപ്പെടുന്നത്. ‘വൗ’ എന്ന് അതിഥിയെക്കൊണ്ടു പറയിക്കുന്നതാവണം ഹോട്ടൽ വ്യവസായമെന്ന് ഹിൽട്ടനുമായുള്ള സമ്പർക്കത്തിലൂടെ കൃഷ്ണൻനായർ മനസ്സിലാക്കി. പ്രമുഖ ഗ്രൂപ്പുകളായ താജിനെയും ഒബ്റോയിയെയും വെല്ലുന്ന മറ്റൊരാൾ ഈ രംഗത്തുണ്ടാകണമെന്ന് കൃഷ്ണൻ നായരുടെ മനസ്സു പറഞ്ഞു. ആ മറ്റൊരാളാകാൻ കൃഷ്ണൻ സ്വയം തീരുമാനിച്ചു. ബാക്കി ചരിത്രം. അതാണ് ബച്ചി തന്റെ പുസ്തകത്തിൽ വരച്ചിടുന്നത്. 

English Summary:  The veteran journalist discusses her book on Captain Krishnan Nair’s great Leela dream

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.