4 നില, 340 മുറി, ക്ഷാമത്തിൽ ഗോതമ്പുപാടം; 320 ഏക്കറിൽ പരന്ന് ഇന്ത്യയുടെ തലയെടുപ്പ്

Rashtrapati Bhavan
2020 ലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങു നടക്കുമ്പോൾ പ്രകാശപൂരിതമായ നോർത്ത്, സൗത്ത് ബ്ലോക്കുകളും രാഷ്ട്രപതിഭവനും. വിജയ് ചൗക്കിൽ നിന്നുള്ള കാഴ്ച
SHARE

രാഷ്ട്രപതിഭവന്റെ രൂപം മാറുന്നില്ലെങ്കിലും ഭാവം ഇടയ്ക്കിടെ മാറും. ചിലപ്പോൾ ലാളിത്യത്തിന്റെ കൊട്ടാരമായി, പ്രൗഢമായ ടൂറിസ്റ്റ് കേന്ദ്രമായി, വലിയ ഗ്രന്ഥശാലയായി. ക്ഷാമകാലത്ത് അവിടെ ഗോതമ്പുപാടം പോലുമുണ്ടായി.

സാമ്രാജ്യങ്ങളുടെയും സമ്രാട്ടുകളുടെയും വാഴ്ചയും വീഴ്ചയും കണ്ട നഗരമാണു ഡൽഹി. 30 കിലോമീറ്ററിനുള്ളിൽ അളന്നു തീർക്കാവുന്ന കുഞ്ഞു നഗരമാണെങ്കിലും പൗരാണിതകതയും ചരിത്രവും നിറമിട്ട വലിയൊരു സ്മാരകശില മാത്രമായി ഒതുങ്ങുന്നില്ല ഡൽഹി. അതിവേഗം സമീപപ്രദേശങ്ങളിലേക്കു പടരുന്ന മഹാനഗരത്തിന്റെ ശിരസ്സാണ് റെയ്സിന കുന്നുകൾ. സാമ്രാജ്യത്വത്തിന്റെ വീഴ്ചയും ജനാധിപത്യത്തിന്റെ കൊടിയേറ്റവും കണ്ട റെയ്സിനക്കുന്നുകളിൽ കിരീടം പോലെ ഒന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാസസ്ഥലങ്ങളിലൊന്ന്. രാഷ്ട്രപതി ഭവനെന്ന കൊട്ടാരം. അവിടേക്ക് നാളെ പുതിയ താമസക്കാരി എത്തുകയാണ്. ദ്രൗപദി മുർമു. 1930ൽ ഇർവിൻ പ്രഭു കയറിത്താമസിച്ചു തുടങ്ങിയ കൊട്ടാരം വീട്ടിലെ 20–ാമത്തെ ഗൃഹനാഥയാണ് ദ്രൗപദി. 

Rashtrapati Bhavan
പാർലമെന്റിന്റെ 2018ലെ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രസിഡന്റ്സ് ബോഡിഗാർഡിന്റെ അകമ്പടിയിൽ രാഷ്ട്രപതിഭവനിൽ നിന്നു പുറപ്പെടുന്നു.

ചരിത്രത്തിലൂടെ

മുഗൾ ഭരണകാലംതൊട്ടുള്ള ശവകുടീരങ്ങൾ പലതുണ്ട് ഡൽഹിയിൽ. അതോടൊപ്പം തന്നെ സാമ്രാജ്യങ്ങളുടെ അന്ത്യത്തിനും സാക്ഷ്യം വഹിച്ച നഗരമാണിത്. തകർന്നടിഞ്ഞ സാമ്രാജ്യങ്ങളുടെ ഒടുവിലത്തെ കണ്ണികളാണു മുഗൾ ഭരണാധികാരികളും ബ്രിട്ടിഷുകാരും. മുഗളന്മാരെ തുരത്തിയപ്പോൾ ജുമാ മസ്ജിദും ചെങ്കോട്ടയുമടക്കം ഇടിച്ചു നിരത്താൻ ബ്രിട്ടിഷുകാർ തീരുമാനിച്ചിരുന്നുവത്രേ. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബഹദൂർ ഷാ സഫറിനെ റങ്കൂണിലേക്കു നാടുകടത്തിയപ്പോഴായിരുന്നു ഇത്. പിന്നീട് അതു വേണ്ടെന്നുവച്ചു പുതിയൊരു നഗരത്തെക്കുറിച്ച് അവർ ചിന്തിച്ചു തുടങ്ങിയത് 1911ൽ ജോർജ് അഞ്ചാമൻ രാജാവിന്റെ ഡൽഹി ദർബാറിനു ശേഷമാണ്.

കൊൽക്കത്തയിൽ നിന്നു രാജ്യതലസ്ഥാനം ഡൽഹിയിലേക്കു പറിച്ചു നടുമ്പോൾ അതിനു പുതിയ മുഖഛായ വേണമെന്ന് തീരുമാനിച്ചു. രാജാവ് നിയോഗിച്ച മൂന്നംഗ സമിതിയിലൊരാൾ അതിനു നിർദേശിച്ച പേര് എഡ്വിൻ ലാൻഡ്‌സീർ ലട്യൻസ് എന്ന ആർക്കിടെക്റ്റിന്റേതായിരുന്നു. നേരത്തേയുണ്ടായിരുന്ന ഒരു വൈസ്രോയിയുടെ മകളായിരുന്നു ലട്യൻസിന്റെ ഭാര്യ എന്നതും അതിനു കാരണമായിട്ടുണ്ടാകാം. പുതിയ നഗരത്തിന്റെ കണ്ണായ സ്ഥലത്തു വേണം വൈസ്രോയിയുടെ ഭവനമെന്നായിരുന്നു തീരുമാനം. 

ന്യൂഡൽഹിക്ക്, ബെഡ്‌ലാംപുർ (Bedlampore) എന്നോ കടുത്ത ചൂടിൽ വിയർത്തുരുകുന്നതിനാൽ ഊസിപ്പുർ (Oozypore) എന്നോ പേരിടണമെന്നാണു പരിഹാസത്തോടെ ആർക്കിടെക്റ്റ് ലട്യൻസ് പറഞ്ഞത്. ഒടുവിൽ ഹാർഡിങ് പ്രഭുവും ജോർജ് അഞ്ചാമനും ചേർന്നാണത്രേ ന്യൂ ഡൽഹി മതിയെന്നു തീരുമാനിച്ചത്. ഷാജഹാൻ ചക്രവർത്തി നിർമിച്ച ഷാജഹാനാബാദ് ഓൾഡ് ഡൽഹിയുമായി.

അന്നത്തെ കിങ്സ് വേ (ഇന്നത്തെ രാജ്പഥ്) ക്യാംപിനു സമീപം ഇപ്പോഴത്തെ ഇന്ത്യാഗേറ്റിനും കിഴക്കായിരുന്നു സ്ഥലം കണ്ടിരുന്നത്. എന്നാൽ സ്ഥലം കാണാനെത്തിയ ലട്യൻസിന്റെ കണ്ണിലുടക്കിയത് റെയ്സിന കുന്നുകളായിരുന്നു. അന്നു വൈസ്രോയിയായിരുന്ന ഹാർഡിങ് പ്രഭുവിന്റെ എതിർപ്പുകൾ മറികടന്ന് ലട്യൻസ് അതു തന്നെ ഉറപ്പിച്ചു. 

Rashtrapati Bhavan
രാഷ്ട്രപതിഭവനിലെ മ്യൂസിയം.

ഇന്ത്യയിൽ നിർമിച്ച കെട്ടിടം ഇന്ത്യനാകാതെങ്ങനെ?

ഇന്ത്യൻ തനതു നിർമാണ ശൈലിയും മുഗൾ ശൈലിയും തല്ലിപ്പൊളിയാണെന്ന അഭിപ്രായക്കാരനായിരുന്നു ലട്യൻസെന്നാണ് പുസ്തകങ്ങൾ പറയുന്നത്. റെയ്സിനക്കുന്നിലെ അഞ്ചേക്കറിൽ കെട്ടിടം ഉയർന്നു വന്നപ്പോൾ അത് പലശൈലികളുടെ മിശ്രണമായി. റോമിലെ പാന്തിയണിനെ അനുസ്മരിപ്പിക്കുന്ന തൂണുകളും മേലാപ്പും, ഇസ്‌ലാമിക ശൈലിയിലെ താഴികക്കുടങ്ങൾ, സാഞ്ചിയിലെ ബുദ്ധസ്തൂപത്തിന്റെ മാതൃകയിലുള്ള മകുടം, ഹൈന്ദവ ക്ഷേത്രങ്ങളിലെ ആനകളും താമരയും സർപ്പവുമൊക്കെ 70 കോടി ഇഷ്ടികകളും 30 ലക്ഷം ക്യൂബിക് അടി കല്ലുമുപയോഗിച്ച് ഉയർത്തിയ ഈ രാജകീയ കെട്ടിടത്തിലുണ്ട്.

ഇന്ത്യാഗേറ്റിനും രാഷ്ട്രപതി ഭവനുമിടയിലുള്ള ജയ്പുർ തൂണിൽ താമരയുണ്ട്. സൗത്ത് കോർട്ടിലെ തൂണുകൾക്കു മുകളിൽ ജലം തുപ്പുന്ന മൂർഖൻ പാമ്പുകളുണ്ട്. മുഗൾ ഗാർഡനിലെ ഫൗണ്ടനുകൾക്കും താമരയുടെ രൂപമാണ്. 23,000 തൊഴിലാളികളും 3000 കല്ലു ചെത്തുകാരും സാൻഡ് സ്റ്റോണും മാർബിളും വളരെ കുറച്ച് ഇരുമ്പും ഉപയോഗിച്ച് 17 വർഷമെടുത്ത് ഇംഗ്ലിഷ് അക്ഷരം ‘എച്ച്’ എന്ന പോലെ തീർത്ത കെട്ടിടം. നാലു നിലകളിൽ പല വലുപ്പത്തിലുള്ള 340 മുറികൾ. ഫുട്ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുള്ള അതിഥിമുറികൾ, ചേംബറുകൾ, ഇടനാഴികൾ, ഹാളുകൾ, ഗാലറികൾ, ഗോവണികൾ, അടുക്കളകൾ തുടങ്ങി കണ്ടു തീർക്കാൻ 3 മണിക്കൂർ വേണം. തറയുടെ മാത്രം ചുറ്റളവ് ഒരു കിലോമീറ്റർ. 320 ഏക്കറിലാണ് രാഷ്ട്രപതി എസ്റ്റേറ്റ്. ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ, സ്കൂളുകൾ, ക്ലിനിക്കുകൾ ഒക്കെ അതിനുള്ളിലുണ്ട്.

Rashtrapati Bhavan
ദർബാർ ഹാൾ

കൊട്ടാരവും സെക്രട്ടേറിയറ്റും

രാഷ്ട്രപതി ഭവന്റെ പൂമുഖത്തു നിന്നു നോക്കിയാൽ ഒരു നേർരേഖ പോലെ രാജ്പഥ് കാണാം. റിപ്പബ്ലിക്ദിന പരേഡുകളിൽ കണ്ടുപരിചയിച്ച രാജപാത. റെയ്സിനക്കുന്നിനു താഴെ വിജയ് ചൗക്കിൽ നിന്നാണ് രാജ്പഥ് തുടങ്ങുന്നത്. അവിടെ നിന്നു നോക്കിയാൽ കെട്ടിടത്തിന്റെ രൂപം പൂർണമായി കാണുന്ന രീതിയിൽ വേണം സെക്രട്ടേറിയറ്റ് (നോർത്ത് സൗത്ത് ബ്ലോക്കുകൾ) എന്നായിരുന്നു ലട്യൻസിന്റെ ആഗ്രഹം. എന്നാൽ സെക്രട്ടേറിയറ്റ് നിർമിച്ചത് വൈസ്രോയിയുടെ കൊട്ടാരം നിർമിക്കാൻ ലട്യൻസ് തന്നെ വിളിച്ചു കൊണ്ടുവന്ന ഹെർബർട്ട് ബേക്കറായിരുന്നു. ആ കെട്ടിടത്തിന് അന്തിമാനുമതിക്കുള്ള രേഖയിൽ ഏതോ ചർച്ചയ്ക്കിടയിൽ ലട്യൻസ് അറിയാതെ ഒപ്പിട്ടു പോയതായിരുന്നുവത്രേ. നോർത്ത്, സൗത്ത് ബ്ലോക്കുകൾ കെട്ടിടത്തിന്റെ പൂർണ കാഴ്ച മറച്ചതിന്റെ പേരിൽ ലട്യൻസ് വർഷങ്ങളോളം ബേക്കറിനോടു മിണ്ടിയില്ലെന്നാണു കഥ.  

ആദ്യം കാലു കുത്തിയ ഇന്ത്യക്കാരൻ

1912ൽ പണി തുടങ്ങി നാലു വർഷംകൊണ്ടു തീർക്കാമെന്നായിരുന്നു കരാർ. എന്നാൽ അതിനിടയ്ക്കു ലോകയുദ്ധം വന്നു. 1929ലാണ് പണി പൂർത്തിയാകുന്നത്. 1930 ജനുവരിയിൽ അന്നത്തെ വൈസ്രോയ് ഇർവിൻ പ്രഭു കൊട്ടാരത്തിലേക്കു താമസം മാറ്റി.  വന്നതിന്റെ രണ്ടാം ദിവസം ഇന്ത്യക്കാരനായ ആദ്യത്തെ അതിഥി അവിടെയെത്തി: മഹാത്മാ ഗാന്ധി. സ്വാതന്ത്ര്യം സംബന്ധിച്ച ചർച്ചകൾക്കായാണു ഗാന്ധിജി എത്തിയത്. കെട്ടിടത്തിന്റെ രാജകീയ പടവുകളിലൂടെ അർധ നഗ്നനായി ഇറങ്ങി വരുന്ന ഗാന്ധിജിയുടെ ചിത്രം ആർക്കൈവുകളിലുണ്ട്. രാഷ്ട്രീയ സമന്വയത്തിന്റെ ശ്രമമാണ് ആദ്യമായി ഈ കെട്ടിടത്തിൽ ഇർവിൻ പ്രഭുവിൽ നിന്നുണ്ടായത്. പിന്നീട് ആ സമന്വയത്തിന്റെ കാവലാളുകളായി രാഷ്ട്രത്തലവന്മാർ അതിൽ താമസക്കാരായി.

ആദ്യ ഇന്ത്യൻ ഗൃഹനാഥൻ

അവസാനത്തെ വൈസ്രോയിയായിരുന്ന ലൂയി ഫ്രാൻസിസ് ആൽബർട്ട് വിക്ടർ നിക്കോളാസ് മൗണ്ട്ബാറ്റനു ശേഷം ആദ്യ ഇന്ത്യൻ ഗവർണർ ജനറലായി വന്ന സി. രാജഗോപാലാചാരിയാണ് രാഷ്ട്രപതി ഭവനിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗൃഹനാഥൻ.  ഒരു ആശുപത്രിയാക്കണമെന്നായിരുന്നു അന്ന് രാജഗോപാലാചാരിയടക്കമുള്ളവരുടെ അഭിപ്രായം. എന്നാൽ ജവാഹർലാൽ നെഹ്റുവാണ് ഗവർണർ ജനറലിന്റെ അധികാരങ്ങൾക്കും പദവികൾക്കും ചേർന്ന ഗൃഹമായി അതു തുടരണമെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് ബാബു രാജേന്ദ്രപ്രസാദ് രാഷ്ടപ്രതിയായപ്പോൾ 1950 ജനുവരി 26 മുതൽ വൈസ്രോയ് ഹൗസ് രാഷ്ട്രപതി ഭവനായി മാറി. സ്വാതന്ത്ര്യം കിട്ടിയ ശേഷം 1947 മുതൽ 1950 ജനുവരി 26 വരെ വീണ്ടും ഗവണ്മെന്റ് ഹൗസായിരുന്നു. രണ്ടുതവണ രാഷ്ട്രപതിയായ അദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം അവിടെ താമസിച്ചത്. ഏറ്റവും കുറച്ചുകാലം താമസിച്ചത് മൗണ്ട് ബാറ്റൻ;16 മാസം. 

Rashtrapati Bhavan
ഡൈനിങ് ഹാൾ.

കാഴ്ചയുടെ ആനന്ദം

പ്രൗഢിയുടെയും ശിൽപചാതുരിയുടെയും ആനന്ദക്കാഴ്ചയാണു രാഷ്ട്രപതി ഭവൻ. തവിട്ടുകുതിരകളെയും വേനൽക്കാലത്ത് വെളുപ്പും തണുപ്പുകാലത്ത് ചുവപ്പും യൂണിഫോമണിയുന്ന ആറടിക്കാരായ പ്രസിഡന്റ്സ് ബോഡി ഗാർഡുകളെയും കടന്ന് 31 പടവുകൾ കയറിയാൽ രാഷ്ട്രപതി ഭവന്റെ ഹൃദയത്തിലെത്തും. ദർബാർ ഹാൾ. 

പണ്ട് ദർബാർ ഹാളിൽ വൈസ്രോയിയുടെയും പത്നിയുടെയും സിംഹാസനങ്ങളായിരുന്നു. ഇപ്പോൾ പത്മ അവാർഡ് സമർപ്പണം പോലെയുള്ള ചടങ്ങുകളും സത്യപ്രതിജ്ഞകളും നടക്കുമ്പോൾ രാഷ്ട്രപതിക്ക് ഇരിക്കാനുള്ള ഇരിപ്പിടമാണ് സ്ഥിരമായി ഉള്ളത്. ജനാധിപത്യത്തിന്റെ ശൈശവകാലം തൊട്ട് ഭരണാധികാരികളുടെ സത്യപ്രതിജ്ഞകൾക്കു സാക്ഷിയായ ഹാളിനു മുൻപിൽ കൊമ്പില്ലാത്ത ഒരു കാളയുണ്ട്. സാരാനാഥിൽ അശോക ചക്രവർത്തിയുടെ സ്തൂപങ്ങളിൽ നിന്നു പകർത്തിയെടുത്ത രാംപുർവ ബുൾ. അതും ഹാളിനുള്ളിൽ രാഷ്ട്രപതിയുടെ ഇരിപ്പിടത്തിനു പിന്നിലെ ബുദ്ധ പ്രതിമയും കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ നിന്നുള്ളതാണ്. ജനാധിപത്യം പുലർന്നപ്പോൾ രാഷ്ട്രപതി ഭവൻ സന്ദർശിക്കാൻ ജനങ്ങൾക്ക് അവസരം നൽകാമെന്ന നെഹ്റുവിന്റെ തീരുമാനത്തിനൊപ്പമാണ് കാളയും ബുദ്ധനും രാഷ്ട്രപതി ഭവനിൽ തുടർന്നത്. 

എട്ടാമത്തെ ഗൃഹനാഥൻ എസ്. രാധാകൃഷ്ണന്റെ കാലത്താണ് കെട്ടിടത്തിന് അറിവിന്റെ തിളക്കമുണ്ടാകുന്നത്. ദർബാർ ഹാളിന്റെ ‘മകൾ’ എന്നറിയപ്പെടുന്ന ലൈബ്രറിയിൽ പുസ്തകങ്ങൾ നിറഞ്ഞു. വൃത്താകൃതിയിലുള്ള മുറിയിലെ ഗ്ലാസ് ഷെൽഫുകളിലായി ഇപ്പോൾ അരലക്ഷത്തിനടുത്തു പുസ്തകങ്ങളുണ്ട്. സ്റ്റഡി റൂമിൽ ലട്യൻസ് ഡിസൈൻ ചെയ്ത സ്വർണവർണമാർന്ന മേശയാണ് രാഷ്ട്രപതി ഉപയോഗിക്കുക. ആ മേശയിരിക്കുന്ന കോണിലാണ് ഇന്ത്യയുടെ വിഭജനം തീരുമാനിക്കപ്പെട്ടത്. 

രാഷ്ട്രപതിയുടെ താമസം

മുറികൾ ഇഷ്ടംപോലെയുണ്ടെങ്കിലും രാഷ്ട്രപതിയും കുടുംബവും താമസിക്കുന്നത് വടക്കേ ബ്ലോക്കിന്റെ ഒരു ഭാഗത്താണ്. ഇപ്പോഴത്തെ അതിഥി മുറികളായിരുന്നു (ദ്വാരക, നളന്ദ) പണ്ട് വൈസ്രോയ് ഉപയോഗിച്ചിരുന്നത്. സപ്തനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സൗകര്യങ്ങൾ ലട്യൻസിന്റെ ഭാവനയിൽ വിരിഞ്ഞതാണ്. അവയിലെ ഫർണിച്ചറടക്കം ലട്യൻസ് ഡിസൈൻ ചെയ്തതാണ്. മൗണ്ട് ബാറ്റൻ പ്രഭുവിനുശേഷം രാജഗോപാലാചാരി താമസക്കാരനായെത്തിയപ്പോൾ ഈ സൗകര്യങ്ങൾ തന്റെ ആവശ്യത്തിലേറെയാണെന്നു കരുതി. വൈസ്രോയിയുടെ പത്നിയുടെ മുഖ്യസഹായി താമസിച്ചിരുന്ന ചെറിയ മുറികളിലേക്ക് അദ്ദേഹം താമസം മാറുകയായിരുന്നു. അന്നു തൊട്ടിന്നോളം കൊട്ടാരത്തിന്റെ ആതിഥേയർ താമസിക്കുന്നത് ആ മുറികളിൽത്തന്നെയാണ്. അതിഥി മുറികൾ സന്ദർശനത്തിനെത്തുന്ന രാഷ്ട്രത്തലവന്മാർക്കാണ് നൽകുന്നത്. ആതിഥേയത്വത്തിന്റെ അവസാന വാക്കായ അതിവിശാലമായ മുറികളാണിവ. 

മാറുന്ന ശീലങ്ങൾ, പാരമ്പര്യം

രാജഗോപാലാചാരി മുതൽ കൊട്ടാരത്തിന്റെ പാരമ്പര്യം മാറിത്തുടങ്ങി. അദ്ദേഹം വന്നപ്പോഴാണ് അടുക്കളകളിൽ ഇഡ്ഡലിയും ദോശയുമെത്തിയത്. ഗോൾഫ് കോഴ്സിന്റെ ഒരുഭാഗം ഭക്ഷ്യക്ഷാമകാലത്ത് അദ്ദേഹം ഗോതമ്പു പാടമാക്കി. രാജേന്ദ്രപ്രസാദും രാധാകൃഷ്ണനും പിന്നീടു വന്ന സാക്കിർ ഹുസൈനുമൊക്കെ ആഡംബരങ്ങളോടു താൽപര്യമില്ലാത്തവരായിരുന്നു. സാക്കിർ ഹുസൈൻ പക്ഷേ, പൂക്കൾക്കിടയിലെ ജീവിതം ഇഷ്ടപ്പെട്ടിരുന്നു. മുഗൾ ഗാർഡൻ കൂടുതൽ സമ്പന്നമായതും ഇക്കാലത്താണ്. ഗോൾഫ് കോഴ്സും പൂർണരൂപത്തിൽ പുനഃസ്ഥാപിച്ചു. അതിനു ശേഷം വി.വി. ഗിരി വന്നപ്പോഴാണ് രാഷ്ട്രപതി ഭവന് സ്വന്തമായി ഉണ്ടായിരുന്ന പതാക (ദേശീയ ചിഹ്നം, ആന, തുലാസ്, ഒരു പൂ എന്നിവയുള്ള പതാക) മാറ്റി കെട്ടിടത്തിനു മുകളിൽ ദേശീയപതാക സ്ഥാപിച്ചത്. രാഷ്ട്രപതി ഡൽഹിക്കു പുറത്തു പോകുന്ന ദിവസങ്ങളിലൊഴികെ എപ്പോഴും പതാക അതിനു മുകളിൽ പാറിക്കളിക്കും.

പിന്നീടു വന്ന പല രാഷ്ട്രപതിമാരും തങ്ങളുടെ അഭിരുചിക്കൊത്ത് രാഷ്ട്രപതി ഭവനിൽ പരിഷ്കാരങ്ങൾ വരുത്തിയെങ്കിലും ഏറ്റവും പ്രൗഢമായ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയത് പ്രണബ് മുഖർജിയാണ്. റാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവന്റെ ചെലവുചുരുക്കുന്ന ഒട്ടേറെ നടപടികളെടുത്തു. ഒരു ഫയലും കാത്തു കിടക്കരുതെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. മതപരമായ ആഘോഷങ്ങൾക്കായി പണം ചെലവിടുന്നത് കുറച്ചു. ഏറ്റവും ലളിതമായ രീതിയിലാണു കോവിന്ദ് അവിടെ കഴിഞ്ഞത്. 

രാഷ്ട്രപതിയുടെ ബഗ്ഗി

ബീറ്റിങ് റിട്രീറ്റിനു വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന തുറന്ന കുതിരവണ്ടി വീണ്ടും ഔദ്യോഗിക ചടങ്ങുകളിൽ ഉപയോഗിച്ചു തുടങ്ങിയത് പ്രണബിന്റെ കാലത്താണ്. വൈസ്രോയിയുടെ കാലത്ത് ഉപയോഗിച്ചിരുന്ന സ്വർണനിറമുള്ള കുതിരവണ്ടി 1984 മുതലാണ് ചടങ്ങുകൾക്കു മാത്രമായി ഒതുങ്ങിയത്. സുരക്ഷാ പ്രശ്നങ്ങളും തുറന്ന വാഹനം ഉപയോഗിക്കാതിരിക്കാൻ കാരണമായിരുന്നെങ്കിലും പ്രണബ് പാർലമെന്റിലേക്ക് പോകാൻ അതുപയോഗിച്ചു. 

റാം നാഥ് കോവിന്ദ് സ്ഥാനമേറ്റെടുക്കാൻ പാർലമെന്റിലേക്ക് പോയതും അതിലാണ്. അദ്ദേഹത്തിന്റെ സമയത്ത് വാഹനം കൂടുതൽ ഉപയോഗിച്ചില്ല. ബഗ്ഗിയിൽ രാഷ്ട്രപതി ഭവനിൽ നിന്ന് പുറപ്പെടുമ്പോൾ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി ഇടതു വശത്തും പുതിയ ആൾ വലതു വശത്തുമാണിരിക്കുക. തിരിച്ചു വരുമ്പോൾ സ്ഥാനം മാറും. ഈ ബഗ്ഗി ഇന്ത്യക്കു കിട്ടിയതിനു പിന്നിലും രസകരമായ കഥയുണ്ട്. വിഭജന കാലത്ത് ഇത് വേണമെന്ന് പാക്കിസ്ഥാനും നിർബന്ധം പിടിച്ചു. തർക്കം തീർക്കാൻ ടോസിടാൻ തീരുമാനമായി. അന്ന് ഇന്ത്യൻ ഭാഗത്തു നിന്ന് ലഫ്റ്റനന്റ് ഠാക്കൂർ ഗോവിന്ദ് സിങ്ങും പാക്കിസ്ഥാൻ ഭാഗത്തു നിന്ന് ക്യാപ്റ്റൻ ഷബ്സാദ യാക്കൂബ് ഖാനുമാണ് ടോസിട്ടത്. ടോസ് ഇന്ത്യയ്ക്കു കിട്ടി. ഷബ്സാദ പിന്നീട് പാക്കിസ്ഥാന്റെ വിദേശകാര്യമന്ത്രിയുമായി. രാഷ്ട്രപതിക്കു ഷിംലയിലും ഹൈദരാബാദിലും രണ്ടു വസതികൾ കൂടിയുണ്ട്. എല്ലാ രാഷ്ട്രപതിമാരും വർഷത്തിലൊരിക്കൽ ഇവിടങ്ങളിൽ താമസിക്കും. ഷിംലയിലെ മഷോബ്ര ഹിൽ ടോപ്പിലെ വസതി രാഷ്ട്രപതി നിവാസും ഹൈദരാബാദിലെ ബോലാരത്തെ വസതി രാഷ്ട്രപതി നിലയവുമാണ്. രാഷ്ട്രപതി അവിടങ്ങളിൽ താമസിക്കുമ്പോൾ ഓഫിസ് അങ്ങോട്ടു മാറും.  

രാഷ്ട്രപതിയുടെ കാവലാളുകൾ

കഠിന ശാരീരിക മാനസിക പരിശീലനങ്ങൾക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന ആറടിയിലേറെ ഉയരമുള്ള സൈനികരാണ് പ്രസിഡന്റ്സ് ബോഡിഗാർഡ്സ്; പിബിജി. തവിട്ടു നിറമുള്ള കുഞ്ചിരോമങ്ങളുള്ള, കുറഞ്ഞത് 157.5 സെന്റി മീറ്റർ ഉയരമുള്ള കുതിരകളിൽ സഞ്ചരിക്കുന്ന ഇവരെക്കൂടി മനസ്സിൽക്കണ്ടാണ് ലട്യൻസ് മന്ദിരത്തിന്റെ കവാടങ്ങളും മുറ്റവും പാതകളുമൊരുക്കിയത്.(അത് പിബിജിക്ക് മാത്രം അനുവദിക്കപ്പെട്ടതാണ്. മറ്റ് യൂണിറ്റുകളിലെ കുതിരകൾക്ക് അതുണ്ടാവില്ല). പ്രസിഡന്റിന്റെ വെള്ളിക്കാഹളം വാങ്ങാൻ അർഹതയുള്ള ഏക മിലിട്ടറി യൂണിറ്റാണ് പ്രസിഡന്റ്സ് ബോഡിഗാർഡ്സ്. 

രാഷ്ട്രപതിയുടെ കാലാവധിയായ 5 വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങിൽ തവിട്ടു കുതിരകൾക്കിടയിലൊരു ചാര നിറത്തിലുള്ള കുതിരയുണ്ടാകും. അതിലിരിക്കുന്ന ട്രംപറ്റ് മേജറുടെ കയ്യിൽ ഒരു വെള്ളിക്കാഹളമുണ്ടാകും. അതിലെ കാഹള ശീലയിൽ(ട്രംപറ്റ് ബാനർ) രാഷ്ട്രപതിയുടെ ഇനിഷ്യലുകൾ ദേവനാഗരി ലിപിയിലെഴുതും. അടുത്ത 5 വർഷം ആ ട്രംപറ്റും ബാനറുമാണ് പിബിജി ഉപയോഗിക്കുക. പുതിയത് ലഭിക്കുമ്പോൾ ആ ട്രംപറ്റും ശീലയും ബോഡിഗാർഡ്സ് മെസ്സിന്റെ ചില്ലലമാരയിൽ ചരിത്രമാകും. 

അടുത്ത 5 വർഷം ട്രംപറ്റ് മേജർക്കു ലഭിക്കുന്ന ബാനറിൽ ദേവനാഗരി ലിപിയിൽ ‘ദ്രൗ. മു’ എന്നായിരിക്കും എഴുതുക. 

അറിഞ്ഞതിലപ്പുറം പകർന്നു നൽകി രാഷ്ട്രപതി ഭവൻ റെയ്സിനക്കുന്നുകൾക്കു മുകളിൽ തിളങ്ങി നിൽക്കുന്നു. 300 വർഷത്തിനപ്പുറവും തന്നെ ഓർമിക്കണമെന്നു പറഞ്ഞ് ലട്യൻസ് രൂപകൽപന ചെയ്ത പ്രൗഢി ചോരാതെ..

English Summary: About Rashtrapati Bhavan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}