ADVERTISEMENT

ഇന്ത്യയുടെ ഹൃദയം പകുത്തു രണ്ടാക്കാൻ സിറിൽ റാ‍ഡ്ക്ലിഫ് വരച്ച വരയുടെ കൂടി ഓർമകൾ സ്വാതന്ത്ര്യത്തിനു പറയാനുണ്ട്. മുറിവിന് അപ്പുറവും ഇപ്പുറവും ഒറ്റപ്പെട്ടു പോയവർ ഉറ്റവരെ തേടി ഇന്നും അലയുന്നു. വിഭജനം മുറിച്ചു കളഞ്ഞ ബന്ധങ്ങളെ ചേർത്തു വരയ്ക്കുന്ന ചില മനുഷ്യരും നമുക്കൊപ്പമുണ്ട്.

രണ്ടു ചെറിയ വരകൾ വരയ്ക്കാൻ സിറിൽ റാ‍ഡ്ക്ലിഫിനു വേണ്ടിവന്നത് അഞ്ചാഴ്ചയാണ്. എന്നിട്ടും അദ്ദേഹത്തിനു തൃപ്തിയായില്ല. കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കിൽ വരകൾ മെച്ചപ്പെടുത്താമായിരുന്നു എന്നത് ഏറ്റുപറച്ചിലായിരുന്നു. എന്തായാലും, രണ്ടു വരകളിലൂടെ അദ്ദേഹം മൂന്നു രാജ്യങ്ങളുടെ ചരിത്രത്തിൽ പേരു ചേർത്തു. ഇന്ത്യയുടെ ഭൂപടത്തിനുള്ളിൽ പടിഞ്ഞാറും കിഴക്കും വശങ്ങളിൽ വീണ രണ്ടു വരയിൽ രണ്ടു രാജ്യങ്ങളുണ്ടായി.

1948 ജൂണിൽ അധികാരം കൈമാറാൻ താൽപര്യപ്പെടുന്നുവെന്നാണ് 1947 ഫെബ്രുവരി 20ന് ബ്രിട്ടിഷ് സർക്കാരിന്റെ പ്രഖ്യാപനം. വേണ്ട, ആറു മാസത്തിനുള്ളിൽ കൈമാറ്റമാവാം എന്നു തീരുമാനം മാറുന്നു; അതിനു മുൻപ്, വിഭജനം ഉൾപ്പെടെ എന്തൊക്കെ നടപടികളെന്ന പ്രഖ്യാപനം ജൂൺ മൂന്നിന് ബ്രിട്ടിഷ് പൊതുസഭയിലുണ്ടാവുന്നു. അപ്പോഴേക്കും മതാടിസ്ഥാനത്തിലുള്ള കലാപങ്ങൾ പരിധി വിട്ടിരുന്നു.

സിറിൽ റാഡ്ക്ലിഫ്
സിറിൽ റാഡ്ക്ലിഫ്

വൈസ്രോയി മൗണ്ട്ബാറ്റനും ഇന്ത്യയിലെ നേതാക്കളും വിഭജനത്തിന്റെ രൂപരേഖ മനസ്സിൽ വരച്ചു. ഇനി അതു ഭൂപടത്തിലാക്കണം. പഞ്ചാബിനും ബംഗാളിനുമായുള്ള ബൗണ്ടറി കമ്മിഷനുകളുടെ ചെയർമാനാകാൻ ഹൈക്കോടതി ജഡ്ജിമാരിലൊരാളെ വിട്ടുതരണമെന്നാണു പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി, ലോർ‍ഡ് ചാൻസലർ വില്യം അലൻ ജൊവിറ്റിനോട് ആവശ്യപ്പെടുന്നത്.

ജഡ്ജിമാരെല്ലാം തിരക്കിലാണെന്നും ബാരിസ്റ്റർ റാഡ്ക്ലിഫിനെ ചെയർമാനാക്കൂ എന്നും ജൊവിറ്റിന്റെ മറുപടി. വായിച്ചുമാത്രം ഇന്ത്യയെയും ഇവിടത്തെ നേതാക്കളെയും അറിഞ്ഞിട്ടുള്ളതിനാൽ റാഡ്ക്ലിഫ് നിഷ്പക്ഷനായിരിക്കുമെന്നാണു വിലയിരുത്തൽ. ആറ്റ്ലിയുടെ അഭ്യർഥന റാഡ്ക്ലിഫ് അംഗീകരിക്കുന്നു; ഉടനെ പുറപ്പെടാൻ മാത്രം തയാറായില്ല. ഡൽഹിയിലെ ചൂടു കുറയണം. റാഡ്ക്ലിഫ് അധ്യക്ഷനായുള്ള കമ്മിഷനുകളുടെ പ്രഖ്യാപനം ജൂൺ 30നുണ്ടാവുന്നു.

റാഡ്ക്ലിഫ് ജൂലൈ എട്ടിന് ഇന്ത്യയിലെത്തുന്നു. വരകൾ പോകേണ്ട വഴികൾക്കു മുകളിലൂടെ ഏതാനും വിമാനയാത്രകൾ, കൊൽക്കത്തയിലും ഷിംലയിലും ഏതാനും ദിവസം താമസം. വരകളെക്കുറിച്ച് അദ്ദേഹം കുറിപ്പുകളുണ്ടാക്കി. കമ്മിഷനിലെ അംഗങ്ങൾ മതാടിസ്ഥാനത്തിൽ വാദങ്ങൾ ഉന്നയിച്ചപ്പോൾ, റാഡ്ക്ലിഫ് ചെവികളടച്ചു.

വിഭജിക്കുന്നത് എങ്ങനെയെന്ന അറിയിപ്പ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു തൊട്ടുമുൻപുണ്ടായാൽ സാഹചര്യം കൂടുതൽ വഷളാകുമെന്ന് മൗണ്ട്ബാറ്റൻ ആശങ്കപ്പെട്ടു; ഓഗസ്റ്റ് പത്തിനെങ്കിലും വരകൾ പൂർത്തിയാക്കണമെന്ന് റാ‍ഡ്ക്ലിഫിനു കത്തുനൽ‍കി. 12നാണ് റാഡ്ക്ലിഫ് ദൗത്യം പൂർത്തിയാക്കുന്നത്. ഏതൊക്കെയാണു പുതിയ അതിരുകളെന്ന്, രണ്ടു രാജ്യങ്ങളും സ്വതന്ത്രമായശേഷം, 16നാണ് നേതാക്കളറിയുന്നത്. പരസ്യമാക്കൽ 17നും.

ഓഗസ്റ്റ് 15നുതന്നെ പ്രഖ്യാപിച്ച് പുതിയ അതിർത്തികൾ നിലവിലാകുന്നതാണ് ഉചിതമെങ്കിലും, വിമർശനഭാരം ബ്രിട്ടിഷുകാർ ചുമക്കേണ്ടതില്ലെന്ന് മൗണ്ട്ബാറ്റൻ താൽപര്യപ്പെട്ടു. ആദ്യം സ്വാതന്ത്ര്യ ആഘോഷം നടക്കട്ടെയെന്ന് അദ്ദേഹം തീരുമാനിച്ചു.

ഓഗസ്റ്റ് 18നാണ് റാഡ്ക്ലിഫ് ഇന്ത്യയിൽനിന്നു മടങ്ങുന്നത്. അദ്ദേഹം തന്റെ ബന്ധുവിനുള്ള കത്തിലെഴുതി: ‘എന്റെ തീരുമാനത്തോടെ ഇന്ത്യയിൽ ആരും എന്നെ ഇഷ്ടപ്പെടില്ല. ആവലാതിയുമായി എന്നെ അന്വേഷിക്കുന്ന 80 ദശലക്ഷം പേരുണ്ടാവും. അവർ എന്നെ കണ്ടുപിടിക്കാൻ പാടില്ല. ഞാൻ അധ്വാനിച്ചു, യാത്ര ചെയ്തു, വിയർപ്പൊഴുക്കി – എപ്പോഴും ഞാൻ വിയർത്തു’.

1970കളുടെ ആദ്യം റാഡ്ക്ലിഫ് പറഞ്ഞു: ‘എനിക്ക് അനുവദിച്ചിരിക്കുന്ന സമയം വളരെ കുറവാണെന്ന് ഇന്ത്യയിൽ എത്തിയപ്പോഴേ ഞാൻ എല്ലാ രാഷ്ട്രീയ നേതാക്കളോടും പറഞ്ഞതാണ്. എന്നാൽ, ഓഗസ്റ്റ് 15നോ അതിനു മുൻപോ തങ്ങൾക്കൊരു വര വേണമെന്ന് ജിന്നയും നെഹ്റുവും പട്ടേലുമുൾപ്പെടെയുള്ള നേതാക്കൾ എന്നോടു പറഞ്ഞു. അവർക്കായി ഞാനൊരു വര വരച്ചു.’ ഇന്ത്യാ വിഭജനത്തിന്റേതായി കൈവശമുണ്ടായിരുന്ന രേഖകളെല്ലാം പിന്നീട് റാഡ്ക്ലിഫ് നശിപ്പിച്ചു.

റാഡ്ക്ലിഫ് പ്രഭു തന്റെ ജോലിക്ക് പ്രതിഫലം വാങ്ങിയില്ല; പിന്നീടൊരിക്കലും ഇന്ത്യയിലേക്കു വന്നതുമില്ല. ഇന്നും ഇന്ത്യാ – പാക്കിസ്ഥാൻ അതിർത്തിവരയുടെ പേര് റാ‍ഡ്ക്ലിഫ് ലൈൻ എന്നാണ്; ഇന്ത്യ – ബംഗ്ലദേശ് അതിരിനെ ആരും അങ്ങനെ വിളിക്കാറുമില്ല.

∙∙∙

സമാഗമം 74 വർഷത്തിനു ശേഷം

പാക്കിസ്ഥാനിലെ ഫൈസലബാദ് ജില്ലയിൽ ബൊഗ്രാൻ ഗ്രാമത്തിൽനിന്നുള്ള മുഹമ്മദ് സിദ്ദിഖ് എന്ന സാദിഖ് ഖാനും (84), ഇന്ത്യയിൽ പഞ്ചാബിലെ ഭട്ടിൻഡയിൽ ഫുലേവാലിൽനിന്നുള്ള മുഹമ്മദ് ഹബീബ് എന്ന സിക്കാ ഖാനും (75) കഴിഞ്ഞ ജനുവരി 12ന് കർതാർപുർ സാഹിബ് ഗുരുദ്വാരയ്ക്കു മുന്നിൽകണ്ടുമുട്ടി. സിക്കാ കരഞ്ഞു തുടങ്ങിയപ്പോൾ, സാദിഖ് ആശ്വസിപ്പിച്ചു. തുടർന്ന്, സാദിഖും കരഞ്ഞു. വിഭജനകാലത്ത് വേർപിരിഞ്ഞുപോയ സഹോദരങ്ങൾ കണ്ടുമുട്ടുകയായിരുന്നു, 74 വർഷത്തിനുശേഷം.

വേർപിരിയുമ്പോൾ സാദിഖിന് 10 വയസ്സ്, സിക്കയ്ക്ക് ഒന്നര. വീട്ടുമുറ്റത്തു സിക്ക അമ്മയുടെ മടിയിലിരുന്നു കളിക്കുമ്പോൾ കലാപകാരികൾ കടന്നുവരുന്നത് സാദിഖ് ഓർ‍ത്തെടുത്തു; വീടുവിട്ടോടുന്നതിനിടയിൽ പിതാവ് കൊല്ലപ്പെട്ടതും താൻ പാക്കിസ്ഥാനിൽ എത്തിപ്പെട്ടതും. ഭർത്താവിനെയും മക്കളിലൊരാളെയും കാണാതെ മനസ്സു തകർന്ന അമ്മ കനാലിൽ ചാടി ജീവനൊടുക്കിയതും തുടർന്നുള്ള ജീവിതവും സിക്ക പറഞ്ഞു.

കണ്ടുമുട്ടാത്ത തലമുറ

പട്യാലയിലെ ഒരു കോളജിൽ പ്രിൻസിപ്പലായിരുന്ന സുൽത്താന ബീഗത്തിന്റെ പിതാവും ബന്ധുക്കളും വിഭജന കാലത്ത് പാക്കിസ്ഥാനിലായി. അമ്മ അന്നു ഗർഭിണിയാണ്. ഒരു ഹൈന്ദവ കുടുംബം അമ്മയെ സംരക്ഷിച്ചു. സുൽത്താന പിറന്നു. അവളെ ആ കുടുംബം വളർത്തി, പഠിപ്പിച്ചു. പിതാവിനെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും അന്വേഷിച്ച് ഏഴു തവണ സുൽത്താന പാക്കിസ്ഥാനിലേക്കു പോയി. കഴിഞ്ഞ നവംബറിൽ, സുൽത്താന മരിച്ച് മൂന്നാം ദിവസം മകൾക്ക് പാകിസ്ഥാനിലെ കസൂർ ജില്ലയിലെ പടോകിറിൽനിന്ന് ഒരു ഫോൺ വന്നു: നിന്റെ അമ്മ അന്വേഷിച്ചവരുടെ ഇപ്പോഴത്തെ തലമുറ ഇവിടെയുണ്ട്.

സഹോദരൻ ഗുർമെയിൽ സിങ്ങിന്റെ ഫോട്ടോയുമായി സക്കീന.
സഹോദരൻ ഗുർമെയിൽ സിങ്ങിന്റെ ഫോട്ടോയുമായി സക്കീന.

ഒരു ഫോട്ടോ മാത്രം

പാക്കിസ്ഥാനിലെ ഷെയ്ക്പുരയിൽ ഗുർദാസ് ഗ്രാമത്തിൽ 1955ൽ ജനിച്ച സക്കീനയുടെ കൈവശം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയുണ്ട്. അത് സക്കീനയുടെ സഹോദരൻ ഗുർമെയിൽ സിങ്ങിന്റേതാണ്. ഫോട്ടോയിലല്ലാതെ സക്കീന സഹോദരനെ കണ്ടിട്ടില്ല. ഇവരുടെ പിതാവ് പാക്കിസ്ഥാനിലെത്തിപ്പെടുന്നു. ഗുർമെയിലും മകനും ലുധിയാനയിലെ നൂർപുരിൽ. ഇരുവരെയും തന്റെ അടുത്തെത്തിക്കാനുള്ള പിതാവിന്റെ അപേക്ഷയിൽ നടപടിയുണ്ടാവുന്നു. അമ്മയെയും മകനെയും അന്വേഷിച്ച് ഉദ്യോഗസ്ഥരെത്തുമ്പോൾ ഗുർമെയിൽ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു. അവൻ‍ വരുന്നതുവരെ കാത്തുനിൽക്കാൻ അമ്മയ്ക്ക് അനുവാദമുണ്ടായില്ല. മകനെ വിട്ട് അമ്മ പോയി. സഹോദരന്റെ ഫോട്ടോ സക്കീനയ്ക്കു സ്വത്തായി. ഗുർമെയിൽ ലുധിനായയിലെതന്നെ ജസോവാൽ സുദാൻ ഗ്രാമത്തിലുണ്ടെന്ന് സക്കീന കഴിഞ്ഞയാഴ്ചയാണ് അറിയുന്നത്. സക്കീനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. ചികിൽസ കഴിഞ്ഞാലുടനെ സഹോദരങ്ങൾ ആദ്യമായി കണ്ടുമുട്ടും.

നസീർ ധില്ലൻ
നസീർ ധില്ലൻ

വിട്ടഭാഗം പൂരിപ്പിക്കാൻ നസീർ

സിക്കയുടെയും സാദിഖിന്റെയും സുൽത്താന ബീഗത്തിന്റെ മകളുടെയും സക്കീനയുടെയും ഗുർമെയിലിന്റെയുമുൾപ്പെടെ, റാഡ്ക്ലിഫ് വരയുടെ ഇരുവശത്തുമായുള്ള 300 കുടുംബങ്ങളിലെങ്കിലും ഒരു അംഗം കൂടിയുണ്ട്-നസീർ ധില്ലൻ (37). വരകളേറ്റു മുറി‍ഞ്ഞ ഹൃദയങ്ങളെ കൂട്ടിയോജിപ്പിക്കുകയാണ് നസീർ‍. ഫൈസലബാദിലെ പഞ്ച്‌വാർ ഗ്രാമത്തിൽനിന്നുള്ള നസീർ, 12 വർഷം പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ജോലി രാജിവച്ച് റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കിറങ്ങി. ഒപ്പം, രണ്ടു രാജ്യങ്ങളിലായുള്ള പഞ്ചാബിലുള്ളവരുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും കഥകൾ പറയുന്ന ‘പഞ്ചാബി ലെഹർ’ എന്ന യൂട്യൂബ് ചാനലും തുടങ്ങി. കഥകൾ ശേഖരിക്കാൻ നസീറും സുഹൃത്ത് ഭുപീന്ദർ സിങ് ലവ്‌ലിയും പല ഗ്രാമങ്ങളിലും പോയി.

പഴയ തലമുറക്കാർ പറയുന്ന കഥകളിൽ പലതിലും അതിർത്തിക്ക് അപ്പുറത്തെ മക്കളും സഹോദരനും സഹോദരിയും പ്രിയ സുഹൃത്തുമൊക്കെ കടന്നുവരികയും കഥപറച്ചിൽ കണ്ണീരിൽ അവസാനിക്കുകയും ചെയ്യുന്നത് ആവർത്തിച്ചു. വേർപാടിന്റെ കഥകൾ യൂട്യൂബിലൂടെ നസീർ‍ പുറത്തുവിട്ടു. കഥ പറഞ്ഞവരെ അറിയുന്നവർ കഥകേട്ടു. പലരും നസീറിനെ വിളിച്ചു. കഥ പറഞ്ഞവർക്കും അവരെ തിരിച്ചറിഞ്ഞവർക്കും നേരിട്ടോ വിഡിയോ കോളിലൂടെയോ കാണാൻ നസീർ സൗകര്യമൊരുക്കി. ഏഴു വർഷം മുൻപ് തുടങ്ങിയ ഈ കണ്ണിചേർക്കൽ തുടരുകയാണ്. പാകിസ്ഥാനിൽനിന്നും ഇന്ത്യയിൽനിന്നും മാത്രമല്ല, ബംഗ്ലദേശിൽനിന്നും നസീറിന് വിളികളെത്തുന്നു.

റാഡ്ക്ലിഫിനെപ്പോലെ, നസീറും പ്രതിഫലം വാങ്ങുന്നില്ല. അഞ്ചു ലക്ഷത്തിലേറെപ്പേർ പഞ്ചാബി ലെഹർ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. അതിൽനിന്നുള്ള വരുമാനമേറെയും പഴയ തലമുറകളെ കൂട്ടിമുട്ടിക്കാൻ ചെലവഴിക്കുന്നു. ‘പരമകാരുണികൻ തരുന്ന പ്രതിഫലം മാത്രം മതി എനിക്ക്. അത് ധാരാളമായി ലഭിക്കുന്നുമുണ്ട്.’ – പഞ്ച്‌വാറിലെ വീട്ടിലിരുന്ന് ഫോണിലൂടെ നസീർ ‘മലയാള മനോരമ’യോടു പറഞ്ഞു. ‘എന്റെ മുത്തച്ഛന്റെ വാക്കുകളാണ് എന്നെ നയിക്കുന്നത്. രാജ്യമേ രണ്ടായിട്ടുള്ളു. മനുഷ്യർ ഭിന്നിച്ചുപോയിട്ടില്ലെന്ന് മുത്തച്ഛൻ‍ പറയുമായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും സിക്കുകാരുമെന്ന ഭേദമില്ലാതെ ജീവിച്ച കാലമാണ് മുത്തച്ഛന്റെ ഓർമയിൽ ഏറെയുണ്ടായിരുന്നത്.’

നസീറിന്റെ മുത്തച്ഛൻ ഉമർ ഹയാത് നമ്രദാർ, അമൃത്‌സറിൽനിന്നാണ് 1890ൽ ഫൈസലബാദിൽ എത്തുന്നത്. വിഭജനത്തിന്റെ കാലം എത്ര കഠിനമായിരുന്നുവെന്ന് ഉമർ ഹയാത് കൊച്ചുമകന് പറഞ്ഞുകൊടുത്തു; തങ്ങളുടേതല്ലാത്ത കാരണത്താൽ ജീവൻപോയവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും ചിതറിയോടേണ്ടി വന്നവരുടെയും കഥകൾ. ഉമർ ഹയാത്തിനും നസീറിന്റെ പിതാവ് ബഷീർ അഹമ്മദിനും ഇന്ത്യയിലേക്ക്, തങ്ങളുടെ ഗ്രാമത്തിലേക്ക് തിരികെ വരണമെന്നുണ്ടായിരുന്നു.

സാദിഖ് ഖാൻ, സിക്കാ ഖാൻ എന്നിവർ നസീറിനൊപ്പം (വലത്)
സാദിഖ് ഖാൻ, സിക്കാ ഖാൻ എന്നിവർ നസീറിനൊപ്പം (വലത്)

ഇന്ത്യയിലെത്തുക എന്ന മോഹം

‘ഹസ്രത് മുഖിം ഷാ ബാബയുടെ ദർഗയിൽ പോകണമെന്നതും എന്റെ പിതാവിന്റെ ആഗ്രമായിരുന്നു. അതു സാധിക്കാതെ പിതാവ് മരിച്ചു. എനിക്കും ഇന്ത്യയിൽ വരണം. മുഖിം ഷാ ബാബയുടെ ദർഗ എനിക്കെങ്കിലും കാണാനാവണം’ – നസീർ പറഞ്ഞു. കഴിഞ്ഞ മാർച്ചിലും നസീർ വീസയ്ക്ക് അപേക്ഷിച്ചു. ലഭിച്ചില്ല. ‘ഞാൻ രണ്ടു തവണ കരഞ്ഞിട്ടുണ്ട്. എന്റെ പിതാവ് മരിച്ചപ്പോഴും, ഷരീഫ ബീവിയുടെ കഥ ക്യാമറയിലാക്കയിപ്പോഴും. ബുറേവാല ജില്ലയിലെ വെഹാരി ഗ്രാമത്തിലാണ് ഷരീഫ ജീവിക്കുന്നത്. സഹോദരൻ മുഹമ്മദ് തുഫൈൽ (85) ഡൽഹിലെവിടെയോ ഉണ്ട്. ഇന്ത്യയിലെ പഞ്ചാബിൽ മോഗ ജില്ലയിലുള്ള ബധ്നി കലാമിൽവച്ചാണ് വിഭജനകാലത്ത് ഇവർ വേർപിരിയുന്നത്. 1985ൽ ഷരീഫയെ അന്വേഷിച്ച് തുഫൈൽ എത്തിയിരുന്നു. ഇവിടെ 15 ദിവസം താമസിക്കുകയും ചെയ്തു. കണ്ടുമുട്ടിയില്ല.’

ഇന്ത്യയിൽ വന്നാൽ, മുഖിം ഷാ ബാബയുടെ ദർഗയിൽ പോയശേഷം ഡൽഹിയിലേക്കു വരണമെന്നാണു നസീറിന്റെ ആഗ്രഹം. ‘അവിടെ ഓരോ ഗലിയിലും പോകണം, തുഫൈലിനെ അന്വേഷിച്ച്. ഷരീഫ ബീവിയുടെ സങ്കടം അത്ര വലുതാണ്.’ സ്വാതന്ത്ര്യത്തിന്റെ വാർഷികം രാജ്യത്തിന്റെയും ഹൃദയങ്ങളുടെയും വിഭജനത്തിന്റേതുമാണ്. റാഡ്ക്ലിഫ് ഭൂപടത്തിൽ വരച്ച വരകളെ തന്നാലാവുംവിധം മനസ്സുകളിൽനിന്നു മായ്ക്കുകയാണ് നസീർ ചെയ്യുന്നത്. എന്നെങ്കിലും അതിരുകൾ ഭൂപടത്തിൽ മാത്രമായി മാറുമെന്ന പ്രതീക്ഷയോടെ. കഴിഞ്ഞ ദിവസം നസീറിനും ഭാര്യ അസ്മയ്ക്കും നാലാമത്തെ കുഞ്ഞ് പിറന്നു. സയാൻ എന്ന് അവനു േപരിട്ടു. സയാനെന്നാൽ‍ സുന്ദരം. നസീറിന്റെ പ്രവൃത്തിയും സയാൻ ആണ്. 

English Summary: Hidden memories of India’s partition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com