ADVERTISEMENT

രാജ്യം സ്വാതന്ത്ര്യത്തിലേക്കു നടന്നടുക്കവേ, 1947 ജൂണിലാണ് തൃശൂർ വിയ്യൂർ സ്വദേശി എൻ. കുഞ്ചു സൈന്യത്തിൽ ചേരുന്നത്. അന്നു ബ്രിട്ടിഷുകാരുടെ കീഴിലാണ് ഇന്ത്യൻ സൈന്യം. ജോലി തേടി അന്നത്തെ മദ്രാസിലെത്തിയതായിരുന്നു കുഞ്ചു. അവിടെ വച്ച് ആർമിയുടെ റിക്രൂട്ട്മെന്റ് കേന്ദ്രം കണ്ടു. അതുവഴി സേനയുടെ ഭാഗമായി.

സിപോയ് ക്ലാർക്ക് ആയി സേനയിൽ ചേർന്ന കുഞ്ചു, പിന്നീട് സുബേദാർ മേജർ റാങ്കിൽ സേനയുടെ പ്രസിദ്ധീകരണമായ സൈനിക് സമാചാറിൽ സബ് എഡിറ്ററായി. 26 വർഷത്തെ സേവനത്തിനു ശേഷം 1973ൽ പടിയിറങ്ങി. ബ്രിട്ടിഷുകാർ ഭരിച്ച കാലത്തും സ്വതന്ത്ര ഇന്ത്യയിലും സൈനിക സേവനം നടത്തിയ കുഞ്ചുവിന്റെ മനസ്സിൽ 93–ാം വയസ്സിലും നിറംമങ്ങാതെയുണ്ട്, സ്വാതന്ത്ര്യ കാലത്തെ സൈനിക ഓർമകൾ.

കലാപം നേരിടാൻ ഉണ്ടയില്ലാത്തോക്ക്

‘പഞ്ചാബിലെ ഫിറോസ്പുരിലായിരുന്നു എന്റെ സൈനിക പരിശീലനം. ഞങ്ങൾ വലിയൊരു സംഘമുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുൻപ് പ്രദേശത്ത് ഹിന്ദു – മുസ്‍ലിം കലാപമുണ്ടായി. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ സൈന്യത്തെ രംഗത്തിറക്കി. ഞാനടക്കമുള്ള പരിശീലന ബാച്ചിന് അന്ന് തോക്ക് ഉപയോഗിക്കാനോ ശരിക്കും മാർച്ച് ചെയ്യാനോ പോലുമറിയില്ലായിരുന്നു. തോക്ക് പിടിച്ചു ഞങ്ങൾ പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തി. തോക്കുകളിൽ ഉണ്ടയില്ലായിരുന്നു! ആളുകളെ പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. അതു സാധിച്ചു. കലാപം കെട്ടടങ്ങി.

ഇന്ത്യ എന്റെ രാജ്യം

രാജ്യം സ്വതന്ത്രമായപ്പോൾ സേനായൂണിറ്റ് കമാൻഡർ ഞങ്ങൾക്കൊപ്പമുള്ള മുസ്‍ലിംകളായ സേനാംഗങ്ങളെ വിളിച്ചുകൂട്ടി ചോദിച്ചു. ‘നിങ്ങൾക്ക് എവിടെ പോകാനാണ് ആഗ്രഹം; ഇന്ത്യയിൽ നിൽക്കണോ പാക്കിസ്ഥാനിലേക്കു പോകണോ?’ പാക്കിസ്ഥാനിൽ വീടുള്ളവരെല്ലാം അവിടേക്കു പോകണമെന്നു പറഞ്ഞു. പാക്ക് മുസ്‍ലിംകൾ മാത്രമുള്ള ചില സേനാ യൂണിറ്റുകൾ അപ്പാടെ അവിടേക്കു പോയി. ഹിന്ദുക്കളും മുസ്‍ലിംകളും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ യൂണിറ്റ്. അക്കൂട്ടത്തിൽ മലയാളിയായ ഖാദർ എന്നയാളുമുണ്ടായിരുന്നു.

യൂണിറ്റ് കമാൻഡറെ കണ്ടു, മടങ്ങിയെത്തിയ ഖാദറിനോടു ഞങ്ങൾചോദിച്ചു. ‘എന്തു തീരുമാനിച്ചു?’ ഞാൻ എന്റെ രാജ്യത്തു പോകാൻ തീരുമാനിച്ചു; ഖാദർ മറുപടി നൽകി

ഏതാണു താങ്കളുടെ രാജ്യം?

ഇതു തന്നെ; ഇന്ത്യ! – 

ഉറച്ച ശബ്ദത്തിൽ ഖാദർ പറഞ്ഞു.

ഖാദറിനെപ്പോലെ ഇന്ത്യയിൽ താമസിക്കുന്നവരെല്ലാം ഇവിടെത്തന്നെ നിൽക്കാൻ തീരുമാനിച്ചു.

ആഘോഷമില്ലാതെ സ്വാതന്ത്ര്യ ദിനം

കര, നാവിക, വ്യോമ സേനാംഗങ്ങൾക്കിടയിൽ ബ്രിട്ടിഷുകാർക്കെതിരെ വികാരം ശക്തമായിരുന്നു. ബ്രിട്ടിഷ് നേതൃത്വത്തിനെതിരെ കലാപമുയർത്തിയ സേനാംഗങ്ങളെ അവർ പുറത്താക്കി. അതിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. സേനകൾക്കുമേൽ തങ്ങൾക്കുള്ള നിയന്ത്രണം നഷ്ടമാകുന്നുവെന്ന തിരിച്ചറിവും ഇന്ത്യയുടെ സ്വാതന്ത്ര്യം അംഗീകരിക്കാൻ ബ്രിട്ടിഷുകാരെ പ്രേരിപ്പിച്ചു. രാജ്യം സ്വതന്ത്രമായ ഓഗസ്റ്റ് 15ന് ഞങ്ങളടക്കമുള്ളവരുടെ സേനാ ക്യാംപുകളിൽ ആഘോഷങ്ങളില്ലായിരുന്നു. 

   പ്രതിരോധസേനാ മേധാവികൾ അപ്പോഴും ബ്രിട്ടിഷുകാരായിരുന്നതിനാൽ ആഘോഷമുണ്ടായില്ല.    രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെയും ജവാഹർലാൽ നെഹ്റുവിന്റെ പ്രസംഗത്തിന്റെയും തുടർന്നുള്ള ആഘോഷങ്ങളുടെയും വിവരങ്ങൾ പത്രത്തിലൂടെ ഞങ്ങൾ വായിച്ചു. അതിലൂടെ ഞങ്ങളറിഞ്ഞു; ഇന്ത്യയുടെ സ്വാതന്ത്ര്യം!

English Summary: N Kunju's memoir on Indian army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com