ADVERTISEMENT

എറണാകുളം പബ്ലിക് ലൈബ്രറിക്കു സാറ പകുത്തുനൽകിയതു സ്വന്തം ഹൃദയത്തിന്റെ ഭാഗമാണ്‌. ഭർത്താവ്, പ്രശസ്ത ജേണലിസ്റ്റും ചിത്രകാരനുമായിരുന്ന വിജയൻ കണ്ണമ്പിള്ളി മരണത്തിനു കീഴടങ്ങും മുൻപു പറഞ്ഞുവച്ച കാര്യം ചെയ്തുതീർത്തതിന്റെ ആശ്വാസമുണ്ട് അവരിൽ. ആഫ്രിക്കയിലെ നയ്റോബിയിലുള്ള മകൾ അമ്മു കണ്ണമ്പിള്ളി നാലു ദിവസത്തേക്കു നാട്ടിലെത്തിയപ്പോൾ എറണാകുളം പബ്ലിക് ലൈബ്രറിയിലെത്തി; പിതാവിന്റെ ആഗ്രഹപൂർത്തീകരണത്തിനായി.

വിജയൻ കണ്ണമ്പിള്ളിയുടെ ആറായിരം പുസ്തകങ്ങളിൽ ആയിരത്തിയഞ്ഞൂറോളം ഗ്രന്ഥങ്ങളുടെ ശേഖരമാണ് അമ്മു പബ്ലിക് ലൈബ്രറിയെ ഏൽപിച്ചത്. അച്ഛൻ കാത്തുസൂക്ഷിച്ച അമൂല്യശേഖരം. വിജയനും സാറയും ഹൃദയത്തിന്റെ ഭാഗമായി കൊണ്ടുനടന്ന നിധി. 35 ലക്ഷം രൂപയോളം മുഖവില മതിക്കുന്ന അത്യപൂർവ ഗ്രന്ഥങ്ങളുടെ ശേഖരം.

ലളിതകലയുടെ വിജ്ഞാനപ്രപഞ്ചം

കലയുടെ പ്രപഞ്ചമാണു വിജയൻ കണ്ണമ്പിള്ളി തലമുറകൾക്കു കൈമാറുന്നത്. വിവിധ കലകളുടെ ആവിർഭാവം, വളർച്ച തുടങ്ങിയ കലാചരിത്രം, ദേശാന്തരങ്ങളിലെ കലകളുടെ സവിശേഷതകൾ, ‌ലോകോത്തര കലാകാരന്മാർ, ലോകനഗരങ്ങളിലെ കലാ മ്യൂസിയങ്ങൾ അങ്ങനെ കലാസംബന്ധിയായതെല്ലാം പകർന്നുതരുന്ന വിജ്ഞാനപ്രപഞ്ചം. പെയിന്റിങ്, ശിൽപകല തുടങ്ങി കലകളെക്കുറിച്ചു മാത്രമുള്ളതാണ് 1500ൽ പരം പുസ്തകങ്ങൾ‌. ഇതിൽ ഇന്ത്യൻ പുസ്തകങ്ങൾ അൻപതോളം മാത്രം. ശേഷിക്കുന്നതെല്ലാം വിദേശപുസ്തകങ്ങൾ. അവയിൽ പലതിന്റെയും വില ആയ്യായിരവും പതിനായിരവും കടക്കും.

ലളിതകലയെക്കുറിച്ചുള്ള സർവവിജ്ഞാന കോശങ്ങളുടെ വിവിധ വാല്യങ്ങൾ, ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്, മോസ്കോയിലെ പുഷ്കിൻ മ്യൂസിയം ഓഫ് ഫൈൻ ആർട്സ്, പാരിസിലെ പിക്കാസോ മ്യൂസിയം തുടങ്ങി ഒട്ടേറെ ആർട് മ്യൂസിയങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ തുടങ്ങി വിസ്മയമുണ്ടാക്കുന്ന പുസ്തകക്കാഴ്ച. ലോകപ്രശസ്ത ചിത്രകാരന്മാരുടെയും ശിൽപികളുടെയും സൃഷ്ടികളെക്കുറിച്ചുള്ള ലോകോത്തര രചനകളാണധികവും. പിക്കാസോ, മൈക്കലാ‍ഞ്ജലോ, സാൽവദോർ ഡാലി, വിൻസന്റ് വാൻഗോഗ്, ഓഗസ്റ്റ് റോഡിൻ തുടങ്ങിയവരെക്കുറിച്ചെല്ലാം അഞ്ചോ ആറോ വീതം പുസ്തകങ്ങളുണ്ട് സമാഹാരത്തിലെന്ന് എറണാകുളം പബ്ലിക് ലൈബ്രറി ട്രഷറർ ടി.കെ.സദാശിവൻ പറയുന്നു.

sarah
പുസ്തകത്തിൽ മുദ്രവയ്ക്കുന്ന സാറ. ചിത്രം: റോബർട് വിനോദ്

ഇവരുടെ ലോകശ്രദ്ധയാകർഷിച്ച സൃഷ്ടികളുടെ ചിത്രങ്ങൾ അതേപടി പുനരാവിഷ്കരിച്ചിട്ടുള്ളതിനാൽ പല പുസ്തകങ്ങൾക്കും ഭാരമേറെ. ശരാശരി എട്ടും പത്തും കിലോ തൂക്കം വരുന്ന പുസ്തകങ്ങളും ഇവയിലുണ്ട്. പബ്ലിക് ലൈബ്രറിയുടെ ഷെൽഫുകൾക്കു ഭാരം താങ്ങാനാകാത്തതിനാൽ കനംകൂടിയ അഞ്ച് ഇരുമ്പലമാരകൾകൂടി 75,000 രൂപ മുടക്കി അമ്മു കണ്ണമ്പിള്ളി കൈമാറി. അവയിലാണിവ സൂക്ഷിച്ചിരിക്കുന്നത്.

അക്കാദമിയുടെ നഷ്ടം, പബ്ലിക് ലൈബ്രറിയുടെ നേട്ടം

കേരള ലളിത കലാ അക്കാദമിക്കു കലാഗ്രന്ഥശേഖരം കൈമാറാനായിരുന്നു വിജയൻ കണ്ണമ്പിള്ളിയുടെ ആഗ്രഹം. അതിനായി 2017ൽ സുഹൃത്തും അന്നത്തെ അക്കാദമി ചെയർമാനുമായ ടി.എ.സത്യപാലുമായി ബന്ധപ്പെട്ടു. ഉടൻ തന്നെ താൻ വിജയന്റെ വസതിയിലെത്തി പുസ്തകങ്ങൾ കണ്ടുവെന്നു സത്യപാൽ പറയുന്നു. അക്കാദമിയുടെ ഗവേഷണ ലൈബ്രറിയിൽ ‘വിജയൻ കണ്ണമ്പിള്ളി കോർണർ’ സ്ഥാപിച്ച് ഈ പുസ്തകങ്ങൾ സൂക്ഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അതു നടന്നില്ല.

അന്ന് അക്കാദമിക്കകത്തുണ്ടായിരുന്ന ചില പ്രശ്നങ്ങളെത്തുടർന്നു സത്യപാൽ 2017ൽ ചെയർമാൻ സ്ഥാനം രാജിവച്ചു. പിന്നെ ആരും അക്കാദമിയുടെ ഭാഗത്തുനിന്ന്  ഇക്കാര്യത്തിൽ താൽപര്യമെടുത്തില്ല. എന്തായാലും അക്കാദമിയിൽ തന്റെ പുസ്തകശേഖരം കലാകാരന്മാരുടെയും ഗവേഷകരുടെയും അന്വേഷണതാൽപര്യത്തിനുതകുന്ന തരത്തിൽ സൂക്ഷിക്കപ്പെടണമെന്ന വിജയൻ കണ്ണമ്പിള്ളിയുടെ പ്രായോഗികവിചാരത്തിന് അക്കാദമിയിലെ പടലപ്പിണക്കങ്ങളും വീക്ഷണമില്ലായ്മയും തടസ്സമായി. പിന്നീടു വിജയൻ രോഗശയ്യയിലായി. അങ്ങനെ ലളിതകലാ അക്കാദമിയുടെ നഷ്ടം പബ്ലിക് ലൈബ്രറിയുടെ നേട്ടമായി.

പുസ്തകങ്ങൾ വന്ന വഴി

വിജയൻ കണ്ണമ്പിള്ളി മുംബൈയിലും ഡൽഹിയിലുമെല്ലാമായിരുന്നപ്പോൾ പണം കൊടുത്തു വരുത്തിച്ചവയാണു പുസ്തകങ്ങളിലേറെയും. കലാ വിഭാഗത്തിൽ തിരഞ്ഞെടുത്തുവച്ചവ ആയിരത്തിയറുന്നൂറെണ്ണമുണ്ടായിരുന്നു. അതിൽ നൂറെണ്ണം നയ്റോബിയിൽ രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയിൽ ജോലി ചെയ്യുന്ന അമ്മു തനിക്കായി മാറ്റിവച്ചു. അവയൊഴികെ എല്ലാം പബ്ലിക് ലൈബ്രറിക്കു കൈമാറി.

വിജയൻ കണ്ണമ്പിള്ളി

വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ നയതന്ത്രജ്ഞനായിരുന്ന കണ്ണമ്പിള്ളി കരുണാകര മേനോന്റെയും (കെ.എം.കണ്ണമ്പിള്ളി) കോനാത്ത് മാധവി അമ്മയുടെയും രണ്ടാമത്തെ മകനായി 1949ൽ ജനിച്ച വിജയൻ കണ്ണമ്പിള്ളി എഴുപതുകളുടെ തുടക്കത്തിലാണു പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞത്.

ആദ്യം മുംബൈയിൽ ടൈംസ് ഓഫ് ഇന്ത്യയിൽ. പിന്നീട് ഇക്കണോമിക് ടൈംസിലും മിഡ് ഡേയിലും ബിസിനസ് ഇന്ത്യയിലും ജോലി ചെയ്ത ശേഷം ഫ്രീ പ്രസ് ജേണലിൽ എഡിറ്ററായി. പിന്നീടു ഡൽഹിയിലെത്തി 1992 വരെ ബിസിനസ് ഇന്ത്യ മാഗസിൻ ഡപ്യൂട്ടി എഡിറ്ററായി. തുടർന്ന് അവരുടെ ഡയറക്ടറി ഡിവിഷന്റെ സിഇഒ ആയി. അതിനു ശേഷം ബിസിനസ് ഇന്ത്യ ഗ്രൂപ്പ് എഡിറ്റോറിയൽ അഡ്വൈസറായും സേവനമനുഷ്ഠിച്ചു.

2013ൽ നാട്ടിലേക്കു മടങ്ങി. വിശ്രമജീവിതത്തിൽ ഒട്ടേറെ ചിത്രങ്ങളും ശിൽപങ്ങളും പൂർത്തിയാക്കി. ഇവയെല്ലാം പെരുമ്പാവൂർ ഒക്കലിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നു. ഇവയുടെ പ്രദർശനം സംഘടിപ്പിക്കണമെന്ന ആഗ്രഹത്തിലാണു കുടുംബം.ദീർഘകാലം അസുഖബാധിതനായി കിടപ്പിലായ ശേഷം 2022 ജനുവരി 13നു വിജയൻ കണ്ണമ്പിള്ളി അന്തരിച്ചു. അദ്ദേഹത്തിന്റെ താൽപര്യപ്രകാരം മൃതശരീരം കൊച്ചി അമൃത മെഡിക്കൽ കോളജിനു കൈമാറുകയാണു കുടുംബം ചെയ്തത്. 

English Summary: Vijayan Kannampilly family handover books worth 35 lakh rupees to Ernakulam Public Library

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com