ADVERTISEMENT

കർണാട്ടിക്, ഹിന്ദുസ്ഥാനി, മൃദംഗം, വയലിൻ– ഇതെല്ലാം ടിവിജിയുടെ ശബ്ദങ്ങൾ

സംഗീതത്തിന്റെ സ്വരവും താളവും ലയവും ടിവിജി എന്ന മൂന്നക്ഷരത്തിലേക്ക് അലിഞ്ഞു ചേർന്നിട്ട് 80 വർഷത്തിലേറെയായി. കർണാടക, ഹിന്ദുസ്ഥാനി ആലാപനത്തിലും മൃദംഗത്തിലും വയലിനിലും ഒരുപോലെ പ്രാവീണ്യമുള്ള അപൂർവ സംഗീത ഇതിഹാസമാണു ചെമ്പൈ വൈദ്യനാഥ ഭാഗവതർ കൈപിടിച്ചുയർത്തിയ തൃപ്പൂണിത്തുറ വിശ്വനാഥൻ ഗോപാലകൃഷ്ണൻ. തെന്നിന്ത്യൻ സംഗീതലോകത്തെ പുതുതലമുറയ്ക്കു ഗുരുതുല്യനായ ടിവിജി ഇപ്പോൾ നവതിയുടെ നിറവിലാണ്. പ്രമുഖ സംഗീതജ്ഞരായ ഇളയരാജ, എ.ആർ റഹ്മാൻ, ശിവമണി, കദ്രി ഗോപാൽനാഥ്, ഭുപീന്ദർസിങ്, ഗംഗൈ അമരൻ തുടങ്ങിയവരൊക്കെ ശിക്ഷ്യഗണങ്ങളായുള്ള ടിവിജി ചെന്നൈയിൽ ഇപ്പോഴും സംഗീതോപാസന തുടരുകയാണ്.

എട്ടാം വയസ്സിലെ താളം

സംഗീതം ടിവിജിക്കു ജന്മസിദ്ധമായിരുന്നു. 200 വർഷത്തെ സംഗീതപാരമ്പര്യമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. തലമുറകളായി കൊച്ചി രാജവംശത്തിന്റെ സംഗീതസഭയെ അലങ്കരിച്ചിരുന്നതു ടിവിജിയുടെ കുടുംബമായിരുന്നു. മുത്തുസ്വാമി ഭാഗവതർ, രാമസ്വാമി ഭാഗവതർ, ഗോപാല കൃഷ്ണ ഭാഗവതർ, വിശ്വനാഥ ഭാഗവതർ ഈ പരമ്പരയിലെ അഞ്ചാം തലമുറക്കാരനാണു ടിവിജി. കർണാടക സംഗീതജ്ഞനായ ടി.ജി. വിശ്വനാഥ ഭാഗവതരുടെയും ഗായിക മീനാക്ഷി അമ്മാളിന്റെയും മകനായി 1932 ജൂൺ 11നു ജനിച്ചു. ടിവിജിയുടെ എട്ടു സഹോദരങ്ങളിൽ രണ്ടുപേർ സംഗീതലോകത്ത് പ്രശസ്തരാണ്. ടി.വി രമണി (വയലിൻ), ടി.വി വാസൻ (ഘടം) എന്നിവർ.പിതാവ് വിശ്വനാഥ ഭാഗവതരായിരുന്നു സംഗീതത്തിൽ ആദ്യഗുരു. നാലാം വയസ്സിൽ ചെറിയച്ഛൻ ടി.ജി നാരായണസ്വാമിയുടെ കീഴിൽ മൃദംഗപഠനം ആരംഭിച്ചു. ആറാമത്തെ വയസ്സിൽ കൊച്ചി കൊട്ടാരത്തിൽ മൃദംഗത്തിൽ അരങ്ങേറി. എട്ടാമത്തെ വയസ്സിലായിരുന്നു ചെമ്പൈയ്ക്ക് അകമ്പടിയായി വേദിയിൽ മൃദംഗം വായിച്ചത്. പിന്നീട് എം.ഡി.രാമനാഥനൊപ്പവും മൃദംഗവുമായി വേദിയിലെത്തി.

ശബ്ദമില്ലാത്ത ചെമ്പൈ

മൃദംഗപാടവം മനസ്സിലാക്കിയ ചെമ്പൈ ടിവിജിയെ മദ്രാസിലേക്കു ക്ഷണിച്ചു. എന്നാൽ പഠിത്തം കഴിഞ്ഞിട്ടുമതി എന്നായിരുന്നു പിതാവിന്റെ നിർദേശം. പിന്നെയും 11 വർഷത്തിനുശേഷം 1951ലാണ് ടിവിജി മദ്രാസിൽ ചെമ്പൈയുടെ അടുത്തെത്തുന്നത്. പക്ഷേ, അക്കാലത്ത് ചെമ്പൈയുടെ തൊണ്ടയ്ക്ക് അസുഖംവന്ന് ശബ്ദം അടഞ്ഞുപോയിരുന്നതിനാൽ അദ്ദേഹം കച്ചേരികളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നു. തുടർന്ന് ചെമ്പൈയുടെതന്നെ നിർദേശപ്രകാരം ഏജീസ് ഓഫിസിൽ ഗുമസ്തനായി ടിവിജി ജോലിയിൽ പ്രവേശിച്ചു. ‘ശബ്ദം നഷ്ടമായ ചെമ്പൈ ഗുരുവായൂർ നടയിലെത്തി മനസ്സുരുകി പ്രാർഥിച്ചുകൊണ്ടു നിൽക്കുകയാണ്. ‘ഭഗവാനേ ശ്ലോകവും നാരായണീയവും ഞാൻ ചൊല്ലേണ്ടേ..? അതു കേൾക്കേണ്ടേ അങ്ങേക്ക്..? ഇതു പറഞ്ഞു പൂർത്തിയാകുമ്പോഴേക്കു വൈദ്യമഠം നമ്പൂതിരി പിന്നിലെത്തി തോളിൽ തൊട്ടു. ഭാഗവതരേ ഞാനൊന്നു പരീക്ഷിക്കട്ടേ..? ചെമ്പൈ സമ്മതം മൂളി. ഒരാഴ്ചത്തെ ചികിത്സ പൂർത്തിയായതോടെ ശബ്ദം തിരികെയെത്തി. ഗുരുവായൂരപ്പന്റെ അനുഗ്രഹമാണ് അതെന്നായിരുന്നു ചെമ്പൈയുടെ വിശ്വാസം. വഴിപാടായി ചെമ്പൈ ഗുരുവായൂരിൽ കച്ചേരി അവതരിപ്പിച്ചു. ഞാനാണ് അന്നു പിന്നണിയിൽ മൃദംഗം വായിച്ചത്’ 8 വർഷത്തോളം നീണ്ട മൗനത്തിന്റെ യാതൊരു കേടുമില്ലാതെയുള്ള ചെമ്പൈയുടെ കച്ചേരി കേട്ടു പലരും അത്ഭുതപ്പെട്ടു. ഇതെങ്ങനെ സാധിച്ചെന്നു ചോദിച്ചവരോട് ‘ഞാൻ എപ്പോഴും പാടിക്കൊണ്ടു തന്നെയാണിരുന്നത്. ആരും കേട്ടില്ലെന്നു മാത്രം..’ – തന്റെ ഗുരുനാഥൻ പറഞ്ഞത് ഇപ്പോഴും ടിവിജിയുടെ കാതുകളിലുണ്ട്.

സംഗീതമേ ജീവിതം

ലയത്വം എന്ന വിഷയത്തിൽ 86–ാം വയസ്സിലാണു തഞ്ചാവൂർ സംഗീത കോളജിൽ നിന്നു പിഎച്ച്ഡി ലഭിച്ചത്. ജീവിതത്തിലെ എല്ലാ നേട്ടവും തന്നതു സംഗീതമാണെന്നു ടിവിജി പറയും. ‘ഒന്നിനെ തേടിയും പിന്നാലെ പോകേണ്ട എല്ലാം ഇങ്ങോട്ടു വരുമെന്നാണ് എന്റെ ഗുരുനാഥന്റെ ഉപദേശം. ദൈവം തന്ന ജ്ഞാനം പരമാവധി പകർന്നു നൽകുകയാണു ലക്ഷ്യം. ഞാനോരോടും മൽസരിച്ചിട്ടില്ല. അടുത്ത തലമുറയെ സംഗീതാലാപനത്തിനു മാത്രമല്ല ആസ്വദിക്കാനും പ്രാപ്തരാക്കണം. സംഗീതത്തിന്റെ എല്ലാ നല്ല വശങ്ങളും പുതിയ തലമുറ പഠിക്കണമെന്നാണ് എന്റെ അഭിപ്രായം. അതിലേക്കുള്ള യാത്രയിലാണ് എന്റെ നേതൃത്വത്തിലുള്ള അക്കാദമി ഓഫ് ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്സ് (എയ്മ). സംഗീതത്തിലുള്ള അഭിനിവേശം തുടർച്ചയായി വളർത്തണം. കേരളത്തിൽ നിന്നുള്ളവരുടെ ശബ്ദത്തിനൊരു പ്രത്യേകതയുണ്ട്. അതു സംഗീതത്തോട് ഏറെ ചേർന്നു നിൽക്കുന്നതാണു പലപ്പോഴും, അതു കൊണ്ടു തന്നെ ചിട്ടപ്പെടുത്തിയെടുക്കാനും എളുപ്പമാണ്. സംസാരിക്കാൻ അറിയാവുന്നവർക്ക് പാടാൻ കഴിയുമെന്നാണ് എന്റെ അനുഭവം. പക്ഷേ, കൃത്യമായ പരിശീലനം വേണം. ശബ്ദം ഒരു ഗായകന്റെ ഐഡന്റിറ്റിയാണ്. എന്നാൽ ചിലർ അനുകരിക്കുന്നതാണ് പ്രധാന പ്രശ്നം. ചിലർ അവരുടെ ഗുരുവിനെപ്പോലെ പാടാൻ പ്രവണത കാണിക്കുന്നു, അതിൽ നിന്ന് അവരെ തടയുക എന്നതാണു യഥാർഥ ഗുരുവിന്റെ ഉത്തരവാദിത്തം.’ ടിവിജിയിലെ ഗുരുവിന് പ്രായമാകുന്നതേയില്ല. സ്കൈപ്പ് വഴി ഡിജിറ്റൽ സാക്സഫോണിൽ യുഎസിലെ ശിഷ്യയെ പരിശീലിപ്പിച്ച് അവിടെ അരങ്ങേറ്റം നടത്തിയതിന്റെ സന്തോഷത്തിലാണു ഗുരു ടിവിജി ഇപ്പോൾ.

ശബ്ദം ആയുധമായി ടിവിജി

ശബ്ദനിയന്ത്രണത്തിന്റെ സാധ്യതകൾ ഏറ്റവും ഫലപ്രദമായി പ്രയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഗീതജ്ഞനാണ് ടിവിജി. ശബ്ദപരീശീലകൻ, ശബ്ദ ചികിത്സകൻ എന്നീ നിലകളിലും ശ്രദ്ധേയനായി. സംഗീത ഉപകരണങ്ങൾ രൂപകൽപന ചെയ്യുന്നതിലും അദ്ദേഹത്തിനു വൈദഗ്ധ്യമുണ്ട്. വീണ, മൃദംഗം, തംബുരു തുടങ്ങിയ വാദ്യോപകരണങ്ങൾ അദ്ദേഹം നിർമിച്ചു. പാശ്ചാത്യസംഗീതത്തെയും അദ്ദേഹം വേറിട്ടുകണ്ടില്ല. കൗമാരകാലത്ത് തുടങ്ങിയ ഇഷ്ടമാണു ജാസ് മ്യൂസിക്. നിയമങ്ങൾക്കും ചട്ടക്കൂ‌‌ടുകൾക്കും ഉപരിയായി സംഗീതത്തിന്റെ ഭംഗിയിൽ ശ്രദ്ധിച്ച അദ്ദേഹം ധീരമായ പല പരീക്ഷണങ്ങൾക്കും മുതിർന്നു. 

കർണാട്ടിക്–പാശ്ചാത്യ സംഗീതങ്ങളെ സമന്വയിപ്പിച്ച് കർണാടിക്– ജാസ് എന്നൊരു പുതിയ സംഗീതശൈലി ആവിഷ്കരിച്ചു. വിദേശസംഗീതോപകരണങ്ങൾ കർണാടക സംഗീതത്തിന് അകമ്പടിയായപ്പോൾ സൃഷ്ടിക്കപ്പെട്ട മായികസംഗീതത്തിന് രാജ്യത്തും വിദേശത്തും ആരാധകരുണ്ടായി. ഇന്ത്യൻ ജാസ് സംഗീതത്തിന്റെ ഉപജ്ഞാതാവ് എന്ന പേരിന് അർഹനായി. ജോർജ് ഹാരിസൺ, ബോബ് ഡില്ലൻ, ജോൺ ഹാൻഡി തുടങ്ങിയ പ്രമുഖരുമായി ചേർന്ന് ലോകമെമ്പാടും ഒട്ടേറെ വേദികളിൽ അദ്ദേഹം സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

പത്മഭൂഷൺ (2012), കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് (1990), കേരള സംഗീത നാടക അക്കാദമി അവർഡ്(2007), കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്, സംസ്ഥാന സർക്കാരിന്റെ സ്വാതി, നിശാഗന്ധി പുരസ്കാരങ്ങൾ, മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ടിവിജിക്കു ലഭിച്ചു.

English Summary: Musician Tripunithura Viswanathan Gopalakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com