ADVERTISEMENT

ഓട്ടിസം ബാധിച്ച ലിയയ്ക്കും രോഹിത്തിനും മുന്നിൽ പരിമിതികൾ അപ്രസക്തമായി. അവരെ വഴിനടത്തിയ അച്ഛൻമാരുടെ കൂടി വിജയമാണിത്

ഓട്ടിസം ബാധിച്ച ഇരുപത്തഞ്ചുകാരി ആലപ്പുഴ സ്വദേശി ലിയ അച്ഛൻ  മനയിൽ ജോർജ് മാത്യുവിന്റെ അഭിമാനമാണ് ഇന്ന്. പ്രമുഖ പ്രഫഷനൽ സർവീസ് സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ്ങിന്റെ (ഇവൈ) ഗ്ലോബൽ ഡെലിവറി സർവീസസിലെ പെയ്ഡ് ഇന്റേണിയാണു ലിയ. 22 വർഷം മുൻപു മകൾക്കു വേണ്ടി ഗൾഫിലെ ജോലി ഉപേക്ഷിച്ച അച്ഛൻ, മകളുടെ നേട്ടം കണ്ടു സന്തോഷിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച് ആൻഡ് എജ്യുക്കേഷൻ (കേഡർ) നടത്തിയ എംപ്ലോയബിലിറ്റി ട്രെയിനിങ് പ്രോഗ്രാമിൽ ലിയയുടെ മികവു കണ്ടാണു ലിയയെ സ്റ്റൈപൻഡ് നൽകി ഇന്റേൺഷിപ്പിനു തിഞ്ഞെടുത്തത്.

മികവ് തുടർന്നാൽ ജോലിയിൽ നിയമിക്കും. പ്രോഗ്രാമിന്റെ ആദ്യ ബാച്ചിൽ ലിയയ്ക്കൊപ്പം തൃശൂർ സ്വദേശി രോഹിത്തും പെയ്ഡ് ഇന്റേൺഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടു. രോഹിത്തിന്റെ ബലവും അച്ഛൻ തന്നെ. ബഹുരാഷ്ട്ര കമ്പനിയുടെ റീജനൽ മേധാവി പദവി ഉപേക്ഷിച്ചാണ് അച്ഛൻ രമേശ്കുമാർ മകന്റെ സന്തോഷം കണ്ടെത്താനിറങ്ങിയത്. ഓട്ടിസം ബാധിച്ച ഈ മക്കൾ തല ഉയർത്തി നിന്ന കഥയറിയുമ്പോൾ ‘അച്ഛൻ’ എന്ന വാക്കിനെ ആരും അത്രമേൽ സ്നേഹിച്ചുപോകും.

ന്യൂറോ ഡൈവേഴ്സിറ്റിയുള്ള പ്രതിഭകൾക്കു പരിശീലനവും തൊഴിലും നൽകാനുള്ള ഇവൈയുടെ ആഗോള പദ്ധതിയിൽ ഇന്ത്യയിൽനിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവരാണു ലിയയും രോഹിത്തും. പ്രത്യേക സംഘം കേഡറിലെത്തി പരീക്ഷയും പരിശോധനയും അഭിമുഖവും നടത്തിയിരുന്നു. തിരുവനന്തപുരം കിൻഫ്ര പാർക്കിലാണു ജോലി

ലിയയുടെ കഥ

ജോർജ് മാത്യു ഗൾഫിൽ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണു ഇരട്ടകളായി ലിയയും ലെനിയും ജനിക്കുന്നത്. ഭാര്യ ഡോ.ലൈല ആ സമയം എംബിബിഎസ് കഴിഞ്ഞു നിൽക്കുന്നു. ഒന്നരവയസ്സുവരെ രണ്ടു കുട്ടികളും ഒരുപോലെ കളിച്ചുവളർന്നു. ഇതിനിടയിൽ ഇരുവർക്കും പനി വന്നു. മരുന്നു കൊടുത്തെങ്കിലും ലിയയുടെ പനി മാറാൻ സമയമെടുത്തു. പിന്നീട് സംസാരം കുറഞ്ഞു. ഹൈപ്പർ ആക്ടിവിറ്റി കാണിച്ചുതുടങ്ങി. ആലപ്പുഴ മെഡിക്കൽ കോളജിലെ ന്യൂറോളജിസ്റ്റാണ് ഓട്ടിസമാണെന്നു കണ്ടെത്തിയത്. ഇരട്ടക്കുട്ടികൾ, ജോലി, ലിയയുടെ ചികിത്സ... ലൈല കുഴങ്ങിയപ്പോൾ ജോർജ് മാത്യു കടുത്ത തീരുമാനമെടുത്തു. സ്വന്തം ജോലി ഉപേക്ഷിക്കുക. അങ്ങനെ ഗൾഫിൽനിന്നു തിരിച്ചെത്തി. പിന്നെ മകൾക്കൊപ്പം മാത്രമുള്ള ജീവിതമായി. സ്പീച്ച് തെറപ്പിയും മറ്റുമായി കുറെ നാൾ. ഓട്ടിസം ബാധിച്ച കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാത്ത നാളുകളിൽ സർവശിക്ഷാ അഭിയാൻ ഇറക്കിയ ‘വെളിച്ചം’ എന്ന പുസ്തകം ജോർജിനു വെളിച്ചമായി. ഒന്നാം ക്ലാസ് മുതൽ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ. എന്നാൽ അവിടെ മറ്റു കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണമുണ്ടായില്ല. അങ്ങനെ ഒരവധിക്കാലത്താണ് ആലപ്പുഴ എസ്ഡിവി ജെബിഎസ് സ്കൂളിൽ കളിവീട് എന്ന സമ്മർ ക്യാംപ് നടന്നത്. ലിയയെയും ലെനിയെയും അവിടെ വിട്ടു. ഒപ്പം ജോർജും പോയി. ചിത്രരചന, പാട്ട്, നൃത്തം എല്ലാം പരിശീലിച്ചു. നൃത്തത്തിലും ചിത്രകലയിലും ലിയ മികവു കാട്ടി. ഈ സ്കൂളിലെ അധ്യാപികയായ മേഴ്സി ഡയാന മാസിഡോ പറഞ്ഞു– അവളെ ഇവിടെ ചേർക്കൂ, ഞാൻ നോക്കിക്കോളാം.

കൈ പിടിക്കാൻ ആളുണ്ടെന്നു മനസ്സിലായതോടെ ജോർജിനു ധൈര്യം കൂടി. അവിടെ ചേർത്തു. ഇതിനിടെ ശിശുക്ഷേമ സമിതി നടത്തിയ ചിത്രരചനാ മത്സരത്തിനു ദേശീയതലത്തിൽ രണ്ടു തവണ ലിയ സമ്മാനം നേടി. ആറു മുതൽ 10 വരെ ആലപ്പുഴ സനാതന ധർമ വിദ്യാലയത്തിൽ. സ്പെഷൽ സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാൻ അപേക്ഷിച്ചെങ്കിലും പഠിക്കുന്നതു സ്പെഷൽ സ്കൂളിൽ അല്ലെന്ന കാരണത്താൽ അനുവാദം കിട്ടിയില്ല. മകളുടെ ആഗ്രഹം നടത്തിയെടുക്കാൻ ജോർജ് പോരാട്ടം തുടങ്ങി. ഒടുവിൽ രണ്ടു വർഷത്തിനുശേഷം അനുകൂല ഉത്തരവ് വന്നു. അപ്പോഴേക്കും പ്ലസ് വണ്ണിനു ചേർന്നിരുന്നു. ഉത്തരവിന്റെ ബലത്തിൽ അടുത്ത രണ്ടുവർഷം സ്പെഷൽ സ്കൂൾ കലോൽസവത്തിൽ പങ്കെടുത്തു നാടോടിനൃത്തത്തിനു സമ്മാനം നേടി. ഒരു ക്ലാസ് മുൻപിൽ പഠിച്ച ലെനിക്കും കിട്ടി നാടോടിനൃത്തത്തിൽ സമ്മാനം. ലെനിയെ പഠിപ്പിക്കുന്നതെല്ലാം ജോർജ് ലിയയെയും പഠിപ്പിക്കുമായിരുന്നു. പഠിക്കുന്നിടത്തും കളിക്കുന്നിടത്തുമെല്ലാം അച്ഛനായിരുന്നു കൂട്ട്. മകൾക്ക് സ്കൂളിൽ നല്ല അന്തരീക്ഷം കിട്ടുന്നുവെന്നുറപ്പു വരുത്താൻ സ്കൂളുകളിൽ പിടിഎയുടെ ഭാഗമായി. ലെനി പ്ലസ്ടു കഴിഞ്ഞു നഴ്സിങ്ങിനു ചേർന്നപ്പോൾ, ലിയയെ ചരിത്ര ബിരുദത്തിനു ചേർത്തു. ബിരുദം കഴിഞ്ഞ് കംപ്യൂട്ടർ കോഴ്സുകൾ ചെയ്യിച്ചു. ഇതിനിടയിലാണു കേഡറിന്റെ കോഴ്സിനു ചേർ‍ത്തത്. സൗജന്യ കോഴ്സ് ആണെങ്കിലും ആഴ്ചയിൽ അഞ്ചു ദിവസം തിരുവനന്തപുരത്തു താമസിക്കണം. കഴിഞ്ഞ നവംബറിൽ മകൾക്കു വേണ്ടി ജോർജ് ജീവിതം തിരുവനന്തപുരത്തേക്കു പറിച്ചുനട്ടു. വഴുതക്കാട്ടെ ഒരു വീടിന്റെ മുകൾ നിലയിൽ മകൾക്കൊപ്പം വാടകയ്ക്കു താമസമാക്കി. പാചകമെല്ലാം അച്ഛൻ തന്നെ. ആഴ്ചയിലൊരിക്കൽ ആലപ്പുഴയിലെ വീട്ടിൽ ഭാര്യയുടെയും മറ്റു മക്കളുടെയും അടുത്തെത്തും.

rohit
അച്ഛൻ രമേശിനൊപ്പം രോഹിത്. ചിത്രം: മനോജ് ചേമഞ്ചേരി∙മനോരമ

ലൈല ഇപ്പോൾ സർക്കാർ സർവീസിലാണ്. കേഡറിലെ കോഴ്സ് ഒൻപതു മാസം പിന്നിട്ടപ്പോഴേക്കും കംപ്യൂട്ടർ ഉപയോഗിച്ചുള്ള ജോലിയിൽ ലിയ മിടുക്കിയായി.

ഗൾഫിലെ ജോലി ഉപേക്ഷിച്ചെത്തിയതു മുതൽ കഴിഞ്ഞ 22 വർഷത്തിലധികമായി ലിയയുടെ നിഴലാണ് അച്ഛൻ. ഇളയ മകൻ പ്ലസ്ടു കഴിഞ്ഞപ്പോൾ നാലു വർഷത്തെ ഒക്കുപ്പേഷനൽ തെറപ്പി പഠിക്കാനാണു ജോർജ് ചേർത്തത്. ഓട്ടിസം ബാധിച്ചവരുടെ ചികിത്സയ്ക്ക് അത്യാവശ്യമാണ് ഒക്കുപ്പേഷനൽ തെറപ്പി. തന്റെ കാലം കഴിഞ്ഞാലും ലിയയ്ക്കൊരു കുറവുമുണ്ടാകരുതെന്ന കണക്കുകൂട്ടലാണു ജോർജിന്.

രോഹിത്തിന്റെ കഥ

രോഹിത്തിനോട്(25) ഒരു തീയതി പറഞ്ഞാൽ അത് ഏതു ദിവസമാണ് എന്നവൻ അപ്പോൾ തന്നെ പറയും. 1995ലോ, 2005ലോ ഇറങ്ങിയ മോഹൻലാലിന്റെ സിനിമകൾ ഏതെന്നു ചോദിച്ചാൽ ആദ്യമിറങ്ങിയതു മുതൽ ആ വർഷത്തെ മുഴുവൻ സിനിമകളും പറയും. കുട്ടിക്കാലം മുതൽ ഇങ്ങനെ പല കഴിവുകളുമുണ്ടായിരുന്നു രോഹിത്തിന്. എന്നാൽ അവനെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാക്കുന്ന ഒരു കഴിവ് വികസിപ്പിക്കാനാണു തൃശ്ശൂർ ചേറ്റുപുഴ സ്വദേശി അച്ഛൻ രമേശ്കുമാർ ശ്രമിച്ചത്. കംപ്യൂട്ടറിൽ രോഹിത്തിനുള്ള താൽപര്യം കണ്ടെത്തി പരിശീലിപ്പിച്ചത് അങ്ങനെയാണ്.

രണ്ടര വയസ്സുള്ളപ്പോഴാണ് ഓട്ടിസം തിരിച്ചറിയുന്നത്. ചില കാര്യങ്ങൾ മാത്രം ആവർത്തിച്ചു പറയുന്ന പെർഹസീവ് ഡവലപ്മെന്റൽ ഡിസോർഡർ എന്ന തരം ഓട്ടിസമാണന്നു കണ്ടെത്തി. ഇതു തന്നെയാണ് ഇപ്പോൾ ഐടി മേഖലയിൽ രോഹിത്തിനു സഹായകമായതും. ആദ്യം സ്പെഷൽ സ്കൂളിൽ വിട്ടെങ്കിലും ഒന്നു മുതൽ 12 വരെ പഠിച്ചതു സാധാരണ സ്കൂളിലാണ്. ആദ്യം ജോലി നാട്ടിലായതിനാൽ മകന്റെ കാര്യം നോക്കാൻ രമേശിനു വലിയ പ്രയാസമുണ്ടായിരുന്നില്ല. എന്നാൽ ജോലി ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനിയുടെ റീജനൽ മേധാവിയായി ചെന്നൈയിലേക്കു പോകേണ്ടിവന്നതോടെ കാര്യങ്ങൾ ബുദ്ധിമുട്ടിലായി. ഭാര്യ ദീപ പഞ്ചായത്ത് സെക്രട്ടറിയാണ്. ഇളയ പെൺകുട്ടിയുടെ കാര്യവും നോക്കാനുണ്ട്. ഇതോടെ 10 വർഷം മുൻപു രമേശ്കുമാർ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. സുഹൃത്തിനൊപ്പം ചേർന്നു ബിസിനസ് തുടങ്ങി. എവിടെ യാത്ര പോകുമ്പോഴും രമേശ്കുമാർ രോഹിത്തിനെ ഒപ്പം കൂട്ടും. വേർതിരിവില്ലാതെ മറ്റുള്ളവരെപ്പോലെ പരിഗണിക്കപ്പെടാൻ തുടങ്ങിയതോടെ അവന്റെ കാഴ്ചപ്പാടുകളും മാറി. പത്രം വായനയും ടിവിയിൽ വാർത്ത കാണലും ശീലമാക്കി.

മൂന്നു വയസ്സു മുതൽ കംപ്യൂട്ടർ തൽപരനാണു രോഹിത്. പ്ലസ്ടു കഴിഞ്ഞപ്പോൾ ഫോട്ടോഷോപ്പ് ഉൾപ്പെടെ കംപ്യൂട്ടർ കോഴ്സുകൾ പഠിപ്പിച്ചു. കേഡറിലെത്തിയപ്പോൾ അതു തുണച്ചു. വീട്ടിൽനിന്നു വിട്ട് മകനൊപ്പം കേഡറിനു സമീപം വാടകവീട്ടിൽ താമസിക്കുകയാണു രമേശ്കുമാർ. ഇതിനിടയിൽ ബിസിനസും നോക്കുന്നു. ‘സ്വന്തമായി സമ്പാദിക്കുന്ന ഒരു ജോലി ചെയ്യാൻ അവൻ പ്രാപ്തനാകുമെന്നു കരുതിയതേയില്ല. ഇപ്പോൾ അവനെച്ചൊല്ലി എന്തെന്നില്ലാത്ത അഭിമാനമുണ്ട്. അവനു വേണ്ടി സഹിച്ചതൊന്നും ഒരു ത്യാഗമായി ഞാൻ കാണുന്നില്ല, ഞാനവന്റെ അച്ഛനല്ലേ?– രമേശ് കുമാറിന്റെ വാക്കുകൾ.

കേഡറിന്റെ പിന്തുണ

18 വയസ്സ് കഴിഞ്ഞ, പ്ലസ്ടു വിദ്യാഭ്യാസമുള്ളവർക്കു വേണ്ടിയുള്ളതാണു കേഡറിന്റെ എംപ്ലോയബിലിറ്റി ട്രെയിനിങ് പരിപാടി. കോഴ്സിനു മൂന്നു ഘട്ടമുണ്ട്. ബസിൽ കയറാനും എടിഎമ്മിൽനിന്നു പണമെടുക്കാനും കടയിലെത്തി സാധനങ്ങൾ വാങ്ങാനും ആശയവിനിമയം നടത്താനുമെല്ലാമുള്ള പരിശീലനമാണ് ആദ്യത്തേത്. ഓരോരുത്തരുടെയും അഭിരുചി തൊഴിലധിഷ്ഠിതമായി വളർത്തുന്നതാണു രണ്ടാം ഘട്ടം. മൂന്നാംഘട്ടത്തിൽ ആദ്യ മൂന്നു മാസം തൊഴിൽ മേഖലയിൽ സ്റ്റൈപൻഡ് ഇല്ലാതെയുള്ള ഇന്റേൺഷിപ്പാണ്. എന്നാൽ ലിയയെയും രോഹിത്തിനെയും ഇവരുടെ കംപ്യൂട്ടറിലെ മികവു തിരിച്ചറിഞ്ഞ് സ്റ്റൈപൻഡ് നൽകിയുള്ള ഇന്റേൺഷിപ്പിനാണ് ഇവൈ തിരഞ്ഞെടുത്തത്. ഓട്ടിസം ബാധിച്ച മക്കളെ സമൂഹത്തിലെ മറ്റുള്ളവർക്കൊപ്പം മത്സരിക്കാൻ ശേഷിയുള്ളവരാക്കി മാറ്റിയ മാതാപിതാക്കളുടെ കൂടി വിജയമാണിതെന്നു കേഡറിന്റെ ഓണററി ഡയറക്ടറായ ആസൂത്രണ ബോർഡ് മുൻ അംഗം ജി.വിജയരാഘവൻ പറയുന്നു. ഒരേ രീതിയിലുള്ള കംപ്യൂട്ടർ ജോലി എത്ര നൽകിയാലും ചെയ്യുമെന്നതാണു ലിയയുടെയും രോഹിത്തിന്റെയും പ്രത്യേകത. ഇരുവരും ജോലിയിൽ പെർഫക്ഷനിസ്റ്റുകളുമാണ്. 

English Summary: Autism success story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com