മൃഗവും മനുഷ്യനും: വയനാട്ടിൽ നിന്നൊരു പ്രകൃതി പാഠം

helina-joly
ഡോ. ഹെലിന ജോളി വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ പൊൻകുഴി വനമേഖലയിൽ ഗവേഷണത്തിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെ.
SHARE

വയനാട്ടിലെ കാട്ടുനായ്ക്കർക്കിടയിൽ നടത്തിയ പഠനം രാജ്യാന്തരതലത്തിൽ ശ്രദ്ധനേടുന്നു

ചുരം ഇറങ്ങാതെ ഇത്രനാളും കാത്ത രഹസ്യം ഹെലിനയുടെയും ടെറെയുടെയും കാതുകളിലേക്കാണു കാട് ആദ്യമായി മന്ത്രിച്ചത്. വയനാട് വന്യജീവി സങ്കേതത്തിൽ മാസങ്ങളോളം താമസിച്ച് ഇരുവരും നടത്തിയ പഠനത്തിന്റെ ഫലം ലോകോത്തര ശാസ്ത്ര മാസികയായ ‘കൺസർവേഷൻ ബയോളജി’ യിലൂടെ പരസ്യമായതോടെ വയനാട്ടിലേക്കു കാതോർക്കുകയാണു ശാസ്ത്രലോകം.

ശാസ്ത്രലോകത്തെ ആദ്യ 15 സ്ഥാപനങ്ങളിൽ ഒന്നായ കാനഡ വാൻകുവർ ആസ്ഥാനമായ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ (യുബിസി) മലയാളി ജൈവശാസ്ത്രജ്ഞ ഡോ. ഹെലിന ജോളിയും നരവംശശാസ്ത്രജ്ഞ ഡോ. ടെറെ സാറ്റർഫീൽ‍ഡും വയനാട്ടിലെ കാട്ടുനായ്ക്കർക്കിടയിൽ നടത്തിയ പഠനം മനുഷ്യരും വന്യജീവികളുമായുള്ള ബന്ധത്തിനു പുതിയ അധ്യായം രചിക്കുന്നു.

യുബിസിയിൽ ഇന്റർ ഡിസിപ്ലിനറി ബയോഡൈവേഴ്സിറ്റി സൊല്യൂഷൻസ് റിസർച് അസോഷ്യേറ്റാണ് ഹെലിന. ടെറെ അവരുടെ ഗൈഡും. അടുത്ത വർഷം അരനൂറ്റാണ്ടു പിന്നിടുന്ന വയനാട് വന്യജീവി സങ്കേതം ലോകത്തിനു നൽകുന്ന ജൂബിലി സമ്മാനമായി ആ ആശയത്തെ മാറ്റാനാവുമോ എന്ന ചിന്തയും ഇതോടെ സജീവം. വനനയങ്ങളിൽ കാലാവസ്ഥാ മാറ്റത്തിന് അനുസൃതമായ ഭേദഗതികൾക്കു വേരുറപ്പിക്കാനുള്ള പിടിവള്ളിയായും ഈ പഠനം മാറിയേക്കാം. ‘വന്യജീവി–മനുഷ്യ സഹ അതിജീവനത്തിനു പ്രകൃതിപാലനവും നരവംശ സാംസ്കാരികതയും’ എന്ന വിഷയം കേരളം ഇന്നു നേരിടുന്ന വന്യജീവി വെല്ലുവിളികൾക്കുള്ള ഉത്തരം കൂടിയാണ്.

ആനയ്ക്കറിയാം ഉള്ളിലിരിപ്പ്

വന്യജീവികൾ ഈ കാനനവാസികൾക്ക് സഹജീവികളും ബന്ധുക്കളുമാണ്. അവിടെ പരസ്പരം അറിഞ്ഞുള്ള സഹജീവനം മാത്രം. ഒരു പഠനത്തിലൂടെ ആദ്യമായി രേഖപ്പെടുത്തപ്പെടുന്ന ഈ തിരിച്ചറിവ് വന്യജീവി– മനുഷ്യ ബന്ധത്തെ നയിക്കുന്നതു പുതിയൊരു സൗഹൃദപുൽമേട്ടിലേക്കാണ്. വന്യജീവികൾക്ക് ഒപ്പം ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണു കാട്ടുനായ്ക്കർ.

രാജകീയ മൃഗങ്ങളായ ആനയും കടുവയും മുതൽ ഒച്ചു വരെ വരുന്ന എല്ലാ ജീവികളെയും വ്യക്തിയായി കരുതി കാട്ടുനായ്ക്കർ ആദരിക്കുന്നു.

കാടിന് അതിന്റേതായ നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളുമുണ്ട്. നമ്മുടെ ശരീരഭാഷയും ഗന്ധവും പോലും ചിലപ്പോൾ പ്രകോപന കാരണമാകും. മിക്കപ്പോഴും മൃഗങ്ങൾ വഴിമാറിത്തരും ഇല്ലെങ്കിൽ നമ്മൾ മാറിനടക്കണം. നേരിടാൻ ചെന്നാൽ തിരിച്ചടിക്കും. ആനകൾ ചതിക്കില്ലെന്നു കാട്ടുനായ്ക്കർ പറയുന്നു. നമ്മുടെ സാന്നിധ്യം അറിയുന്ന നിമിഷം ആന ചിന്നം വിളിക്കും. മാറി നടക്കാനുള്ള മുന്നറിയിപ്പാണെന്നാണ് അവർ കരുതുന്നത്.

പൂർവികരുടെ ആത്മാവാണ് ആനകളിലൂടെ ഇങ്ങനെ സംസാരിക്കുന്നതെന്ന വിശ്വാസവും ആനയെ വണങ്ങി ആരാധിക്കുന്ന ഇവർക്കിടയിലുണ്ട്.

ആന തിന്നുന്ന ഇലയെല്ലാം മരുന്ന്

പുലിയോ പാമ്പോ കടുവയോ ആനയോ മുന്നിൽപ്പെട്ടാൽ പ്രത്യേക ശരീരഭാഷയിൽ പ്രാർഥനാ സ്വരത്തിൽ കാട്ടുനായ്ക്കർ അഭ്യർഥിക്കും: എടാ, നിന്റെ വഴി തടയാൻ വന്നതല്ല. നീ എന്റെ വഴിയും തടയരുത്.

ആനകൾക്കിടയിലും പ്രശ്നക്കാരായ ഒറ്റയാന്മാരുണ്ട്. ജീവികളും മനുഷ്യരും തമ്മിൽ ചങ്ങാത്തം കഥകളിൽ മാത്രം. കാട്ടിലില്ല. എന്നാൽ ബഹുമാനത്തിന്റെ ആദൃശ്യചരടിനാൽ ബന്ധിതരാണ് ഇരുവരും. വനദൈവങ്ങളിലൂടെയും മറ്റും പ്രവഹിക്കുന്നതു ജൈവആത്മീയതയാണ്.

helina-joly-1
ഹെലിന ജോളി

ആന തിന്നുന്ന പല ഇലകളും മരുന്നാണ്. ആനയുടെ ഇഷ്ടഭക്ഷണമായ കരിമരുതിന്റെ കറ മനുഷ്യരിലും ഉദരരോഗത്തിനു ശമനമേകും. മൃഗങ്ങളുള്ള വനമാണ് ആരോഗ്യമുള്ള കാട്. തേക്കിനെ കാട്ടുനായ്ക്കർ വനമായി കരുതാറില്ല. വനത്തിലെ ചോലവയലുകൾ പെറ്റമ്മയെപ്പോലെയാണെന്നാണ് അവരുടെ വിശ്വാസം.

മുകളിൽ മനുഷ്യൻ; താഴെ കരടി

ഉയരമുള്ള മരങ്ങളിൽ കയറി തേൻ കുടിക്കാൻ കരടിക്കു കഴിയില്ല. കാട്ടുനായ്ക്കർ താഴേക്ക് ഇടുന്ന തേനട തിന്നാൻ കരടി താഴെ കാത്തു നിൽക്കും. അതുപോലെ പൊത്തുകളിലെ ചെറുതേൻ കൂടുകളെപ്പറ്റി തിരിച്ചറിയുന്നത് കരടിയുടെ സാന്നിധ്യം കൊണ്ടുകൂടിയാണ്. തേനെടുക്കുംമുൻപ് ഈച്ചകളുടെ അനുമതി തേടുന്ന പാട്ടും കാട്ടുനായ്ക്കർക്കു സ്വന്തം.

നിന്റെ കൂട് എന്റെ കുടിയിലെ കുഞ്ഞുങ്ങളുടെ വിശപ്പടക്കും . അതിനാൽ നീ ക്ഷമിക്കുക. വേറൊരു കൂട് നിർമിച്ച് വാഴുക എന്നർഥം വരുന്ന ഈ പാട്ട് കേൾക്കുന്നതോടെ ഈച്ചകൾ കൊമ്പ് മടക്കുമെന്നാണു വിശ്വാസം.

കരുതലുള്ള കടുവ

കടുവകൾ പിടിക്കുന്ന മാനിനെയും പന്നിയെയും മറ്റും കടിച്ച് കുറച്ചു കഴിച്ചിട്ട് ഇട്ടിട്ടു പോകും. ഒരു ദിവസം കഴിഞ്ഞാവും ബാക്കി തിന്നാനെത്തുന്നത്. ഇറച്ചി മറ്റുള്ളവർക്കായി അവശേഷിപ്പിക്കുന്ന കടുവ ഏതാനും ദിവസത്തേക്ക് കാട്ടിൽ ഒരു സദ്യതന്നെയാണ് ഒരുക്കുന്നത്.

1972 ലെ വന്യജീവിനിയമം (Wildlife Protection Act 1972) വന്നതോടെ വേട്ടയാടൽ നിലച്ചെങ്കിലും ഇങ്ങനെ കിട്ടുന്ന ഇറച്ചിയും മറ്റും ചുട്ടുതിന്നുന്നവരാണു കാട്ടുനായ്ക്കർ.

കോളനിവൽക്കരണം ലോകമെങ്ങും ആദിവാസി സംസ്കാരത്തെ തകിടംമറിച്ചു. വിസ്മൃതമായേക്കാവുന്ന ഇത്തരം അറിവുകൾ തുടർന്നും തേടുകയാണു ദൗത്യമെന്ന് ഹെലിന പറയുന്നു. കാനഡയിലും മറ്റും ആദിവാസികളെ ഫസ്റ്റ് നേഷൻസ് എന്ന് ആദരവോടെയാണ് ഇപ്പോൾ വിളിക്കുന്നത്.

കിൻസെൻട്രിക് ഇക്കോളജി

ലോകമെങ്ങും കാടിന്റെ മക്കൾക്കിടയിൽ ഇത്തരം സഹജീവനം നിലനിൽക്കുന്നു. വർധിച്ചു വരുന്ന വന്യജീവി സംഘർഷങ്ങൾ കുറയ്ക്കാൻ ഈ കാഴ്ചപ്പാട് സഹായകമായേക്കും. പരിസ്ഥിതി പ്രതിസന്ധികളിൽ പുതിയ ദിശാബോധം നൽകുകയാണ് വന്യജീവികളെയും ഉൾക്കൊള്ളുന്ന സഹവാസം എന്ന ഈ പുതിയ ചുവടുവയ്പ്പ്.

ആനക്യാംപ്, കുഴിമൂല, ആലത്തൂർ, കലങ്കണ്ടി, ചുക്കാലിക്കുന്നി തുടങ്ങിയ ആദിവാസി കുടികൾ കേന്ദ്രീകരിച്ചായിരുന്നു പഠനം.ജിപിഎസ് ഉപയോഗിച്ചും ആനയെ കണ്ട് ഓടിയും തേൻ നുകർന്നും കാട്ടരുവിയിൽ ഇറങ്ങിയും കാടിന്റെ ഉള്ളറിഞ്ഞ നാളുകൾ. രാവിലെ കയറിയാൽ അഞ്ചു മണിക്ക് കാടിറങ്ങും. സഹായം നൽകാൻ വനം വകുപ്പ് നിയോഗിച്ച കാട്ടുനായ്ക്ക വിഭാഗത്തിലെ വാച്ചർമാരും ഒപ്പമുണ്ടായിരുന്നു.

കാട്ടുനായ്ക്കർ: പഠനം കുറവ്

കേരള അതിർത്തിയിൽ ഏകദേശം 30,000 പേർ വരുന്ന സമൂഹമാണ് ഇവർ. കൂണ്, കാട്ടുമഞ്ഞൾ, കിഴങ്ങ്, തേൻ,പച്ചമരുന്ന്, കാട്ടുപഴങ്ങൾ എന്നിവയും തടിയിതര വനവിഭവങ്ങളും ശേഖരിച്ചാണ് കാട്ടുനായ്ക്കർ കഴിയുന്നത്.കന്നഡയും മലയാളവും തമിഴും കലർന്ന ദ്രാവിഡ വകഭേദമാണ് ഭാഷ. ലിപി ഇല്ല.

ലോകമെങ്ങും ഇത്തരം സമൂഹങ്ങൾക്കു തനതായ ഭാഷയുണ്ട്. കൃഷിയിൽ വലിയ ശ്രദ്ധ ഊന്നാത്ത ഇവരെപ്പറ്റി അധികം പഠനം നടന്നിട്ടില്ല.

സഹായമേകി വനംവകുപ്പും സ്വാമിനാഥൻ ഫൗണ്ടേഷനും

പഠനത്തിൽ ഡോ, മിലിന്ദ്, എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷനിലെ ഡോ. ടി. ആർ. സുമ എന്നിവരും പങ്കാളികളായി. നാഷനൽ ജിയോഗ്രഫിക് സൊസൈറ്റിയുടെ പിന്തുണ ലഭിച്ചു.കഴിഞ്ഞ 10 വർഷമായി ദക്ഷിണേഷ്യയിലെ സർക്കാർ, സന്നദ്ധസംഘടന, ഫൗണ്ടേഷനുകൾ എന്നിവിടങ്ങളിൽ നയരൂപീകരണത്തിൽ ഉപദേശകയായും പ്രവർത്തിച്ച ഹെലിന കോഴിക്കോട് സ്വദേശിയാണ്.ഇപ്പോൾ മൈസൂരുവിൽ താമസിക്കുന്ന എക്സൈസ് വകുപ്പ് മുൻ ഉദ്യോഗസ്ഥൻ നെല്ലിക്കാത്തെരുവിൽ അഡ്വ. ജോളി സക്കറിയാസിന്റെയും നഴ്സായിരുന്ന കിഴകരക്കാട്ട് ജോളിയുടെയും മകൾ.

കോഴിക്കോട് ദയാപുരം സ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ്, ഡൽഹി സർവകലാശാല, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം യുബിസിയിൽ നിന്നു ഗവേഷണ ബിരുദം നേടിയിട്ടുണ്ട് ഹെലിന. ഭർത്താവ് ബംഗാൾ സ്വദേശിയായ റുസ്തം സെൻഗുപ്ത കാനഡയിൽ പ്രായമായവർക്കു സാങ്കേതിക സഹായം നൽകുന്ന കമ്പനി നടത്തുന്നു.

English Summary: World Environmental Health Day updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}