ADVERTISEMENT

വിഷ്ണുദേവിന്റെയും ലക്ഷ്മിയുടെയും സംഗീത ജീവിതത്തിലെ പുതിയ വഴിത്തിരിവാണു ‘വിഴി’. ചെന്നൈ വസന്തനഗറിലെ വീട്ടിലിരുന്ന് 2020ൽ കോവിഡ് നിശ്ചലമാക്കിയ ദിനങ്ങളിൽ  രൂപപ്പെടുത്തിയ ‘വിഴി’ എന്ന സംഗീതശിൽപം ഈ വർഷം ജൂൺ 21നു ലോകസംഗീത ദിനത്തിലാണു പുറത്തിറങ്ങിയത്. കർണാടക സംഗീതത്തിന്റെ അതിരുകൾ കടന്നു സംഗീതപ്രേമികൾക്കിടയിൽ ഇപ്പോൾ ചർച്ചയാവുകയാണു വിഷ്ണുദേവിന്റെയും ലക്ഷ്മിയുടെയും ആൽബം.

സംഗീതവഴിയിൽ

എറണാകുളം ജില്ലയിലെ കറുകുറ്റി ഗ്രാമത്തിൽ കാരണത്ത് മനയിൽ കെ.ജി.ശശിയുടെയും ചന്ദ്രലേഖയുടെയും മകൻ വിഷ്ണുദേവ് എട്ടാം വയസ്സിലാണു സംഗീതം ഗൗരവമായി പഠിക്കാൻ തുടങ്ങിയത്. 2000ത്തിൽ കച്ചേരികളിൽ പാടാൻ തുടങ്ങി. എൻജിനീയറിങ് ബിരുദം നേടിയ ശേഷം ചെന്നൈയിലെത്തി. ജോലിക്കൊപ്പം സംഗീതവും കൊണ്ടുപോവുക എന്നതായിരുന്നു ലക്ഷ്യം. മാത്രവുമല്ല, കർണാടക സംഗീത രംഗത്തു ശ്രദ്ധ പിടിച്ചുപറ്റാൻ ചെന്നൈയിൽ ആദ്യം മാറ്റു തെളിയിക്കണമായിരുന്നു.

2011ൽ ചെന്നൈയിൽ വച്ചാണു ലക്ഷ്മിയെ പരിചയപ്പെടുന്നത്. സംഗീതമാണ് ആ കണ്ടുമുട്ടലിനു കാരണമായത്. ആ പരിചയം സൗഹൃദത്തിലേക്കും വിവാഹത്തിലേക്കും വഴിമാറി. 2013ൽ ജോലിക്കായി അമേരിക്കയിലേക്കു പറക്കുമ്പോഴും മനസ്സിൽ സംഗീതമായിരുന്നു. സാമ്പത്തിക അടിത്തറ ഏതാണ്ടു ഭദ്രമാക്കിയ ശേഷം ഐടി ജീവിതത്തോടു വിടപറഞ്ഞു വീണ്ടും ചെന്നൈയിലേക്ക്. പിന്നീടു ജീവിതം പൂർണമായും സംഗീതലോകത്ത്.

2020ൽ ലോക്‌‍ഡൗണിൽ കച്ചേരികൾ നിലച്ചു. അക്കാലത്ത് വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും മനസ്സിൽ ‘വിഴി’യുടെ സാഹിത്യം രൂപപ്പെട്ടു. ചലച്ചിത്രഗാനങ്ങളിൽ ആൺ–പെൺ ശബ്ദങ്ങൾ ചേർത്തു യുഗ്മഗാനങ്ങൾ സാധാരണമാണ്. എന്നാൽ, കർണാടക സംഗീതത്തിൽ അത് എളുപ്പമല്ല. സ്വരവ്യതിയാനം തന്നെയാണു പ്രശ്നം. ആ വ്യത്യസ്തതയിൽ സമാനത കണ്ടെത്തുകയായിരുന്നു ഇരുവരും. പുണ്യ എലിസബത്തിന്റെ ചുവടുകളിൽ, വിഷ്ണു–ലക്ഷ്മിമാരുടെ പാട്ടഭിനയത്തിൽ ‘വിഴി’ സാക്ഷാത്കരിക്കപ്പെട്ടു. സംവിധാനം ചെയ്തത് ഗൗതം സൂര്യയാണ്. ഉലകിൽ കാണ്മതു പലതാണെങ്കിലും എല്ലാം ഒന്നാണെന്ന അദ്വൈത ചിന്തയിലാണു ‘വിഴി’ സമർപ്പിച്ചിരിക്കുന്നത്.

English Summary: Passion towards music: Vizhi music album becomes sensational

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com