കരളിന്റെ വഴിയേ

swamini-saradananda-saraswati
സ്വാമിനി ശാരദാനന്ദ സരസ്വതി (ഇരിക്കുന്നത്), മായാ ശാരദാനന്ദ സരസ്വതി, ഗീതാ ശാരദാനന്ദ സരസ്വതി, ഫാ. ലിജു രാജു, കല്ലൂർ കൈലാസ്നാഥ് എന്നിവർ.
SHARE

കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മിക്കുട്ടി 1976 ഏപ്രിൽ 14ന് സ്വാമി ജ്ഞാനാനന്ദ സരസ്വതിയിൽ നിന്നു സന്ന്യാസം സ്വീകരിച്ച് സ്വാമിനി ശാരദാനന്ദ സരസ്വതിയായപ്പോൾ സംഭവിച്ചത് ഒരു വിപ്ലവമായിരുന്നു. ഭാഗവത സപ്താഹ, നവാഹ യജ്ഞങ്ങളിൽ സ്ത്രീകളും യജ്ഞാചാര്യരാകുന്നതിന്റെ തുടക്കം. സമാധിയായ ശേഷം സ്വാമിനിയുടെ കാരുണ്യപ്രവർത്തനം മുന്നോട്ടുകൊണ്ടു പോകാൻ ഉറപ്പിച്ചിരിക്കുകയാണ് രണ്ടു മക്കൾ. അതിലൊരാൾ വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളി വികാരി ഫാ. ലിജു രാജു. മറ്റേയാൾ പ്രമുഖഅഭിഭാഷകൻ കല്ലൂർ കൈലാസ്നാഥ്. ഈ അമ്മയുടെയും മക്കളുടെയും കഥ.

‌പഠിക്കുമ്പോൾ തന്നെ ലക്ഷ്മിക്കു സന്ന്യാസം ഉള്ളിൽ കയറിക്കൂടി. പഠനശേഷം 19ാം വയസ്സിൽ അധ്യാപക ജോലി തുടങ്ങി. തൃശൂരിലും കോട്ടയത്തും കുട്ടികളെ പഠിപ്പിച്ചു. ഒരിക്കൽ അടുത്ത കൂട്ടുകാരിയായിരുന്ന സഹഅധ്യാപികയ്ക്ക് കുടുംബത്തിൽ നിന്നുണ്ടായ തിക്താനുഭവങ്ങൾ ഏറെ വിഷമിപ്പിച്ചു. അധികം വൈകാതെ ലൗകിക ജീവിതത്തോടുള്ള വിരക്തിയുമായി ആരോടും പറയാതെ കന്യാകുമാരിയിലേക്കു യാത്ര തിരിച്ചു. വിവേകാനന്ദപ്പാറയിലെത്തി സ്വാമി ജ്ഞാനാനന്ദ സരസ്വതിയെ കണ്ടു. സ്വാമിയുടെ ഉപദേശ പ്രകാരം മരുത്വാമലയിൽ തപസ്സിനായി പോയി. മൂന്നു മാസത്തേക്കായിരുന്നു തപസ് എങ്കിലും പഞ്ചസാര ചാക്ക് വസ്ത്രമാക്കിയുള്ള തപസ് ആറു മാസത്തോളം നീണ്ടു. തിരികെയെത്തി സ്വാമിയിൽ നിന്നു സന്ന്യാസദീക്ഷ സ്വീകരിച്ചു ശാരദാനന്ദ സരസ്വതിയായി. 

യജ്ഞാചാര്യ സ്വാമിനി ശാരദാനന്ദ സരസ്വതി

സ്വായത്തമാക്കിയ അറിവുകളിലൂന്നി, ഭാഗവത തത്വങ്ങൾക്കു ജനകീയമുഖം നൽകുക എന്ന ലക്ഷ്യവുമായി ശാരദാനന്ദ സരസ്വതി ഭാഗവത സപ്താഹയജ്ഞങ്ങൾക്കു നേതൃത്വം നൽകിത്തുടങ്ങി. ആചാര്യവിധികൾ ആരെയും ഒന്നിന്റെ പേരിലും മാറ്റി നിർത്തുന്നില്ല എന്നു ലോകത്തോടു വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു ഈ തുടക്കം. ആദ്യം ചിലർ മുറുമുറുത്തു. മറ്റു ചിലർ പരസ്യമായി എതിർപ്പു പ്രകടിപ്പിച്ചു. ഭാഗവത സന്ദേശം നാടിനു പകരാൻ ഇറങ്ങിപ്പുറപ്പെട്ട സ്വാമിനി കുലുങ്ങിയില്ല. അധികം താമസിക്കാതെ ഭാഗവതസപ്താഹ വേദികളിൽ അമ്മ അറിയപ്പെടുന്ന യജ്ഞാചാര്യയായി. സ്ത്രീകൾക്ക് അന്യമായിരുന്ന ഗണപതിഹോമങ്ങൾക്കും നേതൃത്വം നൽകിത്തുടങ്ങി. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ഭാഗവത സപ്താഹ, നവാഹ വേദികളിൽ ആചാര്യയായും ഗണപതി ഹോമങ്ങളുടെ മുഖ്യകാർമികയായും സ്വാമിനി നിറഞ്ഞുനിന്നു. ഭാഗവതത്തിന്റെയും ദേവീഭാഗവതത്തിന്റെയും അന്തരാർഥങ്ങൾ ലളിതമായ ഭാഷയിൽ ജനങ്ങളെ പഠിപ്പിക്കുക എന്ന ദൗത്യത്തിൽ സ്വാമിനിയോളം ശോഭിച്ച ആചാര്യന്മാർ വിരളമാണ്. മലയാളത്തിലും സംസ്കൃതത്തിലുമുള്ള അഗാധ പാണ്ഡിത്യവും ആബാലവൃദ്ധം ജനങ്ങളെയും രസിപ്പിക്കുന്ന വാക്ചാതുര്യവും മുതൽക്കൂട്ടായിരുന്നു. 

യാത്ര താമരക്കുടിക്ക്

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് അടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണു താമരക്കുടി. കാക്കാരിശി നാടകം പോലെയുള്ള കലാരൂപങ്ങളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്ന ഒട്ടേറെ സഹൃദയരുള്ള മലയോര പ്രദേശം. നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു ഡോ. ജി.കെ പിള്ള. ആധ്യാത്മിക കാര്യങ്ങളിൽ തൽപരനായിരുന്ന അദ്ദേഹം ഭാഗവതസപ്താഹയജ്ഞം നടത്താൻ തീരുമാനിച്ചു. സ്വാമിനിയുടെ ഭാഗവതസപ്താഹ യജ്ഞത്തിന്റെ ആധ്യാത്മിക സൗന്ദര്യം കേട്ടറിഞ്ഞ ഡോക്ടർ സ്വാമിനിയെ നേരിൽക്കണ്ടു ക്ഷണിച്ചു. അതൊരു വഴിത്തിരിവായിരുന്നു. താമരക്കുടിയിൽ നടന്ന ആദ്യ സപ്‌താഹയജ്ഞമായിരുന്നു അത്. ജാതി-മത ഭേദങ്ങൾക്കതീതമായി ഗ്രാമവാസികൾ ആ യജ്ഞം ഏറ്റെടുത്തു. ഭാഗവത കഥകൾ സരസമായി പറഞ്ഞുകൊടുത്ത അമ്മയെ കാണാൻ പ്രദേശവാസികൾ സകുടുംബം എത്തിച്ചേർന്നു. 

  പിന്നീട് താമരക്കുടിയിൽ ആശ്രമം സ്ഥാപിക്കണം എന്ന ഡോക്ടറുടെ നിർബന്ധത്തിനു വഴങ്ങി. സാധാരണ ആശ്രമമായിരുന്നില്ല അത്. സമീപത്തെ കുട്ടികൾക്കാണ് ഇതിന്റെ വലിയ ഗുണം. സ്‌കൂൾ വിട്ടാൽ കുട്ടികൾ ആശ്രമത്തിലേക്ക് ഓടിയെത്തും. പഴുത്ത ചക്കയോ മാമ്പഴമോ പായസമോ ഒക്കെ കുട്ടികൾക്കായി കരുതിവയ്ക്കുമായിരുന്നു. കഥകൾ പറഞ്ഞും പാട്ടുപാടിയും കവിത ചൊല്ലിയുമൊക്കെ അമ്മ ഇവരെ രസിപ്പിക്കും. പഠനത്തിൽ മോശമായാൽ ശാസിക്കും. മിടുക്കു കാട്ടിയാൽ അഭിനന്ദിക്കും. പഠനത്തിലെ സംശയങ്ങളും വ്യാകരണവും ഒക്കെ കുട്ടികൾക്കു പറഞ്ഞു കൊടുത്തു. 

കൈലാസും ലിജുവും 

ഡോ. ജി. കെ പിള്ളയും അമ്മയും തമ്മിൽ നിലനിന്നിരുന്ന ഗുരു- ശിഷ്യ ബന്ധം, മകൻ കൈലാസ് നാഥിനെ സ്വാധീനിച്ചു തുടങ്ങിയിരുന്നു. വീടിന്റെ വിളിപ്പാടകലെ ഉയർന്ന ആശ്രമം അവനെ നിത്യസന്ദർശകനാക്കി. ചുറ്റുമുള്ള കളിക്കൂട്ടുകാരൊക്കെ അവനെ പിന്തുടർന്ന് ആശ്രമ സന്ദർശകരായി. അക്കൂട്ടത്തിൽ ഇതിനെയല്ലാം കൗതുകത്തോടെ നോക്കിക്കണ്ട ഒരു കുട്ടിയുണ്ടായിരുന്നു. കൈലാസിന്റെ അയൽവാസിയായ ലിജു. ക്രിസ്തുമത വിശ്വാസിയായിരുന്ന അവനോട് ബൈബിൾ വായിക്കണമെന്നും അതിന്റെ ആഴങ്ങളിലേക്കിറങ്ങണമെന്നും അമ്മ നിർദേശിച്ചു. അമ്മയുടെ സ്നേഹവും കരുതലും ഏറ്റുവാങ്ങി അവൻ വളർന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം, വൈദികവൃത്തി തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സെമിനാരിയിൽ ചേരുന്ന കാര്യം ലിജു അറിയിച്ചപ്പോൾ അത്യാഹ്ലാദത്തോടെ തന്റെ പുസ്തകസഞ്ചയത്തിൽ നിന്ന് ‘ഭഗവദ്ഗീത’ എടുത്തു നൽകി. മറ്റു മതങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ലിജുവിന് ഉപകാരപ്പെട്ടതും അമ്മയുടെ ഈ സമ്മാനവും പ്രഭാഷണങ്ങളുമായിരുന്നു. വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളി വികാരിയാണ് ഫാ. ലിജു രാജു. 

അച്ഛൻ കല്ലൂർ ഡോ. ജി. കെ. പിള്ള നിർമിച്ച നാടകങ്ങളിലും ദൂരദർശനിലെ മണ്ടൻ കുഞ്ചുവെന്ന സീരിയലിലും കൈലാസ് വേഷമിട്ടു. കാലം അഭിഭാഷകന്റെ വേഷമാണു കൈലാസ്നാഥിനു കാത്തുവച്ചത്. ഇന്ന് ഏറെത്തിരക്കുള്ള അഭിഭാഷകനാണ് കൈലാസ്നാഥ്. 

കലങ്ങി മറിഞ്ഞ നാളുകൾ

പാടിപ്പുറത്ത് വൈ. രാജുവിന്റെയും പൊന്നമ്മയുടെയും മകനായി 1980ൽ ജനിച്ച ഫാ. ലിജുരാജുവിനു 2016ൽ കരൾ രോഗം കലശലാണെന്ന് സ്ഥിരീകരിക്കുന്നു. കരൾ മാറ്റി വയ്ക്കാതെ രക്ഷയില്ല. മരണം വന്നുവിളിച്ച നിമിഷം ലിജു തിരിച്ചറിഞ്ഞു. ആരു കരൾ പകുത്തു നൽകും? അവയവദാനത്തിന്റെ കടമ്പകൾ വേറെയുമുണ്ട്. സഭയുടെ സാമ്പത്തിക സഹായം കൊണ്ട് അച്ചനെ വെല്ലൂർ സിഎംസി ആശുപത്രിയിൽ എത്തിച്ചു. ഉടനെ കരൾ മാറ്റി വയ്ക്കണമെന്ന സ്ഥിതിയാണ്. ലിജുരാജുവിനെ എങ്ങനെ സഹായിക്കണമെന്നറിയാതെ കൈലാസ്നാഥ് വിഷമിച്ചു.

2016 ഓഗസ്റ്റ് 21ന് ഞായറാഴ്ച ഫാ.ലിജുരാജുവിനു പുതിയ കരൾ ലഭിച്ചു. തമിഴ്നാട്ടിൽ അപകടത്തിൽ മരിച്ച ഒരാളിന്റേതായിരുന്നു ആ കരൾ. ചികിത്സയ്ക്കു ശേഷം ആശ്രമത്തിലെത്തിയ കൈലാസ്നാഥും ഫാ. ലിജുവും ചേർന്നൊരു തീരുമാനമെടുത്തു. അവയവദാനത്തെ പ്രോൽസാഹിപ്പിക്കാനായി മുന്നിട്ടിറങ്ങുക. ദൈവകൃപയുടെ അനുഭവങ്ങൾ സ്വാംശീകരിച്ച് ‘ഒരു കരളിന്റെ കഥ’ എന്ന പേരിൽ ലിജുരാജുവിന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കിയ പുസ്തകം പ്രസിദ്ധീകരിച്ചു. അവയവദാനത്തെ പ്രോൽസാഹിപ്പിക്കുന്നതിനായും അവയവം മാറ്റിവയ്ക്കപ്പെട്ടതോടെ തുടർചികിത്സയും മരുന്നും ഇല്ലാതെ വിഷമിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുന്നതിനായി തന്റെ വരുമാനത്തിൽ നിന്നു നല്ലൊരു പങ്ക് കൈലാസ്നാഥ് മാറ്റി വയ്ക്കുന്നു. ഫാ. ലിജുരാജു ലിവർ ഫൗണ്ടേഷൻ കേരളയുടെ നെടുംതൂണായി പ്രവർത്തിക്കുന്നു. 

ഓഗസ്റ്റ് 22ന് സ്വാമിനി ശാരദാനന്ദ സരസ്വതി സമാധിയായി. മരണം വരെയും നിഴൽ പോലെ  അമ്മയോടോപ്പമുണ്ടായിരുന്ന പാണ്ടിതിട്ട സ്വദേശി മായ ശാരദാനന്ദ സരസ്വതിയും ചടയമംഗലം സ്വദേശി ഗീത ശാരദാനന്ദ സരസ്വതിയും അമ്മയുടെ സ്‌നേഹവും കരുതലും വരും തലമുറയ്ക്കു പകർന്നു നൽകും.

 അമ്മയുടെ ഓർമകളെ തൊട്ടുണർത്തി മാസത്തിലൊരിക്കലെങ്കിലും ഒരു ദിവസം ആശ്രമത്തിൽ ഒത്തുചേരാനാണ് ഈ കൂട്ടുകാരുടെ തീരുമാനം. വെറും ഒത്തുചേരലല്ല, മറിച്ച് മതസാഹോദര്യത്തിന്റെയും നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പരത്താനുള്ള പദ്ധതികൾ കൂടി ഇവിടെ ആവിഷ്കരിക്കപ്പെടും. 

English Summary: Vision of Swamini Saradananda Saraswati continuous

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA