ആദ്യ ജോലിയും പൊലീസ് പരിശോധനയും

first-job
SHARE

എംബിബിഎസ് പഠനം കഴിഞ്ഞ് ഒരുവർഷത്തെ പരിശീലനവും പൂർത്തിയാക്കി ജോലിതേടി നടക്കുന്ന സമയം. എന്തെങ്കിലുമൊക്കെ തെറ്റില്ലാതെ ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എവിടെയെങ്കിലും ഒരു ജോലി തരപ്പെടുത്തിയേ പറ്റൂ എന്നു തീരുമാനിച്ചിരിക്കുമ്പോഴാണ് അടുത്ത സുഹൃത്ത് സുബ്ബുവിന്റെ വിളി.

ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ ഒരു ഡോക്ടറെ വേണം, എനിക്ക് അത്യാവശ്യമായി പോയേ പറ്റൂ; വെള്ളത്തൂവൽ – അവിടെ ഒരു മിഷനാശുപത്രി. നീ വരുമെന്ന് ഞാൻ അവർക്കു വാക്കുകൊടുത്തിട്ടുണ്ട്. നാളെത്തന്നെ എത്തിയേക്കണം.

മറുപടി പറയുന്നതിനു മുമ്പ് സുബ്ബു ഫോൺ വച്ചു. അന്നത്തെ കാലത്തു ഫോൺ ചെയ്യുന്നത് അത്ര എളുപ്പമല്ല.

വെള്ളത്തൂവൽ, അന്ന് നക്സൽ പ്രവർത്തനത്തിനു പേരുകേട്ട സ്ഥലമായിരുന്നു. എന്നിട്ടും അപ്പോൾതന്നെ പുറപ്പെട്ടു.

നാളെ കാലത്തുതന്നെ ആശുപത്രിയിലെത്തണം.

ബസ് സ്റ്റാൻഡിൽ ചെന്നപ്പോഴാണ് അറിയുന്നത് നേരിട്ടു ബസില്ല. കോട്ടയത്തെത്തിയാൽ അവിടുന്നു കിട്ടിയേക്കും. അങ്ങനെ കോട്ടയത്തെത്തി. വെള്ളത്തൂവലിലേക്കുള്ള അവസാന ബസും പോയി. ആകെ നിരാശ.

ഇനി അടുത്തെവിടെയെങ്കിലും രാത്രി തങ്ങി, നാളെ അതിരാവിലെ പോയാൽ മതി. ബസ് സ്റ്റാൻഡിൽ അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി.

ഒരു ചെറിയ ലോഡ്ജിൽ മുറിയെടുത്തു. അഞ്ചുമണിക്കു വിളിച്ചുണർത്താൻ ഏർപ്പാടാക്കി. പക്ഷേ, തീരെ ഉറങ്ങിയില്ല. അതുകൊണ്ട് ആർക്കുംതന്നെ ഉണർത്തേണ്ടി വന്നുമില്ല.

മുറിയുടെ വാടക കൊടുത്ത്, താക്കോലുമേൽപ്പിച്ചു ബാഗുമായി പുറത്തേക്കിറങ്ങുമ്പോൾ വലിയ ബഹളം.

മാനേജരോട് ആരോ ഒരാൾ വല്ലാതെ തമിഴിൽ കയർത്തു സംസാരിക്കുന്നുണ്ട്. വളരെ നേർത്ത ഒരു ജുബയും മുണ്ടുമാണു വേഷം. ഇതിനിടയിൽ ലോഡ്ജിലുണ്ടായിരുന്നവരെല്ലാം അവിടെ അണിനിരന്നിട്ടുണ്ട്. എല്ലാവരോടുമായി മാനേജർ പറഞ്ഞു, ഇയാളുടെ പണം നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങളിൽ ആരെങ്കിലും? അയാളുടെ സംശയമാണ്.

ഏയ്, ഞാനല്ല, ഞാനുമല്ല. എല്ലാവരും അപ്പാടെ നിഷേധിച്ചു. ഈ സാറിനെയാണ് അയാൾക്കു സംശയം. അയാൾ തന്റെ നേരെ വിരൽചൂണ്ടി എന്തൊക്കെയോ പറഞ്ഞത് ഓർമവന്നു. വെളുക്കുന്നതിനു മുമ്പ് പോകാനിറങ്ങിയതാണത്രെ അയാൾക്കു കൂടുതൽ സംശയമുണ്ടാക്കിയത്. എന്തായാലും സാറിന്റെ ബാഗൊന്നു പരിശോധിക്കണം. പൊലീസിനെ വിളിച്ചിട്ടുണ്ട്.

ആകെ വിയർത്തുകുളിച്ചു, എല്ലാവരും എന്നെ നോക്കുന്നതുകൂടി കണ്ടപ്പോൾ സുബ്ബുവിനെ മനസാ ശപിച്ചു. അവനാണല്ലൊ ഇതിനൊക്കെ കാരണം!

പൊലീസ് എത്തുമ്പോഴേക്കും നേരം വെളുത്തിരുന്നു. വെള്ളത്തൂവലിലേക്കുള്ള ബസ് പോയിട്ട് ഏറെ നേരമായിക്കാണും.

പൊലീസ് ഓരോരുത്തരെയായി ചോദ്യം ചെയ്തു. ഒടുവിൽ തന്റെ ഊഴമായി. ഡോക്ടറാണ് അല്ലേ! ആ സ്വരത്തിൽ വല്ലാത്ത ഒരു ഭാവം. ബാഗ് തുറന്ന് എല്ലാം വലിച്ചു പുറത്തിട്ടു. തേച്ച് അടുക്കിവച്ചിരുന്ന വസ്ത്രങ്ങൾ! പിന്നെ ഒന്നു രണ്ടു പുസ്തകങ്ങളും. 

ഒടുവിൽ പരാതിക്കാരന്റെയടുത്തെത്തി. ഇയാളെകൂടി ഒന്നു പരിശോധിക്കണം. താനൊന്നു തിരിഞ്ഞുനിന്നേടോ പൊലീസുകാരൻ തന്നെ അയാളെ തോളിൽ പിടിച്ച് കറക്കിത്തിരിച്ചുനിർത്തി.

‌ഏതാനും നൂറുരൂപ നോട്ടുകൾ ബനിയനുള്ളിൽനിന്ന് ഉതിർന്നുവീണു. ചിലത് അയാളുടെ വിയർപ്പിൽ നനഞ്ഞു പുറത്ത് ഒട്ടിയിരുന്നു. ഏ‌താണ്ട് പരസ്യം പതിച്ചതുപോലെ. മടിക്കുത്തിൽനിന്ന് രൂപ എപ്പഴോ ബനിയനുള്ളിൽ ഒളിപ്പിച്ചത് അയാൾ മറന്നുപോയിരുന്നു. അയാളും പൊലീസുകാരും ചമ്മി.

സോറി ഡോക്ടറേ, ബുദ്ധിമുട്ടായില്ലല്ലോ അല്ലേ! എന്ന് എന്നോടു പറഞ്ഞു പൊലീസുകാരൻ, വന്നപോലെ തിരിച്ചുപോയി.

ഇതുവരെയുള്ള സർവീസിൽ എത്രയോ ആശുപത്രികൾ, ഓരോ സ്ഥലത്തും ജോലി ചെയ്യാൻ എത്തുമ്പോൾ ഓർമയിൽ ഈ ചിത്രം കൂടുതൽ തെളിഞ്ഞുനിന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS