ADVERTISEMENT

തമിഴ്നാട്ടുകാരായ കുമാരിയും കുടുംബവും മകളുടെ ചികിത്സയ്ക്കായാണ് കോഴിക്കോട്ട് എത്തുന്നത്. മരുന്നിനു പോലും വകയില്ലാതായ അവരെ ഈ നഗരം പലതരത്തിൽ ചേർത്തുനിർത്തി. മകളെ നഷ്ടമായെങ്കിലും മനസ്സിൽ ഒരു നാട് നിറച്ചുവച്ച സ്നേഹത്തിൽ അവർ അവിടേക്കു തന്നെ തിരിച്ചെത്തിയിരിക്കുന്നു...

ജമുനയുടെ മൃതദേഹം കയറ്റിയ ആംബുലൻസിന്റെ വാതിലുകൾ ചേർത്തടച്ചു ഡ്രൈവർ യാത്ര തുടങ്ങി. രോഗം ഭേദമായി തിരിച്ചു ചെല്ലാമെന്ന് കരുതിയ സ്വന്തം നാട്ടിലേക്കുള്ള അവളുടെ അവസാന യാത്രയാണത്. അമ്മ കുമാരിയും സഹോദരൻ ലോകേഷും പിന്നിലുള്ള കാറിലാണ്. മരുന്നു മണമുള്ള പകലിരവുകളിൽ അവർ മൂവരും ചേർന്നുകണ്ട സ്വപ്നങ്ങളും ആംബുലൻസിന്റെ തണുപ്പിനുള്ളിൽ ജമുനയ്ക്കൊപ്പം ഉറങ്ങുകയാണ്.

ജമുനയുടെ അന്ത്യകർമങ്ങൾക്കു ശേഷം കുമാരി വീണ്ടും കോഴിക്കോടിന്റെ മണ്ണിലേക്കു തിരികെയെത്തി. അഞ്ചു വർഷങ്ങൾക്കു മുൻപ് പ്രതീക്ഷകൾ നഷ്ടപ്പെട്ട്, ആരുമില്ലാത്തവരായി എത്തിയ ആ നാട്ടിലാണ് ഇനി അവരുടെ ജീവിതം. അവർക്കായി ഇവിടെ ഇപ്പോൾ ധാരാളം പേരുണ്ട്. മുൻപൊരിക്കലും കണ്ടിട്ടില്ലാത്തവർ പോലും ജമുനയുടെയും കുമാരിയുടെയും വേദനകൾക്ക് തണലായി ഒപ്പം നടന്നു. ഇതവരുടെ കഥയാണ്... കുമാരിയുടെയും ജമുനയുടെയും കുറച്ച് മനുഷ്യരുടെയും...

ജമുനയും ജനകയും അവരുടെ അമ്മയും

പോണ്ടിച്ചേരിയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഗിഞ്ചി എന്ന ഉൾഗ്രാമം. ദരിദ്ര കർഷക കുടുംബത്തിലായിരുന്നു കുമാരിയുടെയും ഇരട്ട പെൺകുട്ടികളായ ജമുനയുടെയും ജനകയുടെയും സഹോദരൻ ലോകേഷിന്റെയും ജീവിതം. ഭർത്താവ് കുടുംബം ശ്രദ്ധിക്കാത്തതിനാൽ കൃഷിപ്പണിയും മറ്റു ജോലികളുമൊക്കെ ചെയ്താണു കുമാരി കുട്ടികളെ വളർത്തിയത്. ജനകയെ ചെന്നൈയിലേക്കാണ് വിവാഹം ചെയ്ത് അയച്ചത്. ജനക എട്ടു മാസം ഗർഭിണിയായിരിക്കുമ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുമാരിക്ക് ചെന്നൈയിൽ നിന്നു ഫോൺ വന്നു. വൃക്കരോഗം ബാധിച്ചതായും സ്ഥിതി ഗൗരവമുള്ളതാണെന്നും അറിഞ്ഞു. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ആ അമ്മയുടെയും മക്കളുടെയും കണ്ണീർ നനവുള്ള യാത്രകൾ അവിടെ നിന്നാണു തുടങ്ങിയത്.

ജനകയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായിരുന്നില്ല. ഭർത്താവും കുടുംബവും ചികിത്സയുടെ സാമ്പത്തിക കാര്യങ്ങളിൽ കാര്യമായി ഇടപെട്ടില്ല. അതു വരെയുള്ള സമ്പാദ്യവും ആഭരണങ്ങളുമെല്ലാം ചികിത്സയ്ക്കായി കുമാരി തന്നെ ചെലവഴിച്ചു. ഇതിനിടയിൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

 ജനകയുടെ വൃക്ക മാറ്റിവച്ചു. എന്നിട്ടും എല്ലാ പ്രതീക്ഷകളെയും വിഫലമാക്കി 2013ൽ ജനക മരിച്ചു. ഒൻപതാം മാസത്തിൽ പിറന്ന ജനകയുടെ കുഞ്ഞ് അച്ഛന്റെ വീട്ടുകാർക്കൊപ്പമാണ്.

ഒരു സ്വകാര്യ ആയുർവേദ ആശുപത്രിയിൽ അക്കൗണ്ട്സ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു ജമുന അപ്പോൾ. ലോകേഷ് സ്കൂൾ വിദ്യാർഥിയും. ജനകയ്ക്കു രോഗം വന്നതിനാൽ ഇരട്ടയായ ജമുനയ്ക്കും ആരോഗ്യ പരിശോധനകൾ നടത്തിയിരുന്നു. 2015ൽ നടത്തിയ അത്തരമൊരു പരിശോധനയിലാണു ജമുനയുടെ വൃക്കയ്ക്കും രോഗം ബാധിച്ചതായി സംശയം തോന്നിയത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നടത്തിയ വിശദ പരിശോധനയിൽ രോഗാവസ്ഥ കണ്ടെത്തി. ജമുന ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്നാണു കേരളത്തിലെ കോഴിക്കോട് എന്ന സ്ഥലത്തെക്കുറിച്ചും അവിടെയുള്ള ഒരു ആയുർവേദ ആശുപത്രിയെക്കുറിച്ചും കേൾക്കുന്നത് ഗിഞ്ചിയിൽ നിന്ന് 600 കിലോമീറ്റർ ദൂരമുള്ള കോഴിക്കോട്ടേക്ക് അവർ എത്തുന്നത് അങ്ങനെയാണ്.

കോഴിക്കോട്ടെ മനുഷ്യർ

കുമാരിയുടെയും ജമുനയുടെയും തമിഴ്നാടിനു പുറത്തേക്കുള്ള ആദ്യ യാത്രയായിരുന്നു കോഴിക്കോട്ടേക്ക്. കൈയിലുണ്ടായിരുന്ന അവസാനത്തെ സമ്പാദ്യവും മുറുകെപ്പിടിച്ച് 2017ൽ അവർ ഇരുവരും കോഴിക്കോട്ടെത്തി.

നഗരത്തിലെ ഒരു ഒറ്റമുറി വീട്ടിലാണ് ആദ്യം താമസിച്ചത്. ചികിത്സ തുടങ്ങി രണ്ടുമാസം പിന്നിട്ടപ്പോൾ വീട്ടുവാടകയും ചികിത്സാച്ചെലവുകളുമെല്ലാമായി കൈയിലുണ്ടായിരുന്ന പണം തീർന്നപ്പോൾ കുമാരി അടുത്തുള്ള വീടുകളിൽ ജോലിക്കു പോകാൻ തുടങ്ങി. അതിലൊരു കുടുംബത്തിലെ വീട്ടമ്മയായ ഫാബിയും അവരുടെ സുഹൃത്തായ സുബിയുമാണ് കോഴിക്കോടൻ ജീവിതത്തിലെ ആദ്യ പ്രതീക്ഷയായി കുമാരിക്കും ജമുനയ്ക്കും മുന്നിലെത്തുന്നത്. ഫാബിയും സുബിയും വഴിയാണ് മലാപ്പറമ്പിലുള്ള ഇഖ്റ ആശുപത്രിയിൽ ജമുന എത്തുന്നത്. വീടുകൾ പലതും മാറി എരഞ്ഞിപ്പാലത്തുള്ള ഒരു വീട്ടിലായിരുന്നു അവർ അപ്പോൾ താമസിച്ചിരുന്നത്.

ജുവേരിയ എന്ന അമ്മ

ജമുനയ്ക്ക് അപ്പോൾ ഡയാലിസിസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഒരു ദിവസം ജമുനയ്ക്കു ഹൃദയാഘാതം ഉണ്ടാകുന്നത്. വീട്ടിൽ  ആരും ഉണ്ടായിരുന്നില്ല. എങ്ങനെയോ വീടിന്റെ മുന്നിലെത്തിയ ജമുന നേരെ എതിരെയുള്ള വീട്ടിലുണ്ടായിരുന്ന യുവാവിനോട് ‘ബ്രദർ, ഹെൽപ്’ എന്നു വിളിച്ചു പറഞ്ഞിട്ടു കുഴഞ്ഞു വീണു. അയൽവീട്ടിലുണ്ടായിരുന്ന സുഹൈൽ, ഉമ്മ ജുവേരിയയെയും കൂട്ടി അവിടെയെത്തുകയും അയൽക്കാരെ വിളിച്ച് ജമുനയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുമാരിയുടെയും ജമുനയുടെയും ജീവിതത്തിലേക്കു ജുവേരിയ എന്ന അമ്മ എത്തുന്നത് അവിടെ വച്ചാണ്.

ആശുപത്രിയിൽ നിന്നു തിരികെ എത്തിയതോടെ ജുവേരിയയുടെ വീട് അവർക്ക് സ്വന്തം വീടു പോലെയായിരുന്നു. കഥകൾ അറിഞ്ഞതോടെ അവരെ സഹായിക്കാൻ ജുവേരിയയും തീരുമാനിച്ചു. അവർക്കത് ഒരു കടം വീട്ടൽ കൂടിയായിരുന്നു. ജുവേരിയയുടെ ഇളയ മകൻ ഹാനിൽ മുൻപ് ഒരപകടത്തെ തുടർന്നു രണ്ടാഴ്ചയോളം വെന്റിലേറ്ററിൽ കഴിഞ്ഞിട്ടുണ്ട്. അന്നു ലഭിച്ച സ്നേഹവും കരുതലും തിരിച്ചു കൊടുക്കുകയായിരുന്നു ജുവേരിയ. കേരളത്തിലെ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ നല്ലൊരു താമസ സ്ഥലം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു കുമാരിയും ജമുനയും. ഒടുവിൽ ഹാനിലിന്റെ പേരിൽ വാടകക്കരാർ എഴുതിയാണ് അവരെ പുതിയൊരു വീട്ടിലേക്ക് മാറ്റിയത്.

ഹാനിലിന്റെ സുഹൃത്തായ ബഷീറിനോടും ഇവരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന കാര്യം ജുവേരിയ ആവശ്യപ്പെട്ടിരുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ചികിത്സയ്ക്കും മരുന്നിനുമായി സഹായങ്ങൾ എത്തിച്ചു കൊടുക്കുകയാണ് ബഷീറും സുഹൃത്തുക്കളും ആദ്യം ചെയ്തത്. തുടർന്നു കേരളത്തിലെ വിലാസത്തിൽ കുമാരിക്കും ജമുനയ്ക്കും റേഷൻ കാർഡും ആധാറും ലഭ്യമാക്കി. ചികിത്സാ സഹായത്തിനായി കമ്മിറ്റി രൂപീകരിച്ചും സഹായങ്ങൾ ലഭ്യമാക്കി.

കടവുളിന്റെ ഫോൺ നമ്പർ

കോവിഡ് കാലത്ത് വീടുകളിൽ ജോലിക്ക് പോകാൻ കഴിയാതെ വല്ലാത്ത പ്രതിസന്ധിയിലായിരുന്ന കുമാരിക്ക് മുന്നിൽ അപ്രതീക്ഷിതമായാണ് അബൂബക്കർ എന്ന മനുഷ്യസ്നേഹി എത്തുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അബൂബക്കറിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫാർമസിക്ക് മുന്നിൽ മരുന്നു വാങ്ങാൻ പണമില്ലാതെ വിഷമിക്കുമ്പോഴാണു കുമാരി ആദ്യമായി കാണുന്നത്. അന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞ് മരുന്നിനുള്ള പണം നൽകിയാണ് അബൂബക്കർ അവരെ മടക്കിയത്. പിന്നീട് 12 ഡയാലിസിസിൽ ആറെണ്ണത്തിന്റെ ചെലവു  വഹിക്കാനും തയാറായി. ജമുനയുടെ ആരോഗ്യസ്ഥിതി ഗുരുതരമായപ്പോൾ മുഴുവൻ ഡയാലിസിസിന്റെയും അത്യാവശ്യ ഘട്ടങ്ങളിൽ മരുന്നിന്റെയും ചെലവു വഹിച്ചത് അബൂബക്കറാണ്. അബൂബക്കർ കടവുൾ എന്നായിരുന്നു ജമുനയുടെ ഫോണിൽ അദ്ദേഹത്തിന്റെ നമ്പർ സേവ് ചെയ്തിരുന്നത്.

മരണമെത്തിയ നേരം

ക്രോണിക് കിഡ്നി ഡിസീസ് വിഭാഗത്തിൽപ്പെടുന്ന സികെഡി 4 എന്ന അവസ്ഥയിലായിരുന്നു ജമുന. ഡയാലിസിസും മരുന്നുകളും വൃക്ക മാറ്റി വയ്ക്കലും മാത്രമായിരുന്നു പ്രതിവിധി. അവയവ മാറ്റത്തിനുള്ള സർക്കാർ പദ്ധതിയായ മൃതസഞ്ജീവനിയിലും ജമുനയുടെ പേര് റജിസ്റ്റർ ചെയ്തിരുന്നു. രണ്ടു തവണ ശസ്ത്രക്രിയയ്ക്കു തയാറെടുത്തെങ്കിലും പട്ടികയിൽ അതിനു മുൻപുള്ള പേരുകാരെയാണു പരിഗണിച്ചത്.

ഓഗസ്റ്റിലാണു ജമുനയുടെ സ്ഥിതി ഗുരുതരമായത്. കോളജ് ഹോസ്റ്റലിലായിരുന്ന ലോകേഷ് അമ്മയ്ക്കും സഹോദരിക്കും കൂട്ടായി അപ്പോൾ കേരളത്തിൽ എത്തിയിരുന്നു. അണുബാധ ഉണ്ടാവുകയും അതു ചെറുകുടലിനെയും കരളിനെയുമൊക്കെ ബാധിക്കുകയും ചെയ്തതാണു ജമുനയുടെ ആരോഗ്യനിലയിൽ പ്രശ്നമായത്. നാലു വർഷത്തോളം ചികിത്സിച്ച ഡോ.ജ്യോതിഷ് ഗോപിനാഥൻ നൽകിയ ആത്മവിശ്വാസവും കരുത്തുമാണ് ആ ഘട്ടത്തിൽ ജമുനയെയും കുമാരിയെയും മുന്നോട്ടു നയിച്ചത്. രോഗം ഗുരുതരമായതോടെ ആഴ്ചകളോളം ജമുന ഐസിയുവിൽ കഴിഞ്ഞു. ജീവിക്കാനുള്ള സമരത്തിൽ കുമാരിയെയും ലോകേഷിനെയും തനിച്ചാക്കി ഒടുവിൽ ഒക്ടോബർ 12ന് ജമുന മരിച്ചു.

ജമുനയുടെ വേദനകൾക്കു തണലായിരുന്ന ധാരാളം പേർ അന്ന് ആശുപത്രിയിൽ എത്തിയിരുന്നു. അന്നായിരുന്നു അവരിൽ പലരെയും കുമാരിയും ലോകേഷുമൊക്കെ നേരിട്ടു കാണുന്നത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനായിരുന്നു കുമാരിയുടെ തീരുമാനം. മൂന്നു ലക്ഷം രൂപയോളം അപ്പോൾ ആശുപത്രി ബിൽ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നു. അവിടെ ഇഖ്റ ആശുപത്രി അധികൃതർ കനിഞ്ഞു. മൂന്നു ലക്ഷം എന്ന തുക ഒഴിവാക്കാൻ വരെ അവർ മനസ്സുകാണിച്ചു. ചികിത്സാ സഹായ ഫണ്ടിലുണ്ടായിരുന്ന ബാക്കി തുക അടച്ച് ഇവർ നാട്ടിലേക്കു പോയി.

കുമാരി മുൻപു ജോലി ചെയ്തിരുന്ന വീട്ടിലെ മനാഫാണ് ഗിഞ്ചിയിലേക്കുള്ള ആംബുലൻസിനു പണം നൽകിയത്. കേരളത്തിലേക്കു വന്നതു തനിയെ ആയിരുന്നെങ്കിലും നാട്ടിലേക്കുള്ള ജമുനയുടെ അവസാന യാത്ര പക്ഷേ അങ്ങനെയായിരുന്നില്ല. കുമാരിക്കും ലോകേഷിനും ഒപ്പം ആ യാത്രയിൽ ഹൃദയബന്ധത്തിന്റെയും സ്നേഹത്തിന്റെയും കണ്ണികൾ വിടാതെ പിടിച്ച് ജുവേരിയയും ഹാനിലും ഉണ്ടായിരുന്നു. 600 കിലോമീറ്ററിലധികം യാത്ര ചെയ്തെത്തിയ അവർ ഗിഞ്ചിയിലെ ഗ്രാമീണർക്കും അദ്ഭുതമായി. ജമുനയുടെ സംസ്കാരത്തിനു ശേഷമാണ് ജുവേരിയയും ഹാനിലും മടങ്ങിയത്.

ജമുനയുടെ അന്ത്യകർമങ്ങൾക്കു ശേഷം കോഴിക്കോടിന്റെ ആശ്വാസത്തിലേക്കാണു കുമാരി തിരികെയെത്തിയത്. പേരുള്ള ബന്ധങ്ങളെക്കാൾ അവർക്കിപ്പോൾ വിശ്വാസവും ഇഷ്ടവും ഈ നാട് നൽകിയ പേരിട്ടു വിളിക്കാൻ കഴിയാത്ത ബന്ധങ്ങളെയാണ്. എൻജിനീയറിങ് പൂർത്തിയാക്കിയ ലോകേഷ് തിരുപ്പൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിലാണിപ്പോൾ ജോലി ചെയ്യുന്നത്. അമ്മയ്ക്കൊപ്പം കോഴിക്കോട് വന്നിട്ടാണ് ലോകേഷ് അവിടേക്കു പോയത്. ഒരു ജോലി ശരിയായാൽ കോഴിക്കോട്ടു തന്നെ എത്തണമെന്നാണ് ആഗ്രഹം. തനിച്ചായിപ്പോയി എന്നോർത്ത് അതുവരെ അമ്മ കരയില്ല എന്നവനറിയാം. മനസ്സിൽ മതിലുകൾ ഇല്ലാത്ത കുറച്ചു മനുഷ്യർ ഇവിടെ ഉള്ളതാണു കാരണം. ആരെയും തനിച്ചാക്കാൻ അനുവദിക്കാത്ത ആ മനസ്സുകളുടെ കരുതലിലാണു കുമാരിയുടെയും ലോകേഷിന്റെയും വിശ്വാസവും.

English Summary: Life story, Kumari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com