ADVERTISEMENT

ഒരു പന്തിന്റെ സഞ്ചാരപഥത്തെക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട് ഈ പ്രപഞ്ചത്തിൽ! ആകാശമൈതാനത്ത് ഒരു പന്തു പോലെ ചുറ്റിത്തിരിയുന്ന ഭൂമി ഇന്നു മുതൽ മറ്റൊരു പന്തിലേക്കു കണ്ണുനടുകയാണ്- ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ അൽ രിഹ്‌ലയിലേക്ക്. തുകൽ പന്തിൽ തുടങ്ങിയ ലോകകപ്പിന്റെ ചരിത്രം, യാത്ര എന്നർഥമുള്ള ‘അൽ രിഹ്‌ല’യിലെത്തി നിൽക്കുമ്പോൾ  ഓരോ പന്തിനും ഓരോ ലോകകപ്പുകൾക്കും കഥകളേറെ പറയാനുണ്ട്. ലോകകപ്പ് ഫുട്ബോൾ കഥകളിലൂടെ ഒരു യാത്ര...

2018

റഷ്യ (32), ഫ്രാൻസ്, ക്രൊയേഷ്യ

ടെൽസ്റ്റാർ 2018

1970 ലോകകപ്പിൽ ഉപയോഗിച്ച ടെൽസ്റ്റാർ പന്തിന്റെ ആധുനിക രൂപം. പുതിയ ആകൃതിയിലുള്ള പാനലുകൾ ഉപയോഗിച്ചു. പന്തിൽ ചിപ്പ് ഘടിപ്പിച്ചു. ഇതു പന്തിന്റെ ചലനവും വേഗവും അറിയാൻ സഹായിച്ചു. പിക്‌സൽ  ശൈലിയിലുള്ളതായിരുന്നു ഡിസൈൻ.

മെഡൽ അനാഥം 

ജേതാക്കൾക്ക് 23 സ്വർണമെഡലും റണ്ണറപ്പിന് 23 വെള്ളിമെഡലും നൽകാനാണു ഫിഫ തീരുമാനിച്ചത്. എന്നാൽ, ഒരു വെള്ളി മെഡൽ വാങ്ങാൻ ആളുണ്ടായിരുന്നില്ല. പ്രാഥമിക റൗണ്ടിൽ നൈജീരിയയ്ക്കെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ച നിക്കോള കാലിനിച്ചിനെ ക്രൊയേഷ്യൻ കോച്ച് സ്‌ലാറ്റ്കോ ഡാലിച്ച് വീട്ടിലേക്കു പറഞ്ഞയച്ചിരുന്നു. ലോകകപ്പ് ഫൈനലിനു ശേഷം ടീം മാനേജർ ആ വെള്ളി മെഡൽ നാട്ടിൽ കൊണ്ടുപോയെങ്കിലും കാലിനിച്ച് അതു വാങ്ങാൻ കൂട്ടാക്കിയില്ല.

2014

ബ്രസീൽ‌ (32), ജർമനി, അർജന്റീന

ഫുലേക്കോ

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന അർമഡിലോ എന്ന ബ്രസീലിയൻ ജീവി. ബ്രസീലിന്റെ ജൈവവൈവിധ്യത്തെ പ്രതിനിധീകരിച്ച ചിഹ്നത്തിന്റെ പേര് ഫുട്ബോൾ, ഇക്കോളജി എന്നീ വാക്കുകൾ കൂടിച്ചേർന്നാണ് ഉണ്ടായത്.

കളത്തിലും ചാരക്കണ്ണ്?

ഫ്രാൻസിന്റെ പരിശീലന ക്യാംപിനു മുകളിൽ ആളില്ലാ വിമാനം! ഫ്രാൻസ് ടീം പരിശീലനം നിരീക്ഷിക്കാൻ എതിർടീമുകളിൽ ആരുടെയോ ചാരപ്രവർത്തനമായിരുന്നു വിമാനമെന്നു കോച്ച് ദിദിയെ ദെഷാം ആരോപിച്ചു.

ബ്രസൂക്ക

6 പാനലുകൾ തെർമോബോണ്ടഡ് സാങ്കേതിക വിദ്യയിലൂടെ ചേർത്തത്. പേരിട്ടത് ഫുട്‌ബോൾ ആരാധകർ.

2010

ദക്ഷിണാഫ്രിക്ക (32) സ്പെയിൻ ഹോളണ്ട്

പോളും വുവുസേലയും

വുവുസേലയെന്ന ആഫ്രിക്കയുടെ സ്വന്തം കുഴൽവാദ്യവും പ്രവചനവീരൻ പോൾ എന്ന നീരാളിയും ലോകകപ്പിന്റെ താരങ്ങളായി. കാതടപ്പിക്കുന്ന ശബ്‌ദം പുറപ്പെടുവിക്കുന്ന വുവുസേല വിലക്കണമെന്നു മുറവിളിഉയർന്നിരുന്നെങ്കിലും ഫിഫ വഴങ്ങിയില്ല. ജർമനിയുടെ ആറു കളികളുടെ ഫലങ്ങളും ഫൈനലും കൃത്യമായി ‘പ്രവചിച്ചാണ്’ പോൾ ശ്രദ്ധിക്കപ്പെട്ടത്. ജർമനിയിലെ ഒബർഹോസനിലുള്ള സീലൈഫ് അക്വേറിയത്തിലായിരുന്നു പോൾ. ഭക്ഷണവുമായി രണ്ടു പെട്ടികൾ അക്വേറിയത്തിൽ  വയ്‌ക്കുന്നു. ഇതിൽ രണ്ടു ടീമുകളുടെയും പതാകകളും ഉണ്ടാകും. പോൾ ഏതു പെട്ടിയിലാണോ ചുറ്റിപ്പിടിക്കുക, ആ ടീം ജയിക്കും–  ഇതായിരുന്നു പ്രവചനം.

ഉത്തരമില്ലാ ചോദ്യം

ഉത്തര കൊറിയയുടെ കളിക്കു പിന്തുണയുമായി ചുവപ്പ് കുപ്പായം ധരിച്ച ആരാധകക്കൂട്ടം എല്ലായിടത്തുമുണ്ടായിരുന്നു. എന്നാൽ, ഏകാധിപത്യഭരണമുള്ള കൊറിയയിൽ നിന്നു പുറത്തേക്കുള്ള യാത്ര ഏതാണ്ട് അസാധ്യവുമായിരുന്നു. പിന്നെയെവിടെ നിന്നാണ് ഈ ആരാധകർ? ദക്ഷിണാഫ്രിക്കയിലെ ചൈനക്കാരായ തൊഴിലാളികളാണ് ഈ വ്യാജ ആരാധകരെന്നു പിന്നീടു വെളിപ്പെട്ടു. ഉത്തര കൊറിയ ഏർപ്പെടുത്തിയതായിരുന്നു ഇവരെ.

ജബുലാനി

8 പാനലുകൾ തെർമോബോണ്ടഡ് സാങ്കേതികവിദ്യയിലൂടെ ചേർത്തു നിർമിച്ചു. പന്ത് ഉയർന്നു പറക്കുമ്പോൾ കൂടുതൽ സ്ഥിരതയെന്ന് അവകാശവാദം. കളിക്കാരുടെ കണക്കുകൂട്ടൽ തെറ്റിക്കുന്ന പന്തെന്നു പരാതി.

സാകുമി 

പുള്ളിപ്പുലിക്കുട്ടി. മനുഷ്യനോടു സാദൃശ്യമുള്ള രീതിയിലാണു സാകുമിയെ സൃഷ്ടിച്ചത്. 

2006

ജർമനി (32) ഇറ്റലി ഫ്രാൻസ് 

കാർഡ് ഗെയിം

ക്രൊയേഷ്യ- ഓസ്‌ട്രേലിയ മത്സരത്തിൽ ഒരേ കളിക്കാരനു റഫറി 3 മഞ്ഞക്കാർഡ് നൽകി! ക്രൊയേഷ്യയുടെ ജോസിപ് സിമുനിച്ചിനാണു 2 മഞ്ഞക്കാർഡു കിട്ടിയിട്ടും കളിക്കാൻ ഭാഗ്യമുണ്ടായത്. 62–ാം മിനിറ്റിലായിരുന്നു ആദ്യ കാർഡ്.  90–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കാണിച്ച റഫറി പക്ഷേ, ചുവപ്പു കാർഡിന്റെ കാര്യം മറന്നു. എന്നിട്ടും സിമുനിച്ച് നല്ല കുട്ടിയായില്ല. തൊട്ടുപിന്നാലെ വീണ്ടും കയർക്കുകയും റഫറിയെ തള്ളുകയും ചെയ്‌തു. ഇത്തവണ മഞ്ഞക്കാർഡും പിറകെ ചുവപ്പു കാർഡും കിട്ടി.

ഗൊലിയോ 06 

ജർമൻ ജഴ്സിയണിഞ്ഞ സിംഹം. ഗൊലിയോയുടെ കൈയിൽ എപ്പോഴും സംസാരിച്ചു കൊണ്ടേയിരിക്കുന്നൊരു ഫുട്ബോളുണ്ട്– പിലെ. ഗോൾ, സിംഹം എന്നർഥം വരുന്ന ലാറ്റിൻ ഭാഷയിൽ നിന്നുള്ള ലിയോ എന്നീ പദങ്ങൾ ചേർന്നുള്ളതാണ് ഗൊലിയോ എന്ന വാക്ക്. ഫുട്ബോളിന്റെ പ്രാദേശിക വിളിപ്പേരാണു പിലെ. 

ടീം ജെയ്‌സ്റ്റ്  

തെർമോബോണ്ട് ചെയ്ത 14 പാളികൾ. പന്തിലുള്ള നിയന്ത്രണം അനായാസമാകുന്ന നിർമാണം. ഓരോ മത്സരത്തിനും അതിന്റെ വിവരങ്ങൾ പ്രിന്റ് ചെയ്ത പന്ത്. ഫൈനലിനു സ്വർണ നിറമുള്ള പന്ത്.

2002

ജപ്പാൻ, ദക്ഷിണ കൊറിയ (32) ബ്രസീൽ ജർമനി

സന്തോഷത്തിന് ശിക്ഷയില്ല

ആദ്യമത്സരത്തിൽ ഫ്രാൻസിനെ അട്ടിമറിച്ച സെനഗൽ താരങ്ങൾ ഗോൾ നേടിയപ്പോൾ ജഴ്സിയൂരി നൃത്തം ചെയ്തു. ആഹ്ലാദമുഹൂർത്തങ്ങളിൽ കുപ്പായമൂരുന്നതു ഫിഫ വിലക്കിയിരുന്നെങ്കിലും നിലവിലെ ചാംപ്യന്മാരെ അരങ്ങേറ്റക്കാർ കീഴടക്കുന്ന ആ നിമിഷത്തിന്റെ മൂല്യം കളി നിയന്ത്രിച്ചിരുന്ന റഫറി അലി ബുജ് സെയ്മിനു മനസ്സിലായി. അദ്ദേഹം അവരെ തടയാനോ ശിക്ഷിക്കാനോ മുതിർന്നില്ല.

അറ്റോ, കാസ്, നിക്ക്  

അറ്റ്മോബോൾ എന്ന സാങ്കൽപിക ടീമിനെ ഓർമപ്പെടുത്തുന്ന മൂന്നംഗ സംഘം. അറ്റോ പരിശീലകൻ. കാസും നിക്കും കളിക്കാരും. ഇന്റർനെറ്റ് വോട്ടിങ്ങിലൂടെ നൽകിയ പേരുകളായിരുന്നു ഇവ.

ഫെവർനോവ

പാളികൾ ത്രികോണാകൃതിയിലുള്ള ആദ്യപന്ത്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലുള്ള ഷോട്ടുകൾ വരെ എടുക്കാവുന്നത്.

1998

ഫ്രാൻസ് (32) ഫ്രാൻസ് ബ്രസീൽ

ട്രൈകളർ 

രണ്ടിലേറെ നിറങ്ങളിലുള്ള ആദ്യത്തെ പന്ത്. ഒരേ രീതിയിൽ മാട്രിക്‌സ് ആകൃതിയിലുള്ള പാളികൾ. ഷോട്ടിനു വേഗം കൂടുതൽ.

ജീവിതത്തിന് ‘കിക്കോഫ്’

മാസൈയിലെ വെലോഡ്രാം സ്റ്റേഡിയം ബ്രസീൽ–നോർവേ മത്സരത്തിനു മുൻപു വിവാഹവേദിയായി. നോർവേക്കാരൻ ഒവിൻഡ് എക്‌ലന്റും ബ്രസീലുകാരി റോസാഞ്ജലാ ഡിസൂസയുമാണു സ്വന്തം രാജ്യങ്ങളുടെ മത്സരം നടക്കുന്ന മൈതാനമധ്യത്തു വിവാഹിതരായത്. ഇടവേളയിൽ ചടങ്ങു നടത്തണമെന്നായിരുന്നു അപേക്ഷയെങ്കിലും ഫിഫ മത്സരത്തിനു മുന്നോടിയാക്കുകയായിരുന്നു.

ഫൂറ്റിക്സ്  

ഫ്രഞ്ച് ജഴ്സിയെ പ്രതിനിധീകരിക്കുന്ന നീലനിറമുള്ള പൂവൻകോഴി. ശരീരത്തിൽ ‘ഫ്രാൻസ് 98’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഫുട്ബോൾ എന്ന വാക്കിൽ നിന്നാണു ഫൂറ്റിക്സിന്റെ വരവ്. 

1994

യുഎസ് (24) ബ്രസീൽ ഇറ്റലി

ക്വെസ്ട്ര  

പോളിഎഥിലീൻ പാളി കൊണ്ടു നിർമാണം. കിക്ക് ചെയ്യുമ്പോൾ കൂടുതൽ പ്രതികരണം. കൂടുതൽ വേഗത്തിലുള്ള ഷോട്ടുകൾ.

രണ്ടു നാണക്കേട്

ബൾഗേറിയയ്ക്കെതിരായ മത്സരത്തിനു മുൻപ് ഉത്തേജകമരുന്ന് ഉപയോഗത്തിനു ഡിയേഗോ മറഡോണ പിടിക്കപ്പെട്ടതും വിലക്കിലായതും ലോകത്തിനു ഞെട്ടലായി. സ്പെയിനും ഇറ്റലിയും തമ്മിലുള്ള ക്വാർട്ടറിൽ ഇറ്റാലിയൻ ഡിഫൻഡർ മൗറോ ടസോട്ടിയുടെ ഇടിയേറ്റു സ്പാനിഷ് താരം ലൂയിസ് ഹെന്റിക്കയുടെ മൂക്കിനു മുറിവേറ്റു. പെനൽറ്റി അർഹിക്കുന്ന തെറ്റായിരുന്നെങ്കിലും റഫറി സാന്റോർ പുൽ ഫൗൾ കണ്ടില്ല. ‌മത്സരത്തിന്റെ വിഡിയോ കണ്ട ഫിഫ അച്ചടക്കസമിതി രണ്ടു ദിവസത്തിനു ശേഷം ടസോട്ടിക്ക് 8 മത്സരവിലക്കും പിഴയും വിധിച്ചു.

സ്ട്രൈക്കർ 

ചുവപ്പും വെള്ളയും നീലയുമടങ്ങിയ ഫുട്ബോൾ ജഴ്സിയണിഞ്ഞ പട്ടിക്കുട്ടി. യുഎസ്എ 94 എന്ന മുദ്രയും ചാർത്തിയിട്ടുണ്ട്. 

1990

ഇറ്റലി (24) പശ്ചിമ ജർമനി അർജന്റീന

ഈ ‘കർമം’ കൊള്ളാലോ...

ക്വാർട്ടറിൽ യുഗൊസ്‌ലാവ്യ – അർജന്റീന മത്സരം സമനിലയിൽ അവസാനിച്ചു. ഷൂട്ടൗട്ടിനു തൊട്ടുമുൻപ് അർജന്റീന ഗോളി സെർജിയോ ഗൊയ്ക്കോച്ചയ്ക്കു കഠിനമായ മൂത്രശങ്ക. പുറത്തുപോയിവരാനുള്ള സമയമില്ല. ഒടുവിൽ സഹകളിക്കാർ തീർത്ത മറയിൽ, ഗ്രൗണ്ടിൽ തന്നെ മുട്ടുകുത്തിനിന്നു ‘കാര്യം സാധിച്ചു’. ആശ്വാസത്തോടെ ഇറങ്ങിയ അദ്ദേഹം രണ്ടു പെനൽറ്റികൾ രക്ഷപ്പെടുത്തി ടീമിനെ സെമിയിലെത്തിച്ചു. ഇറ്റലിയുമായുള്ള സെമിയും ടൈബ്രേക്കറിലായി. ഇത്തവണ ഗൊയ്ക്കോച്ചയ്ക്കു പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ, കോച്ച് കാർലോസ് ബിലാർഡോയുടെ നിർദേശം; പഴയ പരിപാടി ഒന്നുകൂടി വേണം. വീണ്ടും സുഹൃത്തുക്കളുടെ സഹായത്തോടെ ഗൊയ്ക്കോച്ച ‘കർമം’നിർവഹിച്ചു. ഇത്തവണയും നിർണായകമായ രണ്ടു കിക്കുകൾ രക്ഷപ്പെടുത്തി ടീമിനെ ഫൈനലിലെത്തിച്ചു.

സിയാവോ 

തലയുടെ ഭാഗത്തു ഫുട്ബോളും ശരീരത്തിൽ ഇറ്റാലിയൻ പതാകയും ഉള്ള ഭാഗ്യചിഹ്നം. ഇറ്റാലിയൻ അഭിവാദ്യമാണു സിയാവോ. നമ്മുടെ നമസ്തേ പോലെ.

എട്രുസ്‌കോ  

പോളിയൂറിത്തീൻ പാളി കൊണ്ട് നിർമാണം. കൂടുതൽ വേഗവും പ്രതികരണവും. വെള്ളം തീരെ കടക്കില്ല.

1986

മെക്സിക്കോ (24) അർജന്റീന പശ്ചിമ ജർമനി

‘തുപ്പ്’ കാർഡ്

ബൽജിയവുമായുള്ള മത്സത്തിനിടെ ഇറാഖ് കളിക്കാർ റഫറിയുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. ഫോർവേഡ് ഹന്നാ ബാസിലിനു കലിപ്പടക്കാനായില്ല. കൊളംബിയൻ റഫറി ജിസ്യു ഡയസിന്റെ മുഖത്ത് ഒരു തുപ്പ്.  നീണ്ട സസ്പെൻഷനായിരുന്നു ബാസിലിനു ഫിഫയുടെ മറുപടി.

അസ്‌ടെക 

ആദ്യത്തെ സിന്തറ്റിക് ബോൾ. കൂടുതൽ കാലം ഈടുനിൽക്കുന്ന ഗുണമേന്മ.

പിക്വ

മീശയും തൊപ്പിയും അണിഞ്ഞുനിൽക്കുന്ന പിക്വ എന്താണെന്നല്ലേ? മെക്സിക്കോയിലെ ഒരു പ്രത്യേകയിനം കുരുമുളകാണ് കക്ഷി. 

1982

സ്പെയിൻ (24) ഇറ്റലി പശ്ചിമ ജർമനി

വീണ്ടും നാണക്കേട്

റഫറിയെ ഭീഷണിപ്പെടുത്തി ഗോൾ പിൻവലിപ്പിക്കുക! ഫ്രാൻസ്–കുവൈത്ത് മത്സരം തീരാൻ 10 മിനിറ്റുള്ളപ്പോൾ  3–1നു മുന്നിട്ടു നിന്ന ഫ്രാൻസ് ഒരു ഗോൾ കൂടി നേടി. എന്നാൽ, ഗാലറിയിൽ നിന്നുയർന്ന ഒരു വിസിൽ ശബ്ദം കേട്ടു തങ്ങൾ കളി നിർത്തിയപ്പോഴാണു ഗോൾ വീണതെന്നു കുവൈത്ത് കളിക്കാർ വാദിച്ചു. കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ അധ്യക്ഷൻ ഗ്രൗണ്ടിലിറങ്ങി റഫറിയെ ‌ഭീഷണിപ്പെടുത്തി.  റഫറി ഗോൾ പിൻവലിച്ചു.

ഗ്രൂപ്പ് രണ്ടിൽ അൽജീരിയ അപ്രതീക്ഷിതമായി മുന്നേറി. ഇതോടെ ജർമനി–ഓസ്ട്രിയ മത്സരം നിർണായകമായി. 10–ാം മിനിറ്റിൽ ജർമനി ഗോൾ നേടി. ‌പിന്നീട് ഇരുടീമുകളും പന്തു തട്ടി സമയം കളഞ്ഞു. അൾജീരിയയെ പുറത്താക്കി ജർമനിക്കു മുന്നേറാനായിരുന്നു  ഈ തട്ടിക്കളി.

ടാംഗോ എസ്പാനിയ

വെള്ളത്തിൽ അതിവേഗം നീങ്ങാൻ റബറിന്റെ സഹായം ഉപയോഗിച്ചു. വാട്ടർ റെസിസ്റ്റന്റ് ആയിരുന്നു ടാംഗോ. ലോകകപ്പിൽ ഉപയോഗിച്ച അവസാനത്തെ ലെതർ പന്ത്.

നരാൻജിതോ 

സ്പാനിഷ് ജഴ്സി അണിഞ്ഞ ഓറഞ്ച്. ഓറഞ്ചിന്റെ സ്പാനിഷ് പേരാണു നാരാൻജാ. 

1978

അർജന്റീന (16) അർജന്റീന ഹോളണ്ട്

ഒഴിവാകലും ഒഴിവാക്കലും

ലോകകപ്പിനുള്ള 22 അംഗ ടീമിനെ തിരഞ്ഞെടുക്കാനുള്ള ദിവസത്തിന്റെ തലേന്ന് അർജന്റീന കോച്ച് സെസാർ മെനോട്ടിക്ക് ഉറക്കമില്ലാരാവായിരുന്നു. 25 അംഗ ക്യാംപിൽനിന്നു 3 പേരെ ഒഴിവാക്കിയേ പറ്റു. അന്നു മെനോട്ടിയുടെ ആ ‘3 പേരിൽ’ ഒരാൾ ആരെന്നറിയുമോ? ഡിയഗോ മറഡോണ!

ഹോളണ്ടിന്റെ ഇതിഹാസതാരം 

യൊഹാൻ ക്രൈഫ് ഇത്തവണ പങ്കെടുത്തില്ല. ഇതിനെക്കുറിച്ചു പലതും പ്രചരിച്ചു. ‘‘ബാർസിലോനയിലെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ ഒരു സംഘം എന്നെയും കുടുംബത്തെയും തട്ടിക്കൊണ്ടു പോകാൻശ്രമിച്ചിരുന്നു. പിന്നീടു പൊലീസ്  സുരക്ഷയിലാണ് ഏറെ നാൾ കഴിഞ്ഞത്. ഈ സംഭവം എന്നെ സ്വാധീനിച്ചു. ഫുട്ബോളിൽ നിന്നകന്നു കുടുംബത്തോടൊപ്പം നിൽക്കാമെന്നു കരുതി’’– 2018ൽ ക്രൈഫ് പറഞ്ഞു.

ഗൗച്ചിറ്റോ

അർജന്റീന ജഴ്സിയും അർജന്റീന 78  എന്ന തൊപ്പിയുമണിഞ്ഞ ബാലൻ. ലാറ്റിനമേരിക്കൻ നാടോടിക്കഥകളിലെ ധീരനായ കുതിരക്കാരനാണു ഗൗച്ചിറ്റോ. 

ടാംഗോ ഡർലാസ്റ്റ് 

20 പാനലുകൾ ഉപയോഗിച്ചുള്ള ഡിസൈൻ.നിർമാതാക്കൾ അഡിഡാസ്.

1970

മെക്സിക്കോ (16) ബ്രസീൽ ഇറ്റലി

ടെൽസ്റ്റാർ

ടിവി സംപ്രേഷണത്തിന് അനുയോജ്യമായ രീതിയിൽ പന്ത് നിർമാണം. തുന്നിയെടുത്ത 32 ലെതർ പാനലുകൾ കൊണ്ടു നിർമിച്ചു. അഡിഡാസ് ഫിഫയ്ക്ക് വേണ്ടി നിർമിച്ച ആദ്യത്തെ പന്ത്.

മൂർ അറസ്റ്റിൽ

മെക്‌സിക്കോയിലേക്കു പോകുന്ന വഴി കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലെത്തിയ ഇംഗ്ലണ്ട് നായകൻ ബോബി മൂർ മോഷണക്കേസിൽ അറസ്റ്റിലായി! ടീം താമസിച്ച ഹോട്ടലിൽ പ്രവർത്തിച്ചിരുന്ന ജ്വല്ലറി അധികൃതരായിരുന്നു പരാതിക്കാർ. ഇംഗ്ലണ്ട് ടീം അംഗങ്ങൾ ആഭരണങ്ങൾ എടുത്തുനോക്കുന്നതിനിടെ മൂർ ഒരു കൈച്ചെയിൻ കൈക്കലാക്കി എന്നായിരുന്നു ആരോപണം. മൂറിനെ മൂന്നു ദിവസം കൊളംബിയയിൽ തടഞ്ഞുവച്ചു.

യുവാനിറ്റോ

മെക്സിക്കോ 70 എന്നെഴുതിയ തൊപ്പിവച്ച, ജഴ്സിയണിഞ്ഞ ബാലൻ. സ്പാനിഷ്  ഭാഷയിലെ ഏറ്റവും  ജനകീയ പേരായ യുവാനിൽ നിന്നാണ് യുവാനിറ്റോയുടെ വരവ്.

1966

ഇംഗ്ലണ്ട് (16) ഇംഗ്ലണ്ട് പശ്ചിമ ജർമനി

റോഡിൽനിന്ന് കാർഡിലേക്ക്

ക്വാർട്ടറിൽ ഇംഗ്ലണ്ട്-അർജന്റീന പരുക്കൻ കളി നിയന്ത്രിച്ച ജർമൻ റഫറിക്കു കളിക്കാരുമായി പലതവണ തർക്കിക്കേണ്ടി വന്നു. കളിക്കാരെ ശാസിക്കാനും അടക്കിനിർത്താനും അദ്ദേഹത്തിനു ഭാഷ പ്രശ്നമായി. ഫിഫ സംഘാടകനും മുൻ റഫറിയുമായ കെൻ ഓസ്‌റ്റൺ ഇതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടാണു വെംബ്ലിയിലെ വീട്ടിലേക്കു പോയത്. വഴിയിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റ് കണ്ടപ്പോൾ അദ്ദേഹത്തിന് ഒരാശയം - ലോകമെങ്ങും മനസ്സിലാകുന്ന ഈ സൂചനകൾ തന്നെ ഗ്രൗണ്ടിലും ഉപയോഗിച്ചാലോ? ഇത് അംഗീകരിച്ച ഫിഫ 1968 മെക്സിക്കോ ഒളിംപിക്സിൽ കാർഡുകൾ അവതരിപ്പിച്ചു.

ചാലഞ്ച് 4-സ്റ്റാർ

വിമ്പിൾഡൺ ടെന്നിസ് മത്സരങ്ങൾക്കു പന്തു നൽകുന്ന ‘സ്‌ലാസെംഗ’ കമ്പനിയാണു നിർമിച്ചത്. 24 പാനലിൽ നിന്ന് 25 പാനലിലേക്കു മാറി.

വില്ലി

ലോകകപ്പിന് ആദ്യമായി ഒരു ഭാഗ്യചിഹ്നമുണ്ടായി; വില്ലി. ബ്രിട്ടിഷ് പതാകയായ യൂണിയൻ ജാക്ക് ചുറ്റിയ സിംഹമായിരുന്നു വില്ലി. 

1962

ചിലെ (16) ബ്രസീൽ ചെക്കൊസ്ലൊവാക്യ

ഒളിംപിക് ഗോൾ

ലോകകപ്പിലെ ഏക ‘ഒളിംപിക് ഗോൾ’ (കോർണർ കിക്കിൽ നിന്നു പന്തു നേരിട്ടു ഗോൾ വലയിലെത്തുന്നത്) പിറന്നു. കൊളംബിയ– സോവിയറ്റ് യൂണിയൻ  കളിയിൽ കൊളംബിയയുടെ മാർക്കസ് കോൾ 68–ാം മിനിറ്റിൽ എടുത്ത കോർണർ കിക്ക് വലയിലെത്തി. സോവിയറ്റ് വല കാത്തിരുന്നത് ഇതിഹാസ ഗോൾകീപ്പർ ലെവ് യാഷിൻ!

ഗരിഞ്ചയുടെ ‘ബൈ’

ക്വാർട്ടർ ഫൈനലിൽ ബ്രസീൽ–ഇംഗ്ലണ്ട് മത്സരത്തിനിടെ ഒരു കുഞ്ഞുനായ ഗ്രൗണ്ടിലെത്തി. റഫറി കളി നിർത്തി. എല്ലാവരെയും വെട്ടിച്ചു പാഞ്ഞുനടന്ന നായ്ക്കുട്ടിയെ ഇംഗ്ലിഷ് താരം ജിമ്മി ഗ്രീവ്സ് കീഴ്പ്പെടുത്തി. എന്നാൽ, അതു ഗ്രീവ്സിന്റെ ജഴ്സിയിൽ മൂത്രമൊഴിച്ചു. ‘വല്ലാത്ത ദുർഗന്ധമായിരുന്നു. അതോടെ ബ്രസീൽ കളിക്കാർ എന്റെ അടുത്തേക്കു വരാൻ മടിച്ചു’–അതിനെക്കുറിച്ച് ഗ്രീവ്സ് പിന്നീടു പറഞ്ഞു. ബ്രസീൽ താരം ഗരിഞ്ച പിന്നീട് ആ നായ്ക്കുട്ടിയെ സ്വന്തമാക്കി. ‘ബൈ’ എന്നു പേരിട്ടു നാട്ടിലേക്കു കൊണ്ടുപോയി. 

ക്രാക്ക്

18 പാനലിൽ നിർമിച്ച പന്ത്. 24 പാനലിൽ നിർമിച്ച പാനലുകളുടെ ആകൃതി കാരണം പന്തു വ്യത്യസ്തം. 1958ലെ ടോപ് സ്റ്റാറിനു വലിയ സ്വീകാര്യത ലഭിച്ചതിനാൽ ക്രാക്കിനു കാര്യതയുണ്ടായില്ല. 

1958

സ്വീഡൻ (16) ബ്രസീൽ സ്വീഡൻ 

പെലെയുടെ വില

ഫൈനലിൽ പെലെ അണിഞ്ഞ ജഴ്സി പിന്നീടു ലേലത്തിൽ പോയതു വൻതുകയ്ക്ക്; വില 59, 000 പൗണ്ട് (ഇന്നത്തെ കണക്കിൽ ഏകദേശം 56 ലക്ഷം രൂപ). ലോകകപ്പ് ഫൈനലിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നതുൾപ്പെടെ ഒട്ടേറെ റെക്കോർഡുകൾ പതിനേഴുകാരനായ പെലെ അന്നു സ്വന്തം പേരിലെഴുതി.

ടോപ് സ്റ്റാർ

24 പാനൽ രീതിയിൽ നിർമാണം. ഫിഫ നേരിട്ട് പന്തിന്റെ വിതരണത്തിൽ ഇടപെട്ടു. എയ്ഞ്ചൽ ഹോം കമ്പനിയുടേതായിരുന്നു തിരഞ്ഞെടുത്തത്.

1954

സ്വിറ്റ്സർലൻഡ് (16) പശ്ചിമ ജർമനി ഹംഗറി

‘ക്യാപ്റ്റൻ’ വാൾട്ടർ

മരണത്തെ അതിജീവിച്ചു ലോകകപ്പ് ഉയർത്തിയ താരമാണ് പശ്ചിമ ജർമനിയുടെ നായകൻ ഫ്രിറ്റ്സ് വാൾട്ടർ. രണ്ടാം ലോകമഹായുദ്ധ കാലത്തു ജർമൻ സൈനികനായിരുന്ന വാൾട്ടർ സോവിയറ്റ് യൂണിയന്റെ പിടിയിലായി. സൈബീരിയയിലെ ലേബർ ക്യാംപിലേക്കു മാറ്റാനുള്ള യുദ്ധത്തടവുകാരുടെ കൂട്ടത്തിൽ വാൾട്ടറുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫുട്ബോൾ പശ്ചാത്തലം അറിയാവുന്ന ഒരു ഗാർഡ്, വാൾട്ടർ ഓസ്ട്രിയക്കാരനാണെന്ന് അധികാരികളെ തെറ്റിദ്ധരിപ്പിച്ചു സൈബീരിയൻ വാസം ഒഴിവാക്കി. തണുപ്പും രോഗങ്ങളും പട്ടിണിയും മൂലം അന്നു സൈബീരിയയിൽ തടവുകാർക്കു മരണം ഏറെക്കുറെ ഉറപ്പായിരുന്നു. 

സ്വിസ് വേൾഡ് ചാംപ്യൻ

18 പാനൽ ഘടനയിലേക്കു നിർമാണം മാറി. സിഗ്സാഗ് രീതിയിലായിരുന്നു നിർമാണം. തെളിഞ്ഞ മഞ്ഞനിറത്തിലുള്ള പന്തുകൾ നിർമിച്ചത് സ്വിറ്റ്‌സർലൻഡിലെ കോസ്റ്റ് സ്‌പോർട്.

1950

ബ്രസീൽ (13) യുറഗ്വായ് ബ്രസീൽ

ഡ്യൂപ്ലോ ടി

ലെയ്‌സ് ഇല്ലാതെ പൂർണമായി ലെതർ ഉപയോഗിച്ചു നിർമാണം. വാൽവിലൂടെ പമ്പ് ഉപയോഗിച്ചു കാറ്റു നിറയ്ക്കുന്ന സംവിധാനം പന്തിലുണ്ടായിരുന്നു. സൂപ്പർബോൾ കമ്പനിയായിരുന്നു നിർമാണം.

കാനറിപ്പക്ഷിക്കു മഞ്ഞനിറം

ലോകകപ്പ് പരാജയം ബ്രസീലിൽ ദേശീയദുരന്തമായി. ‘മാരക്കനാസോ’ എന്നറിയപ്പെടുന്ന ആ തോൽവിയെത്തുടർന്നു വെള്ള ജഴ്സി ഉപേക്ഷിക്കാൻ തീരുമാനമായി. ദേശീയപതാകയിലുള്ള പച്ച, മഞ്ഞ, വെള്ള, നീല നിറങ്ങൾ ഉപയോഗിച്ചു പുതിയ ജഴ്സി രൂപകൽപന ചെയ്യാൻ ബ്രസീലിലെ ഫുട്ബോൾ സംഘടന മത്സരം നടത്തി. അൽഡിർ ഗാർസ്യ ഷ്‌ലീ എന്ന ജേണലിസ്റ്റ്രൂപകൽപന ചെയ്ത മഞ്ഞ ജഴ്സിയാണു തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നും ബ്രസീലിന്റെ ജഴ്സി ഇതു തന്നെ.

1938

ഫ്രാൻസ് (15) ഇറ്റലി ഹംഗറി

അലെൻ 

1934ലെ ഫെഡറൽ പന്തിനു സമാനം. ഫിഫ ആദ്യമായി പന്തു നിർമാണം ഒരു കമ്പനിയെ ഏൽപിച്ചു. നിർമാതാക്കളുടെ പേരു തന്നെയായിരുന്നു നൽകിയത്; അലെൻ.

മനക്കരുത്തിൽ സ്വിസ്

ജർമനി–സ്വിറ്റ്സർലൻഡ് മത്സരത്തിൽ 42–ാം മിനിറ്റു വരെ 2 ഗോളിനു പിന്നിലായിരുന്ന സ്വിസ് ടീം ഒരു ഗോൾ തിരിച്ചടിച്ചു. തൊട്ടുപിന്നാലെ പോസ്റ്റിൽ തലയിടിച്ചു വീണ് അവരുടെ പ്രധാന ഫോർവേഡ് ജോർജ് ആബിയെ അബോധാവസ്ഥയിൽ പുറത്തേക്കു കൊണ്ടുപോയി. എന്നാൽ 15 മിനിറ്റിനു ശേഷം തലയിൽ ബാൻഡേജിട്ടു കളത്തിലിറങ്ങിയ ആബിയുടെ രണ്ടു മികച്ച അസിസ്റ്റുകളുടെ ബലത്തിൽ സ്വിറ്റ്സർലൻഡ് 4–2നു ജയിച്ചു. 

1934

ഇറ്റലി (16) ഇറ്റലി ചെക്കൊസ്ലൊവാക്യ

മുസോളിനിയുടെ കളികൾ

മേയ് 27ന് നടന്ന ഇറ്റലി-അമേരിക്ക മത്സരം കാണാൻ ഇറ്റാലിയൻ ഏകാധിപതി മുസോളിനി വന്നു. പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തിലേക്കുള്ള ക്ഷണം നിരസിച്ച അദ്ദേഹം കൗണ്ടറിൽ ചെന്നു ടിക്കറ്റെടുത്താണു കളി കണ്ടത്. എന്നാൽ, 1930 ലോകകപ്പിൽ അർജന്റീന താരമായിരുന്ന ലൂയിസ് മോൻതിയടക്കം (ലോകകപ്പ് ഫൈനലുകളിൽ 2 രാജ്യങ്ങളെ പ്രതിനിധീകരിച്ച ഏക താരം) മൂന്നു പേരെ നിയമങ്ങൾ മറികടന്ന് ഇറ്റലി രംഗത്തിറക്കിയതും ഫൈനലിനു തലേന്നു റഫറി ഇവാൻ ഇക്‌ലിൻഡ് മുസോളിനിയോടൊപ്പം അത്താഴം കഴിച്ചതും ആക്ഷേപത്തിനിടയാക്കി. ഫൈനലിൽ റഫറിയുടെ പെരുമാറ്റം സംബന്ധിച്ചും  പരാതിയുയർന്നു.

ഫെഡറൽ 102

പന്ത് തുന്നാനായി ലെതർ ലെയ്‌സിനു പകരം കോട്ടൺ ലെയ്‌സ് ഉപയോഗിച്ചു. ഹെഡ് ചെയ്യുമ്പോൾ തല വേദനിക്കുന്നത് ഒഴിവാക്കാൻ ഇതു സഹായിച്ചു.

1930

യുറഗ്വായ് (13) യുറഗ്വായ് അർജന്റീന

അര വീതം സ്വന്തം പന്ത്

ആദ്യ ലോകകപ്പിന് ഔദ്യോഗിക പന്ത് ഉണ്ടായിരുന്നില്ല. യുറഗ്വായും അർജന്റീനയും നിർമിച്ചി 2 പന്തുകളാണ് ഉപയോഗിച്ചത്. കൈ കൊണ്ട്  തുന്നിയ ഇവ ടിയന്റോ, ടി-മോഡൽ എന്ന പേരിൽ അറിയപ്പെട്ടു. ഫൈനലിലെ ആദ്യ പകുതി അർജന്റീനയുടേതും  രണ്ടാം പകുതിയിൽ യുറഗ്വായുടേതും ഉപയോഗിച്ചു. സ്വന്തം പന്തിൽ കളിച്ചപ്പോൾ 2–1ന് അർജന്റീന മുന്നിട്ടു നിന്നു. രണ്ടാം പകുതിയിൽ യുറഗ്വായുടെ പന്താണ് ഉപയോഗിച്ചത്. 4–2നു ‌യുറഗ്വായ് ജയിക്കുകയും ചെയ്തു. 

സൂചകം: വേദി (ആകെ ടീം); വിജയി റണ്ണറപ്; ലോകകപ്പിലെ പന്ത്; ലോകകപ്പിന്റെ ഭാഗ്യചിഹ്നം

Content Highlight: World Cup Football 2022 Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com