ADVERTISEMENT

കൂട്ടുകാരും ഞാനും കൂടി മൂക്കുന്നിമല കാണാൻ പോയ കഥയാണിത്. തിരുവനന്തപുരത്തിനടുത്ത് മലയിൻകീഴ് ഭാഗത്താണു മൂക്കുന്നിമല. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ഡിഗ്രിക്ക് ഒപ്പം പഠിക്കുന്ന സാം രാജിന്റെ വീട് മലയുടെ താഴ്ഭാഗത്താണ്. ഒഴിവുള്ള ഒരു ദിവസം ‍ഞങ്ങളെ അവിടെ കൊണ്ടുപോകാമെന്നവൻ ഏറ്റിരിക്കുകയാണ്. അങ്ങനെ ആ ദിവസം വന്നു. കോളജിൽ അന്നു സമരവും പഠിപ്പുമുടക്കും. ഞാൻ, സാം രാജ്, വിൻസ്റ്റൻ ജോ, അനിൽ പ്രസാദ്, പ്രസന്നൻ എന്നിങ്ങനെ അഞ്ചുപേർ മൂക്കുന്നിമല കാണാൻ പുറപ്പെട്ടു. കാട്ടാക്കട നിന്നു മലയിൻകീഴ് എത്തി അവിടെ നിന്നു പാപ്പനംകോടുവഴി പോകുന്ന ബസിൽ കയറി ‘മലയം’ എന്ന സ്ഥലത്തിറങ്ങുക, സാം രാജിന്റെ വീട്ടിൽ ബുക്കും ബാഗുമൊക്കെ വച്ചിട്ട് മൂക്കുന്നിമല കയറുക. ഇതാണ് പദ്ധതി.

മലയിൻകീഴ് ഇറങ്ങിയപ്പോൾ പ്രീഡിഗ്രിക്ക് ഞങ്ങൾക്കൊപ്പം പഠിച്ച ജിജി ഓടി അടുത്തുവന്നു പറഞ്ഞു. ‘‘അറിഞ്ഞില്ലേ, ഇന്ദിരാഗാന്ധിയെ ആരോ വെടിവച്ചു.’’ ഞെട്ടിയെങ്കിലും ഞങ്ങളതു വിശ്വസിച്ചില്ല. ഒന്നു രണ്ടു പേരോട് അന്വേഷിച്ചപ്പോൾ അവർക്കറിയില്ല എന്നു പറഞ്ഞു. ഞങ്ങളത് അപ്പോൾ തന്നെ മറന്നു. അഥവാ വെടിയേറ്റെങ്കിൽ തന്നെ ആശുപത്രിയിൽ കൊണ്ടുപോയിട്ടുണ്ടാകും. ഞങ്ങൾ അടുത്ത ബസിൽ കയറി ‘മലയ’ത്തിറങ്ങി, ആഘോഷമായി മല കയറി. വീട്ടിൽ നിന്നു തന്നുവിട്ടിരുന്ന പൊതിച്ചോറ് ഉച്ചയ്ക്ക് മലമുകളിൽ വച്ച് എല്ലാവരും കൂടി പങ്കിട്ടു കഴിച്ചു. കളിയും ചിരിയും തമാശയും പ്രകൃതിഭംഗി ആസ്വദിക്കലുമൊക്കെ കഴിഞ്ഞ് നാലുമണിയോടെ ഞങ്ങൾ മലയിറങ്ങി.

തിരികെ റോഡിലെത്തിയപ്പോൾ കടകളെല്ലാം അടഞ്ഞു കിടക്കുന്നു. കുറെ വിദ്യാർഥികൾ പല സംഘങ്ങളായി നടന്നുവരുന്നുണ്ട്. പെൺകുട്ടികളും ആൺകുട്ടികളുമുണ്ട്. ഒന്നു രണ്ടുപേർ ഞങ്ങളുടെ നാട്ടുകാരും പരിചയമുള്ളവരുമാണ്. അവരൊക്കെ നഗരത്തിലെ കോളജിൽ പഠിക്കുന്നവർ. അവർ പറഞ്ഞു. ‘‘നമ്മുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ആരോ വെടിവച്ചു കൊന്നു. എങ്ങും കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കടകൾ എല്ലാം അടച്ചു. വാഹനങ്ങൾ ഒന്നും ഓടുന്നില്ല. ഞങ്ങൾ വീട്ടിലേക്ക് നടന്നു പോവുകയാണ്. ഉച്ചയ്ക്കു നടക്കാൻ തുടങ്ങിയതാണ്. ശത്രു രാജ്യങ്ങൾ ഇന്ത്യയെ ആക്രമിക്കുമെന്നും പറഞ്ഞു കേൾക്കുന്നു.’’

ഞങ്ങൾ ശരിക്കും ഭയന്നുപോയി. എങ്ങനെ വീട്ടിലെത്തും? നടക്കുകയേ നിവൃത്തിയുള്ളൂ. നിൽക്കാതെ നടന്നാൽ രാത്രി 11 മണിയെങ്കിലുമാകും വീട്ടിലെത്തുമ്പോൾ. ഇതിനിടെ പ്രസന്നൻ വിദ്യാർഥി സംഘത്തോടൊപ്പം നടക്കാൻ തീരുമാനിച്ചു. അവനു നല്ല പരിചയമുള്ളവരുണ്ട് അക്കൂട്ടത്തിൽ. വിൻസ്റ്റൻ വേറെ റൂട്ടാണ്. അവനും പോയി. ഒരേ റൂട്ടിൽ പോകേണ്ട ഞാനും അനിൽ പ്രസാദും പകച്ചു നിൽക്കുമ്പോൾ ‘‘ഹലോ’’ എന്നുറക്കെ വിളിച്ചുകൊണ്ട് ആൽഫ്രഡ് വന്നു. ക്രിസ്ത്യൻ കോളജിൽ തന്നെ ബി.എയ്ക്കു പഠിക്കുകയാണവൻ. അവന്റെ മാമന് അടുത്തുതന്നെ ഒരു സൈക്കിൾ വർക് ഷോപ്പുണ്ട്.

അവിടെ നിന്ന് വാടകയ്ക്ക് കൊടുക്കുന്ന സൈക്കിൾ എടുത്തുതരാമെന്നവൻ പറഞ്ഞു. ഒരു കാശുപോലും വാടക തരേണ്ട എന്നും എത്ര ദിവസം വേണമെങ്കിലും സൈക്കിൾ വച്ചോളൂ എന്നും എപ്പോഴാണോ തിരികെ എത്തിക്കാൻ പറ്റുന്നത് അപ്പോൾ മാത്രം കൊണ്ടുവന്നു തന്നാൽ മതി എന്നുകൂടി അവൻ പറഞ്ഞു. അങ്ങനെ എനിക്കും അനിൽ പ്രസാദിനും ഓരോ സൈക്കിൾ കിട്ടി. പക്ഷേ, സൈക്കിൾ സവാരിയും അത്ര എളുപ്പമായിരുന്നില്ല. ഞാൻ ശരിക്കും തളർന്നുപോയി. ‍

ഞാനിടയ്ക്കിടയ്ക്ക് നിൽക്കും. എന്നെക്കാത്ത് അനിൽ പ്രസാദും നിൽക്കും. കടകൾ ഒന്നുമില്ല, കുറച്ചു വെള്ളം വാങ്ങിക്കുടിക്കാൻപോലും. ഒരു വീട്ടിൽ നിന്ന് അനിൽ പ്രസാദ് കുറച്ചു വെള്ളം വാങ്ങിക്കൊണ്ടു വന്നു തന്നു. അവന്റെ സ്വദേശമായ ‘പറണ്ടോട്’ എന്ന സ്ഥലത്തേക്ക് എന്റെ സ്ഥലത്തുനിന്നും 10–15 കിലോ മീറ്റർ കൂടി പോകണം. പേടിച്ചു പേടിച്ചാണ് ഞങ്ങൾ പൊയ്ക്കൊണ്ടിരുന്നത്. ചില സ്ഥലങ്ങളിൽ റോഡിൽ തടസ്സം സൃഷ്ടിച്ചിരിക്കുന്നു. ചില സ്ഥലത്ത് റോഡിനു നടുക്ക് ടയറുകൾ കൂട്ടിയിട്ട് കത്തിച്ചിരിക്കുന്നു. രോഷാകുലരായ ആളുകൾ അവിടവിടെ കൂട്ടംകൂടി നിൽക്കുന്നു.

പേഴുമ്മൂട് എന്ന സ്ഥലത്തെത്തിയപ്പോൾ അനിൽ പ്രസാദ് വഴിപിരിഞ്ഞു. പിന്നെ ഒറ്റയ്ക്കായി എന്റെ യാത്ര. ഒടുവിൽ വിയർത്തുകുളിച്ച്, കണ്ണുകൾ കുഴിഞ്ഞ്, തൊണ്ടവറ്റി, മുഖം കരുവാളിച്ച്, വിറയ്ക്കുന്ന കാലുകളുമായി സന്ധ്യയോടെ ഞാൻ വീട്ടിൽ ചെന്നുകയറി. രണ്ടു ദിവസം എണീക്കാതെ കിടന്നു. റേഡിയോയിൽ എപ്പോഴും ദുഃഖ സംഗീതം. ഇടയ്ക്കിടെ വാർത്തകൾ: ഡൽഹിയിലും മറ്റും കലാപം, അക്രമം, കൊള്ള, കൊള്ളിവയ്പ്, മരണം. അങ്ങനെ ഇന്ദിരാഗാന്ധി മരിച്ചുപോയി എന്ന യാഥാർഥ്യം ക്രമേണ ബോധമണ്ഡലത്തിലെത്തി. ഇന്ദിരാഗാന്ധിയുടെ ഓരോ ചരമദിനത്തിലും ആ മൂക്കുന്നിമല യാത്രയും സൈക്കിൾ സവാരിയും ഞാൻ ഓർമിക്കും. 

English Summary :  Suresh Kumar Cycle riding experience to Mookunnimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com