ADVERTISEMENT

ഇന്നും സാർവത്രികമായി ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന ഉത്സവമാണല്ലോ ക്രിസ്മസ്. എന്തിന് തദ്ദേശീയരായ ക്രൈസ്തവർ ആരുംതന്നെയില്ലാത്ത പശ്ചിമേഷ്യൻ രാജ്യങ്ങൾപോലും ഡിസംബർ മാസത്തിൽ തങ്ങളുടെ ഷോപ്പിങ് മാളുകളും വിമാനത്താവളങ്ങളുമൊക്കെ ക്രിസ്മസ് അലങ്കാരങ്ങൾകൊണ്ട് കമനീയമാക്കുന്നതു കാണാം. ക്രിസ്മസിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ഒട്ടുമിക്കവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ക്രിസ്മസ് ഗാനങ്ങളായിരിക്കും. അനവസരത്തിൽ ശ്രവിച്ചാൽപോലും അവ ശ്രോതാക്കളെ കോൾമയിർ കൊള്ളിക്കാതിരിക്കില്ല. പാശ്ചാത്യ സംഗീതത്തിൽ തിരുപ്പിറവിയെ ആസ്പദമാക്കി ക്രമപ്പെടുത്തിയ ഒരു ഉപവിഭാഗമാണ് ക്രിസ്മസ് കരോളുകൾ. ഫ്രഞ്ച് ഭാഷയിലെ ‘Carole’ എന്ന മൂലപദത്തിന്റെ അർഥം കാരൾ എന്ന ഇംഗ്ലിഷ് പദമുണ്ടായത് ഫ്രഞ്ച് ഭാഷയിലെ കരോളിൽ നിന്ന്. ആഹ്ലാദനിർഭരമായ ദൈവസ്തുതി ഗീതങ്ങൾ എന്നർഥം.

ഏഴാമത്തെ മാർപാപ്പ വിശുദ്ധ ടെലസ്ഫോറസിന്റെ നിർദേശാനുസരണം എഴുതപ്പെട്ട ഗ്ലോറിയ ഇൻ എക്സൽസിസ് ഡിയോ ആണ് ആദ്യ ക്രിസ്മസ് കാരൾ ഗാനമായി കരുതപ്പെടുന്നത്. ക്രിസ്തുവിന്റെ ജനനസമയത്ത് മാലാഖമാർ ആലപിച്ച ‘‘അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി’’ എന്ന ഗാനം തരുന്നു അതിന്റെ വരികൾ. ക്രിസ്തുവർഷം 129ലെ ക്രിസ്മസ് ആഘോഷത്തിൽ മെത്രാന്മാർ ഈ കാരൾ ഗാനം ആലപിക്കണമെന്നു ടെലസ്ഫോറസ് പാപ്പാ നിർദേശിച്ചു.

എന്നാൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജനിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസാണ് ക്രിസ്മസ് കാരളുകളുടെ പിതാവായി അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ യൂറോപ്പിലാകെ സ്വദേശി ഭാഷകളിൽ ഒട്ടേറെ ക്രിസ്മസ് കാരളുകൾ രചിക്കപ്പെട്ടു. ഇന്നത്തെ ജർമനി, ഓസ്ട്രിയ പ്രദേശങ്ങൾ ക്രിസ്മസ് കാരളുകളുടെ വികസനത്തിന് ശ്രദ്ധേയ സംഭാവനകളാണ് നൽകിയിട്ടുള്ളത്. ഇന്നു പ്രചാരത്തിലുള്ള ഒട്ടനവധി കാരളുകൾ 1582–ൽ ജർമനിയിൽ പ്രസിദ്ധീകരിച്ച 'Piae Cantiones’ (വിശുദ്ധ ഗീതങ്ങൾ) എന്ന കാരൾ സമാഹാരത്തിലൂടെയാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

ഇന്നു ലോകത്തിൽ ഏറ്റവും അറിയപ്പെടുന്ന സൈലന്റ് നൈറ്റ്, ഹോളി നൈറ്റ് എന്ന കാരൾ ഗാനം ഓസ്ട്രിയയുടെ സംഭാവനയാണ്. രാജ്യത്തിന്റെ ദേശീയനിധി എന്നാണ് ഓസ്ട്രിയൻ ജനത അതിനെ വിശേഷിപ്പിക്കുന്നത്. അതിലളിതവും ശ്രവണസുന്ദരവുമായ ഈ കാരൾ മുന്നൂറിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ക്രിസ്മസ് കാലത്ത് ലോകമെങ്ങും നൂറ്റിനാൽപതോളം ഭാഷകളിൽ ഇത് ആലപിക്കപ്പെടുന്നുമുണ്ട്. ഫാ. ജോസഫ് മോർ എന്ന കത്തോലിക്കാ വൈദികനാണ് അതിന്റെ രചയിതാവ്. ഈണം പകർന്നത് ഫ്രാൻസ് ഗ്രൂബർ എന്ന ഓർഗനിസ്റ്റും.

1816–ൽ മരിയപ്പഫാർ എന്ന ഓസ്ട്രിയൻ ഗ്രാമത്തിലെ ദേവാലയത്തിൽ സഹവികാരിയായി ഫാ. മോർ സേവനം ചെയ്യുന്ന കാലം. ശൈത്യകാലത്തെ ഒരു സായാഹ്നത്തിൽ അദ്ദേഹം ഗ്രാമത്തിലൂടെ നടക്കാനിറങ്ങി. അതിനിടെ ഒരു ഇടവകാംഗത്തിന്റെ ഭവനത്തിൽപ്പോയി ഒരു നവജാത ശിശുവിനെ സന്ദർശിക്കാനും സമയം കണ്ടെത്തി. തിരിച്ചു പള്ളിമേടയിലെത്തിയപ്പോഴേക്കും സൂര്യനസ്തമിക്കുകയും ശക്തിയായ ഹിമപാതം ആരംഭിക്കുകയും ചെയ്തിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ വീടുകളുടെ മേൽക്കൂരകളും പരിസരം മുഴുവനും വെൺമഞ്ഞിൽ പൊതിഞ്ഞു. അന്നുകണ്ട പൈതലിന്റെ മാലാഖയ്ക്കു തുല്യമായ മുഖത്തിന്റെ വശ്യത അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞുനിന്നു. കുറച്ചുനാൾ മുമ്പുവരെ നെപ്പോളിയന്റെ സൈനികാക്രമണത്തിലെ വെടിയൊച്ചയും ദീനരോദനങ്ങളും മുഴങ്ങിനിന്നിടത്ത് ഇപ്പോളിതാ പരിപൂർണ നിശബ്ദതയും സ്വർഗീയമായ ശാന്തിയും! ഫാദർ മോറിന്റെ ഭാവനയും സർഗശക്തിയും ഉണർന്നെഴുന്നേൽക്കുകയുണ്ടായി. ഒട്ടും താമസിച്ചില്ല, അദ്ദേഹം കുറിച്ചു.

Silent night, Holy night
All is calm, all is bright
‘Round you virgin Mother and Child
Holy Infant so tender and mild
Sleep in heavenly peace
Sleep in heavenly peace

ഈ ആറു വരികൾ കൂടാതെ അഞ്ചു ശ്ലോകങ്ങൾകൂടി അടങ്ങിയ തന്റെ രചന അത്ര വലിയ കാര്യമൊന്നുമല്ല എന്നു കരുതി ഫാ. മോർ മാറ്റിവച്ചു. രണ്ടുവർഷത്തോളം അതങ്ങനെ പൊടിപിടിച്ചിരുന്നു. അതിനിടെ, 1817ൽ അദ്ദേഹം ഒബേൺഡോർഫ് എന്ന സ്ഥലത്തെ സഹവികാരിയായി സ്ഥലംമാറി പോയി.

ഒബേൺഡോർഫിൽ 1818–ലെ ക്രിസ്മസിനായി ഫാ. മോറും ഗായകസംഘവും തയാറെടുക്കുന്നതിനിടെ, പാശ്ചാത്യ ദേവാലയ സംഗീതത്തിന് ഒഴിച്ചുകൂടാനാവാത്ത ഉപകരണമായ ഓർഗൻ പ്രവർത്തനരഹിതമായി. എത്ര ശ്രമിച്ചിട്ടും ക്രിസ്മസിനു മുമ്പ് അത് നന്നാക്കിക്കിട്ടിയതുമില്ല. എന്തു ചെയ്യണമെന്നറിയാതെ ഫാദർ മോറും ഓർഗനിസ്റ്റായ ഫ്രാൻസ് ഗ്രൂബറും കുഴങ്ങി. പെട്ടെന്ന് ഫാദറിനൊരു ബുദ്ധി തോന്നി. ഓർഗനുപകരം ഗിറ്റാറിന്റെ അകമ്പടിയിൽ ആലപിക്കാവുന്ന മറ്റെന്തെങ്കിലും ഗാനം തയാറാക്കി ക്രിസ്മസ് രാത്രിയിൽ ആലപിക്കുക!

രണ്ടുവർഷം മുമ്പ് താൻ രചിച്ച ‘സൈലന്റ് നൈറ്റ്’ എന്ന കൃതി പുറത്തെടുത്ത്, അത് ഗിത്താറിനു ചേർന്ന രീതിയിൽ ചിട്ടപ്പെടുത്താൻ അദ്ദേഹം ഗ്രൂബറോട് അഭ്യർത്ഥിച്ചു. മികച്ച സംഗീതജ്ഞനെങ്കിലും ഗിത്താർ വാദനത്തിൽ അത്ര വൈദഗ്ധ്യമില്ലാതിരുന്ന ഗ്രൂബർ പറഞ്ഞു, തനിക്കു ഗിറ്റാറിൽ വെറും മൂന്നു കോർഡുകൾ മാത്രമേ വായിക്കാനറിയൂ എന്ന്. അങ്ങനെയെങ്കിൽ മൂന്നു കോർഡുകൾ മാത്രമുപയോഗിച്ച് പാടാവുന്നവിധം സംഗീതം നൽകുക എന്നായി ഫാദർ മോർ. അങ്ങനെ വെറും രണ്ടുമൂന്നു മണിക്കൂറിന്റെ പ്രയത്നംകൊണ്ട് അവർ ചരിത്രം രചിച്ചു. ആ ക്രിസ്മസ് രാവിൽ ഒബേൺ‍‍ഡോർഫ് ദേവാലയത്തിലെ വിശ്വാസി സമൂഹത്തിനു മുമ്പിൽ ഇരുവരും ചേർന്ന് ആ കാരൾ ആലപിച്ച് ഏവരെയും ആനന്ദത്തിന്റെയും ഭക്തിയുടെയും കൊടുമുടിയിലെത്തിച്ചു. ലോകത്തിലെ ഏറ്റവും അനശ്വരമായ കാരൾ ഗാനം ആ ക്രിസ്മസ് രാത്രിയിൽ പിറക്കുകയായിരുന്നു.

കാലം കുറെ കടന്നുപോയി. ഓർഗൻ നിർമിക്കുന്നതിലും കേടുതീർക്കുന്നതിലും അതിവിദഗ്ധനായിരുന്ന കാൾ മൗറാഖർ ഒരു ദിവസം ഒബേൺഡോർഫ് ദേവാലയത്തിലെ കേടായ ഓർഗൻ നന്നാക്കാനെത്തി. ജോലിക്കിടയിൽ ‘സൈലന്റ് നൈറ്റി’ന്റെ ഒരു മൂലകയ്യെഴുത്തു പ്രതി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അതു പകർത്തിയെടുത്ത അദ്ദേഹം തന്റെ ഗ്രാമവാസികളായ ചില നാടോടി ഗായകരെ ഈ ഗാനം പരിശീലിപ്പിച്ചു. പ്രസ്തുത ഗായകർ ക്രിസ്മസ് കാലങ്ങളിൽ ഉത്തരയൂറോപ്പിലെങ്ങും സഞ്ചരിച്ച് ഈ കാരളിനു വൻ പ്രചാരമാണു നൽകിയത്. കാലക്രമേണ, പ്രഷ്യൻ രാജാക്കന്മാരായ ഫ്രഡറിക് വില്യം മൂന്നാമൻ, ഫ്രഡറിക് വില്യം നാലാമൻ, ഓസ്ട്രിയൻ ചക്രവർത്തി ഫ്രാൻസ് ജോസഫ് ഒന്നാമൻ തുടങ്ങിയവരുടെ രാജസദസുകളിൽ ‘സൈലന്റ് നൈറ്റ്’ അവതരിപ്പിക്കപ്പെട്ടു. ഫ്രഡറിക് വില്യം നാലാമന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിസ്മസ് കാരൾ ഗാനവും മറ്റൊന്നായിരുന്നില്ല. ക്രിസ്മസ് കാലത്ത് എല്ലാവർഷവും ഇത് നിർബന്ധമായും ആലപിക്കണമെന്ന് ബർലിൻ കത്തീഡ്രൽ ഗായകസംഘത്തോട് അദ്ദേഹം ആജ്ഞാപിക്കുകയുണ്ടായി.

‘സൈലന്റ് നൈറ്റ്’ യൂറോപ്പിലാകെ ജനകീയമായപ്പോഴേക്കും അതിന്റെ സ്രഷ്ടാക്കൾ ലോകത്തോടു വിടവാങ്ങിയിരുന്നു. താനാണിതിന് ഈണം പകർന്നതെന്നു മരണത്തിനു മുമ്പ് ഗ്രൂബർ ബർലിനിലെ സംഗീത പ്രമാണികളെ രേഖാമൂലം അറിയിച്ചിരുന്നതാണ്. പക്ഷേ, അതിന്റെ സംഗീതമികവു വിലയിരുത്തിയവരാകട്ടെ ഗ്രൂബറിന്റെ വാദം മുഖവിലയ്ക്കെടുക്കാതെ അക്കാലത്തെ ഏറ്റവും പ്രശസ്ത സംഗീതജ്ഞരായിരുന്ന ഹെയ്ഡൻ ബീഥോവൻ മോട്സാർട്ട് എന്നിവരിൽ ഒരാളായിരിക്കും ഇതിന്റെ യഥാർത്ഥ സംഗീത സംവിധായകൻ എന്നു ശഠിച്ചു. നിർഭാഗ്യവശാൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകംവരെ ആ സംശയം തുടർന്നുപോന്നു.

ഒടുവിൽ, പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയിരുന്ന ഫാദർ മോറിന്റെ മൂലകയ്യെഴുത്തുപ്രതി 1994ൽ കണ്ടെടുക്കപ്പെടുകയും അത് ആധികാരികമാണെന്നു തെളിയിക്കപ്പെടുകയും ചെയ്തതോടെ സംശയങ്ങൾക്കു പൂർണ വിരാമമായി. അതിൽ ഫാദർ മോർ ഇങ്ങനെ കുറിച്ചിരുന്നു – ‘ഫ്രാൻസ് ഗ്രൂബറിന്റെ സംഗീതം.’

‘സൈലന്റ് നൈറ്റി’ന്റെ സംഗീത ക്രമീകരണത്തിലും ഗാനത്തിന്റെ വരികളിലും കാലക്രമേണ ലഘുവായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നാം ഇന്നു കാണുന്ന ഇംഗ്ലീഷ് പതിപ്പ് 1863–ൽ ന്യൂയോർക്ക് ട്രിനിറ്റി എപ്പിസ്കോപ്പൽ ദേവാലയത്തിലെ പുരോഹിതനായിരുന്ന ജോൺ ഫ്രീമാൻ യംഗ് ജർമൻ മൂലത്തിൽനിന്നു പരിഭാഷപ്പെടുത്തിയതാണ്.

അമേരിക്കയിൽ ക്രിസ്മസിനു മുമ്പുള്ള ഒരു മാസക്കാലം അസംഖ്യം ക്രൈസ്തവ ദേവാലയങ്ങളിലും ഒട്ടുമിക്ക സാംസ്കാരിക കേന്ദ്രങ്ങളിലും ക്രിസ്മസ് കാരളുകൾ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകളായുള്ള പതിവു ചടങ്ങാണ്. തിരഞ്ഞെടുക്കാൻ നൂറുകണക്കിനു കാരൾ ഗാനങ്ങളുണ്ടെങ്കിലും ഒരു പരിപാടിയിലും സൈലന്റ് നൈറ്റ് ഒഴിവാക്കപ്പെടുന്നില്ല.

Content Highlight: Christmas Carol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com