ADVERTISEMENT

‘എന്റെ സൂപ്പർ സ്റ്റാറിനു ജന്മദിനാശംസകൾ’ എന്നാണു കഴിഞ്ഞ പിറന്നാളിന് മധുവിന് ആശംസ നേർന്നു മമ്മൂട്ടി എഴുതിയത്. എക്കാലത്തെയും സൂപ്പർസ്റ്റാർ മധു ഇവിടെ ജീവിതം എഴുതിത്തുടങ്ങുകയാണ്. ഗമ കാണിക്കാനുള്ള എന്തെങ്കിലും എന്റെ ജീവിതത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല എന്നു വിനയാന്വിതനാകുമ്പോഴും കഥകളുടെ അണക്കെട്ട് ഇവിടെ പൊട്ടുകയാണ്. 

പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ഇപ്പോൾ കാണുന്നതു പോലെയാണ് ഓർമകൾ. ചിലതൊന്നും ഒട്ടും വ്യക്തമാകില്ല. ചിലയിടത്ത് ശബ്ദം കേൾക്കാനാകില്ല. മറ്റു ചിലയിടങ്ങളിൽ പൊട്ടലും ചീറ്റലും മാത്രം. എങ്കിലും അവ കാണുന്നത് രസമാണ്. നിഴൽചിത്രങ്ങളായി അത് പറയുന്നത് കഴിഞ്ഞു പോയ കാലത്തിന്റെ കഥയാണല്ലോ. അതിൽ എവിടെയൊക്കെയോ ഞാനുണ്ട്. ഋതുഭേദങ്ങൾക്കനുസരിച്ചു മാറിമറിഞ്ഞ എന്റെ ജീവിതമുണ്ട്. അതൊന്നു തിരിഞ്ഞു നോക്കി കണ്ടെത്താനുള്ള ശ്രമമാണിത്. ഞാൻ അഭിനയിച്ച പഴയ ഒരു സിനിമയുടെ പേര് കടം എടുത്തു പറഞ്ഞാൽ – ‘എന്നെ ഞാൻ തേടുന്നു’.

വായന, നാടകം

തിരുവനന്തപുരത്ത് ഗൗരീശപട്ടത്ത് കീഴതിൽ വീട്ടിലാണ് എന്റെ ജനനം. ആർ.പരമേശ്വരൻപിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി 1933 സെപ്റ്റംബർ 23ന്. കന്നിമാസത്തിലെ ചോതി നക്ഷത്രത്തിൽ. എനിക്ക് നാലു സഹോദരിമാർ ആണ് ഉണ്ടായിരുന്നത്. സ്കൂൾ കാലത്താണ് ഞാൻ ആദ്യമായി തിരുവനന്തപുരം വിജെടി ഹാളിൽ നാടകം കാണുന്നത്. എന്റെ കലാജീവിതവുമായി ഇൗ ഹാളിന് അടുത്ത ബന്ധമുണ്ട്. തിരുവനന്തപുരത്ത് മുളവനമുക്കിൽ അക്കാലത്ത് ഒരു ഗ്രന്ഥശാലയുണ്ടായിരുന്നു. ഇവിടെ നിന്നു പുസ്തകങ്ങൾ എടുത്തു വായിക്കുക എന്നത് അക്കാലത്തെ ഒരു ശീലമാണ്. വായനയായിരുന്നു അന്നത്തെ എന്റെ പ്രധാന ഹോബി. ആ ഗ്രന്ഥശാലയുടെ നടത്തിപ്പുകാർ ഒരു നാടകം വിജെടി ഹാളിൽ നടത്താൻ തീരുമാനിച്ചു. വീടുകളിൽ കൊണ്ടുനടന്നു ടിക്കറ്റുകൾ വിറ്റു. എനിക്കും കിട്ടി അങ്ങനെ നാടകം കാണാനുള്ള ടിക്കറ്റ്. 

നാടകത്തിന്റെ പേര്  ഓർമിക്കുന്നില്ല.  ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ മുതൽ എനിക്കു ചുറ്റും നാടകം കാണാനിരുന്നവർ വിവിധ വികാരങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത് ഞാൻ ശ്രദ്ധിച്ചു. കഥാപാത്രങ്ങൾക്കൊപ്പം ചിലപ്പോൾ അവർ ചിരിക്കുന്നു മറ്റു ചിലപ്പോൾ കരയുന്നു, മൂക്കുപിഴിയുന്നു. ഇതെന്തൊരത്ഭുതം. ഇൗ കലാരൂപം ഇങ്ങനെയാണോ ആസ്വദിക്കേണ്ടത്? എനിക്കു സംശയമായി. ഞാൻ നാടകം ഒന്നു കൂടി ശ്രദ്ധിച്ച് കാണാൻ തുടങ്ങി. പല കഥാപാത്രങ്ങൾ നാടകത്തിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രധാനമായും ഓർക്കുന്നത് ഭാര്യയുടെ മുമ്പിൽ ആലില പോലെ വിറയ്ക്കുന്ന ഒരു ഭർത്താവ് കഥാപാത്രത്തെയാണ്. ആ കഥാപാത്രം വളരെ കുറച്ച് രംഗത്തേ വരുന്നുള്ളു എങ്കിലും ആ കഥാപാത്രം ചെയ്ത നടന്റെ പ്രകടനം പ്രേക്ഷകർക്ക് ഹൃദ്യമായ അനുഭവമായി. ആ വേഷമിട്ട ആൾ സ്വന്തം വീട്ടിൽ ഒരു കണിശക്കാരനായ കാരണവരായിരുന്നു എന്നു കൂടി ഓർക്കണം. ഉഗ്രപ്രതാപി. അങ്ങനെയുള്ള ആളാണ് ഇപ്പോൾ അരങ്ങിൽ ഭാര്യ പറയുന്നതിനെല്ലാം അനുസര​ണയോടെ തലകുലുക്കുന്നത്. ആ ചിന്തതന്നെ എനിക്കു ചിരിക്കാൻ വകനൽകി.

thiruvananthapuram news

നാടകം അതെനിക്ക് പുതിയ അനുഭവമായിരുന്നു. അഭിനയിച്ചു പ്രേക്ഷകരെ രസിപ്പിക്കുന്നതിന്റെ ‘ത്രിൽ ’ ഞാൻ ശരിക്കും കണ്ടും കേട്ടും അറിഞ്ഞു. അഭിനയം അത്ര മോശമായ പരിപാടിയല്ല എന്നും നാട്ടുകാരുടെ കയ്യടിയും അംഗീകാരവും നേടാവുന്ന ഒരേർപ്പാടാണത് എന്നും എനിക്കു തോന്നിത്തുടങ്ങി. നാടകം മെല്ലെ മെല്ലെ എന്റെ ഉള്ളിൽ ഒരു  മോഹമായി, മധുരമുള്ള സ്വപ്നമായി വളർന്നു.

സ്വന്തം നാടകം

എന്തായാലും ആദ്യമായി നാടകം കണ്ടതിന്റെ ലഹരി ഒടുങ്ങും മുമ്പ് ഞാൻ ഒരു നാടകം എഴുതി. അതിന്റെ പേരോ, കഥയോ ചോദിക്കരുത്. ഓർമയുടെ ക്യാമറക്കണ്ണിൽ അത് ‘ഒൗട്ട് ഓഫ് ഫോക്കസാ’ണ്. നാടകം എഴുതിവച്ചതു കൊണ്ടായില്ലല്ലോ. അത് അരങ്ങിൽ അവതരിപ്പിച്ചാലല്ലേ പത്തുപേരു കാണൂ. ഗൗരീശപട്ടത്ത് തന്നെയുള്ള സമപ്രായക്കാരായ കൂട്ടുകാരോട്  എഴുതിയ കഥ പറഞ്ഞു. വായിച്ചു കേൾപ്പിച്ചു. അവർക്ക് ഇഷ്ടമായി. മാത്രവുമല്ല അഭിനയിക്കാൻ അവർ തയാറുമായി. ആനന്ദലബ്ധിക്കിനിയെന്തു വേണം...? റിഹേഴ്സൽ പൊടിപൊടിച്ചു. അവതരിപ്പിക്കാൻ ഒരു സ്ഥലം വേണം. റിഹേഴ്സൽ നടക്കുമ്പോഴെല്ലാം അതൊരു ചോദ്യമായി ഉള്ളിൽ കിടന്നു. വീടിന്റെ സമീപത്ത് തന്നെയുള്ള ഒരു കാരണവരുടെ വീടിന്റെ ‘തൊഴുത്ത് ’ ‍എന്റെ ശ്രദ്ധയിൽ പെട്ടു. കാഴ്ചയിൽ തറനിരപ്പിൽ നിന്ന് അതൽപം ഉയർന്നാണ് നിൽക്കുന്നത് എന്നത് എനിക്ക് ആവേശം പകർന്നു. ആ തൊഴുത്തിൽ ഞാൻ ഒരു സ്റ്റേജ് കണ്ടു. പകലൊക്കെ പശുക്കളെ പറമ്പിൽ കെട്ടുന്നതു കൊണ്ട് തൊഴുത്ത് കുറെ നേരത്തേക്ക് സ്റ്റേജാക്കുന്നത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമല്ലതാനും. അടുത്ത ദിവസം റിഹേഴ്സൽ സമയത്ത് നടീനടൻമാരുമായി തൊഴുത്തിനെ കുറിച്ച്... അല്ല ഭാവിയിലെ ഞങ്ങളുടെ സ്റ്റേജിനെ കുറിച്ച് ഞാൻ സംസാരിച്ചു. എല്ലാരും കൗതുകത്തോടെ അതു കേട്ടു. ഭൂരിപക്ഷത്തിനും സമ്മതം. ഇരുവശങ്ങളും മെടഞ്ഞ ഓലകൊണ്ട് മറച്ച് കർട്ടനും മറ്റും ഇട്ടു തൊഴുത്തിനെ സ്റ്റേജാക്കി മാറ്റാനുള്ള എന്റെ ​തീരുമാനം അംഗീകരിക്കപ്പെട്ടു.

madhu-1

തൊഴുത്തിന്റെ ഉടമയായ കാരണവരോടു ഞാൻ നേരിട്ടു സംസാരിച്ചു. നാടകം അവതരിപ്പിക്കാൻ തൊഴുത്ത് തരാൻ അദേഹം തയാറായി.  അഭിനേതാക്കളുടെ ബന്ധുക്കളെ എല്ലാം നാടകം കാണാൻ വിളിച്ചു. ടിക്കറ്റെടുക്കാതെ നാടകം കാണാൻ വരുന്നവർക്ക് അവതരണസ്ഥലത്തു തന്നെ ടിക്കറ്റ് കൊടുക്കാനുള്ള ഏർപ്പാടും ഉണ്ടാക്കി. കിട്ടുന്ന പണം ഇട്ടുവയ്ക്കാൻ ഒരു ചെറിയ പാത്രവും സംഘടിപ്പിച്ചു.  സ്ത്രീവേഷത്തിൽ എത്തിയതും ഞങ്ങൾ ആൺകുട്ടികൾ തന്നെ. അന്നു സ്ത്രീകൾ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിട്ടില്ല.

തൊഴുത്തിൽ ഒരു കുത്ത്

ഇതിനിടയിൽ ഒരു ചെറിയ അത്യാഹിതം സംഭവിച്ചു. ഗ്രീൻ റൂമിൽ ഞങ്ങൾ മേക്കപ്പിട്ടു കൊണ്ടു നിൽക്കുകയാണ്. ചുറ്റിനും ഓലകെട്ടി മറച്ചിട്ടുണ്ട്. അപ്പോഴതാ സ്ത്രീവേഷം കെട്ടിയ വേലുക്കുട്ടിയുടെ കണ്ണിൽ ഓലക്കീറിനിടയിലൂടെ ഉളിഞ്ഞു നോക്കുന്ന രണ്ടുകണ്ണുകൾ പെട്ടു. വേലുക്കുട്ടി ഒരു ഇൗർക്കിലെടുത്ത് ഓലയ്ക്കപ്പുറത്ത് നിന്നു നോക്കിയ കുട്ടിയുടെ കണ്ണ് ലക്ഷ്യമാക്കി ഒരു കുത്ത് കൊടുത്തു. അപ്പോൾ കേൾക്കാം ഉച്ചത്തിലൊരു പെൺകുട്ടിയുടെ നിലവിളി. ‘എന്റെ കണ്ണിൽ കുത്തിയേ....’

ഞാൻ ചാടി പുറത്തിറങ്ങി. കുത്തു കൊണ്ടത് തൊഴുത്തിന്റെ ഉടമയായ കാരണവരുടെ മകൾക്കായിരുന്നു. ഭാഗ്യത്തിനു കണ്ണിനെ ലക്ഷ്യംവച്ച ഇൗർക്കിലി കവിളിലാണ് കൊണ്ടത്. അതെല്ലാം പറഞ്ഞു സമാധാനിപ്പിക്കാൻ എന്റെ നയതന്ത്രജ്ഞത മുഴുവൻ എനിക്കു പുറത്തെടുക്കേണ്ടി വന്നു. എന്തായാലും ഞങ്ങൾ നാടകം സമയത്തു തന്നെ കളിച്ചു. കണ്ടവർക്കെല്ലാം ഇഷ്ടപ്പെട്ടു. കുടുക്കയിൽ അത്യാവശ്യത്തിനു പണം ഇടാൻ ബന്ധുക്കൾ മറന്നില്ല. ആദ്യാവതരണം വിജയം. 

മോഷണരംഗം

വൈകാതെതന്നെ രണ്ടാമത്തെ നാടകവും ഞാനെഴുതി. മഹാഭാരതത്തിലെ ഒരു സന്ദർഭമായിരുന്നു ഞാൻ കഥയ്ക്കു തിരഞ്ഞെടുത്തത്. ദ്രൗപദിയും ദുർവാസാവും വനവാസകാലത്തു കണ്ടുമുട്ടുന്നതും മറ്റുമായ സംഭവങ്ങൾ. ഇൗ നാടകത്തിന്റെ പേര് ‘ദുർവാസാവിന്റെ ഭിക്ഷ ’ എന്നായിരുന്നു . ഞാനായിരുന്നു ദുർവാസാവ്. എല്ലാ നടീനടൻമാരും ഒരുമിച്ചിരുന്നുള്ള അച്ചടക്കമുള്ള റിഹേഴ്സൽ ക്യാംപായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ നാടകം ഏതു ചെറിയ വേഷം ചെയ്യുന്നയാൾക്കു പോലും കാണാപാഠമായിരുന്നു. ടിക്കറ്റടിച്ചു വിറ്റു. തൊഴുത്ത് വീണ്ടും റെഡിയാക്കി. പണമിടാൻ ചെറുപാത്രം വച്ചു. നാടകം കൃത്യസമയത്ത് തന്നെ ആരംഭിച്ചു. നല്ല ഒഴുക്കിൽ നാടകം നടന്നുവരികയാണ്. ദ്രൗപദി രംഗത്തെത്തേണ്ട സമയമായി. അപ്പോഴാണു ഞങ്ങൾ ആ സത്യം മനസിലാക്കിയത്. ദ്രൗപദിയെ കാണാനില്ല. മേക്കപ്പ് വരെ ഇട്ട ശേഷം ദ്രൗപദി എങ്ങോട്ടു പോയി!. ഉടനെ ദ്രൗപദിയെ രംഗത്തിറക്കണം. ഞാൻ ചുറ്റിനും നോക്കി. ഒരു പെൺവേഷം കെട്ടിയ കൂട്ടുകാരനെ കണ്ടു. അവനോട് ഞാൻ കൽപിച്ചു. ‘നീയാണ് ദ്രൗപദി...’ ‘അപ്പോൾ പിന്നെ എന്റെ വേഷം ആരെടുക്കും. ?– സുഹൃത്തിന്റെ സംശയം . ‘നിന്റെ വേഷം ഇന്നത്തെ നാടകത്തിൽ കട്ട്് ...’ നാടകകൃത്തും സംവിധായകനുമായ എന്റെ കൽപനയാണ്. ദ്രൗപദി കൃത്യസമയത്ത് സ്റ്റേജിൽ കയറി. നാടകം  നടന്നു.

അൽപം കഴിഞ്ഞപ്പോൾ ഞാൻ ആ സത്യം കണ്ടെത്തി. പണം ഇട്ടുവച്ചിരുന്ന നമ്മുടെ കൊച്ചുപാത്രം  പണത്തോടും കൂടി ആരോ അടിച്ചുമാറ്റിയിരിക്കുന്നു. അപ്പോഴാണ് ദ്രൗപദിയുടെ തിരോധാനത്തിന്റെ പൊരുൾ എനിക്കു പിടികിട്ടിയത്.  ഉടനെ ദ്രൗപദിക്കു പിന്നാലെ അന്വേഷണസംഘത്തെ നിയോഗിച്ചു. നാടകം തീരും മുമ്പ് പണവും ഞങ്ങളുടെ ‘അക്ഷയപാത്ര’വുമെടുത്ത് മുങ്ങാൻ ശ്രമിച്ച ദ്രൗപദീനടൻ പിടിക്കപ്പെട്ടു. ചെലവായിപ്പോയതിന്റെ ബാക്കി പൈസ കിട്ടി. അ​തോടെ പിന്നെ ശ്രദ്ധ നാടകത്തിലായി. ആദ്യനാടകത്തെക്കാൾ ഒരു പടി മുകളിൽ കയറി രണ്ടാമത്തെ നാടകം. കണ്ടവർക്കെല്ലാം നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളു. ഒരു കാര്യം ഞാൻ തിരിച്ചറിഞ്ഞു. ഞാൻ മോശല്ലാത്ത നടനാണ്. എനിക്കു ലോകമാകെ വിളിച്ചുപറയാൻ തോന്നി ‘പണ്ട് ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഒരു രക്ഷകൻ പിറന്നെങ്കിൽ ഇതാ ഇവിടെ ഗൗരീശപട്ടത്തുള്ള പശുത്തൊഴുത്തിൽ ഒരു നടൻ പിറന്നിരിക്കുന്നു’. 

പുസ്തകം നഷ്ടമായ കുട്ടി

എന്റെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നത് തിരുവനന്തപുരത്ത് കുന്നുകുഴി ഗവ.യുപി സ്കൂളിലാണ്. നാലാം ക്ലാസ് വരെ അവിടെ പഠിച്ചു. പിന്നീട് കുറെക്കാലം  എസ്എംവി സ്കൂളിൽ പഠിക്കാനായിരുന്നു യോഗം.  നാലുവരെ അന്ന് ഇംഗ്ലിഷ് പഠനമില്ല. ഫസ്റ്റ് ഫോം മുതലുണ്ടുതാനും. അത് പഠിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നാലാം ക്ലാസ് ജയിച്ചുവരുന്ന വിദ്യാർഥികൾക്ക് ‘പ്രിപ്പറേറ്ററി ക്ലാസ് ’ അക്കാലത്തുണ്ടായിരുന്നു. എസ്എംവി സ്കൂൾ അന്ന് വഞ്ചിയൂരാണ്. ഇപ്പോൾ ആ സ്ഥലം കോടതി വളപ്പായി. അന്നു കോടതി പ്രവർത്തിച്ചിരുന്ന തമ്പാനൂരിലെ സ്ഥലത്താണ് ഇപ്പോൾ എസ്എംവി സ്കൂൾ പ്രവർത്തിക്കുന്നത്. ഇൗ ‘തുഗ്ല’ക്ക്് പരിഷ്കാരം കൊണ്ട് എന്തു നേട്ടമാണ് ഉണ്ടായത് എന്നു കണ്ടുപിടിക്കാൻ എനിക്കിതു വരെ സാധിച്ചിട്ടില്ല. ഏഴാം ക്ലാസ് വരെ എസ്എംവി സ്കൂളിലും തുടർന്ന് സെന്റ് ജോഫസ് സ്കൂളിലുമായിരുന്നു എന്റെ സ്കൂൾ വിദ്യാഭ്യാസം. 

പ്രിപ്പറേറ്ററി ക്ലാസിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം ഞാൻ മലയാളം ടെക്സ്റ്റ് ബുക്ക് ഇല്ലാതെയാണു ക്ലാസിൽ ചെന്നത്. അച്ഛൻ വാങ്ങിത്തന്ന ടെക്സ്റ്റ് ബുക്ക് എന്റെ കയ്യിൽ നിന്നു നഷ്ടപ്പെട്ടു. അത് വീട്ടിൽ പറയാൻ ഞാൻ ഭയന്നു. അച്ഛൻ ദേഷ്യക്കാരനായിരുന്നു. കുട്ടികളെ  തല്ലി വളർത്തണം എന്ന പക്ഷക്കാരൻ. അതു പക്ഷേ ആൺക്കുട്ടികൾക്കു മാത്രമേ അദ്ദേഹം ബാധകമാക്കിയിരുന്നുള്ളു. എന്റെ ഇളയ സഹോദരിമാരായ നാലുപേരെയും അച്ഛൻ ഒന്നു വഴക്കു പറയുന്നതു പോലും ഞാൻ കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. അടിയുടെ  ക്വോട്ട മുഴുവൻ എനിക്കു സംവരണം ചെയ്തിരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിൽ അച്ഛന്റ ഇൗ അടിയുടെ ‘പങ്ക്’ പറ്റാൻ ഒരു സഹോദരൻ ഇല്ലാതെ പോയതിൽ അന്നു തീർച്ചയായും ഞാൻ വിഷമിച്ചിട്ടുണ്ടാകും. എന്തിനും ഏതിനും അടി തരാൻ നടക്കുന്ന ഒരു പൊലീസുകാരനായിട്ടാണ് അച്ഛനെ കുട്ടിക്കാലത്ത് ഞാൻ കണ്ടിരുന്നത്.

famous-malayalam-actor-madhu-image

അമ്മ അതുകൊണ്ടു തന്നെ വാത്സല്യനിധിയായിരുന്നു എന്നു കരുതരുത്. ഞാൻ എന്തെങ്കിലും കുരുത്തക്കേട് (അമ്മയ്ക്ക് മനസ്സിന് പിടിക്കാത്തതെന്തും കുരുത്തക്കേടാണല്ലോ) കാട്ടിയാൽ കയ്യിൽ കിട്ടുന്ന ആയുധം കൊണ്ട് എന്നെ പ്രഹരിക്കുമായിരുന്നു. അതു വടിയാകാം, തവിയാകാം എന്തിനു ചൂല് വരെയാകാം. പക്ഷേ അമ്മയുടെ പക്കൽ നിന്ന് ഓടി രക്ഷപ്പെടാൻ അനുവാദം ചോദിക്കേണ്ടിയിരുന്നില്ല. എന്നാൽ അങ്ങനെ രക്ഷപ്പെടാൻ ശ്രമിച്ച പല അവസരങ്ങളിലും കൊച്ചങ്ങ എടുത്ത് അമ്മ എന്നെ എറിഞ്ഞിട്ടുണ്ട്. നല്ല ഉന്നമായിരുന്നു അമ്മയ്ക്ക് എന്റെ മുതുകത്തു തന്നെ അതു പതിക്കും.

അമ്മയുടെ അമ്മയായിരുന്നു എനിക്കാകെ ആശ്വാസം നൽകിയത്. കല്യാണിയമ്മ എന്നായിരുന്നു അമ്മൂമ്മയുടെ പേര്. വീട്ടിലെ സകലകാര്യങ്ങളിലും ശ്രദ്ധയുണ്ടായിരുന്നു അവർക്ക്. വീട് നിയന്ത്രിച്ചിരുന്നത് അമ്മൂമ്മ തന്നെയായിരുന്നു. ഏതായാലും അമ്മയും അച്ഛനും ശിക്ഷിക്കാൻ മടിയില്ലാത്ത അപൂർവ വ്യക്തിത്വങ്ങളായിരുന്നതിനാൽ എന്റെ കയ്യിൽ നിന്നു മലയാളം ടെക്സ്റ്റ് ബുക്ക് നഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ ഉണ്ടാകാവുന്ന അനന്തരഫലങ്ങൾ ഉൗഹിക്കാവുന്നതല്ലേ ഉള്ളൂ. ഞാനത് വീട്ടിൽ പറഞ്ഞില്ല. മലയാളം പീരിയഡിന്റെ സമയമായി. അധ്യാപകൻ ശങ്കരപ്പിള്ള സാറാണ്. സാറെത്തിയിട്ടില്ല. ഞാൻ ചുറ്റിനും ഒന്നു നോക്കി. കുട്ടിളെല്ലാവരും ടെക്സ്റ്റ് ബുക്കും നോട്ട് ബുക്കും എടുത്തു മിടുക്കൻമാരായി ഇരിക്കുകയാണ്. എനിക്കു മാത്രമേ ടെക്സ്റ്റ് ബുക്കില്ലാത്തതുള്ളു. ബുക്കില്ലാത്തതിന്റെ ടെൻഷൻ ഇൗ കാഴ്ച കണ്ടതോടെ എനിക്ക് ഇരട്ടിയായി. സാറ് പഠിപ്പിക്കാൻ വരാതിരുന്നെങ്കിൽ എന്നു ഞാൻ അറിയാതെ ആഗ്രഹിച്ചു പോയി. ആ ആഗ്രഹത്തിന്റെ കടയ്ക്കൽ കത്തിവച്ച് കൊണ്ട് ശങ്ക‌രപ്പിള്ള സാർ കയ്യിൽ ചൂരലുമായി കടന്നുവരുന്നത് ഞാൻ കണ്ടു. വന്നപാടെ പതിവുള്ള അധ്യാപകവചനം ആ തിരുവായിൽ നിന്നുതിർന്നു...‘ടെക്സ്റ്റ് ബുക്ക് കൊണ്ടുവരാത്തവർ എഴുന്നേറ്റ് നിൽക്കണം’.

ഞാൻ പ്രതീക്ഷയോടെ നോക്കി. ക്ലാസിന്റെ ഏതെങ്കിലും മൂലയിൽനിന്ന് എന്നോടൊപ്പം എഴുന്നേൽക്കാൻ ഏതെങ്കിലും പുണ്യാത്മാവ് ഉണ്ടാകുമോ ? ഒരാളുമില്ല. എല്ലാവരും പുസ്തകം കൊണ്ട് വന്നിരിക്കുന്നു. ഞാൻ മഹാകുറ്റവാളിയെ പോലെ തലകുനിച്ച് എഴുന്നേറ്റുനിന്നു. വലത്തെ കൈ പതുക്കെ ഞാൻ തുടച്ചു വൃത്തിയാക്കിവച്ചു. ചൂരൽ കഷായം ഏറ്റുവാങ്ങാൻ ഉള്ളതല്ലേ. 

ശങ്കരപിള്ള സാറിന്റെ ശബ്ദം കേട്ടു, ‘ എന്താണ് ബുക്ക് കൊണ്ടുവരാത്തത്...?

‘അത് എന്റെ കയ്യിൽ നിന്നു നഷ്ടപ്പെട്ടു പോയി സാർ..’ ഞാൻ സത്യം പറഞ്ഞു. എന്നിട്ട് വീണ്ടും കൈ തുടച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. അദ്ദേഹം എന്നെ ചൂരൽ കൊണ്ട് അടിച്ചില്ല. പകരം ഇരുന്നു കൊള്ളാൻ പറഞ്ഞു. ഒന്നും സംഭവിക്കാത്ത മട്ടിൽ അദ്ദേഹം ക്ലാസ് തുടർന്നു. 

ബെല്ലടിച്ചപ്പോൾ എന്നോട് സ്റ്റാഫ് റൂമിൽ ചെല്ലാൻ ആവശ്യപ്പെട്ടിട്ട് അദ്ദേഹം പോയി. ‘ങാ അതു പറ. ക്ലാസിൽ വച്ച് അടിക്കാതെ സ്റ്റാഫ് റൂമിൽ കൊണ്ടു പോയി തല്ലിക്കാനാണോ സാർ പോകുന്നത്..... ’എന്റെ മനസ്സിൽ വീണ്ടും ആശങ്ക. എങ്കിലും ആരോടും പറയാതെ ഞാൻ പതുക്കെ സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ ചെന്നുനിന്നു. ശങ്കരപ്പിള്ള സാർ എന്നെ അകത്തേക്കു വിളിച്ചു.  ഞാൻ കടന്നുചെന്നു. ശങ്കരപിള്ള സാർ അപ്പോൾ ഒരു ബുക്കെടുത്ത് എനിക്കു നീട്ടി. ഞാൻ വാങ്ങി നോക്കി. അതെനിക്കു പഠിക്കാനുള്ള മലയാളം ടെക്സ്റ്റായിരുന്നു. ആ ബുക്കിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ നിന്നപ്പോൾ സാറിന്റെ വാക്കുകൾ കേട്ടു, ‘ ഇനി ഇൗ ബുക്ക് കളയരുത്. സൂക്ഷിക്കണം എല്ലാ ദിവസവും ക്ലാസിൽ കൊണ്ടു വരികയും വേണം. ഇനി പൊയ്ക്കോളൂ... ’ ആ വാക്കുകൾ ഞാൻ അത്ഭുതത്തോടെ ആണു കേട്ടത്. ഇൗ വർഷം ടെക്സ്റ്റ് ഇല്ലാതെ പഠിക്കേണ്ടി വരും എന്നു കരുതിയ എനിക്കാണു സാർ പുതിയ ബുക്ക് നൽകിയത്. പുസ്തകം നഷ്ടപ്പെടുത്തിയതിന്റെ പേരിൽ അച്ഛന്റെ വിചാരണയും ശിക്ഷാവിധി നടപ്പാക്കലുമെല്ലാം സഹിക്കേണ്ടി വരുമെന്ന് കരുതിയ എനിക്ക് മുമ്പിൽ ഇതാ രക്ഷാകവചമായി ശങ്കരപ്പിള്ള സാർ നിൽക്കുന്നു. അന്നു ഞാൻ സാറിനോടു നന്ദി  പറഞ്ഞോ എന്നെനിക്ക് ഓർക്കാൻ സാധിക്കുന്നില്ല. പക്ഷേ, അതിനുശേഷം എത്രയോ തവണ അദ്ദേഹത്തിന്റെ പാദങ്ങളിൽ ഹൃദയം കൊണ്ട് ഞാൻ നമസ്കരിച്ചിട്ടുണ്ട്. ഇപ്പോഴും നമസ്കരിക്കുന്നു. ശങ്കരപ്പിള്ള സാർ നന്ദി നന്ദി ഒരായിരം നന്ദി.

(തുടരും)

English Summary: Actor madhu, Life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com