1977 ക്രിസ്മസ് ദിനത്തിലാണ് ഈ സംഭവം. അന്ന്ന പള്ളികളിലെല്ലാം രാത്രി മുഴുവൻ നീളുന്ന ആഘോഷങ്ങൾ. എന്നാൽ ക്രിസ്മസ് ദിനത്തിൽ രാവിലെയാണ് കുട്ടനാട്ടിലെ ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ ചെറിയ പള്ളിയിൽ ആഘോഷം നടത്തിയിരുന്നത്. വിശാലവും പച്ചപ്പ് നിറഞ്ഞതുമായ നെൽപാടങ്ങളുടെ നടുവിൽ തോടിനോട് ചേർന്നുള്ള പുരയിടത്തിലാണ് ഞങ്ങളുടെ പള്ളി. എട്ടു വയസ്സുകാരനായ ഞാൻ രണ്ടു മൂന്നാഴ്ചത്തെ തീവ്ര ശ്രമഫലമായി പഠിച്ചെടുത്ത ഒരു പ്രസംഗവുമായി സ്റ്റേജിലെത്തി. ആദ്യമായി സ്റ്റേജിൽ കയറുന്ന എനിക്കു സ്റ്റേജിനു മുന്നിലിരിക്കുന്ന കൂട്ടുകാരും, അതിനു പിന്നിലിരിക്കുന്ന മുതിർന്നവരെയും കണ്ടപ്പോൾ മുട്ടിടിച്ചു.
ബഹുമാന്യ സദസ്സിനു നമസ്കാരം എന്നു മൂന്ന് പ്രാവശ്യം ആവർത്തിച്ചിട്ടും പിന്നീട് പറയാനുള്ളതൊന്നും നാവിൽ വരുന്നില്ല. മുന്നിലിരിക്കുന്ന കൂട്ടുകാർ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. സ്റ്റേജിനു വശത്ത് നിന്നിരുന്ന സിസ്റ്റർ പല ആവർത്തി ബാക്കി പറയിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ സദസ്സിലെ ചിരി കൂടിയപ്പോൾ എനിക്ക് ഒന്നും ഓർമ വരുന്നില്ല. സിസ്റ്റർ വന്ന് സ്റ്റേജിൽ നിന്ന് എന്നെ കൈയ്യിൽ പിടിച്ച് പുറത്ത് ഇറക്കുമ്പോൾ എട്ടു വയസ്സുകാരനായ ഞാൻ അപമാനഭാരത്താൽ ആകെ തളർന്നിരുന്നു. സ്റ്റേജിനു പിന്നിൽ തലകുനിച്ച് നിന്ന എന്റെ ചെറിയ മനസ്സിനു കൂട്ടുകാരെ നേരിടാനുള്ള കരുത്തില്ലായിരുന്നു. അപ്പോഴാണ് കയ്യിൽ ഒരു മെല്ലിച്ച കൈ പിടിത്തമിട്ട് എന്നെ ചേർത്തു നിർത്തിയത്.
ചട്ടയും മുണ്ടും ധരിച്ച നന്നേ പ്രായമായ, എന്നെ ആദ്യമായി അരിയിൽ അക്ഷരം എഴുതിച്ച പ്രിയപ്പെട്ട ആശാട്ടി. ഒരു വർഷം ആശാട്ടിയുടെ കളരിയിലെ പഠനത്തിൽ അക്ഷരത്തെയും അതോടൊപ്പം ആശാട്ടിയെയും ഞാൻ ഹൃദയത്തിലേറ്റിയിരുന്നു. എല്ലാം അറിയുന്ന ആശാട്ടിയോടു ചേർന്നു നിന്നപ്പോൾ അത്രയും നേരം ഉള്ളിലൊളിപ്പിച്ച വിഷമം മുഴുവൻ എന്റെ കവിളിലൂടെ കണ്ണീരായൊഴുകി. മെല്ലിച്ച ആ ശരീരത്തിനുള്ളിൽ ഒരു വലിയ ഹൃദയം ഉണ്ടായിരുന്നു. മക്കളെ അറിയുന്ന, കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഒരു വലിയ ഹൃദയം. എന്നെ ചേർത്തു പിടിച്ച് സമീപത്തെ ആശാട്ടിയുടെ വീട്ടിലേക്കു നടന്നു.
കോപ്പയിൽ കട്ടൻ കാപ്പിയും, ഇരുമ്പ് പിഞ്ഞാണത്തിൽ വെള്ളേപ്പവും, ഇറച്ചിക്കറിയും എനിക്കു തന്നു. കുട്ടികളെ ഇരുത്തുന്ന പുല്ല് പായയിൽ കിടന്ന് സുഖമായി കുറച്ചു നേരം ഉറങ്ങി. എഴുന്നേറ്റപ്പോൾ ആശാട്ടിയുടെ വക സ്നേഹോപദേശം. അടുത്ത വർഷം നമ്മുക്ക് മിടുക്കനായി പ്രസംഗം പറയണം. ഇത്തവണ ചിരിച്ച കൂട്ടുകാരൊക്കെ അടുത്ത വർഷം പ്രസംഗം കേട്ട് കൈയ്യടിക്കണം. ആശാട്ടിയുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ പള്ളിപ്പുരയിടത്തിൽ നിന്ന് ആളുകൾ പിരിഞ്ഞു തുടങ്ങിയിരുന്നു.
തൊട്ടടുത്ത വർഷം പറഞ്ഞില്ലെങ്കിലും രണ്ടു മൂന്ന് വർഷങ്ങൾക്ക് ശേഷം ആ സൺഡേ സ്കൂളിനെ പ്രതിനിധീകരിച്ച് പല ഇടങ്ങളിലും, പല വർഷങ്ങളിലും പ്രസംഗത്തിന് സമ്മാനങ്ങൾ നേടി. ഇന്ന് പല പൊതുവേദികളിലും മുട്ട് വിറയ്ക്കാതെയും ശബ്ദതടസ്സം ഇല്ലാതെയും സംസാരിക്കുമ്പോഴും എന്റെ ആശാട്ടിയുടെ മെല്ലിച്ച കൈകളുടെ കരുതലും ഇരുമ്പ് പിഞ്ഞാണത്തിലെ അപ്പവും കറിയും പ്രോത്സാഹനവും എന്റെ ഓർമയിലെത്തും.
Content Highlight: That inspiration in memory