ADVERTISEMENT

ആർട്ടിസ്റ്റ് സുജാതൻ; രംഗപടം എന്നതിന്റെ തുടർച്ചയായി കേരളീയർ നിസ്സംശയം പൂരിപ്പിക്കുന്ന പേര്. നാലായിരത്തോളം നാടകങ്ങൾക്കു രംഗപടം ഒരുക്കി അൻപത്തഞ്ചു വർഷം നിറഞ്ഞു കളിച്ച രംഗശിൽപി.

ശിവരാത്രി ദിനത്തിൽ മാത്രം അറുനൂറോളം വേദികളിൽ ഒരേ പോലെ മുഴങ്ങിക്കേട്ട ഏക പേരും സുജാതന്റേതാണ്. സംവിധായകനും എഴുത്തുകാരനും സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ നിറഞ്ഞാടുന്ന കഥാലോകത്ത് മാന്ത്രികനെപ്പോലെ രംഗങ്ങൾ മാറ്റിമറിച്ച് പലതവണ കേരളത്തെ അമ്പരപ്പിച്ചിട്ടുണ്ട് സുജാതൻ. രണ്ടു നീണ്ട ബെല്ലുകൾക്കിടയിൽ ഓടി നീങ്ങുന്ന നാടകവണ്ടി പോലെ ജീവിച്ച സുജാതൻ ഇനി ഒരു ഇടവേളയിലേക്ക് കടക്കുകയാണ്. പുതിയ കാലത്തെ പല നാടക പ്രവണതകളോടും യോജിക്കാനാകാത്തതിന്റെ മടുപ്പിലാണ് അദ്ദേഹം.

എന്തുകൊണ്ടു പിൻവാങ്ങൽ?

പത്തു വർഷത്തിനു ശേഷം പ്രഫഷനൽ നാടകത്തിന്റെ ഏറ്റവും നല്ല കാലമാണിത്. ലളിതകലാ അക്കാദമിയെല്ലാം പ്രോത്സാഹനം നൽകുന്നുണ്ട്. എന്നാൽ കോവിഡ് കാലത്ത് തീരുമാനിച്ചതാണ് ഈ പിന്മാറ്റം.

ഒരു ചിത്രകാരൻ ചെയ്യുന്ന കല നൂറ്റാണ്ടുകൾ നിൽക്കും. എന്നാൽ നാടകത്തിന്റെ സെറ്റിനു രണ്ടു വർഷത്തിൽ കൂടുതൽ ആയുസ്സില്ല. അതിനു വേണ്ടി ചെയ്തതെല്ലാം അതോടെ നശിക്കും. സെറ്റുകൾ ചെയ്തു നാടക സംഘത്തിനു കൈമാറുകയാണ്. അതു സൂക്ഷിച്ചു വയ്ക്കാൻ കെപിഎസിയിൽ  പോലും സൗകര്യമില്ല. ഇത്രകാലം ചെയ്ത ജോലികൾ ഒന്നുപോലും അടുത്ത തലമുറയെ കാണിക്കാൻ ഇല്ലാത്തതു വിഷമിപ്പിച്ചു. അച്ഛനൊപ്പം ചെയ്ത കാലത്തു പോലും ഫോട്ടോ എടുത്തിട്ടില്ല. അക്കാര്യത്തിൽ ഞാൻ മടിയനാണ്. സമൂഹ മാധ്യമത്തിൽ പോലും ഫോട്ടോ ഇടാറില്ല. അതിനു പ്രതിവിധിയായി അൻപതു വർഷം ഞാനും അച്ഛനുമായി ചെയ്ത നാടകങ്ങളുടെ രംഗപടങ്ങളുടെ ചിത്രം എട്ടടി വീതിയും നാലടി ഉയരവുമുള്ള ക്യാൻവാസിൽ അക്രിലിക്കിൽ വരച്ചു തുടങ്ങി. 50 നാടകങ്ങളുടെ 50 പെയിന്റിങ്. 365 ദിവസവും തിരക്ക് പിടിച്ച് ഓടിയതിനാൽ മക്കളെപ്പോലും ശരിയായി നോക്കാൻ സാധിച്ചില്ല. ഒരു ഓണവും വീട്ടിൽ ഉണ്ടിട്ടില്ല. ഇത്രയൊന്നും ഓടേണ്ടെന്ന് കോവിഡ് കാലത്താണ് തോന്നലുണ്ടായത്. കുറച്ച് സ്വസ്ഥമാകാൻ തീരുമാനിച്ചു.

ചില പ്രവണതകളോട് യോജിക്കാനാകില്ല

രംഗപടത്തിനായി ചെയ്യുന്ന പെയിന്റങ്ങിന്റെ പൂർണത കാണാനാകുന്നത് സ്റ്റേജിലെ ലൈറ്റിങ്ങിലാണ്. സ്പോട് ലൈറ്റും മറ്റു ലൈറ്റുകളും ഉണ്ടാക്കുന്ന പ്രപഞ്ചം വിവരണാതീതമാണ്. നടന്റെ ഭാവങ്ങൾ വരെ കൃത്യമായി കാണിക്കാൻ കഴിയുന്ന പ്രകാശ വിന്യാസമായിരുന്നു മുൻപ്. ഇപ്പോൾ എല്ലാം സിനിമാറ്റിക്കായി. 20000 വാട്ടിന്റെ ലൈറ്റാണ് പലപ്പോഴും ഉപയോഗിക്കുന്നത്. പണ്ട് രണ്ടേകാൽ മണിക്കൂർ നീളുന്ന കാട്ടുകുതിര നാടകത്തിനു പോലും രണ്ടു സെറ്റേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ 25 രംഗങ്ങൾ വരെയുണ്ടാകും. നാലോ അഞ്ചോ ദിവസമെടുത്താണ് ഓരോ കർട്ടനും ചെയ്യുന്നത്. എന്നാൽ അഞ്ചു മിനിറ്റു പോലും ഇല്ലാത്തതിനാൽ അവ പ്രേക്ഷകനിലേക്ക് എത്തില്ല. പുതിയ തലമുറയെ നാടകത്തിലേക്ക് കൂടുതൽ അടുപ്പിക്കാനും എഴുതാനുള്ള സൗകര്യത്തിനും ഒക്കെയാവും ഇങ്ങനെ സീനുകൾ കൂടുതൽ ചെയ്യുന്നത്.

chithrangal-rijo-joseph--scribus_temp_mpyryj
ചിത്രങ്ങൾ: റിജോ ജോസഫ്

പുതിയ ലൈറ്റുകളും പ്രശ്നക്കാർ

പുതിയ ജനററേഷൻ ലൈറ്റുകൾ വലിയ പ്രശ്നമാണ്. കുറഞ്ഞത് ആയിരം വാട്ടിന്റെ പാർ ലൈറ്റുകൾ എട്ടെണ്ണം വേണം. ഇതിനു പുറമേ എൽഇഡി പാർ എന്ന പുതിയ ലൈറ്റുകൾ ഉണ്ട്. ഏഴ് ലൈറ്റുകൾ കറങ്ങിക്കറങ്ങി വരുന്നു. ഇവ ലൈവ് ഷോകൾക്കു വേണ്ടിയുള്ളതാണ.് നാടകങ്ങൾക്കു പറ്റിയതല്ല. 200ന്റെ മൂന്നോ നാലോ ലൈറ്റുകൾ ഉപയോഗിച്ച സ്ഥാനത്താണിത്. ഈ പാർ ലൈറ്റാകട്ടെ 30 അടിയെങ്കിലും അകലെ വയ്ക്കേണ്ടതാണ്. എന്നാൽ ഇവ അഭിനേതാക്കളുടെ നാലഞ്ചടി വരെ അടുത്താണ് വയ്ക്കുന്നത്. തീവ്രമായ വെളിച്ചമാണു സ്റ്റേജിലേക്ക് വീഴുന്നത്. ഇതോടെ രംഗപടത്തിന്റെ ഒരു ഡീറ്റെയിൽസും പ്രേഷകനു കിട്ടില്ല.

ആധുനികമായ സംവിധാനങ്ങളെയോ സാഹചര്യങ്ങളെയോ തള്ളിക്കളയുകയല്ല. എന്നാൽ അത് ഉപയോഗിക്കുന്നത് സംബന്ധിച്ച ബോധക്കുറവ് നാടകവേദിയെ ബാധിക്കുന്നു. ഇതിനോട് യോജിക്കാനാകുന്നില്ല. നാടകത്തിന്റെ മൊത്തം സ്വഭാവം നോക്കിയാണ് രംഗംപടം തയാറാക്കിയിരുന്നത്. എന്നാൽ എല്ലാം നല്ല കളർഫുളായിരിക്കണം എന്നാണ് ഇപ്പോഴത്തെ ആപ്തവാക്യം. അഭിനേതാവിന്റെ കലയാണ് നാടകം. അവരെ വെട്ടിയിട്ട് പ്രേക്ഷകന്റെ മനസ്സിലേക്ക് രംഗപടത്തിന്റെ കാഴ്ചകൾ പോകാൻ പാടില്ല.  ആരും ഈ വേദിയിൽ അവിഭാജ്യ ഘടകമല്ല എന്നറിയാം. ഞാൻ മാറിയെന്നു വിചാരിച്ച് നാടക പ്രസ്ഥാനം അടച്ചു പൂട്ടാനും പോകുന്നില്ല.

ഇപ്പോൾ ചെയ്യുന്ന ജോലികൾ

കൊല്ലം ആത്മമിത്രയ്ക്കു വേണ്ടി ജോ‍ർജ് കട്ടപ്പന എഴുതി രാജീവ് മമ്മിളി ചെയ്യുന്ന നാടകത്തിന് രംഗപടം ഒരുക്കുകയാണ്. ഇത് ഈ സീസണിലെ അവസാന ജോലി. ഫെബ്രുവരി 5 മുതൽ 14 വരെ സംഗീത നാടക അക്കാദമിയുടെ രാജ്യാന്തര നാടകോൽസവം നടക്കുന്നു. അതിൽ വിദേശ ടീമുകൾക്കുള്ള സെറ്റുകളും സ്റ്റേജിലേക്കു വേണ്ട സാധനങ്ങളും രൂപപ്പെടുത്തി നൽകുന്നുണ്ട്. അതു തീർക്കണം. പിന്നീട് ഒന്നു സ്വസ്ഥമാകണം. നല്ല വ്യത്യസ്തതകളുണ്ടെന്ന് തോന്നുന്ന ജോലികൾ മാത്രം മതി എന്നാണു തീരുമാനം. വ്യാപകമായി ചെയ്യുന്ന പരിപാടി അവസാനിപ്പിക്കുകയാണ്. ഇയാൾക്ക് ഇത് നിർത്താറായില്ലേ എന്നു ചോദിക്കും മുൻപേ നിർത്തേണ്ടേ...?

ആർട്ടിസ്റ്റ് കേശവൻ സുജാതൻ രംഗപടം സുജാതനായി

പിതാവ് ആർട്ടിസ്റ്റ് കേശവനൊപ്പം 1967ൽ നാടകത്തിന് സെറ്റുകളിടാൻ തുടങ്ങിയതാണ് . അച്ഛന്റെ കൂടെ നടന്നു പഠിച്ചതാണ് ഈ കല. 73-ലാണ് സ്വതന്ത്രമായി രംഗത്തു വന്നത് കോട്ടയത്തുള്ള ജോർജ് ചേട്ടന്റെ നാഷനൽ തിയറ്റേഴ്സിന്റെ നിശാസന്ധ്യ എന്ന നാടകത്തിലാണ്. ഒറ്റപ്പാലം സ്വദേശി എ.എൻ.ഗണേശൻ രചനയും സംവിധാനവും നിർവഹിച്ച് കോട്ടയം ചെല്ലപ്പൻ ഉൾപ്പെടെയുള്ളവർ അഭിനയിച്ച നാടകം. ഷൊർണൂർ റെയിൽവേ സ്റ്റേഷനാണു നാടക പശ്ചാത്തലം. യഥാർഥ സിഗ്നൽ പോസ്റ്റിനെ വെല്ലുന്ന പോസ്റ്റ് തൃശൂർ റീജനൽ ഓഡിറ്റോറിയത്തിൽ ഒരുക്കി. അന്ന് അത് അത്ഭുതമായിരുന്നു. കെപിഎസിയുടെ നാടക വണ്ടിയാണ് നാടകത്തെ ജനകീയമാക്കിയത്. അന്നു മൂന്നു കർട്ടനുകൾ മാത്രമായിരുന്നു അതിൽ ഉണ്ടായിരുന്നത്. അച്ഛനായിരുന്നു അതു വരച്ചത്. 75ലാണ് കട്ട് ഔട്ട് സെറ്റുകൾ വന്നത്. ആർട്ടിസ്റ്റ് കേശവൻ സുജാതൻ എന്നായിരുന്നു തുടക്കത്തിൽ വിളിച്ചിരുന്നത്. പിന്നീട് കേശവൻ മകൻ സുജാതൻ എന്നായി. അച്ഛന്റെ മരണ ശേഷമാണ് രംഗശിൽപം സുജാതൻ എന്ന് വന്നത്. രംഗപടം എന്ന വാക്ക് ആരാണ് ഉപയോഗിച്ചതെന്ന് ഇപ്പോഴും അറിയില്ല. രംഗശിൽപം എന്ന വാക്കാണ് ശരിയായ പ്രയോഗം. പടം മാത്രമല്ലല്ലോ പിന്നണിയിൽ വരയ്ക്കുന്നത്.

എൻ.എൻ.പിള്ള സാർ എന്ന ഊർജം

അമ്പലപ്പറമ്പുകളിലെ വേദികൾ പല വലുപ്പത്തിലുള്ളതാണ്. അതു മനസ്സിൽ കണ്ടാണ് രംഗപടം ഒരുക്കേണ്ടത്. എൻ.എൻ.പിള്ള സാർ കെപിഎസിക്കു വേണ്ടി എഴുതി സംവിധാനം ചെയ്ത നാടകം മന്വന്തരത്തിനായി ചെയ്ത സെറ്റ് മറക്കാനാകില്ല. 1978 ലാണെന്നു തോന്നുന്നു. അജന്ത എല്ലോറ ഗുഹയ്ക്കകത്ത് നടക്കുന്ന കഥയാണ്. എൻ.എൻ.പിള്ള സാറും മറ്റും എല്ലോറ പോയി കണ്ട ശേഷം വന്ന് എഴുതിയ കഥ. കെപിഎസി നാടകസംഘം ഗുഹ കാണാൻ പോകുകയാണ്. അവർ കണ്ട് നടക്കുമ്പോൾ രണ്ടു തൂണുകളുടെ ഇടയിൽ നിന്നു പടുവൃദ്ധനായ ശിൽപി ഇറങ്ങി വന്നു കഥ പറഞ്ഞു തുടങ്ങുന്നു. ആളുകൾ കഥാപാത്രങ്ങളായി മാറി നാടകം ചെയ്യുന്നു. എല്ലോറയിൽ നിന്ന് എൻ.എൻ.പിള്ള സാർ ഒരു കൈപ്പുസ്തകം വാങ്ങി വന്നിരുന്നു. എല്ലോറയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് പടം. അതു വച്ച് ഞാൻ സെറ്റൊരുക്കി. ഇതിന്റെ ആദ്യ അവതരണം തിരുവനന്തപുരം ടഗോർ തിയറ്റർ നടക്കുകയാണ്. എൻ.എൻ.പിള്ള സാറും ഭാര്യയും നേരത്തേയെത്തി. വേദിയിലേക്കു ലൈറ്റ് വീണപ്പോൾ ‘എടീ ഓമനേ, ഇതു നമ്മൾ നേരിൽ പോയി കണ്ടതു പോലെ ഇരിക്കുന്നല്ലോ’ എന്നാണ് എൻ.എൻ.പിള്ള സാർ പറഞ്ഞ്. ആ വാക്കുകൾ തന്ന ഊർജം പറഞ്ഞറിയിക്കാനാകില്ല. കെപിഎസിയുടെ കയ്യും തലയും പുറത്തിടരുത് എന്ന നാടകത്തിനായി വേദിയിൽ ത്രീഡിയിൽ ചെയ്ത ബസിന്റെ സെറ്റും മറക്കാനാകില്ല. ചെമ്മീൻ നാടകമാക്കിയപ്പോൾ ചെയ്ത സെറ്റും പ്രശംസ പിടിച്ചു പറ്റി.

അതിശയിച്ച സെറ്റ്

എസ്എൽ പുരത്തിന്റെ കല്ലു കൊണ്ടൊരു പെണ്ണിനായി ചെയ്ത സെറ്റ് എന്നെയും അമ്പരപ്പിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന നഴ്സിന്റെ വീടാണ് പശ്ചാത്തലം. ആർഭാടമായിട്ട് ചെയ്തോളാൻ പറഞ്ഞു. നടുക്ക് ഒരു വൻ തൂണും അതിനു നടുക്ക് കിളിവാതിലും ഒക്കെയായി ചെയ്തു. കർട്ടൻ ഉയർന്ന് ലൈറ്റ് തെളിഞ്ഞപ്പോൾ കണ്ട കാഴ്ച അപാരമായിരുന്നു. കാഴ്ചക്കാ‍ർ മുഴുവൻ ആ വീട്ടിൽ ഇരിക്കുന്ന പ്രതീതിയായിരുന്നു.  കെപിഎസിയുടെ ഭീമസേനൻ നാടകത്തിനായി ചെയ്ത സെറ്റും നല്ലതായിരുന്നു. അതിന് അവാർഡും കിട്ടി. വേദിക്കു നടുവിൽ കറങ്ങുന്ന ആറടി വലുപ്പത്തിലുള്ള പ്ലാറ്റ് ഫോമും അതിൽ ആറടി വലുപ്പത്തിൽ സെറ്റുകളുടെ കൊച്ചു പതിപ്പുകളും എന്ന രീതിയിലാണ് ചെയ്തത്. 18 വ്യത്യസ്ത രംഗങ്ങളുള്ള നാടകത്തിനായി ചെയ്ത പരീക്ഷണമായിരുന്നു അത്. 

ലഭിച്ചതിനെക്കാളേറെ കിട്ടാനുണ്ട്

 സമ്പാദ്യം ഇല്ല. മകന് വായ്പയ്ക്കായി തുടങ്ങിയ അക്കൗണ്ട് മാത്രമാണുള്ളത്. ലഭിച്ചതിനെക്കാൾ കിട്ടാനുണ്ട്. പല നാടക സംഘങ്ങളും തരാൻ ഏറെയുണ്ട്. പക്ഷേ, കാര്യങ്ങളൊക്കെ സുഗമമായി നടക്കുന്നുണ്ട്.  ഇതൊരു നിയോഗം പോലെ കൊണ്ടു പോകുകയായിരുന്നു. ഇനി ഒന്നു സ്വസ്ഥമായി അത്യാവശ്യമെന്നും വ്യത്യസ്തമെന്നും തോന്നുന്നത് മാത്രം ചെയ്യണം. മക്കൾ ഈ രംഗത്തോടു ചേർന്ന മേഖലയിൽ തന്നെയാണ്. മൂത്തയാൾ ജിതിൻ ശ്യാം. ഓഡിറ്റോറിയങ്ങളുടെ ഡിസൈനും മോട്ടറൈസ്ഡ് കർട്ടനും മറ്റും ചെയ്യുന്നു. എന്നെ സഹായിക്കുന്നുണ്ട്. ഇളയയാൾ ജിജോ അനിമേഷൻ മേഖലയിൽ ബെംഗളൂരുവിലാണ്. കോട്ടയം തിരുവാതിക്കൽ വേളൂരിലെ വീടിനു സമീപം പിതാവ് ആർട്ടിസ്റ്റ് കേശവന്റെ ഓർമയ്ക്കായി നിർമിച്ച കലാമന്ദിരം നാടകക്കാർക്കു പരിശീലനത്തിനുള്ള വേദി കൂടിയാണ്. അവിടെ വിവിധ നാടകങ്ങൾക്ക് ഒരുമിച്ച സെറ്റിട്ടതു പോലെയുള്ള പശ്ചാത്തലത്തിൽ രംഗപടം സുജാതൻ (72) ഇടവേള ബെൽ മുഴക്കിയിരിക്കുകയാണ്. എന്നാൽ അടുത്ത ബെല്ലിനു കേരളം കാത്തിരിക്കുകയാണ്. കർട്ടൻ ഉയരുമ്പോൾ തെളിയുന്ന അടുത്ത രംഗപടത്തിനായി...

English Summary : Story about artist Sujathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com