ADVERTISEMENT

നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ വികൃതവും ഭീകരവുമായ മുഖത്തേക്കു തെളിച്ചു വിടുന്ന വെളിച്ചമത്രേ ഈ കഥയുടെ ഇതിവൃത്തം.’ പ്രഫ. ഓംചേരി എൻ.എൻ.പിള്ളയുടെ തേവരുടെ ആന എന്ന നാടകത്തിന്റെ തുടക്കത്തിൽ ഭാസ്‌കരൻ എന്ന കാഥികൻ തന്റെ കഥയെ കുറിച്ചു നൽകുന്ന ആമുഖ വാചകമാണിത്. മലയാള നാടക പരിണാമത്തിന്റെ ആറു പതിറ്റാണ്ടു കാലത്ത് ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഓംചേരി എന്ന നാടകകൃത്ത് മലയാളിക്ക് എന്നും ഒരു അദ്ഭുത പ്രതിഭാസം തന്നെയാണ്.

ഡൽഹിയിലെ മലയാളി കൂട്ടായ്മകൾക്കും ഒരു തറവാടിന്റെ ഛായ പകർന്നു നൽകി എല്ലാവരുടെയും കാരണവരായി എല്ലാറ്റിനും മുൻകൈ എടുത്ത് പ്രഫ. ഓംചേരി എൻ.എൻ.പിള്ള എന്ന സാന്നിധ്യമുണ്ട്. ഡൽഹിയെന്ന മഹാനഗരത്തിന് അദ്ദേഹം പ്രിയങ്കരനായി മാറിയതും ഈ സഹൃദയത്വം കൊണ്ടു കൂടിയാണ്. സമീപകാലത്തെഴുതിയ ആകസ്മികം എന്ന ഓർമക്കുറിപ്പുകൾക്കു 2020ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും സ്വന്തമായി.

ജീവിതം വരച്ച ചിത്രങ്ങൾ

വൈക്കം ടിവി പുരത്തിനടുത്ത മൂത്തേടത്തുകാവെന്ന ചെറുഗ്രാമത്തിൽ പി. നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയമകനായി 1924 ഫെബ്രുവരി ഒന്നിനാണു ഓംചേരി എൻ.എൻ. പിള്ളയുടെ ജനനം. വീട്ടിലെ ഭിത്തി മുഴുവൻ അലങ്കരിച്ചുവച്ചിരുന്ന ചിത്രങ്ങളാണു തന്റെ ലോകം വലുതാക്കിയതെന്നു ഓംചേരി പറയുന്നു. ശ്രീരാമകൃഷ്ണനും വിവേകാനന്ദനും ഏറ്റവും മുകളിൽ. അടുത്തവരിയിൽ മഹാത്മാഗാന്ധി, നെഹ്‌റു, ഗോഖലെ, 

സി.എഫ്.ആൻഡ്രൂസ്, കലമാദേവി ചതോപാധ്യായ തുടങ്ങിയവർ. ലഹോർ ഗൂഢാലോചനക്കേസ് എന്ന തലക്കെട്ടോടു കൂടിയതായിരുന്നു ഏറ്റവും വലിയ ചിത്രം. ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് തുടങ്ങിയവരുടെ പേരും ചിത്രവും ഉൾപ്പെട്ടത്. പേരുള്ളവരെയും ഇല്ലാത്തവരുടെയും വിവരങ്ങൾ മാതാപിതാക്കളോടു ചോദിച്ച് അദ്ദേഹം മനസ്സിലാക്കി. സ്വാതന്ത്ര്യസമരകഥകളും ചരിത്രവുമെല്ലാം അങ്ങനെ ആ ചിത്രങ്ങളിലൂടെ അദ്ദേഹത്തിലേക്കെത്തി. സ്വദേശാഭിമാനി, ലക്ഷ്മിബായി, കവനകൗമുദി എന്നീ മൂന്നു മാസികകൾ വീട്ടിൽ പതിവായി വരുത്തിയിരുന്നുവെന്നും ഓംചേരി ഓർമിക്കുന്നു.

ആഗമാനന്ദന്റെ ആശ്ലേഷം

വൈക്കം ഇംഗ്ലിഷ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം ആഗമാനന്ദ സ്വാമികളുടെ ആലുവയിലെ അദ്വൈതാശ്രമത്തിൽ താമസിച്ചു രണ്ടു വർഷം സംസ്‌കൃതവും വേദവും പുരാണ ഇതിഹാസങ്ങളും പഠിച്ചു. അതിനു കാരണമായത് ഒരു വൈക്കത്തഷ്ടമിക്കാലമാണ്. ക്ഷേത്രത്തിൽ പ്രഭാഷണത്തിനു സ്വാമി ആഗമാനന്ദ എത്തി. ഓംചേരിയെ ആകർഷിച്ചതു േപരിനൊപ്പം ചേർത്തിരുന്ന എംഎ എന്ന ബിരുദവിശേഷണമായിരുന്നു. പ്രഭാഷണം ഓംചേരിയെ ആകർഷിച്ചു. അടുത്ത തവണയും പ്രഭാഷണം കേൾക്കാനെത്തി. പ്രഭാഷണം കഴിഞ്ഞു സ്വാമി അടുത്തുവിളിച്ചു. സ്‌കൂൾ പഠിപ്പു കഴിഞ്ഞ് കോളജിൽ ചേരുന്നില്ലേയെന്നു ചോദ്യം. കോളജിൽ പഠിക്കാൻ സ്‌കോളർഷിപ് ഇല്ലല്ലോയെന്ന് ഓംചേരി പറഞ്ഞു. ‘ഇത്രയൊക്കെ നടന്നില്ലേ? ഇനിയും നടന്നുപോകും. ദൈവാനുഗ്രഹമുണ്ടാകും’ സ്വാമിയുടെ മറുപടി ഇങ്ങനെ. വല്ല കാരണവശാലും നടക്കാതെ പോകുന്നുവെങ്കിൽ ആശ്രമത്തിലേക്കു വരണമെന്നും അവിടെ താമസിക്കാമെന്നും കൂടെ പറഞ്ഞതു ബലമായി. പുസ്തകവായനയും നോട്ടു കുറിച്ചുവയ്ക്കുന്ന ശീലവും അവിടെ നിന്നു കിട്ടിയ നേട്ടമെന്നു ഓംചേരി വിശദീകരിക്കുന്നു. വിവേകാനന്ദ സാഹിത്യസർവസ്വം, രാമകൃഷ്ണലീല തുടങ്ങിയ പുസ്തകങ്ങൾ വായിക്കുന്നത് അവിടെവച്ചാണ്.

പഠനവും ജോലിയും

കോട്ടയം സിഎംഎസ് കോളജിലെ ഇന്റർമീഡിയറ്റ് പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്നാണ് ഇസ്‌ലാമിക് ചരിത്രവും സംസ്‌കാരവും എന്ന വിഷയത്തിൽ ബിരുദമെടുക്കുന്നത്.

മന്നത്തിന്റെ മനസിലേക്ക്

തിരുവനന്തപുരത്തു വിജെടി ഹാളിൽ (ഇന്നത്തെ മഹാത്മാ അയ്യങ്കാളി ഹാൾ) കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നിയമസഭാ സമ്മേളനം വിഷയമാക്കി ആക്ഷേപഹാസ്യ നാടകം. ‘നോട്ടിസ് വേണം’ എന്നതാണു നാടകത്തിന്റെ പേര്. നാടകരചനയും സംവിധാനവും അഭിനയവും വിദ്യാർഥികൾ തന്നെ. നാടകത്തിൽ അന്നത്തെ മുഖ്യമന്ത്രി പട്ടംതാണുപിള്ളയുടെ റോളിൽ എത്തിയത് ഹരിപ്പാട്ടുകാരൻ ബാലകൃഷ്ണപിള്ള. സ്പീക്കറായിരുന്ന എം.ജെ. ജോണിന്റെ വേഷം ആനന്ദകുട്ടൻ, മന്നത്തു പത്മനാഭന്റെ വേഷം ചെയ്തത് കുമരകം ശങ്കുണ്ണി മേനോൻ, നാടകമെഴുതിയ ഓംചേരി എൻ.എൻ. പിള്ളയ്ക്കു മുസ്‌ലിം ലീഗ് നേതാവ് പി.എസ്. മുഹമ്മദിന്റെ വേഷം. നല്ല ജനത്തിരക്ക്. നാടകം തുടങ്ങും മുൻപു ഹാളിലെ കർട്ടന്റെ ഇടയിലൂടെ നാടക രചയിതാവ് ഓംചേരി സദസ്സ് ഒന്നു നോക്കി. മുൻനിരയിൽ മന്നത്ത് പത്മനാഭനടക്കം നാടകത്തിൽ വരുന്ന കഥാപാത്രങ്ങളായ നിയമസഭാ അംഗങ്ങൾ.

യൂണിവേഴ്‌സിറ്റി കോളജ് കോളജ് വിദ്യാർഥിയുമായ ഓംചേരിക്ക് അന്നു മലയാള രാജ്യം പത്രത്തിൽ ജോലിയുണ്ട്. പത്രത്തിന്റെ മാനേജ്മെന്റിൽ വലിയ സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു മന്നം. നാടകം തുടങ്ങി. സദസ്സിനൊപ്പം മന്നവും മറ്റു നേതാക്കളും നാടകം ആസ്വദിച്ചു ചിരിക്കുന്നു. നാടകം കഴിഞ്ഞ് എല്ലാവരും മടങ്ങി. മലയാള രാജ്യത്തിലെ ജോലിയിലേക്ക് ഓംചേരിയും പോയി.

പിറ്റേന്നു മലയാള രാജ്യത്തിന്റെ ഓഫിസിലെത്തിയ ഓംചേരി കണ്ടത് മാനേജർ അരവിന്ദാക്ഷൻ നായരുടെ മുറിയിൽ ഇരിക്കുന്ന മന്നത്ത് പത്മനാഭനെയാണ്. പേടിയോടെ ചെന്നപ്പോൾ മന്നം പറഞ്ഞു: നാടകം കണ്ടു. നന്നായിരുന്നു. എന്നിലെ കുറവുകൾ തിരിച്ചറിയാൻ എനിക്കു സാധിച്ചു. നന്നായി പഠിക്കുകയും വേണം. ഇവിടത്തെ ഒച്ചപ്പാടിലും ബഹളത്തിലും തനിക്കു പഠിക്കാൻ കഴിയുമോ? എനിക്ക് കേശവദാസപുരത്ത് ഒരു വീടുണ്ട്. ഒറ്റയ്ക്കാണു താമസം. അരിവയ്പ്പുകാരനും അവിടുണ്ട്. താൻ ഇനി അവിടെ താമസിച്ചാൽ മതി. അങ്ങനെ മന്നത്തിന്റെ കൂടെ ഒന്നരവർഷം ഓംചേരി കേശവദാസപുരത്തെ വീട്ടിൽ താമസിച്ചു.

ലീലയെന്ന ജീവരാഗം

75 വർഷം പിന്നിടുന്ന പ്രണയകഥയാണു പ്രഫ. ഓംചേരിയുടെയും ലീല ഓംചേരിയുടെയും. തിരുവനന്തപുരത്തു പഠനത്തിനു ചേർന്ന സമയത്ത് ഒരു യോഗത്തിൽ കെ. ബാലകൃഷ്ണൻ പ്രസംഗിക്കുന്നുവെന്നറിഞ്ഞ് അവിടെയെത്തി. അന്നു കേരളഗാനം പാടാൻ ഒരു കുട്ടി വന്നു. ബോധേശ്വരൻ രചിച്ച ജയജയ കേരള കോമള ധരണീ എന്ന ഗാനമാണു പാടിയത്. കാവ്യഭംഗിയുള്ള രചനയ്ക്ക് ഇണങ്ങുന്ന ശബ്ദം. ആ പാട്ട് വല്ലാതെ ആകർഷിച്ചു. പാടിയ കുട്ടിയെയും. പാടിയത് ആരെന്നു തിരക്കി. കമുകറ ലീലാഭായ് ആണെന്നറിഞ്ഞു. കമുകറ പുരുഷോത്തമന്റെ സഹോദരി. പ്രണയബന്ധത്തിന്റെ തുടക്കം അവിടെനിന്നാണ്. ഗാന്ധി വധത്തിനു പിന്നാലെ 1948ൽ ഓംചേരി എഴുതിയ കവിത പാടാൻ ആകാശവാണി റേഡിയോ നിലയം അധികൃതർ തിരഞ്ഞെടുത്തതു ലീലയെയായിരുന്നു. ഗാനരചന: ഓംചേരി. പാടുന്നത്: കമുകറ ലീലാഭായ് എന്ന അനൗൺസ്‌മെന്റോടെ ഗാനം അവതരിപ്പിച്ചു. ഇരുവരും തമ്മിലുള്ള പ്രണയം അന്നു പരസ്യമായ രഹസ്യമായിരുന്നു. ബിഎ പഠനം പൂർത്തിയാക്കിയതിനു പിന്നാലെ ലീലയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പല പ്രതിസന്ധികളുണ്ടായെങ്കിലും 1950 മാർച്ച് 24ന് ഇരുവരും വിവാഹിതരായി.

നാളികേരത്തിന്റെ നാട് വിട്ട്

1952ലാണു ഡൽഹിയിലെത്തുന്നത്. യുപിഎസ്‌സി പരീക്ഷ എഴുതുക, കുത്തുബ് മിനാറും െചങ്കോട്ടയും കണ്ടു മടങ്ങുക; ഇതു രണ്ടുമായിരുന്നു ലക്ഷ്യം. പക്ഷേ, മടങ്ങിപ്പോക്കുണ്ടായില്ല. ഡൽഹിക്കാരനായി മാറി. പക്ഷേ, ഇപ്പോഴും ഹിന്ദി അറിയില്ല. അശോക് വിഹാറിലെ വസതിയിൽ വൈക്കത്തെ വീടിന്റെ ഓർമകളുമായി തെങ്ങിന്റെ ചിരട്ടയിൽ തീർത്ത ഒരു ഭസ്മക്കൂടയുണ്ട്. പിതാവ് പി. നാരായണപിള്ള ഉപയോഗിച്ചിരുന്നത്. തെങ്ങ് തന്റെ ജീവിതത്തിന്റെ പ്രധാനഭാഗമായിരുന്നുവെന്ന് ഓംചേരി പറയുന്നു. സ്‌കൂളിൽ ഉച്ചഭക്ഷണം കൊണ്ടുപോകാനും സ്‌കൂളിലെ ഫീസ് നൽകാനും മറ്റും സാധിച്ചിരുന്നതു തെങ്ങിൽ നിന്നുള്ള വരുമാനത്തിൽ നിന്നായിരുന്നു. ഓരോ ആവശ്യത്തിനും ആരെയെങ്കിലും തെങ്ങിൽ കയറ്റി തേങ്ങാ ഇടുന്നതായിരുന്നു പതിവ്. തെങ്ങിനെ അദ്ദേഹം ഉപകാരസ്മരണകളോടെ കാണുന്നു. 18ാം വയസ്സിൽ ആദ്യ ജോലി ലഭിച്ചപ്പോൾ ആദ്യ ശമ്പളം വീട്ടിലേക്ക് അയച്ച് അതിൽ ഒരു ഭാഗം വീട്ടിലെ തെങ്ങുകൾക്കു കട്ടയിറക്കാൻ ഉപയോഗിക്കണമെന്നാണ് അറിയിച്ചത്.

ഇനിയുമെഴുതി ഒഴുകും

ഡൽഹി അശോക് വിഹാറിലെ വീട്ടിൽ ഭാര്യ ലീല ഓംചേരി, സഹായികളായ മുഷ്ടകിൻ, വനിത എന്നിവർക്കും പുസ്തകങ്ങൾക്കുമൊപ്പമാണ് ഇപ്പോൾ പ്രഫ. ഓംചേരി. ബിഹാർ സ്വദേശിയായ മുഷ്ടകിൻ 1984ലാണ് പ്രഫ. ഓംചേരിയുടെ സഹായിയായി ഇവിടെയെത്തുന്നത്. 5 വർഷം കഴിഞ്ഞു പാലക്കാട് സ്വദേശിനിയായ വനിതയും. നഗരത്തിലെ സാംസ്‌കാരിക ഇടങ്ങളിൽ സജീവമായിരുന്ന പ്രഫ. ഓംചേരി കോവിഡ് പശ്ചാത്തലത്തിൽ പൊതുപരിപാടികൾ പൂർണമായി ഒഴിവാക്കി. പക്ഷേ, സൗഹൃദസംഘങ്ങളുടെ വലയം കരുത്തായി ഒപ്പമുണ്ട്. 2018ൽ പൂർത്തിയാക്കിയ ആകസ്മികം എന്ന പുസ്തകത്തിനു 2020ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഈയിടെ കേരള സർക്കാരിന്റെ കേരളശ്രീ പുരസ്‌കാരവും തേടിയെത്തി. മനസ്സിൽ ആകുലതയൊന്നുമില്ലാത്തതാണു ആരോഗ്യത്തിന്റെ രഹസ്യമെന്ന് അദ്ദേഹം പറയുന്നു. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ പ്രായത്തിന്റെ അസ്വസ്ഥതകളൊന്നുമില്ല. ഉച്ചയുറക്കവുമില്ല. രാത്രി12 മണി വരെ വായനയിൽ സജീവം. 99ാം വയസ്സിലും എഴുത്തു കൈവിടില്ല. ഡോ. സുധാംശു ചതുർവേദിയുടെ ഭാസനാടക സർവസ്വം എന്ന കൃതി ചെറു നാടകങ്ങളാക്കി എഴുതുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് പ്രഫ. ഓംചേരിയുടെ വാക്കുകൾ.

English Summary : Dramatist Omchery N. N. Pillai birth centenary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com