ADVERTISEMENT

ഹിന്ദിസിനിമാരംഗം കണ്ട ഏറ്റവും വലിയ ‘ഷോമാൻ’ രാജ്കപൂർ ആയിരുന്നു. തന്റെ ചലച്ചിത്രപ്രദർശനം നടന്നിരുന്ന എല്ലാ സ്ഥലങ്ങളിലും ആരാധകരുള്ള ഒരു നടനായിരുന്നു അദ്ദേഹം. ഞാൻ ഉൾപ്പെടെയുള്ള കൗമാരക്കാർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വളരെ പ്രതീക്ഷയോടെയാണു കാണാൻ പോയിരുന്നത്. നല്ല പാട്ടുകളും മികച്ച കഥയും ഹൃദ്യമായ അഭിനയമുഹൂർത്തങ്ങളും രാജ്കപൂറിന്റെ ചിത്രങ്ങളിൽ ഉറപ്പായും ഉണ്ടാകും. ഒരു സാധാരണ പ്രേക്ഷകന് ആഗ്രഹിക്കാവുന്നതിലും അപ്പുറം എന്തെല്ലാമോ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമ്മാനിച്ചു.

ഞാൻ യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലത്താണു രാജ്കപൂർ–നർഗീസ് ടീമിന്റെ ‘ആവാര’ കേരളത്തിൽ പ്രദർശനത്തിനെത്തുന്നത്. കയ്യിൽ അധികം കാശില്ലാതിരുന്ന സമയത്താണ് ചിത്രത്തിന്റെ വരവ്. എനിക്കാണെങ്കിൽ സിനിമയ്ക്കു പോയേ പറ്റൂ. രാജ്കപൂറിന്റെ ‘ആവാര’ കണ്ടില്ലെങ്കിൽ പിന്നെന്തോന്നു സുഖം. പക്ഷേ, കാശിനു കാശ് തന്നെ വേണമല്ലോ. തിയറ്റർ വരെ നടന്നു പോകാമെന്നു വയ്ക്കാം. എന്നാലും പോരല്ലോ. ടിക്കറ്റെടുക്കാൻ കാശ് വേണ്ടേ?

വൈകിട്ടായപ്പോൾ ‘ആവാര മോഹം’ കലശലായി. പിന്നെ വീട്ടിലിരിക്കാൻ തോന്നിയില്ല. കിട്ടാവുന്നതിൽ നല്ല ഒരു ഷർട്ടും എടുത്തിട്ടു പുറത്തേക്കിറങ്ങി. ഒരു ‘ഇൗവനിങ് വോക് ’ എന്നതിനപ്പുറം യാതൊരുചിന്തയും മനസ്സിലില്ല.

അങ്ങനെ നടന്നുമുന്നോട്ട് പോകുമ്പോൾ അതാ വരുന്നു ശങ്കരൻനായർ. ഗൗരീശപട്ടത്തുള്ള സുഹൃത്ത്. അടുത്തെത്തി. വെറുതേ ഒരു കുശലം, ‘ശങ്കരൻനായർ എങ്ങോട്ടാ ?

‘ഒരു ഷർട്ട് വാങ്ങണം..’ ശങ്കരൻനായരുടെ മറുപടി. ആ നിമിഷം എന്റെ മനസ്സിൽ ലഡു പൊട്ടിയോ? പൊട്ടി. പ്രതീക്ഷയുടെ മിന്നൽപ്പിണർ.

madhu-rinkuraj-photo

‘ശങ്കരൻനായരേ ഷർട്ട് നമുക്കു വാങ്ങാം. രാജ്കപൂറിന്റെ ആവാര ഇറങ്ങിയത് അറിഞ്ഞില്ലേ. ആദ്യം നമുക്കതു കാണാം. പിന്നീടാകാം ഷർട്ട് വാങ്ങുന്നത്...’ എന്റെ നിർദേശം ശങ്കരൻനായർക്ക് ബോധിച്ചു. അങ്ങനെ പത്തു പൈസ കയ്യിലില്ലാത്ത ഞാനും ഷർട്ട് വാങ്ങാനുള്ള‍ പൈസ കൊണ്ട് സമ്പന്നനായ ശങ്കരൻനായരും കൂടി ആവാര സിനിമ കളിക്കുന്ന തിയറ്ററിലേക്കു പോയി. ഷർട്ട് വാങ്ങാൻ വച്ച കാശു കൊണ്ട് ഞങ്ങൾ അന്തസ്സായി ആവാര കണ്ടു. ആനന്ദത്തോടെ.

സിനിമ എനിക്കു വളരെ ഇഷ്ടപെട്ടു. ശങ്കരൻനായർക്കും സിനിമ ഇഷ്ടപെട്ടു. അതുറപ്പ്. പക്ഷേ ഷർട്ട് വാങ്ങാൻ വച്ചിരുന്ന കാശെടുത്ത് സിനിമ കണ്ടതു കൊണ്ടാണോ എന്നറിയില്ല ശങ്കരൻനായരുടെ മുഖത്ത് ‘സന്തോഷം’ പ്രകടമായിരുന്നില്ല.

ആവാര സിനിമയെക്കുറിച്ചു ഞാൻ വാചാലനാകുമ്പോൾ ശങ്കരൻനായർ അതു കേൾക്കുന്നതുപോലെ നടിച്ചു. എന്നിട്ട് ആത്മഗതം പോലെ, ‘ അല്ല ഷർട്ട് വാങ്ങാതെ വീട്ടിൽച്ചെന്നാൽ കുഴപ്പമാകുമല്ലോ... ’ എന്നോ മറ്റോ പുലമ്പും. ഞാനത് കേൾക്കുന്നുണ്ടെങ്കിലും കേൾക്കാത്ത മട്ടിൽ നടന്നു.

ചിന്താഭാരം കൂടുതലായതു കൊണ്ടാണോ എന്നറിയില്ല ശങ്കരൻനായരുടെ നടത്തത്തിനു വേഗമുണ്ടായിരുന്നില്ല. ആവാര പകർന്ന ലഹരിയിൽ ഞാൻ വേഗം നടക്കുമ്പോൾ ശങ്കരൻനായർക്ക് ആമയുടെ കാലുകളായിരുന്നു.

ഷർട്ടില്ലാതെ വീട്ടിലേക്കു‌ കയറിച്ചെന്നാലത്തെ അവസ്ഥയോർത്ത് അയാൾ അക്ഷരാർഥത്തിൽ തളർന്നു. ഞാനാണെങ്കിൽ പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിലാണു നടക്കുന്നതും. നടന്നു നടന്ന് ഞങ്ങൾക്കു പിരിയേണ്ട വഴിയായി. ശങ്കരൻനായർക്ക് അയാളുടെ വീട്ടിലേക്കും എനിക്ക് എന്റെ വീട്ടിലേക്കും പോകണം. ഞാൻ ശങ്കരൻനായരുടെ മുഖത്തേക്ക് ഒന്നു നോക്കി. ആ മുഖത്ത് ‘രക്തപ്രസാദം’ എന്നൊന്ന് കണികാണാനുണ്ടായിരുന്നില്ല. മാത്രവുമല്ല, ‘ ഷർട്ട് വാങ്ങാൻ വച്ച കാശു കൊണ്ട് നീ എന്നെ പറ്റിച്ച് സിനിമ കണ്ടല്ലോടാ മഹാപാപീ ’ എന്ന ഭാവം അയാളുടെ കണ്ണുകളിൽ വായിച്ചെടുക്കാമായിരുന്നു. പാവം.

പെട്ടെന്നു ഞാൻ ധരിച്ചിരുന്ന ലിനൻ ഷർട്ട് ഉൗരി. അതു മടക്കി ശങ്കരൻനായരുടെ കയ്യിൽ കൊടുത്തു, ‘ ഇതാ ഷർട്ട്. ഇതും കൊണ്ട് വീട്ടിൽ പോയാൽ മതി....’. അപ്രതീക്ഷിതമായ ആ നടപടി ശങ്കരൻനായരെ ഞെട്ടിച്ചു കാണും. പക്ഷേ ആ ഞെട്ടൽ കാണാനോ അതു കണ്ടു ഗദ്ഗദകണ്ഠനാകുന്ന ശങ്കരൻനായരുടെ കണ്ണുകളിലെ മിഴിനീർ ഒപ്പാനോ എനിക്കു താൽപര്യമില്ലാതിരുന്നത് കൊണ്ട് ഷർട്ടില്ലാതെ െനഞ്ചും വിരിച്ചു ഞാൻ വീട്ടിലേക്കു നടന്നു.

വർഷങ്ങൾക്കു ശേഷം ശങ്കരൻനായർ ഗൗരീശപട്ടം ശങ്കരൻനായർ എന്ന അറിയപ്പെടുന്ന കവി ആയപ്പോൾ ഇൗ സംഭവം വിഷയമാക്കി അദേഹം ഒരു കവിതയെഴുതി...

‘ഇൗ ലിനൻഷർട്ടിനവകാശി ആരെന്നു ചൊല്ലാം,

കീഴതിൽ മാധവൻകുട്ടി

ആവാര കാണാൻ കാശില്ലാതലഞ്ഞപ്പോൾ....’

പൂർണമായും ഓർമയിൽ ആ വരികൾ ഇപ്പോഴില്ല. എന്നാലും മുകളിൽ പറഞ്ഞതുപോല ചിലതുണ്ടായിരുന്നു എന്നതു സത്യം. അങ്ങനെ ആ സംഭവം അക്ഷരങ്ങളാൽ അനശ്വരമാക്കി മാറ്റി ശങ്കരൻനായർ.

കവിതകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റും മുൻപ് ശങ്കരൻനായരുടെ ദൗർബല്യം നാടകമായിരുന്നു.

അഭിനയവും നാടകരചനയും എല്ലാം ശങ്കരൻനായർക്ക് ഏറെ ഇഷ്ടമായിരുന്നു. നാടകത്തോട് അമിതമായ ആഭിമുഖ്യം പുലർത്തുന്ന ‍ഞങ്ങളെപ്പോലുള്ള സുഹൃത്തുക്കൾ കൂടെ ഉള്ളപ്പോൾ ശങ്കരൻനായർ നാടകം എഴുതിയില്ലെങ്കിലേ അതിശയമുള്ളു.

ശങ്കരൻനായരുടെ നാടകത്തിൽ അഭിനയിച്ചതിന്റെ അനുഭവം എനിക്കുമുണ്ട്.

‘ചോരയുടെ നിറമുള്ള പൂക്കൾ ’ ഞെട്ടരുത് , കാവ്യാത്മകമായ ഇൗ പേര് ഗൗരീശപട്ടം ശങ്കരൻനായരുടെ ഒരു നാ‌ടകത്തിന്റേതാണ്. ഇൗ നാടകം വായിച്ചു കേട്ട ഞങ്ങൾ അത് അരങ്ങത്ത് അവതരിപ്പിക്കാൻ തീരുമാനിച്ചു.

നാടകത്തിൽ നായകനായ കാമുകന്റെ വേഷമാണ് എനിക്ക്. എന്റെ കാമുകിയായി അഭിനയിക്കാൻ എത്തിയ ‘നടി’നല്ല തടിപ്പണിക്കാരനായ യുവാവായിരുന്നു. നല്ല ഒന്നാംതരം മേശയും കസേരയും കട്ടിലുമെല്ലാം തടിയിൽ പണിയുന്ന മിടുക്കൻ. കാണാൻ സുമുഖൻ. എന്നുവച്ചാൽ പെൺവേഷം കെട്ടിവന്നാൽ ആർക്കും ഒന്നു പ്രേമിക്കാൻ തോന്നുന്ന മുഖശ്രീ ഉള്ളവൻ.

നാ‌ടകത്തിന്റെ രചന മാത്രമല്ല സംവിധാനവും നിർവഹിച്ചത് ശങ്കരൻനായർ തന്നെയായിരുന്നു. റിഹേഴ്സൽ കൃത്യമായി നടന്നു. എന്റെ ‘കാമുകി’യുടെ അഭിനയം മോശമല്ലായിരുന്നു. പക്ഷേ ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള ‘കൈക്രിയകൾ’ അരോചകമായി. സംവിധായകൻ പലതവണ ഇടപ്പെട്ട് ഇൗ കരപ്രയോഗം നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. ഏറെക്കുറെ അദ്ദേഹം അതിൽ വിജയിക്കുകയും ചെയ്തു. എങ്കിലും എന്റെ ഉള്ളിൽ അൽപം ഭയം കെടാതെ കിടന്നിരുന്നു. അതിന്റെ കാരണം മറ്റൊന്നുമല്ല. ഞാനാണല്ലോ കാമുകൻ. സ്വാഭാവികമായും കാമുകിയുമായി കൂടുതൽ സല്ലപിക്കുകയും സംവദിക്കുകയും ഒക്കെ ചെയ്യേണ്ടി വരുന്നത് എനിക്കാണല്ലോ. ഞങ്ങളുടെ പ്രണയരംഗങ്ങൾ കാമുകിയുടെ ഇൗ അതിരുവിടുന്ന ‘കരവിരുതിനാൽ ’ പ്രണയഗോഷ്ഠിയായി തീരുമോ എന്ന ഭയം . അതത്ര എളുപ്പം മനസ്സിൽ നിന്നു പോകുന്നതല്ലല്ലോ.

നാടകം അവതരിപ്പിക്കേണ്ട ദിവസം വന്നെത്തി. സായാഹ്നമായപ്പോഴേക്കും വിജെടി ഹാൾ(ഇന്നത്തെ മഹാത്മാ അയ്യങ്കാളി ഹാൾ) കാ​ണികളെ കൊണ്ടു നിറഞ്ഞു. ഏതൊരു നടനെയും അഭിനയിക്കാൻ പ്രേരിപ്പിക്കുന്ന മികച്ച സദസ്സ്. നാടകം ആരംഭിച്ചു. ഒന്നാം രംഗം വലിയ തെറ്റില്ലാതെ കഴിച്ചുകൂട്ടി. അൽപം ആശ്വാസം തോന്നി. എന്റെ ‘കാമുകി’ സ്വയം നിയന്ത്രിച്ചും കൈകൾക്ക് പ്രത്യേക നിയന്ത്രണസംവിധാനം ഏർപ്പെടുത്തിയുമാണ് അഭിനയിക്കുന്നത് എന്നെനിക്കു ബോധ്യപ്പെട്ടു.

അടുത്ത രംഗത്തിൽ എപ്പോഴോ ആണെന്നു തോന്നുന്നു ഞാനും കാമുകിയും തമ്മിലുള്ള പ്രണയസല്ലാപം തുടങ്ങി. ഡയലോഗുകളെല്ലാം രണ്ടു പേരും ഹൃദിസ്ഥമാക്കിയിരുന്നതിനാൽ വാക്കുകൾക്ക് നല്ല ഒഴുക്ക്. അപ്പോൾ അതാവരുന്നു കാമുകിയുടെ ഡയലോഗ്, ‘ അങ്ങയുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ തുളച്ചുതുളച്ചു കയറുകയാണ്..’ ഇതു വികാരനിർഭരമായി പറയുന്നതോടൊപ്പം വലതുകയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ‘തുളച്ചുകയറുന്ന’ ആക്‌ഷൻ ( സ്ക്രൂഡ്രൈവർ തിരുകിത്തിരുകി കയറ്റും പോലെ) കാമുകി കാണിച്ചതും ഒരുമിച്ചായിരുന്നു.

പെട്ടെന്ന് സദസ്സിൽ നിന്നൊരു പൊട്ടിച്ചിരി. പിന്നീടത് കൂട്ടച്ചിരിയായി. കൂട്ടച്ചിരി കൂവലാകാൻ അധികസമയം വേണ്ടിവന്നില്ല. നായും നരിയും കോഴിയും പൂച്ചയുമെല്ലാം ഒരുമിച്ചു നാടകം കാണാൻ വന്ന പ്രതീതി. ആർക്കും ഒന്നും കേൾക്കാൻ ഒക്കുന്നില്ല. എന്റെ കാമുകി പറയുന്നത് തൊട്ടടുത്തു നിൽക്കുന്ന എനിക്കു പോലും മനസ്സിലാകുന്നില്ല. ഞാൻ പതുക്കെ കാമുകിയോട് നാടകത്തിൽ ഇല്ലാത്ത ‘ഒരു യാത്ര പറച്ചിൽ’ നടത്തി രംഗത്ത് നിന്നു നിഷ്ക്രമിച്ചു.

എന്നിട്ടും കാണികൾ ദയാദാക്ഷിണ്യമില്ലാതെ കൂവുകയാണ്. 10 മിനിറ്റു കൂടി ഞാൻ സഹിച്ചു. പിന്നെ ആരും എന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവന്ന നേരം ഞാൻ ഹാളിന്റെ പിൻവശത്തെ മതിൽ ചാടിക്കടന്ന് എന്റെ വീടു ലക്ഷ്യമാക്കി ഓടി. കുറുക്കനും നായയുമൊക്കെ എന്നെ പിന്തുടരുന്നു എന്ന ഭാവമായിരുന്നു എനിക്ക്. വീടെത്തി. മുറിയിൽക്കയറി കതകടച്ചു കിടന്നു.

പിറ്റേന്ന് ശങ്കരൻനായരെ കാണാൻ ഞാൻ വീട്ടിൽച്ചെന്നു. ക്ഷമ പറയണമെന്നു കരുതി പോയതാണ്. കണ്ടപ്പോഴേ ചോദിച്ചു, ‘നാടകം എങ്ങനെ തീർന്നു ... ? എന്റെ ചോദ്യത്തിന് ശങ്കരൻനായർ തന്ന മറുപടി ഇതായിരുന്നു, ‘ ​ആർക്കറിയാം എങ്ങനെ തീർന്നെന്ന്...കൂവൽ സഹിക്കുന്നതിനും ഒരതിരില്ലേ...ഞാൻ മതിലു ചാടി ഓടി വീട്ടിൽ പോയി. ഇത്ര കലാബോധമില്ലാത്ത നാട്ടുകാരെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.....പിന്നെ നിന്റെ കാമുകി, അവനെങ്ങാനും എന്റെ മുമ്പിൽ വന്നാൽ അവന്റെ കൈ ഞാൻ വെട്ടിക്കളയുമെന്നു പറഞ്ഞേക്ക്....’

ഇൗ മറുപടി കേട്ടതോടെ എനിക്കു ചിരിക്കാൻ വയ്യാത്ത അവസ്ഥയായി.

‘ചോരയുടെ നിറമുള്ള പൂക്കൾ’ കൂവലിന്റെ അകമ്പടിയുള്ള നാടകമായി അതിന്റെ ആദ്യത്തെയും അവസാനത്തേതുമായ കളി അങ്ങനെ തീർത്തു.

English Summary : Memories by actor Madhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com