സ്റ്റാഫ് റൂമിലെ റിഹേഴ്സലും ഒരു നടനും
Mail This Article
യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലത്ത് നാടകത്തെ വളരെ ഗൗരവപൂർവം സമീപിക്കുന്ന കുറെ സുഹൃത്തുക്കളെ എനിക്കു കിട്ടി. അതിൽ പ്രധാനികൾ കൈനിക്കര പത്മനാഭപിള്ളയുടെ മകൻ കർമചന്ദ്രനും പിൽക്കാലത്ത് പത്രപ്രവർത്തകനായി പേരെടുത്ത കെ.ജി.പരമേശ്വരൻനായരുമാണ്. ഇരുവരും അന്നു യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുകയാണ്. ഉദ്യോഗസ്ഥനായ കെ.എസ്. കൃഷ്ണനും ഞങ്ങളുടെ നാടകകൂട്ടായ്മയിൽ സജീവമായിരുന്നു.
യഥാർഥത്തിൽ കൗമുദി കെ.ബാലകൃഷ്ണനാണ് ഇൗ കൂട്ടായ്മയുടെ പ്രധാന ആകർഷണം. കർമചന്ദ്രനും മറ്റും അക്കാലത്ത് അദ്ദേഹത്തിന്റെ ഓഫിസിലെ സ്ഥിരം സന്ദർശകരാണ്. ഇവരുടെ സംഘം ഒരുമിച്ച് കൂടാറുണ്ടായിരുന്ന മറ്റൊരുസ്ഥലം വഞ്ചിയൂരിലുള്ള സി.എൻ.ശ്രീകണ്ഠൻനായരുടെ വാടകവീടാണ്.
ഇൗ സാഹിത്യാഭിരുചിക്കാരുടെ ഇടയിലേക്കു ഞാൻ ചെന്നുപെടുകയായിരുന്നു. എന്തായാലൂം നാടകത്തോട് ഞങ്ങൾക്കേവർക്കുമുള്ള അതിരുകവിഞ്ഞ അഭിവാഞ്ഛ ഞങ്ങളുടെ സൗഹൃദം ദൃഢമാക്കി. കർമചന്ദ്രനും കെ.എസ്.കൃഷ്ണനും അക്കാലത്തു തന്നെ നാടകങ്ങൾ എഴുതുമായിരുന്നു. കർമചന്ദ്രന്റെ പല നാടകങ്ങളും ഞങ്ങൾ കോളജിനു പുറത്ത് അവതരിപ്പിച്ചിട്ടുമുണ്ടായിരുന്നു.
കെ.എസ്.കൃഷ്ണന്റെ ‘ദൈവം അൽപം താമസിച്ചുപോയി’ എന്ന നാടകത്തിൽ ഞാൻ അഭിനയിച്ചു. അതിൽ എനിക്കു ലഭിച്ചത് അൽപം ഹാസ്യം കലർന്ന കഥാപാത്രത്തെയാണ്. എന്തായാലും നാടകം ഞങ്ങൾ വളരെ ഭംഗിയായി വിജെടി ഹാളിൽ (ഇപ്പോഴത്തെ മഹാത്മാ അയ്യങ്കാളി ഹാളിൽ) അവതരിപ്പിച്ചു. കാണികളുടെ കയ്യടിയും ലഭിച്ചു. എന്റെ കഥാപാത്രം കാണികളുടെ ശ്രദ്ധപിടിച്ചു പറ്റിയതായി എനിക്കപ്പോൾ തോന്നിയില്ല.
എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് പി.കെ.വേണുക്കുട്ടൻനായർ എന്നെ സമീപിച്ചു. പ്രഫ.എൻ.കൃഷ്ണപിള്ളയുടെ ‘അഴിമുഖത്തേക്ക് ’ എന്ന നാടകത്തിൽ ഒരു വേഷം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അതൊരു വാല്യക്കാരന്റെ വേഷമാണ്. ഇത്തരം കഥാപാത്രങ്ങൾ അക്കാലത്തെ നാടകങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഹാസ്യം അവതരിപ്പിക്കാനാണ്. നാടകത്തിന്റെ ഒരവതരണം കഴിഞ്ഞു. ഇനി അടുത്തത് അവതരിപ്പിക്കേണ്ടത് സാഹിത്യപരിഷത്തിലാണ്. എന്നോടഭിനയിക്കാൻ പറഞ്ഞ കഥാപാത്രം ആദ്യത്തെ അരങ്ങിൽ അവതരിപ്പിച്ചത് സാക്ഷാൽ അടൂർ ഭാസി. എന്നാൽ സാഹിത്യപരിഷത്തിൽ നാടകം അവതരിപ്പിക്കേണ്ട സമയത്ത് അദ്ദേഹത്തിന് ഒഴിച്ചു കൂടാനാകാത്ത മറ്റെന്തോ തിരക്കുള്ളതുകൊണ്ട് പകരക്കാരനാകാനാണ് എന്നെ വിളിക്കുന്നത്.
ഭാസി ചെയ്ത വേഷം ഞാൻ ചെയ്താൽ നന്നാകുമോ എന്നു ന്യായമായും ഒരു സംശയം എനിക്കുണ്ടാകുമല്ലോ. അത് ഞാൻ വേണുക്കുട്ടൻനായരോട് പ്രകടിപ്പിച്ചപ്പോഴാണ് കെ.എസ്.കൃഷ്ണന്റെ ‘ദൈവം അൽപം താമസിച്ചുപോയി’എന്ന നാടകം അദ്ദേഹം കണ്ടു എന്നും എന്റെ അഭിനയം ഇഷ്ടപ്പെട്ടു എന്നും വേണുക്കുട്ടൻനായർ പറഞ്ഞത്. അതു കൊണ്ടുകൂടിയാണ് അഴിമുഖത്തേക്ക് എന്ന നാടകത്തിലേക്ക് വിളിച്ചതെന്നും പറഞ്ഞപ്പോൾ എനിക്കൊരു കാര്യം കൂടുതൽ ഉറപ്പായി – ഞാൻ തരക്കേടില്ലാതെ അഭിനയിക്കുന്നുണ്ട്. കെ.എസ്.കൃഷ്ണന്റെ നാടകത്തിലെ എന്റെ പ്രകടനം മോശമായില്ല എന്നെനിക്കു പൂർണബോധ്യം വന്നതും ആ നിമിഷത്തിലാണ്.‘അമ്പടാ ഞാനേ’ എന്നൊരു ഭാവം എന്റെ ഉള്ളിൽ ആ നിമിഷം ഉയർന്നിട്ടുണ്ടാകണം.
പി.കെ.വേണുക്കുട്ടൻനായരുടെ ആഗ്രഹത്തിനു വഴങ്ങി ‘അഴിമുഖത്തേക്ക് ’ എന്ന നാടകത്തിൽ അഭിനയിക്കാമെന്നു ഞാൻ സമ്മതിച്ചു. ഇൗ നാടകത്തിൽ അഭിനയിക്കാൻ അക്കാലത്ത് തന്നെ മലയാള സിനിമയിൽ പേരെടുത്ത നടിയായിരുന്ന മിസ് കുമാരി ഉണ്ട്. കൂടാതെ പ്രഗത്ഭനാടകനടനായിരുന്ന ടി.ആർ. സുകുമാരൻനായരും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇങ്ങനെ പ്രഗത്ഭന്മാരെല്ലാം കൂടി അഭിനയിക്കുന്ന നാടകത്തിൽ അവരോടൊപ്പം അഭിനയിക്കാൻ കഴിയുക എന്നത് ചില്ലറക്കാര്യമല്ല. നാടകത്തോട് എന്തെങ്കിലും താൽപര്യമുള്ള ആരും അത്തരം അവസരങ്ങൾ കൈമോശം വരുത്തില്ലല്ലോ. ഞാനും വരുത്തിയില്ല. കേറിയങ്ങേറ്റു. വാല്യക്കാരനെങ്കിൽ വാല്യക്കാരൻ, ഒരു കൈനോക്കിയിട്ടു തന്നെ കാര്യം.
ഞാൻ മാത്രമാണ് പുതിയതായി നാടകത്തിൽ അഭിനയിക്കാൻ ഉണ്ടായിരുന്നത്. മിസ് കുമാരിയായാലും ടി.ആർ.സുകുമാരൻനായരായാലും ആദ്യ അവതരണത്തിൽ അഭിനയിച്ചവർ. അവർക്കാർക്കും റിഹേഴ്സൽ വേണ്ട. എനിക്ക് റിഹേഴ്സലില്ലാതെ കഥാപാത്രമാകാൻ സാധിക്കില്ലല്ലോ.
വേണുക്കുട്ടൻനായർ എനിക്കു മാത്രമായി റിഹേഴ്സൽ വച്ചു. യൂണിവേഴ്സിറ്റി കോളജിലെ മലയാളം ഡിപ്പാർട്ട്മെന്റിന്റെ സ്റ്റാഫ് റൂമിലായിരുന്നു ഞങ്ങളുടെ പരിശീലനം. അവിടം റിഹേഴ്സലിനു അനുവദിച്ച് കിട്ടിയതു കൃഷ്ണപിള്ളസാറിന്റെ സ്വാധീനം കൊണ്ടാണ്. അദ്ദേഹം അന്നവിടെ അധ്യാപകനായിരുന്നല്ലോ. അഴിമുഖത്തേക്ക് ആണെങ്കിൽ അദ്ദേഹത്തിന്റെ സ്വന്തം നാടകം. അതു നല്ല രീതിയിൽ അവതരിപ്പിച്ച് കാണണമെന്നു തീർച്ചയായും അദ്ദേഹത്തിനും തോന്നിക്കാണാം. ഇതിനു പുറമേ വേണുക്കുട്ടൻനായരുടെ അപേക്ഷാ ഭാവത്തിലുള്ള സമ്മർദം. ഇതെല്ലാം കൂടി ആയപ്പോൾ കൃഷ്ണപിള്ള സാർ തന്നെ സ്റ്റാഫ് റൂമിൽ റിഹേഴ്സൽ നടത്താൻ അനുമതി തന്നു.
കോളജ് വിട്ട് അധ്യാപകരെല്ലാം പോയിക്കഴിഞ്ഞാണു ഞാനും വേണുക്കുട്ടൻനായരും റിഹേഴ്സൽ ആരംഭിക്കുക. അതു മണിക്കൂറുകളോളം നീണ്ടു നിൽക്കും. സംവിധാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലാത്ത ആളായിരുന്നു വേണുക്കുട്ടൻനായർ. കർക്കശക്കാരൻ.
എന്റെ കഥാപാത്രമായ വാല്യക്കാരനോടൊപ്പം അഭിനയിക്കുന്നവർക്കു പകരമായി പലപ്പോഴും ഡ്യൂപ്പുകളാണു വേഷമിട്ടത്. പി.കെ.വേണുക്കുട്ടൻനായർ എന്ന സംവിധായകൻ വരെ അത്യാവശ്യസന്ദർഭങ്ങളിൽ ഡ്യൂപ്പായി. അങ്ങനെ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഞാൻ എന്റെ കഥാപാത്രത്തെ എനിക്കാവും വിധം ഉൾക്കൊണ്ടു. വലിയ കാലതാമസമില്ലാതെ ഞാൻ ഡയലോഗുകൾ പഠിച്ചു മിടുക്കനുമായി.
തിരുവനന്തപുരത്ത് സംസ്കൃതകോളജിൽ വലിയ പന്തലിട്ടാണ് അക്കാലത്ത് സാഹിത്യപരിഷത്ത് സമ്മേളനം. ഏതായാലും അഭിജാതമായ ഒരു സദസ്സിന്റെ മുന്നിൽ ‘അഴിമുഖത്തേക്ക് ’അവതരിപ്പിക്കപ്പെട്ടു. ഗംഭീരമായ സ്വീകരണം നാടകത്തിനു ലഭിച്ചു.
സംവിധായകൻ വേണുക്കുട്ടൻനായർക്ക് മാത്രമല്ല ഞങ്ങൾ അഭിനേതാക്കൾക്കെല്ലാം വലിയ അഭിമാനം തോന്നിയ നിമിഷങ്ങൾ. എന്റെ വേഷം മോശമായില്ല. അതെനിക്ക് ഉറപ്പിച്ച് പറയാൻ കഴിയുന്നത് പ്രേക്ഷക പ്രതികരണം ഉടനടി ലഭിച്ചതു കൊണ്ടാണ്. പുഞ്ചിരി മുതൽ പൊട്ടിച്ചിരി വരെ നൽകി പ്രേക്ഷകർ എന്റെ വാല്യക്കാരനെ അനുഗ്രഹിച്ചു.
‘അഴിമുഖത്തേക്ക് ’ നാടകം ഞങ്ങൾ അവതരിപ്പിച്ചതിന്റെ അടുത്ത ദിവസം അരങ്ങിലെത്തിയത് സാക്ഷാൽ കെ.ടി.മുഹമ്മദിന്റെ ‘ഇതു ഭൂമിയാണ്’ എന്ന നാടകമാണ്. ശക്തമായ സാമൂഹിക, സാമുദായിക വിമർശനങ്ങൾ ഉണ്ടായിരുന്ന നാടകം.
ആ നാടകത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് അതിലെ ഹാജിയാർ എന്ന വയസ്സൻ കഥപാത്രത്തെ അവതരിപ്പിച്ച നടന്റെ പ്രകടനമാണ്. കൈ പിറകിൽ കെട്ടിയുള്ള അയാളുടെ നടത്തവും മൂളലുമെല്ലാം സാക്ഷാൽ ഹാജിയാരുടേതു തന്നെ. എനിക്കതു വളരെ ഹൃദ്യമായി തോന്നി.
ആ നാടകത്തിലെ രസകരമായ ഒരു ഗാനവും എന്നെ ആകർഷിച്ചു. അതിലെ മുഴുവൻ വരികളും എനിക്കോർമയില്ല എന്നാൽ തുടക്കം ഇങ്ങനെയായിരുന്നു.
‘തലനാരീഴ ഏഴായി കീറീട്ട്
അതു കൊണ്ടു പാലം കെട്ടീട്ട്
അതിലൂടെ നടക്കണമെന്നല്ല്യോ
പറയൂന്നത് മരീച്ച് ചെന്നിട്ട്....’
കുറെക്കാലത്തേക്ക് ആ പാട്ടു മൂളിനടക്കുക, ആരും കേൾക്കാത്തപ്പോൾ ഉറക്കെ പാടിനോക്കുക എന്നിവ എന്റെ ഒരു ശീലമായിരുന്നു. എന്തിന്, ഇപ്പോഴും ആ വരികൾ അറിയാതെ ഇടയ്ക്കു ഞാൻ മൂളിപ്പോകാറുണ്ട്. മനസ്സിൽ പതിഞ്ഞു പോയ വരികൾ. നാടകാവതരണം കഴിഞ്ഞ് ഞങ്ങൾ അണിയറയിൽ ചെന്നു. എനിക്കു നാടകത്തിലെ ‘ഹാജിയാരെ’ ഒന്നു കാണണമെന്നുണ്ടായിരുന്നു. പക്ഷേ അവിടെ നടീനടൻമാരുടെ ഇടയിൽ അത്രയും പ്രായമുള്ള ആരെയും ഞാൻ കണ്ടില്ല.
രഹസ്യമായി ഞാൻ നാടകത്തിന്റെ ശിൽപികളിൽ ഒരാളോട് ‘ഹാജിയാർ ആയി അഭിനയിച്ചത് ആരായിരുന്നു’ എന്നന്വേഷിച്ചു. അയാൾ ചൂണ്ടിക്കാട്ടി. ഞാൻ അത്ഭുതപ്പെട്ടു പോയി. കാരണം അവർ കാട്ടിത്തന്ന വ്യക്തിക്ക് 20 വയസ്സ് പോലും കണ്ടാൽ തോന്നില്ല. ഇൗ ചെറുപ്പക്കാരനോ ആ പ്രായമായ ഹാജിയാരായി വേഷമിട്ടത്? ഛെ! അതെങ്ങനെ ശരിയാകും. എനിക്ക് അതു പെട്ടെന്ന് ഉൾക്കൊള്ളാനായില്ല. പക്ഷ, പിന്നീട് എല്ലാവരും പറഞ്ഞപ്പോൾ എനിക്കതു ബോധ്യമായി. ആ ഹാജിയാരുടെ വേഷം ചെയ്ത നടൻ പിന്നീടു മലയാളസിനിമയിൽ മികച്ച നടനെന്നുള്ള പേരെടുത്ത കെ.പി.ഉമ്മറായിരുന്നു. ഉമ്മറിന്റെ അഭിനയം ആബാലവൃദ്ധം അന്ന് ആസ്വദിച്ചു, ഞാനും. പക്ഷേ ആ നടനെ അന്നു പരിചയപ്പെടാൻ എനിക്കു സാധിച്ചില്ല. ഞാനതിന് എന്തു കൊണ്ടോ ശ്രമിച്ചില്ല എന്നു പറയുന്നതാകും കൂടുതൽ ശരി. ഉമ്മറിനെ പരിയപ്പെടുന്നതിനു ദൈവം മറ്റൊരവസരം ആണ് കരുതിവച്ചിരുന്നത്.
വാല്യക്കാരനെ അവതരിപ്പിച്ച് വിജയിപ്പിച്ചതിലുള്ള ‘അമ്പട ഞാനേ’ ഭാവം ‘ഇതു ഭൂമിയാണ്’ നാടകത്തിലെ ഹാജിയാരുടെ പ്രകടനം കണ്ടപ്പോൾ എന്റെ ഉള്ളിൽ നിന്നു പമ്പ കടന്നു. ഇപ്പോൾ മനസ്സ് നിറയെ ഹാജിയാരുടെ പ്രകടനമാണ്....‘അമ്പമ്പടാ ഹാജിയാരേ..!
തുടരും
English Summary : Madhu mudrakal by actor Madhu part 8