മലയാളി തുന്നിയ റബർ ബ്രാൻഡ്

HIGHLIGHTS
  • റബർകൃഷി ചെയ്യാനും പാലെടുക്കാനും ഷീറ്റടിക്കാനും മാത്രമല്ല, മികച്ച ഫാഷൻ സ്റ്റേറ്റ്മെന്റ് ആകുന്ന വസ്ത്രമൊരുക്കാനും അറിയാമെന്ന് ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്നു, മലയാളി ഡിസൈനർ ഹരികൃഷ്ണൻ
hari-brand
ഹരികൃഷ്ണൻ സാംസ്മിത്തിനൊപ്പം
SHARE

ലണ്ടനിലെ ‘ദി ഒ2’ എന്റർടെയ്ൻമെന്റ് കോംപ്ലക്സിൽ നടന്ന ‘ബ്രിറ്റ്’ സംഗീതപുരസ്കാര രാവിലേക്ക് ഗായകൻ സാംസ്മിത് നടന്നെത്തിയപ്പോൾ, കണ്ടുനിന്നവർ വീണ്ടും കണ്ണുവിടർത്തി. ബലൂൺ പോലെ ഊതിവീർപ്പിച്ച, ശരീരത്തിന്റെ അഴകളവുകളെ കളിയാക്കുന്ന കറുത്ത വസ്ത്രത്തിലെത്തിയ സാം സ്മിത് ആ രാവിന്റെ താരമായി. പിറ്റേന്നു ലോകം തിരഞ്ഞത്  ഊതിവീർപ്പിച്ച ആ ‘ലാറ്റെക്സ്’ വസ്ത്രത്തിന്റെ സ്രഷ്ടാവിനെയാണ്. ബ്രിറ്റ് അവാർഡ് നേടിയ ഹാരി സ്റ്റൈൽസിനൊപ്പം അങ്ങനെ സംഗീതനിശയിൽ ശ്രദ്ധാകേന്ദ്രമായി മറ്റൊരു ‘ഹാരി’യും. മലയാളിയായ ഫാഷൻ ഡിസൈനർ ഹരികൃഷ്ണൻ എന്ന ഇരുപത്തെട്ടുകാരൻ! 

മലയാളികൾക്കു സുപരിചിതമായ ‘റബറി’നെ ലോകഫാഷൻ ഭൂപടത്തിലേക്കു ചേർത്തുവയ്ക്കുകയായിരുന്നു ഹരികൃഷ്ണൻ. കഴി‍ഞ്ഞ വർഷം സെപ്റ്റംബറിൽ ലണ്ടൻ ഫാഷൻവീക്കിൽ അരങ്ങേറിയ ഹരിയുടെ ലാറ്റെക്സ് വസ്ത്രശേഖരം ശ്രദ്ധിക്കപ്പെട്ടതോടെയാണു ബ്രിറ്റ് പുരസ്കാര നിശയിലേക്കു വസ്ത്രമൊരുക്കാൻ ഗ്രാമി അവാർ‍ഡ് ജേതാവുകൂടിയായ സാംസ്മിത് ഹരിയെ തേടിയത്. കൊല്ലം ജില്ലയിൽ നിന്നു റെഡ് കാർപെറ്റിലേക്കുള്ള യാത്രയും ലോകം കണ്ണുവച്ച ‘ലാറ്റെക്സ്’ വസ്ത്രങ്ങളുടെ പിന്നിലെ കഥയും ഹരി പങ്കുവയ്ക്കുന്നു, ലണ്ടനിൽ നിന്ന്. 

ജീവിതം ബ്രിറ്റിന്  മുൻപും ശേഷവും 

ബ്രിറ്റ്് കഴിഞ്ഞപ്പോൾ വളരെയധികം ശ്രദ്ധകിട്ടി. സാമിനു വേണ്ടി വസ്ത്രമൊരുക്കാൻ വളരെ കുറച്ചു ദിവസം മാത്രമാണു കിട്ടിയത്. ഉറക്കമൊഴിച്ചിരുന്നു ജോലി ചെയ്താണ് അതു പൂർത്തിയാക്കിയത്. മുഴുവനായും കൈകൊണ്ടു ചെയ്യുന്നതാണത്. അതു ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. ഡിസൈനർ ഒരുക്കുന്ന വസ്ത്രത്തിന് എത്രതന്നെ മൂല്യമുണ്ടെന്നു പറ‍ഞ്ഞാലും അതുപോലെ തന്നെ ധരിക്കുന്നയാൾക്കും ഉണ്ട്. എന്റേത് സേഫ് ആയ ഡിസൈൻ അല്ല, അൽപം റിസ്കുള്ള, ബഹളമുള്ള ഒന്നാണല്ലോ. സാം അതുപോലൊരു വ്യക്തിത്വമാണ്. സാംസ്മിത് ധരിച്ചപ്പോൾ ആ ഡിസൈൻ എല്ലാരീതിയിലും ശ്രദ്ധിക്കപ്പെട്ടു. 

സാം സ്മിത് വന്ന വഴി 

brad-smith
സാം സ്മിത് ബ്രിറ്റ് വേദിയിൽ ലാറ്റക്സ് വസ്ത്രം അണിഞ്ഞപ്പോൾ.

അൽപകാലം മുൻപ് ‘പെർഫെക്ട്’ മാഗസിന്റെ ഷൂട്ടിങ്ങിനായി എന്റെ ചില വസ്ത്രങ്ങൾ നൽകിയിരുന്നു. സാംസ്മിത്തിന്റെ ഷൂട്ടായിരുന്നു. പക്ഷേ, അന്നെന്റെ ഡിസൈനുകൾ ഷൂട്ടിന് ഉപയോഗിച്ചില്ല. എങ്കിലും സാം അന്നതു ശ്രദ്ധിച്ചിട്ടുണ്ടാകാം. അദ്ദേഹത്തിന്റെ ടീം പിന്നീട് ബ്രിറ്റിനു വേണ്ടി ഡിസൈനർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം എനിക്ക് ആശങ്കയുണ്ടായിരുന്നു. സാധാരണ ആഴ്ചകളെടുത്താണ് ഈ വസ്ത്രം ചെയ്യാറുള്ളത്. എന്നാൽ ബ്രിറ്റ് ഇവന്റിന് അഞ്ചോ ആറോ ദിവസം മാത്രമേയുണ്ടായിരുന്നുള്ളൂ.  മാത്രമല്ല ലാറ്റെക്സ് ആയതിനാൽ ഉണങ്ങാനും സമയം വേണം. നാലു ദിവസം 24 മണിക്കൂറും ജോലി ചെയ്തു, ഉറക്കമില്ലാതെ. 

റെഡ് കാർപെറ്റ് എൻട്രി

എനിക്കു പേടിയുണ്ടായിരുന്നു. കാരണം സെലിബ്രിറ്റികളുടെ വിരുന്നുകൾക്കായി മൂന്നും നാലും ഫിറ്റിങ്ങുകൾ വയ്ക്കാറുണ്ട്. പല തവണ ധരിച്ചു നോക്കി, അതു കൃത്യമാക്കുകയാണു ചെയ്യുക. പക്ഷേ ഇത് ഇവന്റ് ദിവസമാണു ജോലി തീർത്തത്. അദ്ദേഹം അതു ധരിച്ചു നേരെ റെഡ് കാർപെറ്റിലേക്കു പോകുകയാണ്. 

എല്ലാം അപ്രതീക്ഷിതമായിരുന്നു. വേദിയിലേക്ക് ഏതാനും മിനിറ്റ് നടക്കാനുണ്ടായിരുന്നു. മറ്റു താരങ്ങളുടെ മുറികൾക്കു മുന്നിലൂടെയാണു പോകേണ്ടത്. സാം കടന്നുപോകുമ്പോൾ അവരെല്ലാവരും പുറത്തുവന്നു നോക്കിനിൽക്കുകയാണ്. പലരും മൊബൈൽ ഫോണി‍ൽ ഫോട്ടോയെടുക്കുന്നതും കണ്ടു.

ലാറ്റെക്സ് വസ്ത്രം

നാട്ടിൽ എനിക്കൊരു നായ്ക്കുഞ്ഞുണ്ട്– കായ്!. പഗ് ആണ്. അവനുമായി കളിക്കുമ്പോഴാണ് തീരെ ചെറുതായ അവൻ എങ്ങനെയാകും എന്നെ നോക്കിക്കാണുക എന്നൊരു ചിന്തയുണ്ടായത്. അതിൽ നിന്നാണു വ്യത്യസ്തമായ അളവിൽ ഊതിവീർപ്പിക്കുന്ന വസ്ത്രങ്ങൾ ലാറ്റെക്സ് ഉപയോഗിച്ചു നിർമിക്കുന്നതിനുള്ള പ്രചോദനമുണ്ടായത്. നാട്ടിൽ റബർ കർഷകനാണു ഞാൻ. ലണ്ടനിലെത്തുമ്പോൾ റബർ വസ്ത്രമാക്കുന്നയാളും. 

ഒരു ശിൽപം ചെയ്യുന്നതുപോലെയാണ് വസ്ത്രമൊരുക്കുന്നത്. ലാറ്റെക്സ് ഷീറ്റുകൾ ചെറിയ പാനലുകളായി മുറിച്ചെടുത്താണ് ഡിസൈൻ ഒരുക്കേണ്ടത്. സാം സ്മിത്തിനായി ഏതാണ്ട് 80– 90 പീസുകൾ ഉപയോഗിച്ചു. പാനലുകൾ ചെറുതാകുന്തോറും കൃത്യത കൂടും. അതിനുശേഷം ഉണക്കിയെടുക്കും. പൂർണമായും ഹാൻഡ്മെയ്ഡ് ആണിത്. വസ്ത്രം തയാറാക്കിയശേഷം ബലൂൺ വീർപ്പിക്കുന്നതു പോലെ അതിലേക്ക് വായു കയറ്റിയെടുക്കുകയാണ് ചെയ്യുക.

കൊല്ലം ടു ലണ്ടൻ!

ഈ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. കൊല്ലം നെടുമൺ എന്ന ഗ്രാമത്തിൽ ഫാഷനുമായി യാതൊരു ബന്ധവുമില്ലാതെയാണു വളർന്നത്. അവിടെ മുണ്ടും ഷർട്ടും ധരിച്ചു നടക്കുമ്പോൾ എന്തു ഫാഷൻ. ഞാൻ സയൻസോ കണക്കോ പഠിച്ചു നല്ലൊരു ജോലി നേടണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. പക്ഷേ ഒരിക്കൽ റോഡിലൂടെ നടക്കുമ്പോൾ കടയിൽ ‘ജിക്യൂ’ എന്ന മാഗസിൻ കണ്ടു. എങ്ങനെയോ ഒരു താൽപര്യമുണ്ടായി. ആ മാഗസിൻ പിന്നീടു വാങ്ങുമായിരുന്നു. അതിലൂടെയാണ് ഫാഷൻ  മനസ്സിലെത്തിയത്. നിഫ്റ്റിൽ ചേർന്നുപഠിക്കണമെന്നു മനസ്സിലാക്കി. രണ്ടുതവണ പരീക്ഷ എഴുതിയപ്പോൾ കിട്ടി. അങ്ങനെ ബെംഗളൂരുവിലെത്തി. പഠനകാലത്തും ആദ്യം ആശയക്കുഴപ്പമായിരുന്നു. ട്രെൻഡിങ് ക്ലോത്തിങ് അല്ല, ക്രിയേറ്റിവ് മേക്കിങ് ആയിരുന്നു എന്റെ മനസ്സിൽ. നിഫ്റ്റ് പാസായശേഷം ഡൽഹിയിൽ കുറച്ചുകാലം. അപ്രതീക്ഷിതമായാണ് ലണ്ടൻ കോളജ് ഓഫ് ഫാഷനിൽ മെൻസ് വെയർ ഫാഷനിൽ ബിരുദാന്തരബിരുദത്തിനു പ്രവേശനം ലഭിച്ചത്. ബ്രിട്ടിഷ് ഫാഷൻ കൗൺസിലിന്റെ ‘ന്യൂജെൻ റെസിപ്പിയന്റ്’ ലഭിച്ചതു വഴിത്തിരിവായി. ഫാഷൻ രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിയാണ്. അതിന്റെ ഭാഗമായി ലണ്ടൻ ഫാഷൻ വീക്കിൽ അരങ്ങേറി. 

കുടുംബം

കൊല്ലം നെടുമൺകാവ് കീഴത്തിൽ പുത്തൻവീട് സുരേന്ദ്രൻ പിള്ളയുടെയും ബീനാകുമാരിയുടെയും മകൻ. കൊല്ലം സെന്റ് ജൂഡ് സ്കൂളിലായിരുന്നു പഠനം. ‘‘കഴിഞ്ഞവർഷമാണു നാട്ടിലെത്തിയത്. അന്നും അച്ഛൻ പറഞ്ഞതു ബാങ്ക് ടെസ്റ്റ് എഴുതുന്നതിനെക്കുറിച്ചാണ്. സാധാരണ കുടുംബത്തിന് സ്ഥിരവരുമാനമുള്ള ജോലിയാണല്ലോ പ്രധാനം. സത്യത്തിൽ ബ്ലൂപ്രിന്റില്ലാതെ ജീവിക്കുന്നതുകൊണ്ടാണ് എനിക്കു ഫാഷൻ രംഗത്ത് എത്താനായത്. ഇതുവരെയുള്ള വഴിയെല്ലാം റിസ്ക് ആയിരുന്നു. ഇനിയിപ്പോൾ കൂടുതൽ പദ്ധതികളുണ്ട്. 20ന് ലണ്ടൻ ഫാഷൻവീക്കിന്റെ രണ്ടാം സീസണിൽ പുതിയ കലക്‌ഷൻ അവതരിപ്പിക്കും ’’, ഹരി പറഞ്ഞു.

വീഗനും സസ്റ്റൈനബിളും ആയ ഫാബ്രിക് എന്ന നിലയിൽ ലാറ്റെക്സ് പുതുവളർച്ച നേടുമ്പോൾ ഫാഷൻലോകം ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ‘ഹരി’ (HARRI) എന്ന ബ്രാൻഡ്. 

English Summary : Rubber brand stitched by malayali designer Harikrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS