ADVERTISEMENT

പഠിച്ചു പഠിച്ച് എവിടെ വരെയെത്താം? കാസർകോട് ജില്ലയിലെ ഉൾനാടൻ ഗ്രാമമായ കാറഡുക്കയിൽ നിന്നു പഠനത്തിനായി ഒരാൾ നടത്തിയ യാത്ര എത്തിയതു ദക്ഷിണധ്രുവത്തിലാണ്. . പഠനവും ഗവേഷണവും മാത്രം ജീവിതലക്ഷ്യമായി കണ്ട, ഗോവയിലെ നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷൻ റിസർച്ചിന്റെ (എൻസിപിഒആർ) തലവൻ ഡോ.തമ്പാൻ മേലത്തിന്റെ ജീവിതകഥ. ദക്ഷിണധ്രുവത്തിൽ കാൽ കുത്തിയ ആദ്യ മലയാളിയുടെ കഥ.

പ്രതീക്ഷകളുടെ ഭാരമില്ലാതെ

കാറഡുക്കയിലെ കർഷക കുടുംബമാണു തമ്പാൻ മേലത്തിന്റേത്. അച്ഛൻ അടുക്കാത്ത് കുഞ്ഞിരാമൻ നായർ. അമ്മ മേലത്ത് അമ്മാളു അമ്മ. ആറു മക്കളിൽ ഏറ്റവും ഇളയ ആളാണു, തമ്പാൻ. സ്കൂളിലെ മിടുക്കനായ വിദ്യാർഥി. പ്രീഡിഗ്രിക്കു ശേഷം, കാസർകോട് ഗവ. കോളജിൽ ബിഎസ്‌സി ഫിസിക്സിനു ചേർന്നപ്പോൾ ഇംഗ്ലിഷ് അധ്യാപകനായ കണ്ണൻ മാഷ്, തമ്പാനോടു പറഞ്ഞു: ‘നീ ജിയോളജിക്കു ചേര്. ജോലി സാധ്യത കൂടുതലാണ്’. അനുസരിച്ചു. അതേ കോളജിൽത്തന്നെ ജിയോളജി എംഎസ്‌സി ഉണ്ടായിരുന്നു. പക്ഷേ, ഉള്ളിലൊരു കടലിരമ്പം. കടലും അതിന്റെ ആഴവും പരപ്പും അങ്ങേക്കരയുമൊക്കെ അന്നേ കൊതിപ്പിച്ചിരുന്നു, തമ്പാനെ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) എംഎസ്‌സി മറൈൻ സയൻസിനു ചേർന്നു. ഒന്നാം റാങ്കോടെ പാസായി. ഇനി കേരളത്തിൽ നിൽക്കരുതെന്നുപദേശിച്ചു, കുസാറ്റിലെ അധ്യാപകർ. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) ഫെലോഷിപ്പോടെ ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ നിന്നു പിഎച്ച്ഡി നേടി. ഇതിനിടെ, ജർമനിയിൽ കുറച്ചുകാലം പാർട് ടൈം പിഎച്ചഡിക്ക് അവസരം ലഭിച്ചു. ആദ്യ വിദേശ യാത്ര. ലോകം എവിടെയെത്തി നിൽക്കുന്നുവെന്നു കാണിച്ചു തന്ന യാത്രയെന്നു ഡോ.തമ്പാൻ പറയുന്നു. കാസർകോട് ഗവ. കോളജിൽ ലക്ചററായി നിയമനം. പഠിച്ച കോളജിൽ തന്നെ അധ്യാപകനാവുകയെന്ന സ്വപ്നതുല്യമായ നേട്ടവും തമ്പാനെ തൃപ്തിപ്പെടുത്തിയില്ല. 2 വർഷത്തിനകം രാജി വച്ചൊഴിഞ്ഞു.

കടലിരമ്പുന്നു

‘ജോലി ചെയ്ത്, ശമ്പളം വാങ്ങി ജീവിക്കുന്നതിനപ്പുറം, ഗവേഷണമെന്ന ലക്ഷ്യമുണ്ടായിരുന്നു മനസ്സിൽ. 2002ൽ ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ സയന്റിസ്റ്റ് ആയി ചേർന്നു. അവിടെയും അധികം നിന്നില്ല. ഗോവയിലെ നാഷനൽ സെന്റർ ഫോർ അന്റാർട്ടിക് ആൻഡ് ഓഷൻ റിസർച്ചിൽ സയന്റിസ്റ്റായി (എൻസിഎഒആർ – ഇപ്പോൾ എൻസിപിഒആർ) ചേർന്നു. മഞ്ഞുപാളികൾ ഖനനം ചെയ്തു കൊണ്ടുവന്ന്, ഗവേഷണം നടത്താനുള്ള ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാല (ഐസ് കോർ ലാബ്) സ്ഥാപിക്കുകയായിരുന്നു ചുമതല. ഇന്ത്യയിൽ ഒരു മാതൃക ഇല്ലാത്തതിനാൽ, അതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നു. കടലും അതിന്റെ അടിത്തട്ടുമൊക്കെയാണു ഞാൻ പഠിച്ചത്. പ്രായത്തിന്റെ ആവേശത്തിൽ, വെല്ലുവിളി ഏറ്റെടുത്തു. ലാബ് പൂർത്തിയാക്കി.’ ഡോ.തമ്പാൻ പറഞ്ഞു.

ദക്ഷിണധ്രുവത്തിലേക്ക്

2010 നവംബർ 13. ഇന്ത്യയുടെ ആദ്യത്തെ ദക്ഷിണധ്രുവ പര്യവേക്ഷണ സംഘം അന്റാർട്ടിക്കയിലെ ‘മൈത്രി’യിൽ നിന്നു യാത്ര തുടങ്ങി. എട്ടംഗ സംഘത്തിലെ ഏക മലയാളിയാണു ഡോ.തമ്പാൻ മേലത്ത്. ധ്രുവപ്രദേശത്തെ മഞ്ഞ് ഖനനം ചെയ്ത്, അതിന്റെ ഘടനയും കാലാവസ്ഥയും തമ്മിലുള്ള ബന്ധം പഠിക്കുകയാണു ലക്ഷ്യം.

തമ്പാൻ മേലത്ത്
തമ്പാൻ മേലത്ത്

‘കേപ് ടൗണിൽ നിന്ന് അന്റാർട്ടിക്കയിലേക്കു പറന്നത് മാറ്റം വരുത്തിയ പഴയൊരു ചരക്കു വിമാനത്തിലായിരുന്നു. കാര്യമായ സൗകര്യങ്ങളൊന്നുമില്ല. ശുചിമുറി പോലും പ്രത്യേകം ഘടിപ്പിച്ചതാണ്. അന്റാർട്ടിക്കയിലെ യാത്രയ്ക്കുപയോഗിച്ച ആർട്ടിക് ട്രക്ക് എന്ന, പ്രത്യേകം ഡിസൈൻ ചെയ്ത വാഹനത്തിൽ, വിമാന ഇന്ധനമാണുപയോഗിക്കുന്നത്. മൈലേജ് 1.5 കിലോമീറ്റർ. വിമാനത്തിൽ നിന്നു പാരഷൂട്ട് വഴി, പ്രത്യേക ഇടങ്ങളിൽ ഇന്ധനത്തിന്റെ കാപ്സ്യൂളുകളിടും. അതു കണ്ടെത്തി, ഇന്ധനം നിറയ്ക്കണം. 16 മുതൽ 20 മണിക്കൂർ വരെയുള്ള യാത്രയാണ് ഓരോ ദിവസവും. ദക്ഷിണധ്രുവത്തിന്റെ ആകാശത്തിൽ ഓസോൺ പാളികളിൽ വിള്ളലുള്ളതിനാൽ, റേഡിയേഷൻ ഭീഷണിയുണ്ട്. 28 മണിക്കൂർ തുടർ‍ച്ചയായി യാത്ര ചെയ്ത നവംബർ 17ന്, ഭക്ഷണമൊന്നും കഴിക്കാൻ പറ്റിയില്ല. ഗ്യാസടുപ്പിന്റെ ഇരുമ്പു കുഴൽ, തണുപ്പേറ്റ് പൊട്ടിപ്പോയതാണു കാരണം. ഇതൊന്നും പക്ഷേ, പര്യവേക്ഷണത്തെ ബാധിച്ചില്ല. 2300 കിലോമീറ്റർ താണ്ടി, ഞങ്ങൾ നവംബർ 22ന് ദക്ഷിണധ്രുവത്തിലെത്തി. ഇരുവശത്തേക്കുമായി അന്റാർട്ടിക്കയിൽ ആകെ യാത്ര ചെയ്തത് 4600 കിലോമീറ്റർ.’ ഡോ. തമ്പാൻ പറഞ്ഞു.

ഒന്നുറങ്ങാൻ പറ്റുന്നയിടമല്ലേ സ്വർഗം?

‘യാത്ര തുടങ്ങിയ ദിവസം ആദ്യത്തെ രാത്രി. 3000 മീറ്റർ കുത്തനെയുള്ള കയറ്റം കയറി. ക്യാംപ് സെറ്റ് ചെയ്തു. ഊഷ്മാവ് മൈനസ് 40 ഡിഗ്രി. ജനറേറ്റർ കേടായതിനാൽ, ഹീറ്റർ പ്രവർത്തിക്കുന്നില്ല. ക്യാംപിനകത്തും പുറത്തും ഒരേ തണുപ്പ്. സ്റ്റൗ കേടായതിനാൽ, ഭക്ഷണം ചൂടാക്കാൻ നിവർത്തിയില്ല. നല്ല വിശപ്പ്. കുറച്ചു വിശ്രമിക്കണം. 4 പാളികളുള്ള ഷൂസും ധരിച്ച്, സ്ലീപ്പിങ് ബാഗിനകത്ത് കിടന്നുറങ്ങാൻ ശ്രമിച്ചു. ഭ്രമാത്മകമായ ഏതോ ലോകത്ത്, ഒരു സൗകര്യവുമില്ലാതെയുള്ള കിടപ്പ്. അധികം കട്ടിയില്ലാത്ത സ്ലീപ്പിങ് ബാഗിനകത്തേക്ക് താഴെ നിന്ന് അരിച്ചു കയറുന്ന തണുപ്പ്. ഉറങ്ങിയോ ഉണർന്നോ എന്നു തിരിച്ചറിയാതെ പോയ ഒരു രാത്രി.

‘ഭൂമിയിലാണോ നമ്മളുള്ളതെന്നു സംശയിച്ചുപോകും. എവിടെയും മഞ്ഞാണ്. എവിടെയും വെളുത്ത നിറം മാത്രം. ദക്ഷിണധ്രുവത്തിലേക്കു പോകും തോറും. ചെറിയ കുന്നുകൾ തീരത്തു മാത്രമാണുണ്ടാവുക. ബാക്കി ഇടമൊക്കെ പരന്നു കിടക്കും. പക്ഷികളില്ല, മ‍‍ൃഗങ്ങളില്ല, പുഴയില്ല, മണ്ണില്ല, മരമില്ല, പുൽച്ചെടികളില്ല. ജീവന്റെ മറ്റൊരനക്കവുമില്ലാത്ത മൂകത. നോക്കെത്താ ദൂരത്തോളം മഞ്ഞ്, മഞ്ഞു മാത്രം. മഞ്ഞു നിറഞ്ഞ മരുഭൂമി. മനസ് മുരടിച്ചു പോകും.’

എവിടെയെങ്കിലും ചുരുണ്ടുകൂടി കിടക്കാൻ പറ്റിയിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു പോകും. ഓരോ ദിവസവും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടാകും. ആ തിരക്കിൽ, മറ്റെല്ലാം മറന്നുപോകും. 20 ദിവസവും മഞ്ഞും മഞ്ഞുകാറ്റുമേയുള്ളു. പക്ഷേ, ആ കാഴ്ചകൾ പെട്ടെന്നൊന്നും മായില്ല. പിന്നീട്, എത്ര കാലം തീ കാഞ്ഞാലും മാറില്ല, ആ തണുപ്പ്. ചിത്രത്തിലും വിഡിയോയിലും കാണും പോലെ അത്ര എളുപ്പമല്ല ധ്രുവപ്രദേശത്തെ മഞ്ഞിനു മുകളിലൂടെയുള്ള യാത്ര. എവിടെ വേണമെങ്കിലും മഞ്ഞുരുകാം. നമുക്കതു മുൻകൂട്ടി കാണാനാവില്ല. വാഹനം പെട്ടുപോകും. ചെളിയിൽ പെട്ടതിനെക്കാൾ ബുദ്ധിമുട്ടാണ്, മഞ്ഞും വെള്ളവും കുഴഞ്ഞുമറിഞ്ഞു കിടക്കുന്നേടത്തു പെട്ടാൽ.

ദക്ഷിണധ്രുവ യാത്ര, ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് പൂർണമായും മാറ്റി. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പാർപ്പിടത്തിന്റെയും വില എന്താണെന്നറിഞ്ഞു. മറ്റൊന്നും അതിനൊപ്പം വരില്ല. ഓരോ ദിവസവും, കഴിയുന്നത്ര യാത്ര ചെയ്യാനാണു ശ്രമിച്ചത്. കാരണം, ടെന്റടിക്കണമെങ്കിൽ കുറെ സമയം ചെലവാകും. പറ്റിയ സ്ഥലവും കാലാവസ്ഥയും നോക്കണം. വിചാരിച്ചതു പോലെ ഭക്ഷണമുണ്ടാക്കാൻ പറ്റിയെന്നു വരില്ല. കൊണ്ടുപോയ പാചകവാതകമൊന്നും പ്രയോജനപ്പെട്ടില്ല. പാചകം അടക്കം നാട്ടിലെ പല കാര്യങ്ങളും നമ്മൾ വിചാരിക്കുന്നതു പോലെ അവിടെ നടക്കില്ല. ഒരു നേരം മാത്രമാണു ഭക്ഷണം. ചപ്പാത്തി, കശുവണ്ടി, ബിസ്കറ്റ് പിന്നെ എനർജി ഡ്രിങ്ക്. ടെന്റടിച്ചാൽ മാത്രം ഐസ് ഉരുക്കി, ചൂടുവെള്ളവും കാപ്പിയുമുണ്ടാക്കും. യാത്ര കഴി‍ഞ്ഞതോടെ, ഓരോരുത്തരുടെയും ഭാരം 10 കിലോഗ്രാം വരെ കുറഞ്ഞു. രണ്ടോ മൂന്നോ കുപ്പായമിട്ടാൽ മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെയുള്ള തണുപ്പിനെ പ്രതിരോധിക്കാം. പക്ഷേ, അതിലും താഴെ? ബുദ്ധിമുട്ടു തന്നെയാണ്. അപ്പോൾ മൈനസ് 60–70 ആയാൽ’? ഡോ. തമ്പാൻ പറഞ്ഞു.

രാത്രിയില്ലാത്ത രാത്രി

നമ്മുടെ ശൈത്യകാലമായ നവംബർ–ഡിസംബറിലാണു ദക്ഷിണധ്രുവത്തിൽ ‘വേനൽക്കാലം’. നവംബർ മുതൽ ജനുവരി–ഫെബ്രുവരി വരെ അവിടെ പര്യവേക്ഷണം നടക്കുന്നത്. വിന്ററിൽ മൊത്തം ഇരുട്ടാകും. ഒക്ടോബറിൽ വെളിച്ചമുണ്ടാകും. നവംബർ തൊട്ട് 20 മണിക്കൂർ വെളിച്ചം. ഡിസംബർ ജനുവരിയിൽ 24 മണിക്കൂറും വെളിച്ചം. ഫെബ്രുവരിയിലും 20 മണിക്കൂർ വെളിച്ചമുണ്ടാകും. പര്യവേക്ഷണത്തിനു പറ്റിയ സമയം. മോശമല്ലാത്ത കാലാവസ്ഥ. തണുപ്പുകാലത്ത് അവിടെ മുഴുവനായി ഇരുട്ടായിരിക്കും.

ആർട്ടിക്കിൽ കാണുന്ന ഇഗ്ലൂ (മഞ്ഞുകുടിൽ) അന്റാർട്ടിക്കയിൽ ഉണ്ടാക്കി, അതിൽ ഒരു രാത്രി ഒറ്റയ്ക്കു കഴിഞ്ഞിട്ടുണ്ട്. നോർവേ സംഘത്തിനൊപ്പം നടത്തിയ പര്യവേക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. ഐസ് പാളികൾ മുറിച്ചെടുത്താണ് ഇഗ്ലൂ ഉണ്ടാക്കിയത്. അതിൽ ഒരു രാത്രി, ഒറ്റയ്ക്കു കഴിയാനായിരുന്നു ‘ചാലഞ്ച്’. ആദ്യം ആര് എന്ന ചാലഞ്ച് ഞാൻ ഏറ്റെടുത്തു. ഒരു രാത്രി മുഴുവൻ അതിൽ കിടന്നു. ഐസിൽ തന്നെ. പക്ഷേ, നമ്മൾ വിചാരിച്ചത്ര തണുപ്പില്ല.

മഞ്ഞുനിറഞ്ഞ മരുഭൂമി

‘വളരെ വലിയ ഊഷ്മാവ് വ്യതിയാനമാണ് അന്റാർട്ടിക്കയിൽ. മൈത്രി സ്റ്റേഷനിൽ വേനൽക്കാലത്ത് പൂജ്യം ഡിഗ്രിയാണെങ്കിൽ, ശൈത്യകാലത്ത് മൈനസ് 30നും 35നും ഇടയിലാകും. ദക്ഷിണധ്രുവത്തിലേക്കു പോകുന്തോറും വീണ്ടും താഴും. മൈനസ് 50 ഡിഗ്രി വരെ ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. മൈനസ് 90 ഡിഗ്രി വരെ രേഖപ്പെടുത്തിയിട്ടുണ്ട്. മൈനസ് 100 ഡിഗ്രി വരെ റിപ്പോർട്ട് ചെയ്തതായും പറയുന്നു.’ ആർട്ടിക്കിലും ഹിമാലയത്തിലുമൊക്കെ പലതവണ പഠനയാത്രകളും പര്യവേക്ഷണവും നടത്തിയ ഡോ. തമ്പാൻ പറഞ്ഞു.

കുടംബത്തിന്റെ പിന്തുണ

‘ഈ യാത്രയിൽ, വീട്ടുകാരുടെ പിന്തുണ പ്രധാന ഘടകമാണ്. കർഷക കുടുംബമായതിനാൽ, അവർക്ക് എന്റെ പഠനത്തെ പറ്റി ധാരണയൊന്നുമുണ്ടായിരുന്നില്ല. ആരും എന്നെ ഉപദേശിക്കാൻ വന്നില്ല. പ്രതീക്ഷയുടെ ഭാരം ചുമലിലില്ലായിരുന്നു. പഠിക്കണമെന്നത് എന്റെ മാത്രം ആഗ്രഹവും തീരുമാനവുമായിരുന്നു. ആത്മാർഥമായി അതിനൊപ്പം നിന്നപ്പോൾ, എല്ലാം എന്റെയൊപ്പം വന്നു.’ ഡോ. തമ്പാൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നാഷനൽ ജിയോ സയൻസ് അവാർഡ് അടക്കം ഒട്ടേറെ ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നാഷണൽ അക്കാദമി ഓഫ് സയൻസസ് ഇന്ത്യയുടെ ഫെലോയാണ്. രാജ്യാന്തര, ദേശീയ പാനലുകളിലും സമിതികളിലും അംഗമാണ്. ഭാര്യ ധന്യ ഹയർസെക്കൻഡറി അധ്യാപിക. മകൾ സിയ വിദ്യാർഥിനിയാണ്.

ചെറുതല്ല ചെലവ്

‘ചെലവു ചുരുക്കി നടത്തിയ 2010ലെ ദക്ഷിണധ്രുവ പര്യവേക്ഷണത്തിനു ചെലവായത് 20 കോടിയിലേറെ രൂപ. പര്യവേക്ഷണത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും ക്യാംപ് സാമഗ്രികളും മാത്രമല്ല, പോകേണ്ട വഴിയിലെ മഞ്ഞിന്റെ കട്ടി പരിശോധിക്കുന്നതിനുളള റഡാർ അടക്കം വേണ്ടിവന്നു. ഇന്ത്യയുടെ സാന്നിധ്യം അറിയിക്കാനുള്ള പര്യവേക്ഷണ യാത്രയായിരുന്നു അത്. ഇനിയൊരു പര്യവേക്ഷണം 3–4 മാസങ്ങൾ നീളുന്ന, ഗവേഷണത്തിന് ആവശ്യമുള്ള സാവകാശമുള്ള യാത്രയായിരിക്കും. ചെലവ് കൂടുമെന്നർഥം.

അന്റാർട്ടിക്കയിലെ മൈത്രി, ഭാരതി എന്നീ പര്യവേക്ഷണ കേന്ദ്രങ്ങൾ നടത്തിക്കൊണ്ടുപോകാൻ ഒരു വർഷം വേണ്ടി വരുന്നത് 100 കോടിയിലേറെ രൂപയാണ്. വേനൽക്കാലത്തു രണ്ടിടത്തുമായി 100 പേരോളമുണ്ടാകും. ശൈത്യകാലത്ത്, 42 പേരാണുണ്ടാവുക. അത്യാവശ്യ സമയത്തു മാത്രമേ വിമാനത്തിൽ യാത്രയുള്ളു. കപ്പലാണു പ്രധാന യാത്രാമാർഗം. ഇന്ധനവും ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളുമൊക്കെ കാലേക്കൂട്ടി സംഭരിക്കണം. ഒരു വർഷത്തേക്കല്ല, ആസൂത്രണം, ഒന്നര വർഷത്തേക്കുള്ളതാണ്. ’

കുഞ്ഞു കുമിളകളിലെ പ്രപഞ്ച രഹസ്യങ്ങൾ

കോടിക്കണക്കിനു രൂപ ചെലവിട്ട്, ഇത്രയും ബുദ്ധിമുട്ടി അന്റാർട്ടിക്കിൽ പര്യവേക്ഷണം നടത്തുന്നതെന്തിനായിരിക്കും? അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഇന്നു കാണുന്ന രൂപത്തിലായത് 3.5 കോടി വർഷം മുൻപാണ്. ഇവയ്ക്കിടയിൽ അന്നേ കുടങ്ങിപ്പോയ വാതകങ്ങളുണ്ട്. ഇവ ദോഷകരമാണോയെന്നു പഠിക്കുന്നതു ഭാവിയിൽ ഗുണം ചെയ്യും.

അതുപോലെ, തന്നെ സൂക്ഷ്മജീവികളുമുണ്ട്. എങ്ങനെ, ഇത്രയും തണുപ്പിൽ അവ ഇത്രയും കാലം ജീവിച്ചു? തണുപ്പിനെ അതിജീവിക്കുന്ന ജീവികളുടെ സ്വഭാവവും ജനിതക ഘടനയും പഠിക്കുന്നതും മനുഷ്യനു ഗുണം ചെയ്യും. ലക്ഷക്കണക്കിനു വർഷം മുൻപുള്ള ഭൂമിയുടെ അവസ്ഥയിലേക്കുള്ള, ജീവന്റെ ഉൽപത്തിയെ പറ്റിയുള്ള ഏറ്റവും ശാസ്ത്രീയമായ വഴികാട്ടികളാണിവയെല്ലാം. ഇതിൽ, ഉപദ്രവകാരികളായ വൈറസുകളും ബാക്ടീരിയകളുമുണ്ടാകാം. അന്റാർട്ടിക്കയിലെ മഞ്ഞ് ഉരുകി ഇവ പുറത്തു വരുന്നതു മഹാമാരികൾക്കിടയാക്കിയേക്കാം. അതുകൊണ്ട്, പഠനവും ഒരുക്കവും ആവശ്യമാണ്.

മനുഷ്യനു പ്രയോജനം ചെയ്യുന്ന ഇന്ധനങ്ങൾ ഇവിടെയുണ്ടോയെന്നതാണു മറ്റൊരു പ്രധാന പഠനവിഷയം. പഠനത്തിനായി ലോകരാജ്യങ്ങൾ കോടിക്കണക്കിനു രൂപ ചെലവിടുന്നതും ഇതുകൊണ്ടാണ്. നിലവിൽ, അന്റാർട്ടിക്ക ആരുടെയും സ്വന്തമല്ല. ഗവേഷണ സ്ഥാപനങ്ങൾക്കു മാത്രമേ അനുമതിയുള്ളു.

കാലാവസ്ഥാ മാറ്റങ്ങളാണു മറ്റൊരു വിഷയം. അറബിക്കടലിലെ അന്തരീക്ഷാവസ്ഥ മാത്രമല്ല, നമ്മുടെ കാലാവസ്ഥയെയും മഴയെയും നിയന്ത്രിക്കുന്നത്. ധ്രുവപ്രദേശങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങളും ലോകമെമ്പാടും പ്രതിഫലിക്കുന്നുണ്ട്. മഴ കൂടുന്നതും കുറയുന്നതും ചൂടു കൂടുന്നതുമൊക്കെ ഇതിന്റെ ഭാഗമായാണ്. ചൂടു കൂടുമ്പോൾ, വലിയ ഹിമാനികൾ ധ്രുവപ്രദേശത്തു നിന്ന് ഇളകി, കടലിലെത്തും.

ഹിമാലയത്തിൽ, ഓക്സിജൻ ലഭ്യത കുറവാണ്. വാഹനത്തിൽ പോകാൻ പറ്റില്ല. നടന്നു കയറണം. ടെന്റടിച്ചു താമസിച്ച്, ദിവസങ്ങളോളം നടക്കേണ്ടി വരും. അതു വേറൊരു തരം അനുഭവമാണ്. ഹിമാലയവും വളരെ വേഗം മാറുകയാണ്. ഹിമപാളികൾ ഉരുകി, പലേടത്തും വൻ തടാകങ്ങൾ രൂപപ്പെട്ടിരിക്കുന്നു. ഹിമാലയത്തിലേത് ഉറച്ച മണ്ണും പാറയുമല്ല. മഞ്ഞിനടിയിൽ തണുത്തു കിടന്നവയാണ്. ഇവ പുറത്താവുകയും ചൂട് കൂടുകയും ചെയ്യുന്നതോടെ പെട്ടെന്നു പൊടിയും. ഇതോടെ, ഇപ്പോൾ രൂപപ്പെട്ട വലിയ ഹിമതടാകങ്ങൾ തകർന്ന്, താഴ്‌വരകളിലേക്ക് കുത്തിയൊലിച്ച് വൻ ദുരന്തമുണ്ടാവുകയും ചെയ്യും. ഉത്തരാഖണ്ഡിൽ അടുത്തിടെയുണ്ടായ ദുരന്തങ്ങളെല്ലാം ഇങ്ങനെയുണ്ടായതാണ്. നാളത്തെ ദുരന്തങ്ങളുടെ ടൈംബോംബുകളാണീ തടാകങ്ങൾ. ഹിമാലയത്തിൽ നിന്നുത്ഭവിക്കുന്ന നദികളുടെ തീരത്താണ്, ഇന്ത്യയുടെ ഭക്ഷ്യോൽപാദനം പ്രധാനമായും നടക്കുന്നത്. മഴക്കാലത്തും വേനൽക്കാലത്തും വെള്ളമൊഴുകുന്ന നദികൾ. ഹിമാലയത്തിലെ മഞ്ഞുപാളികൾ ഇല്ലാതാകുന്നതോടെ, വേനൽക്കാലത്തു വെള്ളം കിട്ടാതാകും. ഭക്ഷ്യക്ഷാമത്തിനിടയാക്കും. ഹിമാലയത്തിലെ ഹിമാനികളുടെ പഠനവും പ്രാധാന്യമേറിയതാണ്.’ ഡോ.തമ്പാൻ പറഞ്ഞു.

ധ്രുവങ്ങളിൽ സംഭവിക്കുന്നത്

‘ഉത്തരധ്രുവമായ ആർട്ടിക്കിൽ കടൽവെള്ളം തണുത്തുറഞ്ഞുണ്ടാകുന്ന മഞ്ഞാണ്. അതിനടിയിൽ കര ഇല്ല. അധികം വൈകാതെ, ഇവിടത്തെ മഞ്ഞ് പൂർണമായി ഉരുകിത്തീരുന്ന സ്ഥിതി വരും. 20 വർഷത്തിനകം, ഏതാനും ചില മാസങ്ങളിലെങ്കിലും കപ്പലുകൾക്ക് ഇതുവഴി തടസ്സമില്ലാതെ കടന്നുപോകാൻ കഴിയുന്ന സ്ഥിതിയുണ്ടാകും. ഇപ്പോൾ, മഞ്ഞ് നീക്കാൻ സംവിധാനമുള്ള റഷ്യൻ കപ്പലുകൾ മാത്രമാണു ചില മാസങ്ങളിൽ ഇതുവഴി കടന്നുപോകുന്നത്. ഇത്, രാജ്യാന്തര വ്യാപാരമാർഗങ്ങളുടെ ചിത്രം മാറ്റിമറിക്കും. 

     ചൈന, ജപ്പാൻ, സിങ്കപ്പുർ തീരങ്ങളിലൂടെയുള്ള വ്യാപാര മാർഗങ്ങളുടെ ചിത്രം മാറും. ആർട്ടിക്കിലെ മഞ്ഞ് ഉരുകുന്നതിനു വാണിജ്യപരവും സൈനികപരവുമായ പ്രാധാന്യമുണ്ട്. ദക്ഷിണധ്രുവത്തിന്റെ കാര്യം തീരെ ശോഭനമല്ല. നമ്മൾ പ്രതീക്ഷിക്കുന്നതിനെക്കാൾ വേഗത്തിലാണു മഞ്ഞുരുകുന്നത്. പൂർണമായി ഉരുകിയാൽ, ഭൂമിയിലെ കടൽനിരപ്പ് 60 മീറ്ററിലധികം ഉയർത്താൻ ശേഷിയുണ്ട്, ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിക്ക്. 4 കിലോമീറ്ററിലധികം ഉയരമുള്ള മഞ്ഞുപാളികളുണ്ടവിടെ. അന്റാർട്ടിക്കയുടെ പരിസ്ഥിതി മാറുന്നതു പ്രകടമാണ്. എംപറർ പെൻഗ്വിനുകളുടെ എണ്ണം കുറഞ്ഞു. പുറത്തു നിന്നെത്തുന്ന പല ജീവികളും അവിടെ വളരുന്നു. ചില ഭാഗങ്ങളിൽ പുൽച്ചെടികൾ മുളച്ചു തുടങ്ങി. ചില സ്ഥലങ്ങളിൽ മഴ കിട്ടിത്തുടങ്ങി. ഇതൊന്നുമായിരുന്നില്ല, അന്റാർട്ടിക്ക.’ ഡോ. തമ്പാൻ മേലത്ത് പറയുന്നു. 

English Summary : Sunday special on Dr Thamban Meloth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com