ദിഗംബരസന്യാസിയുടെ ഭാഷാ‘ശക്തി’

madhu-mudrakal-10
SHARE

ഗോവിന്ദപ്പിള്ള എന്ന ദോത്തീവാല ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ ഞങ്ങളു‌ടെ ‘ലീഡർഷിപ് ’  ഏറ്റെടുത്തു. ബനാറസിലെ മുക്കും മൂലയും ഇത്രയും പരിചയമുള്ള മറ്റൊരു മലയാളി അന്നു ക്യാംപസിലില്ല. ക്യാംപസിനു പുറത്ത് എന്താവശ്യത്തിനും വിശ്വസിച്ചു സമീപിക്കാവുന്ന ആളായിരുന്നു ഗോവിന്ദപ്പിള്ള. മാത്രവുമല്ല ഞങ്ങളെ ബനാറസിലെ കാണേണ്ടതും പോകേണ്ടതുമായ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോകാമെന്ന് അദ്ദേഹം വാക്കും തന്നു. ബനാറസിൽ ആദ്യം എത്തുന്നവർക്ക് ഗോവിന്ദപ്പിള്ളയുടെ ഇൗ പ്രലോഭനത്തിൽ വീഴാതിരിക്കാൻ ആകുമായിരുന്നില്ല. 

‘ബനാറസിൽ വന്നാൽ കാശിവിശ്വനാഥനെ പോയി തൊഴേണ്ടത് അത്യാവശ്യമാണ്’ ഗോവിന്ദപ്പിള്ളയുടെ വചനങ്ങളാണ്. അദ്ദേഹത്തിന്റെ ആ വാക്കുകൾ മാനിച്ച് ആദ്യയാത്ര അങ്ങോട്ടാക്കാൻ ഞങ്ങൾ തീരുമാനിച്ചു. 

ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും എസ്.കെ.നായരും ശേഖരനും. നയിക്കാൻ ഗോവിന്ദപ്പിള്ളയും.  എസ്.കെ.നായർ എന്ന എസ്.കൃഷ്ണൻനായർ പിൽക്കാലത്ത് മലയാളനാട് എന്ന പ്രശസ്തമായ മാസിക തുടങ്ങി. ചെമ്പരത്തി, ചായം, മഴക്കാറ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു.

കാശിയിലേക്കു പോകുന്നതിനായി ‘ഫട്ഫടാ...’ എന്നു വിളിക്കുന്ന വാഹനമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ഓട്ടോറിക്ഷകൾ പ്രചാരത്തിലെത്തും മുമ്പ് ‘ഫട്ഫടാ ’ ആയിരുന്നു ആശ്രയം. മേൽമൂടിയില്ലാത്ത ഇൗ വാഹനം പുറപ്പെടുവിച്ചിരുന്ന ശബ്ദമാണ് ഫട്ഫടാ എന്നത് . ഒടുവിൽ ആ വാഹനം അറിയപ്പെട്ടതും ​ആ ശബ്ദത്തിൽ തന്നെ.      

ഞങ്ങൾ നാലുപേരും കൂടി ‘ഫട്ഫടാ’യിൽ കയറി. 

മുൻപു പോയപ്പോൾ ഗംഗയുടെ അനേകം സ്നാനഘട്ടങ്ങൾ ഗോവിന്ദപ്പിള്ള ഞങ്ങൾക്കു കാണിച്ചു തന്നു. പലയിടത്തും  അതിന്റെ തീരങ്ങളിൽ അണഞ്ഞും കത്തിയും കിടക്കുന്ന അനേകം ചിതകളും കണ്ടു.  

ചിലപ്പോഴൊക്കെ ശരീരമാസകലം  ഭസ്മം പുരട്ടിയവരെപ്പോലെ തോന്നിക്കുന്നർ പകുതി കത്തിത്തീർന്ന ജഡത്തിന്റെ അവശിഷ്ടം ചിതയിൽ നിന്നു ഗംഗയിലേക്കു വലിച്ചെറിയുന്നതും അന്നു കണ്ടു. കത്തിത്തീരാത്ത ആ ചിതയിലേക്ക് ഉടൻ തന്നെ മറ്റൊരു ജഡം വയ്ക്കുകയായി. ഗംഗയിലെ മത്സ്യങ്ങൾ ജഡാവശിഷ്ടങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ആഹാരമാക്കുകയും ചെയ്തിരുന്നു. 

ഇതിനിടെ ഗോവിന്ദപ്പിള്ള ‘സങ്കട് മോചന ക്ഷേത്ര’ത്തെക്കുറിച്ച് പറഞ്ഞു. വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള വഴിക്കാണ് ഇൗ ക്ഷേത്രം. ശ്രീരാമനും സീതയും ലക്ഷ്മണനും ഹനുമാനുമെല്ലാമാണു പ്രതിഷ്ഠ. ശ്രീരാമനും ഹനുമാനും ഏതാണ്ടു മുഖാമുഖം നോക്കിയിരിക്കും പോലെ യാണവിടെ. ചിരഞ്ജീവിയായ ആഞ്ജനേയനിലാണ് ഭക്തർക്ക് പ്രീതി കൂടുതൽ.

എന്തു സങ്കടമുണ്ടെങ്കിലും ഹൃദയമുരുകി ആഞ്ജനേയനോടു പ്രാർഥിച്ചാൽ ‘ഫലം അച്ചട്ടെന്നാണ് ’ വിശ്വാസം. ‘സങ്കട് ’ എന്നു പറഞ്ഞാൽ സങ്കടം അഥവാ ദുഃഖം എന്നു മാത്രമല്ല അർഥമാക്കുന്നത്. ‘നിങ്ങൾക്കെന്തെങ്കിലും ‘പിഴ’ വന്നു പോയാൽ കുറ്റം ഏറ്റുപറഞ്ഞ് പ്രാർഥിച്ചാൽ പാപവിമുക്തനാകും, അല്ലെങ്കിൽ ആഞ്ജനേയൻ പാപവിമുക്തനാക്കും എന്നുമുണ്ട് വിശ്വാസം’. 

സങ്കട് മോചൻ ക്ഷേത്രത്തിലെത്തി തൊഴുതു. ദുഃഖങ്ങളും പാപചിന്തകളും ദുഷ്ടവിചാരങ്ങളും ഹനുമൽ പാദാരവിന്ദങ്ങളിൽ ഭക്തിയോടെ സമർപ്പിച്ചപ്പോൾ എന്താ ഒരു ആശ്വാസം. 

‘നാളിതുവരെ ചെയ്ത സകലപാപങ്ങളും പോക്കി മാധവൻകുട്ടീ നിന്നെ ഞാൻ മോചിപ്പിക്കുന്നു. ഇനി എമ്പോക്കിയായി നടക്കരുത്.....’ ഹനുമാൻ സ്വാമി ഏതാണ്ട് ഇതു പോലെ എന്തോ പറഞ്ഞതു പോലെ ഒരു വിചാരം ഉള്ളിലുണ്ടായി. 

കാശിവിശ്വനാഥ ക്ഷേത്രത്തിലെത്താൻ ഇനിയും നടക്കണം. പക്ഷേ ഇപ്പോൾ നല്ല  ഉന്മേഷം തോന്നുന്നു. പാപഭാരം ഇറക്കിയതിന്റെ ഒരു നവോന്മേഷം ശരീരമാകെ നിറയുന്നതു പോലെ.  

നല്ല തിരക്കുള്ള ദിവസമായിരുന്നു. ഞങ്ങൾ നടന്ന് ഒരു ഗലി (ഇടവഴി) യിൽ എത്തി. ഇടവഴിയാണെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ധാരാളം പേർ സഞ്ചരിക്കുന്നുണ്ട്. അതിനിടയിൽ കച്ചവടക്കാരും ഉണ്ട്. ക്ഷേത്രത്തിലേക്ക് ​ആവശ്യമായതെന്തും അവിടെ കിട്ടും. ഞങ്ങൾ  അതൊന്നും വാങ്ങാൻ മിനക്കെട്ടില്ല. 

കാഷായ വസ്ത്രധാരികളുടെ വലിയ തിരക്ക് തന്നെ അവിടെ അനുഭവപ്പെടുന്നുണ്ട്. വ്യത്യസ്ത ഭാവങ്ങളിലും രീതിയിലുമുള്ള  സന്ന്യാസിമാർ. ചിലർ ജഡാധാരികൾ, മറ്റുചിലർ ശൂലം കയ്യിലേന്തിയവർ, ഇനിയും ചിലർ ഭസ്മാഭിഷിക്തർ. കാവി വസ്ത്രമാണ് ബഹുഭൂരിപക്ഷവും ധരിച്ചിരുന്നത്.

വസ്ത്രങ്ങൾ പൂർണമായും ഉപേക്ഷിച്ച് ശരീരമാസകലം ഭസ്മവും പൂശി നടക്കുന്ന ജടാധാരികളായ ഭിഗംബരൻമാരായ  സന്യാസിമാരെക്കുറിച്ച് കേട്ടിരുന്നെങ്കിലും അവിടെ അങ്ങനെ ആരെയും കണ്ടില്ലല്ലോ എന്നു മനസ്സിൽ ചിന്തിച്ച് ഞാൻ  ഇടവഴിയിലേക്കു കയറിയതും തൊട്ടു മുൻപിൽ അതാ ഒരു ദിഗംബര സന്യാസി!. സന്ന്യാസി സമ്പൂർണനഗ്നനാണ്. കയ്യിൽ ഒരു ത്രിശൂലം. കഴുത്തിൽ അനേകം രൂദ്രാക്ഷമാലകൾ. അതേതാണ്ട് മുട്ടുവരെ നീണ്ടു കിടപ്പുണ്ട്. 
അദ്ദേഹം മുൻപോട്ടു നടക്കുമ്പോൾ എതിർവശത്തു കൂടി വരുന്ന ജനങ്ങൾ ഭക്തിയോടെ കൈകൂപ്പി തൊഴുന്നത് കണ്ടു. ചിലർ ചെന്ന് അദ്ദേഹത്തിന്റെ പാദങ്ങളിൽ നമസ്കരിച്ചു. 

നമസ്കരിക്കുന്നവരെ നോക്കി ഒന്നു കൈ ഉയർത്തി അനുഗ്രഹിച്ചശേഷം ദിഗംബര സന്യാസി മുന്നോട്ടു നീങ്ങി. സന്യാസിയോടു ജനങ്ങൾ കാണിക്കുന്ന ഭക്തി ഗോവിന്ദപ്പിള്ളയ്ക്ക്  രസിച്ചില്ല. കൃഷ്ണൻനായർക്ക് അത്രപോലും രസിച്ചില്ല എന്ന് ഇടയ്ക്കിടെ കമന്റുകൾ. ഒടുവിൽ ഞാനും കമന്റുകളുമായി അതിൽ ചേർന്നു. പെട്ടെന്ന് ദിഗംബരസന്യാസി ബ്രേക്കിട്ടതു പോലെ നിന്നു. കയ്യിൽ കരുതിയ ശൂലം നിലത്ത് ശക്തമായി കുത്തി നിർത്തി. അയാൾ ‍ തിരിഞ്ഞു ഞങ്ങളെ നോക്കി. ഇൗശ്വരാ ആ കണ്ണുകളിൽ നിന്ന് അഗ്നി വർഷിക്കുന്നുവോ? ഭയന്നു പോയി. ചെന്തീ പാറുന്ന കണ്ണുകളോടെ ദിഗംബരൻ ഞങ്ങളെ നോക്കി ആക്രോശിച്ചു. കുറെ നേരമായല്ലോ നീയൊക്കെ ഞാനിപ്പോൾ ഒന്നു കയ്യടിച്ച് വിളിച്ചാലുണ്ടല്ലോ ഇവിടുത്തെ നാട്ടുകാരെല്ലാം കൂടി നിന്നെയൊക്കെ കശാപ്പ് ചെയ്തു കഴിക്കും. ക്ഷമിക്കുന്നതിനും ഒരതിരുണ്ട്.’ (പിന്നെ കഠിനമായ കുറച്ചു പദപ്രയോഗങ്ങളും) വാഗ്ധോരണിയിൽ നിന്ന് ഒരു കാര്യം ഞങ്ങൾ മനസ്സിലാക്കി. ഈ ദിഗംബര സന്യാസി താമസം ബനാറസിലാണെങ്കിലും മാതൃഭാഷ ഒട്ടും മറക്കാത്ത മലയാളിയാണ് എന്ന്. ഞങ്ങൾ നാലുപേരും ആലില പോലെ വിറച്ചു. ‘ങ്ഹും  പൊയ്ക്കോ. ’ എന്ന ദിഗംബരന്റെ ആജ്ഞ കേട്ടതും ഞങ്ങൾ മുന്നോട്ടു കുതിച്ചതും ഒരുമിച്ചായിരുന്നു. കാശി വിശ്വനാഥന്റെ മുന്നിലെത്തും വരെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. അവിടെ എത്തിയതും തിരുമുന്നിൽ സാഷ്ടാംഗ പ്രണാമം നടത്തി, ‘സമസ്താപരാധങ്ങളും പൊറുത്ത് അനുഗ്രഹിക്കണേ കാശിനാഥാ’

(തുടരും)

English Summary : Madhu mudrakal series by actor Madhu part 10

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS