കൊമ്പന്മാരുടെ കണ്ണീരുമാറ്റിയ ഡോക്ടർ; ഇഴഞ്ഞെത്തിയ അണലി ജീവിതം ഇരുട്ടിലാക്കി

HIGHLIGHTS
  • ആനയ്ക്കു ചികിത്സ നൽകുമ്പോൾ പുല്ലിനിടയിൽ പതിയിരുന്ന് കൊത്തിയത് അണലിയായിരുന്നുവെന്നറിഞ്ഞത് 8 മാസം കഴിഞ്ഞ്. അപ്പോഴേക്കും ഇരു വൃക്കകളുടെയും പ്രവർത്തനം ഏറക്കുറെ നിലച്ചു. കാഴ്ച മങ്ങിയതടക്കം ഇതിനകം താണ്ടിയത് കഠിനദിനങ്ങൾ. ഇന്ത്യൻ ബോക്സിങ് രംഗത്തെ അറിയപ്പെടുന്ന സാന്നിധ്യമായ ഡോ. റജി മുഖാമുഖമെത്തിയ മരണത്തെക്കുറിച്ചും ശേഷിക്കുന്ന ജീവിതപ്രതീക്ഷയെക്കുറിച്ചും ആശുപത്രിക്കിടക്കയിലിരുന്നു സംസാരിക്കുന്നു.
ഡോ. റജി ആശുപത്രിയിൽ ചിത്രം: അരവിന്ദ് ബാല ∙ മനോരമ
SHARE

തമിഴ്നാട് മധുരയിലെ പ്രശസ്തമായ അരവിന്ദ് കണ്ണാശുപത്രിയിലെ ആന്ധ്രക്കാരൻ ഡോക്ടറുടെ ചോദ്യം കേൾക്കുമ്പോൾ, കൊല്ലത്തെ ഡോ. റജിയുടെ കണ്ണിലാകെ ഇരുട്ടായിരുന്നു. പേരും പെരുമയും നൽകിയ തിളക്കത്തിൽ നിന്നു കൂരിരിട്ടിലേക്കു വീണുപോയൊരു ഹോമിയോ ഡോക്ടറുടെ ജീവിതത്തെക്കുറിച്ചാണിത്. ജീവിതത്തിലെ ചെറുവെളിച്ചമെങ്കിലും തിരിച്ചുകിട്ടണമെന്ന മോഹത്തെക്കുറിച്ചും ചെറു സ്വപ്നങ്ങളെക്കുറിച്ചും.

പഠിച്ച ചികിത്സാവിദ്യ മിണ്ടാപ്രാണികൾക്കു വേണ്ടിക്കൂടി പ്രയോജനപ്പെടുത്തിയ ആളാണു കൊല്ലം വിഷ്ണോത്തുകാവ് ‘അശ്വതിയിൽ’ ഡോ. സി.ബി.റജി. മനുഷ്യരുടെ കാര്യത്തിലെന്ന പോലെ ആനകൾക്കുള്ള ചികിത്സയിലും അദ്ദേഹം പ്രസിദ്ധനായിരുന്നു. പേരുകേട്ട പല കൊമ്പന്മാരുടെയും കണ്ണീരുമാറ്റി. അതിലൊരു ജീവൻരക്ഷാപ്രവർത്തനത്തിനിടെ പക്ഷേ, റജിക്കു സ്വന്തം ജീവിതം കൈവിട്ടുപോയി. ഇരുട്ടിൽ ഇഴഞ്ഞെത്തിയ ആ വിധിയെ തടുക്കാൻ ഇരു വൃക്കകളും മാറ്റിവയ്ക്കുകയെന്ന വഴി മാത്രമാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. ആ വഴിയിലാവട്ടെ തടസ്സങ്ങൾ ഏറെയും. സിനിമക്കഥ പോലെ സംഭവബഹുലമാണു 48കാരനായ ഡോ. റജിയുടെ ജീവിതം.

ആദ്യത്തെ ചോദ്യം

പലതരം ആരോഗ്യപ്രശ്നങ്ങൾ തുടരെ അലട്ടാൻ തുടങ്ങിയ ഒരു ദിവസം പെട്ടന്നു കാഴ്ച ശക്തി പൂർണമായും മങ്ങിയതോടെയാണ് അരവിന്ദ് കണ്ണാശുപത്രിയിലെത്തിയത്. അതിനു മുൻപ് പതിവായി ചികിത്സ തേടുന്ന സ്വകാര്യ ആശുപത്രികളിൽ ചെന്നിരുന്നു. കണ്ണിന്റെ റെറ്റിനയെ ഗുരുതരമായി ബാധിക്കുന്ന റെറ്റിനോപതിയെന്നു കരുതിയായിരുന്നു അവിടെ ചികിത്സ. വില കൂടിയൊരു ഇഞ്ചക്ഷൻ ഓരോ 6 മാസം കൂടുമ്പോഴും എടുക്കേണ്ടതുണ്ടെന്നു നിർദേശം വന്നതോടെ വിദഗ്ധ ചികിത്സ തേടാൻ തീരുമാനിച്ചു. തിരുവനന്തപുരത്തെ പ്രശസ്തമായ സർക്കാർ കണ്ണാശുപത്രിയിലെ സീനിയർ ഡോക്ടറുടെ അടുത്ത് ഒരു സുഹൃത്ത് വഴി എത്തി. അദ്ദേഹമാണ് ഒട്ടും വൈകിക്കാതെ അരവിന്ദ് കണ്ണാശുപത്രിയിലേക്കു പോകണമെന്നു നിർദേശിച്ചത്.  2021 ഫെബ്രുവരിയിൽ അവിടെ എത്തി. പതിവു പരിശോധനകൾക്കും  ചികിത്സകൾക്കും ശേഷം ആ വർഷം മേയ് മാസത്തിലെ അപ്പോയ്ന്റ്മെന്റ് അനുസരിച്ചു വീണ്ടും ചെന്നു.

അതുവരെ ഇല്ലാത്തവിധം രക്തത്തിൽ ക്രിയാറ്റിൻ തോത് ക്രമാതീതമായി വർധിച്ചിരിക്കുന്നതു കണ്ട ഡോക്ടറുടെ ആദ്യത്തെ ചോദ്യം: ഡയാലിസിസ് എത്ര നാൾ കൂടുമ്പോൾ ചെയ്യും?

ക്രിയാറ്റിൻ തോതിൽ അതുവരെ ഗൗരവമായ പ്രശ്നങ്ങൾ കാണിച്ചിരുന്നില്ല. ആ ധൈര്യത്തിലും ആത്മവിശ്വാസത്തിലും ഡയാലിസിസ് ഒന്നും ചെയ്യാൻ മാത്രം പ്രശ്നം എനിക്കില്ലെന്നു മറുപടി പറഞ്ഞു. എങ്കിലും ഡോക്ടർക്കു വിശ്വാസം പോര.

രണ്ടാമത്തെ ചോദ്യം

ഡയാലിസിനെക്കുറിച്ചുള്ള ആദ്യ ചോദ്യത്തിനു പിന്നാലെ, ‘ഡൂ യു ഹാവ് എ സ്നേക്ക് ബൈറ്റ് ഹിസ്റ്ററി’ എന്നു കൂടി ഡോക്ടർ ചോദിച്ചു. പാമ്പു കടിയേറ്റിട്ടുണ്ടോയെന്ന ആ ചോദ്യം ഡോ. റജിയുടെ മനസ്സിൽ ഒരു മിന്നൽ പ്രവാഹമുണ്ടാക്കി. 8 മാസം മുൻപ്, അതായത് 2020 ഒക്ടോബർ 26നു നടന്നൊരു സംഭവമാണ് ഊർജസ്വലനായിരുന്ന ഡോ. റജിയെ ഈ വിധം ആശുപത്രിയിൽ തളച്ചിട്ടതെന്ന സ്ഥിരീകരണത്തിലേക്കാണ് ആ ചോദ്യമെത്തിച്ചത്.

ഇന്ത്യൻ ബോക്സിങ്ങിലെ സൂപ്പർ താരങ്ങളായ അമിത് പംഗലിനും മേരി കോമിനുമൊപ്പം ഡോ.റജി.

താൻ ചികിത്സിക്കുന്ന ആനയ്ക്കു തുടർമരുന്നു നൽകാൻ കൊല്ലം മാടൻനടയിൽ ആനയെ തളച്ചിരിക്കുന്നിടത്തേക്കു പോയതായിരുന്നു. കണ്ണിൽ നിന്നു തുടരെ വെള്ളം വരുന്നതായിരുന്നു ആനയുടെ പ്രശ്നം. മദപ്പാടു കാലമായിരുന്നതിനാൽ ആനയെ കാടും ചതുപ്പും നിറഞ്ഞ ഒരിടത്തേക്കു മാറ്റിത്തളച്ചിരുന്നു. കൊതുകും വലിയൊരുതരം ഈച്ചയും നിറഞ്ഞ അവിടെ സന്ധ്യാനേരമായിട്ടും ക്ഷമയോടെ നിന്ന് ആനയുടെ ലക്ഷണങ്ങൾ പരിശോധിച്ചു ചികിത്സ നൽകി. ഇരുട്ടുവീണ ശേഷമായിരുന്നു മടക്കം. ഇതിനിടയിൽ എപ്പോഴോ കാൽമുട്ടിനു താഴെ എന്തോ കടിച്ചതായി തോന്നിയിരുന്നു. കാര്യമാക്കാതിരുന്ന ഡോ. റജിക്കു രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം അവിടെ ചെറിയൊരു വ്രണം രൂപപ്പെട്ടു.

സുഹൃത്തായ ഒരു ഡോക്ടറോടു കാര്യം പറഞ്ഞു. മാടൻനടയിലെ സാഹചര്യം പറഞ്ഞപ്പോൾ, ചതുപ്പിൽ തളച്ചിരിക്കുന്ന ആനയെ പൊതിഞ്ഞ് പറക്കുന്നൊരു ഈച്ചയെക്കുറിച്ചുള്ള സാധ്യത പറഞ്ഞു. ആദ്യത്തെ മുറിവു കണ്ടാൽ അത്രയേ തോന്നു. ചികിത്സയും നടന്നു.

എന്നാൽ, നാൾക്കുനാൾ വ്രണം കൂടുതൽ തീവ്രമായി. കുറച്ചുമാസങ്ങൾക്കു മുമ്പ് ഡോ. റജിക്കു ഗുരുതര രക്താർബുദമായ മൾട്ടിപ്പിൾ മയ്‌ലോമ സംശയിക്കപ്പെട്ടിരുന്നു. അതിന്റെ പരിശോധനയും മറ്റും നടക്കുന്നതിനിടയിലാണ് കാൽമുട്ടിനു താഴത്തെ വ്രണവും അസാധാരണമായ ചില വ്യത്യാസങ്ങളും രൂപപ്പെട്ടത്. ഇതു രക്താർബുദത്തിന്റെ തുടർച്ചയാകാമെന്ന ആശയക്കുഴപ്പം ചികിത്സിച്ചിരുന്ന ഡോക്ടർമാർക്കു തന്നെയുണ്ടായി. എന്നാൽ, വ്രണമല്ലാതെ പരിശോധനാഫലങ്ങളിലും അസ്വാഭാവിക സൂചനകൾ ഉണ്ടായിരുന്നില്ല. എന്നാ‍ൽ, പെട്ടെന്നു കാഴ്ചയെക്കൂടി ഇതു ബാധിച്ചതോടെയാണു അരവിന്ദ് കണ്ണാശുപത്രി വരെയെത്തിയത്. അവിടെ നടന്ന പരിശോധനകളിൽ അണലിയുടെ കടിയേറ്റതാണെന്ന സ്ഥിരീകരണം വന്നു. ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായി. ഡയാലിസിസ് അനിവാര്യമായി. ഡോ. റജിക്ക് ആശുപത്രിവാസം തുടർക്കഥയായി. 8 മാസം വൈകിപ്പോയ സ്ഥിരീകരണത്തിന് പരിഹാരമായി ജീവിതം തന്നെ വിട്ടുകൊടുക്കേണ്ടി വരുമോയെന്ന ആശങ്ക ഡോ. റജിക്ക് ഇല്ലെങ്കിലും ചുറ്റുമുള്ളവർക്കുണ്ടായി.

ഇടിച്ചുനേടിയ ജയം

തോറ്റെന്നു തോന്നിയ ഇടങ്ങളിൽ ഇടിച്ചുകയറി ജയിച്ച ചരിത്രം റജി സ്കൂൾ കുട്ടിയായിരുന്ന കാലം മുതലുണ്ട്. അതറിയാൻ തങ്കശേരിയിൽ റജിയുടെ തറവാട്ടിൽ നിന്നു തുടങ്ങണം. കെഎസ്ആർടിസി ഇൻസ്പെക്ടറായിരുന്ന ചന്ദ്രഭാനുവിന്റെയും പ്രസന്നയുടെയും മകനാണ്. കൊല്ലം ഇൻഫന്റ് ജീസസ് സ്കൂളിൽ മിടുമിടുക്കോടെ പഠിക്കുന്ന കാലത്ത് ബോക്സിങ്ങിലേക്കുള്ള വിളി വന്നു. ഇളയച്ഛൻ ഇന്ത്യ അറിയുന്ന ബോക്സിങ് പരിശീലകനായ ഡി. ചന്ദ്രലാൽ (പിന്നീട് ദ്രോണാചാര്യ അവാർഡ് ജേതാവായി) ആയിരുന്നതും കാരണമായി. എന്നാൽ, റജി ബോക്സിങ്ങിനു ചേരുന്നതിനോട് അച്ഛനും അമ്മയ്ക്കും എതിർപ്പായിരുന്നു. വീട്ടുകാർ പോലും അറിയാതെ ബോക്സിങ് പരിശീലനം തുടങ്ങി. പക്ഷേ, ആദ്യ മെഡിക്കൽ ടെസ്റ്റിൽ വിധി റജിയെ തോൽപ്പിച്ചുവെന്നു മാത്രമല്ല, വീട്ടുകാരെയും ഞെട്ടിച്ചു. ഹൃദയത്തിനു പ്രശ്നമുണ്ടെന്നും ഹൃദയത്തിൽ നിന്ന് അസ്വാഭാവിക ശബ്ദമുണ്ടെന്നുമായിരുന്നു കണ്ടെത്തൽ. 1991 ഒക്ടോബറിലായിരുന്നു അത്. ഇതോടെ, ആശങ്കയിലായ വീട്ടുകാർ റജിയെയും കൊണ്ട് ആശുപത്രികളിലേക്കുള്ള ഓട്ടമായി. അന്നു ലഭ്യമായ വിദഗ്ധ പരിശോധനകൾ പക്ഷേ, റജിക്ക് അനുകൂലമായിരുന്നു. ഹൃദയത്തിനു കുഴപ്പമില്ലെന്നു സ്ഥിരീകരിച്ചു. ഇതോടെ, ഡോ. റജി ബോക്സിങ്ങിന് ഇറങ്ങണമെന്നതു വീട്ടുകാരുടെ വാശിയായി!.

ചാംപ്യനായി, താരമായി

മെഡിക്കലി ഫിറ്റായ റജി റിങ്ങിലിറങ്ങിയതോടെ കാര്യങ്ങൾ മാറി. 1991-ൽ സബ് ജൂനിയർ വിഭാഗം ബോക്സിങ്ങിൽ സ്റ്റേറ്റ് ചാംപ്യനായി. തൊട്ടടുത്ത 2 വർഷങ്ങളിൽ സീനിയർ വിഭാഗത്തിലും നേട്ടം ആവർത്തിച്ചു. 1994-ൽ ആദ്യമായി സീനിയർ വിഭാഗം ബോക്സിങ് ചാംപ്യനായ റജി കാൻപുരിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു. അതേവർഷം തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ റജി കായികതാരമെന്ന നിലയിൽ പേരെടുത്തു. ബോക്സിങ് താരമായി തിളങ്ങി നിന്ന അതേകാലത്ത് ബോക്സിങ് ടെക്നിക്കൽ ഒഫിഷ്യലാകാനുള്ള (മാച്ച് റഫറിയിങ് മുതൽ മത്സരങ്ങളിലെ അന്തിമ തീർപ്പുവരെ കാര്യങ്ങളുടെ ചുമതല) പരീക്ഷയും പാസായി. വെറും 22 വയസ്സുള്ളപ്പോഴായിരുന്നു ഈ നേട്ടം. 2010-ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് മുതൽ ആഫ്രോ ഏഷ്യൻ ഗെയിംസ് വരെ പല പ്രമുഖ വേദികളിലും ടെക്നിക്കൽ ഒഫിഷ്യലായി തിളങ്ങി. നിലവിൽ കേരളത്തിൽ നിന്നുള്ള ഏക രാജ്യാന്തര ടെക്നിക്കൽ ഒഫിഷ്യലും ഇന്ത്യയിലെ 5 പേരിൽ ഒരാളുമാണ്. കസഖ്സ്ഥാനിലെ രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ യോഗ്യതാ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാണു നേട്ടം സ്വന്തമാക്കിയത്. ഇതിനിടെ കേരള ബോക്സിങ് ടീമിനുൾപ്പെടെ പല ദേശീയ വേദികളിലും ബോക്സിങ് കോച്ചുമായി. കേരള ഒളിംപിക് അസോസിയേഷൻ വൈസ് പ്രസിഡന്റും സംസ്ഥാന അമച്വർ ബോക്സിങ് അസോസിയേഷന്റെ ഓണററി സെക്രട്ടറിയുമായി. കോവിഡിനു മുമ്പു വരെ ബോക്സിങ് രംഗത്തു സജീവ സാന്നിധ്യമായിരുന്ന ഡോ. റജിയുടെ മോഹങ്ങൾക്കു മുൻപിലാണിപ്പോൾ തടസ്സങ്ങൾ.

മിണ്ടാപ്രാണികളുടെയും ഡോക്ടർ

ഗവ. ഹോമിയോ കോളജിൽ നിന്നു പഠിച്ചിറങ്ങിയ റജി പല ആശുപത്രികളിലും മെഡിക്കൽ ഓഫിസറായിരുന്ന ശേഷമാണ് കൊല്ലം കണ്ണനെല്ലൂരിൽ റിഫായ് എന്ന പേരിൽ സ്വന്തമായൊരു ഹോമിയോ ആശുപത്രി തുടങ്ങിയത്.

2010-ലാണു സുഹൃത്ത് ഉണ്ണിക്കൃഷ്ണൻ ആദ്യമായി ‘ആനക്കാര്യവുമായി’ എത്തുന്നത്. മലപ്പുറത്തു നിന്നു വാങ്ങിക്കൊണ്ടു വന്ന ആന ആൾക്കൂട്ടം കാണുമ്പോൾ മുടന്തി നിൽക്കുമത്രേ. നേരത്തെയെപ്പോഴോ ഒരു വാഹനാപകടത്തിൽപ്പെട്ടതിൽ പിന്നെയാണിത്. മനുഷ്യർക്കു മാത്രമല്ല ചില കാര്യങ്ങളിൽ എല്ലാ ജീവജാലങ്ങൾക്കുമുള്ള ചികിത്സാപരിഹാരം ഹോമിയോയിൽ ഉണ്ടെന്നല്ലാതെ അന്നോളം അതു പരീക്ഷിച്ചിരുന്നില്ലെന്നു ഡോ. റജി പറയുന്നു. എന്നാൽ, മുത്തച്ഛന്റെ കാലം മുതലേ ഹോമിയോ മരുന്ന് ആനകൾക്കു നൽകാറുണ്ടെന്നു പറഞ്ഞ് ഉണ്ണിക്കൃഷ്ണൻ നൽകിയ ധൈര്യത്തിലാണു ചികിത്സ തുടങ്ങിയത്. അതു ഫലം കണ്ടു. ഇതൊരു തുടക്കമായി. ആനകൾക്കുള്ള ഹോമിയോ മരുന്നുകൾക്കായി ഉണ്ണിക്കൃഷ്ണൻ ഇടയ്ക്കിടെ ഡോ. റജിയുടെ അടുക്കൽ വന്നു പോയി.

പട്ടത്താനം കേശവൻ എന്ന ആനയുടെ കാര്യത്തിലും റജിയുടെ മരുന്നു ഗുണം ചെയ്തു. കേശവന്റെ കാര്യങ്ങൾ നോക്കിയിരുന്ന കുട്ടൻ എന്നൊരു പാപ്പാനാണ് റജിയുടെ സഹായം തേടിയത്. കണ്ണിൽ നിന്നു നിർത്താതെ വെള്ളം ഒഴുകുന്നതായിരുന്നു കേശവന്റെയും പ്രശ്നം. പരുക്കിനെത്തുടർന്നു കണ്ണിലുണ്ടായ അണുബാധയായിരുന്നു കാരണം. രണ്ടാഴ്ചത്തേക്കു രണ്ടു കുപ്പി മരുന്നാണ് അന്നു നൽകിയത്. സംഗതി ഫലം കണ്ടു.

മരുന്നു നൽകിയ കുപ്പിയിൽ സ്വന്തം ആശുപത്രിയുടെ ഫോൺ നമ്പറും ഉണ്ടായിരുന്നു. ഇതു വഴി പട്ടത്താനം കേശവന്റെ പാപ്പാന്റെ സുഹൃത്തായ മറ്റൊരു പാപ്പാനും ഡോ. റജിയുടെ നമ്പർ കിട്ടി. പിന്നെ റജിയെ തേടി തുടരെ വിളികൾ വന്നു തുടങ്ങി. പാമ്പാടി രാജനും പാമ്പാടി സുന്ദരനും അടക്കം പേരുകേട്ട പല ആനകളും ഡോ. റജിയുടെ ചികിത്സ തേടി. നല്ല ഫലം ഈ രംഗത്തും റജിക്കു പ്രസിദ്ധി നൽകി. പത്തുനാൽപ്പത് ആനകൾക്കു ചികിത്സ നൽകിയ ഡോ. റജിക്ക് ഗജപരിപാലന സംഘത്തിന്റെ ആദരവും ലഭിച്ചിരുന്നു.

വേറെയും രോഗികൾ

ആനകളെ ചികിത്സിച്ചുള്ള കീർത്തി മിണ്ടാപ്രാണികളായ കൂടുതൽ രോഗികളെ റജിയുടെ അടുക്കലെത്തിച്ചു. അതിലൊരാൾ ജർമൻ ഷെപ്പേഡ് വിഭാഗത്തിൽപെടുന്നൊരു നായ ആയിരുന്നു. പലതവണ ഗർഭിണിയായെങ്കിലും കുഞ്ഞുണ്ടാകാത്തതായിരുന്നു പ്രശ്നം.  ലക്ഷണം മനസ്സിലാക്കി വന്ധ്യത ചികിത്സയ്ക്കായി നൽകിയ മരുന്ന് ഫലം ചെയ്തെന്നു റജി പറയുന്നു. ഇരവിപുരത്തു നിന്നു കൊണ്ടു വന്ന ഡാൽമേഷ്യൻ വിഭാഗത്തിൽപെടുന്നൊരു നായയുടെ കാര്യത്തിലെ മാറ്റം അദ്ഭുതം പോലെയായിരുന്നു. വായ് നിറയെ നാരങ്ങാവലുപ്പത്തിൽ അരിമ്പാറ വളർന്നിറങ്ങിയതിന്റെ ബുദ്ധിമുട്ട് നായയ്ക്കും അതിനെ വളർത്തിയിരുന്നവർക്കും സങ്കടമായിരുന്നു. രോഗലക്ഷണങ്ങൾ മനസ്സിലാക്കി ആദ്യ 5 ദിവസത്തേക്കു മരുന്നു നൽകി. ഇതു കഴിച്ചശേഷം കൊണ്ടുവന്നാൽ നോക്കാമെന്നു പറഞ്ഞാണു മടക്കിയത്. 5 ദിവസത്തിനു ശേഷം ഡാൽമേഷ്യന്റെ ഉടമ തന്നെ വിളിച്ചു. നാരങ്ങാവലുപ്പം മഞ്ചാടിക്കുരുവോളം ചെറുതായി എന്ന സന്തോഷം അറിയിക്കാൻ. ആ മാറ്റം പിന്നെയും തുടർന്നതോടെ പൂർണ രോഗമുക്തിയിലേക്ക് ഡാൽമേഷ്യനെ എത്തിക്കാനായെന്നു റജി ഓർക്കുന്നു.

പ്രതീക്ഷയോടെ...

ആളും ആനയുമായി നാടാകെ നിറഞ്ഞു നിന്ന ഡോക്ടറെത്തേടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തുമ്പോൾ അദ്ദേഹം ക്ഷീണിതനായിരുന്നു. എങ്കിലും ഉത്സാഹത്തിനോ പ്രസന്നതയ്ക്കോ കുറവില്ല. അവിവാഹിതനായ റജിക്ക് അച്ഛനും അമ്മയുമാണ് കൂട്ടിരിക്കുന്നത്. സഹായത്തിന് സ്വന്തം ആശുപത്രിയിലെ ജീവനക്കാരുമെത്തും. ഇരുവൃക്കകളും തകരാറിലായതിനാൽ ആഴ്ചയിൽ മൂന്നുവട്ടം കൊല്ലത്തെ ആശുപത്രിയിൽ ഡയാലിസിസുണ്ട്. കൊച്ചിയിലെ ആശുപത്രിയിൽ മാസത്തിൽ രണ്ടോ മൂന്നോ വട്ടം പോകണം. നേത്രചികിത്സ ഇപ്പോഴും പൂർണമല്ല. അരവിന്ദ് ആശുപത്രിയിലേക്കു ചെല്ലണമെന്നു പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു. എത്രയും പെട്ടന്നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സമ്പാദ്യമെല്ലാം ഇതിനോടകം ആശുപത്രികളിൽ ചെലവിട്ടു കഴിഞ്ഞു. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെന്ന വലിയ ബാധ്യതയ്ക്കുള്ള പണം തൽക്കാലമില്ലാത്തതു കൊണ്ട് ഇതു നീട്ടിക്കൊണ്ടുപോകുന്നു. പലരുടെ പ്രാർഥനയുണ്ടാകുമെന്ന ധൈര്യം റജിക്കുണ്ട്; അതിൽ മനുഷ്യർ മാത്രമല്ല, വേദനയിൽ ഉരുകിയിരുന്ന മിണ്ടാപ്രാണികളുമുണ്ട്.

ജീവിതം തിരിച്ചുകിട്ടിയാൽ പൂർത്തിയാക്കേണ്ട സ്വപ്നങ്ങളെക്കുറിച്ചാണ് ആശുപത്രിയിലായിരിക്കുമ്പോഴും റജിയുടെ ആലോചന. അതിൽ ആനചികിത്സയുണ്ട്, സ്വന്തം ഹോമിയോ ആശുപത്രിയുണ്ട്, പിന്നെ എക്കാലവും ഹരം പിടിപ്പിച്ച ബോക്സിങ് കളമുണ്ട്... ശരീരം ദുർബലമാകുമ്പോഴും റജിക്ക് ആത്മവിശ്വാസമുള്ളൊരു മനസ്സുണ്ട്. അദ്ദേഹത്തോടു സംസാരിക്കാൻ – 9847090003.

English Summary : Sunday special about dr C.B Reji

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS