ADVERTISEMENT

‘നീയൊക്കെ ലണ്ടനിൽപ്പോയി പഠിച്ചിട്ട് എന്തു ചെയ്യാനാടാ’? ആ ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ ചോദ്യം ആദിവാസി യുവാവായ ബിനേഷ് ഗിരിജ ബാലന്റെ ആത്മാഭിമാനത്തിനു മേലാണു തറച്ചു കയറിയത്. നൂറ്റാണ്ടുകളായി തുടരുന്ന മുൻവിധികളുടെ കൂർത്തമുനയുള്ള അത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു കൂടിയാണ് ബിനേഷ് ജീവിത പരീക്ഷകൾ വിജയിക്കുന്നത്. വിദേശ സർവകലാശാലാ സ്കോളർഷിപ്പിന് അപേക്ഷ നൽകിയപ്പോഴുണ്ടായ സർക്കാർ ഉദ്യോഗസ്ഥന്റെ ആ പ്രതികരണത്തിനു മുന്നിൽ തോറ്റു പിൻമാറാൻ പക്ഷേ, കാസർകോട് രാജപുരം കോളിച്ചാൽ പതിനെട്ടാംമൈൽ എകെജി കോളനിയിലെ കൂലിപ്പണിക്കാരായ ബാലന്റെയും ഗിരിജയുടെയും മകനൊരുക്കമല്ലായിരുന്നു.

വംശീയ അധിക്ഷേപം കലർന്ന ആ ചോദ്യമുയർന്ന് 9 വർഷങ്ങൾക്കു ശേഷം ബിനേഷിന്റെ മറുപടി ഇതാ: ‘‘യുകെയിലെ സസിക്സ് സർവകലാശാലയിൽ ലോക പ്രശസ്ത നരവംശശാസ്ത്രജ്ഞനായ പ്രഫ. ഫിലിപ്പോ ഒസെല്ലയുടെ കീഴിൽ പഠിച്ച് ആന്ത്രപ്പോളജിയിൽ ബിരുദാനന്തര ബിരുദം ഞാൻ നേടി. ഇപ്പോഴിതാ നെതർലൻഡ്സിലെ ആംസ്റ്റർഡാമിലുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച 100 സർവകലാശാലകളിൽ ഒന്നായ ഗ്രോണിങ്ങൻ സർവകലാശാലയിൽ ആന്ത്രപ്പോളജിയിൽ പിഎച്ച്ഡി പ്രവേശനം. ‌

നരവംശ ശാസ്ത്രജ്ഞരായ ഡോ. പീറ്റർ ബർഗറും ഡോ. എലേന മുഷാറെല്ലിയുമാണ് എന്റെ ഗൈഡുമാർ. രണ്ടു പേരും ഇന്ത്യൻ നരവംശ ശാസ്ത്ര പഠനത്തിലെ വിദഗ്ധർ. സർക്കാർ സഹായത്തിനു കാത്തിരിക്കാതെ പഠനച്ചെലവിനു വിദ്യാഭ്യാസ വായ്പയെടുത്താണ് പിഎച്ച്ഡി പഠനത്തിനു നെതർലൻഡ്സിലേക്കു പോകുന്നത്. കേരള സമൂഹത്തിന്റെ അതിരുകളിൽ ജീവിക്കുന്ന ആദിവാസിയായ ഒരു യുവാവ് ഒറ്റയ്ക്ക് വളരെയധികം സാമ്പത്തികച്ചെലവും മറ്റു സങ്കീർണതകളുമുള്ള വിദേശ ഉന്നതപഠനം ആഗ്രഹിക്കുകയെന്നതു പോലും എത്രമാത്രം ബുദ്ധിമുട്ടു നിറഞ്ഞ ഒന്നാണെന്ന് പൊതുസമൂഹത്തിന് മനസ്സിലാകുമോ എന്നെനിക്കു സംശയമുണ്ട്. 

എങ്കിലും എന്തു വിലകൊടുത്തും ഞാൻ പിഎച്ച്ഡി പൂർത്തിയാക്കും. എന്റെ സമൂഹത്തിന് അതു പകരുന്ന ആത്മവിശ്വാസം എത്ര വലുതാണെന്ന ബോധ്യം എനിക്കുണ്ട്’’.

കഠിനകാലം

ഒന്നു മുതൽ ഏഴാം ക്ലാസ് വരെ കാസർകോട് ജില്ലയിലെ പ്രാന്തർകാവ് ജിയുപി സ്കൂളിലും തുടർന്ന് ഹയർ സെക്കൻഡറി വരെ ബളാന്തോട് ജിഎച്ച്എസ്എസിലുമായിരുന്നു ബിനേഷിന്റെ പഠനം. രാജപുരത്തെ സെന്റ് പയസ് ടെൻത് കോളജിൽ നിന്നു 2012ൽ ബിഎ ഇക്കണോമിക്‌സ് വിജയിച്ചു. 2014ൽ കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ഇൻ കേരളയിൽ (ഐഎംകെ) നിന്ന് എംബിഎ വിജയിച്ചു. 

ബിനേഷ് അച്ഛൻ ബാലനും അമ്മ ഗിരിജയ്ക്കും ഒപ്പം.

ക്വാറി തൊഴിലാളികളായിരുന്ന ബിനേഷിന്റെ മാതാപിതാക്കളുടെ ആരോഗ്യം മോശമായതിനെത്തുടർന്ന് സ്കൂൾ പഠനകാലത്തു തന്നെ ക്വാറിയിലും കൃഷിത്തോട്ടങ്ങളിലും കൂലിപ്പണിയെടുത്താണ് ബിനേഷ് നിത്യച്ചെലവിനും വിദ്യാഭ്യാസത്തിനുമുള്ള പണം കണ്ടെത്തിയിരുന്നത്. 2018ൽ സസിക്‌സ് സർവകലാശാലയിൽ പഠിക്കാൻ കേന്ദ്ര സർക്കാരിന്റെ നാഷനൽ ഓവർസീസ് സ്കോളർഷിപ്പ് നേടിയപ്പോൾ രാജ്യത്ത് ഈ സ്കോളർഷിപ് ലഭിച്ച 20 പേരിൽ ഒരാളായിരുന്നു ബിനേഷ്. ഏക മലയാളിയും. 

കേരളത്തിലെ തുളു മാവിലൻ സമുദായത്തിന്റെ മതവും ആചാരവും സംബന്ധിച്ച് ബിരുദാനന്തര ബിരുദ പഠനത്തിന്റെ ഭാഗമായി ഗവേഷണം ചെയ്യുകയും രാജ്യാന്തര ജേണലുകളിൽ ഉൾപ്പെടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. എംഎയ്ക്കു ശേഷം പിഎച്ച്ഡി ഗവേഷണത്തിന് നെതർലൻഡ്‌സിലെ ഫ്രീ യൂണിവേഴ്സിറ്റി ആംസ്റ്റർഡാമിൽ പ്രവേശനം ലഭിച്ചെങ്കിലും സംസ്ഥാന സർക്കാർ സ്കോളർഷിപ് നിർത്തലാക്കിയതിനെത്തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. തുടർന്നു കടുത്ത മാനസികസമ്മർദത്തിന്റെയും സാമ്പത്തികപ്രയാസത്തിന്റെയും 3 വർഷങ്ങൾ പിന്നിട്ടാണ് ഇപ്പോൾ ഗ്രോണിങ്ങൻ സർവകലാശാലയിൽ പിഎച്ച്ഡിക്ക് പ്രവേശനം നേടിയിരിക്കുന്നത്. മാവിലൻ സമുദായങ്ങളിലെ തെയ്യങ്ങളും അവരുടെ അയൽ സമുദായങ്ങളിലെ തെയ്യങ്ങളും തമ്മിലുള്ള താരതമ്യപഠനമാണു ഗവേഷണ വിഷയം.

അവഹേളനം

2014ൽ തിരുവനന്തപുരം ഐഎംകെയിൽ എംബിഎ ചെയ്യുന്ന സമയത്താണ് സസിക്‌സ് സർവകലാശാലയിൽ എംഎ ആന്ത്രപ്പോളജി കോഴ്‌സിന് പ്രവേശനം ലഭിക്കുന്നത്. കോഴ്സിന് സാമ്പത്തിക സഹായം അനുവദിക്കണമെന്നഭ്യർഥിച്ച് സംസ്ഥാന സർക്കാരിന് 2014 നവംബറിൽ അപേക്ഷ നൽകി. അപേക്ഷയുടെ നിജസ്ഥിതി അന്വേഷിക്കാൻ സെക്രട്ടേറിയറ്റിൽ പോയപ്പോഴൊക്കെ എസ്‌സി-എസ്ടി പിഎം സെക്ഷനിലെ  ഓഫിസറും അണ്ടർ സെക്രട്ടറിയും മാസങ്ങളോളം വംശീയമായിത്തന്നെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നാണ് ബിനേഷ് വേദനയോടെ പറയുന്നത്. 2014 ഡിസംബറിൽ ‘സാമ്പത്തിക സഹായത്തിനായി നിങ്ങൾക്ക് കേന്ദ്രസർക്കാരിനെ സമീപിക്കാം’ എന്ന കുറിപ്പോടെ ബിനേഷിന്റെ അപേക്ഷ ക്ലോസ് ചെയ്തു. ഇത് അന്നത്തെ തൃശൂർ എംഎൽഎ ആയിരുന്ന വി.എസ്.സുനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് അദ്ദേഹം വകുപ്പ് മന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മിയോട് ഇക്കാര്യം പറയുകയും തുടർന്ന് ബിനേഷിന്റെ അപേക്ഷ വീണ്ടും പരിഗണിക്കുകയുമായിരുന്നു. 2015 ഒക്ടോബറിൽ മന്ത്രിസഭ വിദേശ എംഎ പഠനത്തിന് 36 ലക്ഷം രൂപ അനുവദിച്ചു. 

പക്ഷേ, ബ്രിട്ടിഷ് ഹൈക്കമ്മിഷനു നൽകാനുള്ള ഉത്തരവാകട്ടെ ഒട്ടേറെ തകരാറുകളോടുകൂടി ‘മലയാളത്തിൽ’ നൽകി പകവീട്ടുന്ന തരത്തിലാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. ഉത്തരവ് ബിനേഷ് ഇംഗ്ലിഷിലേക്ക് തർജമ ‌ചെയ്ത് വീസയ്ക്ക് സമർപ്പിച്ചെങ്കിലും ബ്രിട്ടിഷ് ഹൈക്കമ്മിഷൻ വീസ നിരസിച്ചു. സുഹൃത്തുക്കളുടെ പക്കൽ നിന്നു കടം വാങ്ങിയതും മറ്റു വായ്പകൾ എടുത്തുമൊക്കെയായിരുന്നു വീസ ചെലവുകൾക്കുള്ള തുക ബിനേഷ് കണ്ടെത്തിയത്. വീസ നിരസിച്ചതോടുകൂടി ബിനേഷ് വലിയ കടക്കെണിയിലാകുകയും മാനസികമായി തകരുകയും ചെയ്തു. ഒരു ലക്ഷത്തോളം രൂപയായിരുന്നു അന്നു കടമെടുക്കേണ്ടി വന്നത്. ബിനേഷിന് അന്നതു വളരെ വലിയ തുകയാണ്.

ഇരുപതിൽ ഒരാൾ

തുടർന്ന് 2016ൽ കടുത്ത ഇന്റർവ്യു ഘട്ടം പിന്നിട്ടു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിലും സസിക്‌സ് സർവകലാശാലയിലുമാണു പ്രവേശനം ലഭിച്ചിരുന്നത്. യാത്ര ഉൾപ്പെടെയുള്ള മുഴുവൻ പഠനച്ചെലവുകളും കേന്ദ്രസർക്കാർ വഹിക്കുമെങ്കിലും വീസ ലഭിക്കുന്നതു വരെയുള്ള തുടക്കച്ചെലവുകൾ വിദ്യാർഥി സ്വയം കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തികമായി തകർന്ന നിലയിലായിരുന്ന ബിനേഷിന് അത് അസാധ്യമായിരുന്നു. തുടക്കച്ചെലവുകൾക്കായി ഒന്നര ലക്ഷം രൂപ അനുവദിക്കാൻ വീണ്ടും സംസ്ഥാന സർക്കാരിന് അപേക്ഷ സമർപ്പിച്ചു. അതിനായി മാസങ്ങളോളം വീണ്ടും സെക്രട്ടേറിയറ്റിൽ കയറിയിറങ്ങി. ഒന്നും നടന്നില്ല.

 

തുടർന്ന് അന്നു മന്ത്രിയായിരുന്ന എ.കെ.ബാലൻ ഇടപെട്ടപ്പോൾ പ്രശ്നം പരിഹരിക്കപ്പെട്ടുവെങ്കിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ പ്രവേശനം നേടേണ്ട സമയം കഴിഞ്ഞിരുന്നു. ഡോ. ബി.ആർ.അംബേദ്കർ, കെ.ആർ.നാരായണൻ, ജ്യോതി ബസു, വി.കെ.കൃഷ്ണമേനോൻ തുടങ്ങിയ പ്രഗല്ഭർ പഠിച്ച ലണ്ടൻ സ്കൂൾ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദ കോഴ്സിന് ബിനേഷിനു ലഭിച്ച സ്വപ്നസമാന പ്രവേശനമാണ് സെക്രട്ടേറിയറ്റിലെ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരുടെ മുൻവിധികളിൽ തട്ടി മുൻപു തകർന്നുപോയത്. ബിനേഷിന്റെ കാത്തിരിപ്പ് ഒരു വർഷം കൂടി നീണ്ടുപോയി. ഒടുവിൽ 2017 ജൂലൈയിൽ കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ്പിൽ കൊച്ചിയിൽ നിന്നു ബിനേഷ് സസിക്സ് സർവകലാശാലയിലേക്കു വിമാനം കയറി.

സസിക്സ് സർവകലാശാലയിൽ സഹപാഠികൾക്കൊപ്പം ബിനേഷ്

അവഹേളനം തുടരുന്നു

എംഎ വിജയിച്ചശേഷം അയർലൻഡിലെ ട്രിനിറ്റി കോളജിൽ എംഫിൽ കോഴ്സിനു ചേരാനായി സംസ്ഥാന സർക്കാരിന്റെ സ്കോളർഷിപ്പിന് വീണ്ടും അപേക്ഷിച്ചു. എന്നാൽ 2015ൽ അന്നത്തെ സർക്കാർ സസിക്‌സിൽ എംഎ പഠനത്തിന് അനുവദിച്ച അതേ തുകയാണ് 2018ൽ അയർലൻഡിലെ എംഫിൽ പഠനത്തിനും അനുവദിച്ചത്. ഉത്തരവിൽ സർവകലാശാലയുടെ പേരു തിരുത്തി എന്നതു മാത്രമായിരുന്നു മാറ്റം. ഉത്തരവ് ഇംഗ്ലിഷിൽ നൽകണം എന്ന് ഇത്തവണ പ്രത്യേകം അഭ്യർഥിച്ചിട്ടും അയർലൻഡ് ഇമിഗ്രേഷൻ അതോറിറ്റിക്കുള്ള ഉത്തരവ് മലയാളത്തിൽ തന്നെ നൽകി വീണ്ടും ബിനേഷിനെ അവഹേളിച്ചു. 

ഉത്തരവ് ഇംഗ്ലിഷിൽ ലഭിക്കാൻ താമസമെടുക്കും എന്ന കാരണത്താൽ യൂറോപ്യൻ യൂണിയന്റെ ഒരു ഉന്നതവിദ്യാഭ്യാസ പദ്ധതി അനുസരിച്ച് ഫ്രീ യൂണിവേഴ്സിറ്റി ആംസ്റ്റർഡാമിൽ 2018 നവംബറിൽ പിഎച്ച്ഡിക്ക് അപേക്ഷിച്ച ബിനേഷിന് അവിടെ പ്രവേശനം ലഭിച്ചു. എന്നാൽ, 2019ൽ ബിനേഷിന്റെ തുടർന്നുള്ള പഠനത്തിന് സ്കോളർഷിപ്പ് നൽകേണ്ടതില്ലെന്ന് അണ്ടർ സെക്രട്ടറി ഉത്തരവിറക്കിയതോടെ പിഎച്ച്ഡി പഠനം വഴിമുട്ടി. എന്നാൽ, കൂലിപ്പണിക്കാരായ ഗിരിജയുടെയും ബാലന്റെയും മകൻ കൂലിപ്പണിയെടുത്താണെങ്കിലും ഡോക്ടറേറ്റ് നേടും എന്ന് അന്നെടുത്ത ഉറച്ച തീരുമാനമാണു മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും നെതർലൻഡ്സിലെ തന്നെ ഗ്രോണിങ്ങൻ സർവകലാശാലയിൽ പ്രവേശനം നേടിയതിൽ എത്തി നിൽക്കുന്നത്.

അതിജീവനം

‘ബുദ്ധി കൊണ്ട് ഞാനൊരു അശുഭചിന്തകനും ഇച്ഛാശക്തി കൊണ്ട് ഒരു ശുഭചിന്തകനുമാണ്’ എന്ന ആന്റോണിയോ ഗ്രാംഷിയുടെ ഉദ്ധരണി ആണു ബിനേഷിന്റെ സമൂഹമാധ്യമ കവർചിത്രം. 2019ൽ സംസ്ഥാന സർക്കാർ സ്കോളർഷിപ് നിരസിച്ചതോടെ ആംസ്റ്റർഡാമിലെ ബിനേഷിന്റെ ജീവിതം ദുരിതമയമായി. 

വാടക വീട് നഷ്ടപ്പെട്ടു. ആംസ്റ്റർഡാമിൽ ഒരു ഡോർമിറ്ററിയിൽ ഒരു ദിവസം താമസിക്കാൻ 3500 രൂപ ചെലവ് വരും. ഭക്ഷണച്ചെലവ് വേറെ. പുതിയ താമസസ്ഥലം കിട്ടുന്നതുവരെ ചെലവു ചുരുക്കുന്നതിനായി ബിനേഷ് ദിവസവും ആംസ്റ്റർഡാമിൽ നിന്നു ജർമനിയിലേക്ക് ബസിൽ രാത്രി യാത്ര ചെയ്യുമായിരുന്നു. എട്ടു മണിക്കൂർ ബസിൽ ഉറങ്ങാൻ പറ്റുമെന്നതായിരുന്നു കാരണം. ആയിരം രൂപയുണ്ടെങ്കിൽ ഒരു ദിവസം കഴിയാം. ഒരു ഐസ്ക്രീം കമ്പനിയുടെ ഫാക്ടറിയിൽ ആയിരുന്നു പാർട്‌ടൈം ജോലി. ശരിക്കും അഭയാർഥിയെപോലെയുള്ള ജീവിതം. ജയിൽവാസകാലത്തെ ഗ്രാംഷിയുടെ ജീവിതത്തെയാണ് അന്ന് ഓർമവന്നതെന്നും അതാണ് ആ ഉദ്ധരണി ഇത്ര ഇഷ്ടപ്പെടാൻ കാരണമെന്നും ബിനേഷ് പറയുന്നു. 

സ്വന്തം നാട്ടിൽപോലും അരക്ഷിതരായി ജീവിക്കേണ്ടിവരുന്ന അവസ്ഥ മറികടക്കുവാനും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്താനുമാണ് ഇന്നു മലയാളി വിദ്യാർഥികൾ പഠനത്തിനായി വിദേശരാജ്യങ്ങളിലേക്കു കൂടുതലായി ചേക്കേറുന്നതെന്നു ബിനേഷ് പറയുന്നു. അവിടെ അവർക്കു ലഭിക്കുന്ന സാമൂഹിക സുരക്ഷയും തൊഴിൽസുരക്ഷയും മെച്ചപ്പെട്ട ജീവിതനിലവാരവും ഇവിടെ കിട്ടുന്നില്ല എന്നതു തന്നെയാണ് ഇന്നിതൊരു ട്രെൻഡ് ആയി മാറാനുള്ള പ്രധാനകാരണം. എന്നാൽ എത്ര ആഗ്രഹിച്ചാൽ പോലും എത്ര ആദിവാസി യുവാക്കൾക്ക് ഇതിനു കഴിയുമെന്നു ബിനേഷ് ചോദിക്കുന്നു. പൊതുസമൂഹം നിഷ്കർഷിക്കുന്ന സാമ്പത്തിക, സാമൂഹിക മൂലധനത്തിന്റെ അഭാവം അവരെ പിന്നോട്ടുതള്ളുക തന്നെ ചെയ്യും. 

ഒരു പ്രശസ്ത വിദേശ സർവകലാശാലയിൽ നിന്നു ബിരുദാനന്തര ബിരുദ പഠനം പൂർത്തീകരിച്ച് ഗവേഷണത്തിനു പ്രവേശനം ലഭിക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള കേരളത്തിലെ ആദ്യത്തെയാളായിരിക്കും താനെന്നും ബിനേഷ് വിശ്വസിക്കുന്നു.

മൂൽനിവാസി

ആദിവാസി എന്ന നാമത്തോടു ബിനേഷിന് യോജിപ്പില്ല. ഒരു വിഭാഗം ജനങ്ങളെ അപരിഷ്കൃതർ, കള്ളൻമാർ, വൃത്തിയില്ലാത്തവർ, ആരോഗ്യമില്ലാത്തവർ, ലഹരി ഉപയോഗിക്കുന്നവർ, വിദ്യാഭ്യാസമില്ലാത്തവർ തുടങ്ങിയ വിവിധ മുൻവിധികളുള്ള കള്ളികളിൽ പെടുത്തി മാറ്റിനിർത്താനുപയോഗിക്കുന്ന നാമമാണതെന്നാണ് ബിനേഷ് കരുതുന്നത്. 

ആ പേര് ആദിവാസികൾ അവർക്കു സ്വയം നൽകിയതല്ല, പകരം പുറത്തുള്ളവർ അവർക്കു പതിച്ചുനൽകിയ ഒന്നാണ്. പുറംതള്ളലിനു വേണ്ടിയുള്ള ഒരു രാഷ്ട്രീയ ഉപകരണമാണത്. പകരം യഥാർഥജനം (Original people) എന്നർഥം വരുന്ന ‘മൂൽനിവാസി’ എന്ന പേര് ഉപയോഗിക്കണമെന്നാണ് ബിനേഷ് അഭിപ്രായപ്പെടുന്നത്. വിശക്കുന്ന മനുഷ്യരെ അടിച്ചുകൊല്ലുന്ന നാടാണിത്. നിറവും കുലവും രൂപവും നോക്കി മനുഷ്യരെ കള്ളൻമാരാക്കി മാറ്റുന്ന നാടും ഇതു തന്നെ. ആദിവാസികൾ അപരിഷ്കൃതരാണെന്നും അവർ മാറേണ്ടവർ ആണെന്നും ജാതിസമൂഹം അവകാശപ്പെടുമ്പോൾ മാറേണ്ടത് ജാതിസമൂഹങ്ങളുടെ ചിന്താഗതിയാണെന്നു ബിനേഷ് പറയുന്നു. 

വ്യവസ്ഥിതിയോടും സർക്കാരുകളോടും ജീവിത സാഹചര്യങ്ങളോടും നിരന്തരം പോരാടി ഉന്നതവിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉയർന്നതലത്തിലെത്തി നിൽക്കുന്ന ബിനേഷ് അരികുവൽകരിക്കപ്പെട്ട ഒരു സമൂഹത്തിനു പകരുന്ന ആത്മവിശ്വാസം ചെറുതല്ല. ഒന്നും രണ്ടുമല്ല, 6 വിദ്യാഭ്യാസ വർഷങ്ങളാണു മുൻവിധി നിറഞ്ഞ സമൂഹം ബിനേഷിൽ നിന്നു തട്ടിപ്പറിച്ചെടുത്തത്. എന്നിട്ടും അദ്ദേഹം തോൽക്കാതെയിരിക്കുന്നതു സ്വന്തം കഴിവിലുള്ള ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ്.

English Summary : Sunday special about Binesh Girija Balan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com