ADVERTISEMENT

ശരീരത്തിന്റെ ഇടതു ഭാഗത്തുളള ഹൃദയത്തിന്റെ വലതു ഭാഗത്തെയാണു ഡോ. ഷെൽബി കുട്ടിക്ക് ഇഷ്ടം.1995ൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടറുടെ കൺമുന്നിൽ വച്ചു നടന്ന ഒരു മരണമാണ് അതിനു കാരണം. കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് പഠനത്തിനു ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയാണന്നു ഡോ. ഷെൽബി കുട്ടി. രാത്രിയിൽ ഡ്യൂട്ടിക്കിടെ ഒരു വിളിയെത്തി. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ള 14 വയസ്സുള്ള ഒരു പെൺകുട്ടിയെ രോഗം ഗുരുതരമായി ആശുപത്രിയിലെത്തിച്ചിരിക്കുന്നു. ഒരേ ഒരു ഹൃദയ വാൽവിനാണു പ്രധാന പ്രശ്നം. ഏഴു വർഷമായി ഹൃദയ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണ് ആ പെൺകുട്ടി. ആ ജീവൻ രക്ഷിക്കാനായില്ല. ആ മരണം ഡോ. ഷെൽബി കുട്ടിയുടെ ഹൃദയത്തിൽ ആഴത്തിലൊരു മുറിവായി. അന്നു മുതലാണു ഡോക്ടർ ഹൃദയത്തെ കൂടുതൽ സ്നേഹിച്ചു തുടങ്ങിയത്, പഠിക്കാൻ തുടങ്ങിയത്. ഇന്ന് യുഎസിലെ പ്രശസ്തമായ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പീഡിയാട്രിക് ആൻഡ് അഡൽറ്റ് കൺജനിറ്റൽ കാർഡിയോളജി ഡയറക്ടറും ഹെലൻ ബി. ടോസിഗ് എൻഡോവ്‌ഡ് പ്രഫസറുമാണു ഡോ. ഷെൽബി കുട്ടി. ജോൺസ് ഹോപ്കിൻസിൽ എൻഡോവ്‌ഡ് ചെയർഷിപ് ലഭിച്ചിട്ടുള്ള ചുരുക്കം പ്രഫസർമാരിൽ ഒരാൾ. ഒപ്പം സർവകലാശാലയിലെ ബ്ലാലോക്– ടോസിഗ്– തോമസ് ഹാർട്ട് സെന്റർ ഡയറക്ടറും കാർഡിയോ വാസ്കുലാർ അനലിറ്റിക് ഇന്റലിജൻസ് ചെയർമാനും കൂടിയാണ് അദ്ദേഹം. ഹെൽത്ത് ഇന്നവേഷനിൽ ബ്രസീൽ സർക്കാരിന്റെ ഉപദേഷ്ടാവും.

1944ൽ 15 മാസം മാത്രം പ്രായമുള്ള പെൺകുട്ടിയിൽ ഹൃദയ ശസ്ത്രക്രിയ ആദ്യമായി നടത്തി ചരിത്രമെഴുതിയ ആശുപത്രിയാണു ജോൺസ് ഹോപ്കിൻസ്. ആ പൈതൃകത്തിന്റെ പിന്തുടർച്ചയാകാൻ കേരളത്തിൽ നിന്നുള്ള ഡോ. ഷെൽബി കുട്ടി എത്തിയതിനെക്കുറിച്ചു പറയാൻ പറ്റിയ വാചകം ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ വെബ്സൈറ്റിന്റെ ഹോം പേജിൽ തന്നെയുണ്ട്–

‘When ambition meets opportunity, anything is possible’.

‘‘എന്റെ കുടുംബത്തിലെ ആദ്യ ഡോക്ടറാണു ഞാൻ. എന്നാൽ ഒരു ശരാശരി മനുഷ്യനും മനസ്സുവച്ചാൽ ജോൺസ് ഹോപ്കിൻസ് പോലുള്ള വലിയ സ്ഥാപനത്തിൽ പ്രവർത്തിക്കാനാകുമെന്നു ഞാൻ തിരിച്ചറി​ഞ്ഞു. അക്കാദമിക് മെഡിസിനിൽ വിജയം വരിക്കാൻ നന്നായി ചികിത്സിക്കാൻ മാത്രം അറിഞ്ഞാൽ പോരാ. നല്ല അധ്യാപകനും, ഗവേഷകനും മാനേജരും കൂടിയാകണം. പല രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറോളം പേർ കൂടെ ജോലി ചെയ്യുന്നുണ്ട്. അവരെ നയിക്കാനും ഏകോപിപ്പിക്കാനും എന്നെ സഹായിക്കുന്നതു ചങ്ങനാശേരിയിലെയും കൊച്ചിയിലെയും കോഴിക്കോട്ടെയും എന്റെ ജീവിതമാണ്. ’’– ഡോ. ഷെൽബി കുട്ടി പറയുന്നു.

ഹൃദയത്തിന്റെ വലതുപക്ഷം

ഹൃദയത്തെ അത്രമേൽ ഹൃദയത്തോടു ചേർത്തുവച്ച ഡോക്ടറാണു ഡോ. ഷെൽബി കുട്ടി. പ്രമുഖ രാജ്യാന്തര ജേണലുകളിൽ ഡോക്ടർ പ്രസിദ്ധീകരിച്ചതു ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചുമുള്ള നാനൂറിലേറെ ഗവേഷണ പ്രബന്ധങ്ങളാണ്. ഹൃദയത്തിന്റെ വലതു വശത്തുണ്ടാകുന്ന സങ്കീർണതകൾ, കുട്ടികളിൽ ജന്മനായുണ്ടാകുന്ന ഹൃദയ സംബന്ധമായ രോഗങ്ങൾക്കു യുവത്വത്തിലെത്തുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ, നിർമിത ബുദ്ധി ഉപയോഗിച്ചുള്ള രോഗ നിർണയം എന്നീ മൂന്നു മേഖലകൾ കേന്ദ്രീകരിച്ചാണു ഡോ. ഷെൽബി കുട്ടിയുടെ ഗവേഷണങ്ങൾ.

യുഎസിലെ നാഷനൽ‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത് (എൻഐഎച്ച്), അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രാന്റുകളോടെയാണ് ഈ പഠനങ്ങൾ. ഒരു ഗ്രാന്റ് മാത്രം ശരാശരി 40 കോടി രൂപയോളം വരും. ജിഇ ഹെൽത്കെയർ, മൈക്രോസോഫ്റ്റ് തുടങ്ങി ടെക് രംഗത്തെ വൻകിട കമ്പനികളുമായും ഗവേഷണ സഹകരണമുണ്ട്.

എലികളിലും പന്നികളിലും ഹൃദയത്തിന്റെ വലതു ഭാഗത്തിന്റെ പരാജയത്തെ (ഹാർട്ട് ഫെയ്‌ല്യർ) ക്കുറിച്ചും ആധുനിക അൾട്രാസൗണ്ട് സാങ്കേതികവിദ്യയെക്കുറിച്ചും ഒട്ടേറെ പഠനങ്ങൾ ഡോക്ടർ നടത്തിയിട്ടുണ്ട്. ദീർഘകാലത്തിൽ കോവിഡ് ശരീരത്തിലുണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ചും ഗവേഷണം പുരോഗമിക്കുന്നു.

ഈ തിരക്കുകൾക്കിടയിലും ആഴ്ചയിൽ രണ്ടു ദിവസം ഡോക്ടർ രോഗികളെ പരിശോധിക്കും. ഡോക്ടറെന്ന നിലയിൽ കാർഡിയാക് ഇമേജിങ്ങിലാണു ഫോക്കസ്. അതായത് എക്കോകാർഡിയോഗ്രാം, സിടി സ്കാൻ, എംആർഐ പരിശോധനകളിൽ നിന്നുള്ള ഹൃദയത്തിന്റെ വ്യത്യസ്തങ്ങളായ ചിത്രങ്ങൾ പരിശോധിച്ചു രോഗനിർണയം നടത്തുക.

‘‘കത്തീറ്റർ അടിസ്ഥാനമാക്കിയുള്ള ഹൃദയ ചികിത്സകൾ നടത്തുന്ന ഒരു ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റാവാനായിരുന്നു എനിക്കിഷ്ടം. പക്ഷേ, കരിയറിന്റെ ആദ്യഘട്ടത്തിൽ ഇരു കൈകളും ഒരേ വേഗത്തിൽ ഏകോപനത്തോടെ ജോലി ചെയ്യുന്നില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. ഒരു ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റിന് ആ പ്രാവീണ്യം വേണം. ഉടനടി പ്രവർത്തിക്കാനാകണം. കാർഡിയാക് ഇമേജിങ്ങിൽ രോഗ നിർണയത്തിനു നമുക്കു മുൻപിൽ സമയമുണ്ട്’’– ഡോക്ടർ പറഞ്ഞു.

പനി നോക്കുന്ന നിർമിത ബുദ്ധി

നിർമിത ബുദ്ധി ഉപയോഗിച്ച് ആരോഗ്യ മേഖലയിൽ രോഗ നിർണയവും ചികിത്സയും എളുപ്പമാക്കുന്ന സങ്കേതങ്ങൾ വികസിപ്പിക്കുന്നതിലാണു ഡോ. ഷെൽബി കുട്ടിയുടെ ഇപ്പോഴത്തെ ഗവേഷണങ്ങളുടെ ഊന്നൽ. പനി ബാധിച്ച് ആശുപത്രിയിലെത്തിയാൽ കുറച്ചു മിനിറ്റുകൾക്കുള്ളിൽ യന്ത്ര സഹായത്തോടെ അത് ഏതു തരം പനിയാണെന്നു തിരിച്ചറിയാനുള്ള ആൽഗരിതം ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ടു വർഷത്തിനകം അതു വാണിജ്യാടിസ്ഥാനത്തിൽ ആശുപത്രികൾക്കു ലഭ്യമാകും.രോഗികളുടെയും രോഗങ്ങളുടെയും വിവരങ്ങൾ ഡേറ്റാ സയൻസിന്റെ സഹായത്തോടെ വിശകലനം ചെയ്തു നിർമിത ബുദ്ധി ഉപയോഗിച്ചു തയാറാക്കിയ ഒട്ടേറെ മോഡലുകൾ മെഡിക്കൽ യന്ത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുതായി വരുന്ന രോഗികളുടെ പരിശോധന ഫലങ്ങൾ വിലയിരുത്തി നിമിഷ നേരംകൊണ്ടു രോഗമെന്താണെന്നു യന്ത്ര സഹായത്തോടെ കണ്ടെത്തും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ആശുപത്രികളിൽ നിന്നുള്ള ചികിത്സാ ഫലങ്ങളും ഈ ഗവേഷണത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ ഒട്ടേറെ രോഗികളെ കൈകാര്യം ചെയ്യേണ്ടി വരുന്ന കോവിഡ് പോലുള്ള സാഹചര്യങ്ങളിൽ രോഗനിർണയത്തിന് ഇത് ഏറെ സഹായകരമാകും.

ഡോ. ഷെൽബി കുട്ടി (51)

എഴുപതുകളിൽ ഫിലിം റപ്രസന്റേറ്റീവ് ആയി ജോലി ചെയ്യുകയും പിന്നീട് കൊച്ചിയിൽ ‘പരസ്യകല’ പരസ്യ ഏജൻസി നടത്തുകയും ചെയ്ത ആലപ്പുഴ അരൂർ തുണ്ടത്തിത്തറ അഹമ്മദ് കുട്ടിയുടെയും  ചങ്ങനാശേരി നെടുഞ്ചിറ ജമീല കുട്ടിയുടെയും ഏക മകൻ. അച്ഛനും അമ്മയുമായിരുന്നു ആദ്യ പാഠപുസ്തകങ്ങൾ. ഇരുവരും 23 വർഷം മുൻപു മരിച്ചു.

ചങ്ങനാശേരി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, കൊച്ചി തേവര സേക്രഡ് ഹാർട്ട് കോളജ് എന്നിവിടങ്ങളിൽ പഠനം. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജിൽ നിന്ന് എംഡിയും. 1998ൽ കൊച്ചി അമൃത ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റായി.

1999 മുതൽ ഓസ്ട്രേലിയയിലും കാനഡയിലും പീഡിയാട്രിക് കാർഡിയോളജിയിൽ വിദഗ്ധ പഠനം. 2001 മുതൽ യുഎസിലെ ക്ലീവ്‌ലൻഡ് ക്ലിനിക്, ഹാർവഡ് ബോസ്റ്റൺ ചിൽഡ്രൻസ് ആശുപത്രി എന്നിവിടങ്ങളിൽ പീഡിയാട്രിക് കാർഡിയോളജിയിലും അഡൽറ്റ് കൺജനിറ്റൽ കാർഡിയോളജിയിലും കാർഡിയാക് ഇമേജിങ്ങിലും പരിശീലനം നേടി.

2006 ൽ യുഎസിലെ നെബ്രാസ്ക സർവകലാശാലയിൽ നിന്നു ‘ഹൃദയത്തിന്റെ വലതു ഭാഗവുമായി ബന്ധപ്പെട്ട രോഗങ്ങളും ചികിത്സയും’ എന്ന വിഷയത്തിൽ പിഎച്ച്ഡി. പിന്നീട് ഹാർവഡ് സർവകലാശാലയിൽ നിന്നു ഹെൽത്ത് കെയർ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (എംഐടി) നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വിദഗ്ധ പരിശീലനവും നേടി.

2018 വരെ നെബ്രാസ്കയിൽ പീഡിയാട്രിക് വിഭാഗം വൈസ് ചെയറും ഗവേഷണ വിഭാഗം അസി. ഡീനുമായിരുന്നു. 2018 മുതൽ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ.

ഭാര്യ: ഡോ. ഷൈജ കുട്ടി (ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിൽ പീഡിയാട്രിക് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്). മൂന്ന് മക്കൾ: അമേയ (22), ആരൺ (19), അയൻ (13). 

English Summary : Writeup about cardiologist Dr Shelby Kutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com