ADVERTISEMENT

‘‘മാനസമൈനേ വരൂ
മധുരം നൂള്ളി തരൂ
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാരേ ആരെ....ആരെ...’

മലയാളത്തിലെ ആദ്യത്തെ സ്വർണമെഡൽ ചിത്രമായ ചെമ്മീനിലെ ഗാനമാണ്. വയലാറിന്റെ വരികളും സലിൽ ചൗധരിയുടെ സംഗീതവും മന്നാഡേയുടെ വ്യത്യസ്തമായ ആലാപനവും കൊണ്ട് ഹിറ്റായ ഗാനം.​ ആ ഗാനം സിനിമയിൽ പാടി അഭിനയിച്ചത് ഞാനാണല്ലോ. സിനിമയിലെ നായകനായ പരീക്കുട്ടിയുടെ വേഷത്തിൽ. ചെമ്മീൻ അക്കാലത്തെ പണംവാരി ചിത്രങ്ങളിൽ ഒന്നായപ്പോൾ അറിയാതെ ഞാൻ ‘ബ്രാൻഡഡ്’ ആയി. അതായത് എവിടെ കാമുകിയെ നഷ്ടപ്പെടുന്ന കാമുകനുണ്ടോ ആ വേഷത്തിന് ഏറ്റവും അനുയോജ്യൻ ഞാൻ തന്നെ എന്നൊരു അലിഖിത പ്രമാണം സിനിമാരംഗത്തു വ്യാപിച്ചു. 

അഭിനയം തൊഴിലായി സ്വീകരിക്കാനെത്തിയ എനിക്കങ്ങനെ കൈ നിറയെ അവശകാമുകവേഷങ്ങൾ കിട്ടി. ഇവയിൽ ഏറെ ശ്രദ്ധേയമായ ചിത്രങ്ങളിൽ അർച്ചന,  ഓളവും തീരവും ,ചെണ്ട, തീക്കനൽ, യുദ്ധകാണ്ഡം, ഹൃദയം ഒരു ക്ഷേത്രം, അസ്തമയം, ശുദ്ധികലശം, കായലും കയറും എന്നിവയാണ്. ഇതിപ്പോൾ ഞാൻ ഓർക്കാൻ കാരണമുണ്ട്. സിനിമയിൽ ഇങ്ങനെ പലപ്പോഴും അവശ കാമുക വേഷം കെട്ടി എങ്കിലും ജീവിതത്തിൽ അത്തരം വേഷം കെട്ടലുകൾ എനിക്കു പരിചിതമായിരുന്നില്ല. എന്നിട്ടും ഒരിക്കൽ....! 

ട്രൂത്ത് ഈസ് സ്ട്രെയ്ഞ്ചർ ദാൻ ഫിക്‌ഷൻ എന്നൊരു ചൊല്ലുണ്ടല്ലോ ​ഇംഗ്ലിഷിൽ. ‘യാഥാർഥ്യം  കെട്ടുകഥകളെക്കാൾ അസാധാരണ’മാണ് എന്ന ആ വാക്യം എത്രത്തോളം ശരിയാണ് എന്നെന്നെ ബോധ്യപ്പെടുത്തിയ സംഭവം. ഇൗ കഥയ്ക്കും പശ്ചാത്തലമാകുന്നത് എന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് പഠനകാലമാണ്. ഹിന്ദി സാഹിത്യം അരച്ചുകലക്കി കുടിക്കാൻ ചെന്ന മലയാളി എന്ന നിലയിൽ എന്നെക്കുറിച്ച് ക്ലാസിലെ ഉത്തരേന്ത്യൻ സുഹൃത്തുകൾക്കെല്ലാം വലിയ മതിപ്പാണ്. നമ്മുടെ കഥകളിയും മോഹിനിയാട്ടവും മറ്റും പഠിക്കാൻ വരുന്ന വിദേശികളോടു നമുക്ക് പറ‍ഞ്ഞറിയിക്കാൻ വയ്യാത്ത ഒരു ഇഷ്ടം തോന്നില്ലേ. അതു പോലെ തന്നെ. പോരാത്തതിന് നാട്ടിൽ ഞാൻ ​അത്യാവശ്യം നാടകമൊക്കെ എഴുതിയും അഭിനയിച്ചുമൊക്കെ നടക്കുന്ന കലാകാരനും കൂടിയാണ് എന്നവരെ ബോധ്യപ്പെടുത്തിയിട്ടും ഉണ്ടായിരുന്നു.

വെറുതേ നമ്മളെക്കുറിച്ച് അന്യർക്കു ചില മതിപ്പൊക്കെ തോന്നുന്നുവെങ്കിൽ അത് നമ്മളായിട്ട് വേണ്ടെന്നു വയ്ക്കേണ്ടതില്ലല്ലോ. അതൊക്കെ അന്നത്തെ എന്റെ ഒരു ‘പൊങ്ങച്ചം പറച്ചി’ലായിട്ട് വേണമെങ്കിൽ ഇപ്പോൾ വ്യാഖ്യാനിക്കാം. പക്ഷേ, സത്യം അതുമാത്രമല്ല. നാടകാഭിനയത്തോട് താൽപര്യമുള്ള കുറച്ചു പേരെയെങ്കിലും കണ്ടെത്തണമെന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെ കുറച്ചു പേരുണ്ടെങ്കിലല്ലേ അത്യാവശ്യത്തിനു ക്യാംപസിൽ ഒരു നാടകം അഭിനയിക്കേണ്ടി വന്നാൽ നാടകമിറക്കാൻ ഒക്കൂ. ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാകും. ഒരു ദിവസം അസാധാരണത്വം പ്രകടമായി ദർശിക്കാൻ കഴിയുന്ന ഒരു പെൺകുട്ടി ഞങ്ങളുടെ ക്ലാസ് മുറിക്കു മുന്നിൽ വന്നു.

ആ കുട്ടിയുടെ ആദ്യവരവു തന്നെ ആരുടെയും ശ്രദ്ധപിടിച്ചു പറ്റുന്നതാണ്. അധ്യാപകൻ ഹിന്ദിസാഹിത്യത്തിന്റെ ഒൗന്നത്യം ഞങ്ങളെ പഠിപ്പിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് വാതിൽക്കൽ ചിലങ്കയുടെ ‘ഛിൽ ഛിൽ.... ’ എന്ന ശബ്ദം കേട്ടത്. സ്വാഭാവികമായും ആൺപെൺ വ്യത്യാസമില്ലാതെ ക്ലാസിലിരുന്ന കുട്ടികളെല്ലാം വാതിൽക്കലേക്കു നോക്കിപ്പോയി. അവിടെ അതാ ഒരു സുന്ദരിയായ പെൺകുട്ടി.  നർത്തകിമാരുടെ വേഷത്തിൽ പൊതിഞ്ഞ ദേഹം, മുഖമാകെ നർത്തകിമാരുടേതു പോലെയുള്ള ചമയം. തലമുടി ചീകിവച്ചിരിക്കുന്നതിൽ പോലും ഉണ്ട് ഒരു അസാധാരണത്വം. 

ആരെടാ ഇൗ ചമൽക്കാരി എന്ന് ക്ലാസിലെ ഓരോരുത്തരും സ്വയം ചോദിച്ചു കൊണ്ടു നിൽക്കെ അധ്യാപകൻ പഠിപ്പിക്കലിന് അൽപനേരം അവധി കൊടുത്ത ശേഷം കുട്ടിയോട് കയറിവരാൻ പറഞ്ഞു. അവൾ അടിവച്ചടിവച്ച് അകത്തേക്ക് . വീണ്ടും ചിലങ്കയുടെ മണിനാദം അവളുടെ ഓരോ ചുവചുവയ്പിലും ഉണർന്നു. അധ്യാപകന്റെ  അടുത്തെത്തി അവളെന്തോ സ്വകാര്യം പറഞ്ഞു. കാതുവട്ടം പിടിച്ചിട്ടും ഞങ്ങൾക്കാർക്കും ഒന്നും പിടികിട്ടിയില്ല. പക്ഷേ അപ്പോൾ അധ്യാപകൻ തന്നെ സംഗതി വെളിപ്പെടുത്തി. ‘ഇതു ––––  (പേരാണ് പറഞ്ഞത് സത്യമായും ഞാനത് ഇപ്പോൾ ഓർക്കുന്നില്ല.)  നിങ്ങളുടെ  ക്ലാസിലെ പുതിയ അഡ്മിഷനാണ്.....’ 

അപ്പോൾ ഇൗ ‘തിരുമുഖം’ നമ്മുടെ ക്ലാസിന്റെ സ്വന്തം. അതു കൊള്ളാമല്ലോ. ക്ലാസിലെ ഓരോ വിദ്യാർഥിയുടെയും മുഖത്ത് അസാധാരണമായ അഭിമാനബോധം തുടിക്കുന്നതായി എനിക്കു തോന്നി. അതോ എനിക്കു മാത്രമേ അങ്ങനെ തോന്നിയുള്ളോ? ഞാൻ ചുറ്റിനും ഒന്നു കണ്ണോടിച്ചു. സകല വിദ്യാർഥികളുടെയും കണ്ണുകൾ ആ അസാധാരണരൂപത്തിൽ തന്നെയാണ്. എന്തിനധികം പറയുന്നു ക്ലാസെടുത്തു കൊണ്ടിരുന്ന ഞങ്ങളുടെ അധ്യാപകൻ പോലും ഇടയ്ക്കിടെ ആ കുട്ടിയേയല്ലേ നോക്കുന്നത് എന്നൊരു സംശയം ന്യായമായും എന്റെ ഉള്ളിൽ ഉണ്ടായി. അങ്ങനെയും ഒരു  ‘ഗുരുത്വദോഷം’ ഞാനായിട്ടു വരുത്തിവച്ചു എന്നത് വിസ്മരിക്കുന്നില്ല‍. ആ പീരിയഡ് കഴിഞ്ഞു. പുതിയ കുട്ടിയെ വേണ്ടവണ്ണം പരിചയപെടാൻ കഴിയാത്ത ദുഃഖത്തോടെ ആണെന്ന് തോന്നുന്നു അധ്യാപകൻ ക്ലാസ് റൂം വിട്ടിറങ്ങിയത്.

ക്ലാസ് സമയം കഴിഞ്ഞു എന്നറിയിക്കുന്ന മണി മുഴങ്ങിയപ്പോൾ അദ്ദേഹം ദീർഘമായി ഒന്നു നെടുവീർപ്പിട്ടതായി എനിക്കു തോന്നി. അടുത്ത ക്ലാസ് സംസ്കൃതമാണ്. ആചാര്യജി ക്ലാസെടുക്കാൻ വന്നു.  അദ്ദേഹം കാര്യമായി ക്ലാസെടുക്കുകയാണ്. പക്ഷേ എന്റെ നോട്ടവും ശ്രദ്ധയുമെല്ലാം തൊട്ടപ്പുറത്ത് മുൻപിലിരിക്കുന്ന പുത്തൻ പെൺകുട്ടിയിലാണ്. കണ്ണെടുക്കാൻ അന്നത്തെ പ്രായം എന്നെ അനുവദിച്ചില്ല.

പെട്ടെന്നാണ് അത് സംഭവിച്ചത്, അവളെ നോക്കിക്കൊണ്ടിരുന്ന എന്നെ വിരലുകളാൽ ചൂണ്ടി എഴുന്നേറ്റ് നിന്ന് ആ പെൺകുട്ടിയുടെ നിർദയമായ ആക്രോശം...‘‘മേം നഹീ ആചാര്യജി ഭാഷൺ ദേ രഹേ ഹൈം. ഉൻകോ ദേഖിയേ (ഞാനല്ല.. ആചാര്യജിയാണ് ക്ലാസെടുക്കുന്നത് അദ്ദേഹത്തെ നോക്ക്) തീർന്നില്ലേ. ഇതിൽപരം അപമാനം വരാനുണ്ടോ. ഞാനവളെ നോക്കിക്കൊണ്ടിരുന്ന കാര്യം അവൾ പരസ്യമാക്കിയില്ലേ. എങ്ങനെ ഇനി ഞാൻ മറ്റുള്ളവരുടെ മുഖത്തു നോക്കും. സംസ്കൃതം പഠിപ്പിച്ച് നിന്ന ആചാര്യജിക്ക് പോലും എന്തുപയണമെന്ന് അറിയാതെ കണ്ണും തള്ളിയിരിക്കുകയാണ്. ഞാൻ തലകുനിച്ചിരിക്കുകയാണ്. 

പെട്ടെന്ന് ക്ലാസിലെ ‘ലീഡർ’ എന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്നേഹിതന്റെ ഉച്ചത്തിലുള്ള ശബ്ദം ഞാൻ കേട്ടു..., ‘ യേ നായർജി കാ അപമാൻ നഹീ ഹേ ഹം സബ്കാ ഹേ.... (ഇത് നായർജിയേ മാത്രം അപമാനിച്ചതല്ല. നമ്മളെ എല്ലാം അപമാനിച്ചതാണ്) പെട്ടെന്ന്  ‘സബ്സേ മാഫീ മാംഗ്നാ ഹേ....’ (എല്ലാവരോടും മാപ്പു പറയണം)  എന്നുച്ചത്തിൽ വിളിച്ചു കൊണ്ട് പെൺകുട്ടികൾ ഒഴികെയുള്ളവരെല്ലാം ക്ലാസിനു പുറത്തിറങ്ങി. ഞങ്ങളുടെ ‘വാക്കൗട്ട്’ കണ്ട് മറ്റു ക്ലാസിലെ ആൺകുട്ടികളെല്ലാം ക്ലാസിനു മുന്നിലെത്തി.  പെൺകുട്ടി മാപ്പ് പറയണമെന്ന വ്യവസ്ഥ ആൺകുട്ടികൾ ആവർത്തിച്ചു. ക്ലാസെടുത്ത് നിന്ന ആചാര്യജി ഇടപ്പെട്ട് ചർച്ച, ദീർഘമായ ചർച്ച. ഒടുവിൽ  ആ കുട്ടി കണ്ണീരോടെ മാപ്പ് പറഞ്ഞു.

വിജയശ്രീലാളിതരായി ആൺകുട്ടികൾ ക്ലാസിൽ കയറി. ഇനി മേലാൽ ആ പെൺകുട്ടിയെ എന്നല്ല ഇൗ വർഗത്തിൽ പിറന്ന ഒന്നിനെയും നോക്കില്ല എന്ന പ്രതിജ്ഞയോടെ ഞാനും ക്ലാസിൽ കയറി. പക്ഷേ ഉള്ളത് പറയണമല്ലോ. പ്രതിജ്ഞ പാലിക്കാൻ ഞാൻ ഭീഷ്മരൊന്നുമല്ലല്ലോ. ഇടയ്ക്കിടെ അറിയാതെ ഞാൻ നോക്കിപ്പോകുമായിരുന്നു. നോക്കുമ്പോഴെല്ലാം ആ കുട്ടി എന്നെ നോക്കിയിരിക്കുന്നത് ഞാൻ കണ്ടിട്ടുമുണ്ട്. (പ്രതിജ്ഞ തെറ്റിയെങ്കിലും പിന്നീട് ഇന്നുവരെ പെണ്ണുങ്ങളെ എന്നല്ല ആരെയും ഞാൻ വളരെ കരുതലോടെ മാത്രമേ നോക്കിയിട്ടുള്ളു. ) ഏതാനും ദിവസങ്ങൾക്കകം  പിണക്കമെല്ലാം മറന്ന് ഞാനും ആ പെൺകുട്ടിയും  നല്ല സുഹൃത്തുക്കളായി. 

കഥ തീരുന്നില്ല  ഞാൻ ആ കുട്ടിയെക്കുറിച്ചു തിരക്കി. അപ്പോഴാണറിഞ്ഞത് അവിടെ യൂണിവേഴ്സിറ്റിയിൽ തന്നെ പഠിപ്പിക്കുന്ന ഒരു സംഗീതാധ്യാപകന്റെ ഭാര്യയാണ് ഇൗ കുട്ടി. ഇൗ അധ്യാപകൻ കാഴ്ചയില്ലാത്തയാളാണ്. അവളുടെ വരവറിയാൻ കാലിൽ ചിലങ്കയണിയാൻ അയാൾ നിർബന്ധിച്ചതു കൊണ്ടാണ് ആ കുട്ടി എപ്പോഴും അതു ധരിച്ചിരുന്നത്. ഉൾക്കണ്ണിൽ ​അയാൾ കാണുന്ന രൂപത്തിലാണ് എല്ലാ ദിവസവും ആ കുട്ടി ചമഞ്ഞൊരുങ്ങി ക്ലാസിൽ വന്നിരുന്നത്.

മറ്റൊരാൾ നോക്കുമ്പോൾ അവൾ അസ്വസ്ഥയായിപ്പോയതിൽ അത്ഭുതപ്പെടേണ്ടതില്ലല്ലോ. അവളുടെ ഭർത്താവിന് സ്വന്തം കണ്ണാൽ  ആസ്വദിക്കാൻ കഴിയാത്ത അവളുടെ സൗന്ദര്യം അന്യൻ ആസ്വദിക്കുന്നത് എങ്ങനെയാ​ണ് അവൾക്ക് സഹിക്കാൻ കഴിയുക. പൊട്ടിത്തെറിക്കാൻ ന്യായമായും ആ കുട്ടിക്ക്  അവകാശമുണ്ട്.  പ്രിയ സഹോദരീ എന്റെ അവിവേകത്തിന് എനിക്കു മാപ്പ് തരിക.

(തുടരും)

English Summary : Madhu Mudrakal by actor Madhu - 13 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com