വൈക്കം സത്യഗ്രഹം: ഇന്നും അണയാത്ത ജ്വാല

HIGHLIGHTS
  • അയിത്തത്തിനെതിരെ രാജ്യത്തിനു വഴികാട്ടിയായി മാറിയ വൈക്കം സത്യഗ്രഹം ശതാബ്ദിയിലേക്കു കടക്കുന്നു. ടി.കെ.മാധവൻ മഹാത്മജിയെ കാണുന്നതു മുതൽ അയിത്തത്തിന്റെ പ്രതീകമായി നിന്ന തീണ്ടൽപ്പലക ഇളക്കിമാറ്റുന്നതു വരെയുള്ള ഐതിഹാസിക സമരം വാക്കും വരയും കൊണ്ടു പകർത്തുകയാണിവിടെ
vaikom-sathyagraha-1
SHARE

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു ചുറ്റുമുള്ള നിരത്തുകളിൽ അവർണ ഹിന്ദുക്കൾക്കുണ്ടായിരുന്ന വിലക്ക് തകർത്തെറിഞ്ഞ്, സഞ്ചാരസ്വാതന്ത്ര്യം നേടിക്കൊടുത്ത ഐതിഹാസിക സഹനസമരമായിരുന്നു വൈക്കം സത്യഗ്രഹം. 1924 മാർച്ച് 30നു തുടങ്ങി 1925 നവംബർ 23 വരെ 603 ദിവസം സമരം ജ്വലിച്ചു. അയിത്തത്തിനെതിരെ രാജ്യത്തിനു വഴികാട്ടിയായി മാറിയ വൈക്കം സത്യഗ്രഹം ശതാബ്ദിയിലേക്കു കടക്കുന്നു.

മഹാത്മാഗാന്ധിയുടെ അനുഗ്രഹാശിസുകളോടെ കോൺഗ്രസ് നേതാവ് ടി.കെ. മാധവൻ സമരനായകനായാണ് പ്രക്ഷോഭം തുടങ്ങിയത്. അയിത്തമെന്ന ദുരാചാരം വേരോടെ പിഴുതെറിയാൻ ജാതിമതഭേദമില്ലാതെ ഉൽപതിഷ്ണുക്കൾ അണിനിരന്നു. ടി.കെ.മാധവൻ, കെ.പി.കേശവമേനോൻ, കെ.കേളപ്പൻ, ബാരിസ്റ്റർ എ.കെ.പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. 1925 മാർച്ച് ഒൻപതിനു ഗാന്ധിജി വൈക്കത്ത് എത്തി. ശ്രീനാരായണഗുരു, ഇ.വി.രാമസ്വാമി നായ്ക്കർ, രാജാജി, വിനോബ ഭാവെ ഉൾപ്പെടെയുള്ള പ്രമുഖരും വൈക്കത്തെത്തി സത്യഗ്രഹികളെ സന്ദർശിച്ചു. മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ കാൽനടയായി തിരിച്ച സവർണജാഥ തിരുവനന്തപുരത്തെത്തി റീജന്റ് സേതുലക്ഷ്‌മിഭായിക്ക് ഭീമഹർജി നൽകി.

‘അക്രമത്തിലേക്കു തിരിയുകയാണെങ്കിൽ ഉടൻ നിർത്തിവയ്ക്കണ’മെന്ന മഹാത്മാഗാന്ധിയുടെ നിർദേശം ശിരസാവഹിച്ച് സത്യഗ്രഹികൾ ജാതിഭ്രാന്തരുടെ ആക്രമണത്തെ സഹനസമരത്തിലൂടെ നേരിട്ടു. ആക്രമണത്തെ തുടർന്നു മരിച്ച ചിറ്റേടത്തു ശങ്കുപ്പിള്ള കേരളത്തിലെ ആദ്യ രാഷ്ട്രീയ രക്തസാക്ഷിയായി. സഹനസമര പോരാട്ടങ്ങൾക്കൊടുവിൽ അയിത്തത്തിന്റെ പ്രതീകമായിനിന്ന തീണ്ടൽപ്പലക ഇളക്കിമാറ്റി. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിനുള്ള ചൂണ്ടുപലകയായി വൈക്കം സത്യഗ്രഹം മാറി.

vaikom-sathyagraha-5

1921 സെപ്റ്റംബർ 3: ടി.കെ. മാധവൻ– മഹാത്മാഗാന്ധി കൂടിക്കാഴ്ച

ഗാന്ധിജിയെ കാണാൻ തിരുനെൽവേലിയിൽ എത്തുന്ന ടി.കെ. മാധവൻ. വൈക്കം സത്യഗ്രഹത്തിനു തിരിതെളിച്ച കൂടിക്കാഴ്ച. ശ്രീമൂലം പ്രജാസഭയിൽ ക്ഷേത്രപ്രവേശന വിഷയം അവതരിപ്പിക്കാനും മഹാരാജാവിനെ കാണാനും അനുമതി നിഷേധിക്കപ്പെട്ട കാര്യം ചർച്ച ചെയ്തു.

ടി.കെ.മാധവൻ: തൊടീൽ നിർത്തുക എന്നത് മഹാത്മജി കാര്യപരിപാടിയിൽ ഒന്നാമത്തെ ഇനമായി ചേർത്തതിനു നന്ദി പറയുന്നു. തിരുവിതാംകൂറിലെ ഈഴവരായ ഞങ്ങൾ പൊതുജന ക്ഷേത്രങ്ങളിലെല്ലാം എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം സമ്പാദിച്ചു തൊടീൽ നീക്കാൻ ശ്രമിക്കുകയാണ്. തൊടീൽ നിർത്തണമെന്നുള്ള വലിയ പ്രമേയത്തിന്റെ ഭാഗമായാണു ക്ഷേത്രപ്രവേശനത്തിനായുള്ള ഈ പ്രക്ഷോഭം.

ഗാന്ധിജി: നിങ്ങൾ ക്ഷേത്രപ്രവേശനത്തിനു അർഹരായവർ തന്നെ.

1924 മാർച്ച് 30: സത്യഗ്രഹം, ആദ്യ അറസ്റ്റ്

വൈക്കത്ത് ബോട്ടുജെട്ടിക്കടവിൽനിന്നുള്ള പടിഞ്ഞാറെ റോഡിൽ സത്യഗ്രഹത്തിനുള്ള വേദിയൊരുങ്ങി. സന്നദ്ധഭടന്മാർ അവിടേക്ക്. വലിയൊരു പൊലീസ് സംഘം തലേന്നു മുതൽ സ്ഥലത്തുണ്ടായിരുന്നു.

ആദ്യദിനം സത്യഗ്രഹത്തിനു പുറപ്പെട്ടത് 3 പേർ: കുഞ്ഞപ്പി (പുലയ), ബാഹുലേയൻ (ഈഴവൻ), ഗോവിന്ദപ്പണിക്കർ (നായർ). ക്ഷേത്രത്തിനു നൂറു വാര അകലെ റോഡിൽ ‘അയിത്തജാതിക്കാർ ഇതിനപ്പുറം പ്രവേശിക്കാൻ പാടില്ല’   എന്ന ബോർഡിന്റെ അടുത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. ഗോവിന്ദപ്പണിക്കരെ മാത്രം പോകാൻ അനുവദിച്ചപ്പോൾ, ബാക്കി രണ്ടു പേരുമില്ലാതെ പോകില്ല എന്നു ഗോവിന്ദപ്പണിക്കർ പ്രഖ്യാപിച്ചു. മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ 6 മാസം തടവിന് ശിക്ഷിച്ചു.

vaikom-sathyagraha-2

1924 ഏപ്രിൽ 7: ടി.കെ മാധവനും കെ.പി. കേശവമേനോനും അറസ്റ്റിൽ

പൊലീസുകാർ ഏഴെട്ടു പേർ വരിവരിയായി വഴി തടഞ്ഞു നിൽക്കുമ്പോൾ ടി.കെ മാധവനും കെ. പി.കേശവമേനോനും നടന്നടുക്കുന്നു.

ഇൻസ്‌പെക്ടർ: ഈ വഴി തീണ്ടൽജാതിക്കാർക്കു പോകാൻ പാടില്ലെന്നു ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ കൽപനയുണ്ട്.

കെ.പി. കേശവമേനോൻ: ആ കൽപനയെ ലംഘിച്ചിട്ട് ഇതിലേ പോകുവാനാണ് ഞങ്ങൾ വിചാരിക്കുന്നത്.

പൊലീസ് കമ്മിഷണർ പിറ്റ്: ഇങ്ങനെ തുടങ്ങുന്നതിനു മുൻപായി നിയമസഭ വഴി പരിഹാരത്തിനു ശ്രമിക്കാമായിരുന്നു.

ടി.കെ. മാധവൻ : എത്രയോ കാലമായി ഹർജിയും അപേക്ഷയുമായി ഞങ്ങൾ പരീക്ഷിച്ചു നോക്കി. ഒന്നും ഫലിക്കാതിരുന്നപ്പോഴാണ് ഇതിനു പുറപ്പെട്ടിരിക്കുന്നത്.

(പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നു.)

vaikom-sathyagraha-9

1924 ഏപ്രിൽ 14: പെരിയോർ എത്തുന്നു

കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ക്ഷണപ്രകാരം സമരത്തിനു ശക്തിപകരാൻ ഇ.വി. രാമസ്വാമി നായ്ക്കർ (പെരിയോർ) ഭാര്യ നാഗമ്മയ്ക്കൊപ്പം തമിഴ്നാട്ടിൽ നിന്ന് എത്തുന്നു. ആവേശം പകരുന്ന പ്രസംഗങ്ങൾ. രണ്ടു തവണ അറസ്റ്റിലായി. വൈക്കത്ത് നാഗമ്മ ഒരു വനിതാവിഭാഗം ഉണ്ടാക്കി. സമരക്കാർക്കുള്ള ആഹാരത്തിനായി നാട്ടിൻപുറങ്ങളിൽ പിടിയരി സമാഹരണം തുടങ്ങിവച്ചത് ഈ വനിതാകൂട്ടായ്മയാണ്.

ഇ.വി. രാമസ്വാമി നായ്ക്കർ: തിരുവിതാംകൂറുകാർ അവരുടെ സ്വാതന്ത്ര്യത്തെ കാത്തുരക്ഷിക്കണം. മഹാരാജാവിനും അദ്ദേഹത്തെ താങ്ങുന്ന ബ്രിട്ടിഷ് ഗവൺമെന്റിനും പീരങ്കികളും വിമാനങ്ങളും ഉണ്ട്. സത്യഗ്രഹികൾക്ക് അഹിംസ, സഹനം, ആത്മശക്തി എന്നീ ആയുധങ്ങൾ മാത്രമേയുള്ളൂ.

vaikom-sathyagraha-6

1924 സെപ്റ്റംബർ 27: ഗുരുസന്ദർശനം, പ്രാർഥന

വൈക്കത്ത് സത്യഗ്രഹക്യാംപായി പ്രവർത്തിച്ച ആശ്രമത്തിൽ ശ്രീനാരായണഗുരു എത്തി.

സത്യവ്രതസ്വാമി: മഹാത്മജിയുടെ ആരോഗ്യത്തിനും ഉദ്ദേശ്യസാധ്യത്തിനും വേണ്ടി ആദ്യമായി ഒരു പൊതുപ്രാർഥനയാകാം. നാരായണഗുരുസ്വാമി കൂടി പങ്കുകൊള്ളും.

ഗുരു: നാം പങ്കെടുക്കാനല്ല, പ്രധാനമായി പ്രാർഥിക്കാനാണു തുടങ്ങുന്നത്. നമുക്കു ധ്യാനിക്കാൻ ശക്തിയില്ലെങ്കിലും കഴിയും വിധത്തിൽ മഹാത്മജിയുടെ ക്ഷേമത്തിനായി പ്രാർഥിക്കാം. (ഒന്നു രണ്ടു മിനിട്ടു നേരം ധ്യാനം) പരസ്യമായ സ്ഥലത്ത് ആൾക്കൂട്ടത്തിനിടയിൽവച്ച് ഗുരു പ്രാർഥിച്ചത് അപൂർവം.

vaikom-sathyagraha--4

1924 നവംബർ 1 മുതൽ 11 വരെ: മന്നം നയിച്ച സവർണജാഥ

അയിത്തജാതിക്കാർക്കു സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കം മുതൽ തിരുവനന്തപുരം വരെ നടത്തിയ കാൽനട ജാഥയ്ക്കു എൻഎസ്എസ് ജനറൽ സെക്രട്ടറി മന്നത്തു പത്മനാഭൻ നേതൃത്വം നൽകി. നാഗർകോവിലിൽനിന്നുള്ള ജാഥ നയിച്ചത് എമ്പരുമാൾ നായിഡു. രണ്ടു ജാഥകളും തിരുവനന്തപുരത്ത് സംഗമിച്ചശേഷം നവംബർ 12ന് റീജന്റ് സേതുലക്ഷ്‌മിഭായിക്ക് 20,000 പേർ ഒപ്പിട്ട നിവേദനം നൽകി. ''സവർണജാഥ, തിരുവിതാംകൂർ'', ''സഹോദരാവകാശ സംരക്ഷണ സ്വധർമപരിപാലനം'' എന്നെഴുതിയ കൊടികൾ. കെ.പി. കേശവമേനോൻ, ടി.കെ. മാധവൻ എന്നിവർ ഒരു കാറിലും പത്രപ്രതിനിധികൾ മറ്റൊരു കാറിലും ജാഥയ്ക്കു മുൻപിലായി സഞ്ചരിച്ചു.

vaikom-sathyagraha-3

1924 ഡിസംബർ 13: ചിറ്റേടത്തു ശങ്കുപ്പിള്ള, ആദ്യ രക്തസാക്ഷി

സബർമതി ആശ്രമത്തിൽപോയി ഗാന്ധിജിയുടെ ആശീർവാദവും മൂന്നു ചർക്കകളുമായി തിരുവിതാംകൂറിൽ മടങ്ങിയെത്തി സജീവ കോൺഗ്രസ് പ്രവർത്തകനായ ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ നേരെ 1924 ഒക്ടോബർ അവസാനം ഗുണ്ടാ ആക്രമണം നടന്നു. സത്യഗ്രഹവിരുദ്ധർ ഏർപ്പെടുത്തിയ ഗുണ്ടകൾ വളഞ്ഞിട്ടു മർദിച്ചപ്പോൾ, സത്യഗ്രഹിയുടെ ധർമം അനുസരിച്ച്, അടിയെല്ലാം ഏറ്റുവാങ്ങി. ഡിസംബർ 13ന് 38–ാം വയസ്സിൽ ചിറ്റേടത്ത് അന്തരിച്ചു. കേരളത്തിലെ ആദ്യ രാഷ്ട്രീയ രക്തസാക്ഷി.

ആമചാടി തേവൻ, രാമൻ ഇളയത്: സത്യഗ്രഹത്തെ തോൽപിക്കാൻ ഏർപ്പെടുത്തിയ ഗുണ്ടകൾ കണ്ണിൽ ചുണ്ണാമ്പു തേച്ച ക്രൂരതയ്ക്ക് ഇരയായവരാണ് ആമചാടി തേവരും രാമൻ ഇളയതും. ടി.കെ.മാധവൻ നടത്തിയ ക്ഷേത്ര പ്രവേശന പ്രക്ഷോഭത്തിന്റെ ഭാഗമായി പൂത്തോട്ട ശിവക്ഷേത്രത്തിൽ അദ്ദേഹത്തോടൊപ്പം പ്രവേശിച്ച് ആമചാടി തേവൻ അറസ്റ്റ് വരിച്ചു. തുടർന്നാണ് വൈക്കം സത്യഗ്രഹ സമരത്തിലും പങ്കെടുത്തത്. സമരവേളയിൽ തേവൻ ക്രൂരമർദനങ്ങൾക്ക് ഇരയായി. ഗുണ്ടകൾ കണ്ണിൽ ചുണ്ണാമ്പ് എഴുതിയതിനാൽ കാഴ്ച നഷ്ടപ്പെട്ട തേവനു ഗാന്ധിജി മരുന്ന് അയച്ചുകൊടുത്തിരുന്നു. 1968ലാണ് തേവൻ അന്തരിച്ചത്.

കൂത്താട്ടുകുളം പാലക്കുഴ കീഴേട്ട് ഇല്ലത്ത് രാമൻ ഇളയതിന്റെതും സമാനമായ കഥയാണ്. കുട്ടിക്കാലം മുതൽ തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങളെ കഠിനമായി എതിർത്തിരുന്നു. സ്വന്തം ഇല്ലപ്പറമ്പിൽ ഒരു സ്കൂളുണ്ടാക്കി അയ്യങ്കാളിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. 1924 ജൂൺ 27ന് തെക്കേ നടയിൽ വച്ച് ഗുണ്ടകൾ ഇളയതിന്റെ കണ്ണിൽ ചുണ്ണാമ്പെഴുതി. സംഭവം അറിഞ്ഞ ഗാന്ധിജി 1924 ജൂലൈ 3ന് യങ് ഇന്ത്യയിൽ സംഭവത്തെ അപലപിച്ച് ലേഖനമെഴുതി. 1967ൽ തൃശൂർ അയ്യന്തോളിൽ ദരിദ്ര ചുറ്റുപാടിലാണ് അദ്ദേഹം അന്തരിച്ചത്. 

1925 ഫെബ്രുവരി 5: പ്രമേയം നിയമസഭയിൽ

തിരുവിതാംകൂർ നിയമസഭയിൽ സഞ്ചാര സ്വാതന്ത്ര്യ പ്രമേയം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എൻ.കുമാരൻ അവതരിപ്പിച്ചു.

എൻ. കുമാരൻ: ‘വൈക്കം ക്ഷേത്രത്തിനും തിരുവിതാംകൂറിലെ മറ്റെല്ലാ ക്ഷേത്രങ്ങൾക്കും ചുറ്റിനുമുള്ള എല്ലാ റോഡുകളും ജാതിമതവ്യത്യാസം കൂടാതെ മഹാരാജാവ് തിരുമനസ്സിലെ സകലവിഭാഗം പ്രജകൾക്കും സഞ്ചരിക്കുന്നതിന് തുറന്നു കൊടുക്കണമെന്ന് ഈ കൗൺസിൽ ഗവൺമെന്റിനോട് ശുപാർശ ചെയ്യുന്നു’'

ഫാ. സിറിയക് വെട്ടിക്കാപ്പിള്ളി: പ്രമേയത്തെ ഞാൻ ഹാർദമായി പിൻതാങ്ങുന്നു. തിരുവിതാംകൂറിലെ പ്രജാവർഗത്തിൽ അർധാംശത്തിന്റെ ന്യായമായ ഒരവകാശ സ്ഥാപനാർഥമുള്ള ഒരു കാര്യം മാത്രമാകുന്നു ഇത്.

കെ.സി. മാമ്മൻ മാപ്പിള : ഏതെങ്കിലും ഒരു മാമൂലോ ഒരു ആചാരമോ അർഥമില്ലാതെയോ അനീതിയായോ തോന്നുമ്പോൾ അവയെ നീക്കം ചെയ്യേണ്ടത് നിയമസഭകളുടെ കടമയാണ്.

പ്രമേയം ചർച്ചയ്ക്കു ശേഷം വോട്ടിനിട്ടപ്പോൾ ഒരേയൊരു വോട്ടിന് പരാജയപ്പെട്ടു.

vaikom-sathyagraha-7

1925 മാർച്ച് 10: 

വൈക്കത്തത്തിയ ഗാന്ധിജി ക്ഷേത്രത്തിന്റെ ഊരാൺമക്കാരായ ഇണ്ടംതുരുത്തി മനയിൽ ചർച്ച നടത്തുന്നു

ഇണ്ടംതുരുത്തി മനയിൽ ദേവൻ നീലകണ്ഠൻ നമ്പ്യാതിരി: ശങ്കരാചാര്യരുടെ പ്രമാണമാണു ഞങ്ങൾ പിന്തുടരുന്നത് എന്നാണു ഞങ്ങളുടെ വിശ്വാസം.

ഗാന്ധിജി: ഇവിടെ നിയമക്കോടതി അത്തരം റോഡുകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിനു തീരുമാനിച്ചാൽ നിങ്ങൾ എന്തു ചെയ്യും?

നമ്പ്യാതിരി: ഞങ്ങൾ അമ്പലങ്ങളും റോഡും ഉപേക്ഷിക്കും

ഗാന്ധിജി: അമ്പലത്തിലുള്ള ആരാധന മതിയാക്കുമെന്നാണോ ?

നമ്പ്യാതിരി : അതേ, ഞങ്ങൾ പിന്നെ ആ അമ്പലത്തിൽ ആരാധന നടത്തുകയില്ല.

ഗാന്ധിജി: ഓഹോ!

ഒരാഴ്ച നീണ്ട തിരുവിതാംകൂർ പര്യടനത്തിനു ശേഷം ഗാന്ധിജി വീണ്ടും വൈക്കത്ത് എത്തി ഇണ്ടംതുരുത്തിയിൽ രണ്ടാം ഘട്ട ചർച്ച നടത്തി.

vaikom-sathyagraha-8

1925 ജൂൺ 26: തീണ്ടൽപ്പലകകളും ബാരിക്കേഡുകളും മാറ്റുന്നു

ബ്രിട്ടിഷുകാരനായ പൊലീസ് കമ്മിഷണർ പിറ്റ് സർക്കാർ പ്രതിനിധിയായി ഗാന്ധിജിയെ പല തവണ കണ്ടു സന്ധിസംഭാഷണം നടത്തി. തുടർന്ന് റോഡിലെ വേലികളും കാവൽപ്പുരകളും തീണ്ടൽപ്പലകകളും എടുത്തു കളഞ്ഞ് പൊലീസും പിൻവാങ്ങി. കിഴക്കേനട ഒഴിച്ചുള്ള എല്ലാ റോഡുകളും എല്ലാവർക്കുമായി തുറന്നു കൊടുത്തു. കിഴക്കേ ഗോപുരനട കൂടി തുറന്നു കിട്ടാനായി സത്യഗ്രഹം തുടർന്നു

1925 നവംബർ 23

പുതിയ രണ്ടു റോഡു വെട്ടി തെക്കും വടക്കുമുള്ള പാതകളെ ബന്ധിപ്പിച്ച് കിഴക്കേ ഗോപുരത്തിനടുത്തും വഴിയൊരുങ്ങി. സത്യഗ്രഹാശ്രമം സെക്രട്ടറി കെ. കേളപ്പന്റെ പ്രസ്താവനയോടെ ഔപചാരിക സമാപനം. ‘ വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള പബ്ലിക് റോഡുകളിൽക്കൂടി എല്ലാ ജാതിക്കാർക്കും സഞ്ചാരസ്വാതന്ത്ര്യം  അനുവദിച്ചിരിക്കുന്നതിനാൽ സത്യഗ്രഹം നിർത്തുന്നു. അയിത്തം അതുകൊണ്ട് നീങ്ങുന്നതല്ല. അയിത്തോച്ചാടനത്തിന്മേൽ വേണ്ട കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നതിനും സത്യഗ്രഹത്തിന്റെ ഉപസംഹാരമായും വൈക്കം സത്യഗ്രഹാശ്രമത്തിൽവച്ച് ഞായറാഴ്ച പൊതുയോഗം കൂടാൻ നിശ്ചയിച്ചിരിക്കുന്നു’.

English Summary: Sunday special about History of Vaikom Sathyagraha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA