ADVERTISEMENT

ബാലചന്ദ്രമേനോന്റെ പത്തൊമ്പതാമത്തെ സംവിധാനസംരംഭമായിരുന്നു ‘ഒരു പൈങ്കിളിക്കഥ’ എന്ന സിനിമ. ഉത്രാടരാത്രിക്കും ഞാൻ തന്നെ നിർമിച്ച വൈകി വന്ന വസന്തം എന്ന ചിത്രത്തിനും ശേഷം ഞാൻ അഭിനയിച്ച ബാലചന്ദ്രമേനോൻ ചിത്രം ഇതാണ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കു പുറമേ നിർമാതാവിന്റെയും ഗായകന്റെയും റോൾ കൂടി ബാലചന്ദ്രമേനോൻ ഇൗ ചിത്രത്തിൽ ഏറ്റെടുത്തു.

ഇത്തരം കാര്യങ്ങൾ ഒരു പക്ഷേ സിനിമാസ്വാദകരായ ആർക്കും അറിയാവുന്നതായിരിക്കും, എന്നാൽ അറിയാത്ത ചില യാദൃച്ഛികതകൾ ഇൗ സിനിമയുടെ കഥയ്ക്കു പിന്നിലുണ്ട്. അതു ഞാനുമായി ബന്ധപ്പെട്ടതാണ്. ബാലചന്ദ്രമേനോനു പോലും അറിയാത്തതാകണം ഇൗ യാദൃച്ഛികത. ചിത്രത്തിൽ ബാലചന്ദ്രമേനോന് എന്റെ മകന്റെ വേഷമാണ്. നാടകനടനും സംവിധായകനുമായ ഒരു യുവാവ്. മകന്റെ ഇൗ നാടകപ്രവർത്തനത്തോടു തീരെ യോജിക്കാൻ കഴിയാത്ത യാഥാസ്ഥികനായിരുന്നു പിതാവ്.

ഭാര്യയുടെ നിർബന്ധപ്രകാരം മകന്റെ നാടകാഭിനയം കാണാൻ പിതാവ് പോകുന്നു. യവനിക ഉയരുമ്പോൾ അയാൾ കാണുന്നത് മകൻ തന്റെ സ്വഭാവവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ്. അതു മകൻ തന്നെ കളിയാക്കാൻ സൃഷ്ടിച്ചതാണെന്ന് ഉറപ്പിച്ച് അയാൾ നാടകം കാണാതെ പുറത്തിറങ്ങിപ്പോകുന്നു. ഇതു സിനിമാക്കഥ.

ഇനി ബനാറസിലേക്ക്. അവിടെയും എന്റെ നാടക പരീക്ഷണങ്ങൾ തുടരണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. അതിനു പറ്റിയ നടീനടൻമാരെ ക്യാംപസിലാകെ ഞാൻ തിരഞ്ഞു നടക്കുന്നുമുണ്ടായിരുന്നു. ആരെ പരിചയപ്പെട്ടാലും അവരിൽ അഭിനയമോഹം അൽപമെങ്കിലും ഉണ്ടോ എന്ന അന്വേഷണം രഹസ്യമായി ഞാൻ നടത്തി. അങ്ങനെ ഒരു ടീമിനെ ഞാൻ ഒരുക്കിയെടുത്തു. അവതരിപ്പിക്കേണ്ട നാടകത്തെക്കുറിച്ച് എനിക്കു നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. കെ.എസ്.കൃഷ്ണൻ രചിക്കുകയും ഞാൻ ഒരു പ്രധാനപ്പെട്ട റോളിൽ അഭിനയിക്കുകയും ചെയ്ത ‘ദൈവം അൽപം താമസിച്ചുപോയി’ എന്നനാടകമായിരുന്നു മനസ്സിൽ. പക്ഷേ കഷ്ടകാലത്തിന് ആ സ്ക്രിപ്റ്റ് എടുക്കാതെയാണു ഞാൻ ബനാറസിലേക്കു പോയത്.

എന്നാൽ നാടകം ചെയ്യാൻ തീരുമാനിച്ചപ്പോൾ ഓർമയിൽ നിന്ന് ആ നാടകം പൂർണമായി പകർത്തിയെഴുതി. ‌ സംഭാഷണങ്ങളിൽ ചില വ്യതിയാനം വന്നിട്ടുണ്ടാകാം എന്നേ ഉള്ളു. കഥയ്ക്കോ കഥാപാത്രങ്ങൾക്കോ അവതരണശൈലിക്കോ മാറ്റമില്ല. ക്ലാസ് സമയം കഴിഞ്ഞ് റിഹേഴ്സൽ തകൃതിയായി നടന്നു. ആ ഇടയ്ക്കാണ് പൂജ അവധി വന്നത്. ഞങ്ങൾ ​എല്ലാവരും നാട്ടിലേക്കു മടങ്ങി. എങ്കിലും കത്തു മുഖേനയും മറ്റും ഞങ്ങൾ പരസ്പരം ബന്ധപ്പെടുന്നുണ്ടായിരുന്നു.

അവധി കഴിഞ്ഞു. ബനാറസിലേക്കു മടങ്ങേണ്ട സമയമായി. അന്ന് ​എഗ്മൂർ വരെ മീറ്റർഗേജ് ആണ്. അവിടെ ഇറങ്ങിയ ശേഷം പിന്നീടു മദ്രാസ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടു വേണം കൊൽക്കത്തയ്ക്കുള്ള ട്രെയിൻ പിടിക്കാൻ. അവിടെ നിന്ന് അടുത്ത ട്രെയിനിൽ ബനാറസിലേക്ക്. എന്തായാലും കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നു ഞാൻ ശേഖർ, കൃഷ്ണൻനായർ, ഗോവിന്ദപ്പിള്ള തുടങ്ങിയ ആണുങ്ങളും ഏഴു പെൺകുട്ടികളും, മദ്രാസ് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി.

അവിടെ നിന്നുള്ള ട്രെയിനിൽ ഒരേ കംപാർട്ടുമെന്റിൽ ഞങ്ങൾ യാത്രതുടങ്ങി. യാത്ര ആഘോഷമാക്കി എന്നു തന്നെ പറയണം. പെൺകുട്ടികൾ പാടാനും ഞങ്ങൾ ആടിപ്പാടാനും തയാറാകുമ്പോൾ യാത്ര രസകരമായല്ലേ പറ്റൂ. ആടിപ്പാടി മടുക്കുമ്പോൾ അൽപം ചീട്ടുകളിയും ഞങ്ങൾ പരീക്ഷിച്ചു. രാത്രിയും പകലുമെല്ലാം ആഹ്ലാദകരമായി ചെലവഴിച്ചു ഞങ്ങൾ കൽക്കട്ടയിലെത്തി. ബനാറസ് വഴിയുള്ള അടുത്ത ട്രെയിൻ മൂന്നുമണിക്കൂറിനു ശേഷമേ ഉള്ളൂ എന്നറിഞ്ഞു. ഒടുവിൽ ഞങ്ങൾ ആണുങ്ങളെല്ലാം കൂടി ഒരു തീരുമാനത്തിലെത്തി. കൊൽക്കത്ത നഗരം ഒന്നു ചുറ്റിക്കറങ്ങി കണ്ടിട്ട് വരാം. അപരിചിതമായ സ്ഥലമായത് കൊണ്ട് പെൺകുട്ടികളെ കൂടെ കൂട്ടേണ്ട.

പെൺകുട്ടികൾ വിശ്രമമുറിയിൽ സുരക്ഷിതമായി ഇരിക്കാനും ഞങ്ങൾ ആണുങ്ങൾ കറങ്ങി വരാനും തീരുമാനമായി. ഞങ്ങൾ റയിൽവേസ്റ്റേഷന് പുറത്തുകടന്നു. പ്രശസ്തമായ ഹൗറ ബ്രിജ് ഒക്കെ ഞങ്ങൾ പോയി കണ്ടു. (ഇപ്പോഴുള്ളതു പോലെ അന്ന് സ്മാർട്ട് ഫോൺ ഒന്നുമില്ലല്ലോ. ഉണ്ടായിരുന്നെങ്കിൽ കൊൽക്കത്ത നഗരത്തിന്റെ മുക്കും മൂലയും ഞങ്ങൾ ഫോണിൽ പകർത്തിയേനെ )

കാഴ്ചകൾ കണ്ട് ഏറെ നേരം ചെലവിട്ടു. പിന്നീട് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി. ഇൗ സമയത്ത് ഗോവിന്ദപ്പിള്ള മുങ്ങി. എങ്ങോട്ടെന്നറിയാതെ ഞങ്ങൾ വിഷമിച്ചു. എന്തായാലും ഗോവിന്ദപ്പിള്ളയെ കൂടാതെ ഞങ്ങൾ ഭക്ഷണം കഴിച്ചു തുടങ്ങി. അൽപം കഴിഞ്ഞപ്പോൾ പിള്ള എത്തി. മുഖത്ത് ഒരു കള്ളച്ചിരി. എവിടെ പോയിരുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം, അല്ല നിങ്ങളൊക്കെ പാവം പൈതങ്ങളല്ലേ...ഞാൻ രണ്ട് പെഗ്ഗടിച്ചു. കൊൽക്കത്തയിൽ ഇറങ്ങിയിട്ട് സ്മോൾ അടിക്കാതെ പോയി എന്നു പറഞ്ഞാൽ അതിന്റെ ക്ഷീണം എനിക്കാ.....’ ഗോവിന്ദപ്പിള്ളയുടെ വാക്കുകൾ കേട്ടപ്പോൾ ‘ക്ഷീണം’ മാറ്റിയാൽ കൊള്ളാമെന്ന് എനിക്കും തോന്നി. പക്ഷേ സദാചാരബോധം എന്നെ പിറകോട്ടു വലിച്ചു. എന്നെ മാത്രമല്ല ശേഖരനെയും കൃഷ്ണൻനായരെയും പിന്നാക്കം വലിച്ചു.

ഗോവിന്ദപ്പിള്ള ഭക്ഷണവും കഴിച്ച് എത്തിയപ്പോൾ വൈകി. ഞങ്ങൾ  അതിവേഗം റെയിൽവേസ്റ്റേഷനിലേക്കു പാഞ്ഞു. പക്ഷേ , ഞങ്ങൾ എത്തിയപ്പോഴേക്കും ബനാറസിലേക്കുള്ള ട്രെയിൻ പ്ലാറ്റ്ഫോം വിട്ടു കഴിഞ്ഞിരുന്നു.

 ഒരുനിമിഷം ഞെട്ടിത്തരിച്ചു നിന്നുപോയി.  ഞങ്ങളെ വിശ്വസിച്ച് ഇരിക്കുന്ന ഏഴ് പെൺകുട്ടികൾ! ചിന്തിച്ചു നിൽക്കാൻ നേരവുമില്ല. അടുത്തുകണ്ട ടാക്സിക്കാരൻ ഉപദേശിച്ചു. ‘ഇപ്പോൾ കാറിൽ പോയാൽ അടുത്ത സ്റ്റേഷനിൽ നിങ്ങൾക്ക് ആ ട്രെയിൻ പിടിക്കാം.’ ഉപദേശം നൽകിയ ടാക്സിക്കാരന്റെ തന്നെ കാറിൽ ഞങ്ങൾ അടുത്ത റെയിൽ‍വേസ്റ്റേഷൻ ലക്ഷ്യമിട്ടു പറന്നു. ഉൽകണ്ഠയുടെ നീണ്ട നിമിഷങ്ങൾക്ക് വിരാമമിട്ട് ഞങ്ങൾ അടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ഞങ്ങൾക്ക് മിസ്സായ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളു. ആകാംക്ഷയുടെ മുൾമുനയിൽ നിന്ന് അപ്പോഴാണു ഞങ്ങൾ താഴെ ഇറങ്ങിയത്.

നേരെ ഞങ്ങൾ ബുക്ക് ചെയ്ത കംപാർട്ട്മെന്റിലേക്ക് ഓടിക്കയറി. അവിടെ അക്ഷരാർഥത്തിൽ പരിഭ്രാന്തരായി ഇരിക്കുകയായിരുന്നു ഞങ്ങളുടെ സഹയാത്രികരായ പെൺകുട്ടികൾ. കരഞ്ഞുകലങ്ങിയ കണ്ണുകളും തേങ്ങൽ ഇനിയുമൊടുങ്ങാത്ത നെഞ്ചുമായി ‍ഞങ്ങൾ അവരെ കണ്ടു. കൂട്ടത്തിൽ വിജയകുമാരി എന്ന കുട്ടി ഞങ്ങളെ കണ്ടിട്ടും കരച്ചിൽ നിർത്താൻ കൂട്ടാക്കിയില്ല. ഇരുകൈകൾക്കൊണ്ട് മുഖം മറച്ച് ആ കുട്ടി പൊട്ടിപ്പൊട്ടിക്കരഞ്ഞു കൊണ്ടേയിരുന്നു. ശേഖർ ആ കുട്ടിയെ വളരെ നേരം എന്തെല്ലാമോ പറഞ്ഞ് ആശ്വസിപ്പിച്ച ശേഷമാണ് ആ കരച്ചിലിന് അവസാനമുണ്ടായത്. പിന്നീട് ബനാറസ് വരെയുള്ള യാത്ര സുഖകരവും ആശ്വാസകരവുമായി.

ക്യാംപസിൽ എത്തിയ അടുത്ത ദിവസം മുതൽ ഞങ്ങൾ നാടക റിഹേഴ്സൽ വീണ്ടും ആരംഭിച്ചു. നല്ല ഒരു നാടകം അവതരിപ്പിക്കണം എന്ന വാശി ഞങ്ങൾക്കേവർക്കും ഉണ്ടായിരുന്നു. അതിന്റെ ഫലം ലഭിച്ചു. നാടകാവതരണം ഗംഭീരമായി. എല്ലായിടത്തു നിന്നും അഭിനന്ദനം ലഭിച്ചു. കൂട്ടത്തിൽ എനിക്കു സ്വകാര്യമായ ഒരു നേട്ടവും ലഭിച്ചു. മികച്ച നടനുള്ള പുരസ്കാരം. ഇൗ വിവരം എനിക്കുടനെ അച്ഛനെ അറിയിക്കണം എന്നു തോന്നി. എന്റെ നേട്ടത്തിന്റെ കാര്യം ​​അൽപം വിസ്തരിച്ച് തന്നെ ഞാനെഴുതി. എന്റെ നാടകജീവിതത്തെ എന്നും തള്ളിപ്പറയുന്നതിൽ ആനന്ദം കാണുന്ന ആളല്ലേ അച്ഛൻ. അറിയട്ടെ ഞാൻ ചില്ലറക്കാരനല്ല എന്ന്. വിസ്തരിച്ചെഴുതിയ കത്ത് പിറ്റേന്നു തന്നെ പോസ്റ്റ് ചെയ്തു. മറുപടി വരുമെന്ന് കാര്യമായ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. വന്നെങ്കിൽ കൊള്ളാം എന്നു ഞാൻ ആഗ്രഹിച്ചിരുന്നു എങ്കിലും.

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അച്ഛന്റെ മറുപടിക്കത്ത് വന്നു. അതിൽ മികച്ച നടനുള്ള അവാർഡ് കിട്ടിയതിനെക്കുറിച്ച് അച്ഛൻ കുറിച്ച വരികൾ ഇത്രമാത്രം....‘ നിനക്ക് അവാർഡ് കിട്ടി എന്നറിഞ്ഞു, മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്... ’  ഇൗ അച്ഛനെ തന്നെ അല്ലേ ബാലചന്ദ്രമേനോൻ അഭിനയിക്കാനായി എനിക്ക് തന്ന വേഷത്തിൽ ഒളിപ്പിച്ചു വച്ചിരുന്നത്?

ബനാറസിലെ പിജി വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കി നാഗർകോവിൽ ഹിന്ദു കോളജിൽ ‍ഞാൻ അധ്യാപകനായിരിക്കെ എനിക്ക് ഒരു വിവാഹക്ഷണക്കത്ത് കിട്ടി. അതിന്റെ പുറത്തു തന്നെ എഴുതിയിരുന്നു

Sekhar Weds Vijayakumari... ഞാൻ അത്ഭുതപ്പെട്ടു. ഒരു നിമിഷം! കൊൽക്കത്ത യാത്രയ്ക്കിടെ ഞങ്ങളെ കുറച്ചു നേരം കാണാതിരുന്നപ്പോൾ വിജയകുമാരി ഏങ്ങലടിച്ചു കരഞ്ഞ കാര്യം ഞാൻ ഓർത്തുപോയി. ആശ്വസിപ്പിക്കാൻ ശേഖർ പാടുപെട്ടതും ഞാനോർത്തു. എന്നിട്ടും ഇവരുടെ ബന്ധം ഞാനറിഞ്ഞില്ല. അവർ അറിയിച്ചില്ല.

English Summary : Madhu mudrakal coloumn by actor Madhu -14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com