ADVERTISEMENT

തിരുവില്വാമല വടക്കേകൂട്ടാല തറവാടിനു മുകളിൽ നരച്ച താടിയും മുടിയുമുള്ളൊരു വെള്ളിമേഘം പെട്ടെന്നു വന്നു നിന്നു. എന്നിട്ടു വെളുക്കെ  ചിരിച്ചു: 

എന്താടോ!  ഇന്നസന്റ് മരിച്ചൂന്നോ?!

ഹഹ.. അതു നല്ലതമാശ.. 

ഓനൊക്കെ മരണമുണ്ടോടോ?

വെള്ളിമേഘത്തിന്റെ  മുഖം വടക്കേകൂട്ടാല നാരായണൻകുട്ടി നായരുടേതാണ്. വികെഎൻ – എന്ന ചുരുക്കെഴുത്തുപോലെ ആ മേഘം ശൂ..ന്നു  ചുരുങ്ങി മാഞ്ഞു. 

ശരിയാണ്. മരിക്കുമ്പോൾ ചിരിമായും. കരച്ചിൽ പിറക്കും. പക്ഷേ, ചിരിക്കു  മരണമുണ്ടോ? ഇല്ല. ഇന്നസന്റിനും മരണമില്ല. 

വികെഎന്നിന്റെ മുറ്റത്താണു നിൽപ്. വർഷങ്ങൾ പിന്നോട്ടു പാഞ്ഞു. മുൻപ് ഇവിടെ വന്നു നിന്നത് 19  വർഷം  മുൻപാണ്.  2004 ജനുവരി 25ന്. അന്ന് വടക്കേകൂട്ടാല തറവാട്ടിലെ തടിക്കസേരയ്ക്ക് അരികിൽ നിൽക്കുമ്പോൾ കസേരയ്ക്കു ചൂടുണ്ടായിരുന്നു. വികെഎന്നിന്റെ ദേഹം വെടിഞ്ഞ ചൂട്. തൊട്ടിപ്പുറത്ത് വരാന്തയിൽ ഒരുനിലവിളക്കിന്റെ ചൂടുപറ്റി വികെഎൻ കൂർക്കംവലിച്ചുറങ്ങുകയായിരുന്നു അപ്പോൾ. ആരും കേൾക്കാത്ത നിശബ്ദമായ കൂർക്കം വലി. വിടവുള്ള പല്ലുകൾ ചുണ്ടിനിടയിലൂടെ  അപ്പോഴും  ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരി കണ്ടപ്പോൾ അന്നു പൊള്ളി.

വടക്കേക്കൂട്ടാല തറവാടിനു മുകളിൽ നിന്നു വികെഎൻ എന്ന ചിരിമേഘം പെട്ടെന്നു പാഞ്ഞുപോയത് ഇന്നസന്റ് അവിടെ സ്വർഗത്തിലെത്തി ചിരിപൊട്ടിക്കാൻ തുടങ്ങിയെന്നറിഞ്ഞാവും. വികെഎന്നിന്റെ ഇഷ്ടകാര്യമായിരുന്നല്ലോ, തറവാട്ടിൽ കസേര വലിച്ചിട്ടിരുന്ന് കഥകൾ ആസ്വദിച്ചുകേൾക്കുന്നതും പറയുന്നതും. ഇന്നസന്റ് വന്ന് നാലു കഥ പറഞ്ഞുതുടങ്ങുമ്പോൾ മൂത്താര് അടങ്ങിയിരിക്കുന്നതെങ്ങനെ.

അവിടാകുമ്പോ കൂട്ടാളികളൊക്കെയുണ്ട്... വിശപ്പിൽപ്പോലും നർമം കൊറിക്കുന്ന വൈക്കത്തെ ബഷീർ, ചിരിയുടെ സഞ്ചിതനിക്ഷേപം കൊണ്ടുനടന്നിരുന്ന സഞ്ജയൻ എന്ന മാണിക്കോത്ത് രാമുണ്ണിനായർ. ഏതു സദസ്സിലും ആദ്യമെത്തുന്ന ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, സദസ്സിനെ പാട്ടുകൊണ്ടു മയക്കുന്ന നെടുമുടി  വേണു, കഴുത്തിലൊരു മഫ്ളർ ഇട്ടു ഗൗരവത്തിൽ ആസ്വദിച്ചിരിക്കുന്ന തിലകൻ,  ഇടയ്ക്കിടയ്ക്കു പടച്ചോനേ.. ഇങ്ങള് കാത്തോളീ..എന്നു നീട്ടിവിളിക്കുന്ന കുതിരവട്ടം  പപ്പു.., ഈ  കൂട്ടത്തെ സഹിക്കുക ലളിതമല്ല കഠിനം എന്നുകരുതിയിരിക്കുന്ന കെപിഎസി ലളിത..

അങ്ങനെ  വെടിവട്ടം. അതിലേക്ക് ‘എന്തേ, എന്നെ വിളിച്ചോ.. ’ എന്ന കല്യാണരാമൻ തമാശയും ഉരുവിട്ട് ഇന്നസന്റിന്റെ വരവാകും. തന്നെ ആരും വിളിച്ചില്ലെടോ എന്ന് ആരേലും പറഞ്ഞാൽ, എന്നെ വിളിച്ചാൽ ഞാനല്ലേ കേൾക്കൂ, അല്ലാതെ താനാ.. എന്നു ചോദിക്കുന്നുണ്ടാവും... വിളിച്ച ദൈവത്തിനും ചിരിപൊട്ടുന്നുണ്ടാവും.

ജില്ലയുടെ മറുവശത്ത് തെക്കേയറ്റത്ത് പാർപ്പിടത്തിൽ വീട്ടിൽ ഇന്നസന്റ് ഉപേക്ഷിച്ചുപോയ കസേരയുണ്ട്. അതിനും  ചൂടാറിയിട്ടില്ല. വികെഎൻ എന്ന നർമത്തിന്റെ പേനാരൂപത്തിന്  ഇന്നസന്റ് എന്ന ചിരിയുടെ ഭാവരൂപത്തിലേക്ക്  ഒരു ഗൂഗിൾമാപ്പിട്ടു. 

വില്വാദ്രിനാഥന്റെ  തിരുവില്വാമലയിൽ നിന്നു കൂടൽമാണിക്യം ഭരതന്റെ ഇരിങ്ങാലക്കുടയിലേക്കാണു പോക്ക്.  അതിനിടയിൽ സാക്ഷാൽ സംവിധായകൻ ഭരതന്റെ ഊത്രാളിക്കാവ് എങ്കക്കാടും കയറാം എന്നാണു 

‘ ഷോർട്ടസ്റ്റ് റൂട്ട്’ കാണിക്കുന്നത്. ആകെ മൊത്തം– ഒരു ചിരിദൂരം.

ചാത്തൻസും ചക്കച്ചാംപറമ്പിൽ  ജോയിയും

യാത്ര തുടങ്ങിയപ്പോൾ കാണുന്ന കാഴ്ച ഇങ്ങനെയാണ്. ഒരു മൈൽക്കുറ്റി, വൈദ്യുതത്തൂൺ, വില്വാദ്രിനാഥൻ, പിന്നെ പാടവരമ്പത്ത്  ‘വിപ്ലവശ്രീ ചാത്തൻസ്’. എല്ലാം വികെഎൻ കഥാപാത്രങ്ങളാണ്. നാട്ടിൽ കാണുന്നവരെയൊക്കെ മറ്റൊരു രൂപത്തിൽ കഥാപാത്രങ്ങളായി പടച്ചുവിടുന്നയാൾ ആയിരുന്നല്ലോ വികെഎൻ.  (അപ്പുണ്ണി എന്ന സിനിമയെടുക്കാൻ വികെഎന്നിന്റെ തിരക്കഥ തേടി തിരുവില്വാമല കയറിയ സത്യൻ അന്തിക്കാട് വഴി ചോദിക്കാൻ ഒരുചായക്കടയിൽ കയറി.  വഴിക്കൊപ്പം ഒന്നുകൂടി പറഞ്ഞു ചായക്കടക്കാരൻ: ഇനി എന്നെക്കുറിച്ചൊക്കെ മാത്രമേ മൂത്താര് എഴുതാനുള്ളു.) ആ ‘എഴുത്തുമർദനം’ ഏറ്റവും  കൂടുതൽ ഏറ്റവനാണല്ലോ ചാത്തൻസ്  (വികെഎൻ കഥകളിലെ സ്ഥിരം കഥാപാത്രം). കൂട്ടാലയിലെ പത്തു പറ കൃഷിയുടെ ഇൻ-ചാർജ് ആയിരുന്നു ചാത്തൻ. വികെഎൻ കഥകളിലെ ചാത്തൻസ് മെഗാഹിറ്റ്. സ്വന്തം നാട്ടിൽ നിന്നുണ്ടാക്കിയ കഥാപാത്രം. യാത്രയിൽ, അതീന്ദ്രിയമായ ആ ഓർമക്കാഴ്ചയിൽ നിന്നു ചാത്തൻ മറ്റു മരങ്ങൾക്കും വൈദ്യുതത്തൂണുകൾക്കുമൊപ്പം പാടവരമ്പിലൂടെ പിന്നോട്ടോടിപ്പോയി. 

മുന്നിൽ ചക്കച്ചാംപറമ്പിൽ ജോയി തെളിഞ്ഞു. വികെഎൻ എഴുത്തിൽ എന്നപോലെ ഇന്നസന്റ് സിനിമയിൽ സമ്മാനിച്ച സ്വന്തം നാട്ടിലെ കഥാപാത്രം. ചക്കച്ചാംപറമ്പിൽ സാബു. ഇന്നസന്റിന്റെ അയൽക്കാരൻ. ദീർഘകാലം  ദക്ഷിണാഫ്രിക്കയിൽ ആയിരുന്ന സുഹൃത്ത്.

സിനിമാ സെറ്റിൽ പറയുന്ന തമാശകളിലെ സ്ഥിരം കഥാപാത്രമായിരുന്ന  ചക്കച്ചാംപറമ്പിൽ സാബു. ഏതു ബിസിനസിലും എടുത്തുചാടുന്ന എന്തും ചെയ്തുകൂട്ടാൻ മൂന്നിൽ നിൽക്കുന്ന ഉഗ്രൻ കൂട്ടുകാരനായിട്ടായിരുന്നു വിശേഷണം. അങ്ങനെ കേട്ടുപഴകിയ പേരാണ് ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തിനുപയോഗിച്ചതെന്നു  സംവിധായകനും നടനുമായ ലാൽ ഓ‍ർമിക്കുന്നു. 

സിനിമയിൽ സാബു മാറ്റി ജോയി ആക്കി. അതു ഹിറ്റായി. ‘ ഇപ്പോൾ അവൻ നാട്ടിൽ നെഞ്ചും വിരിച്ചു നടക്കുകാണെ’ന്ന് ഇന്നസന്റ് പിന്നീടു പറഞ്ഞതോർത്തു ലാൽ വീണ്ടും ചിരിക്കുന്നു. ഫോണിന്റെ  തലയ്ക്കൽ, കനംകൂടിയ ലാൽ ചിരി.

‘ലോക്കൽ  ഗാന്ധി’യും യശ്വന്ത് സഹായിജിയും

കയ്യിൽ, വികെഎന്നിന്റെ പുസ്തകത്തിലിരുന്ന് ചാത്തൻസ് ഒന്നുകൂടി  ഗർജിക്കുന്നു: ‘സമ്പൂർണ സോഷ്യലിസം’ ആണ് പ്രസംഗിക്കുന്നത്. സമ്പൂർണ സോഷ്യലിസം പറഞ്ഞ് തിര്‌ലാമല കൂട്ടാലപടിക്കലെ പാടശേഖരങ്ങളിൽ വിപ്ലവത്തിന്റെ വിത്തുകൾ പാകിയ വിശ്വസ്‌തൻ വിപ്ലവശ്രീ ചാത്തൻസാണ്. അതുവായിച്ചു കണ്ണടച്ചപ്പോൾ ഉള്ളിൽ ഇന്നസന്റ് തെളിഞ്ഞു:  സമ്പൂർണ സോഷ്യലിസം അല്ല, ‘സമ്പൂർണ ചാച്ചരത’, ബന്ദർ കാ ബച്ചെ!

യശ്വന്ത് സഹായിജി സന്ദേശം സിനിമയിൽ, ബോംബെയിൽ നിന്നു പുറപ്പെട്ട ഭാരതയാത്ര നയിച്ച നാഷനൽ ഗാന്ധിയൻ. നാരിയൽകാ പാനി ചോദിച്ചതിനു  ക്യാ ഹാഫ് ബോട്ടിൽ, ക്യാ ഫുൾ ബോട്ടിൽ എന്ന മറുചോദ്യം കേൾക്കേണ്ടി  വന്ന ഹതഭാഗ്യൻ. ആ കഥാപാത്രത്തിനു ഭാവവും രൂപവും നൽകിയതിനു പിന്നിൽ ഇന്നസന്റ് നാട്ടിലെ രാഷ്ട്രീയക്കാരിൽ നടത്തിയ നിരീക്ഷണങ്ങളുമുണ്ടെന്നു സത്യൻ അന്തിക്കാട് ഓർമിക്കുന്നു. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ പലതരം രാഷ്ട്രീയ യാത്രകളെ ഉദ്ദേശിച്ച് ഇന്നസന്റിന്റെ ‘ജന പിന്നാക്കയാത്ര’യുമുണ്ട്. എല്ലാവരും കൂടി പിന്നിലേക്കു നടക്കൽ–  സത്യൻ അന്തിക്കാടിന്റെ ആ വാട്സാപ് സന്ദേശത്തിനൊപ്പം ഒരുചിരിയുടെ സ്മൈലിയുമുണ്ട്. അത് ഇന്നസന്റിന്റെ ചിരിപോലുണ്ട്.

നാഷനൽ ഗാന്ധിയനായ  യശ്വന്ത് സഹായി നാരിയൽ കാ പാനി കുടിക്കുന്നതോർത്തിരിക്കുമ്പോൾ കാറിന്റെ ഓട്ടക്കാറ്റിൽ പുസ്തകം ഇതൾ മറിയുന്നു.

വികെഎന്നിന്റെ പുസ്തകത്തിൽ ഇപ്പോൾ ‘ലോക്കൽഗാന്ധി’യാണ്.

പ്രണയം തലയ്‌ക്കു പിടിച്ച് ഗോപികാവല്ലഭൻ നെല്ലുകുത്ത് മെഷീൻ നിർത്തിവച്ചതിനെത്തുടർന്ന് അരിക്ക് ലോക്കൽ മാർക്കറ്റിൽ വില കുതിച്ചുയർന്നപ്പോഴും റേഷൻഷോപ്പിൽ അഴിമതി നടന്നപ്പോഴും ഒക്കെ മധ്യസ്‌ഥനായി ഇടപെട്ട വികെഎൻ കഥാപാത്രം. മലയോരം പഞ്ചായത്തിനോട് പാശ്‌ചാത്യമാതൃകയിൽ പുരോഗമനപരമായ കോങ്കണ്ണുള്ള പ്രസിഡന്റ് – എന്ന് മൂത്താര് പരിചയപ്പെടുത്തുന്ന ലോക്കൽ ഗാന്ധി. തിര്‌ലാമലക്കാർക്ക് സംശയമേതുമില്ല. രണ്ടര പതിറ്റാണ്ടു കാലം പഞ്ചായത്ത് ഭരിച്ച പി.എ.എൻ. മേനോൻ തന്നെയല്ലേ വികെഎന്നിന്റെ ‘ലോക്കൽ ഗാന്ധി’എന്നു ചോദിച്ചാൽ പ്രദേശത്തെ തലമുതിർന്ന രാഷ്‌ട്രീയമേലാളന്മാർ ഒരുപക്ഷേ ചിരിച്ചൊഴിഞ്ഞേക്കാം.

 പക്ഷേ, വികെഎന്നും ഇന്നസന്റും ഒരേ ചിരിയുടെ ജനുസ്സാണെന്നതിൽ നിന്ന് പറഞ്ഞൊഴിയാനാവില്ല.

സ്വാമിനാഥന്റെ ഹനുമാൻ സേവയുടെ തിരുവില്വാമല 

യുവർ ഡെസ്റ്റിനേഷൻ ഓൺ ദ് ലെഫ്റ്റ് – എന്നു ഗൂഗിൾ മാപ്പിലെ സ്ത്രീ ശബ്ദം ഓർമിപ്പിച്ചു.

ഊത്രാളിക്കാവ് അമ്പലത്തിലേക്കുള്ള  വഴി സ്വർഗത്തിലേക്കുള്ള മേഘപാത പോലെ നീണ്ടുകിടക്കുന്നു. ഇരുവശത്തും  വെയിൽ നാമ്പുകൾ പോലെ കൊയ്തൊഴിഞ്ഞ  പാടത്ത്  വരിനെല്ലുകൾ തലനീട്ടുന്നു.

കുറച്ചകലെ എങ്കക്കാട് നടന്നെത്തുമ്പോൾ അവിടെ   കെപിഎസി ലളിതയുടെ സ്മൃതികുടീരങ്ങൾ.

ഇന്നസന്റും കെപിഎസിയും സ്വർഗത്തിൽ  കണ്ടുമുട്ടിയിട്ടുണ്ടാകും. 

ഗോഡ്ഫാദറിലെ സ്വാമിനാഥന്റെ കൊച്ചമ്മിണി, മണിച്ചിത്രത്താഴിലെ ഉണ്ണിത്താന്റെ ഭാസുര, കോട്ടയം കുഞ്ഞച്ചനിലെ കൂനാംമൂച്ചി മൈക്കിളിന്റെ ഏലിയാമ്മ, സസ്നേഹത്തിലെ ഇനാശുവിന്റെ റോസി, പൊന്മുട്ടയിടുന്ന താറാവിലെ പണിക്കരുടെ ഭാഗീരഥി.

ആ കെപിഎസി ലളിത ഉറങ്ങിക്കിടക്കുകയാണിവിടെ. ഭരതൻ ഭരതമുനിയെപ്പോലെ എങ്കക്കാട് മലയുടെയും തിരുവില്വാമല താഴ്‌വാരത്തിന്റെയും കഥകളാലോചിച്ചിരിക്കുന്നു.

രാമനാഥനെന്ന കള്ളപ്പേരിൽ സ്വാമിനാഥൻ (ഇന്നസന്റ്) ഹനുമാൻ പൂജയ്ക്ക് തിരുവില്വാമലയ്ക്ക് ഇപ്പോഴും പോകുന്നുണ്ടാവുമോ? പോകുംവഴി കൊച്ചമ്മിണിയെ കാണാൻ ഈ സ്മൃതികുടീരത്തിൽ ഇറങ്ങുന്നുണ്ടാവുമോ? 

ഗജകേസരിയോഗത്തിലേതു പോലെ തും കർത്താവായി വരുമ്പോൾ ഹും ആണോ, ഹോ ആണോയെന്ന് ആലോചിച്ചു ചിരിക്കുന്നുണ്ടാവുമോ.

ഡെസ്റ്റിനേഷൻ ഇരിങ്ങാലക്കുടയിലെ പാർപ്പിടം ഇട്ട് യാത്ര തുടർന്നു.

ഭീംസിങ് കാ ബേട്ടാ.. ബർമൻ കുഞ്ഞൻ നായർ

മേം ഭീംസിങ്  കാ ബേട്ടാ റാംസിങ് ഹും...ഹേ, ഹൈ!

ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന സിനിമയിൽ ഈ ഡയലോഗ്  പറയുന്നത് മോഹൻലാലാണ്. പക്ഷേ, ജീവിതത്തിൽ ഇതു പറഞ്ഞത് നേപ്പാളിൽ നിന്ന്  ഇരിങ്ങാലക്കുടയിൽ  വന്ന മറ്റൊരു ഗൂർഖയാണ്. ഇരിങ്ങാലക്കുട ചന്ദ്രിക സോപ്പ് ഫാക്ടറിയിലെ കൂർക്ക (സോറി ഗൂർഖ) ആയിരുന്ന റാംസിങ്. അരയിൽ കത്തിയുമായി ഫാക്ടറിയുടെ മുന്നിലെ  റോഡിലൂടെ ഉലാത്തിയിരുന്ന റാംസിങ് എന്ന ഗൂർഖയെക്കുറിച്ച് ഇന്നസന്റ് എപ്പോഴും പറയുമായിരുന്നെന്ന് ഇടവേള  ബാബു ഓർമിക്കുന്നു.

ഇടവേളബാബുവിന്റെ  ചെറുപ്പകാലത്തെ ഓർമകളിലും റാംസിങ്ങുണ്ട്. ഇരിങ്ങാലക്കുടയുടെ ഭാഗമായി മാറി ഇവിടെനിന്നു കല്യാണമൊക്കെ കഴിച്ചു കൂടിയ  മലയാളി നേപ്പാളി. അയാളുടെ ജീവിതവും മാനറിസങ്ങളുമുണ്ട് ധീരനായ ഭീംസിങ് കാ ബേട്ടാ റാംസിങ്ങിൽ.

വികെഎന്നിന്റെ കാമാക്ഷി എന്ന കഥയിലേക്കാവാം കാൽവയ്പ്. കഥയിലെ  ബർമൻ കുഞ്ഞൻ നായർ ധീരനാണ്. നേപ്പാളിൽ നിന്നല്ല, ബർമയിൽ നിന്നു തിരിച്ചെത്തിയ കുഞ്ഞൻ നായർക്ക് എല്ലാവരും ചെക്കന്മാരാണ്. ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരൻ പോലും ചെക്കൻ. റാംസിങ്ങിനെപ്പോലെ അരയിൽ കത്തിയില്ലെങ്കിലും ആരെയും ഭയമില്ല. ധീരനാണ് ആരെയും കൂസാക്കില്ല. വികെഎന്നിന്റെ രണ്ടുമൂന്നു കഥകളിലെങ്കിലും മലയാളികളെ ചിരിപ്പിച്ച ബർമൻ കുഞ്ഞൻ നായരുടെ വേര് നാട്ടിൽ ജീവിച്ചിരുന്ന കേണൽ ടി.കെ.എസ്.നായരിലാണെന്ന് തിരുവില്വാമലക്കാർ ഉറച്ച് അടക്കം പറയും.  

ഇന്നസന്റ് അഥവാ, കഥാപാത്രങ്ങളുടെ ‘പാർപ്പിടം’

വടക്കേ കൂട്ടാലയിൽ നിന്നു തെക്കേത്തലയിലെത്തുമ്പോൾ  നേരം ഇരുളായി. ഇന്നസന്റില്ലാത്ത ഇരിങ്ങാലക്കുടയിൽ നേരത്തേ നേരമിരുട്ടുന്നു. ഇന്നസന്റിന്റെ വീടായ ‘പാർപ്പിട’ത്തിന്റെ വരാന്തയിൽ ആ ചാരുകസേര കിടപ്പുണ്ട്. ഇന്നസന്റ് അതിലിരുന്ന് ഇപ്പോഴും റോഡിലൂടെ  പോകുന്ന കഥാപാത്രങ്ങളെ നിരീക്ഷിക്കുന്നുണ്ടാവുമോ, അടുത്ത സിനിമയിൽ ചേർക്കാൻ?

വികെഎൻ എന്ന മഹാനർമകാരൻ നടന്ന വഴിയിലൂടെയാണ് ഇന്നസന്റും നടന്നത്. നാട്ടിൽ നിന്നു ചക്കച്ചാംപറമ്പിലിനെയും രാംസിങ്ങിനെയുമൊക്കെ സിനിമയിലാക്കി. പൊൻമുട്ടയിടുന്ന താറാവ് സിനിമയിലെ പണിക്കർക്ക് മാനറിസം നൽകാൻ സ്വന്തം അപ്പൻ തെക്കേത്തല വറീതിനെ വരെ എടുത്തുപയറ്റി.

മൂത്താരോ?, പഴയന്നൂരിലെ പ്രസംഗികൻ എരോമൻ നായർ, കുത്താമ്പുള്ളിയിലെ കുഞ്ചൻ ചെട്ട്യാർ, ആഡിറ്റൻ (ഓഡിറ്റർ എന്ന വാക്കിൽ നിന്ന്. ഒരാളാകുമ്പോൾ ആഡിറ്റൻ എന്നു മതിയല്ലോ, ആഡിറ്റർ ബഹുവചനമാകുമല്ലോ എന്നു  വികെഎൻ  ന്യായം) എന്നിങ്ങനെ നാട്ടുകാരെ പിടികൂടി കഥയിലേക്കുയർത്തി.

വലിയ ബിരുദമെടുത്ത് ഡൽഹിയിൽ പത്രപ്രവർത്തകനായി തിരിച്ചുവന്ന വികെഎന്നും ഇരിങ്ങാലക്കുടയിൽ നിന്നു ദാവൻഗരെയിൽ പോയി തീപ്പെട്ടിക്കമ്പനി പൊട്ടിയപ്പോൾ തിരിച്ചെത്തിയ എട്ടാംക്ലാസ്സുകാരൻ ഇന്നസന്റും  അടുത്ത ബന്ധമൊന്നുമുണ്ടാവില്ല. പക്ഷേ, അവർ തമ്മിലുള്ള ദൂരം ‘ഒരു ചിരി വിരിഞ്ഞ ചുണ്ടിന്റെ രണ്ടറ്റം’ തമ്മിലുള്ള നീളം മാത്രമാണെന്ന് ഈ യാത്രയിൽ തിരിച്ചറിയുന്നു. 

ഇന്നസന്റും ഒരുപൊടി വികെഎൻ ആണ്. 

ഞായറാഴ്ചത്തെറ്റ്!

മരണത്തിന്റെ കാര്യത്തിൽ മാത്രം വികെഎൻ പറഞ്ഞത് ഇന്നസന്റ് കേട്ടില്ല. പ്രശസ്തർ ഒരു കാരണവശാലും ഞായറാഴ്ച മരിക്കരുതെന്നാണ് വികെഎൻ പണ്ടു പറഞ്ഞത്:  അന്നു പത്രക്കാരൊക്കെ ഒരാഴ്ചത്തെ ടെൻഷൻ മറക്കാൻ കള്ളുകുടിച്ചു ബോധമില്ലാതെ കിടക്കുകയാവും. മരണവാർത്ത പോലും പിറ്റേന്നത്തെ പത്രത്തിലുണ്ടാവില്ല– എന്നാണ് വികെഎന്നിന്റെ ന്യായത്തമാശ.

ഇന്നസന്റ് മരിച്ചു. നിങ്ങൾ  ഇതുവായിക്കുന്നതിനു കൃത്യം ഒരാഴ്ച മുൻപ്. ഞായറാഴ്ച. അതും രാത്രി 10.45ന്. ഉറങ്ങാതെ, വിശ്രമിക്കാതെ എല്ലാ ‘മാപ്ര’ (മാധ്യമപ്രവർത്തകരുടെ ചുരുക്കെഴുത്ത്) കളും അതു റിപ്പോർട്ടു ചെയ്യുകയും ചെയ്തു.   

ദി അൺഡെത്തബിൾസ്!

തിരികെ മടങ്ങുമ്പോൾ ഒന്നു കണ്ണടച്ചപ്പോൾ ഒരു സ്വപ്നം.

ഒരു വലിയ മേഘത്തിനുമീതേ, കസേര വലിച്ചിട്ട് ഇന്നച്ചനും വികെഎന്നും ‘സംഭാഷിക്കുകയാണ്’

താൻ ഹോട്ടലിൽ  ജോലിചെയ്ത കഥയാണ് ഇന്നസന്റ് പറയുന്നത്:

ഒരാൾ ഹോട്ടലിൽ വന്നു. ‘ചട്നി ഒഴിക്കാതെ 2 ദോശ’ എന്ന് ഓർഡർ ചെയ്തു.

ഞാൻ അത് അടുക്കളയിൽ പറഞ്ഞപ്പോൾ കുക്ക് പറഞ്ഞു.  ഇന്ന് തേങ്ങ അരച്ചിട്ടില്ല. ചട്നി ഇല്ല ഇന്നസന്റേ പകരം സാമ്പാർ  ആണ്.

ഞാൻ തിരികെ ചെന്ന് അയാളോടു  ചോദിച്ചു: ചേട്ടാ, ഇവിടെ സാമ്പാറേ ഉള്ളു. ‘ സാമ്പാർ ഒഴിക്കാത്ത 2 ദോശ എടുത്താൽ മതിയോ?’??

നരച്ചതാടിയും മുടിയുമുള്ളൊരു വെള്ളിമേഘമായി നാണ്വാര് ചിരിച്ചു മറിഞ്ഞു. 

എന്നിട്ടൊരു ചോദ്യം: 

സ്ലാഷ് ചിഹ്നമിട്ടൊരു  ചോദ്യം:

 

#ഓനൊക്കെ മരണമുണ്ടോടോ?

#രണ്ട് അൺഡെത്തബിൾസ്!

English Summary : Sunday Special about actor Innocent and VKN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com