ADVERTISEMENT

നാലു പതിറ്റാണ്ടു മുൻപ് കോഴഞ്ചേരിയിലെ ഒരു പ്രഭാഷണ വേദി. ഡിസി ബുക്സ് സ്ഥാപകനായ ഡി. സി കിഴക്കേമുറിയാണ് പ്രസംഗകൻ. നാട്ടിലെ ഒരു സാമൂഹിക പരിഷ്കർത്താവ് കേരള ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയാണെന്ന സത്യം കോഴഞ്ചേരിക്കാരെ ഓർമിപ്പിച്ച സ്വാതന്ത്ര്യസമര സേനാനികൂടിയായിരുന്ന ഡി.സി, ധീരരക്സാക്ഷിയെ മറന്നതിന്റെ അനിഷ്ടം മറച്ചുവച്ചില്ല.

അന്ന് ആ സദസ്സിലുണ്ടായിരുന്ന ചിറ്റേടത്ത് കുടുംബത്തിലെ ഒരു യുവാവിന്റെ മനസ്സിനെ ഇത് അസ്വസ്ഥമാക്കി. അന്വേഷണം ഗൗരവമാക്കി യുവാവ് മേലുകരയിലെ തറവാട്ടു വീട്ടിലെത്തി പ്രായമുള്ളവരുമായി സംസാരിച്ചു.ഗാന്ധിജിക്ക് ഒപ്പം താമസിച്ച് സബർമതി ആശ്രമത്തിൽ നിന്ന് തിരികെ വരുമ്പോൾ അദ്ദേഹം കൊണ്ടു വന്ന ട്രങ്ക്പെട്ടി പത്തായപ്പുരയിലുണ്ട് എന്ന് കുടുംബത്തിലെ പ്രായമുള്ള അമ്മ പറഞ്ഞു. അതിനകത്തു ഗാന്ധിജിയുടെ കത്തുകളും മറ്റുമുണ്ടായിരുന്നു. യൗവനാരംഭത്തിലെ കാശിയാത്രയിൽ കൊണ്ടുവന്ന തീർഥജലവും ഏറെക്കാലം ഈ പെട്ടിയിലുണ്ടായിരുന്നുവത്രെ. ഉറുമ്പരിച്ചപ്പോൾ പെട്ടി ആരോ സമീപത്തെ പമ്പായാറ്റിലിട്ട് കഴുകിയെന്നും പെട്ടിമാത്രമേ ഇപ്പോഴുള്ളൂ എന്നും പിന്നീട് അറിഞ്ഞു. കേട്ടറിവും നാട്ടറിവും കൂട്ടിച്ചേർത്ത് കലാമണ്ഡലം മുൻ വൈസ് ചാൻസലർ പി.എൻ. സുരേഷ് ചിറ്റേടത്തിന്റെ ലഘുജീവചരിത്രം തുന്നിയെടുത്തു.

ദേശചരിത്രകാരനായ തെള്ളിയൂർ ഗോപാലകൃഷ്ണന് ഇത് ആവേശം പകർന്നു. ചിറ്റേടത്തിന്റെ മകൻ പ്രഭാകരൻ നായരിൽ നിന്നു വിവരങ്ങളും രേഖകളും സമാഹരിച്ച് ‘ചിറ്റേടത്ത് ശങ്കുപ്പിള്ള: ആദ്യ രക്തസാക്ഷിയുടെ കഥ’ എന്ന പേരിൽ 2007 ൽ ആത്മകഥ അദ്ദേഹം പുറത്തിറക്കി. ചെന്നിത്തല അമ്പലപ്പാട്ട് രായിങ്ങൽ ശങ്കരനാശാന്റെയും ചിറ്റേടത്ത് പാർവതിയമ്മയുടെയും മകനായി 1887 ഏപ്രിൽ 10 നു ജനനം. നീർവിളാകം കുന്നത്തേത്ത് നാണിയമ്മ ആദ്യ ഭാര്യ. മകൻ: രാമകൃഷ്ണപിള്ള. നാണിയമ്മയുടെ മരണശേഷം മേലുകര തോട്ടത്തിൽ ലക്ഷ്മിയമ്മയെ വിവാഹം ചെയ്തു. മക്കൾ: പ്രഭാകരൻ നായർ, ചന്ദ്രശേഖരൻ നായർ.

ചിറ്റേടത്തിന്റെ മാതൃസഹോദരിയുടെ ചെറുമകൾ സി.കെ. ശോഭനാദേവിയും ഭർത്താവ് ജി. രാമചന്ദ്രൻ നായരുമാണ് തറവാട്ടിൽ ഇപ്പോൾ താമസിക്കുന്നത്. ചിറ്റേടം ഉപയോഗിച്ച ദണ്ഡും സബർമതിയിൽ നിന്നുള്ള ചർക്കയുടെ ഭാഗവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറി മാത്യു സാമിന്റെ നേതൃത്വത്തിൽ തറവാടിനോടു ചേർന്നു നിർമിച്ച മണ്ഡപം കാണാൻ പലരും എത്തുന്നു.

കാശിക്കു പോയത് രാഷ്ട്രീയം പഠിക്കാൻ
കാശിക്കു പോയാൽ ആരും തിരിച്ചു വരില്ലെന്നു കരുതിയിരുന്ന കാലത്ത് 20–ാം വയസ്സിൽ ശങ്കു കാശിക്കു പോയത് വിപ്ലവമായിരുന്നു. തീർഥപാദസ്വാമിമാരുടെ പരമ്പരകളും അച്ഛൻ ശങ്കരനാശാനും മറ്റും നടത്തിയ സാമൂഹിക പരിഷ്കരണ നീക്കങ്ങളുടെ കനൽ വീണ് പാകമായ മനസ്സിൽ പ്രതീക്ഷ നിറച്ചായിരുന്നു പോക്ക്. കാലം 1907. മാന്യന്മാരുടെ ഒഴിവുസമയ കൂട്ടായ്മ എന്ന നിലയിൽ നിന്ന് ബഹുജന പ്രസ്ഥാനമായി കോൺഗ്രസ് വളർന്ന കാലം. രാഷ്ട്രശിൽപ്പികളിലൊരാളായ ബാലഗംഗാധര തിലകൻ സ്വരാജ് ജന്മാവകാശം എന്ന് പ്രഖ്യാപിച്ച വേള. പുതിയ രാഷ്ട്രീയവും ലോകവും മനസ്സിലാക്കാൻ ഈ യാത്ര സഹായിച്ചു. ഈ ദേശീയ വികാരത്തെ ജന്മനാടിന്റെ വിമോചനത്തിനു പ്രയോജനപ്പെടുത്തണമെന്ന തീരുമാനത്തോടെ തിരികെയെത്തി.

ഗാന്ധിജിയെ കാണാൻ എത്തുന്ന ആദ്യ സേവകൻ
നായർ സമുദായ സേവനത്തോടൊപ്പം രാഷ്ട്രീയ ധർമഭടനായും പ്രവർത്തിക്കുന്ന കാലത്തു ഗാന്ധിജിയെ കാണണമെന്നു മോഹം.
കാളയെ ഘടിപ്പിച്ച വില്ലുവണ്ടിയിൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലെത്തി. ചെങ്കോട്ട വഴി മദ്രാസ് എഗ്മൂറിലും തുടർന്ന് സെൻട്രലിൽ നിന്ന് അഹമ്മദാബാദിലേക്കും ട്രെയിൻ കയറി.

മധ്യതിരുവിതാംകൂറിൽ നിന്ന് എത്തുന്ന ആദ്യ സന്നദ്ധഭടനെ മഹാത്മജി നേരിട്ട് ഇറങ്ങി വന്ന് സ്വീകരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നു മാസം നീണ്ട പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ ഗാന്ധിജി നൽകിയ സമ്മാനം 3 ചർക്ക.
നാടാകെ ഖാദി പ്രസ്ഥാനത്തിനു ഊടുംപാവും നെയ്തത് ഈ ചർക്കകൊണ്ട്. ഭാര്യ ലക്ഷ്മിയമ്മയുടെ ബന്ധുദേശമായ തെള്ളിയൂർ കേരളത്തിലെ ആദ്യ ഖാദി ഗ്രാമങ്ങളിലൊന്നായി. ഇതിനായി പരുത്തി കൃഷി ചെയ്തു.
ഖദർ ഈ നാടിന്റെ മേലങ്കിയായി. ചിറ്റേടത്തിന്റെ പേര് സബർമതിയുടെ ഭിത്തിയിൽ സരയൂ നദിയിലെ കാറ്റേറ്റ് ഇപ്പോഴും പുളകം കൊള്ളുന്നു.

തിരികെ കൊട്ടാരക്കര സ്റ്റേഷനിൽ ചിറ്റേടത്തിനൊപ്പം ട്രെയിൻ ഇറങ്ങിയവരിൽ പന്തളം സ്വദേശി (ഭജേഭാരതം) മാത്തുണ്ണിയും മറ്റും ഉണ്ടായിരുന്നു. സ്വീകരിക്കാൻ വന്നവർക്കെല്ലാം ഖാദി ബനിയനും തൊപ്പിയും. മഹാത്മാഗാന്ധിയുടെ ചിത്രവും ത്രിവർണ പതാകയും ഘടിപ്പിച്ച വില്ലുവണ്ടിയിൽ ഭാരതമാതാവിന് കീജേയ് വിളിച്ച് കോഴഞ്ചേരിയിലേക്ക്.

സബർമതി പ്രഭയിൽ വീട്ടിൽ പന്തിഭോജനം

മടങ്ങിവന്ന് 3 മാസം കഴിഞ്ഞ് വീട്ടിൽ പിന്നാക്ക വിഭാഗക്കാരെ വിളിച്ച് പന്തിഭോജനം നടത്തി. ഗാന്ധിജിയുടെ ആഹ്വാനപ്രകാരമാണെങ്കിലും ഇത് മറ്റുള്ളവരെ ചൊടിപ്പിച്ചു. അവർ അക്രമിച്ചെങ്കിലും ചട്ടമ്പി സ്വാമിയിൽ നിന്നു ലഭിച്ച ആത്മീയ ഉൾക്കാഴ്ചയും ഗാന്ധിജയൻ തത്വങ്ങളും സമന്വയിപ്പിച്ച് അക്രമരഹിതമായ പുതിയൊരു ജീവിതക്രമം ചിറ്റേടത്ത് രൂപപ്പെടുത്തി.

വൈക്കം സത്യഗ്രഹത്തിലെ ഉദയനക്ഷത്രം
1920 ൽ ചെങ്ങന്നൂരിൽ ചിറ്റേടത്തും മറ്റും നടത്തിയ അയിത്തോച്ചാടന ക്ഷേത്രപ്രവശനം കേരള ചരിത്രത്തിൽ ആദ്യത്തേതായിരുന്നു എന്നു കരുതപ്പെടുന്നു. 1923 ൽ കാക്കിനഡ സമ്മേളനത്തിൽ പങ്കെടുത്ത ചിറ്റേടത്തിന്റെയും ടി. കെ മാധവന്റെയും മറ്റും ഉത്സാഹത്തിലാണ് അയിത്തോടചാടനം കോൺഗ്രസ് അജൻഡയാക്കിയത്. സത്യഗ്രഹ നേതാവ് ടി. കെ. മാധവന്റെ ക്ഷണപ്രകാരമാണ് ചിറ്റേടത്ത് വൈക്കം സമരത്തിനു പോകുന്നത്.
വൊളണ്ടിയർ ക്യാപ്റ്റൻ സ്ഥാനവും ക്യാംപിലേക്ക് ആഹാരം എത്തിക്കുന്ന ചുമതലയും ചിറ്റേടത്തിനായി.
കോൺഗ്രസ് സംഘടനാ സംവിധാനമില്ലാത്ത കാലത്ത് ചിറ്റേടത്തിന്റെ ധീരതയിലും കഴിവിലും ടി.കെ. വിശ്വാസമർപ്പിച്ചു.

ചപ്പാത്തി വന്നത് വൈക്കം വഴിയോ ?
പഞ്ചാബിൽ നിന്നുള്ള അകാലി ശിരോമണി സംഘം സസ്യഭക്ഷണവുമായി സത്യഗ്രഹത്തിനെത്തി. കേരളത്തിൽ ആദ്യമായി ചപ്പാത്തി പരക്കുന്നത് ഇങ്ങനെയാണെന്നും കേരളീയരിൽ ചിലർ സിക്ക് മതം സ്വീകരിച്ചു എന്നും ചരിത്രമുണ്ട്.
ഭക്ഷണം ഒരുക്കുന്നതിനു ചിറ്റേടത്ത് തെള്ളിയൂരിൽ നിന്ന് വാഴക്കുല, കാച്ചിൽ, മത്തങ്ങാ തുടങ്ങിയവ ശേഖരിച്ച് മണിമലയാറ്റിലെ കോമളം കടവിലൂടെ ചങ്ങനാശേരി എൻഎസ്എസ് ആസ്ഥാനത്ത് എത്തിച്ചു. മലയോരപ്രദേശങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളും മറ്റും സൂക്ഷിക്കുവാൻ മന്നത്ത് പത്മനാഭൻ സ്റ്റോർ ഒരുക്കി. കൈനിക്കര പത്മനാഭപിള്ളയ്ക്കായിരുന്നു ചുമതല. കെട്ടുവള്ളത്തിൽ ഇവയെല്ലാം വൈക്കത്ത് എത്തി.

പാലനെ സ്നേഹിച്ച തറവാട്ടു കാരണവർ
കാശിക്കു പോകും മുൻപ് ചിറ്റേടത്ത് നേർച്ച നടത്തിയത് പാലൻ അപ്പൂപ്പന്റെ നടയിലായിരുന്നു. 600 വർഷം പിന്നിലുള്ള ഐതിഹ്യമാണത്. ചിറ്റേടേത്ത് തറവാട്ടിലെ അടിയാനായിരുന്ന പാലൻ പുലയൻ. 800 ഏക്കറോളം തറവാടു വക വനപ്രദേശമാണ്.
വിശ്വസ്ഥനായതിനാൽ പാലനെ ചിറ്റേടത്തു കാരണവർ ഏറെ സ്നേഹച്ചിരുന്നു. ഒരിക്കൽ കുറിയന്നൂർ പൊൻമലയിലെ പുരയിടത്തിൽ കിളയ്ക്കുന്നതിനിടെ ഒരു ചെമ്പുകുടത്തിൽ കൂന്താലി മുട്ടുന്ന ശബ്ദം. നിറയെ സ്വർണനാണയം. കൃഷിയിടത്തിൽ നിന്ന് വലിയൊരു മത്തങ്ങ പറിച്ചെടുത്ത് സ്വർണം മുഴുവൻ അതിനുള്ളിലാക്കി പാലൻ പമ്പാനദി കടന്ന് നിധി തറവാട്ടിലെത്തിച്ചു. പാലനെ പിന്നീടു കടുവ ആക്രമിച്ചു കൊന്നു. പാലൻ തിരികെ വരാതിരുന്നപ്പോൾ കാരണവർ ആളെ അയച്ചു. മരണവാർത്ത എല്ലാവരെയും ദുഃഖത്തിലാക്കി. കാരണവർ തന്നെ കർമങ്ങൾ നടത്തി. കാലശേഷം തറവാട്ടിൽ അടിക്കടി ആപത്തുകൾ വന്നുതുടങ്ങി. പാലന്റെ ആത്മാവ് ഗതികിട്ടാതെ നടക്കുന്നതിനാൽ പ്രതിമയിൽ ആവാഹിച്ച് ആരാധന നടത്തണമെന്നായി. തടിപ്രതിമയിൽ പാലന്റെ ആത്മാവിനെ പ്രതിഷ്ഠിച്ച് ഇന്നും പൂജിക്കുന്നിടമാണ് അയിരൂർ കാഞ്ഞീറ്റുകര കാലായിൽ പുരയിടത്തിലെ ക്ഷേത്രം.

സ്വദേശാഭിമാനി പകർന്ന ജ്വാല
കോഴഞ്ചേരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെന്നിത്തലയിലെ പിതൃഭവനത്തിൽ താമസമാക്കിയ ശങ്കു, മാന്നാർ നായർ സമാജം ഇംഗ്ലിഷ് സ്കൂളിൽ ചേർന്നു. പിതാവ് രായിങ്ങനാശാനെ പരിചയപ്പെടാനെത്തിയ പത്രാധിപർ കെ. രാമകൃഷ്ണപിള്ളയുമായി പരിചയപ്പെട്ടത് വഴിത്തിരിവായി.

പിന്നീട് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തുമ്പോൾ ചിറ്റേടത്ത് അദ്ദേഹത്തോടൊപ്പം നിഴൽ പോലെ നിന്നു.
രാമകൃഷ്ണപിള്ള ആദ്യകാലത്ത് നടത്തിയിരുന്ന പല പത്രങ്ങളും ചിറ്റേടത്തിന്റെ ശേഖരത്തിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.

ആനക്കൊമ്പ് പിടിയുള്ള കഠാര സൂക്ഷിച്ച കാലം
ആറടി ഉയരവും ആകാരവുമുണ്ടായിരുന്ന ചിറ്റേടം ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നേതൃപാടവം പലപ്പോഴും പുറത്തെടുത്തു. ചെങ്ങന്നൂരിനടുത്ത ഗ്രാമത്തിലും മറ്റും ഉണ്ടായ ലഹളകളെ നേരിട്ടത് ഉദാഹരണം. അധർമം പ്രവർത്തിക്കുന്നവരെ അടിച്ചമർത്തുന്നത് അന്നത്തെ നല്ല മാടമ്പിമാരുടെ പ്രത്യേകതയായിരുന്നു. സാധുക്കളെ കരുതിയിരുന്നു. കുറവ സമുദായ അംഗത്തിൽ നിന്നു മർമവിദ്യ സ്വായത്തമാക്കിയ ചിറ്റേടം ഈ വിദ്യ ഒരിക്കലും ദുരുപയോഗം ചെയ്യില്ലെന്നു ഗുരുവിനു വാക്കുകൊടുത്തിരുന്നു. ആനക്കൊമ്പിന്റെ പിടിയുള്ള കഠാര സ്വന്തമായി സൂക്ഷിച്ചിരുന്ന കാലത്തും സംയമനം പാലിച്ചു. പാവങ്ങളെ ഉപദ്രവിക്കുന്നതു കണ്ട് ചാടി വീണ് അക്രമികളെ ഓടിച്ച സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

പുല്ലാട് ലഹളയും വിദ്യാലയ പ്രവേശനവും
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലും പിന്നാക്ക സമുദായങ്ങളുടെ ഉയർപ്പിന്റെ രംഗത്തും മറക്കാനാവാത്ത അധ്യായമാണ് പുല്ലാട് ലഹള. സവർണരിൽ ചിലർ പിന്നാക്കക്കാരായ കുട്ടികളെ സ്കൂളുകളിൽ കയറാൻ അനുവദിക്കാതിരുന്നത് എതിർപ്പുകൾക്കിടയാക്കി. പുല്ലാട് ഗവ. സ്കൂളിനു ചിലർ തീവച്ചതോടെ അയ്യങ്കാളിയോടും വെള്ളിക്കര ചോതിയോടും കറുമ്പൻ ദൈവത്താനോടും ഒപ്പം ചേർന്ന് അഴകാനന്ദസ്വാമിയും ചിറ്റേടത്തും പുല്ലാട് വൈദ്യനും മറ്റും വർണവ്യത്യാസമില്ലാതെ കുട്ടികൾക്കു പഠിക്കാൻ അവസരം ഒരുക്കി.
തേരും കുതിരയും ആഘോഷവും മാത്രമല്ല സമുദായ പ്രവർത്തനമെന്ന ചിന്തയിൽ നിന്നാണ് തേരിന്റെ ചട്ടമെടുത്ത് അയിരൂർ നായർ സമാജ മന്ദിരം പണിയുവാൻ തോട്ടാവള്ളിൽ നാരായണനാശാനും മറ്റും ഒപ്പം നിന്ന് ചിറ്റേടത്ത് പ്രവർത്തിച്ചത്.
റാന്നി വൈദ്യശാലയിൽ പാവപ്പെട്ടവരും വിവിധ മതസ്ഥരുമായ രോഗികളെ എത്തിച്ച് ചികിത്സ ഉറപ്പാക്കി. മന്നത്ത് പത്മനാഭനും മറ്റും ചിറ്റേടത്ത് തറവാട് സന്ദർശിച്ചു. അയിരൂർ ഹിന്ദുമത പരിഷത്ത് സദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുമ്പോൾ സംഘാടകനായി ചിറ്റേടവും ഉണ്ടായിരുന്നു.

99 ലെ വെള്ളപ്പൊക്കത്തിലും നാട്ടിലെത്തി രക്ഷകനായി
1099 (1924) കേരള ചരിത്രത്തെ പിടിച്ചുലച്ച വർഷമായിരുന്നു. വൈക്കം സത്യഗ്രഹം, വെള്ളപ്പൊക്കം, ബോട്ട് അപകടത്തിൽ കുമാരനാശാന്റെ മരണം തുടങ്ങി ഒട്ടേറെ സംഭവങ്ങൾ. കഴുത്തറ്റം വെള്ളത്തിലായിരുന്നു ആ ആഴ്ചകളിൽ വൈക്കത്ത് സത്യഗ്രഹം നടന്നത്. ഇതിനിടെ കോഴഞ്ചേരിയിലെത്തിയ ചിറ്റേടത്ത് നാട്ടിൽ വീടു നഷ്ടപ്പെട്ടവർക്ക് ഓലകെട്ടി കൊടുത്തു. തെങ്ങും 50 രൂപയും നൽകി.

മർദനം ഏറ്റുവാങ്ങിയ ഗാന്ധിയൻ
ഗാന്ധിജി വൈക്കം ഇണ്ടൻതുരുത്തി മനയിൽ വച്ച് 1925 മാർച്ച് 10 നു സന്ധിസംഭാഷണം നടത്തി. ശങ്കുപ്പിള്ളയെ ഗുണ്ടകളെ വിട്ടു മർദിപ്പിച്ചതിനു പിന്നിലും ഇവരായിരുന്നു എന്നാണ് ആരോപണം. പൊലീസും ഉപദ്രവിച്ചുവത്രെ.
1924 ഒക്ടോബറിലായിരുന്നു മർദനം. മരണം ഡിസംബർ 13 ന് 38–ാം വയസ്സിൽ. ചെറുത്തുനിൽപ്പു കാട്ടാതെ ഗാന്ധിയൻ ആദർശത്തിൽ ഉറച്ച് മർദനം ഏറ്റുവാങ്ങിയ ചിറ്റേടത്ത് മാരകമായ ക്ഷതമേറ്റിട്ടും സമര രംഗത്ത് തുടർന്നു. കോട്ടുക്കുന്നേൽ നീലകണ്ഠൻ എന്ന സ്വദേശക്കാരൻ ചിറ്റേടത്തിനെ വൈക്കം മാധവന്റെ വീട്ടിലെത്തിച്ച് ശുശ്രൂഷിച്ചു. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്തു നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ സവർണ ജാഥയിൽ പരുക്കുകാരണം ചിറ്റേടത്ത് പങ്കെടുത്തില്ല. കുറച്ചു സൗഖ്യം ലഭിച്ചപ്പോൾ ബോട്ടിൽ ചങ്ങനാശേരിയിൽ എത്തി കൈനിക്കര കുമാരപിള്ളയെ കണ്ടു. പിന്നീട് തെള്ളിയൂരെത്തി. തുടർന്ന് കാളവണ്ടിയിൽ ചിറ്റേടത്ത് തറവാട്ടിലേക്കു പോയി. പ്രകൃതി ചികിത്സയല്ലാതെ മറ്റു രീതികൾ സ്വീകരിക്കാൻ മടിച്ചു. ന്യൂമോണിയ കലശലായതോടെ മരണം പിടിമുറുക്കി.

കുഞ്ഞിനെ എടുത്തുപിടിച്ച് ഗാന്ധിജിയുടെ പ്രസംഗം
കേരളത്തിലെ കോൺഗ്രസിന്റെ ഭാവിചുമതലക്കാരനായി മനസ്സിൽക്കണ്ട യുവാവിന്റെ വേർപാട് ഗാന്ധിജിയെ ദുഃഖത്തിലാക്കി. ചെങ്ങന്നൂരിൽ പൊതുയോഗം സംഘടിപ്പിക്കാൻ ഗാന്ധിജി നിർദേശിച്ചത് ചിറ്റേടത്തിനോടുള്ള സ്നേഹം കൊണ്ടായിരുന്നു. ചിറ്റേടത്തിന്റെ പത്നി ലക്ഷ്മിയമ്മയെയും കുട്ടികളായ പ്രഭാകരനെയും ചന്ദ്രശേഖരനെയും വേദിയിൽ എത്തിച്ചു. ഒന്നര വയസ്സുള്ള ചന്ദ്രശേഖരനെ എടുത്തുകൊണ്ടാണ് ഗാന്ധിജി അന്ന് പ്രസംഗിച്ചതെന്ന് ചില കുറിപ്പുകളിൽ കാണുന്നു.

വൈക്കം സത്യഗ്രഹത്തെ അടിസ്ഥാനമാക്കി മേരി എലിസബത്ത് കിങ് രചിച്ച ‘ഗാന്ധിയൻ നോൺവയലന്റ് സ്ട്രഗിൾ ഇൻ സൗത്ത് ഇന്ത്യ: ദ് 1924–25 വൈക്കം സത്യഗ്രഹ ആൻഡ് ദ് മെക്കനിസം ഓഫ് ചെയ്ഞ്ച്’ എന്ന പുസ്തകം ആഗോള ശ്രദ്ധേ നേടിയത് അടുത്തകാലത്താണ്.ചിറ്റേടത്തിനെപ്പറ്റിയും മറ്റും ഇനിയും ഗവേഷണങ്ങൾ നടക്കാനിരിക്കുന്നതേയുള്ളൂ. വരുംതലമുറകൾ ആ ദൗത്യം ഏറ്റെടുക്കുമെന്ന് ഉറപ്പ്. ഛായാചിത്രവുമായി കോൺഗ്രസ് നടത്തിയ പദയാത്ര അതിന്റെ തുടക്കമാവാം. ഈ ജന്മദിനത്തിൽ പ്രണാമങ്ങളുമായി എല്ലാവരും ഒത്തുകൂടുമ്പോൾ പ്രവാചക തുല്യനായ അവധൂതന്റെ ബലിസ്മരണകൾക്കു ഒരിക്കൽക്കൂടി ഉയിർത്തെഴുനേൽപ്പ്. 

English Summary : Sunday Special about Chittedathu Sankupillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com