ADVERTISEMENT

ഒറ്റപ്പാട്ടു കേട്ട ശേഷം നവനീത് ഉണ്ണിക്കൃഷ്ണനിൽ നിന്നിറങ്ങിപ്പോരാം എന്നാണു വിചാരമെങ്കിൽ അതു തെറ്റുമെന്നുറപ്പ്. അത്ര മനോഹരമായാണു പഴയ മലയാള സിനിമാഗാനങ്ങൾക്കൊപ്പം നവനീത് നമ്മളെ കൂടെക്കൂട്ടുക. ഒന്നു കേട്ടാൽ അടർന്നു മാറാനാവാത്ത വിധമുള്ള നവനീതിന്റെ പാട്ടുസഞ്ചാരം.  

മലയാളം പഠിക്കാത്ത, നന്നായി പറയാനറിയാത്ത ഒരു ചെറുപ്പക്കാരനാണു മലയാളം അടക്കമുള്ള ഇന്ത്യൻ സിനിമാ സംഗീതത്തെ ഇത്രമേൽ ആഴത്തിൽ അറിഞ്ഞു പറയുകയും പാടുകയും ചെയ്യുന്നതെന്നറിയുമ്പോൾ വിസ്മയിച്ചു പോകും. 

അമേരിക്കയിലെ അരിസോണയിലിരുന്നാണ് ഇന്ത്യൻ സംഗീതത്തെ നവനീത് നെ‍ഞ്ചോടു ചേർത്തു പഠിച്ചെടുക്കുന്നത്. സംഗീത സംവിധായകരായ ദേവരാജനെയും ദക്ഷിണാമൂർത്തിയെയും ബാബുരാജിനെയും രാഘവൻ മാസ്റ്ററെയും ജോൺസനെയും രവീന്ദ്രനെയും എം.കെ.അർജുനനെയുമെല്ലാം പാടിയും പറഞ്ഞും തുടരുന്ന നവനീതിന്റെ സംഗീതയാത്രയുടെ കഥ ഇങ്ങനെയാണ്. ഈയിടെ കൊച്ചിയിലെത്തിയ നവനീത് ഉണ്ണിക്കൃഷ്ണൻ സംസാരിക്കുന്നു. 

രണ്ടാം വയസ്സിലെ പാട്ട്

കേൾക്കുന്ന പാട്ട്, മുഴുവനായും പഠിച്ചു പാടുന്ന ശീലം രണ്ടാം വയസ്സിൽ തുടങ്ങിയതാണെന്ന് അച്ഛൻ വി.വി.ഉണ്ണിക്കൃഷ്ണനാണു പറഞ്ഞത്. ആയിരത്തോളം പാട്ടുകൾ കുട്ടിക്കാലത്തേ കാണാപ്പാഠമാക്കി. പാടുക മാത്രമായിരുന്നില്ല, നവനീതിനു പാട്ടിനെക്കുറിച്ചു പറയുകയും വേണമായിരുന്നു. ആദ്യം അതു നവനീത് വീട്ടുകാർക്കു മുന്നിൽ പതിവാക്കി. സമൂഹ മാധ്യമങ്ങളൊക്കെ സജീവമായപ്പോൾ ഇത്തരമൊരു പാട്ടും പറച്ചിലും ഷൂട്ട് ചെയ്തു ഫെയ്സ് ബുക്കിലിട്ടതോടെയാണു നവനീതിനെ നമ്മൾ അറിഞ്ഞു തുടങ്ങിയത്.  

ദേവരാജൻ മാഷ്

ദേവരാജൻ മാഷ് ജീനിയസ് ആണെന്ന് എല്ലാവരും പറയും. എന്തുകൊണ്ടാണ് അദ്ദേഹത്തെ ജീനിയസ് എന്നു വിളിച്ചതെന്നതിലേക്കു നവനീത് നമ്മളെ കൊണ്ടുപോകും. മലയാള സംഗീതത്തിന്റെ ‘ റിച്ച്നസ്’ ദേവരാജന്റെ പാട്ടുകളിലുണ്ടെന്നു പറയുമ്പോൾ ‘ സ്വർണച്ചാമരം വീശിയെത്തുന്ന’ പാട്ടിലെത്തും. പ്രളയ പയോധിയിൽ, നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും... എന്നു തുടങ്ങി  ദേവരാജ സംഗീതത്തിന്റെ സൗന്ദര്യവും രാഗവൈവിധ്യവുമെല്ലാം നവനീത് നമുക്കു മുന്നിൽ അവതരിപ്പിക്കും. 

ദക്ഷിണാമൂർത്തിയും ബാബുരാജും ജോൺസനുമെല്ലാം കടന്നുവരും. തബലയും മൃദംഗവും തംബുരുവും ഉപയോഗിച്ചതിലെ സാംഗത്യം, സംഗീത സംവിധായകർ അവരുടെ പ്രിയരാഗങ്ങളെ സമീപിച്ച രീതി, തുടങ്ങിയവയെല്ലാം പാട്ടുകൾക്കിടയിലെ വർത്തമാനങ്ങളാകും. കർണാട്ടിക് രാഗത്തിനു സമാനമായ ഹിന്ദുസ്ഥാനിയിലേക്കു വാക്കുകൾ നീളും. നൗഷാദും എസ്.ഡി.ബർമനും സലിൽ ചൗധരിയുമെല്ലാം പാട്ടുകളായി മാറും. അവരുടെ പാട്ടുകൾ ഭാവം ചോരാതെ പടരും. 

പാട്ടുകൾ തമിഴിലേക്കു നമ്മളറിയാതെ ഗതിമാറും. എം.എസ്.വിശ്വനാഥനും ഇളയരാജയും എ.ആർ.റഹ്മാനും നമുക്കിടയിലെത്തും.  ഇക്കുറി നാട്ടിലെത്തിയപ്പോൾ ദേവരാജൻ മാഷിന്റെ വീട്ടിൽ പോയി. ‘ ദേവരാജന്റെ കൊച്ചുമോനാണു നീ’ എന്ന് അദ്ദേഹത്തിന്റെ ഭാര്യ ലീലാമണിയമ്മ ചേർത്തു പിടിച്ച് അനുഗ്രഹിച്ചതാണെന്റെ ഭാഗ്യം. അദ്ദേഹം കൊണ്ടുനടന്ന ഹാർമോണിയത്തിൽ വിരൽ തൊട്ടതാണെന്റെ പുണ്യം’, നവനീത് പറഞ്ഞു.  

പാട്ടിന്റെ കഥ

കൊച്ചി ജെടി പാക്ക് വേദിയിൽ സദസ്സ് നവനീതിനെ കേട്ടതു വികാരനിർഭരമായാണ്. ചില പാട്ടുകൾ ‘കണ്ണുനിറച്ചു’ കേട്ടവരുണ്ട്. മലയാള ഭാഷ എഴുതാനോ വായിക്കാനോ അറിയാത്ത ഈ ‘ പയ്യൻ ’ ഇന്ത്യൻ സംഗീതത്തെ എത്ര പ്രതീക്ഷാനിർഭരമായാണു നോക്കിക്കാണുന്നതെന്നു സദസ്സ് ഒന്നാകെ അദ്ഭുതപ്പെട്ടു. നാലര വയസ്സിൽ ഹിന്ദുസ്ഥാനി പഠിച്ചു തുടങ്ങിയ നവനീത് നാലു വർഷമായി കർണാടക സംഗീതവും പഠിക്കുന്നു.  

25 വർഷമായി അമേരിക്കയിലെ അരിസോണയിലാണ് കുടുംബം. നവനീത് ജനിച്ചതും അവിടെത്തന്നെ. കണ്ണൂർ പഴയങ്ങാടി വടക്കൻ വീട്ടിൽ വി.വി.ഉണ്ണിക്കൃഷ്ണന്റെയും ‍ഡോ.വി.പ്രിയയുടെയും മകനാണ്. മൈക്രോസോഫ്റ്റിൽ എൻജിനീയറാണ് ഉണ്ണിക്കൃഷ്ണൻ. അനുജൻ– അനിരുദ്ധ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണിപ്പോൾ നവനീത്. 

English Summary : Sunday special about singer Navaneeth Unnikrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com