എന്നും വീഴ്ചകളായിരുന്നു ജീവിതത്തിൽ. എങ്ങനെയെങ്കിലും ഒന്ന് എഴുന്നേറ്റു നിൽക്കാം എന്നു കരുതുമ്പോഴേക്കും വീണ്ടും വീഴും. പലപ്പോഴും കുഞ്ഞു കച്ചിത്തുരുമ്പുകളിൽ നെയ്തെടുക്കുകയായിരുന്നു ഞാനെന്നെ.’ കോട്ടയം പുതുപ്പളളി പാറേട്ട് മാർ ഇവാനിയോസ് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർ ലെനി മാർക്കോസ് (82) ഇത്രയും പറഞ്ഞപ്പോഴേക്കും ശബ്ദമിടറി.
സംഭവബഹുലമാണ് അവരുടെ ജീവിതം. ഡോക്ടറാകണം എന്ന ആഗ്രഹം മനസ്സിൽ മൊട്ടിട്ടപ്പോഴേക്കും 11ാം ക്ലാസ് വിദ്യാഭ്യാസവുമായി വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കേണ്ടി വന്നു. 25ാം വയസ്സിൽ ഭർത്താവിനെയും മകളെയും നഷ്ടപ്പെട്ടു. തുടർന്നു ഗൈനക്കോളജി ഡോക്ടറായ ലെനിയുടെ ജീവിതകഥ തോറ്റുപോയെന്നു കരുതുന്നവർക്കുള്ള ഊർജ സ്രോതസ്സാണ്.
സന്തോഷകരമായ ബാല്യം; ആദ്യത്തെ വഴിത്തിരിവ്
ബ്രിട്ടിഷ് ഇന്ത്യൻ ആർമിയിലെ പട്ടാളക്കാരനായിരുന്ന തിരുവല്ല മുളുംമൂട്ടിൽ ക്യാപ്റ്റൻ എം.എം. നൈനാന്റെയും മേരിയുടെയും 9 മക്കളിൽ ഇളയവളായി 1941ലാണു ലെനിയുടെ ജനനം. പത്താം ക്ലാസ് വരെ സുന്ദരമായ ജീവിതം. എട്ടു വയസ്സിൽ തന്നെ പുസ്തകത്താളുകളിൽ ഡോ. ലെനി എന്നാണ് അവൾ പേരെഴുതിയിരുന്നത്. ഒന്നാം ലോക യുദ്ധത്തിലും രണ്ടാം ലോക യുദ്ധകാലത്തും ബ്രിട്ടനുവേണ്ടി പോരാടിയ ക്യാപ്റ്റൻ എം.എം.നൈനാൻ ഇതിനിടെ ആർമിയിൽ നിന്നു വിരമിച്ച് മലേഷ്യയിൽ സ്ഥിരതാമസമാക്കി. ലെനി 10ാം ക്ലാസിൽ പഠിക്കുന്ന സമയം. നൈനാന്റെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ഭർത്താവിനെ പരിചരിക്കാനായി മേരിക്കു മലേഷ്യയിലേക്കു പോകേണ്ടിവന്നു. സഹേദരൻമാരെ ഹോസ്റ്റലിൽ നിർത്തിയെങ്കിലും ലെനിയെ ബോർഡിങ്ങിലേക്കു മാറ്റാൻ മാതാപിതാക്കൾക്കു മനസ്സു വന്നില്ല. പഠനം തുടരണമെന്നു ലെനി ശക്തമായി വാദിച്ചെങ്കിലും പത്താം ക്ലാസിന്റെ പകുതിയിൽ അവളിലെ ഡോക്ടർ മോഹത്തിന് ആദ്യ തിരിച്ചടിയുണ്ടായി. കരഞ്ഞു തളർന്ന ലെനി തന്റെ ജീവിതത്തിൽ വരാനിരിക്കുന്ന ദുരന്തങ്ങളുടെ തുടക്കമാണതെന്ന് അറിയാതെ അമ്മയുടെ കയ്യിൽ തൂങ്ങി മലേഷ്യയിലേക്കു കപ്പൽ കയറി.
മലേഷ്യൻ ജീവിതവും തിരിച്ചു വരവും
അവിടെയെത്തിയപ്പോൾ മലയാളം മീഡിയത്തിൽ പഠിച്ച ഇതര രാജ്യക്കാരിയായ വിദ്യാർഥിനിക്ക് അഡ്മിഷൻ നൽകാൻ സ്കൂൾ അധികൃതർ വിസമ്മതിച്ചു. എന്നാൽ നിരന്തര പ്രയത്നത്തിനൊടുവിൽ പ്രവേശന പരീക്ഷ എഴുതിക്കാൻ അവർ തയാറായി. വിജയിച്ച ലെനി ഹയർ സെക്കൻഡറി അവിടെ പഠിച്ചു. എന്നാൽ ആദ്യ വർഷ പരീക്ഷയ്ക്കു മുൻപ് മറ്റൊരു ദുരിതം അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. രോഗം കൂടിയ പിതാവിനെയും കൊണ്ടു നാട്ടിലേക്കു പോകണം. എന്നാൽ ഇക്കുറി പഠനം പൂർത്തിയാക്കണം എന്നു ലെനി വാശിപിടിച്ചു. ലെനിയെ സഹോദരിയുടെ അടുക്കലാക്കി നൈനാനും മേരിയും നാട്ടിലേക്കു മടങ്ങി. മാതാപിതാക്കളെ പിരിയുന്ന വേദനയിലും പഠനം പൂർത്തിയാക്കാമെന്ന നേട്ടത്തിൽ അവൾ സന്തോഷിച്ചു. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. നാട്ടിലെത്തി അധികം വൈകാതെ നൈനാൻ മരണത്തിനു കീഴടങ്ങി. ഭർത്താവിന്റെ മരണത്തോടെ തളർന്നുപോയ മേരി ലെനിയെ നാട്ടിലേക്കു വരുത്തി. പഠനം പൂർത്തിയാക്കാനാകാതെ നാട്ടിലേക്കു പോന്ന ലെനിയെ കാത്തിരുന്നത് മറ്റൊരു വഴിത്തിരിവ്!
വിവാഹപ്പന്തലിലേക്ക്
18 വയസ്സു തികഞ്ഞ ലെനിക്കായി നാട്ടിൽ മേരി ഒരു വരനെ കണ്ടെത്തി. ലെനിയുടെ സഹോദരി മാഗിയുടെ ഭർത്താവിന്റെ അനിയൻ മാത്യു ജോൺ (തങ്കച്ചൻ). ടാൻസനിയയിൽ സർവേയറാണു മാത്യു. അറിയാവുന്ന കുടുംബത്തിൽ നിന്നുള്ള ബന്ധം സുരക്ഷിതമാകുമെന്ന കണക്കുകൂട്ടലിലാണു മേരി വാക്കു നൽകിയത്. 12ാം ക്ലാസ് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു ലെനി കരഞ്ഞു. ആരും കേട്ടില്ല.
അങ്ങനെ 1961ൽ മാത്യുവിനെ ലെനി വിവാഹം കഴിച്ചു. വിവാഹശേഷം അധികം വൈകാതെ ഭർത്താവിനൊപ്പം ടാൻസനിയയിലേക്കു പോയി. സന്തോഷകരമായ ദാമ്പത്യമാണ് അവിടെ അവളെ കാത്തിരുന്നത്.
ആയുസ്സ് മുറിഞ്ഞ സന്തോഷം
മൂത്ത മകൾ ഗ്രേറ്റയ്ക്ക് ഒന്നര വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൾ മെറിറ്റയുടെ ജനനം. മക്കളും ഭർത്താവുമായി സന്തോഷത്തോടെ ടാൻസനിയയിൽ ജീവിതം മുന്നോട്ടൊഴുകി. എന്നാൽ ആ സന്തോഷത്തിനും അധികം ആയുസ്സില്ലായിരുന്നു. സെറിബ്രൽ മലേറിയ പിടിപെട്ട മെറിറ്റ ഒന്നാം പിറന്നാളിന്റെ അന്ന് ഈ ലോകത്തോടു വിടപറഞ്ഞു. മാസങ്ങളെടുത്ത് ഗ്രേറ്റയ്ക്കും മാത്യുവിനുമൊപ്പം ജീവിതം സാധാരണനിലയിലേക്കു തിരിച്ചുവന്നെങ്കിലും മകളുടെ വേർപാടിന്റെ ദുഃഖത്തിൽ നിന്നു ലെനി മോചിതയായില്ല. രണ്ടു വർഷം തികയും മുൻപ് മറ്റൊരു ദുരന്തം കൂടി അവളുടെ മുന്നിൽ ഇടിത്തീയായി എത്തി. ജോലിക്കു പോയ മാത്യു വാഹനാപകടത്തിൽ മരിച്ചു.
അധിക്ഷേപങ്ങളുടെ നാളുകൾ; അതിജീവനത്തിന്റെയും
ഇനിയുള്ള അതിജീവനം പറയുന്നത് ലെനിയാണ്.
‘25ാം വയസ്സിൽ വിധവയായ ഞാൻ നാലര വയസ്സുള്ള മകളെയും കൂട്ടി നാട്ടിലേക്കു മടങ്ങി. മകളുടെയും ഭർത്താവിന്റെയും മരണം എന്നെ വല്ലാതെ തളർത്തിയിരുന്നു. മരണത്തെത്തുടർന്നു ടാൻസനിയയിലെ സർക്കാരിൽ നിന്നു കിട്ടിയ ചെറിയ സഹായധനം മാത്രമാണു കയ്യിലുള്ളത്. വിധവ എന്ന അധിക്ഷേപവും അക്കാലത്തു ഞാൻ നേരിട്ടു. ശുഭകാര്യങ്ങൾ നടക്കുമ്പോഴും വിശേഷ അവസരങ്ങളിലും എന്നെ എല്ലാവരും മാറ്റി നിർത്തി. കുടുംബ ഫോട്ടോകളിൽ പോലും എനിക്കു സ്ഥാനമുണ്ടായിരുന്നില്ല.
പുനർവിവാഹം കഴിക്കാനുള്ള സമ്മർദം ഉണ്ടായെങ്കിലും ഏകമകൾ ഗ്രേറ്റയെ നന്നായി വളർത്തണം എന്ന തീരുമാനത്തിൽ ഞാനതിനെ എതിർത്തു. സ്വന്തം കാലിൽ നിൽക്കാൻ എനിക്കൊരു ജോലി വേണമായിരുന്നു. അതോടെ പഠിക്കണമെന്ന ആഗ്രഹം പൊടിതട്ടിയെടുത്തു. അങ്ങനെ ബന്ധുക്കളുടെയും സഹോദരങ്ങളുടെയും ഇഷ്ടത്തിനെതിരായി 1970ൽ എന്റെ 28ാമത്തെ വയസ്സിൽ തിരുവല്ല മാർത്തോമ്മാ കോളജിൽ ഞാൻ പ്രീഡിഗ്രിക്കു ചേർന്നു. അമ്മയുടെ കൂടെ താമസിച്ചു പഠിക്കാം എന്ന സൗകര്യത്തിനാണ് അവിടെ ചേർന്നത്.
പരീക്ഷക്കാലത്തെ അമ്മയുടെ മരണം
പ്രീഡിഗ്രി കാലഘട്ടം എനിക്കൊട്ടും എളുപ്പമായിരുന്നില്ല. 10 വർഷത്തോളം പുസ്തകങ്ങളുടെ ലോകത്തു നിന്നു മാറിനിന്ന ശേഷമുള്ള തിരിച്ചുവരവ് പഠനം പ്രയാസകരമാക്കി. അമ്മയെ പരിചരിക്കേണ്ട ഉത്തരവാദിത്തവും എനിക്കാണ്. ഇതോടെ സഹോദരിയുടെ മക്കൾക്കൊപ്പം ഗ്രേറ്റയെ ബോർഡിങ്ങിലേക്കു മാറ്റി. അതിരാവിലെ എഴുന്നേറ്റ് അമ്മയെ പരിചരിച്ചു വീടും നോക്കി വേണം പഠിക്കാൻ. അതോടെ സ്കൂളിൽ ഹാജർ കുറഞ്ഞു. എന്നാൽ അധികൃതരെ കാരണങ്ങൾ അറിയിച്ചതോടെ പരീക്ഷയെഴുതാൻ പ്രത്യേക അനുമതി ലഭിച്ചു. എന്നാൽ പരീക്ഷയുടെ മൂന്നാഴ്ച മുൻപ് അമ്മ മരിച്ചു. എന്നിലെ തളർച്ചയുടെ ആഘാതം കൂടി. എന്നാൽ തോറ്റുകൊടുക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല. എന്റെ അമ്മാവൻ ഞങ്ങളെ നോക്കാനായി മുന്നോട്ടു വന്നു. അതോടെ അമ്മാവന്റെ വീട്ടിൽ താമസിച്ചു പ്രതിസന്ധികൾക്കു നടുവിൽ ഞാൻ പരീക്ഷയെഴുതി. ആ വർഷത്തെ മികച്ച വിദ്യാർഥിക്കുള്ള കോളജിന്റെ പ്രൊഫിഷ്യൻസി സമ്മാനം വാങ്ങിയാണു ഞാൻ വിജയിച്ചിറങ്ങിയത്.
കാലം കാത്തുവച്ച കാവ്യനീതി
ഡോക്ടറാവുക എന്ന സ്വപ്നം ഞാൻ മുറുകെപ്പിടിച്ചു. ഉറക്കമില്ലാതിരുന്നു പഠിച്ചു. രാപകൽ പ്രയത്നത്തിനൊടുവിൽ 1972ൽ എന്റെ 30ാം വയസ്സിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു. ഗ്രേറ്റയെ ഏൽപിച്ചുപോകാൻ എനിക്കൊരിടം ഇല്ലായിരുന്നു. വിവരം അറിഞ്ഞ ഹോസ്പിറ്റൽ അധികൃതർ പുറത്തു വീടെടുത്തു നിന്നു പഠിക്കാൻ എനിക്കനുവാദം നൽകി. അങ്ങനെ കൗമാരക്കാരിയായ മകളുമായി വെല്ലൂരിലേക്ക്.
സാമ്പത്തിക ബാധ്യത കൂടെയുണ്ട്. സീനിയേഴ്സിന്റെ പഴയ പുസ്കം വാങ്ങിയാണു ഞാൻ പഠിച്ചത്. എന്റെ പഠനവും ഗ്രേറ്റയുടെ പഠനവും നന്നായിത്തന്നെ മുന്നോട്ടുപോയി. എന്നാൽ ഇതിനിടയിലാണ് എന്റെ മാറിടത്തിൽ ഒരു മുഴ വളരുന്നത് തിരിച്ചറിയുന്നത്. എത്രയും പെട്ടെന്ന് എടുത്തു കളഞ്ഞില്ലെങ്കിൽ കാൻസറായി മാറും. അന്നു ശസ്ത്രക്രിയയ്ക്കു സമ്മതപത്രം ഒപ്പിട്ടു നൽകിയതും എന്നെ ശുശ്രൂഷിച്ചതുമെല്ലാം ഗ്രേറ്റയാണ്. എല്ലാ ഘട്ടങ്ങളിലും എനിക്കവളും അവൾക്കു ഞാനുമായിരുന്നു ആശ്രയം. ഞങ്ങൾ ഒരുമിച്ചു പഠിച്ചു, ഒരുമിച്ചു വളർന്നു. അങ്ങനെ 1978ൽ വെല്ലൂർ സിഎംസിയിൽ നിന്ന് എംബിബിഎസും ഹൗസ് സർജൻസിയും കഴിഞ്ഞു ഞാൻ പുറത്തിറങ്ങിയപ്പോൾ അതേ കോളജിൽ അതേ വർഷം എംബിബിഎസിനു ഗ്രേറ്റയ്ക്കും അഡ്മിഷൻ കിട്ടി.
ജീവിതം ഒഴുകുന്നു, സന്തോഷത്തിന്റെ നാളുകളിലേക്ക്..
ചെങ്ങന്നൂർ കോടുകുളഞ്ഞിയിലെ സിഎസ്ഐ ആശുപത്രിയിൽ പോസ്റ്റിങ് കിട്ടി. അവിടെവച്ചാണ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടായിരുന്ന ഡോ. എം.എം.മാർക്കോസിനെ (സണ്ണി) പരിചയപ്പെടുന്നത്. കാറപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ടു ചെറിയ മൂന്ന് ആൺമക്കളുമായാണ് അദ്ദേഹം അവിടെ കഴിഞ്ഞിരുന്നത്. രാജീവ്, അബു, അക്കു എന്നിങ്ങനെയായിരുന്നു മക്കളുടെ പേര്. ആ മക്കൾക്ക് ഒരു അമ്മയെ വേണമെന്നു പലപ്പോഴും ഞാൻ തിരിച്ചറിഞ്ഞു. ഒറ്റപ്പെടലിന് എല്ലായിടത്തും ഒരേ അർഥമാണല്ലോ... അങ്ങനെ 1980ൽ എന്റെ 39ാമത്തെ വയസ്സിൽ ഞാൻ ഒരിക്കൽകൂടി വിവാഹിതയായി. എംഡി ചെയ്യണം എന്ന എന്റെ ആവശ്യം സണ്ണിയെ അറിയിച്ചശേഷമാണു വിവാഹത്തിനു സമ്മതിച്ചത്. ‘മകൾക്ക് വിവാഹപ്രായമായപ്പോൾ അമ്മ കെട്ടാൻ നടക്കുന്നു’ എന്നൊക്കെയുള്ള അധിക്ഷേപങ്ങൾ ഒളിഞ്ഞും തെളിഞ്ഞും എനിക്കു കേൾക്കേണ്ടി വന്നു.
അവസാനിക്കാത്ത പോരാട്ടം
വെല്ലൂർ സിഎംസി മെഡിക്കൽ കോളജിലാണു ലെനി ഡിജിഒയും എംഡിയും ചെയ്തത്. ഗൈനക്കോളജി ആയിരുന്നു വിഷയം. ഇതിനിടയിൽ ഭർത്താവിനെയും ഗ്രേറ്റ അടക്കം നാലു മക്കളെയും നോക്കി കുടുംബം പരിപാലിച്ചു. സണ്ണിയുടെ ആദ്യ ഭാര്യയുടെ അമ്മയ്ക്കു വയ്യാതായപ്പോൾ അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്ന് കൂടെനിർത്തി ശുശ്രൂഷിച്ചതും ലെനിയാണ്. പഠനം കഴിഞ്ഞു വിവിധ ആശുപത്രികളിൽ ലെനി ജോലി ചെയ്തു. ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോയി. വെല്ലൂർ മെഡിക്കൽ കോളജിൽ കൂടെപ്പഠിച്ച ജോണിനെ ഗ്രേറ്റ വിവാഹം ചെയ്തു. ഗൈനക്കോളജിസ്റ്റായ ഗ്രേറ്റയും പീഡിയാട്രീഷ്യനായ ജോണും ചേർന്നു നാഗപട്ടണത്തു സ്വന്തമായി ആശുപത്രി ആരംഭിച്ചു. രണ്ട് ആൺ മക്കൾക്ക് ഗ്രേറ്റ ജന്മം നൽകി. ഇതിനിടെയാണു മറ്റൊരു ദുഃഖവാർത്ത ആ കുടുംബത്തിലേക്കെത്തിയത്. സംസാരിക്കുമ്പോഴുള്ള ഗ്രേറ്റയുടെ ശബ്ദവ്യത്യാസം തുടക്കത്തിൽ ആരും കാര്യമായെടുത്തിരുന്നില്ല. എന്നാൽ വിശദമായ പരിശോധനയിൽ ഗ്രേറ്റയുടെ വോക്കൽ കോഡിൽ ഒരു മുഴയുണ്ടെന്നും ബയോപ്സിയിൽ ആ മുഴ കാൻസറാണെന്നും വേദനയോടെ അവർ തിരിച്ചറിഞ്ഞു. ഗ്രേറ്റയുടെ ഇളയമകനു 10 മാസമാണ് അന്നു പ്രായം. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിലെ ജോലി ലെനി നിർത്തി. മകൾക്കൊപ്പം വെല്ലൂരിലെ ആശുപത്രിയിൽ നിന്നു ചികിത്സ നടത്തി. കടന്നുവന്ന വഴികളിലെ അനുഭവങ്ങളുടെ തീക്കരുത്ത് അമ്മയ്ക്കും മകൾക്കും ശക്തി നൽകി. രണ്ടു മാസത്തെ റേഡിയേഷൻ ചികിത്സയുടെ ഫലമായി ഗ്രേറ്റയുടെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടു. തളരാതെ നിന്ന ലെനി ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം മകളെ വീട്ടിൽ കൊണ്ടുവന്നു ശുശ്രൂഷിച്ചു. നീണ്ട ശ്രമത്തിനൊടുവിൽ ശബ്ദം ചെറുതായി തിരിച്ചുകിട്ടി. ജീവിതത്തിലുടനീളം തനിക്കു താങ്ങായി നിന്ന മകളെ ലെനി കാൻസറിനു വിട്ടുകൊടുക്കാതെ ജീവിതത്തിലേക്കു തിരികെയെത്തിച്ചു. ഇപ്പോൾ തടസ്സത്തോടെയാണെങ്കിലും ഗ്രേറ്റ നന്നായി സംസാരിക്കും. ഗ്രേറ്റയുടെ രണ്ടു മക്കളും ഡേക്ടർമാരാണ്.
വെൻ ഫിയേഴ്സ് ആർ ഗ്രൗണ്ടഡ്, ഡ്രീംസ് ടേക്ക് വിങ്സ്
പുതുപ്പളളി പാറേട്ട് മാർ ഇവാനിയോസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ഡോ. ലെനി ഇപ്പോൾ. ഭർത്താവുമൊത്ത് കോട്ടയം പാക്കിലാണ് താമസം. രാജീവ് വെല്ലൂർ സിഎംസിയിൽ നിന്ന് എംബിബിഎസും ഓർത്തോയിൽ എംഎസും കഴിഞ്ഞു. അബു ഐഐടി മദ്രാസിൽ നിന്നു ബിടെകും യുഎസിൽ നിന്ന് എംബിഎയും കഴിഞ്ഞ് ആമസോണിലാണു ജോലി. അക്കു യുകെയിൽ ഹെഡ് ആൻഡ് നെക് ഓങ്കോളജി കൺസൽറ്റന്റാണ്. കാലിടറി വീണിടത്തുനിന്നെല്ലാം എഴുന്നേറ്റു മുന്നോട്ടുകുതിക്കാൻ വെമ്പൽ കൊള്ളിക്കുന്ന അനുഭവങ്ങളുമായി ജീവിതത്തെ നേരിട്ട കഥ ‘വെൻ ഫിയേഴ്സ് ആർ ഗ്രൗണ്ടഡ്, ഡ്രീംസ് ടേക്ക് വിങ്സ്’ എന്ന പേരിൽ ലെനി ആത്മകഥയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
English Summary : Writeup about Gynaecologist Dr Leni Markose