ADVERTISEMENT

പി.എൻ.മേനോൻ സംവിധാനം ചെയ്ത ‘ചെമ്പരത്തി’ പല പ്രത്യേകതകളുള്ള ചിത്രമായിരുന്നു. റോജാരമണി എന്ന ബാലനടി ‘ശോഭന’ എന്ന പേരിൽ മലയാളസിനിമയിലെ നായികയായി എത്തിയത് ഇൗ ചിത്രത്തിലൂടെയാണ്. സുധീർ എന്ന വില്ലനും രാഘവൻ എന്ന ഉപനായകനും ശ്രദ്ധേയരായ ചിത്രവും ചെമ്പരത്തി തന്നെ.

rojamani
റോജാരമണി

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ എന്റെ സുഹൃത്ത് എസ്.കൃഷ്ണൻനായർ സിനിമാനിർമാതാവിന്റെ വേഷമണിഞ്ഞതും ഇൗ ചിത്രത്തിലൂടെ തന്നെ. മലയാളനാട് വാരികയിലൂടെ അതിനു മുൻപു തന്നെ കൃഷ്ണൻനായർ എസ്.കെ.നായർ എന്ന പേരിൽ പ്രസിദ്ധനാണ്. നിർമാതാവായപ്പോഴും എസ്.കെ.നായർ എന്ന ചുരുക്കപ്പേര് അദ്ദേഹം നിലനിർത്തി.

ഇൗ ചിത്രത്തിൽ ഒരു പ്രധാനവേഷം എനിക്കും ഉണ്ടായിരുന്നു. എന്റെ നായികയായി റാണിചന്ദ്രയും. ഒരു കോളജ് ലക്ചററുടെ വേഷമായിരുന്നു എനിക്ക്.

sudheer
സുധീർ

കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ‘ആരോരുമറിയാതെ’എന്ന ചിത്രത്തിലും എനിക്കു കോളജ് ലക്ചററുടെ വേഷമായിരുന്നു. പക്ഷേ അതു റിട്ടയേഡ് ലക്ചററായിരുന്നു. എങ്കിലും കുസൃതിക്കു വിരാമം കുറിച്ചിട്ടില്ലാത്ത അധ്യാപകനായിരുന്നു ഞാൻ ആ ചിത്രത്തിൽ. പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇവിടെ ഇൗ തീരത്ത്’ എന്ന ചിത്രത്തിലും ഞാൻ അച്ചടക്കമുള്ള ലക്ചറർ ആയിരുന്നു.

ജീവിതത്തിൽ പക്ഷേ, ഹ്രസ്വകാലത്തേക്കു മാത്രം ഞാൻ ചെയ്ത വേഷമായിരുന്നു കോളജ് അധ്യാപകന്റേത്.

raghavan
രാഘവൻ

നാഗർകോവിൽ ഹിന്ദു കോളജിലെ അധ്യാപകനായിരിക്കുമ്പോൾ അവിടെയുള്ള ഒരു വലിയ വാടകവീട്ടിലാണ് എന്റെ താമസം. എന്നെ കൂടാതെ അന്തേവാസികളായി കോളജിലെ തന്നെ ചില ലക്ചറർമാർ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ഒരുമയോടെ കഴിഞ്ഞുകൂടി. കോളജ് അന്തരീക്ഷവും എനിക്കിഷ്ടമായിരുന്നു. അധ്യാപകരോട് ഇടപഴകാൻ മടിയില്ലാത്ത കുട്ടികൾ. അവരെ അകറ്റിനിർത്തി ഗൗരവം കാണിക്കാത്ത അധ്യാപകർ. 

അങ്ങനെ എല്ലാം സുഗമമായി പോകുന്ന വേളയിലാണ് ഒരിക്കൽ അമ്മൂമ്മയ്ക്കു സുഖമില്ലെന്ന വിവരം ഞാൻ അറിയുന്നത്. അമ്മൂമ്മയ്ക്ക് എന്നോടു വലിയ വാത്സല്യമായിരുന്നു. മാസാവസാനമാണ്. കയ്യിൽ കാര്യമായ കാശൊന്നുമില്ല. ഒന്നാം തീയതിക്ക് ഒരു ദിവസം കൂടിയേ ഉള്ളൂ. ആ ധൈര്യത്തിൽ ഞാൻ കോളജ് സെക്രട്ടറിയോട് അടുത്ത മാസത്തെ ശമ്പളം അഡ്വാൻസായി തരാൻ അപേക്ഷിച്ചു.

‘സാധ്യമല്ല’ എന്ന സെക്രട്ടറിയുടെ എടുത്തടിച്ചതു പോലെയുള്ള മറുപടി എന്നെ ഞെട്ടിച്ചു. അമ്മൂമ്മയുടെ അസുഖവിവരവും എനിക്കു പോകേണ്ടതിന്റെ ആവശ്യവും ഒരിക്കൽ കൂടി സെക്രട്ടറിയെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. പക്ഷേ അയാൾ ഗൗനിച്ചില്ല. ഞാൻ നിരാശനായി. നേരെ നാട്ടിലേക്കു വച്ചുപിടിച്ചു. അമ്മൂമ്മയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായി. മനസ്സിന്റെ ഉത്കണ്ഠ ഒന്നു കുറഞ്ഞപ്പോൾ ഞാൻ അച്ഛനോടു പറഞ്ഞു, ‘അച്ഛൻ നിർബന്ധിച്ചിട്ടാണു ഞാൻ നാഗർകോവിലിലെ കോളജിൽ പോയി ചേർന്നത്. പക്ഷേ അവർ തീരെ മനുഷ്യത്വമില്ലാത്ത രീതിയിലാണ് എന്നോടു പെരുമാറിയത്. ’ ആ വാചകം പൂർണമായി വിശ്വസിക്കാത്ത മട്ടിൽ അച്ഛനെന്നെ ഒന്നു നോക്കി. ഒരു വിശദീകരണം അനിവാര്യമാണെന്ന് എനിക്കു തോന്നി. അമ്മൂമ്മയുടെ അസുഖവിവരം അറിഞ്ഞപ്പോൾ കോളജ് സെക്രട്ടറിയോടു ഞാൻ ശമ്പളം ഒരു ദിവസം അഡ്വാൻസ് ചെയ്തു തരാൻ പറഞ്ഞതും അയാളുടെ നിഷേധനിലപാടും അച്ഛനോടു വ്യക്തമാക്കി. എന്നിട്ടും ഞാൻ പ്രതീക്ഷിച്ച ഭാവമാറ്റമൊന്നും ആ മുഖത്തു കണ്ടില്ല. അപ്പോൾ അനുബന്ധമായി ഞാനിതു കൂടി ചേർത്തു, ‘ഞാൻ സ്വന്തം സ്ഥാപനവും നടത്തി ആരുടെയും മുൻപിൽ ഓച്ഛാനിച്ചു നിൽക്കാതെ ജീവിക്കാമെന്നു പറഞ്ഞപ്പോൾ അച്ഛനല്ലേ സമ്മതിക്കാതിരുന്നത്?. ഇത്രയും പറഞ്ഞിട്ടും അച്ഛന്റെ മുഖത്തു വലിയ മാറ്റമൊന്നും ഞാൻ കണ്ടില്ല. സ്വന്തം മകൻ അപമാനിക്കപ്പെട്ടു എന്നു കണ്ടാൽ ‘തിളയ്ക്കേണ്ടേ ചോര ഞരമ്പുകളിൽ.... ’ ?

pnmenon
പി.എൻ.മേനോൻ

അച്ഛന് ഒരു മാറ്റവുമില്ല എന്നുറപ്പായപ്പോൾ ഞാൻ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു, ‘ആ സെക്രട്ടറി ഉള്ളിടത്തോളം കാലം ഞാൻ അവിടെ പോകില്ല.’

ആ വാക്കുകൾ കുറിക്കു കൊണ്ടു. അച്ഛൻ പറഞ്ഞു, ‘ നീ അങ്ങനെ കടുത്ത തീരുമാനമൊന്നും എടുക്കരുത്. ഇൗ അക്കാദമിക് ഇയർ തീരാൻ ഇനി കുറച്ചു മാസമല്ലേ ഉള്ളൂ. അതു വരെ പോകുക. അടുത്ത വർഷം ഇതിലും നല്ല ജോലി ഞാൻ ശരിയാക്കിത്തരാം..’ ആ ഉറപ്പിൽ ഞാൻ വീണ്ടും നാഗർകോവിൽ ഹിന്ദു കോളജിൽ തുടർന്നു. കോളജ് സെക്രട്ടറിയുമായി കാണാനുള്ള അവസരങ്ങൾ മനഃപൂർവം ഞാൻ കുറച്ചു. ക്ലാസെല്ലാം ഭംഗിയായി തീർത്തു. അവധിക്കാലമായി. ഞാൻ നാഗർകോവിൽ ഹിന്ദു കോളജിനോടു ഗുഡ്ൈബ പറഞ്ഞു വീട്ടിലെത്തി.

പക്ഷേ വേറെ വലിയ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞിരുന്ന അച്ഛൻ ഇപ്പോൾ നിശ്ശബ്ദനാണ്. കോളജ് തുറക്കാൻ ഒരാഴ്ച മാത്രം അവശേഷിക്കുമ്പോൾ ഞാൻ അച്ഛനോടു പറഞ്ഞു, ‘ ഞാനിനിയും ആ സെക്രട്ടറിയുള്ള കോളജിൽ പോകുമെന്ന് അച്ഛൻ കരുതരുത്.’ അതിന് അച്ഛന്റെ ശാന്തമായ മറുപടി ഇങ്ങനെയായിരുന്നു,

‘ അവിടെ പോകേണ്ട. പകരം നാഗർകോവിലിൽ തന്നെയുള്ള സ്കോട്ട് ക്രിസ്ത്യൻ കോളജിൽ പോകണം. അവിടെ നിനക്കു ജോലി ശരിയായിട്ടുണ്ട്.... ’ ആശ്വാസവും സന്തോഷവും ​അവിശ്വസനീയതയുമെല്ലാം ഒരു നിമിഷം എന്റെ ഉള്ളിലൂടെ കടന്നുപോയി. ഞാൻ പറഞ്ഞ ഒരു കാര്യം ആദ്യമായി അച്ഛൻ മുഖവിലയ്ക്കെടുത്തു എന്നത്  അത്ഭുതപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു.

അങ്ങനെ ഞാൻ നാഗർകോവിലിൽ തന്നെയുള്ള സ്കോട്ട് ക്രിസ്ത്യൻ കോളജിൽ ലക്ചററായി ചേർന്നു.

ശരിക്കു പറഞ്ഞാൽ എനിക്കു ‘ട്രാൻസ്ഫറോടൊപ്പം ഒരു പ്രമോഷനും’ കിട്ടി എന്നു പറയാം. കാരണം ഞാൻ നാഗർകോവിൽ ഹിന്ദു കോളജിൽ ‘ട്യൂട്ടർ’ മാത്രമായിരുന്നു. ഇവിടെ എത്തിയപ്പോൾ ശരിക്കും ‘ലക്ചറർ’ ആയി.

അധ്യാപകനായി ചേരാൻ ചെന്ന എന്നോടു പ്രിൻസിപ്പൽ പറഞ്ഞു, ‘ മിസ്റ്റർ മാധവൻനായർ താങ്കളെ ഹിന്ദിയുടെ ഡിപ്പാർട്മെന്റ് ഹെഡ് ആയിട്ടാണ് ഇവിടെ നിയമിക്കുന്നത്. പേടിക്കേണ്ട . ഹെഡിന്റെ ഉത്തരവാദിത്തമൊക്കെ കൃഷ്ണദാസ് സാർ നോക്കിക്കൊള്ളും. ഹെഡ് ഒപ്പിടേണ്ട‌ കടലാസിൽ പക്ഷേ മാധവൻനായർ തന്നെ ഒപ്പിട്ടു കൊടുക്കണം.... ’

ഇൗ തലപ്പത്തോട്ടുള്ള നിയമനത്തിന്റെ കാര്യം സ്വാഭാവികമായും ഞാൻ അന്വേഷിച്ചു. അപ്പോൾ പ്രിൻസിപ്പൽ തുറന്നു പറഞ്ഞു, ‘ യുജിസിയുടെ നിഷ്കർഷ ഉണ്ട് എംഎക്കാർ തന്നെ ഡിപ്പാർട്ട്മെന്റ് ഹെഡ് ആകണം എന്ന് . ഹിന്ദിയിൽ ഇപ്പോൾ എംഎ ഉള്ളത് ഇവിടെ മാധവൻനായർക്കു മാത്രമാണ്. ഹിന്ദിപ്രചാരസഭയുടെ ഉയർന്ന ബിരുദം ഉള്ളവരാണ് കൂടെ ഉള്ളത്. പക്ഷേ യുജിസി അതംഗീകരിച്ചിട്ടില്ല.’

അങ്ങനെ സ്കോട്ട് ക്രിസ്ത്യൻ കോളജിൽ ‘കടലാസിലെ’ ഹെഡ് ഓഫ് ഹിന്ദി ഡിപ്പാർട്മെന്റ് ഞാൻ ആയി. എന്നാൽ ആ ഉത്തരവാദിത്തമൊക്കെ പണ്ഡിതശ്രേഷ്ഠനും മികച്ച അധ്യാപനപാരമ്പര്യവുമുള്ള കൃഷ്ണദാസ് സാർ തന്നെ നിറവേറ്റി. അദ്ദേഹത്തിന്റെ കീഴിൽ ജോലി നോക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യം.

പുതിയ കോളജിൽ ചേർന്നതോടെ പുതിയ വാസസ്ഥലവും കണ്ടെത്തി. വാടകയ്ക്കു തന്നെ. അവിടെയും സഹഅന്തേവാസികളായി വന്നതു കോളജിലെ അധ്യാപകർ തന്നെ.

‘ഡിക്കൻസ്’ എന്നു പേരുള്ള പഴയ ഒരു ചങ്ങാതിയെ ഞാൻ അവിടെ വച്ചു വീണ്ടും കണ്ടു. കക്ഷിയും കോളജിലെ ലക്ചറർ തന്നെ. ​ആളൊരു ലോലമനസ്കനാണ്. പണ്ടൊരു സുഹൃത്തിന്റെ പ്രണയത്തിൽ ഇടനിലക്കാരനായി നിന്നിരുന്നു ഡിക്കൻസ്. സുഹൃത്ത് വേന്ദ്രനാണ്. പ്രണയം മടുത്തപ്പോൾ കാമുകിയെ അയാൾ തഴഞ്ഞു. കഥ​ അറിഞ്ഞ ഡിക്കൻസ് ആ പെൺകുട്ടിയെ ആശ്വസിപ്പിച്ച് തന്റെ പ്രണയിനിയാക്കി.

എങ്കിലും ഒരു ദിവസം ഒളിച്ചോടി വിവാഹിതരാകാനുള്ള ഇരുവരുടെയും ശ്രമം പെണ്ണിന്റെ വീട്ടുകാർ ‘തല്ലി’ത്തകർത്തു.

കോളജിൽ ലക്ചറർ ആയി വന്നപ്പോഴും ഹൃദയത്തിലെ ‘ലോല’നെ ​ഉപേക്ഷിക്കാൻ ഡിക്കൻസിനു കഴിഞ്ഞിരുന്നില്ല.

മെലിഞ്ഞ പ്രകൃതമായിരുന്നു ഡിക്കൻസിന്. അയാളുടെ ക്ലാസിലെ ഒരു പെൺകുട്ടി അൽപം തടിച്ചിട്ടായിരുന്നു. ആ കുട്ടിയെ ആരും ഗൗനിക്കുന്നില്ലെന്നായി ഡിക്കൻസിന്റെ സങ്കടം.

അയാൾ ആ കുട്ടിയെ നോക്കാൻ തുടങ്ങി, അവളെ ചിരിക്കാൻ പഠിപ്പിച്ചു, പിന്നെ സ്വയം പ്രണയിക്കാനും തുടങ്ങി. ഒരു ദുർബലനിമിഷത്തിൽ ‘നിനക്ക് ഞാനുണ്ട് കുട്ടീ...’ എന്ന മട്ടിൽ ഒരു പ്രണയലേഖനവും ആ കുട്ടിക്കു നീട്ടിയെഴുതിക്കൊടുത്തു.

ഇൗ സംഭവം കഴിഞ്ഞു രണ്ടുനാൾ പിന്നിട്ടപ്പോൾ ഡിക്കൻസിനെ അന്വേഷിച്ച് കൊമ്പൻമീശയും ശരീരപുഷ്ടിയും ഉള്ള ഒരാൾ ‍ഞങ്ങളുടെ വാടകവീട്ടിലെത്തി. അയാൾ ഡിക്കൻസിനെയും കൂട്ടി കുറച്ചു മാറി നിന്ന് എന്തൊക്കെയോ സംസാരിച്ചു.

മടങ്ങി വന്ന ഡിക്കൻസിന്റെ മുഖം കടന്നൽക്കുത്തേറ്റ പോലായിരുന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്– വന്നത് പ്രണയലേഖനം കൊടുത്ത പെൺകുട്ടിയുടെ അച്ഛനാണ്.

‘സാറിന് അവളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞു. ഇനി പഠിക്കാനൊന്നും പോകണ്ട എന്ന്. എപ്പോൾ വേണമെങ്കിലും വിവാഹം നടത്താൻ ഞങ്ങളൊരുക്കമാണ് സാർ. സാറിനെ പോലൊരാളുടെ ഭാര്യയാകുന്നതിലും വലുതല്ലല്ലോ ഒന്നും’ ഇതായിരുന്നു ആ മനുഷ്യൻ പറഞ്ഞത്.

കഥ കേട്ട ഞാൻ ‘പെണ്ണിന്റെ അച്ഛനോടു പോയി പണിനോക്കാൻ പറ’ എന്നു പറഞ്ഞു. അപ്പോൾ ഡിക്കൻസ് നിഷ്കളങ്കമായി എന്നോടു ചോദിച്ചു, ‘അയാൾ ആ കത്ത് പ്രിൻസിപ്പലിനെ കാണിച്ചാൽ എന്റെ ജോലി പോകില്ലേ? എനിക്കുത്തരമുണ്ടായില്ല.

ഏതാനും മാസങ്ങൾ കഴിഞ്ഞു ഡിക്കൻസും ആ പെൺകുട്ടിയും തമ്മിലുള്ള വിവാഹം നടന്നു.

(തുടരും)

English Summary: madhu mudhrakal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com