ADVERTISEMENT

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ ഏതാനും മാസം മുൻപത്തെ ഒരു പകൽ. ബെർക്കോ സിറ്റിയിലെ ന്യൂട്രീഷൻ സ്‌റ്റബിലൈസേഷൻ സെന്ററിലേക്ക് 12 മാസം മാത്രം പ്രായമുള്ള നജ എന്ന പെൺകുട്ടിയുമായി മാതാപിതാക്കൾ ഓടിയെത്തിയിരിക്കുന്നു. ന്യൂമോണിയ, ഛർദി തുടങ്ങിയ അസുഖങ്ങളുമായാണു നജയുടെ വരവ്. പോഷകാഹാരം കിട്ടിയിട്ടു ദിവസങ്ങളായെന്ന് ആദ്യ നോട്ടത്തിൽ തന്നെ വ്യക്തം. കാഞ്ഞങ്ങാട്ടു സ്വദേശിയായ ഡോ.പി. വി. ഉണ്ണിക്കൃഷ്ണനാണു കുട്ടിയെ പരിചരിക്കുന്നത്.

‘കോളറ ബാധിച്ച കുട്ടികൾ നിർജലീകരണം വന്ന് ആറു മണിക്കൂറിനകം മരിക്കും. സമയത്തിനെതിരായ ഒരു യുദ്ധം കൂടിയാണ് ഇവിടെ നടക്കുന്നത്.’–ഉണ്ണിക്കൃഷ്ണൻ പറ‍ഞ്ഞു.

നജയുടെ കാര്യം പറഞ്ഞു തുടങ്ങിയപ്പോഴാണു തുർക്കിയെയും സിറിയയെയും തകർത്തെറിഞ്ഞ ഭൂകമ്പത്തിന്റെ വാർത്തയെത്തുന്നത്.

ഇത്യോപ്യയിലെ ടിഗ്രൈ പീപ്പിൾ ലിബറേഷൻ ഫ്രണ്ടിന്റെ വിമത ക്യാംപുകൾ സന്ദർശിക്കാൻ ഉണ്ണിക്കൃഷ്ണന് അനുമതി ലഭിച്ചിരുന്നതും അതേ ദിവസം. 12 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്യോപ്യയിലേക്കു യാത്രാനുമതി ലഭ്യമായത്. പക്ഷേ ഭൂകമ്പ ഭൂമിയിലേക്കുള്ള യാത്ര വേണ്ടെന്നു വച്ചു. പക്ഷേ പ്ലാൻ ഇന്റർനാഷനൽ എൻജിഒയ്ക്കു വേണ്ടി തുർക്കിയിലെ ഏകോപനം ഇത്യോപ്യയിലിരുന്ന് ഉണ്ണിക്കൃഷ്ണൻ ഏറ്റെടുത്തു.

ദുരന്തങ്ങളേറെ കണ്ട മലയാളി

1937ൽ സ്ഥാപിതമായി 75ലധികം രാജ്യങ്ങളിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന എൻജിഒ ആയ ‘പ്ലാൻ’ എന്ന സംഘടനയുടെ ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ഡയറക്ടറാണ് ഉണ്ണിക്കൃഷ്ണൻ. യൂറോപ്പിലെ ടൈം മാഗസിൻ എന്നറിയപ്പെടുന്ന ഡേർ സ്പീഗേൽ മാഗസിന്റെ പീപ്പിൾ ഓഫ് ദി ഇയർ പുരസ്കാരം 2022ൽ ലഭിച്ച ദുരിത നിവാരണ ഏകോപകൻ. ലോകത്ത് ഇത്രയേറെ ദുരന്തങ്ങൾക്കു നേർ സാക്ഷിയായ മറ്റൊരു മലയാളി ഉണ്ടാവില്ല.

‘42 കോടി കുട്ടികൾ ഇപ്പോഴും ദുരിതമേഖലകളിൽ ജീവിക്കുന്നുവെന്നാണു യുഎൻ കണക്ക്. യുദ്ധം, സൂനാമി, ഭൂകമ്പം, വെള്ളപ്പൊക്കം, ആഭ്യന്തര സംഘർഷങ്ങൾ തുടങ്ങിയവയെല്ലാം കുട്ടികളെ അഭയാർഥികളാക്കുന്നു. സ്വന്തക്കാർ നഷ്ടപ്പെട്ടവരും അംഗവൈകല്യം സംഭവിച്ചവരുമാക്കുന്നു. പട്ടിണിയും പോഷകാഹാരക്കുറവും കാരണം അവരുടെ ആരോഗ്യം ക്ഷയിക്കുന്നു. വിദ്യാഭ്യാസം കിട്ടാതെ ബാലവേല ചെയ്യാൻ വിധിക്കപ്പെടുന്നു.’ ഇത്തരം കുട്ടികൾക്കിടയിലാണ് 30 വർഷമായി ഉണ്ണിക്കൃഷ്ണന്റെ പ്രവർത്തനം.

‘ഭൂകമ്പങ്ങളുടെ പിന്നാലെ തുടർ ചലനങ്ങൾ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. ഇതു കുട്ടികളിൽ വലിയ ഭീതി ഉണ്ടാക്കും. അവരുടെ ഈ വൈകാരിക സമ്മർദം കുറയ്ക്കുക എന്നത്  വളരെ പ്രധാനമാണ്. അതിനു സുരക്ഷിതമായ സ്ഥലത്ത് അവരെ സംരക്ഷിക്കുന്ന ആളുകളുടെ തണലിൽ ഭക്ഷണവും വെള്ളവും കളിപ്പാട്ടങ്ങളും ലഭ്യമാക്കണം. ഇതൊക്കെയാണു സിറിയയിൽ ഞങ്ങൾ‌ ഇപ്പോൾ ശ്രദ്ധിക്കുന്നത്.’ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

40 രാജ്യങ്ങളിൽ ലൈവ് ഓപറേഷനുകൾ

ലോകത്ത് നാൽപതിലധികം രാജ്യങ്ങളിലെ ദുരിത മേഖലകളിൽ ലൈവ് വയർ ഓപ്പറേഷനുകൾ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വർഷത്തിൽ ഇരുപതിലേറെ രാജ്യങ്ങളിലെ ദുരിത മേഖലകളിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്നു. എപ്പോൾ വേണമെങ്കിലും എവിടേക്കും പോകാൻ വീസകളും ബാഗിൽ ഭദ്രം. കഴിഞ്ഞ വർഷം യുക്രെയ്ൻ, പോളണ്ട്, മോൾഡോവ, റൊമാനിയ പെറു, കൊളംബിയ, ഇക്വഡോർ, യുഎസ്, അയർലൻഡ്, ബൽജിയം, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ഉണ്ണിക്കൃഷ്ണന്റെ പ്രവർത്തന മേഖലയിലധികവും.

1993 മുതൽ സേവ് ദ് ചിൽഡ്രൻ, വാർ ചൈൽഡ് അടക്കമുള്ള ആഗോള സംഘടനകളുമായി സഹകരിച്ചു തുടങ്ങിയ ഇദ്ദേഹം കോംഗോ, അഫ്ഗാനിസ്ഥാൻ, ഇത്യോപ്യ, ഹെയ്റ്റി, ഫിലിപ്പിൻസ്, ജാഫ്ന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഹായവുമായി എത്തി. എബോള, കോളറ, കോവിഡ് ദുരിതങ്ങളിൽ ആശ്വാസത്തിന്റെ മുഖമായി മാറി.

ജീവിതം തിരുത്തിയ ലത്തൂർ അനുഭവം

എൽഐസി ജീവനക്കാരനായിരുന്ന  പരേതനായ  കാഞ്ഞങ്ങാട് മേലാങ്ങോട്ട് കെ.എം.ബാലകൃഷ്ണന്റെയും മുൻ ടെലിഗ്രാഫ് ഓഫിസറും കഥാകൃത്തുമായ പി.വി.സരളയുടെയും മൂത്ത മകനായി 1966ലാണ് ഉണ്ണിക്കൃഷ്ണന്റെ ജനനം. 

    1984ൽ ഭോപ്പാലിൽ വ്യവസായ ശാലയിലെ വാതകച്ചോർച്ചയുണ്ടായി നൂറുകണക്കിന് ആളുകൾ മരിച്ചു വീഴുമ്പോൾ ഉണ്ണിക്കൃഷ്ണനു പ്രായം 18. മദ്രാസ് സർവകലാശാലയ്ക്കു കീഴിൽ വൈദ്യശാസ്ത്ര പഠനത്തിന്റെ ആദ്യകാലം. ദുരന്തത്തിന്റെ വാർത്തകൾ പത്രത്തിൽ വായിച്ചറിഞ്ഞാണു അദ്ദേഹം ഭോപ്പാലിലേക്കു പുറപ്പെട്ടത്. ഭീതിയും സങ്കടവും സൃഷ്ടിക്കുന്ന ദുരന്തമുഖം അന്നാദ്യമായി നേരിൽ കണ്ടു. ‘വാതകച്ചോർച്ച കാരണം ചുട്ടു പൊള്ളുമ്പോൾ കണ്ണിൽ വയ്ക്കാൻ വെള്ളം നനച്ച ഒരു തൂവാല കിട്ടുമോ എന്നന്വേഷിക്കുന്ന ആളുകളെ കണ്ട ആ യാത്രയാണു തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു.

കരടികളിക്കാരനുമായി ലാത്തൂരിലേക്ക്

1993ൽ ആണു ദുരന്ത നിവാരണ സേവന മേഖലയിൽ ഉണ്ണിക്കൃഷ്ണൻ സജീവമായെത്തുന്നത്. ഭൂമി കുലുക്കത്തിൽ 30,000 പേർക്കു പരുക്കേൽക്കുകയും 10,000 പേർ മരിക്കുകയും ചെയ്ത ലാത്തൂരിലേക്കു മുംബൈയിൽ നിന്നു കരടി കളിക്കാരെയും കൊണ്ടാണ് ഉണ്ണിക്കൃഷ്ണൻ യാത്ര ചെയ്തത്. ലാത്തൂരിലെ ഗ്രാമങ്ങളിലൊരോന്നായി കരടികളി സംഘം ഉണ്ണിക്കൊപ്പം സഞ്ചരിച്ചു.

തീ വളയവും കരടിയെയും ഉപയോഗിച്ച് അദ്ദേഹം കുട്ടികളെ ആനന്ദിപ്പിച്ചു. ഇത്ര നാളായി ഭയം കാരണം വീടിനു പുറത്തിറങ്ങാത്ത കുട്ടികൾ കരടി കളിക്കാരനു മുന്നിൽ ആഹ്ലാദിക്കുന്നു. ദുരിത മുഖത്ത് ആദ്യ പരിഗണന വേണ്ടത് കുട്ടികൾക്കാണെന്ന് ലത്തൂർ അനുഭവം ഉണ്ണിക്കൃഷ്ണനു പാഠമായി.

കണ്ണീരായി ജപ്പാനിലെ സൂനാമി കുട്ടികൾ

2011ലെ ജപ്പാനിലെ സൂനാമി സമയത്തു ടഗാജോയിലെ ഒരു കെജി സ്കൂളിൽ ചെന്നപ്പോൾ ഉണ്ണിക്കൃഷ്ണനെ സ്വാഗതം ചെയ്തതു ഗാഢമായ നിശബ്ദതയാണ്. കളി സ്ഥലം ചെളി നിറഞ്ഞ്. കളി ഉപകരണങ്ങൾ വാരി വലിച്ചിട്ട നിലയിൽ. ഷൂ റാക്കിൽ ഏതാനും കുഞ്ഞു ഷൂസുകൾ കാണാം.

സൂനാമി വന്ന സമയം ആദ്യ ശബ്ദം കേട്ടപ്പോൾ കുട്ടികൾ ഭയന്നില്ല. ഭൂകമ്പങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് അവർ പരിശീലിക്കപ്പെട്ടിരുന്നു. കുട്ടികളോടു മേശയ്ക്കും ബെഞ്ചിനും അടിയിൽ പോയി ഒളിച്ച് തല സുരക്ഷിതമാക്കാൻ അധ്യാപിക നിർദേശിച്ചു. പിന്നീടാണു സുനാമിയാണെന്ന മുന്നറിയിപ്പു കിട്ടിയത്. നിമിഷങ്ങൾക്കകം തിരമാല ഇരച്ചു കയറി. അധ്യാപികയും കുട്ടികളും ഒരു കോണി ഉപയോഗിച്ചു മുകൾ നിലയിലേക്കു കയറി. അപ്പോഴേക്ക് തിരമാല മൂന്നു മീറ്റർ ഉയരത്തിലെത്തി. ‘അവിടെ നൂറുക്കണക്കിനു കുട്ടികൾ മരിച്ചതായാണു റിപ്പോർട്ട്. ഹൃദയം തകർക്കുന്ന അനുഭവമായിരുന്നു അത്.’ ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ.

തണുപ്പിൽ മരവിച്ച് എത്ര കുഞ്ഞുങ്ങൾ

യുക്രെയ്ൻ –റഷ്യ യുദ്ധത്തിന്റെ ആരംഭ കാലത്ത് മൾഡോവ അതിർത്തിയിൽ യുക്രെയ്നിലെ അമ്മമാർ നവജാത ശിശുക്കളെ കൂട്ടി രാജ്യം വിടാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെയുള്ള തണുപ്പ്. കുട്ടികൾ പലരും ന്യുമോണിയ കാരണം ശ്വാസം കിട്ടാതെ പ്രയാസപ്പെടുന്നു. നവജാത ശിശുക്കൾക്കു ജനന സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഈ സമയത്ത് ഒരു ഡോക്ടറെന്ന നിലയിൽ ഉണ്ണിക്കൃഷ്ണൻ ഇടപെട്ടു. കുട്ടികൾ ഈ സമയത്ത് ന്യുമോണിയ വന്നു മരിക്കാനുള്ള സാധ്യത ബോധ്യപ്പെടുത്തിയതോടെ അധികൃതർ നവജാത ശിശുക്കൾക്കും അമ്മമാർക്കുമായി പ്രത്യേക ക്യൂ ഏർപ്പാടാക്കി പ്രശ്നം പരിഹരിച്ചു.

ദുരന്തങ്ങളെ മുൻകൂട്ടി കാണാൻ

ദുരന്തങ്ങളെ മുൻകൂട്ടി കാണുന്നതിനൊപ്പം പ്രധാനമാണ് അതിനുള്ള മുന്നൊരുക്കവും. ‘കലിഫോർണിയയിൽ 7.0 റിക്ടർ സ്കെയിൽ ഭൂകമ്പം ഉണ്ടായാലും ആരും മരിക്കില്ല. ചൈനയിൽ ഈ സാഹചര്യത്തിൽ പക്ഷേ 350 പേർ മരിച്ചേക്കും. ഹെയ്റ്റിയിൽ‍ 14, 000 പേർ ആയിരിക്കും മരിക്കുക. അതതു സ്ഥലങ്ങളിൽ നടത്തിയ മുന്നൊരുക്കങ്ങളിലും കെട്ടിട സുരക്ഷയിലുമുള്ള വ്യത്യാസമാണിത്.

ദുരന്തങ്ങൾ നേരിടാൻ കേരളം ഒരുങ്ങിയോ?

മണ്ണിടിച്ചിലാവും കേരളം സമീപ ഭാവിയിൽ നേരിടാനുള്ള ഭീഷണി. കേരളത്തിലെ ചെറു നഗരങ്ങളെ ഒറ്റയടിക്ക് വിഴുങ്ങുന്ന മണ്ണിടിച്ചിൽ വരാവുന്നതാണ്. ഹെയ്റ്റിയിലൊക്കെ ഇത്തരത്തിൽ ഒരു ഗ്രാമം മൊത്തം ഇല്ലാതായ സംഭവങ്ങളുണ്ട്.

ദുരന്തങ്ങൾ അതിജീവിക്കാനുള്ള റിസ്ക് ഓഡിറ്റിങ് നമ്മൾ ഇപ്പോൾ തന്നെ നടത്തണം. സർക്കാർ അതോറിറ്റിയോ പൊലീസോ മാത്രമല്ല ഇതു ചെയ്യേണ്ടത്. മത്സ്യത്തൊഴിലാളികൾക്കടക്കം ലോക്കൽ ആളുകൾക്ക് പരിശീലനം നൽകണം. തീരസുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ബംഗ്ലദേശും ക്യൂബയുമാണ് ഇക്കാര്യത്തിൽ നമുക്കു സ്വീകരിക്കാവുന്ന മാതൃകകൾ.‌ ക്യാംപുകൾക്കായി സ്കൂളുകൾ ഉപയോഗിക്കാൻ പാടില്ല എന്നതാണ് ഗ്ലോബൽ പോളിസി. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങും എന്നതാണ് കാരണം. പല രാജ്യങ്ങളും ഇതു നിർത്തി.

വെള്ളപ്പൊക്കത്തിന്റെ പാഠം

ഭൂകമ്പമല്ല, മോശം കെട്ടിടങ്ങളാണു ലോകത്തു ഭൂകമ്പമുണ്ടാവുമ്പോൾ ആളുകളെ കൊല്ലുന്നത്. കേരളത്തിലെ വെള്ളപ്പൊക്ക അനുഭവം നമ്മെ പഠിപ്പിക്കുന്നത് കുട്ടികൾക്കു ചെറുപ്പത്തിലേ നീന്തൽ പരിശീലനം നൽകണം എന്നതാണ്. വെള്ളത്തിൽ വീണുള്ള മഴക്കാല മരണങ്ങളിൽ നല്ലൊരു ശതമാനം ഇതുവഴി ചെറുക്കാനാവും.

ഇതൊരു തൊഴിലല്ല

എന്റെ അനുഭവങ്ങളും ദുരിത ഭൂമിയിലെ അവസ്ഥയും കേൾക്കുമ്പോൾ പലരും ഈ മേഖലയിലേക്കു കടന്നു വരാൻ താൽപര്യം കാണിക്കാറുണ്ട്. മാനുഷിക പ്രവർത്തനം ഒരു തൊഴിലല്ല, മാനസികാവസ്ഥയാണ്. അവർ അനുകമ്പയും ധൈര്യവും ഉള്ളവരാകണം. 

‘ലോകത്ത് 82.8 കോടി പേർ ഓരോ രാത്രിയും വിശപ്പ് മാറാതെ ഉറങ്ങുന്നു. 42 കോടി കുട്ടികൾ ദുരിത മേഖലകളിൽ ജീവിക്കുന്നു. 10 കോടി ജനങ്ങൾ അഭയാർഥികളായി കഴിയുന്നു. ചരിത്രത്തിൽ തന്നെ റെക്കോർഡ് ആളുകൾ‌ക്കു  സഹായം ആവശ്യമായി വരുന്ന വർ‌ഷമാകും 2023 എന്നതാണ് യുഎന്നിന്റെ മുന്നറിയിപ്പ്. 33.9 കോടി ആളുകൾക്ക് ഈ വർഷം ദുരിതാശ്വാസ സഹായം ആവശ്യമായി വരുമെന്ന് യുഎൻ വ്യക്തമാക്കിയിട്ടുണ്ട്. 5.15 കോടി ഡോളർ ഇതിനായി വേണ്ടി വരുമെന്നും യുഎൻ കണക്കാക്കുന്നു. 

‘ സേവന രംഗത്തേക്ക് കൂടുതൽ ആളുകൾ കടന്നു വരേണ്ടതുണ്ട്. കൊടുങ്കാറ്റുകളോ യുദ്ധങ്ങളോ രോഗബാധയോ തടയാൻ ദുരിതാശ്വാസ പ്രവർത്തകർക്കു കഴിയില്ല. എന്നാൽ  രോഗശാന്തി നൽകാം. മനുഷ്യരുടെ കഷ്ടപ്പാടുകളുടെ കാഠിന്യം കുറയ്ക്കാൻ നമുക്ക് കഴിയും.’ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

English Summary: writeup about Dr. P. V. Unnikrishnan; disaster relief services for three decades

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com