ADVERTISEMENT

ബുള്ളറ്റ് ട്രെയിനുകളെ നോക്കി അസൂയപ്പെട്ടിരുന്ന യാത്രക്കാർക്കും ഒരു കൈ അകലത്തിൽ നിൽക്കുകയാണ് ലോകോത്തര നിലവാരത്തിലുള്ള വന്ദേഭാരത്. എളുപ്പമായിരുന്നില്ല ഇൗ നേട്ടത്തിലേക്കുള്ള യാത്ര. ഉദ്യോഗസ്ഥ യാഥാസ്ഥിതികത്വത്തിനും രാഷ്ട്രീയ പിടിവലികൾക്കുമിടയിൽ പാളം തെറ്റിക്കിടന്ന ആശയത്തെ പ്രാവർത്തികമാക്കിയെടുത്തതിനു പിന്നിൽ ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) ഒരു സംഘം മനുഷ്യരുടെ രാപകലില്ലാത്ത അധ്വാനവും വിയർപ്പുമുണ്ട്. നെഞ്ചുവിരിച്ചു പോരാടാൻ നിശ്ചയദാർഢ്യമുള്ള മനുഷ്യരുള്ളതു കൊണ്ടു മാത്രം യാഥാർഥ്യമായ സ്വപ്നമാണു രാജ്യത്തിന്റെ അഭിമാനമായ ഈ ട്രെയിൻ. സുധാംശു മണിയെന്ന ഐസിഎഫ് റിട്ട. ജനറൽ മാനേജർ ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും വന്ദേഭാരത് വിദൂരമായ ഒരു സ്വപ്നം മാത്രമായി അവശേഷിച്ചേനെ. 18 മാസം കൊണ്ടാണു സമ്പൂർണ ഇന്ത്യൻ നിർമിത ട്രെയിൻ യാഥാർഥ്യമായത്. രണ്ടായി നിന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും ഒരു കുടക്കീഴിൽ എത്തിച്ചതു മുതൽ സുധാംശു നടത്തിയ യാത്ര പാഠപുസ്തകമാണ്. വന്ദേഭാരതിന്റെ തലതൊട്ടപ്പൻ സുധാംശു മണിയുടെ ജീവിതവും ഉത്തരങ്ങളും 

എത്തും മുൻപേയൊരു കത്ത്

2016ൽ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ ജനറൽ മാനേജർ പദവിയിലേക്കുള്ള നിയമന ഉത്തരവ് കയ്യിലെത്തിയതിനു പിന്നാലെ സുധാംശു മണിയെന്ന മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ ജീവനക്കാർക്കൊരു കത്തയച്ചു. അതിലെ പ്രധാന നിർദേശങ്ങളിങ്ങനെയാണ്: ഒരു ജീവനക്കാരനും തന്നെ കാണാൻ സെക്രട്ടറിയുടെ അനുമതി തേടി കാത്തു നിൽക്കേണ്ടതില്ല. മുറിയിൽ കയറിയാൽ അനുവാദം ചോദിക്കാതെ തന്നെ കസേരയിൽ ഇരിക്കണം. ഔദ്യോഗിക ചടങ്ങുകളിൽ ജനറൽ മാനേജർക്കും മറ്റും നന്ദി പറയേണ്ടതില്ല. ഏതു സമയത്തും ആവശ്യങ്ങൾ അറിയിച്ചു സന്ദേശം അയയ്ക്കാം. മറുപടി കിട്ടിയില്ലെങ്കിൽ മടിക്കാതെ നേരിട്ടു വിളിക്കാം. എല്ലാ വകുപ്പുകളും എല്ലാവരെയും തുല്യ പ്രാധാന്യത്തോടെ പരിഗണിക്കണം. വിയോജിപ്പുള്ളവരോടു സഹിഷ്ണുത വേണം, പക്ഷേ അച്ചടക്കമില്ലായ്മ വച്ചുപൊറുപ്പിക്കരുത്, സർ, മാഡം വിളി വേണ്ട... അതുവരെ മാറാല പിടിച്ചു കിടന്ന പഴഞ്ചൻ സമ്പ്രദായങ്ങൾ പൊളിച്ചെഴുതുകയായിരുന്നു സുധാംശു മണി. ഫ്യൂഡൽ കെട്ടുപാടിലും ഉദ്യോഗസ്ഥ ഭരണത്തിലും വീർപ്പുമുട്ടിക്കിടന്ന ഐസിഎഫിലെ ഓരോ തൊഴിലാളിക്കും ആ കത്തു നൽകിയ ഉൗർജമാണു വന്ദേഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആദ്യ ഇന്ധനമായത്.

പോളണ്ടിലെ ഇന്ത്യൻ ട്രെയിൻ

ലക്നൗ സ്വദേശിയാണു സുധാംശു മണി. കോളജ് പഠനത്തിനു പിന്നാലെ ബിഹാർ, ജമൽപൂരിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പരിശീലനം. 1981ൽ കൊൽക്കത്തയിൽ, ഇൗസ്റ്റേൺ റെയിൽവേ അസിസ്റ്റന്റ് മെക്കാനിക്കൽ എൻജിനിയറായി തുടക്കം. തുടർന്ന് 38 വർഷം റെയിൽവേക്കായി ജീവിച്ചയാൾ. ഹൃദയമിടിപ്പിനു പോലും ട്രെയിനുകളുടെ താളം. പ്രവർത്തനങ്ങളിലെ കണിശതയും കൃത്യതയും സുധാംശുമണിയെ വളരെ വേഗം ഉന്നത സ്ഥാനങ്ങളിലെത്തിച്ചു. 2012 ഒക്‌ടോബർ മുതൽ മൂന്നു കൊല്ലം ബർലിനിലെ ഇന്ത്യൻ എംബസിയിൽ റെയിൽവേ ഉപദേഷ്ടാവായി പ്രവർത്തിക്കവേ പോളണ്ടിലെ വോക്ലാവിലേക്കു കുടുംബത്തിനൊപ്പമുള്ള ട്രെയിൻ യാത്രയ്ക്കിടെ ഒരു സംഭവമുണ്ടായി. ‘പപ്പാ നോക്കൂ, ഇന്ത്യയിലെ ട്രെയിനുകൾ പോലൊരു ട്രെയിൻ അതാ..’ ! സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പഴയ ട്രെയിൻ ചൂണ്ടിക്കാട്ടി 12 വയസ്സുകാരൻ മകൻ പറഞ്ഞു. സോവിയറ്റ് കാലഘട്ടത്തിന്റെ അവശിഷ്ടമെന്നു വിശേഷിപ്പിക്കാവുന്ന പഴഞ്ചൻ ട്രെയിനായിരുന്നു അത്. മകന്റെ വാക്കുകളിൽ നിന്നു സുധാംശുവിന്റെ ഹൃദയത്തിലേക്ക് അടർന്നു വീണ തീപ്പൊരി ചിന്തകളായും ആശയങ്ങളായും കത്തിക്കയറാൻ അധിക സമയം വേണ്ടി വന്നില്ല.

കാലുപിടിച്ചു നേടിയ കത്ത്

സുധാംശു മണി ഐസിഎഫിൽ ജനറൽ മാനേജർ കസേരയിൽ ഇരുന്നതിനു പിന്നാലെയാണ്, 2016ൽ സെമി-ഹൈ സ്പീഡ് ട്രെയിൻ ഇറക്കുമതി ചെയ്യാൻ റെയിൽവേ പദ്ധതിയിട്ടത്. ഇറക്കുമതി ട്രെയിനുകളോടു വേഗത്തിലും ഗുണമേന്മയിലും മത്സരിക്കാൻ കഴിയുന്ന തദ്ദേശീയ സാങ്കേതിക വിദ്യയോടെ സെമി-ഹൈ സ്പീഡ് ട്രെയിൻ ഇവിടെ ഉണ്ടാക്കാമല്ലോ എന്നു പറഞ്ഞപ്പോൾ പരിഹാസമായിരുന്നു ആദ്യ പ്രതികരണം. സുധാംശു നേരെ ഡൽഹിക്കു വിമാനം കയറി. റെയിൽവേ ബോർഡ് ചെയർമാനായിരുന്ന എ.കെ.മിത്തലിനെ നേരിൽക്കണ്ടു. വെറും രണ്ടു ട്രെയിനുകൾ നിർമിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല. വിരമിക്കാൻ കേവലം 14 മാസം മാത്രം ബാക്കിയുണ്ടായിരുന്ന മിത്തലിന് മറ്റൊരു ഓഫർ കൂടി കൊടുത്തു : ‘സർ നിങ്ങൾ വിരമിക്കും മുൻപ് ആദ്യ ട്രെയിൻ പുറത്തിറങ്ങിയിരിക്കും. ഞാൻ ഇപ്പോൾ നിങ്ങളുടെ കാലു പിടിക്കാൻ പോവുകയാണ്. അനുമതി നൽകാതെ ഞാൻ പോവില്ല...’ സുധാംശുവിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മിത്തലിന്റെ പുഞ്ചിരി വിടർന്നു.  വിമാനത്തിൽ ചെന്നൈയിൽ വന്നിറങ്ങും മുൻപേ ഐസിഎഫിന്റെ ഔദ്യോഗിക ഇ മെയിലിൽ ചെയർമാന്റെ അനുമതിക്കത്ത് കാത്തിരിപ്പുണ്ടായിരുന്നു. 200 കോടി രൂപയായിരുന്നു വന്ദേഭാരതിന്റെ മൂലധനം.

സമയത്തിനു മുൻപേ

ജീവനക്കാരെ ഒരുക്കുകയായിരുന്നു ആദ്യ പടി. ഐസിഎഫിന്റെ ജനറൽ മാനേജർ ഓഫിസിലെത്തുമ്പോൾ കയ്യിലുള്ള സ്യൂട്ട് കേസ് വാങ്ങി ചുമക്കാൻ ഒരു ജീവനക്കാരൻ പിന്നാലെയെത്തുമായിരുന്നു. സ്യൂട്ട്കേസിനു പകരം സ്വയം തോളിൽ തൂക്കിയിടാൻ കഴിയുന്ന ബാഗ് സുധാംശു വാങ്ങിയതോടെ വർഷങ്ങളായി തുടർന്നിരുന്ന ‘അനാചാരത്തിനും’ അവസാനമായി. ജനറൽ മാനേജർമാർ വല്ലപ്പോഴും വന്നു പോയിരുന്ന ഫാക്ടറിയിൽ ദിവസവും രണ്ടും മൂന്നും തവണ വരെ എത്തി. തുറന്ന മനസ്സ്, സഹാനുഭൂതി, ആശയങ്ങൾക്കു വേണ്ടിയുള്ള തുടർച്ചയായ അന്വേഷണം, ജോലി ചെയ്യുന്നവർക്കുള്ള അംഗീകാരം, എല്ലാ പഴയ രീതികളുടെയും പൊളിച്ചെഴുത്ത്. അങ്ങനെ ജീവനക്കാർ ഒറ്റക്കെട്ടായി മാറിയതോടെ കാര്യങ്ങൾ വേഗത്തിലായി.

സെമി-ഹൈ സ്പീഡ് ബോഗികളുടെ ചട്ടക്കൂട് തയാറാക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതു നിർമിക്കാൻ കഴിയുന്ന കമ്പനിയെ കാൻപുരിൽ കണ്ടെത്തി. 50 റെയിൽവേ എൻജിനീയർമാരും 500 ഫാക്ടറി തൊഴിലാളികളും അടങ്ങുന്ന സംഘം 18 മാസം കൊണ്ട് വന്ദേ ഭാരതിന്റെ പ്രോട്ടോടൈപ്പ് റാക്ക് രൂപകൽപന ചെയ്തെടുത്തു. രൂപകൽപനയിൽ ബോഗികൾക്ക് അടിയിൽ എൻജിൻ ഘടിപ്പിക്കാനുള്ള ഇടം കൂടി ഉൾപ്പെടുത്തി. ഡിസൈൻ തയാറാക്കുമ്പോൾ റെയിൽവേ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു ഇത്. ഒടുവിൽ 18 മാസം കൊണ്ട്, 2018ൽ പൂർത്തിയായ ട്രെയിനിനെ ‘ട്രെയിൻ 18’ എന്ന പേരോടെ പുറത്തിറക്കി. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമാണു വന്ദേഭാരത് എന്നു പുനർനാമകരണം ചെയ്തത്. പിന്നാലെ, സുധാംശു റെയിൽവേയിൽ നിന്നു വിരമിച്ചു.

ഒരേയൊരു വന്ദേഭാരത്

PTI2_15_2019_000063B

ഒരു ട്രെയിൻ സെറ്റിന്റെ ആദ്യ നിർമാണച്ചെലവ് – 98 കോടി (നിലവിൽ 16 റേക്കിന് 105 – 110 കോടി രൂപ)

35 മുതൽ 40 വർഷം വരെ ഉപയോഗിക്കാം

ഒരു ട്രെയിൻ സെറ്റ് പൂർണമായും നിർമിച്ചു പുറത്തിറക്കാൻ 36 മാസമെന്ന ലോകോത്തര കമ്പനികളുടെ സമയക്രമം പൊളിച്ചെഴുതി 18 മാസത്തിനുള്ളിൽ ട്രാക്കിലെത്തി

ഇറക്കുമതി ചെയ്യാനിരുന്ന ട്രെയിനിനു വേണ്ടിയിരുന്ന തുകയുടെ മൂന്നിലൊന്നു മാത്രം ചെലവ്

വിദേശ നിർമാതാക്കളിൽ നിന്ന് ഒരു സാങ്കേതിക വിദ്യയും (ട്രാൻസ്ഫർ ഓഫ് ടെക്നോളജി) വാങ്ങാതെ പൂർണമായും തദ്ദേശീയ നിർമാണം

വന്ദേഭാരത് ട്രെയിനിന്റെ ബൗദ്ധിക സ്വത്തവകാശം പൂർണമായും ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കു (ഐസിഎഫ്) സ്വന്തം.

ഡൽഹിക്കും വാരാണസിക്കും ഇടയിൽ 2019 ഫെബ്രുവരി 19ന് ആദ്യ സർവീസ്

നിലവിൽ 14 സർവീസുകൾ; കേരളത്തിൽ ഉൾപ്പെടെ 4 സർവീസുകൾകൂടി ഉടൻ

 

sudhanshumani
സുധാംശു മണി

സുധാംശു മണി പറയുന്നു.

5 വർഷം കൂടി സർവീസ് ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെ ആശയങ്ങൾ നടപ്പാക്കിയേനെ..

അഞ്ചു വർഷം കൂടിയുണ്ടായിരുന്നെങ്കിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുക എന്നതായിരിക്കും ആദ്യ ലക്ഷ്യം. നാളെയുടെ ട്രെയിനുകൾക്കു അതിവേഗമുണ്ടാകണമെങ്കിൽ അവ അലുമിനിയത്തിൽ നിർമിക്കണം. അതിനുള്ള ശ്രമത്തിനു തുടക്കമിട്ടെങ്കിലും ഫലവത്തായില്ല. അലുമിനിയത്തിൽ നിർമിക്കുന്ന കോച്ചുകൾ കൂടുതൽ ഊർജക്ഷമതയുള്ളതും ഭാരം കുറഞ്ഞതുമാണെന്നതാണു മെച്ചം. രാജ്യത്തെ സാധാരണക്കാർക്കു മികച്ച ട്രെയിൻ യാത്രയ്ക്ക് അവസരമുണ്ടാക്കുക എന്നതായിരുന്നു മറ്റൊരു സ്വപ്നം. എല്ലാവർക്കും എസി ട്രെയിനുകളിൽ യാത്ര ചെയ്യാനാകണം. അതിനു യോജിക്കുന്ന തരത്തിൽ ട്രെയിനുകളും മാറണം.

‘ട്രെയിൻ 18’ പദ്ധതിക്കെതിരെ ഏറെ പ്രതിസന്ധികൾ വന്നിട്ടും അവയെ മറികടന്നതെങ്ങനെ..

എനിക്കൊപ്പം മികച്ചൊരു ടീം തന്നെയുണ്ടായിരുന്നു. നല്ല അവസരങ്ങൾക്കായി കാത്തിരിക്കുക അവയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക. ഞാൻ ഐസിഎഫിലെത്തിയപ്പോൾ എനിക്കു മുന്നിൽ വലിയൊരു ലക്ഷ്യം രൂപപ്പെട്ടു. അത്തരത്തിലൊരു ലക്ഷ്യം മുന്നിലെത്തിയാൽ പിന്നീട് അതായിരിക്കും മുന്നോട്ടു നയിക്കുക. അതു കൊണ്ടു തന്നെ വെല്ലുവിളികൾ കണ്ടു ഭയപ്പെട്ടു മാറി നിൽക്കേണ്ടി വരില്ല. പരാജയങ്ങളുണ്ടായാലും വെല്ലുവിളികളെ നേരിടാൻ മനസ്സിനെ പര്യാപ്തമാക്കിയാൽ പിന്നെ മറ്റൊന്നും നമ്മെ പിന്നോട്ടു വലിക്കില്ല.

ആദ്യമായി വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ എന്തു തോന്നി..

സത്യം പറയട്ടെ.. ഔദ്യോഗിക പരിശോധനകൾ, ട്രയൽ റൺ ഉൾപ്പെടെയുള്ളവയ്ക്ക് യാത്ര ചെയ്തത് ഒഴിച്ചു നിർത്തിയാൽ ഒരു യാത്രക്കാരൻ എന്ന നിലയിൽ ഇതു വരെ വന്ദേഭാരതിൽ കയറാൻ കഴിഞ്ഞിട്ടില്ല. ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷമായിരുന്നു ആദ്യമായി വന്ദേഭാരതിൽ കയറിയപ്പോൾ. ഉറക്കമില്ലാത്ത രാത്രികൾക്കും, അനുഭവിച്ച ടെൻഷനും ഫലമുണ്ടായെന്നു തോന്നി. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ നല്ല വാക്കുകൾ. ഇനി ഏതൊക്കെ ഭാഗങ്ങൾ കൂടുതൽ മികവുള്ളതാക്കാം എന്നതായിരുന്നു യാത്രയ്ക്കിടെ ആദ്യം പരിഗണിച്ചത്. ലോകോത്തര നിലവാരത്തിലുള്ള ഒരു ട്രെയിനിനു വേണ്ടിയുള്ള ഇന്ത്യയുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനു വിരാമമിടാൻ കഴിഞ്ഞതിന്റെ അഭിമാനമായിരുന്നു മനസ്സു നിറയെ. നമ്മുടെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ.അബ്ദുൽ കലാമിന്റെ വാക്കുകളും ജീവിതവും വഴികാട്ടിയിട്ടുണ്ട്. റെയിൽവേ ജീവിതത്തിൽ ഇ.ശ്രീധരൻ എന്ന വലിയ മനുഷ്യനാണു റോൾ മോഡൽ. വന്ദേഭാരത് എന്ന ലക്ഷ്യം പൂർത്തിയാക്കാൻ സഹായിച്ചത് ഐസിഎഫിലെ ഓരോ ജീവനക്കാരുമാണ് അവരോട് ജീവിതകാലം മുഴുവനും തീർത്താലും തീരാത്ത കടപ്പാടുണ്ട്.

English Summary: writeup about Sudhanshu Mani, created and produced the Vande Bharat Express

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com