ADVERTISEMENT

ഇന്നു പൂരമാണ്; പൂരപ്പറമ്പിൽ വന്നെത്തുന്നവരുടെയെല്ലാം പൂരം. അങ്ങനെയൊരു പൂരമേയുള്ളൂ, അതു തൃശൂർ പൂരമാണ്. മറ്റേതു പൂരത്തിനും പൂരം നടക്കുന്ന ക്ഷേത്രത്തിലെ ദേവിയോ ദേവനോ എഴുന്നള്ളും. തൃശൂർ പൂരത്തിൽ പക്ഷേ, വടക്കുന്നാഥൻ സാക്ഷി മാത്രം. അങ്ങനെ, ആ മുഖ്യസാക്ഷിക്കും അവിടെ സാക്ഷ്യം വഹിക്കാനെത്തുന്നവർക്കും വേണ്ടി നടക്കുന്ന പൂരമാണിത്. ഇവിടെ എല്ലാവരെക്കാൾ മുഖ്യം കാണികളാണ്. അവർക്കു വേണ്ടിയാണു ദേവീദേവന്മാർ‌ എഴുന്നള്ളുന്നത്; അവർക്കു വേണ്ടിയാണു കലാകാരന്മാർ കൊട്ടിത്തിമിർക്കുന്നത്; അവർക്കു വേണ്ടിയാണ് ആനകൾ തലയുയർത്തി നിരനിരക്കുന്നത്. ആ ആനപ്പുറങ്ങളിൽ കുടകൾ തീർക്കുന്ന വിസ്മയവും മാനത്തു വിരിയുന്ന വർണമഴവില്ലുകളും എല്ലാം കാണികൾക്കു വേണ്ടി മാത്രം.

കേൾക്കാൻ എത്തുന്നവർക്ക് ഇതു ശബ്ദങ്ങളുടെ പൂരം; കാണാനെത്തുന്നവർക്ക് ഇവിടെ കാഴ്ച്ചപ്പൂരം. പഞ്ചവാദ്യത്തിന്റെ മധുരം നുകരാൻ ഇവിടെ മഠത്തിൽ വരവുണ്ട്; ചെണ്ടയുടെ ഗരിമ അറിയാൻ ഇലഞ്ഞിത്തറ മേളമുണ്ട്. കാഴ്ചക്കാർക്കു കുടമാറ്റമുണ്ട്; വെടിക്കെട്ടുണ്ട്, പന്തലുകളുണ്ട്, ആനയഴകുണ്ട്; ആനച്ചമയങ്ങളുണ്ട്. പിന്നെ അതിനെക്കാളെല്ലാം അഴകായി ഇതെല്ലാം കാണാനെത്തുന്ന ജനസാഗരമുണ്ട്. പൂരം പലപല ഭാവങ്ങളാണു കാണിച്ചുതരുന്നത്. വാദ്യമേളങ്ങൾക്കു തന്നെ പല ഘട്ടത്തിലും പല പല ഭാവങ്ങളാണ്. ശാന്തമായി തുടങ്ങി രൗദ്രതയിലെത്തുന്നൂ ആ താളങ്ങൾ. വർണം വാരി വിതറുന്ന വെടിക്കെട്ട് ഇടയ്ക്കൊക്കെ അദ്ഭുതവും ചെറുഭയവും ജനിപ്പിക്കുന്നു. കുടമാറ്റം കാണികളിൽ വിസ്മയവും കൗതുകവും മാറി മാറി വിരിയിക്കുന്നു. ഇരുവിഭാഗവും കുടമാറ്റത്തിലും വെടിക്കെട്ടിലും കാണിക്കുന്നതിനോളം സ്പോർട്സ്മാൻ സ്പിരിറ്റ് ഒരു കളിക്കളത്തിലും കാണാനാവില്ല.

പൂരം പലർക്കു പലതായിരിക്കും. ഒരാൾ കാണുന്നതും കേൾക്കുന്നതുമല്ല മറ്റൊരാൾ അനുഭവിക്കുന്നത്. പ്രമുഖർ അറിഞ്ഞ പൂരം....

ആൾപ്പൂരം - മട്ടന്നൂർ ശങ്കരൻകുട്ടി

തൃശൂർ പൂരത്തിൽ മേളപ്രമാണിയായും അല്ലാതെയുമൊക്കെ പങ്കെടുത്തിട്ടുണ്ട്. ആ അനുഭവത്തിന്റെ ബലത്തിൽ പറയാൻ പറ്റും, പൂരം ശരിക്കും കാഴ്ചക്കാരുടേതാണ്. വാദ്യക്കാർ‌ കാഴ്ചക്കാർക്കും ആസ്വാദനത്തിനും ഇടയിൽ നിൽക്കുന്ന മധ്യവർത്തികൾ മാത്രം. 

മട്ടന്നൂർ ശങ്കരൻകുട്ടി. ചിത്രം: മനോരമ
മട്ടന്നൂർ ശങ്കരൻകുട്ടി. ചിത്രം: മനോരമ

പൂരം കൊട്ടാൻ‌ കഴിയുക എന്നതു മഹാഭാഗ്യമായി കരുതുന്ന ഒട്ടേറെ കലാകാരന്മാരുണ്ട്. അതു വെറും തോന്നലല്ല. കാരണം, താളം പഴുതടച്ചു പഠിച്ച ആസ്വാദകർക്കു നടുക്കാണു  കൊട്ടുന്നത്. ഒരു പിഴവും കാഴ്ചക്കാർ സഹിക്കില്ല. അവിടെ കൊട്ടി കയ്യടി നേടാൻ കഴിയുന്നതു മഹാഭാഗ്യം തന്നെ. മേളം വേണ്ടവർക്ക് അത്; പഞ്ചവാദ്യം വേണ്ടവർക്ക് അത്. ശബ്ദസൗന്ദര്യത്തിന്റെ എല്ലാ വിഭവങ്ങളും ഈ സദ്യയിലുണ്ട്. ഒരർഥത്തിൽ ഞാൻ തൃശൂർക്കാരനാണ്. എന്റെ വീടിന്റെ പേര്  ‘ശിവകൃഷ്ണ’ എന്നാണ്. മട്ടന്നൂരിലെ മഹാദേവനും തിരുവമ്പാടിയിലെ കൃഷ്ണനും ആണ് ആ പേരിൽ. അതുകൊണ്ട് തൃശൂർ പൂരം എനിക്കു വീട്ടുകാരൻ എന്ന നിലയ്ക്കുള്ള ആഘോഷം കൂടിയാണ്.  കേരളത്തിന്റെ കൂട്ടായ്മയുടെ മുഖമായി ലോകം മുഴുവൻ വന്നു കാണുന്നതാണ് ഈ പൂരം.

പെൺപൂരമാകട്ടെ - മഞ്ജു വാരിയർ

പൂരം കാണേണ്ടതുതന്നെയാണ്. ഇത്രയേറെ മനോഹരമായ കാഴ്ച വേറെ ഉണ്ടാകില്ല. വിദേശത്തുപോയി നാം മനോഹരമെന്നു പറയുന്ന കാഴ്ചകളെക്കാൾ എത്രയോ മനോഹരമാണിത്. കുട്ടിക്കാലത്തു പൂരം കണ്ടിട്ടുണ്ട്. പിന്നീടു ‘മനോരമ’യോടൊപ്പം പൂരത്തിന്റെ തലേദിവസം പൂരപ്പറമ്പിൽ യാത്ര ചെയ്തിട്ടുണ്ട്. തലേന്നു ചമയ പ്രദർശനത്തിനു കുട്ടികളും അമ്മമാരുമെല്ലാം വരുന്നതു നൽകുന്ന സന്തോഷം ചെറുതല്ല. കുട്ടികളെ കൊണ്ടുപോയി ഇതെല്ലാം കാണിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന കുടുംബങ്ങളിൽ ജീവിതം കൂടുതൽ സന്തോഷകരമായിരിക്കും എന്നെനിക്കു തോന്നിയിട്ടുണ്ട്. സത്യത്തിൽ പൂരം പോലെ മനോഹരമാണ് ഈ കാഴ്ച. കുട്ടിക്കാലത്ത് എന്നെയും ചേട്ടനെയും ആഘോഷങ്ങൾക്കു കൊണ്ടുപോയിരുന്നത് അച്ഛനാണ്. ഞങ്ങളതു കാണണമെന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധമായിരുന്നു. 

Manju-Warrier
മഞ്ജു വാരിയർ

തൃശൂർ പൂരം കാണാൻ സ്ത്രീകൾക്കു ചില സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നു കേട്ടിട്ടുണ്ട്. പക്ഷേ അതു പോരാ. പൂരത്തിന്റെ കുറഞ്ഞതു കാൽ ഭാഗം സ്ഥലമെങ്കിലും സ്ത്രീകൾക്കു മാറ്റിവയ്ക്കണം. അവർക്കായി നാടിന്റെ നാനാഭാഗത്തുനിന്നു ബസുകൾ ഏർപ്പെടുത്തണം. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വരുന്ന സ്ത്രീകൾ അവരുടെ നാട്ടിൽ പോയി പൂരത്തെക്കുറിച്ചു പറയും. അതു പൂരത്തിന്റെ ചിത്രം കൂടുതൽ കൂടുതൽ പേരിലേക്കെത്തിക്കും. മാത്രമല്ല അവരുടെ നാട്ടിലെ ആഘോഷങ്ങളിലും അവർ കൂടുതലായി പങ്കെടുത്തു തുടങ്ങും. കുടുംബശ്രീകൾ, സ്ത്രീകളുടെ പ്രാദേശിക കൂട്ടായ്മകൾ, നാടു ശുചിയാക്കി സൂക്ഷിക്കുന്ന സ്ത്രീകൾ തുടങ്ങിയവരെയെല്ലാം എല്ലാ ജില്ലകളിൽനിന്നും ഇവിടേക്കു കൊണ്ടുവരണം. പൂരം അവർക്കുള്ള സമ്മാനമാകണം. ഇത്ര വലിയൊരു ആഘോഷത്തിലും ആൾക്കൂട്ടത്തിലും ചേർന്നു നിൽക്കുമ്പോൾ നൽകുന്ന കരുത്തു ചെറുതാകില്ല. 

അങ്ങനെ അമ്മമാരും ചേച്ചിമാരും അനിയത്തിമാരും കൂട്ടത്തോടെ പൂരം കണ്ടു മടങ്ങുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന സന്തോഷം പൂരത്തോളം തന്നെ വലുതാണ്. പൂരം തേക്കിൻകാടു മൈതാനത്തുനിന്നു കൂടുതൽ കൂടുതൽ സ്ത്രീകളുടെ ഹൃദയങ്ങളിലേക്കു വളർന്നു വളർന്നു പോകണം.

എന്തൊരു സ്പിരിറ്റ് ! - പി.ആർ.ശ്രീജേഷ്

മലയാളി എന്ന നിലയിൽ ഏറ്റവും കുറച്ചിലായി തോന്നിയിട്ടുള്ളതു തൃശൂർ പൂരം നേരിൽ കണ്ടിട്ടില്ല എന്നതാണ്. ചെറിയ കുട്ടിയായിരുന്നപ്പോൾ‌ ആൾത്തിരക്കിന്റെ പേരു പറഞ്ഞു പൂരത്തിനു വീട്ടിൽ നിന്നു വിടില്ലായിരുന്നു. മുതിർന്നപ്പോൾ പൂരസമയത്തെല്ലാം ഞാൻ പരിശീലന ക്യാംപുകളിലായിരിക്കും. ഇക്കുറിയും അതിനു മാറ്റമില്ല. പൂരം നേരിൽ കണ്ടിട്ടില്ലെങ്കിലെന്ത്? ഉള്ളിൽ നിറയെ അതിന്റെ ആരവങ്ങളുണ്ട്. പൂരത്തെപ്പറ്റി കേൾക്കാത്തതായി ഒന്നുമില്ല. ടിവിയിലൂടെയും പത്രത്തിലെ ചിത്രങ്ങളിലൂടെയുമാണു പൂരത്തെ പരിചയം. മഠത്തിൽ വരവ്, ഇലഞ്ഞിത്തറ മേളം, കുടമാറ്റം, വെടിക്കെട്ട്.... ലോകത്ത് ഇത്രയും ഭംഗിയുള്ള ഒത്തൊരുമയുള്ള ഒരു ഇവന്റ് വേറെ ഉണ്ടാവില്ല.

പി.ആർ.ശ്രീജേഷ്
പി.ആർ.ശ്രീജേഷ്

പകലും രാത്രിയും ഇടവേളയില്ലാതെ തുടരുന്ന പൂരത്തിൽ‌ വന്നു ചേരുന്ന ജനത്തിനു തളർച്ച ഇല്ല എന്നതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. അവർ വെയിൽ വക വയ്ക്കാതെ മേളം കേട്ടു നടക്കുന്നു; കൈ വീശി താളമിടുന്നു. പിന്നെ അടുത്ത മേളത്തിലേക്കു നീങ്ങുന്നു. കളിക്കാർക്കു കളിക്കളം എന്നതു പോലെയായിരിക്കണം പൂരപ്രേമിക്ക് പൂരപ്പറമ്പ്. അവർ പൂരം തീരുവോളം ക്ഷീണമറിയുന്നില്ല. വെടിക്കെട്ടിലും കുടമാറ്റത്തിലും ഇരുവിഭാഗവും കാണിക്കുന്ന മത്സരബുദ്ധിയെ വേണം സ്പോർട്സ്മാൻ സ്പിരിറ്റ് എന്നു വിളിക്കാൻ. കാഴ്ചക്കാരുടെ കയ്യടി കിട്ടാൻ‌ അത്രയും ഭംഗിയുള്ള കുടകളും അമിട്ടുകളുമൊക്കെയാണ് അവർ കരുതി വച്ചിരിക്കുന്നത്. കളിക്കളത്തിലെ തന്ത്രങ്ങൾ പോലെ അതീവരഹസ്യമായിരിക്കുമത്രെ അത്. ശരിക്കും ഒരു രാജ്യാന്തര കായിക മത്സരം തന്നെയാണു പൂരം. അതിലെ കാണികളുടെ സ്പിരിറ്റാണ് സ്പിരിറ്റ്. ‌

താളത്തിന്റെ പിരമിഡ് - റസൂൽ പൂക്കുട്ടി

നാദം കൊണ്ട് ഇൗശ്വരന് ഇതിലും വലിയൊരു അർപ്പണം ലോകത്ത് മറ്റൊരിടത്തുമുണ്ടാകില്ല. ഇരുന്നൂറിലേറെ കലാകാരൻമാർ ഒരേസമയം പലതരം വാദ്യോപകരണങ്ങൾ വായിക്കുകയാണ്. ലക്ഷക്കണക്കിന് ആസ്വാദകരിൽ നൂറുകണക്കിനു ശബ്ദഭാവങ്ങൾ എത്തിക്കുന്ന വലിയ അദ്ഭുതമാണു പൂരം. 

കലാകാരൻമാർക്കും ആസ്വാദകർക്കുമിടയിൽ അതിശയിപ്പിക്കുന്ന ആശയവിനിമയമുണ്ട്. മേളക്കാരുടെ വിരലനക്കങ്ങൾക്കു പിന്നാലെ പൂരപ്പറമ്പിലെ ജനസാഗരം ഇളകിത്തുടങ്ങും. പതിയെ താളത്തിന്റെ ഓളങ്ങൾ അലയടിക്കും. പിന്നെയതു വലിയൊരു ഇരമ്പമാകും. പരസ്പരം പരിചിതരല്ലാത്ത പതിനായിരങ്ങളെ ഒരേ താളത്തിൽ ഒന്നിപ്പിക്കുന്നു പൂരം.

ചെണ്ടയും കൊമ്പും കുഴലും ഇലത്താളവുമെല്ലാം ചേരുമ്പോൾ ആ ഉൗർജത്തിനു പിരമിഡിന്റെ രൂപം കൈവരികയാണ്. െചറിയ സ്വരങ്ങളും താളങ്ങളുമെല്ലാം ഒന്നുചേർന്ന് ഉൗർജത്തിന്റെ കൂമ്പാരംപോലെയായി മാറുന്നു. പതിറ്റാണ്ടുകളായി ഒരാളിൽ നിന്നു മറ്റൊരാളിലേക്കു കൊട്ടിക്കൊട്ടി കൈമാറപ്പെട്ട ഒന്നാണു പൂരത്തിന്റെ മേളം. എന്നാൽ, അതു കൃത്യമായി ആർക്കൈവ് ചെയ്യപ്പെട്ടിരുന്നില്ല. ഒരു സിനിമയുടെ ഭാഗമായി പൂരത്തിന്റെ മേളം പകർത്താൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ശബ്ദങ്ങൾ ഒപ്പിയെടുക്കാൻ നടക്കുന്ന ഒരു കലാകാരന് പകർത്താൻ ഇതിനപ്പുറം മറ്റൊരു ശബ്ദമേളമില്ല ഇൗ ഭൂമിയിൽ.

എന്തൊരു കൂട്ടായ്മ - ഹരിത വി.കുമാർ‌

തൃശൂരിൽ നിന്നു സ്ഥലം മാറ്റമായെന്നറിഞ്ഞപ്പോൾ ആദ്യത്തെ വിഷമം തൃശൂർ പൂരം കാണാൻ പറ്റില്ലല്ലോ എന്നതായിരുന്നു. ആലപ്പുഴയിലേക്കു വരുന്നതിനു മുൻപു പൂരത്തിനു വേണ്ടുന്ന വിശദമായ ചർച്ചകളും ആലോചനകളും നടത്തിയിരുന്നു. പൂരം മുന്നിൽ നിന്നു നടത്താനാകാത്തതിൽ വിഷമമുണ്ട്. അതേസമയം, പ്ലാൻ ചെയ്തിരുന്നവ നടപ്പാക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷവും. 

രണ്ടു തവണയാണു തൃശൂർ പൂരത്തിന്റെ ഭാഗമായത്. സബ് കലക്ടറായ സമയത്തും കഴിഞ്ഞ വർഷം കലക്ടറായിരിക്കെയും. അതുവരെ ടിവിയിൽ മാത്രമേ തൃശൂർ പൂരം കണ്ടിട്ടുള്ളൂ. കഴിഞ്ഞ വർഷം സ്ത്രീസൗഹൃദമാക്കുന്നതിനു വേണ്ടി പ്രവർത്തിച്ചതു വിജയം കണ്ടു. വൈറലായ എത്രയോ വിഡിയോകളിലാണു സ്ത്രീകളുടെ പൂരക്കാഴ്ചകൾ നിറഞ്ഞത്. 3000 പൊലീസുകാരിൽ 10 ശതമാനം വനിതകളായിരുന്നു. വലിയൊരു കൂട്ടം ആളുകൾ പൂരത്തിനെത്തും. അവിടെ, സ്ത്രീകൾക്കു വേണ്ടി ചെറിയൊരിടം–അതൊരുക്കാനാണു ശ്രമിച്ചത്. അതു ഫലപ്രദമായി നടപ്പാക്കാനായതിൽ വളരെ സന്തോഷം തോന്നി. ഉദ്യോഗസ്ഥരും വിശ്വാസികളും കൈമെയ് മറന്ന് ഒരുപോലെ പ്രവർത്തിക്കുന്ന സമയം കൂടിയാണു തൃശൂർ പൂരം. ആ കൂട്ടായ്മയെക്കുറിച്ചുള്ള ഓർമകളെല്ലാം സന്തോഷം നിറഞ്ഞതാണ്.

ശബ്ദാനുഭൂതി - ഔസേപ്പച്ചൻ

മനുഷ്യാരവത്തിന്റെ സംഗീതം മുഴങ്ങുന്ന ഏറ്റവും വലിയ ദൃശ്യശ്രാവ്യ അനുഭവമാണു തൃശൂർ പൂരം. 

ക്ലാസിക്കൽ ശ്രവ്യകലകളായ ഇലഞ്ഞിത്തറയിലെ പാണ്ടിമേളവും  മഠത്തിലെ പഞ്ചവാദ്യവും എന്റെ കാഴ്ചപ്പാടിൽ ഒരു സിംഫണിയുടെ മേളമാണ്. ഈ മേളങ്ങൾക്കു മേലെ ഞാൻ ആസ്വദിക്കുന്ന ഒരു സംഗീതമുണ്ട്. സിംഫണിക്കു തുല്യമായ ആസ്വാദകരുടെ ശബ്ദാരവം. സിംഫണിയുടെ ഭാവവ്യത്യാസങ്ങളെ വെല്ലുന്ന ഈ മനുഷ്യാരവങ്ങളുടെ, ശബ്ദതരംഗങ്ങളുടെ വ്യത്യസ്തമായ ഭാവ ഉയർച്ച താഴ്ചകളാണ് എന്നെയും ലോക സംഗീതപ്രേമികളെയും പൂരത്തിലേക്ക് ആകർഷിക്കുന്നത്. ഏതാണ്ട് 300 വർഷങ്ങൾക്കു മുൻപ്, ലോകം കണ്ട മഹാസംഗീതജ്ഞൻ ബീഥോവൻ തന്റെ സിംഫണികളിൽ താളക്കൊഴുപ്പ് ഉണ്ടാക്കുന്നതിന് ഉപയോഗിച്ചിരുന്ന താള ഉപകരണമായിരുന്നു കാനൻ (Canon). അതായത് ‘മ്മ്ടെ കതിന’. ജനങ്ങളുടെ ആരവങ്ങളും ആനച്ചങ്ങല ധ്വനികളും മേളങ്ങളുടെ സമന്വയവും ഒന്നിച്ചാൽ കിട്ടുന്ന അനുഭൂതി ഈ ഭൂമിയിൽ മറ്റെവിടെ ഉണ്ട്. 

പൂരമെന്ന വായന - സന്തോഷ് ഏച്ചിക്കാനം

ലോകത്തിലെ ഏറ്റവും വലിയ ഉത്സവമായ തൃശൂർ പൂരം ഒരാഘോഷം എന്നതിലപ്പുറം കലയുടെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും സംഗമം കൂടിയാണ്. പൂരം ഉണ്ടായതുകൊണ്ടു മാത്രമാണു വൈലോപ്പിള്ളിക്കു ‘സഹ്യന്റെ മകൻ’ എന്ന കവിത എഴുതാൻ സാധിച്ചത്. നഗ്നമായ ജനാധിപത്യ ലംഘനം നടന്നുകൊണ്ടിരിക്കുന്ന ഈ കാലത്തു സ്വാതന്ത്ര്യത്തിന്റെ ചിന്നംവിളിയായ ആ കവിത സമകാലീന രാഷ്ട്രീയ ബോധത്തിന്റെ പ്രസക്തിയെപ്പറ്റി നമ്മോടു ശക്തമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടു പൂരം കാണുന്നതിനോടൊപ്പം തന്നെ എനിക്കതിനെ വായിക്കാനും സാധിക്കുന്നു.

English Summary : Sunday special about Thrissur Pooram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com